🇸🇦സൗദിയില്‍ നിലവില്‍ 11,172 കൊവിഡ് രോഗികള്‍.
🇴🇲ഒമാനില്‍ 904 പേര്‍ക്ക് കൂടി കൊവിഡ്, 14 മരണം.
🇸🇦വെള്ളിയാഴ്ച മുതല്‍ ഹറമിലേക്ക് പ്രാര്‍ത്ഥനാ അനുമതി നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
🇦🇪യുഎഇയുടെ പ്രിയ ഭരണാധികാരിക്ക് 72-ാം ജന്മദിനം; ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയ.
🇰🇼കുവൈറ്റ്: ആറ് മേഖലകളിലെ തൊഴിലാളികൾക്ക് തൊഴിൽ മാറുന്നതിന് അനുമതി നൽകും.
🇴🇲ഒമാൻ: രാത്രികാല നിയന്ത്രണങ്ങളുടെ സമയക്രമത്തിൽ ജൂലൈ 16 മുതൽ മാറ്റം; ഈദുൽ അദ്ഹ ദിനങ്ങളിൽ സമ്പൂർണ്ണ ലോക്ക്ഡൌൺ.
🇸🇦വിവിധ കമ്പനികളുടെ COVID-19 വാക്സിൻ സ്വീകരിക്കുന്നത് സുരക്ഷിതമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം.
🇶🇦ഖത്തർ: 2022 ഫിഫ ലോകകപ്പ് ഔദ്യോഗിക സ്മാരക സ്റ്റാമ്പുകളുടെ രണ്ടാം പതിപ്പ് പുറത്തിറക്കി.
🇦🇪ദുബായ്: ഈദുൽ അദ്ഹ അവധി ദിനങ്ങളിലെ മെട്രോ, ബസ് തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങളിലെ സമയക്രമം.
🇴🇲ഒമാൻ: ഈദുൽ അദ്ഹ വേളയിലെ സെൻട്രൽ പഴം പച്ചക്കറി മാർക്കറ്റിന്റെ പ്രവർത്തന സമയം സംബന്ധിച്ച അറിയിപ്പ്.
🇶🇦ഖത്തറില്‍ ഇന്ന് 131 പേര്‍ക്ക് കോവിഡ്; ആശുപത്രിയിലുള്ളവരുടെ എണ്ണം വീണ്ടും കുറഞ്ഞു.
🇶🇦ഓണ്‍ അറൈവല്‍ വിസ ഉപയോഗിച്ച് ഖത്തര്‍ വഴി മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം.
🇶🇦ജൂലൈ 18 മുതല്‍ 25വരെ ഖത്തറിലെ ബാങ്കുകള്‍ അവധി.
🇰🇼നീറ്റ് പരീക്ഷയ്ക്ക് ഇന്ത്യക്കു പുറത്തെ ഏക സെന്റര്‍ കുവൈത്തില്‍.
വാർത്തകൾ വിശദമായി
🇸🇦സൗദിയില്‍ നിലവില്‍ 11,172 കൊവിഡ് രോഗികള്‍.
✒️സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11,172 ആയി ഉയര്‍ന്നു. ഇന്ന് പുതുതായി 1,165 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് ആക്ടീവ് കേസുകളുടെ എണ്ണം ഇത്രയും ഉയര്‍ന്നത്. രോഗമുക്തിയുടെ പ്രതിദിന കണക്കില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. 24 മണിക്കൂറിനിടെ 907 പേര്‍ മാത്രമാണ് സുഖം പ്രാപിച്ചത്. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 15 മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ ആകെ എണ്ണം 506,125 ആയി. 486,918 പേര്‍ ഇതുവരെ രോഗമുക്തരായി. ആകെ മരണസംഖ്യ 8,035 ആയി ഉയര്‍ന്നു.
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരില്‍ 1,429 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 313, മക്ക 265, കിഴക്കന്‍ പ്രവിശ്യ 185, അസീര്‍ 122, മദീന 56, അല്‍ഖസീം 48, ഹായില്‍ 45, നജ്‌റാന്‍ 32, അല്‍ബാഹ 29, ജീസാന്‍ 24, തബൂക്ക് 23, വടക്കന്‍ അതിര്‍ത്തി മേഖല 18, അല്‍ജൗഫ് 5. കോവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് 21,147,966 ഡോസായി.
🇴🇲ഒമാനില്‍ 904 പേര്‍ക്ക് കൂടി കൊവിഡ്, 14 മരണം.
✒️ഒമാനില്‍ 904 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 14 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പുതിയതായി 1,578 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ ഇതുവരെയുള്ള കൊവിഡ് മരണങ്ങള്‍ 3,498 ആയി.
രാജ്യത്ത് ഇതുവരെ 2,89,042 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,63,752 പേരാണ് രോഗമുക്തരായത്. 91.3 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 128 പേരെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 1215 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ ഗുരുതരാവസ്ഥയിലുള്ള 444 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.
