🇸🇦സൗദി അറേബ്യയില്‍ 1277 പേര്‍ക്ക് കൊവിഡ്; റിയാദിൽ വീണ്ടും പുതിയ കേസുകളുയർന്നു.
🇰🇼ഈ വര്‍ഷം ഇതുവരെ നാടുകടത്തിയത് 7808 പ്രവാസികളെയെന്ന് കണക്കുകള്‍.
🇦🇪യുഎഇയില്‍ 1552 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് നാല് മരണം.
🎙️കൊവിഡ് സുരക്ഷ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; ഷാര്‍ജയില്‍ പിഴ ചുമത്തിയത് 21,266 പേര്‍ക്ക്.
🇴🇲ഒമാനില്‍ 1824 പേര്‍ക്ക് കൂടി കൊവിഡ്, 23 മരണം.
🇧🇭ബഹ്‌റൈൻ: രോഗബാധിതരുടെ എണ്ണം 2 ശതമാനത്തിനു താഴെ തുടരുകയാണെങ്കിൽ COVID-19 നിയന്ത്രണങ്ങൾ ഗ്രീൻ ലെവലിലേക്ക് മാറ്റും.
🇴🇲അനുമതിയില്ലാതെ തയ്യൽ ജോലികള്‍ ചെയ്‍ത പ്രവാസികള്‍ അറസ്റ്റിലായി.
🇶🇦ഖത്തറിലേക്ക് മടങ്ങിയെത്തുന്നവർക്കായി Ehteraz ആപ്പിൽ പുതിയ സേവനം ആരംഭിച്ചു.
🇸🇦സൗദി: COVID-19 ഡെൽറ്റ വകഭേദത്തിനെതിരെ വാക്സിനുകൾ ഫലപ്രദമാണെന്ന് ആരോഗ്യ മന്ത്രാലയം.
🔊ആഗോള പ്രവാസി റിഷ്താ പോർട്ടലിൽ റജിസ്റ്റർ ചെയ്യാൻ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പ്രവാസികളോട് ആവശ്യപ്പെട്ടു.
🇦🇪അബുദാബി: ഹോം ക്വാറന്റീൻ നിർദ്ദേശങ്ങളിൽ മാറ്റം വരുത്തി.
🇶🇦ഖത്തറില്‍ ഇന്നും പുതിയ രോഗികള്‍ 100ല്‍ താഴെ; സമ്പര്‍ക്കത്തിലൂടെ 54 പേര്‍ മാത്രം.
🇶🇦ഖത്തർ: ഫാമിലി റസിഡന്റ് വിസ അപേക്ഷകൾ നൽകുന്നതിനായി പ്രവാസി ഇന്ത്യക്കാർക്ക് മെട്രാഷ്2 ആപ്പ് ഉപയോഗിക്കാം.
വാർത്തകൾ വിശദമായി
🇸🇦സൗദി അറേബ്യയില്‍ 1277 പേര്‍ക്ക് കൊവിഡ്; റിയാദിൽ വീണ്ടും പുതിയ കേസുകളുയർന്നു.
✒️സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ പുതുതായി കൊവിഡ് ബാധിക്കുന്ന കേസുകൾ വീണ്ടും വർദ്ധിച്ചു. കുറച്ചുദിവസമായി രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലായി നിന്ന റിയാദ് ഇന്ന് പ്രതിദിന കോവിഡ് കൊവിഡ് റിപ്പോർട്ടിൽ ഒന്നാം സ്ഥാനത്തെത്തി. രാജ്യമൊട്ടാകെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,277 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 328 കേസുകളും റിയാദിലാണ്.
കൊവിഡ് ബാധിച്ച് രാജ്യവ്യാപകമായി ചികിത്സയിലിരുന്നവരിൽ 1,080 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 24 മണിക്കൂറിനിടെ 16 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,95,309 ആയി. ഇവരിൽ 4,75,448 പേർ ഇതുവരെ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 7,907 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് വീണ്ടും 96 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 328, കിഴക്കൻ പ്രവിശ്യ 264, മക്ക 240, അസീർ 134, നജ്റാൻ 88, ജീസാൻ 59, വടക്കൻ അതിർത്തി മേഖല 50, മദീന 35, അൽഖസീം 27, അൽബാഹ 18, തബൂക്ക് 18, ഹായിൽ 8, അൽജൗഫ് 8. രാജ്യത്തെ കൊവിഡ് വാക്സിൻ കുത്തിവെപ്പ് 18,701,713 ഡോസ് ആയി.
