🇸🇦സൗദി അറേബ്യയിൽ കൊവിഡ് വാക്സിനേഷൻ രണ്ട് കോടി ഡോസ് കവിഞ്ഞു.
🇦🇪ദുബൈയില്‍ നാല് ദിവസത്തേക്ക് പാര്‍ക്കിങ് സൗജന്യം.
🇦🇪ഇന്ത്യക്കാരന് വീണ്ടും യുഎഇയില്‍ ഏഴ് കോടിയുടെ ഭാഗ്യസമ്മാനം.
🇴🇲ഒമാനില്‍ 1084 പേര്‍ക്ക് കൂടി കൊവിഡ്, 12 മരണം.
🇦🇪യുഎഇയില്‍ 1529 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് നാല് മരണം.
🇶🇦കൊവിഡ് നിയമലംഘനം; ഖത്തറില്‍ 98 പേര്‍ക്കെതിരെ കൂടി നടപടി.
🇦🇪അബുദാബിയില്‍ ക്വാറന്റീന്‍ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടിക പുതുക്കി.
🇧🇭ബഹ്‌റൈനില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു.
🇦🇪ദുബായ്: ബൈക്കുകളിൽ ഡെലിവറി സേവനങ്ങൾ നൽകുന്നവർക്ക് RTA പുതിയ പ്രവർത്തന മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു.
🇧🇭ബഹ്‌റൈൻ: പതിനാറ് രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്കേർപ്പെടുത്താൻ തീരുമാനം.
🇶🇦ഖത്തർ: പൗരന്മാർക്കും, പ്രവാസികൾക്കും Ehteraz വെബ്‌സൈറ്റിൽ മുൻകൂർ രജിസ്‌ട്രേഷൻ നിർബന്ധമല്ല; സന്ദർശകർ രജിസ്റ്റർ ചെയ്യേണ്ടതാണ്.
🇧🇭ബഹ്‌റൈൻ: ജൂലൈ 16 മുതൽ ഗ്രീൻ ലെവൽ നിയന്ത്രണങ്ങൾ; ഈദുൽ അദ്ഹ അവധിദിനങ്ങളിൽ ഓറഞ്ച് ലെവൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
🇶🇦വീടുകള്‍ ഹോട്ടലുകള്‍ പോലെ വാടകയ്ക്ക് നല്‍കാനുള്ള നിയമത്തിന് ഖത്തര്‍ മന്ത്രിസഭാ അംഗീകാരം.
വാർത്തകൾ വിശദമായി
🇸🇦സൗദി അറേബ്യയിൽ കൊവിഡ് വാക്സിനേഷൻ രണ്ട് കോടി ഡോസ് കവിഞ്ഞു.
✒️സൗദി അറേബ്യയിൽ കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് രണ്ട് കോടി ഡോസ് കവിഞ്ഞു. ബുധനാഴ്ചയോടെ 20,658,065 ഡോസ് വാക്സിനാണ് രാജ്യത്ത് സ്വദേശികളും വിദേശികളുമായ എല്ലാ പ്രായത്തിലും പെട്ടവർക്ക് കുത്തിവെച്ചത്. അതേസമയം ഇന്ന് 1,226 പേർക്ക് കൂടി പുതുതായി കോവിഡ് ബാധ റിപ്പോർട്ട് ചെയ്തു. 1,128 പേർ രോഗത്തിൽ നിന്ന് മുക്തി നേടി.
രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 14 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ ആകെ എണ്ണം 504,960 ആയി. 486,011 പേർ ഇതുവരെ രോഗമുക്തരായി. ആകെ മരണസംഖ്യ 8,020 ആണ്. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 10,929 ആയി ഉയർന്നു. ഇതിൽ 1,430 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 334, മക്ക 260, കിഴക്കൻ പ്രവിശ്യ 158, അസീർ 140, അൽഖസീം 93, മദീന 56, നജ്റാൻ 47, ജീസാൻ 41, ഹായിൽ 38, അൽബാഹ 23, വടക്കൻ അതിർത്തി മേഖല 18, തബൂക്ക് 14, അൽജൗഫ് 4.
🇦🇪ദുബൈയില്‍ നാല് ദിവസത്തേക്ക് പാര്‍ക്കിങ് സൗജന്യം.
