Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ

🇸🇦സൗദി അറേബ്യയിൽ കൊവിഡ് മുക്തരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു.

🇦🇪യുഎഇയില്‍ ഇന്ന് ഏഴ് കൊവിഡ് മരണം; 1549 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

🇴🇲ഒമാനിൽ ജനസംഖ്യയുടെ 53 ശതമാനം പേർക്ക് വാക്സിൻ നൽകിക്കഴിഞ്ഞുവെന്ന് ആരോഗ്യ മന്ത്രാലയം.

🛫ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഓഗസ്റ്റ് രണ്ട് വരെ വിമാനമില്ലെന്ന് ഇത്തിഹാദ്.

🇴🇲ഒമാനിൽ കൊവിഡ് കണക്കിൽ നേരിയ ആശ്വാസം; ഇന്ന് രോഗമുക്തർ, പുതിയ രോഗികളെക്കാൾ കൂടുതൽ.

🕋വിദേശത്ത് നിന്നുള്ളവർക്ക് സൗദിയിലേക്ക് ഉംറ നിർവഹിക്കാൻ എത്താം: അനുമതി ഓഗസ്റ്റ് 10 മുതൽ.

🇰🇼ആഗസ്​റ്റ്​ ഒന്നുമുതൽ വിദേശികൾക്ക്​ കുവൈത്തിലേക്ക്​ വരാം.

🇶🇦ഖത്തർ: ക്വാറന്റീൻ നടപടികളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജവാർത്തകളെക്കുറിച്ച് ജാഗ്രത പുലർത്താൻ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു.

🇴🇲ഒമാൻ: ഷോപ്പിംഗ് മാളുകൾ, ഭക്ഷണശാലകൾ എന്നിവയുടെ പ്രവർത്തനശേഷി 50 ശതമാനമാക്കി നിജപ്പെടുത്തിയ തീരുമാനം തുടരും.

🇦🇪അബുദാബി: പുതിയ വാണിജ്യ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള ലൈസൻസ് ഫീ 1000 ദിർഹമാക്കി കുറച്ചു.

🇶🇦ഖത്തറില്‍ ഇന്ന് 107 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചു.

🇶🇦ഖത്തർ വഴി സൗദിയിലേക്ക് പോവുന്ന പ്രവാസികൾ ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക.

വാർത്തകൾ വിശദമായി

🇸🇦സൗദി അറേബ്യയിൽ കൊവിഡ് മുക്തരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു.

✒️സൗദി അറേബ്യയിൽ കൊവിഡ് ബാധയിൽ നിന്ന് മുക്തി നേടിയവരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു. ഇന്ന് 1,299 പേർ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 5,00428 ആയി ഉയർന്നു. അതെസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 1,252 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചെന്ന് സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. 

ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ ആകെ എണ്ണം 519,395 ആയി. ഇന്ന് രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 12 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ആകെ മരണസംഖ്യ 8,167 ആയി ഉയർന്നു. രാജ്യമാകെ ഇന്ന് 90,510 കൊവിഡ് പരിശോധനകളാണ് നടത്തിയത്. രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ ആകെ എണ്ണം 10,788 ആയി. ഇതിൽ 1,424 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 316, റിയാദ് 265, കിഴക്കൻ പ്രവിശ്യ 169, അസീർ 145, അൽഖസീം 81, ജീസാൻ 69, മദീന 62, ഹായിൽ 61, നജ്റാൻ 43, അൽബാഹ 20, തബൂക്ക് 12, വടക്കൻ അതിർത്തി മേഖല 6, അൽജൗഫ് 3. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് 24,745,588 ഡോസായി.

🇦🇪യുഎഇയില്‍ ഇന്ന് ഏഴ് കൊവിഡ് മരണം; 1549 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

✒️യുഎഇയില്‍ 1,549 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,510 പേര്‍ സുഖം പ്രാപിക്കുകയും ഏഴ്  പേര്‍ മരണപ്പെടുകയും ചെയ്തു. 

