വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഫൈനലിൽ യാങ് ക്വിയാനാണ് ചൈനയ്ക്കായി സ്വർണം നേടിയത്. 251.8 പോയന്റുമായി ഒളിമ്പിക് റെക്കോഡോടെയാണ് താരത്തിന്റെ നേട്ടം.
251.1 പോയന്റോടെ റഷ്യൻ താരം ഗലാഷിന അനസ്താസിയ വെള്ളി മെഡൽ സ്വന്തമാക്കി.
സ്വിറ്റ്സർലൻഡിന്റെ ക്രിസ്റ്റെൻ നിനയ്ക്കാണ് വെങ്കലം.
ഈ ഇനത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ ലോക ഒന്നാം നമ്പർ താരം എളവേണിൽ വാളറിവാൻ, ലോക റെക്കോഡ് നേടിയ അപൂർവി ചന്ദേല എന്നിവർ ഫൈനലിന് യോഗ്യത നേടാൻ സാധിക്കാതെ പുറത്തായിരുന്നു.
അതേസമയം, ഇന്ത്യൻ വനിതാ ഹോക്കി മത്സരവും ഇന്ന് നടക്കും. 2016 റിയോ ഗെയിംസിൽ 36 വർഷത്തിനിടെ ആദ്യമായി ഒളിമ്പിക്‌സിൽ പങ്കെടുത്ത ശേഷം ഇന്ത്യൻ വനിതാ ഹോക്കി ടീം ചരിത്രത്തിൽ ആദ്യമായി ടോക്കിയോയിൽ തുടർച്ചയായ രണ്ടാം ഒളിമ്പിക് ഗെയിംസിൽ പങ്കെടുക്കാൻ ഒരുങ്ങുകയാണ്. റാണി രാംപാലിന്റെ നേതൃത്വത്തിലുള്ള ടീം ഒയി ഹോക്കി സ്റ്റേഡിയത്തിൽ ലോക ഒന്നാം നമ്പർ ടീമായ നെതർലാൻഡിനെതിരെ നേരിടും.
റിയോയിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം, ഇന്ത്യൻ ടീം ശക്തമായി പ്രകടനം നടത്തി വളർന്ന്, 2016 ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി, 2017 ഏഷ്യാ കപ്പ്, 2018 ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ, 2018 ലെ വനിതാ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലെത്തി അവരുടെ ശക്തി വർധിപ്പിച്ചു.എഫ്‌ഐഎച്ച് വനിതാ സീരീസ് ഫൈനലിൽ ടീം ജപ്പാനെ 31 ന് തോൽപ്പിച്ച് സ്വർണം നേടി, ഒളിമ്പിക്‌സിൽ സ്ഥാനം നേടാൻ യുഎസിനെ പരാജയപ്പെടുത്തിയ എഫ്‌ഐഎച്ച് ഹോക്കി ഒളിമ്പിക് ക്വാളിഫയേഴ്‌സ് 2019 ലും ടീം മികച്ച പ്രകടനങ്ങൾ നൽകിയിരുന്നു.
ഇന്നലെയായിരുന്നു ടോക്യോ ഒളിമ്പിക്‌സ് ഉദ്ഘാടനം. നാല് മണിക്കൂർ നീളുന്നതായിരുന്നു ഉദ്ഘാടന ചടങ്ങ്. ഗ്രീക്ക് ടീമിൽ തുടങ്ങി ആതിഥേയരായ ജപ്പാന്റെ സംഘത്തിൽ എത്തുന്ന മാർച്ച് പാസ്റ്റിൽ ഇരുപത്തൊന്നാമതായാണ് ഇന്ത്യ എത്തിയത്. ബോക്‌സിംഗ് താരം മേരി കോമും ഹോക്കി ക്യാപ്റ്റൻ മൻപ്രീത് സിംഗും നയിക്കുന്ന ഇന്ത്യൻ സംഘത്തിൽ 28 പേർ മാത്രമാണ് അണിനിരന്നത്. വിശ്വകായിക മാമാങ്കത്തിൽ 42 വേദികളിലായി 11,200 കായിക താരങ്ങൾ പങ്കെടുക്കും.
കാണികളില്ലാതെ ആരവമില്ലാതെയാണ് വിശ്വമേള നടക്കുന്നത്. പതിവായി കെങ്കേമമാക്കുന്ന ഉദ്ഘാടന ചടങ്ങിലും ഗ്യാലറികൾ ഒഴിഞ്ഞു കിടക്കും. രാഷ്ട്രത്തലവൻമാരും പ്രതിനിധികളും സ്‌പോൺസർമാരും ഒളിമ്പിക് കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ ആയിരത്തിൽ താഴെ ആളുകൾക്കാണ് പ്രവേശനം. അറുപതിനായിരത്തോളം കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന ഷിൻജുകുവിലെ ന്യൂ നാഷണൽ സ്റ്റേഡിയത്തിൽ ശൂന്യത നിഴലിക്കുമെന്നുറപ്പാണ്. എന്നിരുന്നാലും പതിവ് ചടങ്ങുകൾക്കൊപ്പം ജപ്പാന്റെ സാംസ്‌കാരിക തനിമ പ്രകടമാക്കുന്നതായിരുന്നു ഉദ്ഘാടനത്തിലെ കലാപരിപാടികൾ.
അതേസമയം ഒളിമ്പിക്‌സ് ജേതാക്കൾക്കുള്ള പാരിതോഷികം പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ രംഗത്തെത്തി. സ്വർണ മെഡൽ ജേതാക്കൾക്ക് 75 ലക്ഷം രൂപ വീതവും വെള്ളിമെഡൽ ജേതാക്കൾക്ക് 40 ലക്ഷം രൂപ വീതവും വെങ്കല മെഡൽ നേടുന്നവർക്ക് 25 ലക്ഷം രൂപ വീതവും ലഭിക്കും. ഇത് കൂടാതെ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഒരു ലക്ഷം രൂപ വീതവും നൽകും.
0 Comments