🇸🇦സൗദി: നാല്പത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് രണ്ടാം ഡോസ് COVID-19 വാക്സിൻ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
🇴🇲ഒമാൻ: VAT ടാക്സ് റിട്ടേൺ സ്വീകരിക്കുന്ന നടപടികൾ ആരംഭിച്ചു.
🇸🇦സൗദി: ജൂലൈ 5 മുതൽ ഹജ്ജ് പെർമിറ്റ് ഇല്ലാതെ മക്കയിലേക്ക് പ്രവേശിക്കുന്നവർക്ക് 10000 റിയാൽ പിഴ ചുമത്തും.
🇦🇪അബുദാബി: ജൂലൈ 5 മുതൽ വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവരുടെ യാത്രാ നിബന്ധനകളിൽ മാറ്റം വരുത്തുന്നു.
🇦🇪യു എ ഇ: മോഡേണ COVID-19 വാക്സിന് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നൽകി.
🇸🇦സൗദി: തവക്കൽന ആപ്പിന്റെ പുതുക്കിയ പതിപ്പിൽ ഹെൽത്ത് പാസ്സ്‌പോർട്ട് സംബന്ധിച്ച് കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി.
🇶🇦ഖത്തറില്‍ പുതിയ കോവിഡ് രോഗികള്‍ 100ല്‍ താഴെ; സമ്പര്‍ക്കം വഴി 65 പേര്‍.
🇦🇪യുഎഇയില്‍ 1573 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് അഞ്ച് മരണം.
🇶🇦ഖത്തറില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്ക് ഇളവ് പ്രഖ്യാപിച്ച് കൂടുതല്‍ രാജ്യങ്ങള്‍.
🇦🇪മികവ് തെളിയിക്കുന്ന സ്‍കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും കുടുംബങ്ങള്‍ക്കും ഇനി യുഎഇയില്‍ ഗോള്‍ഡന്‍ വിസ.
🇶🇦മെത്രാഷ്2 ആപ്പില്‍ ഖത്തറിലെ ഇന്ത്യക്കാര്‍ക്കും ഫാമിലി വിസയ്ക്ക് അപേക്ഷിക്കാം.
🇸🇦സൗദി അറേബ്യയിൽ ആശ്വാസം; കൊവിഡ് രോഗമുക്തരുടെ എണ്ണം വീണ്ടും ഉയർന്നു.
🇴🇲ഒമാനില്‍ 1570 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് 33 മരണം.
വാർത്തകൾ വിശദമായി
🇸🇦സൗദി: നാല്പത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് രണ്ടാം ഡോസ് COVID-19 വാക്സിൻ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
✒️ആദ്യ ഡോസ് COVID-19 വാക്സിൻ സ്വീകരിച്ച രാജ്യത്തെ നാല്പത് വയസിന് മുകളിൽ പ്രായമുള്ള നിവാസികൾക്ക് രണ്ടാം ഡോസ് കുത്തിവെപ്പ് ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജൂലൈ 4-ന് വൈകീട്ടാണ് സൗദി ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഈ വിഭാഗങ്ങളിലുള്ളവർക്ക് ‘Sehhaty’ ആപ്പിലൂടെ രണ്ടാം ഡോസ് കുത്തിവെപ്പിനുള്ള മുൻകൂർ ബുക്കിങ്ങ് പൂർത്തിയാക്കാവുന്നതാണെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് രണ്ടാം ഡോസ് കുത്തിവെപ്പുകൾ നൽകിയിരുന്നത്.
🇴🇲ഒമാൻ: VAT ടാക്സ് റിട്ടേൺ സ്വീകരിക്കുന്ന നടപടികൾ ആരംഭിച്ചു.
✒️ആദ്യ ഘട്ട VAT ടാക്സ് റിട്ടേൺ സ്വീകരിക്കുന്ന നടപടികൾക്ക് 2021 ജൂലൈ 1 മുതൽ ഒമാൻ ടാക്സ് അതോറിറ്റി തുടക്കമിട്ടതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സ്ഥാപനങ്ങൾക്ക് ഒമാൻ ടാക്സ് അതോറിറ്റിയുടെ വെബ്സൈറ്റിലൂടെ ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കാവുന്നതാണ്.