✒️ബലി പെരുന്നാള്‍ പ്രമാണിച്ച് ദുബൈയില്‍ നാല് ദിവസത്തേക്ക് സൗജന്യ പാര്‍ക്കിങ് അനുവദിക്കും. ജൂലൈ 19 മുതല്‍ 22 വരെയായിരിക്കും (ദുല്‍ഹജ്ജ് 9 മുതല്‍ 12 വരെ) സൗജന്യ പാര്‍ക്കിങ് ലഭ്യമാവുക. അതേസമയം ബഹുനില പാര്‍ക്കിങ് ടെര്‍മിനലുകളില്‍ നേരത്തെയുണ്ടായിരുന്ന പോലെ പാര്‍ക്കിങ് ഫീസ് ഈടാക്കും.
അറഫാ ദിനവും ബലി പെരുന്നാളും പ്രമാണിച്ച് യുഎഇയില്‍ അടുത്തയാഴ്‍ച നാല് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആറ് ദിവസത്തെ അവധി ലഭിക്കും.
🇦🇪ഇന്ത്യക്കാരന് വീണ്ടും യുഎഇയില്‍ ഏഴ് കോടിയുടെ ഭാഗ്യസമ്മാനം.
✒️ഇന്ന് നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് 10 ലക്ഷം ഡോളറിന്റെ (7.45 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം. താനെ സ്വദേശിയായ ഗണേഷ് ഷിന്‍ഡെയ്‍ക്കാണ് 363-ാം സീരിസ് മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത്. 0207 നമ്പര്‍ ടിക്കറ്റായിരുന്നു അദ്ദേഹം എടുത്തത്.
36 വയസുകാരനായ ഗണേഷ് ഇപ്പോള്‍ ബ്രസീലിലാണുള്ളത്. അവിടെ നാവികനായി ജോലി ചെയ്യുന്ന അദ്ദേഹം നിലവില്‍ അവധിയിലാണ്. ഇതൊരു വലിയ അവസരമാണെന്നും ദുബൈ ഡ്യൂട്ടി ഫ്രീക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. 1999ല്‍ ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പ് ആരംഭിച്ച ശേഷം ഇതുവരെ 10 ലക്ഷം ഡോളര്‍ സമ്മാനം ലഭിക്കുന്ന 181-ാമത്തെ ഇന്ത്യക്കാരനാണ് ഗണേഷ്. നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകളെടുക്കുന്നവരിലും ഏറ്റവുമധികം പേര്‍ ഇന്ത്യക്കാരാണ്. 10 ലക്ഷ ഡോളറിന്റെ ഒന്നാം സമ്മാനത്തിന് പുറമെ റേഞ്ച് റോവര്‍ സ്‍പോര്‍ട്ട് എച്ച്എസ്ഇ ഡൈനാമിക് 5.0 കാറും, ബി.എം.ഡബ്ല്യൂ ബൈക്കും ഇന്നത്തെ നറുക്കെടുപ്പില്‍ വിജയികള്‍ സ്വന്തമാക്കി.
🇴🇲ഒമാനില്‍ 1084 പേര്‍ക്ക് കൂടി കൊവിഡ്, 12 മരണം.
✒️ഒമാനില്‍ 1084 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 12 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ഇതുവരെയുള്ള കൊവിഡ് മരണങ്ങള്‍ 3,484 ആയി.
രാജ്യത്ത് ഇതുവരെ 2,88,138 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,62,174 പേരാണ് രോഗമുക്തരായത്. 91 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 130 പേരെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 1265 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ ഗുരുതരാവസ്ഥയിലുള്ള 446 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.
🇦🇪യുഎഇയില്‍ 1529 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് നാല് മരണം.
✒️യുഎഇയില്‍ 1,529 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,481 പേര്‍ സുഖം പ്രാപിക്കുകയും നാല് പേര്‍ മരണപ്പെടുകയും ചെയ്തു.
പുതിയതായി നടത്തിയ 2,86,676 പരിശോധനകളില്‍ നിന്നാണ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,54,813 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,32,775 പേര്‍ രോഗമുക്തരാവുകയും 1,880 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,158 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🇶🇦കൊവിഡ് നിയമലംഘനം; ഖത്തറില്‍ 98 പേര്‍ക്കെതിരെ കൂടി നടപടി.
✒️ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 98 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 82 പേരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്.
സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 16 പേരെ പരിശോധനകളില്‍ പിടികൂടി. എല്ലാവരെയും തുടര്‍നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.
🇦🇪അബുദാബിയില്‍ ക്വാറന്റീന്‍ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടിക പുതുക്കി.
✒️അബുദാബിയില്‍ ക്വാറന്റീന്‍ ആവശ്യമില്ലാതെ പ്രവേശനം അനുവദിക്കുന്ന ഗ്രീന്‍ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക സാംസ്‌കാരിക, വിനോദസഞ്ചാര വകുപ്പ് പുറത്തുവിട്ടു. 35 രാജ്യങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്.
അല്‍ബേനിയ, അര്‍മേനിയ, ഓസ്‌ട്രേലിയ, ഓസ്ട്രിയ, അസര്‍ബൈജന്‍, ബെല്‍ജിയം, കാനഡ, ചൈന, ഡെന്മാര്‍ക്ക്, ഫ്രാന്‍സ്, ജര്‍മനി, ഹോങ്കോങ്ങ്, ഹങ്കറി, ഐസ്ലന്റ്, ഇസ്രയേല്‍, ഇറ്റലി, ജോര്‍ദാന്‍, മാള്‍ട്ട, മൗറീഷ്യസ്, മൊള്‍ഡോവ, നെതര്‍ലാന്‍ഡ്, ന്യൂസീലന്റ്, നോര്‍വേ, അയര്‍ലാന്‍ഡ്, റൊമാനിയ, സൗദി അറേബ്യ, സീഷെല്‍സ്, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, സ്വീഡന്‍, സ്വിറ്റ്സര്‍ലന്റ്, തായ്വാന്‍, ടര്‍ക്ക്‌മെനിസ്ഥാന്‍, അമേരിക്ക, വത്തിക്കാന്‍ സിറ്റി എന്നീ രാജ്യങ്ങളാണ് നിലവില്‍ ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
ഗ്രീന്‍ പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് അബുദാബിയില്‍ എത്തിയ ശേഷം നിര്‍ബന്ധിത ക്വാറന്റീനില്‍ ഇളവ് ലഭിക്കും. ഇവര്‍ വിമാനത്താവളത്തില്‍ വെച്ച് പി.സി.ആര്‍ പരിശോധന നടത്തിയാല്‍ മതിയാവും.വാക്സിന്‍ സ്വീകരിച്ച യാത്രക്കാര്‍ അബുദാബിയിലെത്തി ആറാം ദിവസം പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണം. വാക്സിനേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ അബുദാബിയിലെത്തി ആറാം ദിവസവും 12-ാം ദിവസവും പിസിആര്‍ പരിശോധന നടത്തണം.
🇧🇭ബഹ്‌റൈനില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു.
✒️ബഹ്‌റൈനില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ സര്‍ക്കുലര്‍ ഇറക്കി. അറഫ ദിനവും പെരുന്നാള്‍ ദിനവും തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളും ഉള്‍പ്പെടെ ജൂലൈ 19 തിങ്കളാഴ്ച മുതല്‍ ജൂലൈ 22 വ്യാഴാഴ്ച വരെ മന്ത്രാലയങ്ങള്‍ക്കും ഡയറക്ടറേറ്റുകള്‍ക്കും ഔദ്യോഗിക സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് സര്‍ക്കുലറില്‍ അറിയിച്ചു.
🇦🇪ദുബായ്: ബൈക്കുകളിൽ ഡെലിവറി സേവനങ്ങൾ നൽകുന്നവർക്ക് RTA പുതിയ പ്രവർത്തന മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു.
