🇸🇦സൗദിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം വീണ്ടുമുയർന്നു.
🇴🇲ഒമാനിൽ 527 പേർ കൂടി കൊവിഡ് മുക്തരായി; പുതിയ രോഗികൾ 491.
🇦🇪യുഎഇയില്‍ 1,539 പേര്‍ക്ക് കൂടി കൊവിഡ്, ഇന്ന് രണ്ടു മരണം.
🇶🇦കൊവിഡ് നിയമലംഘനം; ഖത്തറില്‍ 141 പേര്‍ക്കെതിരെ കൂടി നടപടി.
🇰🇼കുവൈറ്റ്: സെപ്റ്റംബർ 1 മുതൽ സാമൂഹിക പ്രവർത്തനങ്ങൾക്ക് കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനം.
🇶🇦ഖത്തർ: ഓഗസ്റ്റ് 1 മുതൽ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യ.
💉വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ പിഴവുകള്‍ തിരുത്താം, വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാം; അവസരം ഒരിക്കല്‍ മാത്രം.
🇰🇼കുവൈറ്റ്: വാണിജ്യ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ജൂലൈ 27-ന് വൈകീട്ട് 8 മണിമുതൽ ഒഴിവാക്കും.
🇸🇦സൗദി: വാക്സിനെടുക്കാത്തവർക്ക് ഓഗസ്റ്റ് 1 മുതൽ സർക്കാർ ഓഫീസുകളിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം ഓർമ്മപ്പെടുത്തി.
🇦🇪പ്രവാസികൾക്ക് നിയമക്കുരുക്കുകളിൽ അകപ്പെടുന്നത് ഒഴിവാക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങളുമായി യു എ ഇ ഇന്ത്യൻ കോൺസുലേറ്റ്.
🇴🇲ഒമാൻ: 2022 മുതൽ ഷോപ്പിംഗ് മാളുകളിലും, ഭക്ഷണശാലകളിലും ഡിജിറ്റൽ പണമിടപാട് രീതികൾ നിർബന്ധമാക്കുന്നു.
🇶🇦ഖത്തറില്‍ ഇന്ന് 146 പേര്‍ക്ക് കോവിഡ്; രോഗമുക്തി നൂറില്‍ താഴെ.
🇶🇦ഖത്തറിലേക്ക് സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്ക് എയര്‍ ഇന്ത്യയുടെ മുന്നറിയിപ്പ്.
🕋വിദേശത്തു നിന്നുള്ള ഉംറ വിസ ബുക്കിങ് ആരംഭിച്ചു; നിബന്ധനകളും നടപടികളും വിശദീകരിച്ച് ഹജ്ജ്, ഉംറ മന്ത്രാലയം.
വാർത്തകൾ വിശദമായി
🇸🇦സൗദിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം വീണ്ടുമുയർന്നു.
✒️സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം വീണ്ടുമുയർന്നു. ഇന്ന് 1,379 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11,136 ആയി ഉയർന്നു. ഇതിൽ 1,419 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 1,021 പേർ സുഖം പ്രാപിച്ചെന്ന് സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. രാജ്യത്ത് വിവിധയിടങ്ങളിലായി കൊവിഡ് ബാധിതരായി കഴിഞ്ഞവരിൽ 10 പേർ കൂടി മരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ ആകെ എണ്ണം 5,20,774 ആയി. ഇതിൽ 5,01,449 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,189ഉം ആയി. രാജ്യമാകെ ഇന്ന് 109,194 കൊവിഡ് പരിശോധനകളാണ് നടത്തിയത്.
രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 273, മക്ക 242, കിഴക്കൻ പ്രവിശ്യ 224, അസീർ 154, ജീസാൻ 117, അൽഖസീം 104, മദീന 62, നജ്റാൻ 57, ഹായിൽ 49, വടക്കൻ അതിർത്തി മേഖല 40, തബൂക്ക് 32, അൽബാഹ 21, അൽജൗഫ് 4. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് 25,121,872 ഡോസായി.
🇴🇲ഒമാനിൽ 527 പേർ കൂടി കൊവിഡ് മുക്തരായി; പുതിയ രോഗികൾ 491.
✒️ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 527 പേർ കൂടി കൊവിഡ് രോഗമുക്തരായെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിനോടകം രാജ്യത്ത് 2,77,010 പേർക്ക് രോഗം ഭേദമായിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. 491 പേർക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,95,017 ആയതായി മന്ത്രാലയത്തിന്റെ അറിയിപ്പിൽ വ്യക്തമാക്കുന്നു.
രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 93.9 ശതമാനമായി തുടരുകയാണിപ്പോള്‍. നിലവിൽ 666 പേരാണ് കൊവിഡ് ബാധിച്ച് ആശുപത്രികളിൽ ചികിത്സയിലുള്ളത്. നിലവില്‍ തീവ്രപരിചരണ വിഭാഗത്തിൽ 281 പേരാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിൽ പുതിയതായി 17 കൊവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 3788 പേരാണ് കോവിഡ് മൂലം ഒമാനിൽ ഇതുവരെ മരണപ്പെട്ടിട്ടുള്ളത്.
🇦🇪യുഎഇയില്‍ 1,539 പേര്‍ക്ക് കൂടി കൊവിഡ്, ഇന്ന് രണ്ടു മരണം.
✒️യുഎഇയില്‍ 1,539 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,497 പേര്‍ സുഖം പ്രാപിക്കുകയും രണ്ടുപേര്‍ മരണപ്പെടുകയും ചെയ്തു.
പുതിയതായി നടത്തിയ 2,96,686 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,74,724 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,52,180 പേര്‍ രോഗമുക്തരാവുകയും 1,929 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,615 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🇶🇦കൊവിഡ് നിയമലംഘനം; ഖത്തറില്‍ 141 പേര്‍ക്കെതിരെ കൂടി നടപടി.
✒️ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 141 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 139 പേരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്.
മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് രണ്ടുപേരെയും പരിശോധനകളില്‍ പിടികൂടി. എല്ലാവരെയും തുടര്‍നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.
🇰🇼കുവൈറ്റ്: സെപ്റ്റംബർ 1 മുതൽ സാമൂഹിക പ്രവർത്തനങ്ങൾക്ക് കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനം.
✒️2021 സെപ്റ്റംബർ 1 മുതൽ രാജ്യത്തെ സാമൂഹിക മേഖലയിലെ വിവിധ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചു. ജൂലൈ 26, തിങ്കളാഴ്ച്ച ചേർന്ന കുവൈറ്റ് ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടതെന്ന് ക്യാബിനറ്റ് വക്താവ് താരീഖ് അൽ മെസരേം അറിയിച്ചു.
ഈ അറിയിപ്പ് പ്രകാരം, ഏതാനം പ്രവർത്തനങ്ങൾ ഒഴികെ സാമൂഹിക മേഖലയിലെ മറ്റെല്ലാ പ്രവർത്തനങ്ങളും 2021 സെപ്റ്റംബർ 1 മുതൽ പുനരാരംഭിക്കാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്. COVID-19 സുരക്ഷ മുൻനിർത്തി വലിയ രീതിയിലുള്ള എല്ലാ ഒത്ത് ചേരലുകൾക്കും ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ തുടരാനും ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ നിലവിലെ രോഗസാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് ക്യാബിനറ്റ് ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടത്.
ഒത്ത് ചേരലുകൾ, കോൺഫെറൻസുകൾ, വിവാഹ സത്കാരങ്ങൾ, സാമൂഹിക പരിപാടികൾ, സാമൂഹിക ആഘോഷങ്ങൾ, കുട്ടികളുടെ വേനൽക്കാല ക്യാമ്പുകൾ മുതലായവ ഒഴികെയുള്ള പ്രവർത്തങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. അനുമതി നൽകിയിട്ടുള്ള പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിന് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമായിരിക്കും അനുവാദം നൽകുക.
അതേസമയം, രാജ്യത്തെ വാണിജ്യ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണങ്ങൾ ജൂലൈ 27-ന് വൈകീട്ട് 8 മണിമുതൽ ഒഴിവാക്കാനും ഇതേ യോഗത്തിൽ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്.
🇶🇦ഖത്തർ: ഓഗസ്റ്റ് 1 മുതൽ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യ.
✒️ഇന്ത്യ-ഖത്തര്‍ റൂട്ടില്‍ നേരിട്ടുള്ള കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തുമെന്ന് എയര്‍ ഇന്ത്യ. ഓഗസ്റ്റ് ഒന്നുമുതല്‍ ഒക്ടോബര്‍ 29 വരെ മുംബൈ, ഹൈദരാബാദ്, കൊച്ചി എന്നീ നഗരങ്ങളിലേക്കാണ് ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ കൂടി വര്‍ധിപ്പിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചത്. നിലവിലെ സര്‍വീസുകള്‍ക്ക് പുറമെയാണ് ഓഗസ്റ്റ് മുതലുള്ള അധിക സര്‍വീസുകള്‍.