വെബ്സൈറ്റിലൂടെ ജൂലൈ 1 മുതൽ മുപ്പത് ദിവസത്തേക്ക് VAT ടാക്സ് റിട്ടേൺ സ്വീകരിക്കുന്നതാണ്. VAT രജിസ്‌ട്രേഷൻ പൂർത്തിയാക്കിയിട്ടുള്ളവർ കാൽവർഷത്തെ VAT ടാക്സ് റിട്ടേണാണ് നൽകേണ്ടത്.
ഒമാനിൽ ടാക്സ് റിട്ടേൺ സമർപ്പിക്കേണ്ടതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സംബന്ധിച്ച് ടാക്സ് അതോറിറ്റി നേരത്തെ അറിയിപ്പ് നൽകിയിരുന്നു. പിഴതുകകൾ ഒഴിവാക്കുന്നതിനായി ടാക്സ് റിട്ടേൺ സമർപ്പിക്കുന്ന നടപടികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ അതോറിറ്റി ആഹ്വാനം ചെയ്തു. ടാക്സ് റിട്ടേൺ സമർപ്പിക്കാതിരിക്കുക, തെറ്റായ വിവരങ്ങൾ സമർപ്പിക്കുക മുതലായ പ്രവർത്തികൾക്ക് ഒരു വർഷം വരെ തടവും, 5000 മുതൽ 20000 റിയാൽ വരെ പിഴയും ചുമത്താവുന്നതാണെന്ന് അതോറിറ്റി ഓർമ്മപ്പെടുത്തി.
🇸🇦സൗദി: ജൂലൈ 5 മുതൽ ഹജ്ജ് പെർമിറ്റ് ഇല്ലാതെ മക്കയിലേക്ക് പ്രവേശിക്കുന്നവർക്ക് 10000 റിയാൽ പിഴ ചുമത്തും.
✒️2021 ജൂലൈ 5, തിങ്കളാഴ്ച്ച മുതൽ പ്രത്യേക പെർമിറ്റുകൾ കൂടാതെ മക്കയിലെ ഗ്രാൻഡ് മോസ്കിലേക്കും, പരിസരങ്ങളിലേക്കും, ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട മറ്റു പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കുന്നവർക്ക് 10000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ജൂലൈ 5 മുതൽ ഹജ്ജ് തീർത്ഥാടനം അവസാനിക്കുന്നതുവരെ ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ്.
ജൂലൈ 4-ന് വൈകീട്ടാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം 2021 ജൂലൈ 5 മുതൽ ജൂലൈ 23 വരെ, മക്കയിലെ ഗ്രാൻഡ് മോസ്‌ക്, പരിസര പ്രദേശങ്ങൾ, മിന, മുസ്ദലിഫ, അറഫ മുതലായ പുണ്യസ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്ക് ഹജ്ജ് പെർമിറ്റുകളുള്ളവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. ഇത് സംബന്ധിച്ച വീഴ്ച്ചകൾ വരുത്തുന്നവർക്ക് 10000 റിയാൽ പിഴ ചുമത്തുമെന്നും, നിയമലംഘനം ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
തീർത്ഥാടനത്തിൽ പങ്കെടുക്കുന്നവരുടെയും, പൊതുസമൂഹത്തിന്റെയും ആരോഗ്യ സുരക്ഷയുടെ ഭാഗമായാണ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഇത് സംബന്ധിച്ച നിയമങ്ങൾ പാലിക്കാൻ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മേഖലയിലേക്കുള്ള റോഡുകളിലെല്ലാം സുരക്ഷ ശക്തമാക്കുമെന്നും, അനധികൃതമായി പ്രവേശിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള പ്രത്യേക സുരക്ഷാ സംഘത്തെ വിന്യസിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
🇦🇪അബുദാബി: ജൂലൈ 5 മുതൽ വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവരുടെ യാത്രാ നിബന്ധനകളിൽ മാറ്റം വരുത്തുന്നു.
