Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ

🇦🇪യുഎഇയിലെ വിവിധ പള്ളികളിലെയും ഈദ് ഗാഹുകളിലെയും ബലിപെരുന്നാള്‍ നമസ്‌കാര സമയം.

🕋വിശ്വാസികളുടെ കണ്ണീരിൽ കുതിർന്ന പ്രാർത്ഥനകളാൽ മുഖരിതമായി അറഫ നഗരി.

🕋കഅ്​ബയെ പുതിയ കിസ്​വ പുതപ്പിച്ചു.

🇸🇦കൊവിഡ്: സൗദിയില്‍ ഇന്ന് 1,453 പേര്‍ക്ക് രോഗമുക്തി.

🇦🇪യുഎഇയില്‍ 1,508 പേര്‍ക്ക് കൂടി കൊവിഡ്, രണ്ടു മരണം.

🇴🇲ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഒമാന്‍ ഭരണാധികാരിയും മറ്റ് രാഷ്ട്രനേതാക്കളും.

🇴🇲കര്‍ശന നിയന്ത്രണങ്ങളോടെ ഒമാനില്‍ നാളെ ബലി പെരുന്നാള്‍.

🇸🇦സൗദി: ഹജ്ജ് തീർത്ഥാടകർക്കിടയിൽ ഇതുവരെ COVID-19 രോഗബാധ രേഖപ്പെടുത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം.

🇦🇪അബുദാബി: രാത്രികാല യാത്രാ നിയന്ത്രണം ജൂലൈ 19 മുതൽ; അവശ്യസാധനങ്ങൾ വാങ്ങുന്നതിന് പുറത്തിറങ്ങാൻ പെർമിറ്റ് നിർബന്ധം.

🇶🇦ഖത്തർ: തൊഴിലിടങ്ങളിൽ സൂര്യാഘാതമേൽക്കുന്നത് ഒഴിവാക്കുന്നതിനുള്ള സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി.

🇶🇦ഖത്തർ: ഈദുൽ അദ്ഹ വേളയിൽ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ജനങ്ങളോട് PHCC നിർദ്ദേശിച്ചു.

🇶🇦ഖത്തറില്‍ രോഗമുക്തി വര്‍ധിച്ചു; ഇന്ന് 124 പേര്‍ക്ക് കോവിഡ്.

വാർത്തകൾ വിശദമായി 

🇦🇪യുഎഇയിലെ വിവിധ പള്ളികളിലെയും ഈദ് ഗാഹുകളിലെയും ബലിപെരുന്നാള്‍ നമസ്‌കാര സമയം.

✒️കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ബലിപെരുന്നാളിനെ വരവേല്‍ക്കാന്‍ യുഎഇ ഒരുങ്ങി കഴിഞ്ഞു. ബലി പെരുന്നാള്‍ ദിവസം യുഎഇയിലെ പള്ളികളിലും ഈദ്‍ഗാഹുകളിലും പെരുന്നാള്‍ നമസ്‍കാരത്തിന് അനുമതി നല്‍കിയിട്ടുണ്ട്. നമസ്‍കരവും അതിന് ശേഷമുള്ള ഖുത്തുബയും (പ്രഭാഷണം) ഉള്‍പ്പെടെ പരമാവധി 15 മിനിറ്റാണ് അനുവദിച്ചിട്ടുള്ളത്.

പള്ളികളില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിന് സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ പെരുന്നാള്‍ നമസ്‍കാരത്തിനെത്തുന്ന വിശ്വാസികളും പാലിക്കണം. പള്ളികളും ഈദ്‍ഗാഹുകളും നമസ്‍കാരം ആരംഭിക്കുന്നതിന് 15 മിനിറ്റ് മുമ്പ് മാത്രമേ തുറക്കുകയുള്ളൂ. നമസ്‍കാരശേഷം ഹസ്‍തദാനം ചെയ്‍തും പരസ്‍പരം ആലിംഗനം ചെയ്‍തും ആശംസകള്‍ പങ്കിടുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നമസ്‍കാരത്തിന് മുമ്പോ ശേഷമോ കൂട്ടംകൂടാന്‍ വിശ്വാസികളെ അനുവദിക്കില്ല. 12 വയസിന് താഴെ പ്രായമുള്ള കുട്ടികളും 60ന് വയസിന് മുകളില്‍ പ്രായമുള്ളവരും വീടുകളില്‍ തന്നെ പ്രാര്‍ത്ഥനകള്‍ നിര്‍വഹിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

പള്ളികളിലെയും ഈദ്ഗാഹുകളിലെയും നമസ്കാര സമയം:

അബുദാബി: 6.02 am
അൽ ഐൻ: 5.56am
മദീനത്ത് സായിദ്: 6.07 am
ദുബൈ: 5.57 am
ഹത്ത: 5.54 am
ഷാർജ: 5.54 am
അജ്‌മാൻ: 5.54 am
റാസൽഖൈമ: 5.53 am
ഫുജൈറ: 5.53 am
ഉമ്മുൽ ഖുവൈൻ: 5.56 am

🕋വിശ്വാസികളുടെ കണ്ണീരിൽ കുതിർന്ന പ്രാർത്ഥനകളാൽ മുഖരിതമായി അറഫ നഗരി.