🇸🇦വെള്ളിയാഴ്ച മുതല്‍ ഹറമിലേക്ക് പ്രാര്‍ത്ഥനാ അനുമതി നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
✒️വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മക്കയിലേക്കുള്ള ഹാജിമാരെ സ്വീകരിക്കുന്ന നടപടി ക്രമങ്ങള്‍ ആരംഭിച്ചതോടെ വെള്ളിയാഴ്ച മുതല്‍ ഹറമിലേക്ക് പ്രാര്‍ത്ഥനാ അനുമതി നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഹജ്ജ്- ഉംറ സുരക്ഷാ സേനയുടെ കമാന്‍ഡര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമി പറഞ്ഞു.
ഹാജിമാരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്,അതെ സമയം തീര്‍ഥാടകരെ സ്വീകരിക്കുന്നതിനുള്ള മുഴുവന്‍ ക്രമീകരങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ അവസാനിച്ച ശേഷം ദുല്‍ഹജ്ജ് പതിനാല് മുതല്‍ ഉംറ -ജുമുഅ നിസ്‌കാരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള അനുമതി ഓണ്‍ലൈന്‍ വഴി ലഭ്യമാകുമെന്നും ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി.
🇦🇪യുഎഇയുടെ പ്രിയ ഭരണാധികാരിക്ക് 72-ാം ജന്മദിനം; ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയ.
✒️യുഎഇയുടെ പ്രിയപ്പെട്ട ഭരണാധികാരി, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് ഇന്ന് 72-ാം ജന്മദിനം. നിരവധി ആളുകളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ദുബൈ ഭരണാധികാരിക്ക് ജന്മദിനാശംസകള്‍ അറിയിച്ചത്.
ശൈഖ് മുഹമ്മദിന്റെ പഴയ ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെടെ ചിലര്‍ പങ്കുവെച്ചിട്ടുണ്ട്.
1949 ജൂലൈ 15ന് അല്‍ മക്തൂം കുടുംബത്തിന്റെ ഷിന്ദഗയിലെ വീട്ടിലാണ് ശൈഖ് മുഹമ്മദ് ജനിച്ചത്. 2006ല്‍ ദുബൈ ഭരണാധികാരിയായി സ്ഥാനമേറ്റെടുത്തു. ദുബൈയുടെ വികസനത്തിനും മുന്നേറ്റത്തിനുമായി നിരവധി സുപ്രധാന തീരുമാനങ്ങള്‍ നടപ്പിലാക്കി, എമിറേറ്റിനെ ഉയര്‍ച്ചയിലേക്ക് നയിച്ച ഭരണാധികാരിയായി അദ്ദേഹം ജനഹൃദയങ്ങളില്‍ സ്ഥാനമുറപ്പിച്ചു.
🇰🇼കുവൈറ്റ്: ആറ് മേഖലകളിലെ തൊഴിലാളികൾക്ക് തൊഴിൽ മാറുന്നതിന് അനുമതി നൽകും.
✒️രാജ്യത്ത് ആറ് മേഖലകളിൽ തൊഴിലെടുക്കുന്ന ജീവനക്കാർക്ക് മറ്റു മേഖലകളിലേക്ക് തൊഴിൽ മാറുന്നതിന് അനുമതി നൽകുമെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) അറിയിച്ചു. ജൂലൈ 14-നാണ് PAM ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ തീരുമാനം ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരുന്നതാണെന്നും PAM വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ, ഒരു മേഖലയിൽ നിന്ന് തൊഴിലാളികൾ മറ്റൊരു മേഖലയിലേക്ക് മാറുന്നത് തടയുന്നതിനായി 2015 മുതൽ രാജ്യത്ത് നിലനിൽക്കുന്ന തീരുമാനം അസാധുവാകുന്നതാണ്.
താഴെ പറയുന്ന മേഖലകളിലാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്:
ഉല്‍പാദനം.
കൃഷി.
കാലിമേയ്ക്കൽ.
മത്സ്യബന്ധനം.
കോ-ഓപ്പറേറ്റീവ് മേഖല.
ഫ്രീ-ട്രേഡ് സോൺ.
ഈ തീരുമാനം നടപ്പിലാകുന്നതോടെ മേല്പറഞ്ഞ മേഖലകളിലെ തൊഴിലാളികൾക്ക് തൊഴിലുടമയുടെ അനുമതിയോടെ മറ്റൊരു തൊഴിൽ മേഖലയിലേക്ക് മാറുന്നതിന് അനുവാദം ലഭിക്കുന്നതാണ്. COVID-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ തൊഴിലാളികളുടെ ലഭ്യതയിൽ രാജ്യത്ത് അനുഭവപ്പെടുന്ന ബുദ്ധിമുട്ട് മറികടക്കുന്നതിനായാണ് ഈ തീരുമാനം.
