🇸🇦സൗദി: അനധികൃത ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ വിൽക്കുന്നവർക്ക് പരമാവധി 25 ദശലക്ഷം റിയാൽ പിഴ ചുമത്തുമെന്ന് CITC.
🇴🇲ഒമാൻ: രാത്രികാല നിയന്ത്രണങ്ങൾ ജൂലൈ 31 വരെ നീട്ടി; ജൂലൈ 16 മുതൽ സമയക്രമത്തിൽ മാറ്റം; ഈദുൽ അദ്ഹ വേളയിൽ സമ്പൂർണ്ണ ലോക്ക്ഡൌൺ.
🇧🇭ബഹ്‌റൈൻ: പ്രായമായവർക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ നൽകുന്നതിനുള്ള ഇടവേള കുറച്ചതായി ആരോഗ്യ മന്ത്രാലയം.
🇴🇲ഒമാൻ: ജൂലൈ 9 മുതൽ ഒമ്പത് രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്ക് ഏർപ്പെടുത്താൻ തീരുമാനം.
🇶🇦ഖത്തർ: വാഹനമോടിക്കുന്നതിനിടയിലെ മൊബൈൽ ഫോൺ ഉപയോഗത്തിനെതിരെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
🇦🇪യുഎഇയില്‍ 1,513 പുതിയ കൊവിഡ് കേസുകള്‍.
🇸🇦കൊവിഡ്: സൗദിയില്‍ 1,207 പുതിയ രോഗികള്‍ 1,195 പേര്‍ രോഗമുക്തരായി.
🇶🇦കൊവിഡ് നിയമലംഘനം; ഖത്തറില്‍ 215 പേര്‍ക്കെതിരെ കൂടി നടപടി.
🇴🇲ഒമാനില്‍ 1,675 പേര്‍ക്ക് കൂടി കൊവിഡ്, 17 മരണം.
🕋ഹജ്ജ് തീർഥാടകർക്ക് കോവിഡ് വാക്സിനൊഴികെ മറ്റ് വാക്സിനുകൾ നിർബന്ധമില്ല.
📲കോൺസുലേറ്റ്, എംബസി വിവരങ്ങൾ വേഗത്തിലറിയാം; പുതിയ പോർട്ടലൊരുക്കി ഇന്ത്യൻ കോൺസുലേറ്റ്.
🇶🇦വെള്ളിയാഴ്ച്ച മുതല്‍ ഖത്തറിലെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മന്ത്രിസഭാ യോഗം.
🇶🇦ഖത്തറില്‍ ഇന്ന് രണ്ട് കോവിഡ് മരണം; രോഗികളുടെ എണ്ണം വര്‍ധിച്ചു.
🇸🇦സൗദി: അനധികൃത ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ വിൽക്കുന്നവർക്ക് പരമാവധി 25 ദശലക്ഷം റിയാൽ പിഴ ചുമത്തുമെന്ന് CITC.
✒️രാജ്യത്ത് ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ വിതരണം ചെയ്യുന്നവർക്കും, വില്പന നടത്തുന്നവർക്കും, ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ ലംഘനങ്ങൾ പിഴതീർക്കുന്നതിനായി അനുവദിച്ചിരുന്ന അധിക സമയം അവസാനിച്ചതായി സൗദി ടെലികോം റെഗുലേറ്ററായ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മിഷൻ (CITC) അറിയിച്ചു. ഇതിനാൽ ഈ മേഖലയിലെ ലംഘനങ്ങൾക്ക് പിഴ ചുമത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും CITC കൂട്ടിച്ചേർത്തു.
ഈ സാഹചര്യത്തിൽ, രാജ്യത്ത് അനധികൃതമായി ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ വിൽക്കുന്നവർക്കും, വിതരണം ചെയ്യുന്നവർക്കും ടെലികോം നിയമങ്ങൾ പ്രകാരം പരമാവധി 25 ദശലക്ഷം റിയാൽ വരെ പിഴചുമത്തുമെന്ന് CITC അറിയിച്ചു. പ്രാദേശിക വിപണിയിൽ ഇത്തരം ഉപകരണങ്ങൾ നിയമവിരുദ്ധമായി വിതരണം, വില്പന എന്നിവ നടത്തുന്നവർക്ക് CITC മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പിഴതുകകൾ ഒഴിവാക്കുന്നതിനായി രാജ്യത്ത് വിൽക്കാൻ അനുമതിയില്ലാത്ത ഉപകരണങ്ങൾ, കൃത്യമായ ലൈസൻസ് ഇല്ലാത്ത ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ, നിയമവിരുദ്ധമായ നെറ്റ്‌വർക്ക് ബൂസ്റ്ററുകൾ പോലുള്ള ഉപകരണങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിൽ നിന്ന് വിട്ട് നിൽക്കാൻ അധികൃതർ വിതരണക്കാരോട് ആവശ്യപ്പെട്ടു. ഇത്തരം ലംഘനങ്ങൾ കണ്ടെത്തുന്നതിനായി രാജ്യത്തെ ടെലികോം വിപണികളിലും, ഇത്തരം വ്യാപാര സ്ഥാപനങ്ങളിലും നേരത്തെ CITC പരിശോധനകൾ നടത്തിയിരുന്നു.