✒️ബൈക്കുകളിൽ ഡെലിവറി സേവനങ്ങൾ നൽകുന്നവർ പാലിക്കേണ്ടതായ പ്രവർത്തന മാനദണ്ഡങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് പുറത്തിറക്കി. ഇത് പ്രകാരം, ഇത്തരം ബൈക്കുകൾ മണിക്കൂറിൽ 100 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ സഞ്ചരിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ദുബായിലെ ഡെലിവറി സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് RTA പുറത്തിറക്കിയ ലഘു ഗ്രന്ഥത്തിലാണ് ഇത്തരം പ്രവർത്തന മാനദണ്ഡങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ദുബായ് പോലീസ്, ദുബായ് മുനിസിപ്പാലിറ്റി എന്നിവരുമായി സംയുക്തമായാണ് ഈ മാനദണ്ഡങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. എമിറേറ്റിൽ പ്രവർത്തിക്കുന്ന മുഴുവൻ ഡെലിവറി സേവനദാതാക്കൾക്കും ഈ പുതിയ മാനദണ്ഡങ്ങൾ ബാധകമാണ്. ഭക്ഷണം, ഉപകരണങ്ങൾ, മറ്റു വസ്തുക്കൾ മുതലായവ ഡെലിവറി ചെയ്യുന്ന സ്ഥാപനങ്ങളെല്ലാം ഇതിന്റെ പരിധിയിൽ വരുന്നതാണ്.
ഇത് പ്രകാരം, താഴെ പറയുന്ന പ്രവർത്തന നിർദ്ദേശങ്ങൾ ഇത്തരം ഡെലിവറി ബൈക്കുകൾക്ക് ബാധകമാകുന്നതാണ്:
ഇത്തരം ബൈക്കുകൾ റോഡുകളിലെ ഇടത് വശത്തെ വരികൾ ഉപയോഗിക്കാൻ പാടുള്ളതല്ല.
പരമാവധി വേഗത മണിക്കൂറിൽ 100 കിലോമീറ്ററായി നിയന്ത്രിച്ചിട്ടുണ്ട്.
ഇത്തരം ബൈക്കുകളിൽ സാധനങ്ങൾ കൊണ്ടുപോകുന്നതിനായി പുറത്തു കെട്ടിത്തൂക്കിയിടാവുന്ന ബാഗുകൾ ഉപയോഗിക്കരുത്. ഇതിനായി ഉപയോഗിക്കുന്ന പെട്ടികൾ ബൈക്കുകളിൽ നിന്ന് പുറത്തേക്ക് നീണ്ട് നിൽക്കുന്ന രീതിയിൽ വെക്കരുത്.
ഇത്തരം ബൈക്കുകളിൽ യാത്രികരെ കയറുന്നതിന് അനുമതിയില്ല.
ഇത്തരം ഡെലിവറി ബൈക്കുകൾ ഉപയോഗിക്കുന്നവർ അംഗീകാരമുള്ള ഹെൽമെറ്റ്, സുരക്ഷാ വസ്ത്രങ്ങൾ എന്നിവ ഉപയോഗിക്കേണ്ടതാണ്.
ഡെലിവറി സേവനങ്ങൾക്ക് ഉപയോഗിക്കുന്ന ബൈക്കുകൾ നാല് വർഷത്തിൽ കൂടുതൽ പഴക്കമുള്ളതായിരിക്കരുത്.
ഇത്തരം ബൈക്കുകൾ നിർത്തുന്നതിന് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രമേ ഇവ പാർക്ക് ചെയ്യാവൂ.
ഡെലിവറി ബൈക്കുകളിൽ ഇത്തരം സേവനങ്ങൾ നൽകുന്ന ജീവനക്കാർ ദുബായ് പോലീസിൽ നിന്ന് ഗുഡ് കണ്ടക്ട് സർട്ടിഫികറ്റ് നേടിയിരിക്കണം.
ഇത്തരം ജീവനക്കാർ 21-നും, 55-നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.
ഭക്ഷണം ഡെലിവർ ചെയ്യുന്ന ബൈക്കുകളിൽ കൊണ്ട് പോകുന്ന ഭക്ഷണത്തിൽ പൊടി, മഴ, മറ്റു മാലിന്യങ്ങൾ എന്നിവ ബാധിക്കാത്ത രീതിയിൽ സൂക്ഷിക്കുന്നതിനുള്ള സംവിധാനം ഉറപ്പാക്കണം.
ഭക്ഷണം സൂക്ഷിക്കാൻ ഉപയോഗിക്കുന്ന പെട്ടികളുടെ അകം ഭാഗവും, പുറം ഭാഗവും, കൈകൊണ്ട് സ്പർശിക്കാനിടയാകുന്ന ഭാഗങ്ങളും ദുബായ് മുനിസിപ്പാലിറ്റി നിർദ്ദേശിച്ചിട്ടുള്ള മാർഗങ്ങൾ ഉപയോഗിച്ച് ശുചിയാക്കേണ്ടതാണ്.