പുതിയതായി നടത്തിയ  2,32,389 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,73,185 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,50,683 പേര്‍ രോഗമുക്തരാവുകയും 1,927 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,575  കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

🇴🇲ഒമാനിൽ ജനസംഖ്യയുടെ 53 ശതമാനം പേർക്ക് വാക്സിൻ നൽകിക്കഴിഞ്ഞുവെന്ന് ആരോഗ്യ മന്ത്രാലയം.

✒️ഒമാൻ ജനസംഖ്യയില്‍ വാക്‌സിന്‍ എടുക്കാന്‍ അര്‍ഹതപ്പെട്ടവരില്‍ 53 ശതമാനത്തോളം പേർക്ക് ഇതിനോടകം തന്നെ വാക്സിൻ നൽകിക്കഴിഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,926,307 പേരാണ് ഇതിനോടകം വാക്‌സിന്‍ സ്വീകരിച്ചത്. 1,587,784 പേർക്ക് ആദ്യ ഡോസ് വാക്സിനെടുത്തു.  338,523  പേരാണ് രണ്ടാമത്തെ ഡോസും  പൂർത്തീകരിച്ചതെന്ന് ഒമാൻ ന്യൂസ് ഏജൻസി പുറത്ത് വിട്ട വാർത്താകുറിപ്പിൽ പറയുന്നു. രാജ്യത്തെ എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും പൊതുജനങ്ങളിൽ നിന്നും നല്ല സഹകരണമാണ്  ലഭിക്കുന്നതെന്നും  പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.

🛫ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഓഗസ്റ്റ് രണ്ട് വരെ വിമാനമില്ലെന്ന് ഇത്തിഹാദ്.

✒️ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഓഗസ്റ്റ് രണ്ട് വരെ സര്‍വീസ് ഉണ്ടാവില്ലെന്ന് ഇത്തിഹാദ് എയര്‍‌വേയ്‍സ് അറിയിച്ചു. ഇത് സംബന്ധിച്ച് തങ്ങള്‍ക്ക് സ്ഥിരീകരണം ലഭിച്ചതായും വിമാനക്കമ്പനി ട്വിറ്ററിലൂടെ അറിയിച്ചു. ഇതോടെ ഓഗസ്റ്റ് ആദ്യം മുതലെങ്കിലും സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പ്രവാസികളുടെ യാത്ര വീണ്ടും പ്രതിസന്ധിയിലായി.

ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ സംബന്ധിച്ച് യാത്രക്കാരുടെ അന്വേഷണങ്ങള്‍ക്ക് മറുപടിയായാണ് ഇത്തിഹാദ് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുതിയ വിവരങ്ങള്‍ അറിയിച്ചത്. ഓഗസ്റ്റ് രണ്ടാം തീയ്യതി വരെ സര്‍വീസുകള്‍ ഉണ്ടാവില്ലെന്നതിന് പുറമെ വിമാന വിലക്ക് ദീര്‍ഘിപ്പിച്ചേക്കാമെന്ന സംശയവും അറിയിപ്പില്‍ പ്രകടിപ്പിക്കുന്നുണ്ട്. ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ അധികൃതരാണ് കൈക്കൊള്ളേണ്ടതെന്നും പുതിയ വിവരങ്ങള്‍ തങ്ങളുടെ വെബ്‍സൈറ്റില്‍ ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. നേരത്തെ ജൂലെ അവസാനം വരെ സര്‍വീസുകള്‍ ഉണ്ടാവില്ലെന്ന അറിയിപ്പ് വന്നപ്പോള്‍ പുതിയ സാഹചര്യത്തില്‍ ഓഗസ്റ്റ് മുതല്‍ വിമാന സര്‍വീസ് തുടങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികള്‍. ഇതാണ് ഇപ്പോള്‍ പുതിയ അറിയിപ്പോടെ വീണ്ടും നീളുമെന്ന് ഉറപ്പായത്.