🇴🇲ഒമാൻ: രാത്രികാല നിയന്ത്രണങ്ങൾ ജൂലൈ 31 വരെ നീട്ടി; ജൂലൈ 16 മുതൽ സമയക്രമത്തിൽ മാറ്റം; ഈദുൽ അദ്ഹ വേളയിൽ സമ്പൂർണ്ണ ലോക്ക്ഡൌൺ.
✒️രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ജൂലൈ 31 വരെ തുടരാൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു. ജൂലൈ 6-ന് രാത്രി ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.
രാജ്യത്തെ COVID-19 നിയന്ത്രണങ്ങൾ സംബന്ധിച്ച് ഏതാനം സുപ്രധാന തീരുമാനങ്ങളും കമ്മിറ്റി ഈ യോഗത്തിൽ കൈക്കൊണ്ടിട്ടുണ്ട്. ഒമാനിലെ COVID-19 രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ 2021 ജൂൺ 20 വൈകീട്ട് 8 മണി മുതൽ രാജ്യത്ത് രാത്രികാല ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്തിയിരുന്നു.
COVID-19 നിയന്ത്രണങ്ങൾ സംബന്ധിച്ച് താഴെ പറയുന്ന തീരുമാനങ്ങളാണ് സുപ്രീം കമ്മിറ്റി കൈക്കൊണ്ടിട്ടുള്ളത്:
രാത്രികാല നിയന്ത്രണങ്ങൾ 2021 ജൂലൈ 31 വരെ തുടരും. ജൂലൈ 16 മുതൽ ദിനം തോറും രാത്രികാല നിയന്ത്രണങ്ങളുടെ സമയം നീട്ടുന്നതിനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ജൂലൈ 16 മുതൽ ജൂലൈ 31 വരെയുള്ള കാലയളവിൽ, ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ട 3 ദിനങ്ങളിലൊഴികെ, ദിനവും വൈകീട്ട് 5 മണി മുതൽ പുലർച്ചെ 4 മണിവരെ വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവ വിലക്കിയിട്ടുണ്ട്. നിലവിൽ ദിനവും രാത്രി 8 മണി മുതൽ രാവിലെ 4 മണിവരെയാണ് ഈ നിയന്ത്രണങ്ങൾ.
ഈദുൽ അദ്ഹ അവധിയുമായി ബന്ധപ്പെട്ട 3 ദിവസങ്ങളിൽ (ദുൽ ഹജ്ജ് 10 മുതൽ 12 വരെ) രാജ്യത്ത് സമ്പൂർണ്ണ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ്. ഈ മൂന്ന് ദിവസങ്ങളിൽ മുഴുവൻ സമയങ്ങളിലും വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവ വിലക്കിയിട്ടുണ്ട്.
ജൂലൈ 6 മുതൽ മുസന്ദം ഗവർണറേറ്റിലെ രാത്രികാല നിയന്ത്രണങ്ങൾ ഒഴിവാക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഗവർണറേറ്റിലെ രോഗവ്യാപനത്തിൽ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണിത്. ജൂലൈ 9 മുതൽ രാജ്യത്ത് അംഗീകരിച്ചിട്ടുള്ള വാക്സിനുകളുടെ ഒരു ഡോസ് കുത്തിവെപ്പെടുത്ത 18 വയസ്സിന് മുകളിൽ പ്രായമുള്ള പൗരന്മാർക്ക് മുസന്ദം ഗവർണറേറ്റിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ള വിദേശികൾക്ക് മാത്രമാണ് മുസന്ദം ഗവർണറേറ്റിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
ഇതിന് പുറമെ, ഈദുൽ അദ്ഹ വേളയിൽ ഒത്ത് ചേർന്നുള്ള പ്രാർത്ഥനകൾ, പരമ്പരാഗത ഈദ് മാർക്കറ്റുകൾ, മറ്റു ആഘോഷങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായും സുപ്രീം കമ്മിറ്റി വ്യക്തമാക്കി. സാമൂഹിക ഒത്ത്ചേരലുകൾ, കുടുംബസംഗമങ്ങൾ, ഈദ് ആശംസകൾ നേരുന്നതിനായുള്ള ആൾക്കൂട്ടം എന്നിവ വിലക്കിയിട്ടുണ്ടെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.
🇧🇭ബഹ്‌റൈൻ: പ്രായമായവർക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ നൽകുന്നതിനുള്ള ഇടവേള കുറച്ചതായി ആരോഗ്യ മന്ത്രാലയം.