🇰🇼ഈ വര്‍ഷം ഇതുവരെ നാടുകടത്തിയത് 7808 പ്രവാസികളെയെന്ന് കണക്കുകള്‍.
✒️ഈ വര്‍ഷം ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം കുവൈത്തില്‍ നിന്ന് നാടുകടത്തിയത് 7808 പ്രവാസികളെ. താമസ നിയമലംഘനം, കുറ്റകൃത്യങ്ങളിലേര്‍പ്പെടല്‍, ഗതാഗത നിയമലംഘനങ്ങള്‍ എന്നിങ്ങനെയുള്ള കാരണങ്ങളാലാണ് ഇത്രയധികം പേരെ നാടുകടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി മീഡിയ വകുപ്പ് അറിയിച്ചു.
നിയമവാഴ്‍ച ഉറപ്പുവരുത്തുന്നതിനുള്ള പരിശോധനകള്‍ തുടര്‍ന്നും നടത്തുമെന്നും രാജ്യത്തെ സ്വദേശികളും പ്രവാസികളും അധികൃതരോട് സഹകരിക്കണമെനന്നും ആഭ്യന്തര മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. നാടുകടത്താനുള്ള നടപടികള്‍ പൂര്‍ത്തിയാക്കപ്പെട്ട എഴുനൂറോളം പ്രവാസികള്‍ ഡീപ്പോര്‍ട്ടേഷന്‍ സെന്ററുകളില്‍ കഴിയുന്നുണ്ട്. പ്രധാനമായും ശ്രീലങ്ക, വിയറ്റ്‍നാം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണിവര്‍. ഈ രാജ്യങ്ങളിലേക്കുള്ള വിമാന യാത്രാ പ്രതിസന്ധി നീങ്ങുന്നതോടെ ഇവരെയും അതത് രാജ്യങ്ങളിലേക്ക് തിരിച്ചയക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
🇦🇪യുഎഇയില്‍ 1552 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് നാല് മരണം.
✒️യുഎഇയില്‍ 1,552 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,518 പേര്‍ സുഖം പ്രാപിക്കുകയും നാല് പേര്‍ മരണപ്പെടുകയും ചെയ്തു.
പുതിയതായി നടത്തിയ 2,58,483 പരിശോധനകളില്‍ നിന്നാണ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,42,601 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,20,812 പേര്‍ രോഗമുക്തരാവുകയും 1,843 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,946 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🎙️കൊവിഡ് സുരക്ഷ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; ഷാര്‍ജയില്‍ പിഴ ചുമത്തിയത് 21,266 പേര്‍ക്ക്.
✒️കൊവിഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച 21,266 പേര്‍ക്ക് ഷാര്‍ജ പൊലീസ് പിഴ ചുമത്തി. ജൂണ്‍ മാസത്തിലാണ് ഇത്രയും നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.
താമസ കേന്ദ്രങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍, വ്യവസായ മേഖലകള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായതെന്ന് ഷാര്‍ജ പൊലീസിലെ കമാന്‍ഡന്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സെറി അല്‍ ഷംസി പറഞ്ഞു. മാസ്‌ക് ധരിക്കാത്തതിനാണ് കൂടുതല്‍ പേര്‍ക്കും പിഴ ചുമത്തിയത്. പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കുന്നതിനൊപ്പം നിരീക്ഷണം ശക്തമാക്കിയെന്നും മേജര്‍ ജനറല്‍ അല്‍ ഷംസി കൂട്ടിച്ചേര്‍ത്തു.
🇴🇲ഒമാനില്‍ 1824 പേര്‍ക്ക് കൂടി കൊവിഡ്, 23 മരണം.