🇴🇲ഒമാനിൽ കൊവിഡ് കണക്കിൽ നേരിയ ആശ്വാസം; ഇന്ന് രോഗമുക്തർ, പുതിയ രോഗികളെക്കാൾ കൂടുതൽ.

✒️ഒമാനിൽ പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ന് നേരിയ ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിനിടെ 572 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 723 പേർ രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇതോടൊപ്പം രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 93.9 ശതമാനമായി ഉയരുകയും ചെയ്തു.

രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടെ പോസിറ്റീവ് കേസുകളുടെ എണ്ണം 2,94,526 ആണ്. ഇതിൽ 2,76,483 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. നിലവിൽ 723 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിലും  കുറവാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇപ്പോൾ 292 പേരാണ് ഐ.സി.യുവിൽ ചികിത്സയിലുള്ളത്. കഴിഞ്ഞ 24  മണിക്കൂറിൽ പുതിയതായി 18 കൊവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ 3771  പേരാണ് കൊവിഡ് മൂലം ഒമാനിൽ മരണപ്പെട്ടിട്ടുള്ളത്.

🕋വിദേശത്ത് നിന്നുള്ളവർക്ക് സൗദിയിലേക്ക് ഉംറ നിർവഹിക്കാൻ എത്താം: അനുമതി ഓഗസ്റ്റ് 10 മുതൽ.

✒️കൊവിഡ് രണ്ടാം തരംഗത്തിന്റെ സാഹചര്യത്തിൽ നിർത്തി വെച്ചിരിക്കുന്ന വിദേശത്തു നിന്ന് വരുന്നവർക്കുള്ള ഉംറ തീർത്ഥാടനം ഓഗസ്റ്റ് 10 മുതൽ പുനരാരംഭിക്കും. ഹിജ്റ വർഷാരംഭമായ മുഹറം ഒന്ന് ഓഗസ്റ്റ് 10നാണ്. അന്ന് മുതൽ വിദേശത്ത് നിന്നുള്ള തീർഥാടകർക്ക് ഉംറ നിർവഹിക്കാനായി രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് സൗദി അധികൃതർ അറിയിച്ചു. 

നിലവിൽ സൗദിയിലേക്ക് യാത്രാവിലക്കുള്ള രാജ്യങ്ങളിൽ നിന്നൊഴികെ മറ്റു രാജ്യങ്ങളിൽ നിന്നും നേരിട്ട് ഉംറ വിസയിൽ സൗദിയിലെത്താം. സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അംഗീകരിച്ച ഉംറ സർവീസ് സ്ഥാപനങ്ങൾ മുഖേനയാണ് ഉംറക്കെത്തേണ്ടത്. എന്നാൽ ഇന്ത്യ ഉൾപ്പെടെ യാത്രാവിലക്കുള്ള ഒമ്പത് രാജ്യങ്ങളിൽ നിന്നുള്ളവർ വിലക്കില്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസങ്ങൾ ക്വാറന്റീൻ പൂർത്തിയാക്കിയാൽ മാത്രമേ സൗദിയിൽ പ്രവേശിക്കാൻ അനുമതി ഉണ്ടാവൂ. 18 വയസ് പൂർത്തിയായവർക്കും സൗദി അംഗീകരിച്ച വാക്സിനുകളിൽ രണ്ട് ഡോസും പൂർത്തിയാക്കിയവർക്കുമായിരിക്കും അനുമതി.

🇰🇼ആഗസ്​റ്റ്​ ഒന്നുമുതൽ വിദേശികൾക്ക്​ കുവൈത്തിലേക്ക്​ വരാം.

