കോവിഡ് മഹാമാരിയുടെയും സാമ്പത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തിൽ മുഖംമിനുക്കി കേന്ദ്രമന്ത്രിസഭ. രാഷ്ട്രപതി ഭവനിൽ ബുധനാഴ്ച വൈകുന്നേരം ആറ് മണിക്ക് ആരംഭിച്ച സത്യപ്രതിജ്ഞാ ചടങ്ങ് 7.30-ഓടെയാണ് അവസാനിച്ചത്. വനിതകൾക്കും യുവാക്കൾക്കും പുതുമുഖങ്ങൾക്കും പ്രാധാന്യം നൽകിയാണ് രണ്ടാം മോദി സർക്കാരിന്റെ ആദ്യ പുനഃസംഘടന.
നിലവിലുള്ള മന്ത്രിസഭയിൽനിന്ന് 12 പേരെ ഒഴിവാക്കി, പുതുതായി 43 അംഗങ്ങളെ ഉൾപ്പെടുത്തിയാണ് മന്ത്രിസഭ ഉടച്ചുവാർത്തത്. ഇതിൽ 36 പേർ പുതുമുഖങ്ങളാണ്. പഴയ മന്ത്രിസഭയിൽ സഹമന്ത്രി പദവിയുണ്ടായിരുന്ന ഏഴ് പേർക്ക് കാബിനറ്റ് പദവിയും നൽകി. ആരോഗ്യമന്ത്രി ഹർഷവർധൻ, നിയമം-ഐ.ടി. വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ്, വനം-പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കർ എന്നിവരടക്കമുള്ള പ്രമുഖരെ നീക്കിയാണ് പുതുമുഖങ്ങൾക്ക് അവസരമൊരുക്കിയിരിക്കുന്നത്. പുതിയ മന്ത്രിമാർ അടക്കം ആകെ 77 മന്ത്രിമാരാണ് മോദി മന്ത്രിസഭയിൽ ഇപ്പോഴുള്ളത്.
പുതിയ മന്ത്രിമാരിൽ 15 പേർക്ക് കാബിനറ്റ് പദവിയുണ്ട്. 36 പേർ പുതുമുഖങ്ങളാണ്. പുതിയതായി സ്ഥാനമേറ്റ മന്ത്രിമാരിൽ 11 വനിതകളുമുണ്ട്. ഒബിസി വിഭാഗത്തിൽനിന്ന് 27 പേരും എസ്.ടി. വിഭാഗത്തിൽനിന്ന് എട്ടുപേരും എസ്.സി. വിഭാഗത്തിൽനിന്ന് 12 പേരും മന്ത്രിമാരായി. 13 അഭിഭാഷകർ, ആറ് ഡോക്ടർമാർ, അഞ്ച് എൻജിനീയർമാർ, ഏഴ് സിവിൽ സർവീസ് ഉദ്യോഗസ്ഥർ, നാല് മുൻമുഖ്യമന്ത്രിമാർ എന്നിവരും പുതിയ മന്ത്രിമാരിൽ ഉൾപ്പെടുന്നു.
കാബിനറ്റ് മന്ത്രിമാരായി 15 പേരും സഹമന്ത്രിമാരായി 28 പേരുമാണ് സത്യപ്രതിജ്ഞ ചെയ്തത്. നാരായൺ റാണെ, സർബാനന്ദ സോനവാൾ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരാണ് പുതിയ കാബിനറ്റ് മന്ത്രിമാരിലെ പ്രമുഖർ. സഹമന്ത്രിമാരായിരുന്ന കിരൺ റിജിജു, ഹർദീപ് സിങ് പുരി, ജി കിഷൻ റെഡ്ഡി, അനുരാഗ് സിങ് താക്കൂർ എന്നിവർ കാബിനറ്റ് പദവി ലഭിച്ചവരിൽ ഉൾപ്പെടുന്നു. മലയാളിയായ രാജീവ് ചന്ദ്രശേഖർ സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വി മുരളീധരനുശേഷം മന്ത്രിസഭയിലെത്തുന്ന രണ്ടാമത്തെ മലയാളിയാണ് രാജീവ് ചന്ദ്രശേഖർ
ഇവർ കാബിനറ്റ് മന്ത്രിമാർ
നാരായൺ തട്ടു റാണെ