✒️ഒമാനില്‍ ഇന്ന് 1824 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 23 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 1684 പേര്‍ പുതിയതായി രോഗമുക്തി നേടി.
ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കേസുകളുടെ എണ്ണം 2,78,560 ആയി. 2,46,466 പേരാണ് ആകെ രോഗമുക്തരായത്. ഇവരില്‍ 3,339 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 163 പേരെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുള്‍പ്പെടെ 1,520 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 512 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
🇧🇭ബഹ്‌റൈൻ: രോഗബാധിതരുടെ എണ്ണം 2 ശതമാനത്തിനു താഴെ തുടരുകയാണെങ്കിൽ COVID-19 നിയന്ത്രണങ്ങൾ ഗ്രീൻ ലെവലിലേക്ക് മാറ്റും.
✒️14 ദിവസത്തെ ശരാശരി രോഗബാധിതരുടെ എണ്ണം 2 ശതമാനത്തിനു താഴെ തുടരുന്ന സാഹചര്യത്തിൽ മാത്രമായിരിക്കും രാജ്യത്ത് നിലവിലേർപ്പെടുത്തിയിട്ടുള്ള യെല്ലോ ലെവൽ നിയന്ത്രണങ്ങൾ ഗ്രീൻ ലെവലിലേക്ക് മാറ്റുകയെന്ന് ബഹ്‌റൈനിലെ നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സ് വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
രാജ്യത്തെ COVID-19 രോഗവ്യാപനം സൂചിപ്പിക്കുന്നതിനായി ട്രാഫിക് ലൈറ്റ് സിഗ്നലിന് സമാനമായ ഒരു കളർ കോഡിങ്ങ് സംവിധാനം ഉപയോഗിക്കാൻ തീരുമാനിച്ചതായി ജൂലൈ 2 മുതൽ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഈ കളർ ലെവൽ പ്രകാരമാണ് ബഹ്‌റൈനിലെ വിവിധ മേഖലകളിലെ നിയന്ത്രണങ്ങളും, ഇളവുകളും കണക്കാക്കുന്നത്.
രാജ്യത്ത് നിലവിലുള്ള ആകെ രോഗബാധിതരുടെ എണ്ണം, ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം, ICU സംവിധാനങ്ങളുടെ ലഭ്യത തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്താണ് ഓരോ ആഴ്ച്ചത്തെയും കളർ കോഡിങ്ങ് നിശ്ചയിക്കുന്നത്.
ഇത്തരത്തിൽ താഴെ പറയുന്ന നാല് കളർ ലെവലുകളാണ് അധികൃതർ പ്രഖ്യാപിച്ചിട്ടുള്ളത്:
പച്ച – പതിനാല് ദിവസത്തെ കാലയളവിൽ രോഗബാധിതരായി തുടരുന്നവരുടെ ശരാശരി 2 ശതമാനത്തിന് താഴെയാണെങ്കിൽ.
മഞ്ഞ – ഏഴ് ദിവസത്തെ കാലയളവിൽ രോഗബാധിതരായി തുടരുന്നവരുടെ ശരാശരി 2 ശതമാനത്തിനും 5 ശതമാനത്തിനും ഇടയിലാണെങ്കിൽ.
ഓറഞ്ച് – നാല് ദിവസത്തെ കാലയളവിൽ രോഗബാധിതരായി തുടരുന്നവരുടെ ശരാശരി 5 ശതമാനത്തിനും 8 ശതമാനത്തിനും ഇടയിലാണെങ്കിൽ.
ചുവപ്പ് – മൂന്ന് ദിവസത്തെ കാലയളവിൽ രോഗബാധിതരായി തുടരുന്നവരുടെ ശരാശരി 8 ശതമാനത്തിനു മുകളിലാണെങ്കിൽ.
നിലവിൽ 2021 ജൂലൈ 2 മുതൽ ബഹ്‌റൈനിൽ യെല്ലോ ലെവൽ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
🇴🇲അനുമതിയില്ലാതെ തയ്യൽ ജോലികള്‍ ചെയ്‍ത പ്രവാസികള്‍ അറസ്റ്റിലായി.