✒️2021 ജൂലൈ 5, തിങ്കളാഴ്ച്ച മുതൽ വിദേശത്ത് നിന്ന് എമിറേറ്റിലേക്ക് മടങ്ങിയെത്തുന്ന പൗരന്മാർക്കും, പ്രവാസികൾക്കും ബാധകമാക്കിയിട്ടുള്ള യാത്രാ നിബന്ധനകളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി വ്യക്തമാക്കി. ജൂലൈ 4-ന് വൈകീട്ടാണ് കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
വിദേശത്ത് നിന്ന് എമിറേറ്റിലേക്ക് പ്രവേശിക്കുന്നവരുടെ വാക്സിനേഷൻ സ്റ്റാറ്റസ് അനുസരിച്ചുള്ള ക്വാറന്റീൻ നടപടികൾ, PCR ടെസ്റ്റിംഗ് നിബന്ധനകൾ എന്നിവയിലാണ് മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്. ഈ അറിയിപ്പ് പ്രകാരം വിദേശത്ത് നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നവർ താഴെ പറയുന്ന നിബന്ധനകൾ പാലിക്കേണ്ടതാണ്.
COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ളവർക്ക് ജൂലൈ 5 മുതൽ ബാധകമാകുന്ന യാത്രാ നിർദ്ദേശങ്ങൾ:
COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള, ഗ്രീൻ പട്ടികയിൽ പെടുന്ന രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ജൂലൈ 5 മുതൽ ക്വാറന്റീൻ ആവശ്യമില്ല. ഇവർക്ക് അബുദാബിയിലെത്തിയ ഉടൻ ഒരു COVID-19 PCR ടെസ്റ്റ് നിർബന്ധമാണ്. ഇവർ എമിറേറ്റിലെത്തിയ ശേഷം ആറാം ദിനം മറ്റൊരു COVID-19 PCR ടെസ്റ്റ് കൂടി നടത്തേണ്ടതാണ്.
COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള യാത്രികർ, ഗ്രീൻ പട്ടികയിൽ പെടാത്ത രാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ഏഴു ദിവസം ക്വാറന്റീനിൽ തുടരേണ്ടതാണ്. നേരത്തെ ഈ ക്വാറന്റീൻ കാലാവധി അഞ്ച് ദിവസമായിരുന്നു. ഇവർക്ക് അബുദാബിയിലെത്തിയ ഉടൻ ഒരു COVID-19 PCR ടെസ്റ്റ് നിർബന്ധമാണ്. ഇവർ എമിറേറ്റിലെത്തിയ ശേഷം ആറാം ദിനം മറ്റൊരു COVID-19 PCR ടെസ്റ്റ് കൂടി നടത്തേണ്ടതാണ്. നേരത്തെ ഈ ടെസ്റ്റ് നാലാം ദിനത്തിലാണ് നടത്തിയിരുന്നത്.
COVID-19 വാക്സിൻ രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത ശേഷം ചുരുങ്ങിയത് 28 ദിവസം പൂർത്തിയാക്കിയ യു എ ഇ പൗരന്മാർ, പ്രവാസികൾ എന്നിവർക്കാണ് ഈ നിബന്ധന ബാധകം. ഇവർക്ക് COVID-19 വാക്സിൻ സ്റ്റാറ്റസ് ‘Alhosn’ ആപ്പിൽ നിർബന്ധമാണ്. COVID-19 സുരക്ഷിത രാജ്യങ്ങളായി കണക്കാക്കുന്ന ഗ്രീൻ രാജ്യങ്ങളുടെ ഏറ്റവും പുതുക്കിയ പട്ടിക (2021 ജൂൺ 24-ന് പ്രസിദ്ധീകരിച്ചത്) http://pravasidaily.com/abu-dhabi-updates-green-list-of-covid-19-safe-countries-from-june-24-2021/ എന്ന വിലാസത്തിൽ ലഭ്യമാണ്.
COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടില്ലാത്തവർക്ക് ജൂലൈ 5 മുതൽ ബാധകമാകുന്ന യാത്രാ നിർദ്ദേശങ്ങൾ:
COVID-19 വാക്സിൻ കുത്തിവെപ്പുകൾ പൂർത്തിയാക്കാതെ, ഗ്രീൻ പട്ടികയിൽ പെടുന്ന രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ജൂലൈ 5 മുതൽ ക്വാറന്റീൻ ആവശ്യമില്ല. ഇവർക്ക് അബുദാബിയിലെത്തിയ ഉടൻ ഒരു COVID-19 PCR ടെസ്റ്റ് നിർബന്ധമാണ്. ഇവർ എമിറേറ്റിലെത്തിയ ശേഷം ആറാം ദിനത്തിലും, പന്ത്രണ്ടാം ദിനത്തിലും വീണ്ടും COVID-19 PCR ടെസ്റ്റുകൾ നടത്തേണ്ടതാണ്.
