Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ


🇦🇪ബിഗ് ടിക്കറ്റില്‍ മൂന്ന് കോടീശ്വരന്മാര്‍: ഇന്ത്യക്കാരന് 40 കോടി

🎙️കോവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടുമെന്ന് എം.എ. യൂസുഫലി.

🇴🇲ഒമാനിൽ വാക്‌സിന്‍ കുത്തിവെപ്പെടുക്കും മുമ്പ് കോവിഡ് പരിശോധ നടത്തേണ്ട.

🇶🇦ഡിജിറ്റല്‍ പാസ്‌പോര്‍ട്ടില്‍ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടുത്തി ഖത്തര്‍ എയര്‍വേസ്.

🇰🇼കോവിഡ് നല്‍കിയ ഇടവേളയ്ക്കു ശേഷം വീണ്ടും സജീവമായി കുവൈത്ത് വിമാനത്താവളം.

🇦🇪അബൂദബിയില്‍ കോവിഡ് ബാധിതരോട് സംസാരിക്കാന്‍ വെര്‍ച്വല്‍ ചാറ്റിങ് സംവിധാനം വരുന്നു.

🇶🇦ഖത്തറില്‍ ഇന്ന് 103 പേര്‍ക്ക് കോവിഡ്; 160 പേര്‍ രോഗമുക്തി നേടി.

🛫പ്രവാസികള്‍ക്ക് തിരിച്ചടി; യുഎഇയില്‍ നിന്നുള്ള യാത്രികര്‍ക്ക് വീണ്ടും സൗദിയിലേക്ക് വിലക്ക്.

🇸🇦കോവിഡ്; സൗദിയിൽ ഇന്ന് പുതിയ രോഗികളെക്കാൾ കൂടുതൽ രോഗമുക്തി.

🇰🇼ലോകത്തെ ചൂടേറിയ നഗരങ്ങളിലൊന്നായി കുവൈത്തിലെ അൽ ജഹ്‌റ.

വാർത്തകൾ വിശദമായി

🇦🇪ബിഗ് ടിക്കറ്റില്‍ മൂന്ന് കോടീശ്വരന്മാര്‍: ഇന്ത്യക്കാരന് 40 കോടി.

✒️അബുദാബി ബിഗ് ടിക്കറ്റിന്‍റെ 229-ാമത് സീരീസ്  നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍. ദുബൈയില്‍ താമസിക്കുന്ന ഇന്ത്യക്കാരന്‍ രഞ്ജിത്ത് സോമരാജനാണ് ബിഗ് ടിക്കറ്റ് മൈറ്റി 20 മില്യന്‍ നറുക്കെടുപ്പില്‍ രണ്ട് കോടി ദിര്‍ഹം (40 കോടിയോളം ഇന്ത്യന്‍ രൂപ)സ്വന്തമാക്കിയത്. ജൂണ്‍ 29നാണ് അദ്ദേഹം സമ്മാനം നേടിയ ടിക്കറ്റ് വാങ്ങിയത്. രണ്ടാം സമ്മാനമായി 30 ലക്ഷം ദിര്‍ഹം  (ആറ് കോടിയോളം ഇന്ത്യന്‍ രൂപ) നേടിയത് 355820 എന്ന ടിക്കറ്റ് നമ്പരിനുടമയായ റെന്‍സ് മാത്യു ആണ്. ഇന്ത്യക്കാരനാണ് റെന്‍സ്.

മൂന്നാം സമ്മാനമായി 10 ലക്ഷം ദിര്‍ഹം (രണ്ട് കോടിയോളം ഇന്ത്യന്‍ രൂപ) നേടിയത് ഇന്തോനേഷ്യന്‍ സ്വദേശിയായ ജെസ്മിന്‍ ഖോല്‍ബി സെയ്ന്‍ ആണ്. 006368 എന്ന നമ്പരിലുള്ള ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. കഴിഞ്ഞ നറുക്കെടുപ്പിലെ ഒന്നാം സമ്മാന വിജയിയാണ് ഇത്തവണത്തെ ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് തെരഞ്ഞെടുത്തത്. ബിഗ് ടിക്കറ്റ് പ്രതിനിധി സമ്മാനവിവരം അറിയിക്കാന്‍ വിളിച്ചപ്പോള്‍ താന്‍ നറുക്കെടുപ്പ് കാണുകയാണെന്നും ഇപ്പോള്‍ കുടുംബത്തിനൊപ്പമാണെന്നും രഞ്ജിത്ത് പറഞ്ഞു. 10 സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇദ്ദേഹം ടിക്കറ്റ് വാങ്ങിയത്. 

നാലാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത് ഇന്ത്യക്കാരനായ ശാന്ത്കുമാര്‍ റായിയാണ്. ഇദ്ദേഹം വാങ്ങിയ 106548 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. അഞ്ചാം സമ്മാനമായ 80,000 ദിര്‍ഹം സ്വന്തമാക്കിയത് ഇന്ത്യക്കാരനായ വാഴപ്പിള്ളി രാജന്‍ മേനോനാണ്. അദ്ദേഹം വാങ്ങിയ 000122 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. 50,000 ദിര്‍ഹത്തിന്റെ ആറാം സമ്മാനം നേടിയത് ഫിലിപ്പീന്‍സ് സ്വദേശിയായ മരിയ സെലിസിയ കിങ് ആണ്. 180461 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. 014900 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഇന്ത്യയില്‍ നിന്നുള്ള സീനി ഷഹീക് ആണ് സ്വന്തമാക്കിയത്

🎙️കോവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടുമെന്ന് എം.എ. യൂസുഫലി.

✒️കോവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങളും നഷ്ടപരിഹാരത്തിന് അർഹരാണെന്നും ഇവരെയും പട്ടികയിൽ ഉൾപെടുത്താൻ ഇടപെടുമെന്നും ലുലു ഗ്രൂപ്പ്​ ചെയർമാനും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ എം.എ. യൂസുഫലി. അബൂദബിയിൽ മീഡിയ മജ്​ലിസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടിക ലഭിച്ചാൽ​ മുഖ്യമന്ത്രിക്ക് അയക്കും. ദുരന്തനിവാരണ അതോറിറ്റിയുടെ മാർഗനിർദ്ദേശങ്ങളിൽ പ്രവാസികളുടെ വിഷയം ഉൾപെടുത്താൻ ഇടപെടും. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായും നോർക്കയുമായും ബന്ധപ്പെട്ട അധികാരികളുമായും ചർച്ച നടത്താൻ തയാറാണ്​. നാട്ടിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന വിഷയത്തിൽ തീരുമാനമെടുക്കേണ്ടത്​ അതാത്​ രാജ്യങ്ങളിലെ ഭരണകൂടങ്ങളാണ്​. രാജ്യസുരക്ഷയും പ്രവാസികൾ അടക്കമുള്ളവരുടെ ആരോഗ്യ സംരക്ഷണവും ലക്ഷ്യമിട്ടാണ്​ ഗൾഫ്​ രാജ്യങ്ങൾ യാത്ര നിയന്ത്രണങ്ങൾ ഏർപെടുത്തിയിരിക്കുന്നത്​. ഇത്​ അനുസരിക്കാൻ പ്രവാസികൾ ബാധ്യസ്ഥരാണ്​. ലുലുവിന്റെ 535 ജീവനക്കാർ നാട്ടിൽ കുടുങ്ങിയിട്ടുണ്ട്​. ​ഇവരെ എത്തിക്കണമെന്ന്​ ആഗ്രഹമുണ്ടെങ്കിലും കഴിയുന്നില്ല. ഗൾഫിലെ ജോലി നഷ്​ടപ്പെട്ടും തിരികെയെത്താൻ കഴിയാതെയും നിരവധി പേർ ബുദ്ധിമുട്ടിലാണ്​. എത്രയും വേഗം യാത്ര വിലക്ക്​ നീങ്ങണമെന്നാണ്​ ആഗ്രഹമെന്നും യൂസുഫലി പറഞ്ഞു.

🇴🇲ഒമാനിൽ വാക്‌സിന്‍ കുത്തിവെപ്പെടുക്കും മുമ്പ് കോവിഡ് പരിശോധ നടത്തേണ്ട.

✒️ഒമാനിൽ വാക്‌സിന്‍ കുത്തിവെപ്പെടുക്കും മുമ്പ് കോവിഡ് പരിശോധ നടത്തേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയം. വാക്‌സിനേഷന്‍ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കുന്ന ശബ്ദസന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്‍റെ വിശദീകരണം.