✒️ഒമാനില്‍ അനധികൃതമായി താമസസ്ഥലത്ത് തയ്യൽ ജോലികള്‍ ചെയ്‍തുവന്നിരുന്ന വിദേശികൾ പിടിയിലായി. ഖുറിയാത്ത് വിലായത്തിൽ റോയൽ ഒമാൻ പോലീസിന്റെ സഹകരണത്തോടെ മസ്‍കത്ത് നഗരസഭ നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്‍തത്.
അൽ-ജെനിൻ പ്രദേശത്തെ ഒരു വീട് കേന്ദ്രികരിച്ചായിരുന്നു തയ്യൽ കേന്ദ്രം പ്രവർത്തിച്ചു വന്നിരുന്നതെന്ന് നഗരസഭ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. താമസസ്ഥലത്ത് നിയമ വിരുദ്ധമായി വാണിജ്യ പ്രവർത്തനങ്ങൾ നടത്തിയതിന് ഇവര്‍ക്കെതിരെ നടപടികൾ സ്വീകരിച്ചുവെന്നും നഗരസഭയുടെ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
🇶🇦ഖത്തറിലേക്ക് മടങ്ങിയെത്തുന്നവർക്കായി Ehteraz ആപ്പിൽ പുതിയ സേവനം ആരംഭിച്ചു.
✒️രാജ്യത്തേക്ക് തിരികെ മടങ്ങുന്നവർക്കായി ഖത്തർ തങ്ങളുടെ COVID-19 കോൺടാക്ട് ട്രേസിങ്ങ് ആപ്പായ Ehteraz-ൽ പുതിയ സേവനം ആരംഭിച്ചു. ഖത്തറിലേക്ക് മടങ്ങിയെത്തുന്നവർക്ക് മുൻകൂർ റജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നതിനുള്ള സേവനമാണ് ഇപ്പോൾ Ehteraz ആപ്പിൽ പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്നത്.
‘Pre-Registration System’ എന്ന ഈ സേവനം ആപ്പിന്റെ സ്ക്രീനിലെ മുകൾ വശത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തേക്ക് മടങ്ങിയെത്തുന്നവരുടെ ആരോഗ്യ സ്റ്റാറ്റസ് സംബന്ധമായ വിവരങ്ങൾ പരിശോധിക്കുന്നതിനും, ക്വാറന്റീൻ നടപടികൾ, ക്വാറന്റീൻ ഇളവുകൾ സംബന്ധിച്ച മുൻകൂർ അനുമതികൾ തുടങ്ങിയ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനുമായാണ് ഈ സേവനം.
മടങ്ങിയെത്തുന്നവർക്ക് ഈ റജിസ്‌ട്രേഷൻ നിലവിൽ നിർബന്ധമാക്കിയിട്ടില്ല. എന്നാൽ ഈ റജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നത് രാജ്യത്തേക്ക് പ്രവേശിക്കുന്ന വേളയിലെ നടപടികൾ വേഗത്തിലാക്കുന്നതിനും, കാത്ത്നിൽപ്പ് ഒഴിവാക്കുന്നതിനും സഹായകമാണെന്ന് ഖത്തർ ഇ-ഗവണ്മെന്റ് പോർട്ടലായ ഹുക്കൂമി വ്യക്തമാക്കി. ഈ സംവിധാനത്തിൽ റജിസ്റ്റർ ചെയ്യുന്നവരുടെ വിവിധ പരിശോധനാ നടപടികൾ മുൻകൂറായി നടക്കുന്നതിനാൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന കവാടങ്ങളിലെ കാലതാമസം ഒഴിവാക്കാവുന്നതാണ്.
🇸🇦സൗദി: COVID-19 ഡെൽറ്റ വകഭേദത്തിനെതിരെ വാക്സിനുകൾ ഫലപ്രദമാണെന്ന് ആരോഗ്യ മന്ത്രാലയം.