✒️രാജ്യത്തെ പ്രായമായവരുൾപ്പടെ രോഗബാധയേൽക്കാൻ സാധ്യത കൂടുതലുള്ള വിഭാഗങ്ങൾക്ക് COVID-19 വാക്സിൻ ബൂസ്റ്റർ ഡോസ് നൽകുന്നതിനുള്ള ഇടവേള കുറച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബഹ്‌റൈനിലെ നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഈ തീരുമാനം.
ഈ തീരുമാനപ്രകാരം, ഇത്തരം വിഭാഗങ്ങൾക്ക് രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് ഒരു മാസം പൂർത്തിയാകുന്നതോടെ ബൂസ്റ്റർ ഡോസിന് അർഹതയുണ്ടായിരിക്കുന്നതാണ്. ഈ തീരുമാനം ബഹ്‌റൈനിലെ താഴെ പറയുന്ന വിഭാഗങ്ങൾക്ക് ബാധകമാണ്.
അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർ.
അമ്പത് വയസിന് താഴെ പ്രായമുള്ള അമിതവണ്ണമുള്ളവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, വിട്ടുമാറാത്ത മറ്റു ആരോഗ്യപ്രശ്നങ്ങളുള്ളവർ തുടങ്ങിയവർ.
ആരോഗ്യ പ്രവർത്തകർ.
ഇത്തരക്കാരിൽ COVID-19-നെതിരായ രോഗപ്രതിരോധ ശേഷി ഉയർത്തുന്നതിന് ബൂസ്റ്റർ ഡോസ് വളരെ ഫലപ്രദമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ബൂസ്റ്റർ ഡോസ് ലഭിച്ചവർ COVID-19 രോഗബാധിതരാകുന്ന സാഹചര്യത്തിൽ ഗുരുതര രോഗലക്ഷണങ്ങൾ തടയാനാകുമെന്നും, രോഗബാധ ഗുരുതരമായ രീതിയിലേക്ക് പോകുന്നത് ഒഴിവാക്കാനാകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
🇴🇲ഒമാൻ: ജൂലൈ 9 മുതൽ ഒമ്പത് രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്ക് ഏർപ്പെടുത്താൻ തീരുമാനം.
✒️2021 ജൂലൈ 9 മുതൽ സിംഗപ്പൂർ ഉൾപ്പടെ ഒമ്പത് രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് കൂടി ഒമാനിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്താൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ജൂലൈ 6-ന് രാത്രി ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.
ഈ തീരുമാനപ്രകാരം, ജൂലൈ 9 മുതൽ സിംഗപ്പൂർ, ഇന്തോനേഷ്യ, ഇറാഖ്, ഇറാൻ, ടുണീഷ്യ, ലിബിയ, അർജന്റീന, കൊളംബിയ, ബ്രൂണൈ എന്നിവിടങ്ങളിൽ നിന്നാണ് ഒമാനിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നത്. ഒമാനിലേക്ക് യാത്ര ചെയ്യുന്നതിന് മുൻപ് 14 ദിവസങ്ങൾക്കിടയിൽ ഈ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളവർക്കും വിലക്ക് ബാധകമാണ്.
ഇതിന് പുറമെ, ഈജിപ്തിൽ നിന്നുള്ള യാത്രികർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ പിൻവലിക്കാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ജൂലൈ 31 വരെ തുടരാനും, ഈദുൽ അദ്ഹ വേളയിൽ സമ്പൂർണ്ണ ലോക്ക്ഡൌൺ ഏർപ്പെടുത്താനും ഇതേ യോഗത്തിൽ ഒമാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
2021 ജൂലൈ 9 മുതൽ ധോഫർ, മുസന്ദം എന്നീ ഗവർണറേറ്റുകളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനെടുത്തവർക്ക് മാത്രമാക്കി നിയന്ത്രിക്കാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
🇶🇦ഖത്തർ: വാഹനമോടിക്കുന്നതിനിടയിലെ മൊബൈൽ ഫോൺ ഉപയോഗത്തിനെതിരെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
✒️വാഹനമോടിക്കുന്നതിനിടയിലുള്ള മൊബൈൽ ഫോൺ ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഡ്രൈവിങ്ങിനിടയിലുള്ള മൊബൈൽ ഫോൺ ഉപയോഗം റോഡപകടങ്ങളിലേക്ക് നയിക്കാമെന്ന് മന്ത്രാലയം പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി.
ഡ്രൈവിംഗ് എന്നത് അത്യന്തം ശ്രദ്ധ ആവശ്യമുള്ള ഒരു പ്രവർത്തിയാണെന്നും, ഡ്രൈവിങ്ങിനിടയിൽ ഡ്രൈവറുടെ ശ്രദ്ധ പൂർണ്ണമായും റോഡിലെ സാഹചര്യങ്ങളിൽ പതിയേണ്ടത് അപകടങ്ങൾ ഒഴിവാക്കുന്നതിന് ഏറെ നിർണ്ണായകമാണെന്നും ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി.
വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് റോഡിൽ നിന്ന് ശ്രദ്ധ വഴിമാറുന്നതിനും, ഇതേ തുടർന്നുള്ള റോഡപകടങ്ങൾക്ക് കാരണമാകാമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇത്തരം പ്രവർത്തികൾ സ്വന്തം ജീവനും, മറ്റുള്ളവരുടെ ജീവനും അപകടമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
🇦🇪യുഎഇയില്‍ 1,513 പുതിയ കൊവിഡ് കേസുകള്‍.
✒️യുഎഇയില്‍ 1,513 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,489 പേര്‍ സുഖം പ്രാപിക്കുകയും നാല് പേര്‍ മരണപ്പെടുകയും ചെയ്തു.
പുതിയതായി നടത്തിയ 2,87,544 പരിശോധനകളില്‍ നിന്നാണ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,44,114 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,22,301 പേര്‍ രോഗമുക്തരാവുകയും 1,847 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,966 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🇸🇦കൊവിഡ്: സൗദിയില്‍ 1,207 പുതിയ രോഗികള്‍ 1,195 പേര്‍ രോഗമുക്തരായി.
✒️സൗദി അറേബ്യയില്‍ പുതുതായി 1,207 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. രാജ്യമൊട്ടാകെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,195 രോഗബാധിതര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 14 പേര്‍ കൂടി കൊവിഡ് മൂലം മരിച്ചു.
രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,96,516 ആയി. ഇവരില്‍ 4,76,643 പേര്‍ ഇതുവരെ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 7,921 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് വീണ്ടും 96 ശതമാനവും മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 307, കിഴക്കന്‍ പ്രവിശ്യ 264, മക്ക 222, അസീര്‍ 184, ജീസാന്‍ 67, നജ്‌റാന്‍ 46, തബൂക്ക് 28, മദീന 23, ഹായില്‍ 23, അല്‍ബാഹ 19, വടക്കന്‍ അതിര്‍ത്തി മേഖല 12, അല്‍ഖസീം 6, അല്‍ജൗഫ് 6. രാജ്യത്തെ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് 18,896,726 ഡോസ് ആയി.
🇶🇦കൊവിഡ് നിയമലംഘനം; ഖത്തറില്‍ 215 പേര്‍ക്കെതിരെ കൂടി നടപടി.
✒️ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരായ നടപടികള്‍ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. നിയമലംഘനങ്ങളുടെ പേരില്‍ 215 പേര്‍ക്കെതിരെ കൂടി നടപടിയെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. ഇവരില്‍ 197 പേരും പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിനാണ് പിടിയിലായത്.
സുരക്ഷിതമായ സമൂഹിക അകലം പാലിക്കാത്തതിന് കഴിഞ്ഞ ദിവസം 16 പേര്‍ നടപടി നേരിട്ടു. മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാത്തതിന് രണ്ടുപേരും പിടിയിലായി. പിടിയിലാവുന്നവരെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയാണ് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ ചെയ്യുന്നത്. ഇതുവരെ ഇത്തരത്തില്‍ ആയിരക്കണക്കിന് പേര്‍ക്കെതിരെ നിയമലംഘനങ്ങള്‍ക്ക് നടപടി സ്വീകരിച്ച് കഴിഞ്ഞിട്ടുണ്ട്.
രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.
🇴🇲ഒമാനില്‍ 1,675 പേര്‍ക്ക് കൂടി കൊവിഡ്, 17 മരണം.
✒️ഒമാനില്‍ ഇന്ന് 1675 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 17 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.
ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കേസുകളുടെ എണ്ണം 2,80,235 ആയി. 2,48,151 പേര്‍ ആകെ രോഗമുക്തരായി. ഇവരില്‍ 3,356 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 156 പേരെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുള്‍പ്പെടെ 1,491 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 493 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
🕋ഹജ്ജ് തീർഥാടകർക്ക് കോവിഡ് വാക്സിനൊഴികെ മറ്റ് വാക്സിനുകൾ നിർബന്ധമില്ല.