✒️പതിനാല് നൂറ്റാണ്ട്​ മുമ്പ് മുഹമ്മദ് നബിയും അനുയായികളും സംഗമിച്ച ചരിത്രമുറങ്ങുന്ന അറഫാ മൈതാനി ഒരിക്കൽക്കൂടി വിശ്വ മഹാസംഗമ ഭൂമിയായി.ലക്ഷോപലക്ഷം വിശ്വാസികളുടെ കണ്ണീർ പുഴ ഒഴുകാറുള്ള മനുഷ്യ മഹാസംഗമത്തിനാണ് അറഫയുടെ ആകാശവും ഭൂമിയും ആതിഥേയത്വം വഹിക്കാറുള്ളത്. ഇത്തവണ 150 രാജ്യങ്ങളെ പ്രതിനിധീകരിച്ചെത്തിയ 60,000 ത്തോളം തീർത്ഥാടകരാണ് അറഫയിൽ സംഗമിച്ചത്. പ്രാർത്ഥനാ നിർഭരമായ മനസ്സോടെ അവർ അറഫയിൽ നിന്നു. കത്തുന്ന സൂര്യനു ചുവടെ നട്ടുച്ച വെയിലിൽ വിയർപ്പിൽ മുങ്ങി മാനവരാശിയുടെ പ്രതിനിധികളായവർ ദൈവത്തിന്റെ തിരുസന്നിധിയിൽ സാഷ്ടാംഗം നമസ്കരിച്ചു പ്രാർത്ഥനയിൽ മുഴുകി, പാപക്കറകൾ കഴുകിക്കളഞ്ഞു. ഇബ്രാഹിം നബിയുടെ വിളിക്കുത്തരം നൽകിയാണ് ലോകമുസ്‌ലിംകൾ വിശുദ്ധ അറഫയിൽ സമ്മേളിക്കുന്നത്. അല്ലാഹുവിൻറെ വിളികേട്ട് ഞങ്ങളിതാ ഹാജറായിരിക്കുന്നു എന്നർത്ഥം വരുന്ന ലബ്ബൈക്ക് മന്ത്രം ചൊല്ലി തീർത്ഥാടകർ തിങ്കളാഴ്ച രാവിലെ പത്തോടെ അറഫയിൽ എത്തി. ഉച്ചവരെ മസ്ജിദുന്നബവിയിൽ പ്രാർത്ഥനയിൽ കഴിച്ചുകൂട്ടി.

മസ്ജിദുന്നമിറയിൽകർശന ആരോഗ്യ മുൻകരുതലുകൾ പാലിച്ചാണ് തീർത്ഥാടകർ ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിൽ സമ്മേളിച്ചത്. 1000 ത്തോളം മലയാളികളടക്കം 5000 ത്തോളം ഇന്ത്യക്കാരും ഹാജിമാരിൽ ഉണ്ട്. നാല് ലക്ഷത്തിലധികം തീർത്ഥാടകരെ ഉൾക്കൊള്ളാൻ സൗകര്യമുള്ള നമിറ പള്ളിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 10,000 പേരെ മാത്രമേ ഇത്തവണ പ്രവേശിച്ചുള്ളൂ. അറഫാ പ്രഭാഷണത്തിനു മസ്ജിദുൽ ഹറാം ഇമാമും ഖതീബുമായ ഡോ. ബന്ദർ ബിൻ അബ്ദുൽ അസീസ് ബലില്ല നേതൃത്വം നൽകി.

അറഫാ പ്രസംഗത്തിനും നമസ്കാരത്തിനും ശേഷം ജബലുറഹ്മക്കടുത്ത് ഒരുക്കിയ വിശാലമായ ക്യാമ്പുകളിലേക്ക് തീർത്ഥാടകരെ കൊണ്ടുപോയി. ഖുർആൻ പാരായണം ചെയ്തും പാപമോചന പ്രാർത്ഥന നടത്തിയും തീർത്ഥാടകർ കരളുരുകി പ്രാർത്ഥിച്ചു. ആയിരക്കണക്കിന് ശുഭ വസ്ത്രധാരികളുടെ പ്രാർത്ഥനകളാൽ കാരുണ്യത്തിന്റെ താഴ്വാരമായ ജബലുറഹ്മ കുന്നും പരിസരവും പ്രാർത്ഥനകളാൽ കണ്ണീർ പൊഴിച്ചു. കാരുണ്യത്തിൻറെ മാലാഖമാർ അവർക്ക് തണലേകാൻ ആകാശത്ത് വട്ടമിട്ടു. എല്ലാത്തിനും മൂകസാക്ഷിയായി തണൽ മരങ്ങൾ ചാരത്തു നിന്നു. മനസ്സും ശരീരവും ഉമ്മ പെറ്റിട്ട കുഞ്ഞിനെപ്പോലെ ആവുന്ന അനർഘ നിമിഷങ്ങൾ.

ലോകം നേരിടുന്ന മഹാമാരിയെ മറികടക്കാനുള്ള കരുത്തിനായും തീർത്ഥാടകർ മനമുരുകി പ്രാർത്ഥിച്ചു. സൂര്യാസ്തമനം വരെ പ്രാർഥനയിൽ മുഴുകി ഹാജിമാർ അറഫയിൽ നിന്നും മടങ്ങും. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ചൂടിന് അൽപം ശമനം ഉണ്ടായിരുന്നു. രാവിലെ പെയ്ത ചാറ്റൽ മഴ ഹാജിമാർക്ക് ആശ്വാസമായി. മുസ്ദലിഫയിൽ എത്തുന്ന തീർത്ഥാടകർ അവിടെ രാപാർത്തു ചൊവ്വാഴ്ച മിനയിൽ എത്തും, ജംറത്തുൽ അഖബയിൽ കല്ലേറ് നടത്തും ബലി അറുക്കലും തലമുണ്ഡനവും ത്വവാഫുൽ ഇഫാദയും പൂർത്തിയാക്കി രണ്ടു ദിവസങ്ങൾ കൂടി അവർ മിനയിൽ തങ്ങും.