ടിക്കറ്റ് ബുക്കിങ് എയര്‍ ഇന്ത്യ വെബ്‌സൈറ്റില്‍ ആരംഭിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ വെബ്‌സൈറ്റിലെ വിവരങ്ങള്‍ പ്രകാരം ദോഹ-കൊച്ചി സര്‍വീസുകള്‍ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും കൊച്ചി-ദോഹ സര്‍വീസുകള്‍ ബുധനാഴ്ചയും വെള്ളിയാഴ്ചയുമാണുള്ളത്. മൂന്ന് സെക്ടറുകളിലേക്കും 450 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്കുകള്‍ കാണിക്കുന്നത്. ഖത്തറില്‍ ഓണ്‍ അറൈവല്‍ വിസ പ്രാബല്യത്തില്‍ വന്നതോടെ സൗദി, യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് പോകാനുള്ള യാത്രക്കാരുടെ തിരക്ക് കൂടിയ സാഹചര്യത്തിലാണ് സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നത്.
💉വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ പിഴവുകള്‍ തിരുത്താം, വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാം; അവസരം ഒരിക്കല്‍ മാത്രം.
✒️കോവിഡ്-19 വാക്സിനേഷൻ ഫൈനൽ സർട്ടിഫിക്കറ്റിൽ ഒന്നാം ഡോസിന്റേയും രണ്ടാം ഡോസിന്റേയും ബാച്ച് നമ്പരും തീയതിയും ഉൾപ്പെട്ട സർട്ടിഫിക്കറ്റ് ലഭ്യമായി തുടങ്ങിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
നേരത്തെ ഒന്നാം ഡോസ് വാക്സിൻ എടുത്തവർക്ക് ആ ഡോസിന്റെ ബാച്ച് നമ്പരും രണ്ടാം ഡോസ് എടുത്തവർക്ക് ആ ഡോസിന്റെ ബാച്ച് നമ്പരും തീയതിയുമായിരുന്നു ലഭ്യമായിരുന്നത്. കോവിഡ്-19 വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ കടന്നുകൂടിയ തെറ്റ് തിരുത്താനും സാധിക്കുന്നതാണ്. സർട്ടിഫിക്കറ്റിലെ വിവിധ പ്രശ്നങ്ങൾ കാരണം നിരവധിപേർ പ്രത്യേകിച്ചും വിദേശത്ത് പോകുന്നവർ ഏറെ ബുദ്ധിമുട്ടിയിരുന്നു. കോവിൻ വെബ്സൈറ്റിൽ ലഭ്യമായിരുന്ന സർട്ടിഫിക്കറ്റിൽ ഇവയില്ലാത്തതിനാൽ സംസ്ഥാനം സ്വന്തം നിലയ്ക്ക് പാസ്പോർട്ട് നമ്പർ ഉൾപ്പെടെയുള്ളവ വച്ചുള്ള സർട്ടിഫിക്കറ്റ് നൽകിയിരുന്നു. ഇപ്പോൾ കോവിൻ വെബ്സൈറ്റിൽ നിന്നുതന്നെ ഈ സർട്ടിഫിക്കറ്റിൽ തിരുത്ത് വരുത്താനും പാസ്പോർട്ട് നമ്പർ ചേർക്കാനും സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനും സാധിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
🔰തെറ്റ് തിരുത്താൻ ഒരേയൊരു അവസരം
കോവിഡ്-19 സർട്ടിഫിക്കറ്റിലെ തെറ്റുതിരുത്തുന്നവർ സൂക്ഷ്മതയോടെ ചെയ്യണം. ഇപ്പോഴുള്ള അവസരം വളരെ ശ്രദ്ധിച്ച് വിനിയോഗിക്കുക. ഇനിയും തെറ്റുപറ്റിയാൽ പിന്നെ ഒന്നും ചെയ്യാനുള്ള അവസരം ലഭ്യമല്ല.
🔰സർട്ടിഫിക്കറ്റിൽ എങ്ങനെ തെറ്റുതിരുത്താം?