🇴🇲ഒമാൻ: രാത്രികാല നിയന്ത്രണങ്ങളുടെ സമയക്രമത്തിൽ ജൂലൈ 16 മുതൽ മാറ്റം; ഈദുൽ അദ്ഹ ദിനങ്ങളിൽ സമ്പൂർണ്ണ ലോക്ക്ഡൌൺ.
✒️ദിനം തോറുമുള്ള രാത്രികാല നിയന്ത്രണങ്ങളുടെ സമയം നീട്ടുന്നതിനുള്ള ഒമാൻ സുപ്രീം കമ്മിറ്റിയുടെ തീരുമാനം 2021 ജൂലൈ 16, വെള്ളിയാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. സുപ്രീം കമ്മിറ്റിയുടെ തീരുമാന പ്രകാരം, ജൂലൈ 16 മുതൽ ജൂലൈ 31 വരെയുള്ള കാലയളവിൽ (ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ട 3 ദിനങ്ങളിലൊഴികെ) ദിനവും വൈകീട്ട് 5 മണി മുതൽ പുലർച്ചെ 4 മണിവരെ വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവ വിലക്കിയിട്ടുണ്ട്.
നിലവിൽ ദിനവും രാത്രി 8 മണി മുതൽ രാവിലെ 4 മണിവരെയുള്ള നിയന്ത്രണങ്ങൾ ജൂലൈ 16 മുതൽ വൈകീട്ട് 5 മണി മുതൽ പുലർച്ചെ 4 മണിവരെ എന്ന രീതിയിലേക്ക് മാറ്റുന്നതാണ്. ജൂലൈ 6-ന് രാത്രി ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. ഈ തീരുമാനം നടപ്പിലാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയതായി റോയൽ ഒമാൻ പോലീസ് ജൂലൈ 15-ന് രാവിലെ അറിയിച്ചു.
ഈദുൽ അദ്ഹയിലെ ആദ്യ 3 ദിവസങ്ങളിൽ (ജൂലൈ 20 മുതൽ 22 വരെ) രാജ്യത്ത് സമ്പൂർണ്ണ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ്. ഈ മൂന്ന് ദിവസങ്ങളിൽ മുഴുവൻ സമയങ്ങളിലും വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവ വിലക്കിയിട്ടുണ്ട്. ഇതിന് പുറമെ, ഈദുൽ അദ്ഹ വേളയിൽ ഒത്ത് ചേർന്നുള്ള പ്രാർത്ഥനകൾ, പരമ്പരാഗത ഈദ് മാർക്കറ്റുകൾ, മറ്റു ആഘോഷങ്ങൾ, കുടുംബസംഗമങ്ങൾ, മറ്റു ഒത്ത്‌ചേരലുകൾ എന്നിവയ്ക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഈ സമയങ്ങളിൽ രോഗികൾ, മനുഷ്യത്വപരമായ ഇളവുകൾ ആവശ്യമുള്ള മറ്റു കേസുകൾ എന്നിവർക്ക് ഇളവ് നൽകുമെന്നും, ഭക്ഷണസാധനങ്ങൾ, ആവശ്യവസ്തുക്കൾ എന്നിവയുടെ വില്പന തടസപ്പെടില്ലെന്നും അധികൃതർ നേരത്തെ അറിയിച്ചിരുന്നു. അവശ്യ സർവീസുകളായ വൈദ്യുതി വിതരണം, കുടിവെള്ള വിതരണം, മെഡിക്കൽ സേവനങ്ങൾ മുതലായവയ്ക്ക് ഇളവ് അനുവദിക്കുന്നതാണ്.
ഈ ലോക്ക്ഡൌൺ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ജൂലൈ 16 മുതൽ രാജ്യത്ത് പ്രത്യേക ഓപ്പറേഷൻസ് സെന്റർ പ്രവർത്തനമാരംഭിക്കുമെന്നും, ഈ കേന്ദ്രം 24 മണിക്കൂറും പ്രവർത്തിക്കുന്നതാണെന്നും റോയൽ ഒമാൻ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ 1099 എന്ന നമ്പറിൽ പൊതുജനങ്ങൾക്ക് ഈ ഓപ്പറേഷൻസ് സെന്ററുമായി ബന്ധപ്പെടാവുന്നതാണ്.
🇸🇦വിവിധ കമ്പനികളുടെ COVID-19 വാക്സിൻ സ്വീകരിക്കുന്നത് സുരക്ഷിതമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം.