🕋കഅ്​ബയെ പുതിയ കിസ്​വ പുതപ്പിച്ചു.

✒️കഅ്​ബയെ പുതിയ കിസ്​വ പുതപ്പിച്ചു. പതിവുപോലെ ദുൽഹജ്ജ്​ ഒമ്പത്​ അറഫ ദിനത്തിൽ തിങ്കളാഴ്​ച രാവിലെയാണ്​ പഴയ കിസ്​വ എടുത്തു മാറ്റി പുതിയ കിസ്​വ കഅ്​ബയെ പുതപ്പിച്ചത്​. പ്രത്യേക ട്രക്കിലാണ്​​ കിസ്​വ കിങ്​ അബ്​ദുൽ അസീസ്​ കിസ്​വ കോപ്ലക്​സിൽ നിന്ന്​ ഹറമിലെത്തിച്ചത്​.

ആരോഗ്യ മുൻകരുതൽ പാലിച്ച്​ കോപ്ലക്​സിലെ വിദഗ്​ധ സംഘമാണ് പുതിയ കിസ്​വ പുതപ്പിച്ച്​ കഅ്​ബയുടെ എല്ലാ കോണുകളിലും സ്ഥാപിച്ചത്​. കിസ്​വ മാറ്റുന്നതിനു മുന്നോടിയായി ദുൽഹജ്ജ്​ ഒന്നിനാണ്​ കിസ്​വ കൈമാറ്റ ചടങ്ങ്​ നടന്നത്​. സൽമാൻ രാജാവിനു വേണ്ടി മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസൽ ആണ്​ പുതിയ കിസ്​വ കഅ്​ബയുടെ മുതിർന്ന പരിചാരകനായ ഡോ. സ്വാലിഹ്​ ബിൻ സൈനുൽ ആബിദിൽ അശൈബിക്ക്​ കൈമാറിയത്​.

മക്കയിലെ ഉമ്മുജൂദിലെ കിസ്​വ ഫാക്​ടറിയിലാണ്​ കിസ്​വ നിർമിച്ചിരിക്കുന്നത്​. കറുത്ത ചായം പൂശിയ 670 കിലോ​ഗ്രാം ശുദ്ധ സിൽക്ക്​, 120 കിലോ ഗ്രാം സ്വർണ നൂൽ, 100 കിലോ വെള്ളി നൂൽ എന്നിവയാണ്​ കിസ്​വ നിർമാണത്തിന്​ ഉപയോഗിച്ചിരിക്കുന്നത്​. 14 മീറ്ററാണ്​ കിസ്​വയുടെ ഉയരം.

മുകളിലെ മൂന്നിലൊന്ന്​ ഭാഗത്ത്​ 95 ​സെൻറീ മീറ്റർ വീതിയും 47 മീറ്റർ നീളവുമുള്ള ബെൽറ്റ്​ ഉണ്ട്​. 16 കഷ്​ണങ്ങളോട്​ കൂടിയതാണ്​ കിസ്​വ.​ വിശുദ്ധ വചനങ്ങൾ ആലേഖനം ചെയ്​തു അലങ്കരിച്ചതാണ്​ ബെൽറ്റ്​​​. കഅ്​ബയുടെ നാല്​ ഭാഗങ്ങളെ പുതപ്പിക്കുന്നതായി നാല്​ വലിയ തുണികളും ഉൾക്കൊള്ളുന്നതാണ്​ കിസ്​വ. അഞ്ചാമതൊരു തുണി കഷ്​ണം കഅ്​ബയുടെ വാതിൽ വിരിയാണ്​​​.

നെയ്​ത്ത്​​, എബ്രോയിഡറി രംഗത്തെ ഏറ്റവും നൂതനമായ സംവിധാനങ്ങളുടെയും പരിശീലനം നേടിയ ജോലിക്കാരുടെയും സഹായ​ത്തോടെ ഏകദേശം ഒരു വ​ർഷമെടുത്തു ഘട്ടങ്ങളായാണ്​ കിസ്​വയുടെ നിർമാണം പൂർത്തിയാക്കുന്നത്​. 200 ലധികം പേർ ജോലിക്കാരായുണ്ട്​. എല്ലാവരും സ്വദേശികളാണ്​.

🇸🇦കൊവിഡ്: സൗദിയില്‍ ഇന്ന് 1,453 പേര്‍ക്ക് രോഗമുക്തി.

✒️സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,453 പേര്‍ കൊവിഡ് ബാധയില്‍ നിന്ന് മുക്തരായി. പുതുതായി 1,293 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 14 മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

24 മണിക്കൂറിനിടെ രാജ്യമാകെ 93,540 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ ആകെ എണ്ണം 510,869 ആയി. 492,149 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,089 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 316, മക്ക 262, കിഴക്കന്‍ പ്രവിശ്യ 219, അസീര്‍ 129, ജീസാന്‍ 79, ഹായില്‍ 64, മദീന 62, അല്‍ഖസീം 60, നജ്‌റാന്‍ 33, അല്‍ബാഹ 25, തബൂക്ക് 22, വടക്കന്‍ അതിര്‍ത്തി മേഖല 17, അല്‍ജൗഫ് 5. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് 22,667,587 ഡോസായി.