കോവിഡ് വാക്‌സീന്‍ സ്വീകരിക്കുന്നതിന് മുമ്പ് കോവിഡ് പരിശോധന നടത്തണം എന്നും വാക്‌സീന്‍ ഘടകങ്ങളില്‍ വൈറസ് അടങ്ങിയിരിക്കുന്നുവെന്നും വാക്‌സീന്‍ സ്വീകരിച്ചാല്‍ രോഗത്തിന്‍റെ തീവ്രത വര്‍ധിക്കുമെന്നുമാണ് ശബ്ദ സന്ദേശത്തില്‍ അടങ്ങിയിരിക്കുന്നത്. ഇവയെല്ലാം പൂര്‍ണമായും തെറ്റായ വിവരങ്ങളാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. തെറ്റായ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നത് സാധാരണക്കാരായ ജനങ്ങളുടെ ജീവന് ഭീഷണിയാണെന്നും അത്തരം കാര്യങ്ങളില നിന്ന് വിട്ടുനിൽക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. കോവിഡും വാക്സിനും സംബന്ധിച്ച വിവരങ്ങൾക്ക് ആരോഗ്യ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റും സാമൂഹിക മാധ്യമ അക്കൗണ്ടുകളും ഉപയോഗിക്കണമെന്നും ഇക്കാര്യത്തിൽ അറിവില്ലാത്തവരും മറ്റും പുറത്തുവിടുന്ന വാർത്തകൾക്ക് പിന്നാലെ പോകരുതെന്നും അധികൃതർ ആവശ്യപ്പെട്ടു.

🇶🇦ഡിജിറ്റല്‍ പാസ്‌പോര്‍ട്ടില്‍ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടുത്തി ഖത്തര്‍ എയര്‍വേസ്.

✒️അയാട്ടയുടെ ഡിജിറ്റല്‍ പാസ്‌പോര്‍ട്ടില്‍ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടഫിക്കറ്റ് ഉള്‍പ്പെടുത്തുന്ന് ആദ്യ വിമാന കമ്പനിയായി ഖത്തര്‍ എയര്‍വേസ്. കോവിഡ് മുന്‍കരുതലുകള്‍ പാലിച്ച് സുരക്ഷിത യാത്രക്കായി രാജ്യാന്തര എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ പുറത്തിറക്കിയ ഡിജിറ്റല്‍ പാസ്‌പോര്‍ട്ടില്‍ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കൂടി ഉള്‍പ്പെടുത്തുന്ന സംവിധാനത്തിനാണ് ഖത്തര്‍ എയര്‍വേസ് തുടക്കമിട്ടത്.

ലോകത്ത് ആദ്യമായാണ് യാത്രക്കാരന്‍ വാക്‌സിന്‍ സ്വീകരിച്ചു എന്നുറപ്പുവരുത്താന്‍ ‘ഡിജിറ്റല്‍ രേഖ’ സംവിധാനം ഒരു എയര്‍ലൈന്‍സ് ഒരുക്കുന്നത്. ആദ്യഘട്ടമായി ഖത്തര്‍ എയര്‍വേസ് ജീവനക്കാര്‍ക്ക് ഈ സംവിധാനമൊരുക്കും. കുവൈത്ത്, ലണ്ടന്‍, ലോസാഞ്ചലസ്, ന്യൂയോര്‍ക്ക്, പാരീസ്, സിഡ്‌നി എന്നിവിടങ്ങളില്‍ നിന്നു ദോഹയിലേക്കുവരുന്ന ഖത്തര്‍ എയര്‍വേസ് കാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും, കോവിഡ് പരിശോധന ഫലവും ‘ഡിജിറ്റല്‍ പാസ്‌പോര്‍ട്ടില്‍’ അപ്‌ലോഡ് ചെയ്ത് സൂക്ഷിക്കാനാവും. ദോഹയിലെത്തിയ ശേഷം വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗത്തില്‍ മൊബൈല്‍ ആപ്പിലെ ഈ രേഖകള്‍ കാണിച്ചാല്‍ മതിയാവും.