✒️രാജ്യത്ത് അംഗീകരിച്ചിട്ടുള്ള വിവിധ കമ്പനികളുടെ COVID-19 വാക്സിനുകൾ ഒരുമിച്ചെടുക്കുന്നത് സുരക്ഷിതമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം ഉറപ്പ് നൽകിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദാലിയെ ഉദ്ധരിച്ചാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇതിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുണ്ടെന്നും ലോകത്തെ പല രാജ്യങ്ങളും ഈ നടപടിക്രമം പിന്തുടരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. “വിവിധ ബ്രാൻഡുകളുടെ വാക്സിനുകൾ ഇടകലർത്തി ഉപയോഗിക്കുന്നതിനെക്കുറിച്ച് ലോകാരോഗ്യ സംഘടനയെ ഉദ്ധരിച്ച് തെറ്റായ വ്യാഖ്യാനങ്ങൾ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിവരങ്ങളെ അടിസ്ഥാനമാക്കി, രാജ്യത്ത് അംഗീകരിച്ച വാക്സിനുകൾ മിശ്രിതമാക്കുന്നതിന്റെ സുരക്ഷ ഞങ്ങൾ ഇവിടെ സ്ഥിരീകരിക്കുകയാണ്. ലോകാരോഗ്യ സംഘടനയും ലോകത്തെ നിരവധി രാജ്യങ്ങളും ഈ നടപടിക്രമത്തിന് അംഗീകാരം നൽകിയിട്ടുണ്ട്. അതോടൊപ്പം അന്താരാഷ്ട്ര ഗവേഷണങ്ങളിൽ നിന്നും പ്രത്യേക ശാസ്ത്ര സമിതികളിൽ നിന്നും ഇതിന് അനുമതി ലഭിച്ചിട്ടുണ്ട്.”, അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി, ഒന്നാമത്തെയും, രണ്ടാമത്തെയും ഡോസ് കുത്തിവെപ്പുകൾക്കായി വ്യത്യസ്ത കമ്പനികളുടെ വാക്സിൻ ഉപയോഗിക്കുന്നതിന് ജൂൺ 23-ന് സൗദി നാഷണൽ സയന്റിഫിക് കമ്മിറ്റി ഫോർ ഇൻഫെക്ഷ്യസ് ഡിസീസസ് അംഗീകാരം നൽകിയിരുന്നു. ഇതോടെ ആദ്യ ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പെടുത്തവർക്ക് സൗദി അംഗീകരിച്ചിട്ടുള്ള മറ്റൊരു കമ്പനിയുടെ വാക്സിൻ രണ്ടാം ഡോസായി സ്വീകരിക്കുന്നതിന് ഔദ്യോഗിക അനുമതി ലഭിച്ചിരുന്നു.
🇶🇦ഖത്തർ: 2022 ഫിഫ ലോകകപ്പ് ഔദ്യോഗിക സ്മാരക സ്റ്റാമ്പുകളുടെ രണ്ടാം പതിപ്പ് പുറത്തിറക്കി.
✒️2022-ലെ ഫിഫ ലോകകപ്പ് ഔദ്യോഗിക സ്മാരക സ്റ്റാമ്പുകളുടെ രണ്ടാം ശ്രേണിയിലെ സ്റ്റാമ്പുകൾ ഖത്തർ പോസ്റ്റ് പുറത്തിറക്കി. 2021 ജൂലൈ 12-ന് ഫിഫ അധികൃതരുടെയും, ഖത്തർ പോസ്റ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നടന്ന പ്രത്യേക ചടങ്ങിലാണ് ഈ സ്റ്റാമ്പുകൾ പുറത്തിറക്കിയത്.
രണ്ടാം ശ്രേണിയിൽ പെടുന്ന എട്ട് സ്റ്റാമ്പുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഈ സ്റ്റാമ്പുകൾ 2022 ലോകകപ്പ് നടക്കുന്ന എട്ട് സ്റ്റേഡിയങ്ങളുടെ വാസ്‌തുവിദ്യ ഉൾക്കൊണ്ടാണ് രൂപകല്പന ചെയ്തിട്ടുള്ളത്.
“ഫിഫ വേൾഡ് കപ്പ് സ്റ്റേഡിയങ്ങൾ ആലേഖനം ചെയ്തിട്ടുള്ള ഈ സ്റ്റാമ്പ് സെറ്റ് ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഖത്തറിന്റെ പാരമ്പര്യം, ഉജ്ജ്വലമായ സംസ്കാരം എന്നിവയുടെ പ്രചോദനം ഉൾക്കൊണ്ടാണ് ഇവ രൂപകൽപന ചെയ്തിരിക്കുന്നത്. ലോകകപ്പ് മത്സരങ്ങൾ നടക്കാൻ പോകുന്ന എട്ട് സ്റ്റേഡിയങ്ങൾ ആലേഖനം ചെയ്തിട്ടുള്ള ഈ സ്റ്റാമ്പുകൾ സ്റ്റേഡിയങ്ങളുടെ വാസ്‌തുവിദ്യ വിളിച്ചറിയിക്കുന്നു.”, ഖത്തർ പോസ്റ്റ് ചെയർമാൻ ഫാലിഹ് അൽ നഈമി സ്റ്റാമ്പുകൾ പുറത്തിറക്കികൊണ്ട് അറിയിച്ചു.
