Ticker

6/recent/ticker-posts

Header Ads Widget

ഇന്ന് അറഫാ സംഗമം

ഇന്ന് അറഫാ സംഗമം; അറുപതിനായിരത്തോളം തീർഥാടകരാണ് ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത്.
 

ഈ വർഷത്തെ ഹജ്ജ് കമ്മങ്ങൾക്ക് തുടക്കം കുറിച്ച് ദൈവീക വിളിക്കുത്തരം നൽകി വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഹാജിമാർ മിനായിൽ ഒത്തു ചേർന്നു. ഹജ്ജിന്റെ പ്രധാന ചടങ്ങായ ലോകത്തെ ഏറ്റവും വലിയ വിശ്വാസി സംഗമം കൂടിയായ അറഫാ സംഗമത്തിന് മുന്നോടിയായി അതിനുള്ള ഒരുക്കങ്ങൾക്ക് വേണ്ടിയാണ് ഹാജിമാർ മിനയിൽ ഇന്നലെ കഴിച്ച് കൂട്ടിയത്. തൽബിയത്ത് മന്ത്രങ്ങളാൽ നിറഞ്ഞൊഴുകുന്ന മിനയിലേക്ക് ഞായാറാഴ്ച പുലർച്ചെ തന്നെ പ്രയാണം ആരംഭിച്ചിരുന്നു. വൈകുന്നേരത്തോടെ തന്നെ ഹാജിമാരെ പൂർണ്ണമായും മിനായിൽ എത്തിച്ചു.

‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്’ എന്നു തുടങ്ങുന്ന തല്‍ബിയത്ത് ചൊല്ലി മക്കയിലെ മസ്‌ജിദുൽ ഹറം പള്ളിക്കു ചുറ്റുമുള്ള താമസ കേന്ദ്രങ്ങളിൽ നിന്നും ചെറു സംഘങ്ങളായാണ് മിനായിലേക്ക് ഹാജിമാരെ എത്തിച്ചത്. പാപങ്ങളും സങ്കടങ്ങളും എണ്ണിയെണ്ണി പറഞ്ഞു വിതുമ്പുന്ന ഹൃദയങ്ങൾക്ക് മിനാ താഴ്വാരവും തമ്പുകളും സാക്ഷിയായി. സഊദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹാജിമാർ വിശുദ്ധ കഅബയെ പ്രദക്ഷിണം ചെയ്‌ത ശേഷമാണ് മിനയിലേക്ക് തിരിച്ചത്. പ്രത്യേക ബസുകളിൽ മസ്​ജിദുൽ ഹറാമിലെത്തി തവാഫുൽ ഖുദൂം നിർവഹിച്ചശേഷമാണ്​ തീർഥാടകർ മിനയിലെത്തിയത്​. കാൽനടയായും സ്വന്തം വാഹനങ്ങളിലും ഹറമിലെത്തുന്നതിന്​ വിലക്കുള്ളതിനാൽ ബസുകളിലാണ്​ ഹറമിലേക്കും അവിടെ നിന്ന്​ മിനയിലേക്കും തീർഥാടകരെ എത്തിച്ചത്​.

തിരക്കൊഴിവാക്കാൻ ഓരോ മൂന്ന്​ മണിക്കൂറിലും 6000 പേർ എന്ന തോതിലാണ്​ ഹറമിൽ തീർഥാടകരെ സ്വീകരിച്ചത്​. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള ആരോഗ്യ മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടോയെന്ന്​ ഉറപ്പുവരുത്താൻ ഹറമിൽ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിരുന്നു.

ഇന്നലെ (ഞായർ) മിനായിൽ അഞ്ചു നേരത്തെ നിസ്‌കാരം പൂർത്തിയാക്കിയ ശേഷം ഇന്ന് (തിങ്കൾ) സുബ്ഹി നിസ്‌കാര ശേഷം അറഫാത്ത് മൈതാനം ലക്ഷ്യമാക്കി നീങ്ങും. തിങ്കളാഴ്ച്ച ഉച്ചയോടെ മുഴുവൻ ഹാജിമാരും അറഫയിൽ എത്തി ചേരും. അറഫാത്തിൽ മസ്​ജിദുന്നമിറക്കുചുറ്റും തീർഥാടകരുടെ താമസത്തിനും ആരോഗ്യസുരക്ഷക്കും വേണ്ട വിപുലമായ സംവിധാനങ്ങളാണ്​ സജ്ജമാക്കിയിരിക്കുന്നത്​​. 3,00,000 ചതുരശ്ര മീറ്ററിലാണ്​ അറഫയിലെ തമ്പുകൾ​. അറഫ സംഗമത്തിന്റെ ഭാഗമായി ഇന്ന് ദുഹ്ർ നിസ്‌കാര ശേഷം അറഫാത്ത് മൈതാനിയിലെ മസ്ജിദുന്നമിറയിൽ മുതിർന്ന പണ്ഡിത കൗൺസിൽ അംഗവും മസ്​ജിദുൽ ഹറാമിലെ ഇമാമുമായ ഡോ: ബന്ദർ ബിൻ അബ്​ദുൽ അസീസ്​ ബലീല നേതൃത്വം നൽകും. അറഫാ സംഗമത്തിന് ശേഷം ഹാജിമാർ മുസ്‌ദലിഫ ലക്ഷ്യമാക്കി നീങ്ങും. മുസ്‌ദലിഫയിൽ നിന്ന് കല്ലുകൾ ശേഖരിച്ച് തോട്ടത്തടുത്ത ദിവസം പൈശാചിക സ്തൂപമായ ജംറയിൽ ആദ്യ ദിന കല്ലേറ് കർമ്മം പൂർത്തിയാക്കും.കനത്ത ചൂട് ഹാജിമാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും വേണ്ട സജ്ജീകരണങ്ങൾ കൈക്കൊള്ളണമെന്നും അധികൃതർ ഹാജിമാർക്ക് മുന്നറിയിപ്പ് നൽകുകയും അതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കുകയും ചെയ്‌തിട്ടുണ്ട്‌.

Post a Comment

0 Comments