ഇത്തരം പെട്ടികളിലെ താപനില ഒരേ രീതിയിൽ നിയന്ത്രിക്കുന്നതിനുള്ള സൗകര്യം ഉറപ്പാക്കേണ്ടതാണ്.
ഇത് സംബന്ധിച്ചുള്ള നിയമ ലംഘനങ്ങൾക്ക് 700 ദിർഹം വരെയുള്ള പിഴകൾ ചുമത്താവുന്നതാണ്. രണ്ടിൽ കൂടുതൽ തവണ ലംഘനങ്ങൾ ആവർത്തിക്കുന്നവരുടെ പെർമിറ്റ് റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികൾ കൈക്കൊള്ളുമെന്നും RTA അറിയിച്ചിട്ടുണ്ട്.
🇧🇭ബഹ്‌റൈൻ: പതിനാറ് രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്കേർപ്പെടുത്താൻ തീരുമാനം.
✒️പതിനാറ് രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് കൂടി പ്രവേശന വിലക്കേർപ്പെടുത്താൻ ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അതോറിറ്റി തീരുമാനിച്ചു. ജൂലൈ 13-ന് രാത്രിയാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
രാജ്യത്തേക്ക് പ്രവേശിക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളുടെ പട്ടികയായ റെഡ് ലിസ്റ്റിൽ മാറ്റം വരുത്തിയതായി അധികൃതർ വ്യക്തമാക്കി. ഈ തീരുമാനപ്രകാരം, താഴെ പറയുന്ന രാജ്യങ്ങളെ കൂടി ബഹ്‌റൈൻ റെഡ് ലിസ്റ്റിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്:
മൊസാമ്പിക്
മ്യാന്മാർ
സിംബാംവെ
മംഗോളിയ
നമീബിയ
മെക്സിക്കോ
ടുണീഷ്യ
ഇറാൻ
സൗത്ത് ആഫ്രിക്ക
ഇന്തോനേഷ്യ
ഇറാക്ക്
ഫിലിപ്പീൻസ്
പനാമ
മലേഷ്യ
ഉഗാണ്ട
ഡൊമിനിക്കൻ റിപ്പബ്ലിക്
ഇതിന് പുറമെ നേരത്തെ വിലക്കേർപ്പെടുത്തിയ ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, വിയറ്റ്നാം എന്നീ രാജ്യങ്ങൾ റെഡ്‌ലിസ്റ്റിൽ തുടരുന്നതാണ്.
റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് യാത്രചെയ്യുന്നവരോ, 14 ദിവസത്തിനിടയിൽ ഈ രാജ്യങ്ങളിലൂടെ സഞ്ചരിച്ചവരോ ആയ യാത്രികർക്ക് ബഹ്റൈനിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല. ബഹ്‌റൈൻ പൗരന്മാർ, ബഹ്‌റൈനിൽ റെസിഡൻസി വിസകളുള്ള പ്രവാസികൾ എന്നിവർക്ക് മാത്രമാണ് ഈ വിലക്കിൽ ഇളവ് അനുവദിച്ചിട്ടുള്ളത്.
🇶🇦ഖത്തർ: പൗരന്മാർക്കും, പ്രവാസികൾക്കും Ehteraz വെബ്‌സൈറ്റിൽ മുൻകൂർ രജിസ്‌ട്രേഷൻ നിർബന്ധമല്ല; സന്ദർശകർ രജിസ്റ്റർ ചെയ്യേണ്ടതാണ്.
✒️ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർക്ക് Ehteraz വെബ്‌സൈറ്റിൽ മുൻകൂർ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയതായുള്ള ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസിന്റെ ജൂലൈ 12-ലെ അറിയിപ്പിൽ മാറ്റം വരുത്തിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഈ പുതിയ അറിയിപ്പ് പ്രകാരം, ഖത്തർ പൗരന്മാർക്കും, പ്രവാസികൾക്കും Ehteraz വെബ്‌സൈറ്റിൽ മുൻകൂർ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിരുന്നത് ഒഴിവാക്കി നൽകിയിട്ടുണ്ട്.
ജൂലൈ 13-ന് രാത്രിയാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർക്ക് 2021 ജൂലൈ 12 മുതൽ https://www.ehteraz.gov.qa/ എന്ന വിലാസത്തിൽ മുൻകൂർ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയതായി ഖത്തർ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് നേരത്തെ അറിയിച്ചിരുന്നു.