✒️ഹജ്ജ് തീർഥാടകർക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് അല്ലാതെ മറ്റ് രോഗ പ്രതിരോധ കുത്തിവെപ്പുകൾ നിർബന്ധമല്ലെന്ന് സൗദി ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി. കോവിഡ് വാക്സിൻ രണ്ട് ഡോസ് കുത്തിവെപ്പും എടുക്കൽ നിർബന്ധമാണ്. മന്ത്രാലയം ഒരുക്കിയ 'ഇസ്അൽ ഹജ്ജ്' എന്ന ട്വീറ്റർ അക്കൗണ്ടിൽ ഒരാളുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ് കുത്തിവെപ്പ് അല്ലാതെ മറ്റ് കുത്തിവെപ്പുകൾ തീർഥാടകർക്ക് നിർബന്ധമുണ്ടോയെന്ന ചോദ്യത്തിനായിരുന്നു ഈ മറുപടി. ഹജ്ജ് തീർഥാടകർ കോവിഡ് കുത്തിവെപ്പ് രണ്ട് ഡോസുകൾ എടുക്കേണ്ടതിെൻറ പ്രധാന്യം ഹജ്ജ് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയതാണ്. കോവിഡ് കുത്തിവെപ്പ് രണ്ട് ഡോസ് എടുത്തിരിക്കൽ ഹജ്ജിനുള്ള നിബന്ധനയായി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. അപേക്ഷ നടപടികൾ സ്വീകരിച്ച് അനുമതി പത്രം ലഭിച്ചവർ രണ്ടാം ഡോസ് എടുത്തിട്ടില്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ ഏറ്റവും അടുത്തുള്ള മെഡിക്കൽ സെൻററുകളിലെത്തി കോവിഡ് കുത്തിവെപ്പെടുക്കണമെന്നും ഇതിനായി മുൻകുട്ടി ബുക്കിങ് നടത്തേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കിയിരുന്നു.
അതേ സമയം, കോവിഡ് വാക്സിനേഷന് പുറമെ പകർച്ചപ്പനി, മെനിഞ്ചൈറ്റിസ് പ്രതിരോധ കുത്തിവെപ്പുകളും തീർഥാടകൻ എടുത്തിരിക്കൽ അനിവര്യമാണെന്ന ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഹജ്ജ് പോലെയുള്ള മനുഷ്യമഹാ സംഗമത്തിനിടയിലുണ്ടായേക്കാവുന്ന പകർച്ച വ്യാധികൾ തടയുകയാണ് പ്രതിരോധ കുത്തിവെപ്പിലൂടെ ലക്ഷ്യമിടുന്നത്. ഇതിനുള്ള സൗകര്യം വിവിധ മേഖലകളിലെ ആശുപത്രികളിലും മെഡിക്കൽ സെൻററുകളിലും ഒരുക്കിയിട്ടുണ്ട്.
ചില ഗവർണറേറ്റുകളിൽ പ്രത്യേകം മെഡിക്കൽ സെൻറുകൾ തന്നെ നിശ്ചയിച്ചിട്ടുണ്ട്. ഹജ്ജിന് അനുമതി ലഭിച്ചവർ പകർച്ചപ്പനി, മെനിഞ്ചൈറ്റിസ് കുത്തിവെപ്പെടുക്കാൻ നേരിട്ട് ഹാജരാകാമെന്നും മുൻകൂട്ടി ബുക്കിങ്ങിെൻറ ആവശ്യമില്ലെന്നും കഴിഞ്ഞ ദിവസം താഇഫ് ആരോഗ്യ കാര്യാലയം അറിയിക്കുകയും ചെയ്തിരുന്നു. ഹജ്ജ് ആരംഭിക്കുന്നതിന് 10 ദിവസമെങ്കിലും മുമ്പ് മെനിഞ്ചൈറ്റിസ്, പകർച്ചപ്പനി പ്രതിരോധ കുത്തിവെപ്പുകൾ എടുക്കാനാണ് ആരോഗ്യ മന്ത്രാലയത്തിെൻറ നിർദേശം. ശരീരത്തിന് പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് മതിയായ കാലയളവ് ലഭിക്കുന്നതിനാണ് ഇത്. പനി, ശരീര വേദന എന്നിവ കുറക്കുന്നതിന് കോവിഡ്, പകർച്ചപ്പനി കുത്തിവെപ്പുകൾക്കിടയിൽ രണ്ട് മുതൽ നാല് ദിവസം വരെ ഇടവേള ഉണ്ടാകുന്നത് നല്ലതാണെന്നും ആരോഗ്യ മന്ത്രാലയം സൂചിപ്പിട്ടുണ്ട്.
📲കോൺസുലേറ്റ്, എംബസി വിവരങ്ങൾ വേഗത്തിലറിയാം; പുതിയ പോർട്ടലൊരുക്കി ഇന്ത്യൻ കോൺസുലേറ്റ്.