ഈ എട്ട് സ്റ്റാമ്പുകൾക്ക് 28 റിയാലാണ് വില. ആദ്യ ഘട്ടത്തിൽ ഈ സ്റ്റാമ്പുകളുടെ 20000 കോപ്പികളാണ് പുറത്തിറക്കുന്നത്. ഇതിന് പുറമെ, രണ്ടാം ശ്രേണിയുമായി ബന്ധപ്പെട്ട് 2000 ഫസ്റ്റ് ഡേ കവറുകൾ, 3000 പോസ്റ്റ് കാർഡുകൾ, 2000 പ്രത്യേക ഫോൾഡറുകൾ എന്നിവയും ഖത്തർ പോസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്.
ഖത്തറിൽ വെച്ച് നടക്കുന്ന 2022-ലെ ലോകകപ്പുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക സ്റ്റാമ്പുകൾ പുറത്തിറക്കാൻ ഖത്തർ പോസ്റ്റൽ സർവീസസ് കമ്പനിയും ഫിഫയും തമ്മിൽ ഏർപ്പെട്ടിട്ടുള്ള ധാരണപ്രകാരമാണ് ഈ സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കിയത്. ഈ ശ്രേണിയിൽ പെടുന്ന ആദ്യ രണ്ട് സ്റ്റാമ്പുകൾ ഖത്തർ പോസ്റ്റ് 2021 ഏപ്രിൽ 1-ന് പുറത്തിറക്കിയിരുന്നു.
🇦🇪ദുബായ്: ഈദുൽ അദ്ഹ അവധി ദിനങ്ങളിലെ മെട്രോ, ബസ് തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങളിലെ സമയക്രമം.
✒️ഈ വർഷത്തെ ഈദുൽ അദ്ഹ അവധിയുമായി ബന്ധപ്പെട്ട് ബസ്, മെട്രോ മുതലായ വിവിധ പൊതുഗതാഗത സംവിധാനങ്ങളിലെ സമയക്രമങ്ങളിലുള്ള മാറ്റങ്ങൾ, ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ഈദുൽ അദ്ഹ അവധി ദിനങ്ങളിൽ RTA നൽകുന്ന സേവനങ്ങളായ ബസ്, മെട്രോ, ട്രാം, ജലഗതാഗത സംവിധാനങ്ങൾ, കസ്റ്റമർ കെയർ സെന്ററുകൾ, വാഹന പരിശോധനാ കേന്ദ്രങ്ങൾ, പാർക്കിങ്ങ് സംവിധാനങ്ങൾ മുതലായവയുടെ സമയക്രമങ്ങളിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ ഈ അറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
ജൂലൈ 14-ന് വൈകീട്ടാണ് RTA ഇക്കാര്യം അറിയിച്ചത്. ബലിപ്പെരുന്നാൾ അവധി ദിനങ്ങളിൽ പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും RTA പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മെട്രോ സമയങ്ങൾ
റെഡ് ലൈൻ
ജൂലൈ 19 മുതൽ 22 വരെ – രാവിലെ 5 മുതൽ രാത്രി 1 മണി വരെ.
ജൂലൈ 23, വെള്ളിയാഴ്ച – രാവിലെ 10 മുതൽ രാത്രി 1 മണി വരെ.
ജൂലൈ 24, ശനിയാഴ്ച – രാവിലെ 5 മുതൽ അർദ്ധരാത്രി വരെ.
ഗ്രീൻ ലൈൻ
ജൂലൈ 19 മുതൽ 22 വരെ – രാവിലെ 5 മുതൽ രാത്രി 1 മണി വരെ.
ജൂലൈ 23, വെള്ളിയാഴ്ച – രാവിലെ 10 മുതൽ രാത്രി 1 മണി വരെ.
ജൂലൈ 24, ശനിയാഴ്ച – രാവിലെ 5 മുതൽ അർദ്ധരാത്രി വരെ.
ട്രാം സമയങ്ങൾ
ജൂലൈ 19 മുതൽ 22 വരെ – രാവിലെ 6 മുതൽ രാത്രി 1 മണി വരെ.
ജൂലൈ 23, വെള്ളിയാഴ്ച – രാവിലെ 10 മുതൽ രാത്രി 1 മണി വരെ.
ജൂലൈ 24, ശനിയാഴ്ച – രാവിലെ 6 മുതൽ അർദ്ധരാത്രി വരെ.
ബസ് സമയങ്ങൾ
ദുബായ് ബസ്
ഗോൾഡ് സൂഖ് ഉൾപ്പടെയുള്ള പ്രധാന സ്റ്റേഷനുകൾ രാവിലെ 4.30 മുതൽ രാത്രി 12.30 വരെ.
അൽ ഗുബൈബ സ്റ്റേഷൻ – രാവിലെ 4.15 മുതൽ രാത്രി 1 വരെ.
സത്വ ഉൾപ്പടെയുള്ള സബ് സ്റ്റേഷനുകൾ – രാവിലെ 4.30 മുതൽ രാത്രി 11:00 വരെ. (റൂട്ട് C01 ഒഴികെ – C01 മുഴുവൻ സമയവും സത്വയിൽ നിന്ന് പ്രവർത്തിക്കുന്നതാണ്.)