✒️ആഗസ്​റ്റ്​ ഒന്നുമുതൽ വിദേശികൾക്ക്​ പ്രവേശന വിലക്ക്​ ഉണ്ടാകില്ലെന്ന്​ മന്ത്രിസഭ വ്യക്​തമാക്കി. ഇത്​ നേരത്തെ പ്രഖ്യാപിച്ചതാണെങ്കിലും അവസാന ഘട്ടത്തിൽ അനിശ്ചിതത്വമോ മാറ്റമോ ഉണ്ടാകുമോ എന്ന ആശങ്കയിലായിരുന്ന പ്രവാസികൾക്ക്​ തിങ്കളാഴ്​ചത്തെ മ​ന്ത്രിസഭ പ്രഖ്യാപനം ആശ്വാസമായി. മന്ത്രിസഭ പ്രഖ്യാപനത്തിന്​ ശേഷം ടിക്കറ്റ്​ എടുത്താൽ മതിയെന്ന്​ നേരത്തെ ഇന്ത്യൻ എംബസി നിർദേശം നൽകിയിരുന്നു. അംഗീകൃത വാക്​സിൻ രണ്ട്​ ഡോസ്​ എടുത്തിരിക്കണമെന്നും കുവൈത്തിൽ ഇഖാമയുണ്ടായിരിക്കണമെന്നുമാണ്​ നിബന്ധ​ന വെച്ചിട്ടുള്ളത്​. യാത്രക്ക്​ 72 മണിക്കൂർ മുമ്പ്​ സമയപരിധിയിൽ പി.സി.ആർ പരിശോധന നടത്തി കോവിഡ്​ മുക്​തി തെളിയിക്കണം. ഫൈസർ, മോഡേണ, ആസ്​ട്രസെനക, ജോൺസൻ ആൻഡ്​ ജോൺസൻ എന്നീ വാക്​സിനുകളാണ്​ കുവൈത്ത്​ അംഗീകരിച്ചിട്ടുള്ളത്​. ജോൺസൻ ആൻഡ്​ ജോൺസൻ വാക്​സിൻ ഒറ്റ ഡോസ്​ ആണ്​. ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവിഷീൽഡ്​ വാക്​സിൻ ആസ്​ട്രസെനകയാണ്​.

🇶🇦ഖത്തർ: ക്വാറന്റീൻ നടപടികളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജവാർത്തകളെക്കുറിച്ച് ജാഗ്രത പുലർത്താൻ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു.

✒️ഇന്ത്യയിൽ നിന്ന് ഖത്തറിലേക്ക് യാത്ര ചെയ്യുന്നവരുടെ ക്വാറന്റീൻ നടപടികളുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വ്യാജ വർത്തകളെക്കുറിച്ച് ജാഗ്രത പുലർത്താൻ ദോഹയിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. വാക്സിനെടുത്തവർ ഖത്തറിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ഏർപ്പെടുത്തിയിട്ടുള്ള ക്വാറന്റീൻ നടപടികളിൽ മാറ്റം വരുത്തിയതായുള്ള വാർത്തകൾ വ്യാജമാണെന്ന് എംബസി ചൂണ്ടിക്കാട്ടി.

ഖത്തറിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക യാത്രാ മാനദണ്ഡങ്ങൾ അറിയുന്നതിനായി ഖത്തർ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് പരിശോധിക്കാനും എംബസി ഇന്ത്യക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്. https://covid19.moph.gov.qa/EN/travel-and-return-policy/Pages/default.aspx എന്ന വിലാസത്തിൽ യാത്രാ നിബന്ധനകൾ ലഭ്യമാണ്.

യാത്രകൾക്ക് മുൻപായി ഈ മാനദണ്ഡങ്ങൾ വിമാനകമ്പനികളുമായി പരിശോധിച്ചുറപ്പ് വരുത്താനും എംബസി നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് ഖത്തറിലേക്ക് യാത്ര ചെയ്യുന്നവരുടെ ഹോട്ടൽ ക്വാറന്റീൻ നടപടികളിൽ മാറ്റം വരുത്തിയതായുള്ള റിപ്പോർട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സാഹചര്യത്തിലാണ് എംബസി ഇത്തരം ഒരു അറിയിപ്പ് പുറത്തിറക്കിയത്.

രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള യാത്രാ മാനദണ്ഡങ്ങളിലും, തിരികെയെത്തുന്നതിനുള്ള നിബന്ധനകളും 2021 ജൂലൈ 12-നാണ് ഖത്തർ അവസാനമായി മാറ്റം വരുത്തിയത്. ഈ മാനദണ്ഡങ്ങൾ പ്രകാരം ലോകരാജ്യങ്ങളെ മൂന്ന് ലിസ്റ്റുകളായി തരം തിരിച്ചിട്ടുണ്ട്. ഈ അറിയിപ്പ് പ്രകാരം, ജൂലൈ 12 മുതൽ ഖത്തർ അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചിട്ടുള്ളവർക്ക് (രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് 14 ദിവസം പൂർത്തിയാക്കിയിരിക്കണം) മാത്രമാണ് രാജ്യത്തേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ക്വാറന്റീൻ ഒഴിവാക്കി നൽകുന്നത്.

COVID-19 സാഹചര്യങ്ങൾക്കനുസരിച്ച് ഗ്രീൻ, യെല്ലോ, റെഡ് എന്നിങ്ങനെ മൂന്നായാണ് രാജ്യങ്ങളെ തരം തിരിച്ചിരിക്കുന്നത്. വിവിധ ലിസ്റ്റുകളിലെ രാജ്യങ്ങളിൽ നിന്ന് പ്രവേശിക്കുന്നവർക്ക് വിവിധ രീതിയിലുള്ള PCR, ക്വാറന്റീൻ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യയെ റെഡ് ലിസ്റ്റിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യങ്ങളുടെ സമ്പൂർണ്ണ പട്ടിക, യാത്രാ മാനദണ്ഡങ്ങൾ എന്നിവ https://pravasidaily.com/qatar-to-update-entry-procedures-from-july-12-2021/ എന്ന വിലാസത്തിൽ ലഭ്യമാണ്.

*താഴെ പറയുന്ന വാക്സിനുകൾക്കാണ് ഖത്തർ ഔദ്യോഗിക അംഗീകാരം നൽകിയിരിക്കുന്നത്:*

ഫൈസർ ബയോഎൻടെക്ക് (Comirnaty എന്ന പേരിലും അറിയപ്പെടുന്നു)

മോഡേണ വാക്സിൻ (Spikevax)

ഓക്സ്ഫോർഡ് ആസ്ട്രസെനേക (കോവിഷീൽഡ്, Vaxzevria)

ജോൺസൺ ആൻഡ് ജോൺസൻ വാക്സിൻ (Janssen)

ഇതിന് പുറമെ സിനോഫാം വാക്‌സിന് വ്യവസ്ഥകളോടെ ഖത്തർ അനുമതി നൽകിയിട്ടുണ്ട്. ഇവർക്ക് ഖത്തറിലെത്തിയ ശേഷം ആന്റിബോഡി പരിശോധന നടത്തുന്നതാണ്. ഈ പരിശോധനയിൽ ആന്റിബോഡി സാന്നിധ്യം കണ്ടെത്താത്ത സാഹചര്യത്തിൽ യാത്രപുറപ്പെട്ട രാജ്യം അടിസ്ഥാനമാക്കി ക്വാറന്റീൻ ഏർപ്പെടുത്തുന്നതാണ്.

🇴🇲ഒമാൻ: ഷോപ്പിംഗ് മാളുകൾ, ഭക്ഷണശാലകൾ എന്നിവയുടെ പ്രവർത്തനശേഷി 50 ശതമാനമാക്കി നിജപ്പെടുത്തിയ തീരുമാനം തുടരും.