🇦🇪യുഎഇയില്‍ 1,508 പേര്‍ക്ക് കൂടി കൊവിഡ്, രണ്ടു മരണം.

✒️യുഎഇയില്‍ 1,508 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,477 പേര്‍ സുഖം പ്രാപിക്കുകയും രണ്ടു പേര്‍ മരണപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ 2,27,582  കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,62,486 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,40,248 പേര്‍ രോഗമുക്തരാവുകയും 1,900 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,338 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

🇴🇲ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഒമാന്‍ ഭരണാധികാരിയും മറ്റ് രാഷ്ട്രനേതാക്കളും.

✒️ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്ക്, അറബ്, സൗഹൃദ ഇസ്ലാമിക രാജ്യങ്ങളിലെ നേതാക്കളുമായി ബലിപെരുന്നാള്‍ ആശംസകള്‍ കൈമാറി. ഭരണാധികാരികള്‍ക്ക് ആശംസകള്‍ നേര്‍ന്നതിനോടൊപ്പം ജനങ്ങള്‍ക്കും ഒമാന്‍ ഭരണാധികാരി തന്റെ സന്ദേശത്തിലൂടെ ആശംസകളറിയിച്ചു. 

രാജ്യത്തിനു കൂടുതല്‍ പുരോഗതിയും സമൃദ്ധിയും നേരുന്നതിനോടൊപ്പം അവരുടെ നേതൃത്വത്തിലുള്ള ഭരണം ജനതയുടെ പുരോഗതിക്കും അഭിവൃദ്ധിക്കും എല്ലാ അഭിലാഷങ്ങള്‍ക്കും കാരണമാകുവാന്‍ സര്‍വ്വശക്തനായ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നുവെന്നും ഭരണാധികാരി ഹൈതം ബിന്‍ താരിക്ക് അല്‍ സൈദ് ആശംസിച്ചു. മറ്റ് അറബ് രാഷ്ട്രനേതാക്കന്മാരും ഒമാന്‍ ഭരണാധികാരിക്ക് ഈദ് അല്‍ അദ ആശംസകള്‍ കൈമാറി. ഒമാന്‍ ജനതക്കും രാജ്യത്തിനും കൂടുതല്‍ സമൃദ്ധിയും ക്ഷേമവും കൈവരിക്കുവാന്‍ സര്‍വ്വശക്തനായ അല്ലാഹുവിനോട്  പ്രാര്‍ത്ഥിക്കുന്നുവെന്നും ഒമാന്‍ ഭരണാധികാരിക്ക് ലഭിച്ച  സന്ദേശങ്ങളില്‍ പറയുന്നു.

സൗദി  രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ്,  യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ്സ അല്‍ ഖലീഫ , തമീം ബിന്‍ ഹമദ് അല്‍ താനി  ഖത്തറിലെ അമീര്‍ , ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബ, കുവൈത്തിലെ അമീര്‍ , ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍, മൊറോക്കോയിലെ രാജാവ് മുഹമ്മദ് ആറാമന്‍, ടുണീഷ്യയിലെ പ്രസിഡന്റ് കൈസ് സെയ്ദ്, അള്‍ജീരിയയിലെ പ്രസിഡന്റ് അബ്ദുല്‍മജിദ് ടെബൗണ്‍, ജിബൂട്ടിയിലെ പ്രസിഡന്റ് ഇസ്മായില്‍ ഒമര്‍ ഗ്വെല്ലെ, സുഡാനിലെ സോവറിന്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബര്‍ഹാന്‍ എന്നിവരുമായി ഒമാന്‍ ഭരണാധികാരി ആശംസകള്‍ കൈമാറി .

കൂടാതെ ,സിറിയന്‍ പ്രസിഡന്റ് ഡോ. ബഷര്‍ അല്‍ അസദ്, സൊമാലിയ പ്രസിഡന്റ് മുഹമ്മദ് അബ്ദുല്ലഹി ഫര്‍മജോ, ഇറാഖ് പ്രസിഡന്റ് ഡോ. യൂണിയന്‍ ഓഫ് കൊമോറോസിലെ ഒത്മാന്‍ ഗസാലി, പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ ഓഫ് ലിബിയ ചെയര്‍മാന്‍ മുഹമ്മദ് അല്‍ മന്‍ഫി,ഈജിപ്തിലെ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍ സിസി, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് മൗറിറ്റാനിയയിലെ പ്രസിഡന്റ് മുഹമ്മദ്, യെമന്‍ പ്രസിഡന്റ് ഫീല്‍ഡ് മാര്‍ഷല്‍ അബ്ദുറബ്ബു മന്‍സൂര്‍ ഹാദി, ബ്രൂണൈ ദാറുസ്സലാമിലെ സുല്‍ത്താന്‍ ഹാജി ഹസ്സനാല്‍ ബോള്‍ക്കിയ, സുല്‍ത്താന്‍ അബ്ദുല്ല അഹ്മദ് ഷാ, മലേഷ്യയിലെ രാജാവ് ഡോ. അസര്‍ബൈജാന്‍ റിപ്പബ്ലിക്കിലെ അലിയേവ്, അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഡോ. മുഹമ്മദ് അഷ്റഫ് ഘാനി, ഇന്തോനേഷ്യ പ്രസിഡന്റ് ജോക്കോ വിഡോഡോ, ഉസ്‌ബെക്കിസ്ഥാന്‍ പ്രസിഡന്റ് ഡോ. ഷാവ്കത്ത് മിര്‍സിയോയേവ്, ഇറാന്‍ പ്രസിഡന്റ് ഡോ. തുര്‍ക്കിയിലെ തയ്യിപ് എര്‍ദോഗന്‍, യുണൈറ്റഡ് റിപ്പബ്ലിക് ഓഫ് ടാന്‍സാനിയ പ്രസിഡന്റ് സമിയ ഹസ്സന്‍, ഗബോണീസ് റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് അലി ബോങ്കോ ഒണ്ടിംബ, ഗാംബിയ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് അഡാമ ബാരോ, സെനഗല്‍ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് മാക്കി സാല്‍, താജിക്കിസ്ഥാനിലെ പ്രസിഡന്റ് എമോമാലി റഹ്മോണ്‍, കിര്‍ഗിസ് റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് സാദിര്‍ ജപ്പറോവ്, കസാക്കിസ്ഥാനിലെ പ്രസിഡന്റ് കാസിം-ജോമാര്‍ട്ട് ടോകയേവ്, മാലിദ്വീപിലെ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോളിഹ്, റിപ്പബ്ലിക് ഓഫ് നൈജര്‍ പ്രസിഡന്റ് മുഹമ്മദ് ബസൂം, നൈജീരിയ പ്രസിഡന്റ് മുഹമ്മദു ബുഹാരി എന്നിവരുമായും ഒമാന്‍ ഭരണാധികാരി ഈദ് അല്‍ അദ ആശംസകള്‍ കൈമാറി.