അൽ ഖുസൈസ് സ്റ്റേഷൻ – രാവിലെ 4:30 മുതൽ രാത്രി 12:04 വരെ.
അൽ ഖൂസ് ഇൻഡസ്ട്രിയൽ സ്റ്റേഷൻ – രാവിലെ 05:05 മുതൽ രാത്രി 11:30 വരെ.
ജബൽ അലി സ്റ്റേഷൻ – രാവിലെ 04:58 മുതൽ രാത്രി 12:15 വരെ.
മെട്രോ ലിങ്ക് ബസ്
റാഷിദിയ, എമിറേറ്സ്, ദുബായ് മാൾ, അബു ഹൈൽ, എത്തിസലാത് എന്നിവിടങ്ങളിൽ മെട്രോ ലിങ്ക് ബസുകൾ രാവിലെ 5:00 മുതൽ രാത്രി 1:10 വരെ പ്രവർത്തിക്കുന്നതാണ്. മെട്രോ പ്രവർത്തനസമയങ്ങളുമായി ബന്ധപ്പെടുത്തിയാണ് മെട്രോ ലിങ്ക് ബസുകൾ പ്രവർത്തിക്കുന്നത്.
ഇന്റർസിറ്റി ബസ്
അൽ ഗുബൈബ സ്റ്റേഷൻ – രാവിലെ 6.40 മുതൽ രാത്രി 10.20 വരെ.
യൂണിയൻ സ്‌ക്വയർ സ്റ്റേഷൻ – രാവിലെ 04:25 മുതൽ രാത്രി 12.15 വരെ.
എത്തിസലാത് മെട്രോ സ്റ്റേഷൻ – രാവിലെ 6 മുതൽ രാത്രി 9 വരെ.
അബു ഹൈൽ മെട്രോ സ്റ്റേഷൻ – രാവിലെ 6.20 മുതൽ രാത്രി 10.40 വരെ.
ഹത്ത സ്റ്റേഷൻ – രാവിലെ 5.30 മുതൽ രാത്രി 9.30 വരെ.
അൽ ജുബൈൽ സ്റ്റേഷൻ – രാവിലെ 5.30 മുതൽ രാത്രി 9.30 വരെ.
അജ്മാൻ സ്റ്റേഷൻ – രാവിലെ 4.30 മുതൽ രാത്രി 11.15 വരെ.
ജലഗതാഗത സംവിധാനങ്ങൾ
വാട്ടർ ബസ്
മറീന മാൾ, മറീന വാക്, മറീന ടെറസ്, മറീന പ്രൊമനൈഡ് എന്നീ മറീന സ്റ്റേഷനുകളിൽ നിന്ന് ഉച്ചക്ക് 12 മുതൽ അർദ്ധരാത്രി വരെ. ടൂറിസ്റ്റ് സേവനങ്ങൾ – വൈകീട്ട് 4 മുതൽ രാത്രി 11 വരെ. ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് ഉച്ചയ്ക്ക് 12 മുതൽ രാത്രി 8 വരെ വാട്ടർ ടാക്സി സേവനങ്ങൾ ലഭ്യമാണ്. ഇതിന് മുൻകൂർ ബുക്കിംഗ് ആവശ്യമാണ്.
അബ്
ദുബായ് ക്രീക്ക് സ്റ്റേഷനിൽ നിന്ന് രാവിലെ 10 മുതൽ രാത്രി 1:00 വരെ.
അൽ ഫാഹിദി – അൽ സബ്ക – രാവിലെ 10 മുതൽ രാത്രി 12.30 വരെ.
അൽ ഫാഹിദി – ദെയ്‌റ ഓൾഡ് സൂഖ് – രാവിലെ 10 മുതൽ രാത്രി 12.30 വരെ.
ബനിയസ് – അൽ സീഫ് – രാവിലെ 10 മുതൽ രാത്രി 1:00 വരെ.
ദുബായ് ഓൾഡ് സൂഖ് – അൽ ഫാഹിദി – അൽ സീഫ് – വൈകീട്ട് 4 മുതൽ രാത്രി 11:00 വരെ.
അൽ ജദ്ദാഫ് – ദുബായ് ഫെസ്റ്റിവൽ സിറ്റി – രാവിലെ 8 മുതൽ രാത്രി 12 വരെ.
ഫെറി
ദുബായ് മറീന – അൽ ഗുബൈബ – രാവിലെ 11:00, ഉച്ചയ്ക്ക് 01:00, വൈകീട്ട് 06:30 എന്നീ സമയങ്ങളിൽ. ഇതിൽ രാവിലെ 11 മണിക്കുള്ള സർവീസിന് ദുബായ് വാട്ടർ കനാലിൽ സ്റ്റോപ്പ് ഉണ്ടായിരിക്കില്ല.