✒️രാജ്യത്തെ ഷോപ്പിംഗ് മാളുകൾ, റെസ്റ്ററന്റുകൾ, കഫെ മുതലായ സ്ഥാപനങ്ങളുടെ പ്രവർത്തനം അമ്പത് ശതമാനം ഉപഭോക്താക്കൾക്ക് സേവനങ്ങൾ നൽകുന്ന രീതിയിൽ നിജപ്പെടുത്തിയ ഒമാൻ സുപ്രീം കമ്മിറ്റിയുടെ തീരുമാനം തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ജൂലൈ 25, ഞായറാഴ്ച്ചയാണ് ഒമാൻ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ ഇക്കാര്യം അറിയിച്ചത്.

ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനശേഷി നിയന്ത്രിക്കാനുള്ള സുപ്രീം കമ്മിറ്റി തീരുമാനത്തിൽ മാറ്റമില്ലെന്നും, ഈ തീരുമാനം തുടരുമെന്നും ഒമാൻ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ വ്യക്തമാക്കി. രാജ്യത്ത് COVID-19 വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജൂൺ മാസത്തിലാണ് സുപ്രീം കമ്മിറ്റി രാജ്യത്തെ ഷോപ്പിംഗ് മാളുകൾ, റെസ്റ്ററന്റുകൾ, കഫെ മുതലായ സ്ഥാപനങ്ങളുടെ പ്രവർത്തനശേഷി അമ്പത് ശതമാനമാക്കി നിജപ്പെടുത്തിയത്.

ഈ തീരുമാനം പിൻവലിച്ചിട്ടില്ലന്നും, ഇത് സംബന്ധിച്ച വീഴ്ച്ചകൾക്കെതിരെ ശിക്ഷാനടപടികൾ ഉണ്ടാകുമെന്നും ഒമാൻ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ വ്യക്തമാക്കി.

🇦🇪അബുദാബി: പുതിയ വാണിജ്യ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള ലൈസൻസ് ഫീ 1000 ദിർഹമാക്കി കുറച്ചു.

✒️എമിറേറ്റിൽ പുതിയ വാണിജ്യ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള ഫീസ് 1000 ദിർഹമാക്കി കുറയ്ക്കാൻ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (ADDED) തീരുമാനിച്ചു. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ ഫീസിൽ ഏതാണ്ട് 94 ശതമാനത്തോളം കുറവ് വരുത്തുന്നതിനായാണ് ADDED തീരുമാനിച്ചിരിക്കുന്നത്.

അബുദാബി ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുമായി ചേർന്ന് നടപടിലാക്കുന്ന ഈ തീരുമാനം 2021 ജൂലൈ 27, ചൊവ്വാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. നിലവിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന വാണിജ്യ സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുന്നതിനുള്ള ഫീസ് 1000 ദിർഹമാക്കി കുറയ്ക്കുന്നതിനും ADDED തീരുമാനിച്ചിട്ടുണ്ട്.

ഈ പുതുക്കിയ ഫീസ് ബിസിനസ് ലൈസൻസിൽ ഉൾപ്പെടുന്ന ആറ് പ്രവർത്തനങ്ങൾക്കും ബാധകമായിരിക്കുമെന്നും, ADDED, ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് എന്നിവയുമായി ബന്ധപ്പെട്ട ഫീസുകൾ, അബുദാബി ചേംബർ അംഗത്വ ഫീ, CoC സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള ഫീ തുടങ്ങിയ മറ്റു തുകകൾ എന്നിവയെല്ലാം ഉൾപ്പെടുന്നതാണെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരത്തിൽ നിലനിന്നിരുന്ന പല ഫീസുകളും ഒഴിവാക്കിയതായും അധികൃതർ ചൂണ്ടിക്കാട്ടി.

എമിറേറ്റിൽ വാണിജ്യ പ്രവർത്തനങ്ങൾ സുഗമമാക്കുന്നത് ലക്ഷ്യമിട്ടാണ് ഇത്തരം ഒരു തീരുമാനം. സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് സഹായം നൽകുന്നതിനും ഈ തീരുമാനത്തിലൂടെ ADDED ലക്‌ഷ്യം വെക്കുന്നു.

