🇴🇲ഒമാൻ: പുതുക്കിയ രാത്രികാല നിയന്ത്രണങ്ങൾ ജൂലൈ 16 മുതൽ; സമ്പൂർണ്ണ ലോക്ക്ഡൗണിൽ ഇളവുകൾ അനുവദിക്കുന്ന മേഖലകൾ പ്രഖ്യാപിച്ചു.
🇰🇼കുവൈറ്റ്: 60 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് റെസിഡൻസി പെർമിറ്റുകൾ പുതുക്കുന്നതിന് അനുമതി നൽകുമെന്ന് സൂചന.
🇸🇦സൗദി അറേബ്യയിൽ കൊവിഡ് ബാധിതരായ 1,400 പേരുടെ നില ഗുരുതരം.
🇦🇪അബുദാബി: വിവിധ മേഖലകളിലെ പ്രവർത്തന ശേഷിയിൽ ജൂലൈ 19 മുതൽ മാറ്റം വരുത്തുന്നു.
🇴🇲ഒമാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നു; വെള്ളപ്പാച്ചിലിൽ ഒരു മരണം.
🇦🇪യുഎഇയില്‍ 1530 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് ഏഴ് മരണം.
🇸🇦കൊവിഡ് മുൻകരുതൽ; സൗദിയിൽ നമസ്‌കാര സമയങ്ങളിൽ കടകൾ തുറക്കാം.
🇶🇦ഖത്തറില്‍ ഇന്ന് 133 പേര്‍ക്ക് കോവിഡ്; 108 രോഗമുക്തി.
🕋ഹജ്ജിലെ അറഫ പ്രഭാഷണം പത്ത് ഭാഷകളിലേക്ക് തൽസമയം വിവർത്തനം ചെയ്യും.
🇸🇦സൗദിയില്‍ തവക്കല്‍ന ആപ്ലിക്കേഷനില്‍ തിരിമറി നടത്തിയ 122 പേർ കൂടി പിടിയില്‍.
🇴🇲ഒമാൻ: പുതുക്കിയ രാത്രികാല നിയന്ത്രണങ്ങൾ ജൂലൈ 16 മുതൽ; സമ്പൂർണ്ണ ലോക്ക്ഡൗണിൽ ഇളവുകൾ അനുവദിക്കുന്ന മേഖലകൾ പ്രഖ്യാപിച്ചു.
✒️ദിനവും വൈകീട്ട് 5 മണി മുതൽ പുലർച്ചെ 4 മണിവരെ ഏർപ്പെടുത്തുന്ന പുതുക്കിയ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ഒമാനിൽ ഇന്ന് (2021 ജൂലൈ 16, വെള്ളിയാഴ്ച്ച) മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. ദിനം തോറുമുള്ള രാത്രികാല നിയന്ത്രണങ്ങളുടെ സമയം നീട്ടുന്നതിനുള്ള ഒമാൻ സുപ്രീം കമ്മിറ്റിയുടെ തീരുമാനപ്രകാരമാണിത്.
ജൂലൈ 16 മുതൽ ജൂലൈ 31 വരെയുള്ള കാലയളവിൽ (ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ട 3 ദിനങ്ങളിലൊഴികെ) ദിനവും വൈകീട്ട് 5 മണി മുതൽ പുലർച്ചെ 4 മണിവരെ വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവ വിലക്കിയിട്ടുണ്ട്. രാത്രി 8 മണി മുതൽ രാവിലെ 4 മണിവരെയുള്ള നിയന്ത്രണങ്ങൾ ജൂലൈ 16 മുതൽ വൈകീട്ട് 5 മണി മുതൽ പുലർച്ചെ 4 മണിവരെ എന്ന രീതിയിലേക്ക് മാറ്റാൻ തീരുമാനിച്ചതായി ജൂലൈ 6-ന് സുപ്രീം കമ്മിറ്റി അറിയിച്ചിരുന്നു.