✒️പ്രവാസികൾക്ക് പുതിയ വിവരങ്ങൾ കൃത്യമായി ലഭ്യമാക്കാൻ പുതിയ സംവിധാനമൊരുക്കി ദുബൈ ഇന്ത്യൻ കോൺസുലേറ്റ്. ഇന്ത്യൻ നയതന്ത്ര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉടൻ ലഭ്യമാക്കാനും രജിസ്‌ട്രേഷൻ ഉപകരിക്കും. എല്ലാ പ്രവാസികളും ഇതു പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ നിർദേശിച്ചു. പ്രവാസികളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിനാണ് പുതിയ പോർട്ടൽ. ഇതിൽ രജിസ്റ്റർ ചെയ്യണമെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റാണ് നിർദേശിച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഗ്ലോബൽ പ്രവാസി റിഷ്ത പോർട്ടലിലാണ്(pravasirishta.gov.in) രജിസ്റ്റർ ചെയ്യേണ്ടത്. എംബസി, കോൺസുലേറ്റ് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉടൻ ലഭ്യമാക്കാൻ സംവിധാനം ഒരുക്കും. കോൺസുലാർ സർവിസുകൾ എളുപ്പത്തിൽ ലഭിക്കാനും പോർട്ടൽ സഹായകമാാകുമെന്ന് ബന്ധപ്പെട്ടർ വ്യക്തമാക്കി. രജിസ്റ്റർ ചെയ്യുന്നവർക്ക് എമർജൻസി അലർട്ടുകൾ, നിർദേശങ്ങൾ, വിവരങ്ങൾ എന്നിവ ലഭിക്കും. പ്രവാസികളുമായി ബന്ധപ്പെട്ട സർക്കാരിന്റെ പുതിയ സ്‌കീമുകളെക്കുറിച്ചും പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്യും.
🇶🇦വെള്ളിയാഴ്ച്ച മുതല്‍ ഖത്തറിലെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മന്ത്രിസഭാ യോഗം.
✒️കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ മൂന്നാം ഘട്ടം വെള്ളിയാഴ്ച്ച മുതല്‍ ആരംഭിക്കുമെന്ന് ഖത്തര്‍ മന്ത്രിസഭാ യോഗം. പുതിയ ഇളവുകള്‍ പ്രകാരം കുട്ടികള്‍ക്കും സിനിമാ തിയേറ്ററുകളില്‍ പ്രവേശനം അനുവദിക്കും. കല്യാണത്തില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണത്തിലും മാളുകളിലും റസ്റ്റൊറന്റുകളിലും അനുവദിച്ചവരുടെ എണ്ണത്തിലും വര്‍ധനവ് വരുത്തി.
1. ഓഫിസുകളില്‍ 80 ശതമാനം ജീവനക്കാര്‍ക്ക് ഹാജരാവാമെന്ന വ്യവസ്ഥ തുടരും. ബാക്കിയുള്ളവര്‍ വീടുകളില്‍ നിന്ന് ജോലി ചെയ്യണം.
2. സ്വകാര്യ, സര്‍ക്കാര്‍ മേഖലകളില്‍ വാക്സിനെടുക്കാത്ത എല്ലാ ജീവനക്കാരും ആഴ്ച്ച തോറും കോവിഡ് റാപിഡ് ടെസ്റ്റിന്(ആന്റിജന്‍ ടെസ്റ്റ്) വിധേയരാവണം. കോവിഡ് വന്ന് ഭേദയമാവര്‍ക്ക് ഇതില്‍ ഇളവുണ്ട്.
3. ഇന്‍ഡോറിലും മജ്ലിസിലും വാക്സിനെടുത്ത പരമാവധി 15 പേര്ക്കോ വാക്സിനെടുക്കാത്ത 5 പേര്‍ക്കോ ഒരുമിച്ചു ചേരാം. ഔട്ട്ഡോറില്‍ വാക്സിനെടുത്ത 30 പേര്‍ക്കും വാക്സിനെടുക്കാത്ത 10 പേര്‍ക്കും ഒത്തുചേരാം.
4. ഹോട്ടലുകളിലും വെഡ്ഡിങ് ഹാളുകളിലും നടക്കുന്ന വിവാഹങ്ങളില്‍ പരമാവധി 80 പേര്‍ക്ക് പങ്കെടുക്കാം. അതിഥികളില്‍ വാക്‌സിനെടുക്കാത്തവര്‍ 10ല്‍ കൂടുതല്‍ പാടില്ല.
5. റസ്റ്റൊറന്റുകളും കഫേകളും:
ക്ലീന്‍ ഖത്തര്‍ സര്‍ട്ടിഫിക്കറ്റ് ഉള്ള റസ്റ്റൊറന്റുകളിലും കഫേകളിലും ഔട്ട്ഡോറിലും ഇന്‍ഡോറിലും 50 ശതമാനം പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാം. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നിബന്ധനകള്‍ പാലിക്കുന്ന മറ്റ് റസ്റ്റൊറന്റുകളിലും കഫേകളിലും ഔട്ട്ഡോറില്‍ 30 ശതമാനം പേര്‍ക്കും ഇന്‍ഡോറില്‍ 15 ശതമാനം പേര്‍ക്കും ഭക്ഷണം കഴിക്കാം. ഇന്‍ഡോറില്‍ ഭക്ഷണം കഴിക്കുന്നവര്‍ പൂര്‍ണമായും വാകിസനെടുത്തിരിക്കണം. കുടുംബത്തോടൊപ്പം വരുന്ന കുട്ടികളെ മാത്രമേ ഇന്‍ഡോറില്‍ അനുവദിക്കൂ.
