Ticker

6/recent/ticker-posts

Header Ads Widget

തിരക്ക് നിയന്ത്രിക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

വലിയ പെരുന്നാളിനോടനുബന്ധിച്ച് മൂന്ന് ദിവസം തുടർച്ചയായി കടകൾ തുറക്കുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി.

ഈ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ പ്രവേശിക്കാവുന്ന പരമാവധി ആൾക്കാരുടെ എണ്ണം നാൽപതായി നിജപ്പെടുത്തിയിട്ടുണ്ട്. ഇത് ഉറപ്പാക്കുന്നതിന് എല്ലാ ജില്ലാ പോലീസ് മേധാവിമാരും സബ്ബ് ഡിവിഷണൽ പോലീസ് ഓഫീസർമാരും സ്റ്റേഷൻ ഹൗസ് ഓഫീസർമാരും മതനേതാക്കളുമായും സാമുദായ പ്രതിനിധികളുമായും നിരന്തരം സമ്പർക്കം പുലർത്തും. ഭക്തർ സാമൂഹിക അകലം ഉൾപ്പെടെ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഇത് ഉപകരിക്കും.


കടകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും പ്രത്യേകശ്രദ്ധ നൽകാനും നിർദ്ദേശമുണ്ട്. കച്ചവടക്കാരുടെ പ്രതിനിധികളുമായി ചർച്ച ചെയ്ത് രോഗവ്യാപനത്തിന്റെ സാധ്യത പൂർണ്ണമായും ഇല്ലാതാക്കണം. സി, ഡി വിഭാഗത്തിൽപെട്ട സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധനൽകും. ജനങ്ങൾ പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പോലീസ് അനൗൺസ്മെന്റ് നടത്തും. ഇക്കാര്യം ജനങ്ങളിലേയ്ക്ക് എത്തിക്കാൻ സാമൂഹിക മാധ്യമങ്ങൾ പരമാവധി വിനിയോഗിക്കും. സന്നദ്ധസംഘടനകളുടെ സഹകരണവും ഇതിനായി വിനിയോഗിക്കും.

ബീറ്റ് പട്രോൾ, മൊബൈൽ പട്രോൾ, വനിതാ മോട്ടോർസൈക്കിൾ പട്രോൾ എന്നീ യൂണിറ്റുകൾ സദാസമയവും നിരത്തിലുണ്ടാകും. മുഴുവൻ പോലീസ് ഉദ്യോഗസ്ഥരെയും ഇതിനായി വിനിയോഗിക്കുമെന്നും ഡിജിപി വ്യക്തമാക്കി.

ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ ഇളവുകൾ. വാരാന്ത്യ ലോകഡൗണിലും ഇളവ് അനുവദിച്ചിട്ടുണ്ട്. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് പുറമേ മറ്റു വ്യാപാര സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതിയുണ്ട്.

പെരുന്നാൾ പ്രമാണിച്ച് കൂടുതൽ ഇളവുകൾ വേണമെന്ന വ്യാപാരികളുടെ ആവശ്യം കൂടി കണക്കിലെടുത്താണ് വാരാന്ത്യ ലോക്‌ഡൌണിൽ ഇന്ന് ഇളവ് അനുവദിച്ചത്. ഇന്നും നാളെയും മറ്റന്നാളും കൂടുതൽ വ്യാപാരസ്ഥാപനങ്ങൾക്ക് തുറന്നു പ്രവർത്തിക്കാം. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് പുറമേ തുണിക്കട, ചെരുപ്പ്കട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, സ്വർണ്ണക്കട എന്നിവയ്ക്കും പ്രവർത്തനാനുമതി ഉണ്ടാകും. രാത്രി എട്ടുവരെയാണ് അനുമതി. എ,ബി,സി കാറ്റഗറിയിൽപ്പെടുന്ന തദ്ദേശഭരണസ്ഥാപന പരിധികളിലാണ് ഇളവുകൾ ബാധകമാവുക. ഡി കാറ്റഗറിയിൽപ്പെടുന്ന തദ്ദേശഭരണ സ്ഥാപന പരിധികളിൽ നാളെ ഒരു ദിവസത്തേക്ക് പെരുന്നാൾ പ്രമാണിച്ച് ഇളവ് അനുവദിച്ചിട്ടുണ്ട്.

എ, ബി വിഭാഗത്തിൽപ്പെടുന്ന പ്രദേശങ്ങളിൽ നാളെ മുതൽ കൂടുതൽ ഇളവുകൾ നിലവിൽ വരും. തിങ്കൾ മുതൽ വെള്ളി വരെ ഇലക്ട്രോണിക് ഷോപ്പുകളും ഇലക്ട്രോണിക് റിപ്പയർ ഷോപ്പുകളും വീട്ടുപകരണങ്ങൾ വിൽക്കുന്ന കടകളും തുറന്നു പ്രവർത്തിക്കും. രാവിലെ 7 മുതൽ രാത്രി 8 വരെയാണ് പ്രവർത്തനാനുമതി.

അതേസമയം, ഇളവുകൾ സംബന്ധിച്ച സർക്കാർ ഉത്തരവിൽ വ്യക്തതയില്ലാത്തതിനാൽ സംസ്ഥാനത്ത് ഇന്ന് മദ്യശാലകൾ തുറക്കില്ല.

Post a Comment

0 Comments