സ്വന്തം ജീവനക്കാരില്‍ നടത്തുന്ന പരീക്ഷണം വിജയകരമായാല്‍ യാത്രക്കാര്‍ക്കും ഈ സൗകര്യമൊരുക്കും. പേപ്പറുകളുടെ ഉപയോഗം കുറക്കുക, കോവിഡ് കാലത്ത് പരസ്പരം ഇടപഴകാനുള്ള സാഹചര്യം ഒഴിവാക്കുക, യാത്ര എളുപ്പമാക്കുക എന്നിവയാണ് ഇതുവഴിയുള്ള നേട്ടങ്ങള്‍.

🇰🇼കോവിഡ് നല്‍കിയ ഇടവേളയ്ക്കു ശേഷം വീണ്ടും സജീവമായി കുവൈത്ത് വിമാനത്താവളം.

✒️അമേരിക്ക ഉൾപ്പെടെ 12 രാജ്യങ്ങളിലേക്കുള്ള വിമാന സർവീസ് പുനരാരംഭിച്ചതോടെ സജീവമായി കുവൈത്ത് വിമാനത്താവളം. 25 വിമാനങ്ങളിലായി നാലായിരത്തോളം യാത്രക്കാരാണ് കഴിഞ്ഞ ദിവസം കുവൈത്തിൽ നിന്നും വിവിധ രാജ്യങ്ങളിലേക്ക് യാത്രയായത്. മാസങ്ങളുടെ ഇടവേളയ്ക്കു ശേഷമാണു കുവൈത്ത് വിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്ക് പ്രകടമായത് . 12 രാജ്യങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ച ശേഷം ആദ്യമായി പറന്നത് ജസീറ എയർവെയ്സിന്‍റെ റ്റിബിലിസിലേക്കുള്ള വിമാനമായിരുന്നു . 160 യാത്രികരാണ് ഈ വിമാനത്തിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ ഞായറാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് 12 രാജ്യങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കാൻ അനുമതി നല്‍കിയത്. ബ്രിട്ടൻ അമേരിക്ക, സ്പെയിൻ, നെതർലാൻഡ് , ഇറ്റലി, ആസ്ട്രിയ, ഫ്രാൻസ് , കിർഗിസ്ഥാൻ എം ബോസ്നിയ ഹെർസെഗോവിന, ജർമ്മനി, ഗ്രീസ്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലേക്കുള്ള വ്യോമഗതാഗത്തിനാണ് അനുമതി നൽകിയത്.

വാക്സിനേഷൻ കോഴ്സ് പൂർത്തിയാക്കിയ വിദേശികൾക്ക് ഓഗസ്റ്റ് ഒന്ന് മുതൽ പ്രവേശനം അനുവദിക്കാനുള്ള തീരുമാനത്തെ തുടർന്ന് അറൈവൽ യാത്രക്കാരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങളിലാണ് എയർപോർട്ട് . പ്രതിദിനം 35,000 അറൈവൽ യാത്രക്കാരെ സ്വീകരിക്കാനുള്ള സൗകര്യം ഒരുക്കിയതായി സിവിൽ ഏവിയേഷൻ പ്ലാനിങ് വിഭാഗം മേധാവി സഅദ് അൽ ഉതൈബി പറഞ്ഞു . വിമാനത്താവളത്തിന്‍റെ പ്രവർത്തനം 30 ശതമാനം ശേഷിയിൽ കൂടരുതെന്നു മന്ത്രിസഭാ നിർദേശമുണ്ട് . വിമാനത്താവളത്തിൽ സാമൂഹ്യ അകലം ഉൾപ്പെടെയുള്ളരോഗ്യ മാനദണ്ഡങ്ങൾ കര്ശനമാക്കിയതായും യാത്രയാക്കാനോ സ്വീകരിക്കാനോ ആരെയും വിമാനത്താവളത്തിനകത്തേക്ക് കടത്തിവിടില്ലെന്നും സഅദ് അൽ ഉതൈബി കൂട്ടിച്ചേർത്തു.

🇦🇪അബൂദബിയില്‍ കോവിഡ് ബാധിതരോട് സംസാരിക്കാന്‍ വെര്‍ച്വല്‍ ചാറ്റിങ് സംവിധാനം വരുന്നു.