✒️COVID-19 വൈറസിന്റെ അതിവേഗം വ്യാപിക്കുന്ന ഡെൽറ്റ വകഭേദത്തിനെതിരെ വാക്സിനുകൾ ഫലപ്രദമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദെൽ അലി വ്യക്തമാക്കി. ജൂലൈ 5-ന് വൈകീട്ട് നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
COVID-19 വൈറസും, അതിന്റെ വകഭേദങ്ങളും ചെറുപ്പക്കാരിൽ രോഗബാധയുണ്ടാക്കാനുള്ള സാധ്യത കൂടുതലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ COVID-19 രോഗബാധിതരുടെ എണ്ണത്തിൽ ദിനംപ്രതി ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. രോഗപ്രതിരോധ നിർദ്ദേശങ്ങൾ, ആരോഗ്യ സുരക്ഷാ നടപടികൾ എന്നിവ കർശനമായി പാലിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം ജനങ്ങളെ ഓർമ്മപ്പെടുത്തി.
COVID-19 വാക്സിൻ സ്വീകരിക്കുന്നവരിൽ, ആദ്യ ഡോസ് കുത്തിവെപ്പെടുക്കുന്നതോടെ രോഗപ്രതിരോധ ശേഷി രൂപപ്പെടുമെന്നും, ഇത് പൂർണ്ണമാകുന്നതിന് രണ്ടാം ഡോസ് അനിവാര്യമാണെന്നും അദ്ദേഹം അറിയിച്ചു. 12 മുതൽ 18 വയസ്സ് വരെ പ്രായമുള്ളവരിലും വാക്സിനുകൾ ഫലപ്രദമാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
🔊ആഗോള പ്രവാസി റിഷ്താ പോർട്ടലിൽ റജിസ്റ്റർ ചെയ്യാൻ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പ്രവാസികളോട് ആവശ്യപ്പെട്ടു.
✒️കോൺസുലാർ സേവനങ്ങൾ സുഗമമായി ലഭിക്കുന്നതിനും, അടിയന്തിര പ്രാധാന്യമുള്ള വിവരങ്ങൾ സംബന്ധിച്ച് കൃത്യമായ അറിയിപ്പുകൾ ലഭിക്കുന്നതിനുമായി ആഗോള പ്രവാസി റിഷ്താ പോർട്ടലിൽ റജിസ്റ്റർ ചെയ്യാൻ ദുബായിലെയും, വടക്കൻ എമിറേറ്റുകളിലെയും പ്രവാസി ഇന്ത്യക്കാരോട് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ആവശ്യപ്പെട്ടു. ഗൾഫ് മേഖലയിലും, മറ്റു രാജ്യങ്ങളിലുമുള്ള പ്രവാസി ഇന്ത്യക്കാർക്ക്, അതാത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുമായും, ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയവുമായും സുഗമമായി ബന്ധപ്പെടുന്നതിനായാണ് ഈ ഓൺലൈൻ പോർട്ടൽ 2020 ഡിസംബർ 30-ന് ആരംഭിച്ചത്.
“ഇന്ത്യൻ സമൂഹവുമായി കൂടുതൽ എളുപ്പത്തിൽ സംവദിക്കുന്നതിനായാണ് ആഗോള പ്രവാസി റിഷ്താ പോർട്ടൽ എന്ന ഇലക്ട്രോണിക് പ്ലാറ്റ്ഫോം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആരംഭിച്ചത്. ഈ പോർട്ടലിൽ റജിസ്റ്റർ ചെയ്യുന്നതിന് എല്ലാ പ്രവാസി ഇന്ത്യക്കാരെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു.”, ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പ്രത്യേക അറിയിപ്പിലൂടെ വ്യക്തമാക്കി.
ഈ റജിസ്ട്രേഷനിലൂടെ യു എ ഇയിലെ എംബസിയിലും, കോൺസുലേറ്റിലും പ്രവാസി ഇന്ത്യക്കാരുടെ കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിന് സാധിക്കുന്നതാണ്. ഇന്ത്യൻ സമൂഹത്തിന്റെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് യു എ ഇയിലെ ഇന്ത്യക്കാരുടെ കൃത്യമായ വിവരങ്ങൾ ലഭിക്കുന്നത് ഏറെ സഹായകമാകുമെന്ന് അധികൃതർ വ്യക്തമാക്കി.