രാജ്യത്തേക്ക് യാത്ര ചെയ്യുന്നവരുടെ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനായി ഖത്തർ പൗരന്മാർക്കും, പ്രവാസികൾക്കും Ehteraz വെബ്‌സൈറ്റിലെ മുൻകൂർ രജിസ്‌ട്രേഷൻ ഒഴിവാക്കാൻ തീരുമാനിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന മറ്റു സന്ദർശകർക്ക് Ehteraz വെബ്‌സൈറ്റിലെ മുൻകൂർ രജിസ്‌ട്രേഷൻ, മുൻകൂർ പ്രവേശനാനുമതി എന്നിവ നിർബന്ധമാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
Ehteraz വെബ്‌സൈറ്റിലെ ‘Pre-Registration System’ രാജ്യത്തേക്ക് മടങ്ങിയെത്തുന്നവരുടെ ആരോഗ്യ സ്റ്റാറ്റസ് സംബന്ധമായ വിവരങ്ങൾ പരിശോധിക്കുന്നതിനും, ക്വാറന്റീൻ നടപടികൾ, ക്വാറന്റീൻ ഇളവുകൾ സംബന്ധിച്ച മുൻകൂർ അനുമതികൾ തുടങ്ങിയ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനുമായാണ് ആരംഭിച്ചിരിക്കുന്നത്. രാജ്യത്തേക്ക് കര, കടൽ, വ്യോമ അതിർത്തികളിലൂടെ പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും ഈ മുൻകൂർ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയതായാണ് നേരത്തെ അറിയിച്ചിരുന്നത്.
🇧🇭ബഹ്‌റൈൻ: ജൂലൈ 16 മുതൽ ഗ്രീൻ ലെവൽ നിയന്ത്രണങ്ങൾ; ഈദുൽ അദ്ഹ അവധിദിനങ്ങളിൽ ഓറഞ്ച് ലെവൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
✒️2021 ജൂലൈ 16 മുതൽ രാജ്യത്ത് ഗ്രീൻ ലെവൽ അലേർട്ട് ഏർപ്പെടുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാഷണൽ ടാസ്‌ക്‌ഫോഴ്‌സിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഈ തീരുമാനം.
ജൂലൈ 13-ന് രാത്രിയാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് നിലവിലുള്ള ആകെ രോഗബാധിതരുടെ എണ്ണം, ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം, ICU സംവിധാനങ്ങളുടെ ലഭ്യത, പോസിറ്റിവിറ്റി നിരക്ക് തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്താണ് രാജ്യത്ത് ജൂലൈ 16 മുതൽ ഗ്രീൻ ലെവൽ നിയന്ത്രണങ്ങൾ പ്രയോഗക്ഷമമാക്കുന്നതിന് തീരുമാനിച്ചിരിക്കുന്നത്.
ജൂലൈ 19 മുതൽ ജൂലൈ 22 വരെയുള്ള അറഫ, ഈദുൽ അദ്ഹ അവധിദിനങ്ങളിൽ ഓറഞ്ച് ലെവൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. അവധിദിനങ്ങളിൽ കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനായാണിത്. ഈദുൽ അദ്ഹ അവധിയ്ക്ക് ശേഷം രാജ്യത്തെ സ്ഥിതിഗതികൾ ജൂലൈ 23-ന് വിലയിരുത്തുമെന്നും ആവശ്യമെങ്കിൽ അലേർട്ട് ലെവലിൽ മാറ്റം വരുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.
പതിനാല് ദിവസത്തെ കാലയളവിൽ രോഗബാധിതരായി തുടരുന്നവരുടെ ശരാശരി 2 ശതമാനത്തിന് താഴെയാകുന്ന അവസരത്തിലാണ് ഗ്രീൻ ലെവൽ അലേർട്ട് ഏർപ്പെടുത്തുന്നത്. ഗ്രീൻ ലെവൽ നിയന്ത്രണ പ്രകാരം താഴെപറയുന്ന ഇടങ്ങളിലേക്ക് വാക്സിനെടുത്തവർക്കും, വാക്സിനെടുക്കാത്തവർക്കും പ്രവേശനം നൽകുന്നതാണ്:
ചില്ലറവില്പന ശാലകൾ.
