സംസ്ഥാനത്ത് ആശങ്കയായി കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും ഉയർന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഇന്നും നാളെയും വാരാന്ത്യ ലോക്ക്ഡൗൺ ആണ്.
ഇന്നും നാളെയും ആവശ്യമേഖലകൾക്ക് മാത്രമാണ് പ്രവർത്തനാനുമതി. ഹോട്ടലുകളിൽ നിന്നും ഹോം ഡെലിവറി മാത്രമായിരിക്കും ഉണ്ടാവുക. ബേക്കറികൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, മീൻ, മാംസം എന്നിവ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴു മുതൽ വൈകിട്ട് വരെ പ്രവർത്തിക്കാൻ അനുമതിയുണ്ട്. കെഎസ് ആർടിസി ആവശ്യ സർവീസുകൾ നടത്തും
അതേസമയം, സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കമ്മിഷനുകൾ എന്നിവയിലെ ഉദ്യോഗസ്ഥരുടെ ഹാജർ നിലയിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ അറിയിച്ചു. രോഗവ്യാപനം കൂടിയ സ്ഥലങ്ങൾ ക്ലസ്റ്ററുകളാക്കി മൈക്രോ കണ്ടെയിന്‍മെന്റ് സോണുകളുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാറ്റഗറി എ, ബി, പ്രദേശങ്ങളില്‍ ഓഫീസുകളിൽ 50 ശതമാനം വരെ മാത്രമാണ് ഹാജർ അനുവദിക്കുക. കാറ്റഗറി സി പ്രദേശങ്ങളില്‍ 25 ശതമാനം വരെ ഉദ്യോഗസ്ഥരെയും ഉള്‍ക്കൊള്ളിച്ചാവും ഓഫീസ് പ്രവര്‍ത്തനം. കാറ്റഗറി ഡിയില്‍ അവശ്യ സര്‍വിസുകള്‍ മാത്രമേ പ്രവര്‍ത്തിക്കൂ.
എ, ബി, പ്രദേശങ്ങളില്‍ ബാക്കിവരുന്ന 50 ശതമാനം പേരും സി യില്‍ ബാക്കിവരുന്ന 75 ശതമാനം പേരും, എല്ലാ മേഖലയിലുമുള്ള ഉദ്യോഗസ്ഥർ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലുണ്ടാവണം. അവര്‍ക്ക് അതിനുള്ള ചുമതല നല്‍കാന്‍ കലക്ടര്‍മാര്‍ മുന്‍കൈയെടുക്കണം എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡി വിഭാഗത്തില്‍ അവശ്യ സര്‍വിസുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുക.
0 Comments