🇴🇲കര്‍ശന നിയന്ത്രണങ്ങളോടെ ഒമാനില്‍ നാളെ ബലി പെരുന്നാള്‍.

✒️ബലിപെരുന്നാളിന്‍റെ ആദ്യ ദിവസമായ നാളെ (ചൊവ്വാഴ്ച ) സമ്പൂര്‍ണ്ണ  ലോക്ക്ഡൗണിനിടയിലും ഒമാനിലെ വിശ്വാസികള്‍ ആഘോഷങ്ങള്‍ക്കായി ഒരുങ്ങി കഴിഞ്ഞു. ഒമാനിലെ സ്വദേശികള്‍ക്കും സ്ഥിരതാമസക്കാരായ വിദേശികള്‍ക്കും സ്വന്തം വീടുകള്‍ക്കുള്ളില്‍ മാത്രമൊതുങ്ങുന്ന ആദ്യ അനുഭവമായിരിക്കും ഈ വര്‍ഷത്തെ ബലി പെരുന്നാള്‍ ആഘോഷം.

ബലി പെരുന്നാള്‍ ദിനമായ ജൂലൈ 20 നാളെ  മുതല്‍ ജൂലൈ 22 വരെയായിരുന്നു ഒമാന്‍ സുപ്രിം കമ്മറ്റി നേരത്തെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ രാജ്യത്ത് കൊവിഡ് മൂലം ക്രമാതീതമായി  വര്‍ധിച്ചുവരുന്ന മരണങ്ങളും രോഗികളുടെ എണ്ണവും കണക്കിലെടുത്ത് ലോക്ക്ഡൗണ്‍ ജൂലൈ 24 വരെ നീട്ടിക്കൊണ്ട് ഒമാന്‍ സുപ്രിം കമ്മറ്റി പിന്നീട് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

നാളെ മുതല്‍ ആരംഭിക്കുന്ന ലോക്ക്ഡൗണ്‍ കാലയളവില്‍ രാജ്യത്തെ എല്ലാ വാണിജ്യ പ്രവര്‍ത്തനങ്ങളും പൊതുപെരുന്നാള്‍ നമസ്‌കാരങ്ങളും പരമ്പരാഗത പെരുന്നാള്‍ കമ്പോളത്തിന്റെ  പ്രവര്‍ത്തനങ്ങളും യാത്രകളും കുടുംബ ഒത്തുചേരലുകളും പൂര്‍ണ്ണമായി നിര്‍ത്തി വെക്കാനാണ് ഒമാന്‍ സുപ്രിം കമ്മറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈ 20 മുതല്‍ ജൂലൈ 23 വരെ  മൗസലാത്ത്  ബസ്സുകള്‍ പൂര്‍ണ്ണമായും സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയും 2021 ജൂലൈ 24ന് പുനരാരംഭിക്കുകയും ചെയ്യും. ജൂലൈ 19  വൈകിട്ട് ഒമാന്‍ സമയം അഞ്ചു മണിക്ക് ആരംഭിക്കുന്ന സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ജൂലൈ 24 ശനിയാഴ്ച വെളുപ്പിനെ നാല് മണിക്ക് അവസാനിക്കും.

🇸🇦സൗദി: ഹജ്ജ് തീർത്ഥാടകർക്കിടയിൽ ഇതുവരെ COVID-19 രോഗബാധ രേഖപ്പെടുത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം.