6. ബ്യൂട്ടി സലൂണുകളും ബാര്‍ബര്‍ ഷോപ്പുകളും 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. ജീവനക്കാരും ഉപഭോക്താക്കളും വാക്സിനെടുത്തരിക്കണം. സലൂണുകളില്‍ ഒരേ സമയം ഒന്നില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാവാന്‍ പാടില്ല.
7. സിനിമാ തിയേറ്ററുകള്‍ 30 ശതമാനം ശേഷിയില്‍. കുട്ടികള്‍ക്കും പ്രവേശിക്കാം. ചുരുങ്ങിയത് 75 ശതമാനം പേര്‍ വാക്സിനെടുത്തവരായിരിക്കണം. കുട്ടികളെ വാക്‌സിനെടുക്കാത്ത 25 ശതമാനത്തില്‍ കണക്ക് കൂട്ടും.
8. ഹെല്‍ത്ത്, ഫിറ്റനസ് ക്ലബ്ബ്, സ്പാ എന്നിവിടങ്ങള്‍ 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. ഉപഭോക്താക്കളും ജീവനക്കാരും വാക്‌സിനെടുത്തിരിക്കണം.
9. പരമ്പരാഗത മാര്‍ക്കറ്റുകളും ഷോപ്പിങ് സെന്ററുകളും 50 ശതമാനം ശേഷിയില്‍.
10. സ്‌കൂളില്‍ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ പഠനം സംവിധാനം തുടരും. ശേഷി 50 ശതമാനമായി വര്‍ധിപ്പിച്ചു.
11. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ട്രെയ്‌നിങ് സെന്ററുകളും 50 ശതമാനം ശേഷിയില്‍(പരിശീലകര്‍ വാക്‌സിനെടുത്തിരിക്കണം). പരിശീലനത്തിനെത്തുന്നവരില്‍ 75 ശതമാനം വാക്‌സിനെടുത്തിരിക്കണം.
12. പൊതുഗതാഗതം 50 ശതമാനം ശേഷിയില്‍. വെള്ളി, ശനി ദിവസങ്ങളിലും ഓടും.
13. ഡ്രൈവിങ് സ്‌കൂളുകള്‍ 50 ശതമാനം ശേഷിയില്‍. ജീവനക്കാര്‍ വാക്‌സിനെടുത്തിരിക്കണം
14. പള്ളികളില്‍ 7 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല
15. ഔട്ട്‌ഡോര്‍ സ്വിമ്മിങ് പൂളുകള്‍ 50 ശതമാനം ശേഷിയില്‍. ഇന്‍ഡോര്‍ സ്വിമ്മിങ് പൂളുകളില്‍ 30 ശതമാനം. ഉപഭോക്താക്കളില്‍ 75 ശതമാനം പേര്‍ വാക്‌സിനെടുത്തിരിക്കണം. കുട്ടികള്‍ക്കും പ്രവേശനം. ഇവരെ വാക്‌സിനെടുക്കാത്തവരായി എണ്ണും. മൊത്തം ശേഷിയുടെ 25 ശതമാനത്തില്‍ കൂടരുത്.
16. അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, എന്റര്‍ടെയിന്‍മെന്റ് സോണുകള്‍-തുറന്ന സ്ഥലങ്ങള്‍ 50 ശതമാനം ശേഷിയില്‍. ഇന്‍ഡോറില്‍ 30 ശതമാനം(75 ശതമാനം വാക്‌സിനെടുത്തവര്‍ ആയിരിക്കണം). കുട്ടികളെ വാക്‌സിനെടുക്കാത്തവരുടെ കൂട്ടത്തില്‍ എണ്ണും.
17. പാര്‍ക്കുകള്‍, കോര്‍ണിങ്, ബീച്ചുകള്‍: 15 പേരടങ്ങുന്ന സംഘങ്ങള്‍. അല്ലെങ്കില്‍ ഒരേ കൂടുംബത്തില്‍പ്പെട്ടവര്‍. സ്വകാര്യ ബീച്ചുകള്‍ ആകെ ശേഷിയുടെ 50 ശതമാനം പേര്‍ മാത്രം.
18. ടീം സ്‌പോര്‍ട് ട്രെയ്‌നിങ്: ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച് പ്രാദേശിക, അന്താരാഷ്ട്ര മല്‍സരങ്ങള്‍ക്കുള്ള പരിശീലനം. പുറത്ത് 50 പേരും അകത്ത് 30 പേരും മാത്രം(75 ശതമാനം വാക്‌സിനെടുത്തവര്‍).
