ഹാജിമാര്‍ക്ക് ഇന്ന് തിരക്കേറിയ ദിനമാണ്. ഹജ്ജിന്റെ പ്രധാന ചടങ്ങുകളിലൊന്നായ ജംറയിലെ കല്ലേറ് കർമ്മം ഇന്ന് മുതലാണ്.
തിങ്കളാഴ്ചയായിരുന്നു വിശുദ്ധ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം. മന്ത്രധ്വനികൾ ഉരുവിട്ടുകൊണ്ട് സ്വദേശികളും വിദേശികളുമായ 60,000 തീർഥാടകരാണ് അറഫാ സംഗമത്തിൽ പങ്കെടുത്തത്. പകൽ മുഴുവൻ പ്രാർഥനയിൽ അറഫയിൽ കഴിഞ്ഞ തീർഥാടകർ സൂര്യാസ്തമയത്തോടെ അറഫയിൽനിന്ന് മുസ്ദലിഫയിൽ പോയി.
അറഫ സംഗമത്തിന് ശേഷം മുസ്ദലിഫയില്‍ താമസിച്ച ഹാജിമാര്‍ പുലര്‍ച്ചെയോടെ മിനായില്‍ തിരിച്ചെത്തി. തുടര്‍ന്ന് ഇവിടെ നിന്നും ജംറയില്‍ കല്ലേറ് നിര്‍വ്വഹിച്ചു മുടി മുണ്ഡനം ചെയ്തു മക്കയില്‍ തിരിച്ചെത്തി കഅബ ത്വവാഫ് ചെയ്തു സഅയും ചെയത് വീണ്ടും മിനയിലേക്ക് തന്നെ തിരിച്ചു പോകണം. ഇതെല്ലാം ഇന്നത്തെ ദിവസം ഹാജിമാര്‍ ചെയ്യേണ്ട കര്‍മ്മങ്ങളാണ്. മിനായില്‍ നിന്നും മക്കയിലേക്കും തിരിച്ചും വാഹങ്ങളിലാണ് ഹാജിമാര്‍ യാത്ര ചെയ്യുക. അറഫ സംഗമത്തിന് ശേഷം ഇന്നലെ മുസ്‌ദലിഫയിൽ രാത്രി കഴിച്ചു കൂട്ടിയ ഹാജിമാർ കല്ലുകൾ ശേഖരിച്ചാണ് പുലർച്ചെ മിനായിൽ തിരിച്ചെത്തിയത്.
കൊവിഡ് പശ്ചാത്തലത്തിൽ ഒരുക്കിയ പ്രത്യേക നിയന്ത്രങ്ങളിലൂടെയായിരിക്കും ഹാജിമാർ കല്ലെറിയൽ കർമ്മം നടത്തുവാനായി നീങ്ങുക. സാമൂഹികാകലം പാലിച്ചുവെന്നു ഉറപ്പ് വരുത്തുന്നതടക്കമുള്ള കാര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. തീർത്ഥാടകർ ഒരിക്കലും കൂടിക്കലരാത്ത നിലയിലുള്ള ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തീർത്ഥാടകർ ഒരേ സമയം കല്ലേറ് കർമ്മം നിർവ്വഹിക്കാൻ എത്തുന്നതാണു ഇവിടെ പലപ്പോഴും അപകടങ്ങൾക്ക് കാരണം. ഇതൊഴിവാകാനായി കുറഞ്ഞ ഹാജിമാരാണെങ്കിലും പ്രത്യേക സമയ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, കല്ലേറ് കര്‍മം നിരീക്ഷിക്കാന്‍ ജംറകളുടെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാ സേനകളെയും കാമറകളും സ്ഥാപിച്ചിട്ടുണ്ടണ്ട്. സദാ സമയവും നിരീക്ഷണം നടത്തി ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ ഒരിക്കലും ലംഘിച്ചില്ലെന്ന് ഉറപ്പ് വരുത്താൻ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്.
0 Comments