സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക് ഡൗൺ. പൊലീസ് കർശന പരിശോധനയാണ് നടത്തുന്നത്. കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ നിയന്ത്രണം കർശനമായി തുടരാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) കുറക്കുന്നതിന്റെ ഭാഗമായുള്ള വാരാന്ത്യ ലോക്ക്ഡൗൺ ഇന്നും നാളെയും തുടരും. ആവശ്യസേവനങ്ങൾ മാത്രമാകും ശനി, ഞായർ ദിവസങ്ങൾ ഉണ്ടാവുക. ടിപിആർ അടിസ്ഥാനത്തിലുള്ള ഇളവുകൾ തിങ്കളാഴ്ച മുതൽ മുതൽ തുടരും.
രണ്ടു ദിവസം കെഎസ്ആർടിസി അവശ്യ സർവീസുകൾ നടത്തും. സ്വകാര്യ ബസ് സർവീസുകൾ ഉണ്ടായിരിക്കില്ല. അതേസമയം, ആവശ്യസേവന വിഭാഗത്തിൽ ഉൾപ്പെടുത്തിയ കൊച്ചി മെട്രോ ശനി, ഞായർ ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ വൈകുന്നേരം എട്ട് വരെ സർവീസ് നടത്തും. മദ്യവിൽപ്പനശാലകൾ അടഞ്ഞു കിടക്കും. ഹോട്ടലുകളിൽനിന്നും റസ്റ്ററന്റുകളിൽ നിന്നും ഹോം ഡെലിവറി മാത്രമാണ് അനുവദിക്കുക.
ബേക്കറികൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, മീൻ, മാംസം എന്നിവ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴു മുതൽ വൈകിട്ട് വരെ പ്രവർത്തിക്കാൻ അനുമതിയുണ്ട്. ടിപിആർ കൂടുതലുള്ള പ്രദേശങ്ങളിലെ ട്രിപ്പിൾ ലോക്ക്ഡൗൺ തുടരും.
സമ്പൂർണ ലോക്ക്ഡൗൺ ആണെങ്കിലും ക്ഷേത്രങ്ങൾ ഉൾപ്പടെയുള്ള ആരാധനാലയങ്ങൾ തുറക്കാം. നിത്യപൂജകളും മാനദണ്ഡങ്ങൾ പാലിച്ച് സമീപവാസികൾക്ക് ദർശനത്തിനും പ്രാർഥനയ്ക്കും അനുമതിയുണ്ട്.
അതേസമയം, ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകനയോഗം സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തും. കൂടുതൽ ഇളവുകൾ നൽകിയേക്കും.
0 Comments