COVID-19 വാക്സിൻ കുത്തിവെപ്പുകൾ പൂർത്തിയാക്കാത്തവർ ഗ്രീൻ പട്ടികയിൽ പെടാത്ത രാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ പന്ത്രണ്ട് ദിവസം ക്വാറന്റീനിൽ തുടരേണ്ടതാണ്. നേരത്തെ ഈ ക്വാറന്റീൻ കാലാവധി പത്ത് ദിവസമായിരുന്നു. ഇവർക്ക് അബുദാബിയിലെത്തിയ ഉടൻ ഒരു COVID-19 PCR ടെസ്റ്റ് നിർബന്ധമാണ്. ഇവർ എമിറേറ്റിലെത്തിയ ശേഷം പതിനൊന്നാം ദിനത്തിൽ മറ്റൊരു COVID-19 PCR ടെസ്റ്റ് നടത്തേണ്ടതാണ്. നേരത്തെ ഈ ടെസ്റ്റ് എട്ടാം ദിനത്തിലാണ് നടത്തിയിരുന്നത്.
ഈ നിബന്ധനകൾ COVID-19 വാക്സിൻ കുത്തിവെപ്പുകൾ പൂർത്തിയാക്കാത്ത മുഴുവൻ പൗരന്മാർക്കും, പ്രവാസികൾക്കും ബാധകമാണ്.
🇦🇪യു എ ഇ: മോഡേണ COVID-19 വാക്സിന് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നൽകി.
✒️മോഡേണ നിർമ്മിക്കുന്ന COVID-19 വാക്സിൻ രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായുള്ള അടിയന്തിര വാക്സിനേഷൻ നടപടികളിൽ ഉപയോഗിക്കുന്നതിന് യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അനുമതി നൽകി. ഈ വാക്സിനിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കിയതും, വാക്സിനിന്റെ സഫലത സംബന്ധിച്ച് കണിശമായ വിലയിരുത്തലുകൾ പൂർത്തിയാക്കിയതും, ഈ വാക്സിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരം നൽകിയതും കണക്കിലെടുത്താണ് ഈ തീരുമാനം.
രാജ്യത്ത് കാര്യക്ഷമമായ വാക്സിനുകൾ ലഭ്യമാക്കുന്നത് മഹാമാരിക്കെതിരായ ഫലപ്രദമായ പ്രതികരണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള യു എ ഇയുടെ പ്രതിജ്ഞാബദ്ധതയെ എടുത്ത് കാട്ടുന്നതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് സലിം അൽ ഒലാമ പറഞ്ഞു. യു എ ഇയിലെ ദേശീയ വാക്സിനേഷൻ പ്രചാരണത്തിന്റെ ഭാഗമായി രാജ്യത്ത് 15 ദശലക്ഷത്തിലധികം ഡോസ് COVID-19 വാക്സിൻ നൽകിയത് ഈ മഹാമാരിയെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ ശ്രമങ്ങളെയും ഫലങ്ങളെയും പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വാക്സിൻ സുരക്ഷ സംബന്ധിച്ചും, ഉപയോഗം സംബന്ധിച്ചുമുള്ള ആഗോള മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നുണ്ടെന്ന് തെളിയിക്കുന്നതും, രാജ്യത്ത് ആവശ്യമായ നടപടിക്രമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമുള്ള മുഴുവൻ രേഖകളും മോഡേണ സമർപ്പിച്ച ശേഷമാണ് ഈ തീരുമാനമെന്ന് ആരോഗ്യ നിയന്ത്രണ മേഖല അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. അമിൻ ഹുസൈൻ അൽ അമിരി പറഞ്ഞു. ഇത്തരം മാനദണ്ഡങ്ങൾ വാക്സിൻ ഇറക്കുമതി സംബന്ധിച്ച സുരക്ഷയും ഫലപ്രാപ്തിയും പാലിക്കുന്നതിന് പ്രാദേശിക ആരോഗ്യ അധികാരികളെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഫ് ഡി എ അംഗീകാരത്തെ അടിസ്ഥാനമാക്കിയാണ് വാക്സിൻ സുരക്ഷയെക്കുറിച്ചുള്ള പഠനങ്ങൾ നടത്തിയതെന്ന് അൽ അമിരി പറഞ്ഞു. ക്ലിനിക്കൽ പരീക്ഷണങ്ങൾ വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിയിച്ചിട്ടുണ്ടെന്നും കോവിഡ്-19 ആന്റിബോഡികൾ ഉൽപാദിപ്പിക്കുന്നതിനൊപ്പം രോഗപ്രതിരോധ പ്രതികരണത്തിന് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
🇸🇦സൗദി: തവക്കൽന ആപ്പിന്റെ പുതുക്കിയ പതിപ്പിൽ ഹെൽത്ത് പാസ്സ്‌പോർട്ട് സംബന്ധിച്ച് കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി.