ഷോപ്പിംഗ് മാളുകൾ.
വീടുകളിൽ സ്വകാര്യ ചടങ്ങുകൾക്ക് അനുമതി.
ജിം, സ്പോർട്സ് ഹാൾ.
ഭക്ഷണശാലകൾ.
സ്വിമ്മിങ്ങ് പൂൾ.
പുറം ഇടങ്ങളിൽ കോൺഫറൻസുകൾ പോലുള്ള പരിപാടികൾക്ക് അനുമതി.
ബാർബർ ഷോപ്പ്, സലൂൺ, ബ്യുട്ടി പാർലർ,
കളിയിടങ്ങൾ, വിനോദ കേന്ദ്രങ്ങൾ.
ഗ്രീൻ അലേർട്ട് ലെവൽ നിലനിൽക്കുന്ന കാലയളവിൽ സിനിമാശാലകൾ, ഇൻഡോറിൽ നടക്കുന്ന ചടങ്ങുകൾ, പരിപാടികൾ, ഇൻഡോർ കായികമത്സരങ്ങൾ എന്നിവിടങ്ങളിലേക്ക് വാക്സിനെടുത്തവർക്കും, രോഗമുക്തർക്കും, ഇവരോടൊപ്പം എത്തുന്ന 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കും മാത്രമാണ് പ്രവേശനം നൽകുന്നത്.
ഓറഞ്ച് ലെവൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതോടെ ഷോപ്പിംഗ് മാളുകൾ, ചില്ലറവില്പന ശാലകൾ എന്നിവ ഉൾപ്പടെ മേല്പറഞ്ഞ വിവിധ മേഖലകളിലേക്ക് വാക്സിൻ സ്വീകരിച്ചവർക്കും, രോഗമുക്തർക്കും ഇവരോടോപ്പമെത്തുന്ന 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കും മാത്രമായിരിക്കും പ്രവേശനം നൽകുന്നത്.
രാജ്യത്തെ COVID-19 രോഗവ്യാപനം സൂചിപ്പിക്കുന്നതിനായി ട്രാഫിക് ലൈറ്റ് സിഗ്നലിന് സമാനമായ ഒരു കളർ കോഡിങ്ങ് സംവിധാനം ഉപയോഗിക്കാൻ തീരുമാനിച്ചതായി ജൂലൈ 2 മുതൽ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഈ കളർ ലെവൽ പ്രകാരമാണ് ബഹ്‌റൈനിലെ വിവിധ മേഖലകളിലെ നിയന്ത്രണങ്ങളും, ഇളവുകളും കണക്കാക്കുന്നത്. 2021 ജൂലൈ 2 മുതൽ ബഹ്‌റൈനിൽ യെല്ലോ ലെവൽ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
🇶🇦വീടുകള്‍ ഹോട്ടലുകള്‍ പോലെ വാടകയ്ക്ക് നല്‍കാനുള്ള നിയമത്തിന് ഖത്തര്‍ മന്ത്രിസഭാ അംഗീകാരം.
✒️അവധിക്കാല വീടുകള്‍ ഹോട്ടലുകളായി പരിഗണിക്കുന്നതിനുള്ള കരട് തീരുമാനത്തിന് ഖത്തര്‍ മന്ത്രിസഭാ അംഗീകാരം. പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ നീക്കം.
താമസത്തിന് ഉപയോഗിക്കുന്ന എല്ലാ സൗകര്യങ്ങളും ഉള്‍പ്പെട്ട ഫര്‍ണിഷ് ചെയ്ത വീടുകളാണ് അവധിക്കാല വീടുകളായി കണക്കാക്കുക. മുറികള്‍, അപാര്‍ട്ട്‌മെന്റുകള്‍, വില്ലകള്‍, വീടുകള്‍, ക്യാമ്പുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. പൂര്‍ണമായോ ഭാഗികമായോ ഇവ വാടകയ്ക്ക് നല്‍കാം. ഒരു മാസത്തില്‍ കൂടാത്ത രീതിയില്‍ ദിവസ വാടക അടിസ്ഥാനത്തിലോ ആഴ്ച്ച വാടക അടിസ്ഥാനത്തിലോ ടൂറിസ്റ്റുകള്‍ക്ക് നല്‍കാവുന്നതാണ്.

0 Comments