🇶🇦ഖത്തറില്‍ ഇന്ന് 107 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചു.

✒️ഖത്തറില്‍ ഇന്ന് 178 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 71 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 107 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 138 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 2,23,114 ആയി.

അതേസമയം, രാജ്യത്ത് ഇന്ന് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ആകെ കോവിഡ് മരണ നിരക്ക് 600 ആണ്. 1622 പേരാണ് രാജ്യത്ത് നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 23 പേര്‍ ഐ.സി.യുവില്‍ ചികിത്സയിലാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 69 പേരാണ് നിലവില്‍ ആശുപത്രിയില്‍ ഉള്ളത്.

24 മണിക്കൂറിനിടെ 23,420 ഡോസ് വാക്‌സിന്‍ നല്‍കി. ആകെ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 36,85,591 ആയി. രാജ്യത്ത് വാക്‌സിനേഷന് യോഗ്യരായ 79.8 ശതമാനം പേര്‍ക്ക് ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചു.

🇶🇦ഖത്തർ വഴി സൗദിയിലേക്ക് പോവുന്ന പ്രവാസികൾ ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക.

✒️ഖത്തർ വഴി സൗദിയിലേക്ക് പോവുന്ന പ്രവാസികൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ യാത്ര തന്നെ മതിയാക്കേണ്ടി വരും. ഇത്തരം സന്ദര്ഭത്തെക്കുറിച്ച് ഖത്തര്‍ കെ.എം.സി.സിയുടെ നേതാവ് എസ്.എ.എം ബഷീർ പങ്കുവച്ച കുറിപ്പാണിപ്പോൾ ശ്രദ്ധേയമാവുന്നത്.
കുറിപ്പിങ്ങനെ