ഈ ലോക്ക്ഡൌൺ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ജൂലൈ 16 മുതൽ രാജ്യത്ത് പ്രത്യേക ഓപ്പറേഷൻസ് സെന്റർ പ്രവർത്തനമാരംഭിക്കുമെന്നും, ഈ കേന്ദ്രം 24 മണിക്കൂറും പ്രവർത്തിക്കുന്നതാണെന്നും റോയൽ ഒമാൻ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ 1099 എന്ന നമ്പറിൽ പൊതുജനങ്ങൾക്ക് ഈ ഓപ്പറേഷൻസ് സെന്ററുമായി ബന്ധപ്പെടാവുന്നതാണ്.
ഈദുൽ അദ്ഹയിലെ ആദ്യ 3 ദിവസങ്ങളിൽ (ജൂലൈ 20 മുതൽ 22 വരെ) രാജ്യത്ത് സമ്പൂർണ്ണ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ്. ഈ മൂന്ന് ദിവസങ്ങളിൽ മുഴുവൻ സമയങ്ങളിലും വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവ വിലക്കിയിട്ടുണ്ട്. ഇതിന് പുറമെ, ഈദുൽ അദ്ഹ വേളയിൽ ഒത്ത് ചേർന്നുള്ള പ്രാർത്ഥനകൾ, പരമ്പരാഗത ഈദ് മാർക്കറ്റുകൾ, മറ്റു ആഘോഷങ്ങൾ, കുടുംബസംഗമങ്ങൾ, മറ്റു ഒത്ത്‌ചേരലുകൾ എന്നിവയ്ക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഈ സമയങ്ങളിൽ രോഗികൾ, മനുഷ്യത്വപരമായ ഇളവുകൾ ആവശ്യമുള്ള മറ്റു കേസുകൾ എന്നിവർക്ക് ഇളവ് നൽകുമെന്നും, ഭക്ഷണസാധനങ്ങൾ, ആവശ്യവസ്തുക്കൾ എന്നിവയുടെ വില്പന തടസപ്പെടില്ലെന്നും അധികൃതർ നേരത്തെ അറിയിച്ചിരുന്നു. അവശ്യ സർവീസുകളായ വൈദ്യുതി വിതരണം, കുടിവെള്ള വിതരണം, മെഡിക്കൽ സേവനങ്ങൾ മുതലായവയ്ക്ക് ഇളവ് അനുവദിക്കുന്നതാണ്.
ഈ ലോക്ക്ഡൗണിൽ ഇളവ് അനുവദിച്ചിട്ടുള്ള മേഖലകൾ:
താഴെ പറയുന്ന മേഖലകൾക്ക് ഈദുൽ അദ്ഹയിലെ ആദ്യ 3 ദിവസങ്ങളിൽ ഏർപ്പെടുത്തുന്ന സമ്പൂർണ്ണ ലോക്ക്ഡൗണിൽ ഇളവുകൾ അനുവദിക്കുമെന്ന് ജൂലൈ 15-ന് ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ വ്യക്തമാക്കി.
ആശുപത്രികൾ, ആരോഗ്യ പരിചരണ കേന്ദ്രങ്ങൾ, സർക്കാർ മേഖലയിലെയും, സ്വകാര്യ മേഖലയിലെയും ക്ലിനിക്കുകൾ.
ഫാർമസികൾ.
കന്നുകാലി വളർത്തൽ, കർഷകർ – രാവിലെ 5 മുതൽ ഉച്ചയ്ക്ക് 11 വരെ ഇളവുകൾ.
ഫാക്ടറികളിലേക്ക് തൊഴിലാളികളെ എത്തിക്കുന്ന ബസുകൾ.
സർക്കാർ കരാറുകളുള്ള ബേക്കറികൾ, ലോണ്ടറികൾ മുതലായവയുടെ വാഹനങ്ങൾ.
ഹോട്ടലുകൾ, ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാർ.
മത്സ്യബന്ധന മേഖലയിലെ തൊഴിലാളികൾ.
ഇന്ധന സ്റ്റേഷനുകളിൽ പ്രവർത്തിക്കുന്ന ടയർ, വാഹന റിപ്പയർ സ്ഥാപനങ്ങൾ.
ബാങ്കിങ്ങ് മേഖലയിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ.
ജലസേചനം, ഇലക്ട്രിക്കൽ, സാനിറ്ററി മേഖലകളിലെ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ.