✒️ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്ന തീർത്ഥാടകർക്കിടയിൽ ഇതുവരെ COVID-19 രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദ് അൽ അലി അറിയിച്ചു. ജൂലൈ 18-ന് മക്കയിൽ നടന്ന പ്രത്യേക പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് COVID-19 വ്യാപനം തടയുന്നതിന് ആവശ്യമായ എല്ലാ നടപടികളും പൂർത്തിയാക്കിയതായി പത്ര സമ്മേളനത്തിൽ വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികൾ വ്യക്തമാക്കി. കർശനമായി നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷാ നിബന്ധനകൾ, പ്രതിരോധ നടപടികൾ എന്നിവ തീർത്തും സുരക്ഷിതമായ ഒരു ഹജ്ജ് തീർത്ഥാടനം ഉറപ്പ് വരുത്തുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ 60000 പ്രാദേശിക തീർത്ഥാടകർക്കാണ് ഈ വർഷം ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുമതി നൽകിയിരിക്കുന്നത്. ജൂലൈ 17 മുതൽ ഹജ്ജ് തീർത്ഥാടകർ വിവിധ സംഘങ്ങളായി സുരക്ഷിതരായി മക്കയിലെത്തിയിരുന്നു. ചടങ്ങുകൾക്ക് ശേഷം ഇവർ മിനയിലെത്തി വിശ്രമിക്കുകയുണ്ടായി. ജൂലൈ 19-ന് രാവിലെ തീർത്ഥാടകർ അറഫയിലേക്ക് യാത്ര തിരിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തീർത്ഥാടനവുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷയുടെ ആദ്യ ഘട്ടം തീർത്ഥാടകർ മക്കയിലെത്തുന്നതിന് മുൻപ് ഉറപ്പ് വരുത്തിയതായി ഡോ. മുഹമ്മദ് അൽ അബ്ദ് അൽ അലി അറിയിച്ചു. തീർത്ഥാടനത്തിൽ പങ്കെടുക്കുന്ന മുഴുവൻ തീർത്ഥാടകരും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുന്നതായിരുന്നു ഈ ആദ്യ ഘട്ടമെന്ന് അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യ സുരക്ഷയുടെ രണ്ടാം ഘട്ടത്തിൽ മുഴുവൻ തീർത്ഥാടകർക്കിടയിലും COVID-19 പ്രതിരോധ നടപടികളെക്കുറിച്ച് പൂർണ്ണമായ അവബോധം സൃഷ്ടിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് അവബോധം നൽകുന്നതിനായി വിവിധ ഭാഷകളിൽ ബോധവത്കരണ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. തീർത്ഥാടകർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകർ അവരോടൊപ്പം അനുഗമിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹജ്ജുമായി ബന്ധപ്പെട്ട പുണ്യസ്ഥാനങ്ങളിലെല്ലാം സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ വിവിധ സുരക്ഷാ വകുപ്പുകളും, സർക്കാർ വകുപ്പുകളും സംയുക്തമായി കൈക്കൊണ്ടിട്ടുണ്ടെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വക്താവ് കേണൽ തലാൽ അൽ ഷൽഹൊയൂബ്‌ അറിയിച്ചു. അനധികൃതമായി ഹജ്ജ് തീർത്ഥാടനം നടത്താൻ ശ്രമിക്കുന്നവരെ തടയുന്നതിനായുള്ള മുഴുവൻ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 2021 ജൂലൈ 5 മുതൽ പ്രത്യേക പെർമിറ്റുകൾ കൂടാതെ മക്കയിലെ ഗ്രാൻഡ് മോസ്കിലേക്കും, പരിസരങ്ങളിലേക്കും, ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട മറ്റു പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കുന്നവർക്ക് 10000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

🇦🇪അബുദാബി: രാത്രികാല യാത്രാ നിയന്ത്രണം ജൂലൈ 19 മുതൽ; അവശ്യസാധനങ്ങൾ വാങ്ങുന്നതിന് പുറത്തിറങ്ങാൻ പെർമിറ്റ് നിർബന്ധം.

✒️എമിറേറ്റിൽ 2021 ജൂലൈ 19, തിങ്കളാഴ്ച്ച മുതൽ ദേശീയ അണുനശീകരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ദിനവും രാത്രി 12 മണി മുതൽ രാവിലെ 5 മണിവരെ യാത്രാ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നതാണ്. ജൂലൈ 19 മുതൽ ദിനവും രാത്രി 12 മണിമുതൽ രാവിലെ 5 മണിവരെ അണുനശീകരണ പ്രവർത്തനങ്ങളും, ശുചീകരണ നടപടികളും നടപ്പിലാക്കുമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി ജൂലൈ 15-ന് രാത്രി അറിയിച്ചിരുന്നു.

ജൂലൈ 19 മുതൽ ഏർപ്പെടുത്തുന്ന ദിനംതോറുമുള്ള അഞ്ച് മണിക്കൂർ കർഫ്യു സമയങ്ങളിൽ വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം, പൊതുഗതാഗതം എന്നിവ അനുവദിക്കുന്നതല്ല. കർഫ്യു കാലയളവിൽ പൊതുജനങ്ങൾ തങ്ങളുടെ വീടുകളിൽ തുടരണമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

അവശ്യസാധനങ്ങൾ വാങ്ങുന്നതിന് പുറത്തിറങ്ങാൻ പെർമിറ്റ് നിർബന്ധം
ദിനവും രാത്രി 12 മണി മുതൽ രാവിലെ 5 മണിവരെ യാത്രാ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന കാലയളവിൽ മരുന്ന്, ഭക്ഷണം മുതലായ അവശ്യസാധനങ്ങൾ വാങ്ങുന്നതിനും മറ്റും വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതിന് അബുദാബി പൊലീസിൽ നിന്നുള്ള മൂവ്മെന്റ് പെർമിറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. https://www.adpolice.gov.ae/en/pages/home.aspx എന്ന വിലാസത്തിൽ നിന്ന് ഇത്തരം പെർമിറ്റ് ലഭിക്കുന്നതാണ്.