ദുബായ് മറീന മാൾ സ്റ്റേഷനിൽ നിന്നുള്ള ടൂറിസ്റ്റ് സർവീസ് – വൈകീട്ട് 03:00, 05:00
അൽ ഗുബൈബ സ്റ്റേഷനിൽ നിന്നുള്ള ടൂറിസ്റ്റ് സേവനങ്ങൾ വൈകീട്ട് 05:00.
വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും
RTA-യുടെ വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും ജൂലൈ 19 മുതൽ ജൂലൈ 22 വരെ അവധിയായിരിക്കും. എന്നാൽ ഉം രമൂൽ, ദെയ്‌റ, അൽ ബർഷ, അൽ മനറ എന്നിവിടങ്ങളിലും, RTA ഹെഡ് ഓഫീസിലും പ്രവർത്തിക്കുന്ന RTA-യുടെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററുകൾ 24 മണിക്കൂറും സേവനങ്ങൾ നൽകുന്നതാണ്.
🇴🇲ഒമാൻ: ഈദുൽ അദ്ഹ വേളയിലെ സെൻട്രൽ പഴം പച്ചക്കറി മാർക്കറ്റിന്റെ പ്രവർത്തന സമയം സംബന്ധിച്ച അറിയിപ്പ്.
✒️ഈദുൽ അദ്ഹ വേളയിലെ സെൻട്രൽ പഴം പച്ചക്കറി മാർക്കറ്റിന്റെ പ്രവർത്തന സമയം സംബന്ധിച്ച് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിപ്പ് പുറത്തിറക്കി. COVID-19 പ്രതിരോധത്തിന്റെ ഭാഗമായി ഒമാൻ സുപ്രീം കമ്മിറ്റി പുറത്തിറക്കിയിരിക്കുന്ന നിർദ്ദേശങ്ങളുടെ അടിസ്‌ഥാനത്തിലാണ് മുൻസിപ്പാലിറ്റി ഈ തീരുമാനം അറിയിച്ചിരിക്കുന്നത്.
ഈ അറിയിപ്പ് പ്രകാരം, സെൻട്രൽ പഴം പച്ചക്കറി മാർക്കറ്റ് ജൂലൈ 17 മുതൽ ജൂലൈ 29 വരെയുള്ള ദിനങ്ങളിൽ രാവിലെ 5 മണിമുതൽ വൈകീട്ട് 3 വരെ പ്രവർത്തിക്കുന്നതാണ്. എന്നാൽ ഈ കാലയളവിൽ ഈദുൽ അദ്ഹയുടെ ആദ്യ മൂന്ന് ദിനങ്ങളിലും, വെള്ളിയാഴ്ച്ചകളിലും മാർക്കറ്റ് അവധിയായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
മാർക്കറ്റിലേക്കെത്തുന്ന വ്യാപാരികൾ ഗേറ്റ് നമ്പർ ഒന്നിലൂടെ പ്രവേശിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. മൂന്ന് ടണ്ണിന് മുകളിൽ ഭാരമുള്ള ട്രക്കുകൾ, മറ്റു വാഹനങ്ങൾ മുതലായവയ്ക്കും ഈ നിർദ്ദേശം ബാധകമാണ്. ഉപഭോക്താക്കൾക്കായി മാർക്കറ്റിനകത്തും, പുറത്തുമുള്ള വാഹന പാർക്കിംഗ് പ്രവർത്തിക്കുന്നതാണ്.
🇶🇦ഖത്തറില്‍ ഇന്ന് 131 പേര്‍ക്ക് കോവിഡ്; ആശുപത്രിയിലുള്ളവരുടെ എണ്ണം വീണ്ടും കുറഞ്ഞു.
✒️ഖത്തറില്‍ ഇന്ന് 131 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 140 പേരാണ് രോഗമുക്തി നേടിയത്. 82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 49 പേര്‍. 1,507 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.
ഖത്തറില്‍ ഇന്ന് കോവിഡ് മരണമില്ല. ആകെ മരണം 599. രാജ്യത്ത് ഇതുവരെ 2,21,805 പേര്‍ രോഗമുക്തി നേടി. ഇന്ന് 3 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 65 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.
24 മണിക്കൂറിനിടെ 22,709 ഡോസ് വാക്‌സിന്‍ നല്‍കി. ആകെ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 34,74,944 ആയി. വാക്‌സിനേഷന് യോഗ്യരായ 78.2 ശതമാനം പേര്‍ക്ക് ഇതിനകം ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചു
🇶🇦ഓണ്‍ അറൈവല്‍ വിസ ഉപയോഗിച്ച് ഖത്തര്‍ വഴി മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം.
ഇന്ത്യയില്‍ നിന്ന് യാത്രാവിലക്കുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കു പോകുന്നതിന് ഖത്തറിന്റെ ഓണ്‍ അറൈവല്‍ വിസാ സംവിധാനം പ്രയോജനപ്രദമാവുമെന്ന് ട്രാവലിങ് രംഗത്തുള്ളവര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നു നേരിട്ട് യാത്ര ചെയ്യാന്‍ സൗകര്യമില്ലാത്ത സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളിലേക്ക് ഖത്തര്‍ വഴി യാത്ര ചെയ്യാവുന്നതാണ്.
