തമിഴ്നാട്ടിൽ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും നാടുകാണി ചെക്ക്പോസ്റ്റിൽ വാഹനപരിശോധന കർശനമാക്കി. മറ്റു ജില്ലകളിലേതിന് വ്യത്യസ്തമായി കേരളത്തിൽനിന്നും കർണാടകയിൽനിന്നും നീലഗിരിയിലേക്ക് വരാൻ കടുത്ത നിബന്ധനകളാണുള്ളത്.
ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, രണ്ട് വാക്സിനും എടുത്തതിന്‍റെ സർട്ടിഫിക്കറ്റ് എന്നിവയുള്ളവർക്ക് ഇ-പാസും നിർബന്ധമാണ്. രേഖകൾ പരിശോധിച്ചാണ് നാടുകാണിയിൽ പൊലീസ് നീലഗിരിയിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നത്. യാത്ര ഉദ്ദേശത്തിന് വ്യക്തമായ തെളിവുകൾ ഇല്ലാത്തവരെ പാസുണ്ടങ്കിലും തിരിച്ചയക്കുന്നുണ്ട്.
തമിഴ്നാട്ടിൽ ജൂലൈ 12 വരെ ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകിയിട്ടുണ്ട്. മറ്റു ജില്ലകളിലേക്ക് കടക്കാൻ ഇ-പാസ് നിർബന്ധമില്ല. ടൂറിസ്റ്റുകൾക്കും യാത്ര സാധ്യമാണ്. എന്നാൽ, നീലഗിരിയിൽ ടൂറിസ്റ്റുകൾക്കുള്ള വിലക്ക് തുടരുകയാണ്.
ബന്ധുക്കളെ കാണാനും മറ്റു അടിയന്തര യാത്രക്കുമാണ് നീലഗിരിയിലേക്ക് ഇപ്പോൾ പ്രവേശനം അനുവദിക്കുന്നത്. ഇതിന് മേൽപറഞ്ഞ രേഖകൾ അത്യാവശ്യമാണ്. ടൂറിസ്റ്റുകളുടെ കച്ചവടം മാത്രം ആശ്രയിച്ച് വ്യാപാരം നടക്കുന്ന താഴെ നാടുകാണി, അണ്ണാനഗർ ഭാഗങ്ങളിൽ മിക്ക കടകളും അടച്ചിട്ടിരിക്കുകയാണ്. ഇവ തുറന്നാൽ തന്നെ വാടകയും ജീവനക്കാർക്കുള്ള കൂലിപോലും കിട്ടാത്ത അവസ്ഥയാണുള്ളതെന്ന് കച്ചവടക്കാർ പറയുന്നു.
കേരളം, കർണാടക എന്നിവിടങ്ങളിൽനിന്ന് നീലഗിരിയിലേക്ക് വരുന്നവർക്ക് ഇ-പാസ് നിർബന്ധമാണെന്ന് ജില്ല കലക്ടർ ജെ. ഇന്നസെൻറ് ദിവ്യ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. സംസ്ഥാനത്തിനകത്ത് യാത്രക്കായി ഏർപ്പെടുത്തിയ ഇ-പാസ് ഇ-രജിസ്ട്രേഷൻ മാത്രമാണ് റദ്ദാക്കിയത്. ഊട്ടിയടക്കമുള്ള ജില്ലയിലെ ടൂറിസ്റ്റു കേന്ദ്രങ്ങളൊന്നും തുറന്നിട്ടില്ലന്നും അവർ വ്യക്തമാക്കി.
കേരള-കർണാടക അന്തർ സംസ്ഥാന സർവിസ് പുനരാരംഭിക്കാൻ കെ.എസ്.ആർ.ടി.സി തയാർ
കേരളത്തിലും കർണാടകത്തിലും കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയ സാഹചര്യത്തിൽ ഇരു സംസ്ഥാനങ്ങളും തമ്മിൽ അന്തർ സംസ്ഥാന സർവിസുകൾ ജൂലൈ 12 മുതൽ ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി തയാറാണെന്ന് കർണാടക സർക്കാറിനെ അറിയിച്ചതായി ഗതാഗതമന്ത്രി ആന്‍റണി രാജു പറഞ്ഞു.
കർണാടക സർക്കാറിന്‍റെ മറുപടിക്കായി കാത്തിരിക്കുകയാണ്. യാത്രക്കാരുടെ ആവശ്യം അനുസരിച്ച് പരിമിതമായ സർവിസുകളാണ് കോഴിക്കോട്, കാസർകോട് വഴി കെ.എസ്.ആർ.ടി.സി നടത്തുക. ഇതേ റൂട്ടിലായിരിക്കും കർണാടക റോഡ് കോർപ്പറേഷനും സർവിസ് നടത്തുക.
തമിഴ്‌നാട് സർക്കാറിന്‍റെ അനുമതി ലഭിക്കാത്തതിനാൽ പാലക്കാട് - സേലം വഴിയുള്ള സർവിസുകൾ ഇപ്പോൾ ആരംഭിക്കില്ലെന്നും കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടാകും സർവിസ് നടത്തുകയെന്നും മന്ത്രി അറിയിച്ചു.
0 Comments