19. അന്താരാഷ്ട്ര, പ്രാദേശിക കായിക മല്‍സരങ്ങള്‍: ഔട്ട്‌ഡോറില്‍ 50 ശതമാനം കാണികളുമായി അനുമതി. കാണികളില്‍ 75 ശതമാനം പേര്‍ വാക്സിനെടുത്തിരിക്കണം. വാക്‌സിനെടുക്കാത്തവര്‍ 24 മണിക്കൂറിനുള്ളില്‍ എടുത്ത ആന്റിജന്‍ നെഗറ്റീവ് ടെസ്റ്റ് ഫലം കാണിക്കണം. ഇന്‍ഡോറില്‍ 30 ശതമാനം കാണികള്‍. എല്ലാവരും വാക്‌സിനെടുത്തിരിക്കണം.
20. ഇവന്റുകള്‍, കോണ്‍ഫറന്‍സുകള്‍, എക്‌സിബിഷനുകള്‍ എന്നിവ 30 ശതമാനം ശേഷിയില്‍ നടത്താം. ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിക്ക് വിധേയം.
21. ലൈബ്രറികളിലും മ്യൂസിയങ്ങളിലും 75 ശതമാനം പേര്‍.
22. ഷോപ്പിങ് സെന്ററുകള്‍: 50 ശതമാനം ശേഷിയില്‍ തുടരും. ഫുഡ് കോര്‍ട്ടുകള്‍, മസ്ജിദുകള്‍, ടോയ്ലറ്റുകള്‍ 30 ശതമാനം ശേഷിയില്‍.
23. ഹോള്‍സെയില്‍ മാര്‍ക്കറ്റുകള്‍: 50 ശതമാനം ശേഷിയില്‍. കൂട്ടികള്‍ക്ക് പ്രവേശിക്കാം.
24. നഴ്‌സറികളും ചൈല്‍ഡ്‌കെയറും: 50 ശതമാനം ശേഷിയില്‍(വാക്‌സിനെടുത്ത ജീവനക്കാര്‍ മാത്രം)
25. ബോട്ടുകളും ടൂറിസ്റ്റ് യാനങ്ങളും 50 ശതമാനം ശേഷിയില്‍. വാക്സിനെടുത്ത പരമാവധി 20 പേര്‍ വരെ. മൂന്ന് പേര്‍ വരെ വാക്സിനെടുക്കാത്തവര്‍ ആവാം.
26. ബിസിനസ് മീറ്റിങുകളില്‍ 15 പേര്‍. ഇതില്‍ 5 പേര്‍ വരെ വാക്സിനെടുക്കാത്തവര്‍ ആവാം.
27. ഹോസ്പിറ്റാലിറ്റി-ക്ലീനിങ് സര്‍വീസുകളില്‍ വാക്‌സിനെടുത്ത ജീവനക്കാര്‍ക്ക് ഒന്നിലധികം വീടുകളില്‍ ജോലി ചെയ്യാം
28. വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പടെ പരമാവധി നാലുപേര്‍ മാത്രം. ഒരേ കുടുംബത്തില്‍പ്പെട്ടവര്‍ക്ക് ഇളവ്
29. പുറത്തിറങ്ങുമ്പോള്‍ മാസ്‌ക്ക് ധരിക്കുകയും ഇഹ്തിറാസ് ആപ്പ് ആക്ടിവേറ്റ് ചെയ്യുകയും വേണം
30. ബസ്സുകള്‍ പരമാവധി ശേഷിയുടെ പകുതി പേര്‍ മാത്രം.
31. സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിക്കാം. ജീവനക്കാര്‍ മുഴുവന്‍ വാക്‌സിനെടുത്തിരിക്കണം.
യാത്രക്കാരുടെ കാര്യത്തില്‍ നിലവിലുള്ള നയം തുടരാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.
🇶🇦ഖത്തറില്‍ ഇന്ന് രണ്ട് കോവിഡ് മരണം; രോഗികളുടെ എണ്ണം വര്‍ധിച്ചു.
✒️ഖത്തറില്‍ ഇന്ന് 158 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 85 പേരാണ് രോഗമുക്തി നേടിയത്. 89 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 69 പേര്‍. 1,560 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.
ഖത്തറില്‍ രണ്ടുപേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 38ഉം 75ഉം വയസ്സുള്ളവരാണ് മരിച്ചത്. ആകെ മരണം 596. രാജ്യത്ത് ഇതുവരെ 2,20,762 പേര്‍ രോഗമുക്തി നേടി. ഇന്ന് 9 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 89 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.
24 മണിക്കൂറിനിടെ 29,158 ഡോസ് വാക്‌സിന്‍ നല്‍കി. ആകെ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 33,33,203 ആയി.
0 Comments