ഇന്ത്യയില്‍ നിന്നു ഓണ്‍അറൈവല്‍ വിസയില്‍ ദോഹയിലെത്തി 14 ദിവസം കഴിഞ്ഞാല്‍ അതത് രാജ്യങ്ങളിലേക്ക് പോകാം. ഖത്തര്‍ ഗവണ്‍മെന്റ് അംഗീകരിച്ച വാക്സിനെടുത്തവര്‍ക്കാണ് ഓണ്‍ അറൈവല്‍ വിസയില്‍ വരാനാവുക.
പാസ്‌പോര്‍ട്ട് 6 മാസമെങ്കിലും കാലാവധിയുണ്ടായിരിക്കണം. ജിസിസി രാജ്യങ്ങളില്‍ വിസയുള്ളവര്‍ക്ക് ഖത്തറില്‍ 14 ദിവസത്തെ ഹോട്ടല്‍ താമസം ബുക്ക് ചെയ്താല്‍ മതിയാവും. ഖത്തറില്‍ നിന്ന പോവേണ്ട ഗള്‍ഫ് രാജ്യത്തേക്കുള്ള വിമാന ടിക്കറ്റും ഉറപ്പാക്കണം. യാത്ര പുറപ്പെടുന്നതിന് പരമാവധി 12 മണിക്കൂര്‍ മുമ്പ് ഇഹ്തിറാസ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത്് ട്രാവല്‍ ഓതറൈസേഷന്‍ നേടണം. കൂടാതെ യാത്രയുടെ 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് പിസിആര്‍ നെഗററ്റീവ് സര്‍ട്ടിഫിക്കറ്റും വേണം. ഇന്ത്യ റെഡ് ലിസ്റ്റില്‍പ്പെട്ട രാജ്യമായതിനാല്‍ ഖത്തര്‍ വിമാനത്താവളത്തിലെത്തിയാല്‍ വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. ഇതിന് 300 റിയാലാണ് ചെലവ്.
നിലവില്‍ നേപ്പാള്‍, മാലി, താഷ്‌കന്റ് തുടങ്ങിയ രാജ്യങ്ങള്‍ വഴിയാണ് സൗദിയിലേക്കും യുഎഇയിലേക്കുമുള്ളവര്‍ യാത്ര ചെയ്തിരുന്നത്. ഇതില്‍ പല രാജ്യങ്ങളും നിലവില്‍ ഇന്ത്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഖത്തര്‍ വഴിയുള്ള യാത്ര പ്രവാസികള്‍ക്ക് ്അനുഗ്രഹമാവുമെന്നാണ് കരുതുന്നത്.
🇶🇦ജൂലൈ 18 മുതല്‍ 25വരെ ഖത്തറിലെ ബാങ്കുകള്‍ അവധി.
✒️ഖത്തറിലെ ബാങ്കുകള്‍, എക്‌സ്‌ചേഞ്ചുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക സ്ഥാപനങ്ങളുടെ ബലിപെരുന്നാള്‍ അവധി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചു. ജൂലൈ 18 ഞായറാഴ്ച്ച മുതല്‍ ജൂലൈ 25 ഞായറാഴ്ച്ച വരെയാണ് അവധി.
🇰🇼നീറ്റ് പരീക്ഷയ്ക്ക് ഇന്ത്യക്കു പുറത്തെ ഏക സെന്റര്‍ കുവൈത്തില്‍.
✒️അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന് കുവൈത്തിലും സെന്റര്‍. ഇന്ത്യക്ക് പുറത്ത് കുവൈത്തില്‍ മാത്രമേ സെന്റര്‍ അനുവദിച്ചിട്ടുള്ളൂ. കുവൈത്തിലെ ഇന്ത്യന്‍ എംബസി നടത്തിയ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് കുവൈത്തിന് സെന്റര്‍ ലഭിച്ചത്.
സപ്തംബര്‍ 12 ന് പരീക്ഷ നടത്തുമെന്നാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് 201 കേന്ദ്രങ്ങളിലാകും പരീക്ഷ. നീറ്റ് പരീക്ഷയുടെ ചരിത്രത്തില്‍ ആദ്യമായി ഗള്‍ഫിലെ ഇന്ത്യന്‍ കുട്ടികള്‍ക്ക് സൗകര്യപ്രദമാകും വിധം കുവൈത്തില്‍ കേന്ദ്രം അനുവദിച്ച വിവരം കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണു ട്വീറ്റ് ചെയ്തത്.
കുവൈത്തില്‍ നീറ്റ് പരീക്ഷാകേന്ദ്രം അനുവദിക്കാന്‍ പരിശ്രമിച്ചതിന് ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജിനെ വിവിധ പ്രവാസി സംഘടനകള്‍ അഭിനന്ദിച്ചു.

0 Comments