ഇലെക്ട്രിസിറ്റി, കുടിവെള്ളം, ടെലികമ്യൂണിക്കേഷൻ, റോഡ്, മാലിന്യ നിർമാർജ്ജനം മുതലായ മേഖലകളിൽ തൊഴിലെടുക്കുന്നവർ.
ഗ്യാസ് വിതരണം, കുടിവെള്ള വിതരണം എന്നിവയുടെ വാഹനങ്ങൾ.
എയർപോർട്ടുകൾ, തുറമുഖങ്ങൾ.
മൂന്ന് ടണ്ണിൽ കൂടുതൽ ഭാരമുള്ള ട്രക്കുകൾ.
ഇന്ധന സ്റ്റേഷനുകളിലെ ജീവനക്കാർ.
പ്രസ്, മീഡിയ ജീവനക്കാർ.
റിലീഫ് ഷെൽട്ടർ മേഖലയിലെ ജീവനക്കാർ.
കസ്റ്റംസ്, ഇൻഷുറൻസ് മേഖലകളിലെ ജീവനക്കാർ.
ഫുഡ് ടെസ്റ്റിംഗ് ലാബുകളിലെ ജീവനക്കാർ.
ഓയിൽ, ഗ്യാസ് ഫീൽഡുകളിലെ ജീവനക്കാർ.
🇰🇼കുവൈറ്റ്: 60 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് റെസിഡൻസി പെർമിറ്റുകൾ പുതുക്കുന്നതിന് അനുമതി നൽകുമെന്ന് സൂചന.
✒️60 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് പ്രത്യേക ഫീ അടച്ച് കൊണ്ട് റെസിഡൻസി പെർമിറ്റുകൾ പുതുക്കുന്നതിന് അനുമതി നൽകാൻ സാധ്യതയുള്ളതായി കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹൈസ്കൂൾ ഡിഗ്രിയോ, അതിന് താഴെയോ വിദ്യാഭ്യാസമുള്ള അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് റെസിഡൻസി പെർമിറ്റുകൾ പുതുക്കി നൽകേണ്ടതില്ലെന്ന് കുവൈറ്റ് നേരത്തെ തീരുമാനിച്ചിരുന്നു.
എന്നാൽ ഇവർക്ക് പ്രത്യേക ഫീ ഏർപ്പെടുത്തിക്കൊണ്ട് റെസിഡൻസി പുതുക്കുന്നതിനുള്ള സാധ്യത തെളിയുന്നതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വാർഷികാടിസ്ഥാനത്തിൽ 2000 കുവൈറ്റ് ദിനാറാണ് ഇത്തരത്തിൽ റെസിഡൻസി പുതുക്കുന്നതിനുള്ള ഫീസായി നിശ്ചയിക്കുന്നതെന്നാണ് സൂചന. എന്നാൽ ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
🇸🇦സൗദി അറേബ്യയിൽ കൊവിഡ് ബാധിതരായ 1,400 പേരുടെ നില ഗുരുതരം.
✒️സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ 1,400 പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു. ഇന്ന് പുതിതായി 1,298 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11,029 ആയി വർധിച്ചു. 24 മണിക്കൂറിനിടെ 1,17,221 കൊവിഡ് പരിശോധനയാണ് നടത്തിയത്.
അതേസമയം രോഗമുക്തിയുടെ പ്രതിദിന കണക്ക് കുത്തനെ ഉയർന്നത് ആശ്വാസകരമായി. 24 മണിക്കൂറിനിടെ 1,428 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 13 മരണങ്ങളും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ ആകെ എണ്ണം 507,423 ആയി. 488,346 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,048 ആയി.
രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനമായി കുറഞ്ഞു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതിയതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 274, മക്ക 240, കിഴക്കൻ പ്രവിശ്യ 240, അസീർ 143, ജീസാൻ 86, അൽഖസീം 83, മദീന 69, നജ്റാൻ 45, ഹായിൽ 41, അൽബാഹ 32, വടക്കൻ അതിർത്തി മേഖല 23, തബൂക്ക് 18, അൽജൗഫ് 4. കോവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് 21,616,457 ഡോസായി.
🇦🇪അബുദാബി: വിവിധ മേഖലകളിലെ പ്രവർത്തന ശേഷിയിൽ ജൂലൈ 19 മുതൽ മാറ്റം വരുത്തുന്നു.