✒️സൗദിയിലെ ‘Tawakkalna’ ആപ്പിന്റെ പുതുക്കിയ പതിപ്പിൽ ഹെൽത്ത് പാസ്സ്‌പോർട്ട് സംബന്ധിച്ച് കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തിയതായി സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (SDAIA) അറിയിച്ചു. ആപ്പിന്റെ പുതുക്കിയ പതിപ്പിൽ ഹെൽത്ത് പാസ്സ്‌പോർട്ട് സംവിധാനത്തിന് കീഴിൽ പുതിയതായി COVID-19 ട്രാവൽ ഇൻഷുറൻസ് പോളിസി സംബന്ധമായ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള സേവനം ഉൾപ്പെടുത്തിയിട്ടുണ്ട്.
യാത്രികരുടെ COVID-19 ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ സംബന്ധിച്ച വിവരങ്ങൾ ഹെൽത്ത് പാസ്സ്പോർട്ടിൽ ഉൾപ്പെടുത്തുന്നതോടെ യാത്രാ നടപടികൾ കൂടുതൽ സുഗമമാക്കുന്നതിന് സാധിക്കുന്നതാണ്. ‘Tawakkalna’ ആപ്പിന്റെ പുതിയ പതിപ്പിലെ ഹെൽത്ത് പാസ്സ്പോർട്ടിൽ വാക്സിനേഷൻ സ്റ്റാറ്റസ്, വാക്സിൻ സ്വീകരിച്ച തീയതി, ഏറ്റവും അവസാനം എടുത്ത PCR പരിശോധന സംബന്ധമായ വിവരങ്ങൾ, ആരോഗ്യ ഇൻഷുറൻസ് പോളിസി വിവരങ്ങൾ, ഇൻഷുറൻസ് കാലാവധി തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്ത് COVID-19 വാക്‌സിൻ സ്വീകരിച്ചവർക്കായുള്ള പ്രത്യേക ഡിജിറ്റൽ ഹെൽത്ത് പാസ്സ്‌പോർട്ട് സംവിധാനം 2021 ജനുവരി മുതൽ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ‘Tawakkalna’ സ്മാർട്ട് ആപ്പിൽ പ്രയോഗക്ഷമമാക്കിയിട്ടുണ്ട്. ഓരോ വ്യക്തികളുടെയും കൊറോണ വൈറസ് വാക്സിനേഷൻ പങ്കാളിത്തവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഈ ഡിജിറ്റൽ സംവിധാനത്തിൽ സൂക്ഷിക്കുന്നതാണ്. COVID-19 വൈറസിനെതിരെ വാക്സിൻ സ്വീകരിച്ച വ്യക്തിയാണെന്ന് തെളിയിക്കുന്നതിന് ഈ ഡിജിറ്റൽ ഹെൽത്ത് പാസ്സ്‌പോർട്ട് സംവിധാനം ഉപയോഗിക്കാവുന്നതാണ്.
🇶🇦ഖത്തറില്‍ പുതിയ കോവിഡ് രോഗികള്‍ 100ല്‍ താഴെ; സമ്പര്‍ക്കം വഴി 65 പേര്‍.
✒️ഖത്തറില്‍ ഇന്ന് 93 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 148 പേരാണ് രോഗമുക്തി നേടിയത്. 65 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 28 പേര്‍. 1,477 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.