✒️അബൂദബിയിൽ കോവിഡ് സമ്പർക്കമുണ്ടായവരെ കണ്ടെത്താൻ പുതിയ സംവിധാനം നിലവിൽ വന്നു. കോവിഡ് പോസറ്റീവ് ആകുന്നവരെ ഏറ്റവും വേഗത്തിൽ ആരോഗ്യപ്രവർത്തകർക്ക് ബന്ധപ്പെടാനും ആശയവിനിമയം നടത്താനും വഴിയൊരുക്കുന്നതാണ് പുതിയ സംവിധാനം. അബൂദബിയിൽ ഇനി കോവിഡ് പോസറ്റിവ് ആണെന്ന ഫലം വരുന്നതോടൊപ്പം രോഗികൾക്ക് എസ്എംഎസ് വഴി ഒരു ലിങ്ക് കൂടി ലഭിക്കും. ഇതിൽ രോഗിയുമായി വെർച്വൽ ചാറ്റിംഗ് നടക്കും. എമിറേറ്റ്സ് ഐഡി വിവരങ്ങൾ പരിശോധിച്ച ശേഷം രോഗിയോട് ചില ചോദ്യങ്ങൾ ചാറ്റിലൂടെ ആരായും. വിദേശത്ത് നിന്ന് വന്നവർ, ജോലി സ്ഥലത്തുണ്ടായവർ, അടുത്ത് സമ്പർക്കം പുലർത്തിയവർ, കഴിഞ്ഞ 48 മണിക്കൂറിനിടെ കണ്ടുമുട്ടിയവർ തുടങ്ങിയ വിവരങ്ങൾ ചാറ്റിലൂടെ ശേഖരിക്കും. ഈ വിവരങ്ങൾ അന്വേഷണസംഘത്തിന് പുറത്തുള്ളവരിൽ നിന്ന് അതീവ രഹസ്യമാക്കി സൂക്ഷിക്കും. രോഗിയുമായുള്ള ചാറ്റിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ രോഗവ്യാപനം തടയാനുള്ള നടപടികൾ ആവിഷ്കരിക്കാൻ ഈ സാങ്കേതികവിദ്യ സൗകര്യമൊരുക്കും. അബൂദബി പൊതുജനാരോഗ്യകേന്ദ്രവും ആരോഗ്യവകുപ്പും സംയുക്തമായാണ് ഈ സാങ്കേതിക സംവിധാനം വികസിപ്പിച്ചത്. ഗൾഫ് മേഖലയിൽ ആദ്യമായാണ് കോവിഡ് സമ്പർക്കം കണ്ടെത്താൻ ഇത്തരമൊരു സാങ്കേതിക സംവിധാനമെന്ന് അധികൃതർ അവകാശപ്പെടുന്നു.

🇶🇦ഖത്തറില്‍ ഇന്ന് 103 പേര്‍ക്ക് കോവിഡ്; 160 പേര്‍ രോഗമുക്തി നേടി.

✒️ഖത്തറില്‍ ഇന്ന് 103 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 160 പേരാണ് രോഗമുക്തി നേടിയത്. 63 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 40 പേര്‍. 1,601 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

ഖത്തറില്‍ ഇന്നു കോവിഡ് മരണമില്ല. ആകെ മരണം 591. രാജ്യത്ത് ഇതുവരെ 2,20,260 പേര്‍ രോഗമുക്തി നേടി. ഇന്ന് 6 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 83 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

24 മണിക്കൂറിനിടെ 15,071 ഡോസ് വാക്‌സിന്‍ നല്‍കി. ആകെ നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 32,26,308 ആയി.

🛫പ്രവാസികള്‍ക്ക് തിരിച്ചടി; യുഎഇയില്‍ നിന്നുള്ള യാത്രികര്‍ക്ക് വീണ്ടും സൗദിയിലേക്ക് വിലക്ക്.

✒️യു എ ഇ, എത്യോപ്യ, വിയറ്റ്നാം, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലേക്കും, തിരികെയുമുള്ള യാത്രകൾക്ക് താത്കാലിക വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്കും, തിരികെയുമുള്ള വിമാനസർവീസുകൾക്ക് ജൂലൈ 4, ഞായറാഴ്ച്ച 11PM മുതൽ വിലക്കേർപ്പെടുത്താനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

ജൂലൈ 3-ന് പുലർച്ചെയാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. COVID-19 വൈറസിന്റെ പുതിയ വകഭേദവുമായി ബന്ധപ്പെട്ട വ്യാപന സാധ്യതകൾ കണക്കിലെടുത്താണ് ഈ തീരുമാനം.