✒️എമിറേറ്റിലെ വിവിധ മേഖലകളിലെ അനുവദനീയമായ പരമാവധി പ്രവർത്തന ശേഷിയിൽ 2021 ജൂലൈ 19, തിങ്കളാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു. ജൂലൈ 15-ന് രാത്രിയാണ് കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
എമിറേറ്റിലെ COVID-19 വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തുന്ന പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനമെന്ന് കമ്മിറ്റി വ്യക്തമാക്കി. ഈ തീരുമാനപ്രകാരം, എമിറേറ്റിലെ വിവിധ മേഖലകളിലെ പ്രവർത്തനശേഷിയിൽ താഴെ പറയുന്ന മാറ്റങ്ങൾ ജൂലൈ 19 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്:
എമിറേറ്റിലെ പൊതു ബീച്ചുകൾ, പൊതു പാർക്കുകൾ, സ്വിമ്മിങ്ങ് പൂളുകൾ, റെസ്റ്ററന്റുകൾ, കഫെ തുടങ്ങിയ ഭക്ഷണശാലകൾ, ഹോട്ടലുകളിലെ ജിം, സ്പാ മുതലായവ പരമാവധി അമ്പത് ശതമാനം പ്രവർത്തന ശേഷിയിൽ പ്രവർത്തിക്കാവുന്നതാണ്.
പൊതു ഗതാഗതത്തിനുള്ള ബസുകൾ, ഫെറി എന്നിവ പരമാവധി അമ്പത് ശതമാനം പ്രവർത്തന ശേഷിയിൽ പ്രവർത്തിക്കുന്നതാണ്.
ഷോപ്പിംഗ് മാളുകൾ പരമാവധി നാല്പത് ശതമാനം പ്രവർത്തന ശേഷിയിൽ പ്രവർത്തിക്കാവുന്നതാണ്.
സിനിമാശാലകൾ പരമാവധി മുപ്പത് ശതമാനം പ്രവർത്തന ശേഷിയിൽ പ്രവർത്തിക്കാവുന്നതാണ്.
അഞ്ച് യാത്രികർക്ക് സഞ്ചരിക്കാവുന്ന ടാക്സികളിൽ പരമാവധി മൂന്ന് പേർക്ക് സഞ്ചരിക്കാൻ അനുമതി നൽകും. ഏഴ് പേർക്ക് സഞ്ചരിക്കാവുന്ന ടാക്സികളിൽ നാല് പേർക്ക് വരെ സഞ്ചരിക്കാം.
പൊതുസമൂഹത്തിലെ സുരക്ഷ മുൻനിർത്തി പൊതുഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം മുതലായ COVID-19 നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ജനങ്ങളോട് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
എമിറേറ്റിലേക്ക് പ്രവേശിക്കുന്നവർക്കേർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിൽ 2021 ജൂലൈ 19, തിങ്കളാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായും അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.
ഇതിന് പുറമെ, 2021 ജൂലൈ 19, തിങ്കളാഴ്ച്ച മുതൽ എമിറേറ്റിൽ ദേശീയ അണുനശീകരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനും, രാത്രികാലങ്ങളിൽ അഞ്ച് മണിക്കൂർ യാത്രാ നിയന്ത്രണം ഏർപ്പെടുത്താനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
🇴🇲ഒമാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നു; വെള്ളപ്പാച്ചിലിൽ ഒരു മരണം.
✒️കഴിഞ്ഞ രണ്ടു ദിവസമായി ഒമാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ദാഖിലിയ ഗവര്‍ണറേറ്റിൽ സുമേയില്‍ വിലായത്തിൽ വെള്ളപ്പാച്ചിലിൽ കുടുങ്ങിയ ഒരു വിദേശി മരണുപ്പെട്ടു. ജെ.സി.ബി ഓപ്പറേറ്ററിയാരുന്ന ഇദ്ദേഹത്തിന് ലാസ്‍ഗ് വാദി പ്രദേശത്ത് ജോലിക്കിടയിലാണ് അപകടം സംഭവിച്ചതെന്ന് റോയൽ ഒമാൻ പോലീസിന്റെ അറിയിപ്പിൽ പറയുന്നു.