ഖത്തറില്‍ ഇന്നു ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 60 വയസ്സുകാരനാണ് മരിച്ചത്. ആകെ മരണം 592. രാജ്യത്ത് ഇതുവരെ 2,20,597 പേര്‍ രോഗമുക്തി നേടി. ഇന്ന് 9 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 92 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.
🇦🇪യുഎഇയില്‍ 1573 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് അഞ്ച് മരണം.
✒️യുഎഇയില്‍ 1,573 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,527 പേര്‍ സുഖം പ്രാപിക്കുകയും അഞ്ച് പേര്‍ മരണപ്പെടുകയും ചെയ്തു.
പുതിയതായി നടത്തിയ 2,39,366 പരിശോധനകളില്‍ നിന്നാണ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,41,049 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,19,294 പേര്‍ രോഗമുക്തരാവുകയും 1,839 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,916 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🇶🇦ഖത്തറില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്ക് ഇളവ് പ്രഖ്യാപിച്ച് കൂടുതല്‍ രാജ്യങ്ങള്‍.
✒️പൂര്‍ണമായും വാക്‌സിനെടുത്ത ഖത്തര്‍ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ക്വാറന്റീന്‍ ഇളവ് പ്രഖ്യാപിച്ച് മൊറോക്കോ. ജോര്‍ജിയ, ഫ്രാന്‍സ്, ജര്‍മനി, ആസ്ട്രിയ എന്നിവയ്ക്ക് പിന്നാലെയാണ് മൊറോക്കോയും ഖത്തര്‍ നിവാസികള്‍ക്കായി വാതില്‍ തുറന്നത്.
വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ മാതാപിതാക്കള്‍ക്കൊപ്പമെത്തുന്ന നിശ്ചിത വയസ്സില്‍ താഴെയുള്ള കുട്ടികളെയും ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഫൈസര്‍-ബയോടെക്, മൊഡേണ, അസ്ട്രാസെനക, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, സിനോഫാര്‍മ, സിനോവാക് എന്നീ വാക്സിനുകളാണ് ആസ്ട്രിയ, ജര്‍മനി, മൊറോക്കോ എന്നീ രാജ്യങ്ങള്‍ അംഗീകരിച്ചിരിക്കുന്നത്.
സ്പുട്നിക്, കോവിഷീല്‍ഡ് എന്നിവയും മൊറോക്കോ അംഗീകരിച്ചിട്ടുണ്ട്. അതേസമയം ഫ്രാന്‍സില്‍ ഫൈസര്‍-ബയോടെക്, അസ്ട്രസെനക, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, മൊഡേണ എന്നിവയ്ക്ക് മാത്രമാണ് അംഗീകാരം. സ്വദേശികള്‍ക്കു പുറമേ വിദേശരാജ്യങ്ങളില്‍ അവധിയാഘോഷത്തിന് തയാറെടുക്കുന്ന പ്രവാസികള്‍ക്കും ക്വാറന്റീന്‍ ഇളവുകള്‍ ഗുണകരമാകും.
🇦🇪മികവ് തെളിയിക്കുന്ന സ്‍കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും കുടുംബങ്ങള്‍ക്കും ഇനി യുഎഇയില്‍ ഗോള്‍ഡന്‍ വിസ.
✒️മികവ് തെളിയിച്ച സ്‍കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഇനി യുഎഇയില്‍ ഗോള്‍ഡന്‍ വിസ അനുവദിക്കും. മിടുക്കരായ വിദ്യാര്‍ത്ഥികളുടെ നേട്ടങ്ങള്‍ അംഗീകരിക്കുന്നതിനൊപ്പം പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും അവര്‍ക്ക് മികച്ച അന്തരീക്ഷമൊരുക്കാനും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി.
10 വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസക്കായി എമിറേറ്റ്സ് സ്‍കൂള്‍സ് എസ്റ്റാബ്ലിഷ്‍മെന്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. സെക്കണ്ടറി സ്‍കൂള്‍ പരീക്ഷയില്‍ 95 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയ പബ്ലിക്, പ്രൈവറ്റ് സ്‍കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. നിശ്ചിത ശാസ്‍ത്രീയ വിഷയങ്ങളില്‍ ശരാശരി ഗ്രേഡ് പോയിന്റ് 3.75ന് മുകളിലുള്ള യൂണിവേഴ്‍സിറ്റി വിദ്യാര്‍ത്ഥികള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്കും കുടുംബത്തിനും വിസ അനുവദിക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനായി അപേക്ഷിക്കാം. മലയാളികളടക്കം നിരവധിപ്പേര്‍ക്ക് പുതിയ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
🇶🇦മെത്രാഷ്2 ആപ്പില്‍ ഖത്തറിലെ ഇന്ത്യക്കാര്‍ക്കും ഫാമിലി വിസയ്ക്ക് അപേക്ഷിക്കാം.