ഈ രാജ്യങ്ങളിലേക്കും, തിരികെയും പ്രത്യേക മുൻ‌കൂർ അനുമതികളുള്ളവർക്ക് മാത്രമാണ് യാത്ര ചെയ്യുന്നതിന് അനുവാദം ഉണ്ടായിരിക്കുക എന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ ജൂലൈ 4-ന് യാത്രാ വിലക്കുകൾ നിലവിൽ വന്നതിന് ശേഷം ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് സൗദിയിൽ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമായിരിക്കുന്നതാണ്. 14 ദിവസത്തിനിടയിൽ ഈ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളവർക്കും ഈ വിലക്ക് ബാധകമാണ്.

🇸🇦കോവിഡ്; സൗദിയിൽ ഇന്ന് പുതിയ രോഗികളെക്കാൾ കൂടുതൽ രോഗമുക്തി.

✒️സൗദിയിൽ ഇന്ന് പുതിയ കോവിഡ് രോഗികളെക്കാൾ കൂടുതൽ രോഗമുക്തി റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്നത് കിഴക്കൻ പ്രവിശ്യയിൽ ആണ്. 314 പേർക്കാണ് ഇവിടെ പുതുതായി രോഗം ബാധിച്ചത്. രാജ്യത്താകെ ഇന്ന് 1,148 പുതിയ രോഗികളും 1,222 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്താകെ കോവിഡ് രോഗികളുടെ എണ്ണം 4,91,612 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,71,550 ഉം ആയി. 15 മരണങ്ങൾ പുതുതായി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,863 ആയി.

വിവിധ ആശുപത്രികളിലും മറ്റുമായി കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 12,199 ആണ്. ഇവരിൽ 1,364 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.91 ശതമാനവും മരണനിരക്ക് 1.60 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: കിഴക്കൻ പ്രവിശ്യ 314, മക്ക 265, റിയാദ് 219, അസീർ 137, ജീസാൻ 62, മദീന 45, നജ്റാൻ 28, തബൂക്ക് 19, വടക്കൻ അതിർത്തി മേഖല 17, അൽ ഖസീം 14, ഹാഇൽ 13, അൽബാഹ 9, അൽ ജൗഫ് 6.

🇰🇼ലോകത്തെ ചൂടേറിയ നഗരങ്ങളിലൊന്നായി കുവൈത്തിലെ അൽ ജഹ്‌റ.

✒️വടക്കൻ കുവൈത്ത് നഗരമായ അൽ ജഹ്‌റയിലെ താപനില 53.5 ഡിഗ്രി സെൽഷ്യസിൽ എത്തി. ലോകത്തിലെ ഏറ്റവും ചൂടേറിയ നഗരങ്ങളിലൊന്നായി മാറിയിരിക്കുകയാണ് നഗരം.
കഴിഞ്ഞ ശനിയാഴ്ച, സൗദി അറേബ്യയുടെ അതിർത്തിയിലുള്ള കുവൈത്ത് സിറ്റിയുടെ തെക്ക് നുവൈസീബ് ലോകത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നു. 53.2 ഡിഗ്രി സെൽഷ്യസ് ആണ് അവിടെ രേഖപ്പെടുത്തിയത്.

അയൽ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ 2021ൽ കുവൈത്ത് ഭൂമിയിലെ ഏറ്റവും ചൂടേറിയ സ്ഥലമാണ്. ജൂലൈ ഒന്നിന് ഇറാഖിലെ താപനില 51.6 ഡിഗ്രി സെൽഷ്യസിലെത്തി. ഇറാനിയൻ നഗരമായ ഒമിഡിയേയിൽ താപനില 51 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു.
 
കഴിഞ്ഞ മാസം, കുവൈത്തിന്റെ വടക്ക്, അബ്ദാലി, ജഹ്‌റ എന്നിവിടങ്ങളിലെ താപനില 50 ഡിഗ്രി സെൽഷ്യസിലെത്തിയിരുന്നു.

Post a Comment

0 Comments