ഖുറയാത്ത് വിലയത്തിലെ വാദി അൽ-അറബിൻ പ്രദേശത്തുണ്ടായ വെള്ളപ്പാച്ചിൽ ഒരു റെസ്റ്റ് ഹൗസിൽ കുടുങ്ങിപ്പോയ കുടുംബത്തെ പൊലീസ് ഏവിയേഷന്റെ സഹകരണത്തോടെ മസ്‍കത്ത് സിവിൽ ഡിഫൻസ് സമിതി രക്ഷപ്പെടുത്തി. പത്ത് കുട്ടികളുള്‍പ്പെടെ 19 പേരടങ്ങുന്ന കുടുംബാംഗങ്ങൾ സുരക്ഷിതരാണെന്നും സിവിൽ ഡിഫൻസിന്റെ അറിയിപ്പിൽ പറയുന്നു.
ദോഫാർ ഗവര്‍ണറേറ്റിൽ സലാല വിലയത്തിലെ വാദിയിൽ കുടുങ്ങിയ ഒരു കുടുംബത്തെ പരുക്കുകളൊന്നുമില്ലാതെ ദോഫാർ സിവിൽ ഡിഫൻസ് സമിതി രക്ഷപ്പെടുത്തി. അൽ - കാമിൽ, അൽ - വഫി വിലയത്തിൽ വാദി അൽ-സിലില്‍ ഒഴുക്കിൽപ്പെട്ട രണ്ട് ഏഷ്യാക്കാരെ സിവിൽ ഡിഫൻസിന്റെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി.
ഒമാനിലെ തെക്കൻ അൽ-ശർഖിയ ഗവർണറേറ്റിന്റെ താഴ്‍ന്ന പ്രദേശങ്ങളിൽ മഴവെള്ളപ്പാച്ചിൽ ശക്തമായതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ഒമാൻ സിവിൽ ഡിഫൻസ് സമിതി നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്. വാഹനങ്ങൾ വാദികൾ മുറിച്ചു കടക്കുന്നത് സുരക്ഷാ നിര്‍ദേശം അനുസരിച്ചു മാത്രമായിരിക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ വീടിനു പുറത്ത് പോകാൻ പാടുള്ളൂവെന്നും, സുരക്ഷിതരായി വീടിനുള്ളിൽ തന്നെ കഴിയണമെന്നും അറിയിപ്പിൽ പറയുന്നു. ബോധപൂര്‍വം വാദികൾ മുറിച്ചു കടന്ന് സ്വന്തം ജീവനോ മറ്റുള്ളവരുടെ ജീവനോ അപകടത്തിലാക്കുന്നവര്‍ക്ക് മൂന്ന് മാസം തടവും 500 ഒമാനി റിയൽ പിഴയും ഇടയാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
🇦🇪യുഎഇയില്‍ 1530 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് ഏഴ് മരണം.
✒️യുഎഇയില്‍ 1,530 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,487 പേര്‍ സുഖം പ്രാപിക്കുകയും ഏഴ് പേര്‍ മരണപ്പെടുകയും ചെയ്തു.
പുതിയതായി നടത്തിയ 2,88,895 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,57,884 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,35,759 പേര്‍ രോഗമുക്തരാവുകയും 1,892 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,233 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🇸🇦കൊവിഡ് മുൻകരുതൽ; സൗദിയിൽ നമസ്‌കാര സമയങ്ങളിൽ കടകൾ തുറക്കാം.
✒️സൗദി അറേബ്യയിൽ പ്രാർത്ഥനാ സമയങ്ങളിൽ സാധാരണ കടകളടക്കമുള്ള മുഴുവൻ വാണിജ്യ സ്ഥാപനങ്ങളും തുറക്കാൻ അനുമതി. കൊവിഡ് പശ്ചാത്തലത്തിലാണ് ആൾക്കൂട്ടം ഒഴിവാക്കാൻ ഈ നടപടി.