സർബാനന്ദ സോനവാൾ
ഡോ. വിരേന്ദ്രകുമാർ
ജ്യോതിരാദിത്യ സിന്ധ്യ
രാമചന്ദ്ര പ്രസാദ് സിങ്
അശ്വിനി വൈഷ്ണോ
പശുപതി കുമാർ പരസ്
കിരൺ റിജിജു
രാജ്‌കുമാർ സിങ്
ഹർദീപ് സിങ് പുരി
മൻസുഖ് മാണ്ഡവ്യ
ഭൂപേന്ദ്ര യാദവ്
പര്‍ഷോത്തം രൂപാല
ജി കിഷൻ റെഡ്ഡി
അനുരാഗ് സിങ് താക്കൂർ
സഹമന്ത്രിമാർ
പങ്കജ് ചൗധരി
അനുപ്രിയ സിങ് പട്ടേൽ
സത്യപാൽ സിങ് ഭാഗേൽ
രാജീവ് ചന്ദ്രേശേഖർ
ശോഭ കരന്ദലജ
ഭാനുപ്രതാപ് സിങ് വെർമ
മീനാക്ഷി ലേഖി
ദർശന വിക്രം ജാർദോഷ്
അന്നപൂർണ ദേവി
എ നാരാണസ്വാമി
എംപി കൗശൽ കിഷോർ
അജയ് ഭട്ട്
ബി.എൽ. വെർമ
അജയകുമാർ
ചൗഹാന്‍ ദേവുസിങ്
ഭഗ്‍വന്ത് ഖുബ
കപിൽ മൊറേശ്വർ പാട്ടീല്‍
പ്രതിമ ഭൗമിക്.
സുഭാസ് സർക്കാർ
ഭഗവത് കൃഷ്ണറാവു കരാട്
രാജ്‌കുമാർ രഞ്ജൻ സിങ്
ഭാരതി പർവീണ പവാർ
ബിശ്വേശ്വർ ടുഡു
ശന്തനു താക്കൂർ
ഡോ. മുഞ്ചപാറ മഹേന്ദ്രഭായ്
ജോൺ ബർല
ഡോ. എൽ മുരുകൻ
നിസിത് പ്രമാണിക്
രാഷ്ട്രപതി രാംനാഥ് കോവിന്ദിനു മുൻപാകെ രാഷ്ട്രപതി ഭവനിൽ വൈകിട്ട് ആറുമുതൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവർ പങ്കെടുത്തു.
പുനസംഘടനയുടെ ഭാഗമായി നിയമ, വിവര സാങ്കേതിക വിദ്യ വകുപ്പുകളുടെ മന്ത്രി രവിശങ്കർ പ്രസാദ്, പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ, ആരോഗ്യ മന്ത്രി ഡോ. ഹർഷവർധൻ, തൊഴിൽ മന്ത്രി സന്തോഷ് ഗാങ്‌വർ, വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാൽ, രാസവസ്തു, വളം മന്ത്രി സദാനന്ദ ഗൗഡ, ഉൾപ്പെടെ 13 പേർ രാജിവച്ചിരുന്നു.
വനിതാ-ശിശുക്ഷേമ സഹമന്ത്രി ദേബശ്രീ ചൗധരി, സാമൂഹ്യ നീതി മന്ത്രി തവർചന്ദ് ഗെഹ്ലോട്ട്, ജലശക്തി, സാമൂഹ്യനീതി-ശാക്തീകരണ സഹമന്ത്രി രത്തൻ ലാൽ കടാരിയ, വിദ്യാഭ്യാസ സഹമന്ത്രി സഞ്ജയ് ധാതോർ, മൃഗസംരക്ഷണ സഹമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി, ഭക്ഷ്യ-പൊതുവിതരണ മന്ത്രി റാവുസാഹിബ് പാട്ടിൽ, ആരോഗ്യ സഹമന്ത്രി അശ്വനി ചൗബെ, ബാബുർ സുപ്രിയോ എന്നിവരും രാജിവച്ചവരിൽ ഉൾപ്പെടുന്നു. ആരോഗ്യവകുപ്പിൽ മന്ത്രിയും സഹമന്ത്രിയും രാജിസമർപ്പിച്ചുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മന്ത്രിസഭാ സ്ഥാനം രാജിവച്ചവരിൽ ഉൾപ്പെടുന്ന തവർചന്ദ് ഗെഹ്ലോട്ടിനെ കർണാടക ഗവർണറായി രാഷ്ട്രപതി കഴിഞ്ഞദിവസം നിയമിച്ചിരുന്നു.
0 Comments