ഈ വെബ്‌സൈറ്റിൽ ‘Move Permit Request‘ എന്ന ബട്ടണിലാണ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്. മൊബൈൽ നമ്പർ നൽകിയശേഷം, OTP വെരിഫിക്കേഷൻ പൂർത്തിയാക്കി ഇത്തരം പെർമിറ്റുകൾക്ക് അപേക്ഷിക്കാവുന്നതാണ്. ഇത്തരം പെർമിറ്റുകൾക്ക് അപേക്ഷിക്കുന്നവർക്ക്, പെർമിറ്റ് അനുവദിക്കപ്പെട്ടോ എന്നത് സംബന്ധിച്ച് അബുദാബി പോലീസിൽ നിന്നുള്ള സ്ഥിരീകരണ സന്ദേശം ലഭിച്ച ശേഷം മാത്രമേ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ അനുമതിയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

അണുനശീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന കാലയളവിൽ അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാലയളവിൽ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി റഡാറുകൾ പ്രവർത്തനക്ഷമമാക്കും
അണുനശീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന കാലയളവിൽ അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവരെ കണ്ടെത്തുന്നതിനായി എമിറേറ്റിലെ റഡാർ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കുമെന്ന് അബുദാബി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

🇶🇦ഖത്തർ: തൊഴിലിടങ്ങളിൽ സൂര്യാഘാതമേൽക്കുന്നത് ഒഴിവാക്കുന്നതിനുള്ള സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി.

✒️വേനൽ കടുത്തതോടെ, പുറം തൊഴിലിടങ്ങളിൽ സൂര്യാഘാതമേൽക്കുന്നത് ഒഴിവാക്കുന്നതിനും, അമിത ചൂട് മൂലമുണ്ടാകുന്ന വിവിധ അപകടങ്ങൾ അകറ്റുന്നതിനുമുള്ള സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. ജൂലൈ 18-നാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പിലൂടെ പുറം തൊഴിലിടങ്ങളിലും, അകം തൊഴിലിടങ്ങളിലും കടുത്ത ചൂട് മൂലം ഏൽക്കാനിടയുള്ള അപകടങ്ങൾ മന്ത്രാലയം ചൂണ്ടിക്കാട്ടുകയും, ഇവയെ പ്രതിരോധിക്കുന്നതിനുള്ള മാർഗങ്ങൾ വിവരിക്കുകയും ചെയ്തിട്ടുണ്ട്. കഠിനമായ വെയിൽ മൂലം ഉണ്ടാകാനിടയുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനായി കൃത്യമായ ഇടവേളകളിൽ ധാരാളം വെള്ളം കുടിക്കാൻ (ദാഹം അനുഭവപ്പെടുന്നില്ലെങ്കിൽ പോലും) മന്ത്രാലയം നിർദ്ദേശിച്ചു. ഓരോ 20 മിനിറ്റ് ഇടവേളയിലും ഒരു കപ്പ് വെള്ളം കുടിക്കുന്നത് നിർജ്ജലീകരണം ഒഴിവാക്കുന്നതിനും സൂര്യാഘാതമേൽക്കുന്നത് ഒഴിവാക്കുന്നതിനും സഹായകമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

വേനലിലെ ഉയർന്ന താപനില, അന്തരീക്ഷത്തിലെ ഈർപ്പം എന്നിവ മുൻനിർത്തി ഗുരുതരമായ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി കൃത്യമായ ഇടവേളകളിൽ തണലുള്ള ഇടങ്ങളിൽ വിശ്രമിക്കാനും, ഇളം നിറങ്ങളിലുള്ള, അയഞ്ഞ, വായുസഞ്ചാരം അനുവദിക്കുന്ന തുണിത്തരങ്ങളാൽ നിർമ്മിച്ച വസ്ത്രങ്ങൾ ഉപയോഗിക്കാനും, തൊപ്പി ഉപയോഗിക്കാനും മന്ത്രാലയം നിർദ്ദേശിച്ചു. സൂര്യാഘാതമേൽക്കുന്നതിന് സാധ്യതയുള്ളയിടങ്ങളിൽ തൊഴിലെടുക്കുന്നവർ ഉയർന്ന താപനില മൂലം സ്വന്തം ശരീരത്തിലും, ഒപ്പം തൊഴിലെടുക്കുന്നവരുടെ ശരീരത്തിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടോ എന്ന് തുടർച്ചയായി നിരീക്ഷിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു.

നനഞ്ഞ മാസ്കുകൾ, മലിനമായ മുഖാവരണങ്ങൾ എന്നിവ കൃത്യമായി മാറ്റുന്നതിനും, ഒപ്പമുള്ള തൊഴിലാളികളുടെ ആരോഗ്യ സ്ഥിതി ഇടയ്ക്കിടെ പരസ്പരം ചോദിച്ച് ഉറപ്പ്‌വരുത്താനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന തൊഴിലാളികൾ ഇത്തരം ഇടങ്ങളിൽ തൊഴിലെടുക്കുന്ന വേളയിൽ, ഇത്തരം സാഹചര്യങ്ങളുമായി സ്വന്തം ശരീരം പടിപടിയായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്ന രീതിയിൽ മാത്രം ജോലിയിലേക്ക് പ്രവേശിക്കാനും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. കഠിനമായ ചൂടുമായി പൊരുത്തപ്പെടുന്നതിനായി ഇത്തരം തൊഴിലാളികൾ ആദ്യ ദിനം, ഷിഫ്റ്റിലെ 20 ശതമാനം സമയം മാത്രം മുഴുവൻ തീവ്രതയോടെ തൊഴിലെടുക്കേണ്ടതും, ശരീരത്തിന് സഹനശേഷി പടിപടിയായി നേടേണ്ടതുമാണ്.