സാധാരണ ഗതിയിൽ നമസ്കാര സമയത്തു കട അടച്ച ശേഷം വീണ്ടും തുറക്കുമ്പോൾ ആൾക്കൂട്ടം ഉണ്ടാകുന്നു. എല്ലാ സമയത്തും തുറന്നിരുന്നാൽ ഇത് ഒഴിവാക്കാനാവും. ഫെഡറേഷൻ ഓഫ് സൗദി ചേമ്പേഴ്‌സ് ആണ് അനുമതി നൽകിയത്. മതകാര്യ വകുപ്പിന്റെ നിയന്ത്രണത്തിൽ പതിറ്റാണ്ടുകളായി സൗദി അറേബ്യയിൽ നമസ്കാര സമയങ്ങളിൽ മുഴുവൻ വാണിജ്യ സ്ഥാപനങ്ങളും അടച്ചിടുക പൊതു നിയമമാണ്. അതിലാണ് ഇപ്പോൾ ഇളവ്.
🇶🇦ഖത്തറില്‍ ഇന്ന് 133 പേര്‍ക്ക് കോവിഡ്; 108 രോഗമുക്തി.
✒️ഖത്തറില്‍ ഇന്ന് 133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 108 പേരാണ് രോഗമുക്തി നേടിയത്. 68 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 65 പേര്‍. 1,532 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.
ഖത്തറില്‍ ഇന്ന് കോവിഡ് മരണമില്ല. ആകെ മരണം 599. രാജ്യത്ത് ഇതുവരെ 221,913 പേര്‍ രോഗമുക്തി നേടി. ഇന്ന് 5 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 66 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.
24 മണിക്കൂറിനിടെ 22,610 ഡോസ് വാക്സിന്‍ നല്‍കി. ആകെ വാക്സിന്‍ ഡോസുകളുടെ എണ്ണം 34,97,554 ആയി. വാക്സിനേഷന് യോഗ്യരായ 78.3 ശതമാനം പേര്‍ക്ക് ഇതിനകം ഒരു ഡോസ് വാക്സിന്‍ ലഭിച്ചു.
🕋ഹജ്ജിലെ അറഫ പ്രഭാഷണം പത്ത് ഭാഷകളിലേക്ക് തൽസമയം വിവർത്തനം ചെയ്യും.
✒️അറഫ പ്രഭാഷണം പത്ത് ഭാഷകളിലേക്ക് തൽസമയം വിവർത്തനം ചെയ്യുമെന്ന് ഇരുഹറം കാര്യാലയം അറിയിച്ചു. ജൂലൈ 19നാണ് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം. പുണ്യസ്ഥലങ്ങളിൽ പൊടിക്കാറ്റിനും മഴക്കും സാധ്യതയുള്ളതിനാൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
കനത്ത ചൂടിലാണ് ഇത്തവണത്തെ ഹജ്ജ്. താപനില 45 ഡിഗ്രിവരെ ഉയർന്നേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന. പുണ്യസ്ഥലങ്ങളിൽ ശക്തമായ പൊടിക്കാറ്റിനും മഴക്കും സാധ്യതയുണ്ട്. എങ്കിലും ശക്തമായ സുരക്ഷ സംവിധാനത്തിൽ ഹജ്ജ് കർമ്മങ്ങൾ പൂർത്തീകരിക്കാനാകും വിധമുള്ള ക്രമീകരണങ്ങളാണ് അധികൃതർ ഒരുക്കിയത്.
സേവനത്തിനായി കൂടുതൽ വനിതാ സുരക്ഷാ ഉദ്യോഗസ്ഥരും ഇത്തവണയുണ്ട്. തീർത്ഥാടകർക്ക് മതപരമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിനായി 135 പണ്ഡിതന്മാരേയും ഇമാമുമാരെയും മതകാര്യ മന്ത്രാലയം ചുമതലപ്പെടുത്തി.
25 ഭാഷകളിൽ ഹറം പള്ളിയിൽ തീർത്ഥാടകർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ ലഭിക്കും. കൂടാതെ ഹിന്ദി, ഉറുദു, ഇംഗ്ലീഷ് ഉൾപ്പെടെ 10 ഭാഷകളിൽ ടെലിഫോണിലൂടെ സംശയങ്ങൾ ദൂരീകരിക്കാനുമാകും. ജൂലൈ 19നാണ് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം.