https://pravasirishta.gov.in/home എന്ന വിലാസത്തിൽ ഈ പോർട്ടൽ ലഭ്യമാണ്. ആഗോളതലത്തിൽ വിവിധരാജ്യങ്ങളിലായി പരന്നു കിടക്കുന്ന 31 ദശലക്ഷത്തോളം വരുന്ന വിദേശ ഇന്ത്യൻ സമൂഹത്തെ ഒരുമിപ്പിക്കുന്നതിനും, ഇവർക്ക് ആവശ്യമായ വിവിധ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും ഈ പോർട്ടലിലൂടെ വിദേശകാര്യ മന്ത്രാലയം ലക്ഷ്യമിടുന്നു.
വിദേശകാര്യ മന്ത്രാലയം, വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങൾ, വിദേശ ഇന്ത്യക്കാർ എന്നിവർക്കിടയിൽ പരസ്പരം ആശയവിനിമയം സാധ്യമാക്കുന്ന രീതിയിലാണ് ഈ സംവിധാനം ഒരുക്കുന്നത്. അടിയന്തിര ഘട്ടങ്ങളിലെ ജാഗ്രതാ നിർദ്ദേശങ്ങൾ, വിവിധ സാഹചര്യങ്ങളിലെ നിർദ്ദേശങ്ങൾ എന്നിവ നൽകുന്നതിനൊപ്പം, വിദേശ ഇന്ത്യക്കാർക്ക് അടിയന്തിര സഹായങ്ങൾ ഉറപ്പാക്കുന്നതിനും ഈ പോർട്ടൽ ലക്ഷ്യമിടുന്നു. ഈ പോർട്ടലിൽ നിന്ന് പ്രവാസികൾക്ക് രാജ്യം, അതാത് രാജ്യങ്ങളിലെ നയതന്ത്രകാര്യാലയം എന്നിവ തിരഞ്ഞെടുത്ത ശേഷം വിവിധ സേവനങ്ങൾ ലഭിക്കുന്നതാണ്.
🇦🇪അബുദാബി: ഹോം ക്വാറന്റീൻ നിർദ്ദേശങ്ങളിൽ മാറ്റം വരുത്തി.
COVID-19 രോഗബാധിതരുമായി അടുത്ത സമ്പർക്കത്തിനിടയായവർ എമിറേറ്റിൽ പാലിക്കേണ്ടതായ ഹോം ക്വാറന്റീൻ നിർദ്ദേശങ്ങളിൽ മാറ്റം വരുത്തിയതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു. അബുദാബി പബ്ലിക് ഹെൽത്ത് സെന്ററുമായി ചേർന്നാണ് കമ്മിറ്റി ഈ നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളത്.
ജൂലൈ 6, ചൊവ്വാഴ്ച്ച രാവിലെയാണ് കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. മുഴുവൻ സമൂഹത്തിന്റെയും സുരക്ഷ മുൻനിർത്തി ഈ ഹോം ക്വാറന്റീൻ നിർദ്ദേശങ്ങൾ പാലിക്കാൻ കമ്മിറ്റി ജനങ്ങളോട് ആവശ്യപ്പെട്ടു.
അബുദാബിയിൽ COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായവർക്കുള്ള ഹോം ക്വാറന്റീൻ നിർദ്ദേശങ്ങൾ:
ഇത്തരത്തിൽ സമ്പർക്കത്തിനിടയായവർ വാക്സിൻ കുത്തിവെപ്പെടുത്ത വ്യക്തികളാണെങ്കിൽ അവർ ഏഴ് ദിവസം ഹോം ക്വാറന്റീനിൽ തുടരേണ്ടതാണ് (നേരത്തെ അഞ്ച് ദിവസമായിരുന്നു). ആറാം ദിനത്തിൽ ഇവർ PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഈ ടെസ്റ്റിൽ നെഗറ്റീവ് റിസൾട്ട് ആണെങ്കിൽ ഏഴാം ദിനം ഇവർക്ക് ക്വാറന്റീൻ റിസ്റ്റ് ബാൻഡ് ഒഴിവാക്കാവുന്നതാണ്.