അസ്പഷ്ടമായ രീതിയിൽ സംസാരിക്കുക, അസാധാരണമായ രീതിയിലുള്ള പെരുമാറ്റങ്ങൾ, പെട്ടെന്നുണ്ടാകുന്ന കോച്ചിപ്പിടുത്തം, പേശിവലിവ്, ബോധക്ഷയം മുതലായ ലക്ഷണങ്ങൾ പ്രകടമാകുന്ന ഉടൻ തന്നെ മെഡിക്കൽ ചികിത്സ നിർബന്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഒപ്പം തൊഴിലെടുക്കുന്ന ആരിലെങ്കിലും ഇത്തരം ലക്ഷണങ്ങൾ പ്രകടമാകുന്ന ഉടൻ തന്നെ അടിയന്തിര സേവനങ്ങൾ ആവശ്യപ്പെടേണ്ടതാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. അടിയന്തിര ചികിത്സ ലഭ്യമാകുന്നത് വരെ ഇത്തരം ലക്ഷണങ്ങൾ പ്രകടമാകുന്നവരുടെ ശരീരത്തിലെ ചൂട് നിയന്ത്രിക്കുന്നതിനായി തണുത്ത വെള്ളം, ഐസ് എന്നിവ ഉപയോഗിക്കേണ്ടതാണ്.

🇶🇦ഖത്തർ: ഈദുൽ അദ്ഹ വേളയിൽ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ജനങ്ങളോട് PHCC നിർദ്ദേശിച്ചു.

✒️ഈദുൽ അദ്ഹ അവധി ദിനങ്ങളിൽ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ജനങ്ങളോട് ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) നിർദ്ദേശിച്ചു. പൊതുസമൂഹത്തിലെ ആരോഗ്യ സുരക്ഷ മുൻനിർത്തിയാണ് PHCC ഈ നിർദ്ദേശം ആവർത്തിച്ചത്.

ഈദുൽ അദ്ഹ വേളയിൽ രാജ്യത്ത് COVID-19 വ്യാപനം തടയുന്നതിനും, രോഗബാധിതരുടെ എണ്ണം ഉയരുന്നത് ഒഴിവാക്കുന്നതിനുമായി ഖത്തർ ആരോഗ്യ മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടത് വളരെ പ്രധാനമാണെന്ന് PHCC ചൂണ്ടിക്കാട്ടി. സമൂഹ അകലം, മാസ്കുകളുടെ ഉപയോഗം മുതലായവ തുടരുന്നതിനൊപ്പം, ഈദുൽ അദ്ഹ വേളയിൽ മറ്റുള്ളവർക്ക് ആശംസകൾ നൽകുന്ന അവസരത്തിൽ ഹസ്തദാനം, ആലിംഗനം മുതലായ രീതികൾ ഒഴിവാക്കാനും PHCC ജനങ്ങളോട് ആഹ്വാനം ചെയ്തു.

ആശംസകൾ നൽകുന്നതിനായി ഇത്തരം രീതികൾക്ക് പകരമായി കൈകൾ വീശികാണിക്കുന്ന രീതിയോ, മറ്റു രീതികളോ പിന്തുടരാനും PHCC ആവശ്യപ്പെട്ടു. COVID-19 രോഗലക്ഷണങ്ങളുള്ളവർ വീടുകളിൽ തുടരാനും, ഒത്ത് ചേരലുകളിൽ പങ്കെടുക്കരുതെന്നും PHCC ഓർമ്മപ്പെടുത്തി. പ്രായമായവർ, വിട്ടുമാറാത്ത അസുഖങ്ങളുള്ളവർ തുടങ്ങിയ വിഭാഗങ്ങൾ പ്രത്യേക ജാഗ്രത പുലർത്താനും, ഒത്ത് ചേരലുകളിൽ നിന്ന് വിട്ടുനിൽക്കാനും PHCC നിർദ്ദേശിച്ചു.

🇶🇦ഖത്തറില്‍ രോഗമുക്തി വര്‍ധിച്ചു; ഇന്ന് 124 പേര്‍ക്ക് കോവിഡ്.

✒️ഖത്തറില്‍ ഇന്ന് 124 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 152 പേരാണ് രോഗമുക്തി നേടിയത്. 86 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 38 പേര്‍. 1,546 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

ഖത്തറില്‍ ഇന്ന് കോവിഡ് മരണമില്ല. ആകെ മരണം 599. രാജ്യത്ത് ഇതുവരെ 2,22,257 പേര്‍ രോഗമുക്തി നേടി. ഇന്ന് 6 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 72 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

24 മണിക്കൂറിനിടെ 36,311 ഡോസ് വാക്‌സിന്‍ നല്‍കി. ആകെ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 35,59,312 ആയി. വാക്‌സിനേഷന് യോഗ്യരായ 78.6 ശതമാനം പേര്‍ക്ക് ഇതിനകം ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചു.

Post a Comment

0 Comments