മക്ക ഹറം പള്ളിയിലെ ഇമാമും ഖതീബുമായ ശൈഖ് ഡോ. ബന്ദർ ബിൻ അബ്ദുൽ അസീസ് ബലീല അറഫയിലെ നമിറ മസ്ജിദിൽ നടക്കുന്ന ദുഹർ, അസർ നസ്‌കാരങ്ങൾക്ക് നേതൃത്തം നൽകുകയും ഖുതുബ പ്രഭാഷണം നിർവ്വഹിക്കുകയും ചെയ്യും. അറഫ പ്രഭാഷണം പത്ത് ഭാഷകളിലേക്ക് തൽസമയം വിവർത്തനം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും പൂർത്തിയായി.
വിവർത്തനങ്ങൾ ടെലിവിഷൻ ചാനലുകളിലൂടെയും, എഫ്.എം ഫ്രീക്വൻസികളിലുടെയും, സ്മാർട്ട് ഫോണുകളിലൂടെയും ലഭ്യമാകുമെന്ന് ഇരുഹറം കാര്യാലയം അറിയിച്ചു.
🇸🇦സൗദിയില്‍ തവക്കല്‍ന ആപ്ലിക്കേഷനില്‍ തിരിമറി നടത്തിയ 122 പേർ കൂടി പിടിയില്‍.
✒️സൗദിയില്‍ തവക്കല്‍ന ആപ്ലിക്കേഷനിലെ സ്റ്റാറ്റസില്‍ തിരിമറി നടത്തിയ 122 പേർ കൂടി പിടിയിലായി. പണം നൽകി ആപ്ലിക്കേഷനിലെ ആരോഗ്യ നില തിരുത്തിയ കേസിലാണ് അറസ്റ്റ്. സ്വദേശികളും വിദേശികളും ഉൾപ്പെടെ പണം കൈപ്പറ്റിയ ഉദ്യോഗസ്ഥർ, ഇടനിലക്കാർ തുടങ്ങിയവരാണ് അറസ്റ്റിലായത്.
സൗദിയില്‍ കോവിഡ് സാഹചര്യത്തില്‍ വ്യക്തികളുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്നതിന് നിര്‍ബന്ധമാക്കിയ തവക്കല്‍ന ആപ്ലിക്കേഷനില്‍ തിരിമറി നടത്തിയതിനാണ് സ്വദേശികളും വിദേശികളും ഉള്‍പ്പെടുന്ന സംഘത്തെ അറസ്റ്റ് ചെയ്തത്. സൗദി അഴിമതി വിരുദ്ധ കമ്മീഷനാണ് ഇത് സംബന്ധിച്ച കൂടുതല് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ദിവസങ്ങള്ക്ക് മുന്പ് കിഴക്കന് പ്രവിശ്യയില് നിന്നും പന്ത്രണ്ടംഗ സംഘത്തെ പിടികൂടിയിരുന്നു. ഇതിന്റെ തുടര് അന്വേഷണത്തിലാണ് കൂടുതല് പേര് പിടിയിലായത്. 122 പേരാണ് പുതുതായി പിടിയിലായത്. പണം നല്കിയാല് തവക്കല്നയിലെ ആരോഗ്യ നില ആവശ്യാനുസരണം മാറ്റി നല്കുമെന്ന് കാണിച്ച് ഇവര് സമൂഹ മാധ്യമങ്ങള് വഴി പ്രചരണം നടത്തിയിരുന്നു. ഇത് ശ്രദ്ധയില് പെട്ടതിനെ തുടര്ന്നാണ് അഴിമതി വിരുദ്ധ സമിതി അന്വേഷണമാരംഭിച്ചത്. തുടക്കത്തില് പിടിയിലായ സംഘത്തെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൂടുതല് പേര് വലയിലായത്. പിടിയിലായവരില് സ്വദേശികളും വിദേശികളും ഉള്പ്പെടെ പണം കൈപ്പറ്റിയവരും ഇടനിലക്കാരായി പ്രവര്ത്തിച്ചവരും പണം നല്കി പ്രയോജനം നേടിയവരും ഉള്പ്പെടും. പ്രതിരോധ ശേഷി ആര്‍ജിച്ചു എന്ന് തെളിയിക്കുന്നതിനുള്ള സ്റ്റാറ്റസാണ് അധിക പേരും പണം നല്‍കി നേടിയത്.

0 Comments