വാക്സിൻ എടുക്കാത്തവർ പന്ത്രണ്ട് ദിവസം ഹോം ക്വാറന്റീനിൽ തുടരേണ്ടതാണ് (നേരത്തെ പത്ത് ദിവസമായിരുന്നു). പതിനൊന്നാം ദിനത്തിൽ ഇവർ PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഈ ടെസ്റ്റിൽ നെഗറ്റീവ് റിസൾട്ട് ആണെങ്കിൽ പന്ത്രണ്ടാം ദിനം ഇവർക്ക് ക്വാറന്റീൻ റിസ്റ്റ് ബാൻഡ് ഒഴിവാക്കാവുന്നതാണ്.
ഹോം ക്വാറന്റീനിൽ തുടരുന്നവർക്ക് താഴെ പറയുന്ന കേന്ദ്രങ്ങളിൽ നിന്ന് സൗജന്യമായി വാക്-ഇൻ PCR ടെസ്റ്റ് നടത്താവുന്നതും, റിസ്റ്റ് ബാൻഡ് ഊരിമാറ്റാനുള്ള സേവനം ലഭിക്കുന്നതുമാണ്:
സയ്ദ് പോർട്ട്, അബുദാബി.
മഫ്‌റഖ് ഹോസ്പിറ്റൽ, അബുദാബി.
ADNEC, അബുദാബി.
അൽ ഐൻ കൺവെൻഷൻ സെന്റർ.
മദിനത് സയ്ദ്, അൽ ദഫ്‌റ.
SEHA-യുടെ കീഴിൽ പ്രവർത്തിക്കുന്ന അൽ ദഫ്‌റയിലെ മുഴുവൻ ഹോസ്പിറ്റലുകളിലും.
🇶🇦ഖത്തറില്‍ ഇന്നും പുതിയ രോഗികള്‍ 100ല്‍ താഴെ; സമ്പര്‍ക്കത്തിലൂടെ 54 പേര്‍ മാത്രം.
✒️ഖത്തറില്‍ ഇന്ന് 93 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 80 പേരാണ് രോഗമുക്തി നേടിയത്. 53 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 40 പേര്‍. 1,489 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.
ഖത്തറില്‍ ഇന്നു ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ആകെ മരണം 594. രാജ്യത്ത് ഇതുവരെ 2,20,677 പേര്‍ രോഗമുക്തി നേടി. ഇന്ന് 8 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 93 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.
🇶🇦ഖത്തർ: ഫാമിലി റസിഡന്റ് വിസ അപേക്ഷകൾ നൽകുന്നതിനായി പ്രവാസി ഇന്ത്യക്കാർക്ക് മെട്രാഷ്2 ആപ്പ് ഉപയോഗിക്കാം.
✒️ഖത്തറിലെ പ്രവാസി ഇന്ത്യക്കാർക്ക് ഫാമിലി റസിഡന്റ് വിസകൾക്കുള്ള അപേക്ഷകൾ മെട്രാഷ്2 ആപ്പ് ഉപയോഗിച്ച് നൽകുന്നതിനുള്ള സേവനം പുനരാരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ COVID-19 മഹാമാരിയെ തുടർന്ന് നിർത്തിവച്ചിരുന്ന ഫാമിലി റസിഡന്റ് വിസകൾക്കുള്ള അപേക്ഷകൾ വീണ്ടും നൽകാവുന്നതാണ്.
പ്രവാസികൾക്ക് ഇതിനുള്ള അപേക്ഷകൾ, ആവശ്യമായ മറ്റു രേഖകൾ എന്നിവ ‘Metrash2’ ആപ്പിലൂടെ നൽകാവുന്നതാണ്. നിലവിൽ ഫാമിലി റസിഡന്റ് വിസകൾക്കുള്ള അപേക്ഷകൾ നൽകുന്നതിനാണ് ഇന്ത്യക്കാർക്ക് അനുമതി നൽകിയിട്ടുള്ളത്. സന്ദർശക വിസകൾ അനുവദിക്കുന്നതിനുള്ള സേവനം ഇന്ത്യക്കാർക്ക് ലഭ്യമാക്കിയിട്ടില്ലെന്നാണ് സൂചന.
0 Comments