സൗദിയിലേക്ക് പോകാന്‍ വേണ്ടി യാത്രാ മധ്യേ ദോഹയില്‍ വിമാനമിറങ്ങിയ ഒരാളെ ഇന്നു പോലീസ് പിടിച്ചു കൊണ്ട് പോയിരിക്കുന്നു. അദ്ദേഹത്തിന്റെ കൂടെ വന്നവരില്‍ നിന്നും നാട്ടില്‍ നിന്ന് ബന്ധുക്കളുടെ അടുത്തു നിന്നും ലഭിച്ച വിവരം അനുസരിച്ച് അദ്ദേഹത്തിന്റെ കയ്യില്‍ അമ്മാവന്റെ മുട്ട് വേദനക്ക് കഴിക്കാനുള്ള മരുന്ന് ഉണ്ടായിരുന്നു. പക്ഷെ അതിന്റെ പ്രിസ്‌ക്രിപ്ഷനോ ബില്ലോ കൈവശം ഉണ്ടായിരുന്നില്ല.
ഇവിടെ ഖത്തറില്‍ ചില അലോപ്പതി മരുന്നുകള്‍ ആരോഗ്യത്തിനു ഹാനികരമാണെന്ന് കണ്ടു നിരോധിച്ചിട്ടുണ്ട്. അത്തരം മരുന്നുകള്‍ രാജ്യത്തേക്ക് കൊണ്ട് വരുന്നതോ കൈവശം വെക്കുന്നതോ ശിക്ഷാര്‍ഹമായ കുറ്റമാണ്. അത്തരക്കാരെ ലഹരിമരുന്നല്ല എന്ന് ബോധ്യപ്പെട്ടാല്‍ അവരവരുടെ നാട്ടിലേക്ക് തിരിച്ചയക്കും. ഓര്‍ക്കുക. ക്വാറന്റൈന്‍ നിയമത്തിലെ ഇളവുകള്‍ക്ക് വേണ്ടി സൗദിയിലെക്കോ മറ്റു രാജ്യങ്ങളിലേക്കോ ഖത്തര്‍ വഴി പോകുന്നവര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നതു ഓണ്‍ അറൈവല്‍ വിസയാണ്.
സാങ്കേതികമായി ഇത് ഖത്തറിലേക്ക് വരാന്‍ മാത്രമുള്ള വിസയാണ്. ഇവിടെ നിന്ന് നാട്ടിലേക്ക് മടങ്ങിപ്പോകാതെ വേറെ രാജ്യങ്ങളിലേക്ക് പോകാന്‍ ഏതു രാജ്യത്തേക്കാണോ പോകുന്നത് അവിടത്തെ വിസയും വിവിധ വിമാനക്കമ്പനികള്‍ നിഷ്‌ക്കര്‍ഷിക്കുന്ന രേഖകളും ഉണ്ടായാല്‍ മതി. കയറിപ്പോകുന്നതിനു ഖത്തറില്‍ യാതൊരു വിധ തടസ്സവുമില്ല. ആ സൌകര്യമാണ് ഇപ്പോള്‍ ആളുകള്‍ ഉപയോഗിക്കുന്നത്.
സ്വന്തം രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തിയ ശേഷം മറ്റുള്ളവര്‍ക്ക് കൂടി ഉപകാരപ്പെടുത്തുവാന്‍ ഖത്തര്‍ ഭരണകൂടം ചെയ്യുന്ന ഒരു ഉപകാരമാണ് ഇതെന്ന് മനസ്സിലാക്കുക. പക്ഷെ ഖത്തറിലേക്ക് വരുമ്പോഴും പോകുമ്പോഴും ഈ രാജ്യത്തിലെ നിയമങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണം. ഇത് പോലെ മരുന്നുകള്‍ കൊണ്ട് വരുമ്പോള്‍ അത് ഖത്തറില്‍ നിരോധിക്കപ്പെട്ട മരുന്നാണോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം. ഉറപ്പില്ലെങ്കില്‍ കൊണ്ട് വരരുത്. കൈവശം പ്രിസ്‌ക്രിപ്ഷനും ബില്ലും അടക്കംകൃത്യമായ രേഖകള്‍ ഉണ്ടാവണം.
ഈ സാഹചര്യത്തില്‍ അവരവര്‍ കഴിക്കുന്ന മരുന്നല്ലാതെ മറ്റൊരു മരുന്നും കൊണ്ട് വരാതിരിക്കാന്‍ ശ്രദ്ധിക്കുകയേ നിര്‍വ്വാഹമുള്ളൂ.
;അറിവില്ലായ്മ കൊണ്ടോ ദുരുപയോഗം ചെയ്‌തോ ഇത്തരം സൌകര്യങ്ങള്‍ ഇല്ലാതാക്കിയാല്‍ അത് കാരണം ഒരു പാട് പേര്‍ക്ക് ഇങ്ങനെ യാത്ര ചെയ്യാനുള്ള അവസരമാണ് നഷ്ടപ്പെടുക എന്ന് ഓര്‍ക്കുക. ഖത്തര്‍ വഴി പോകാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കൃത്യമായ അറിവോട് കൂടി നിബന്ധനകളും നിയമങ്ങളും പാലിച്ചു കൊണ്ട് യാത്ര ചെയ്യുക.നിയമങ്ങള്‍ ഉണ്ടാക്കുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ല സംരക്ഷിക്കാനാണ്.അത് കൊണ്ട് തന്നെ ഈ സൗകര്യം ചെയ്തു തരുന്ന ഖത്തര്‍ എന്ന രാജ്യത്തിന്റെ നിയമങ്ങള്‍ അനുസരിക്കാന്‍ ഓരോ യാത്രക്കാരനും ബാധ്യസ്ഥരാണെന്നും കുറിപ്പില്‍ ഓര്‍മപ്പെടുത്തുന്നു.

Post a Comment

0 Comments