✒️മെത്രാഷ്2 ആപ്പ് വഴി ഖത്തറിലുള്ള ഇന്ത്യക്കാരില്‍ നിന്നും ഫാമിലി റെസിഡന്റ് വിസക്കുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങി. ഇനി മുതല്‍ മെത്രാഷ് 2 വഴി ആവശ്യമായ രേഖകള്‍ നല്‍കി വിസക്ക് അപേക്ഷ നല്‍കാവുന്നതാണ്.
കോവിഡ് വ്യാപനം രൂക്ഷമാവുകയും യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തതോടെ മെത്രാഷ്2 വഴിയുള്ള ഫാമിലി വിസാ അപേക്ഷകള്‍ നിര്‍ത്തിവച്ചിരുന്നു. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും മെത്രാഷ് 2ല്‍ ഫാമിലി വിസയ്ക്ക് അപേക്ഷിക്കാനുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇപ്പോള്‍ ഇന്ത്യയും പാകിസ്താനും ലഭ്യമാണ്. പുതിയ വിസാ അപേക്ഷകള്‍ സ്വീകരിക്കാത്തത് കാരണം ദീര്‍ഘനാളായി നാട്ടിലും ഇവിടെയുമായി കഴിയുന്ന പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണ് ഇതോടെ ഉണ്ടായിരിക്കുന്നത്.
എന്നാല്‍, റെസിഡന്റ് വിസയ്ക്ക് അപേക്ഷിക്കാനുള്ള സൗകര്യം മാത്രമാണ് ഇപ്പോള്‍ ആപ്പിലുള്ളത്. വിസിറ്റ് വിസയ്ക്ക് അപേക്ഷിക്കാനുള്ള സെക്ഷനില്‍ ഇപ്പോഴും ഇന്ത്യയും പാകിസ്താനും ലഭ്യമല്ല. ഇന്ത്യയിലെ കോവിഡ് സാഹചര്യത്തില്‍ പുരോഗതി ഉണ്ടാവുന്നതോടെ വിസിറ്റ് വിസകളും അനുവദിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
🇸🇦സൗദി അറേബ്യയിൽ ആശ്വാസം; കൊവിഡ് രോഗമുക്തരുടെ എണ്ണം വീണ്ടും ഉയർന്നു.
✒️സൗദി അറേബ്യക്ക് ആശ്വാസം പകർന്ന് കൊവിഡിൽ നിന്ന് മുക്തരാവുന്നവരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,429 പേർ സുഖം പ്രാപിച്ചു. 1,247 പേർക്കാണ് പുതുതായി രോഗബാധ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 24 മണിക്കൂറിനിടെ 15 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,94,032 ആയി. ഇവരിൽ 4,74,368 പേർ ഇതുവരെ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 7,891 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 95.9 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: അസീർ 273, കിഴക്കൻ പ്രവിശ്യ 234, മക്ക 220, റിയാദ് 206, ജീസാൻ 110, മദീന 68, അൽബാഹ 34, നജ്റാൻ 34, അൽഖസീം 23, ഹായിൽ 16, തബൂക്ക് 14, വടക്കൻ അതിർത്തി മേഖല 8, അൽജൗഫ് 8. രാജ്യത്തെ കൊവിഡ് വാക്സിൻ കുത്തിവെപ്പ് 18,494,437 ഡോസ് ആയി.
🇴🇲ഒമാനില്‍ 1570 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് 33 മരണം.
✒️ഒമാനില്‍ ഇന്ന് 1570 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 33 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കേസുകളുടെ എണ്ണം 2,76,736 ആയി. ഇവരില്‍ 3,316 പേരാണ് മരണപ്പെട്ടത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 166 പേരെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുള്‍പ്പെടെ 1554 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 506 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
0 Comments