കോവിൻ വെബ്സൈറ്റിലെ https://selfregistration.cowin.gov.in എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. വാക്സിനേഷനായി രജിസ്റ്റർ ചെയ്തപ്പോൾ നൽകിയ ഫോൺ നമ്പർ നൽകിയശേഷം ഗെറ്റ് ഒ.ടി.പി. ക്ലിക്ക് ചെയ്യുക. ലഭിക്കുന്ന ഒ.ടി.പി. നമ്പർ നൽകിയശേഷം രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ വരും. സർട്ടിഫിക്കറ്റിൽ തെറ്റുപറ്റിയവർ വലതുവശത്ത് മുകളിൽ കാണുന്ന റെയ്സ് ആൻ ഇഷ്യുവിൽ (Raise an Issue) ക്ലിക്ക് ചെയ്യുക. കറക്ഷൻ ഇൻ മൈ സർട്ടിഫിക്കറ്റ്, മെർജ് മൈ മൾട്ടിപ്പിൾ ഡോസ്, ആഡ് മൈ പാസ്പോർട്ട് ഡീറ്റേൽസ്, റിപ്പോർട്ട് അൺനോൺ മെമ്പർ രജിസ്ട്രേഡ് തുടങ്ങിയ ഓപ്ഷനുകൾ കാണിക്കും.
പേര്, വയസ്, സ്ത്രീയോ പുരുഷനോ, ഫോട്ടോ ഐഡി നമ്പർ എന്നിവ തിരുത്താൻ കറക്ഷൻ ഇൻ മൈ സർട്ടിഫിക്കറ്റ് ക്ലിക്ക് ചെയ്യുക. ഇവിടെ മതിയായ തിരുത്തലുകൾ വരുത്തി സബ്മിറ്റ് ചെയ്യാവുന്നതാണ്.
🔰വെവ്വേറെ രണ്ട് ആദ്യ ഡോസ് പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ലഭിച്ചാൽ
രണ്ട് ഡോസിനും വെവ്വേറെ ആദ്യ ഡോസ് പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ലഭിച്ചവർ ഫൈനൽ സർട്ടിഫിക്കറ്റിനായി മെർജ് മൈ മൾട്ടിപ്പിൾ ഡോസിൽ ക്ലിക്ക് ചെയ്ത് ശേഷം ഒരുമിപ്പിക്കേണ്ട രണ്ട് സർട്ടിഫിക്കറ്റുകളുടെ വിവരങ്ങൾ നൽകി സബ്മിറ്റ് ചെയ്യേണ്ടതാണ്.
🔰പാസ്പോർട്ട് നമ്പർ ചേർക്കാൻ
ആഡ് മൈ പാസ്പോർട്ട് ഡീറ്റേൽസ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് പാസ്പോർട്ട് നമ്പർ നൽകുക.
🔰മറ്റൊരാൾ നമ്മുടെ നമ്പരിൽ രജിസ്റ്റർ ചെയ്താൽ
നമ്മുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ആരെങ്കിലും സർട്ടിഫിക്കറ്റെടുത്തിട്ടുണ്ടെന്ന് അക്കൗണ്ട് ഡീറ്റൈൽസിൽ കാണിച്ചാൽ റിപ്പോർട്ട് അൺനോൺ മെമ്പർ രജിസ്ട്രേഡ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് പരിചയമില്ലാത്തയാളെ ഡിലീറ്റ് ചെയ്ത് ഒഴിവാക്കാവുന്നതാണ്.
🔰ബാച്ച് നമ്പരുള്ള ഫൈനൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ
വാക്സിൻ നൽകിയ തീയതിയും ബാച്ച് നമ്പരും ഉള്ള അവസാന സർട്ടിഫിക്കറ്റ് ലഭിക്കാൻ കോവിൻ വെബ്സൈറ്റിലെ (https://selfregistration.cowin.gov.in) ലിങ്കിൽ പോയി ഒ.ടി.പി. നമ്പർ നൽകി വെബ് സൈറ്റിൽ കയറുക. അപ്പോൾ അക്കൗണ്ട് ഡീറ്റൈൽസിൽ രജിസ്റ്റർ ചെയ്തവരുടെ പേര് വിവരങ്ങൾ കാണിക്കും. അതിന് വലതുവശത്തായി കാണുന്ന സർട്ടിഫിക്കറ്റ് ക്ലിക്ക് ചെയ്ത് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഇതിന് മറ്റ് വിവരങ്ങൾ നൽകേണ്ടതില്ല.
ഒരു മൊബൈൽ നമ്പരിൽ നിന്നും 4 പേരെ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നതാണ്. അതിനാൽ നാലു പേരുടേയും വിവരങ്ങൾ ഇതുപോലെ തിരുത്താനോ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനോ സാധിക്കും.
സംശയങ്ങൾക്ക് ദിശ 104, 1056 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
🇰🇼കുവൈറ്റ്: വാണിജ്യ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ജൂലൈ 27-ന് വൈകീട്ട് 8 മണിമുതൽ ഒഴിവാക്കും.
✒️രാജ്യത്തെ വാണിജ്യ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ജൂലൈ 27-ന് വൈകീട്ട് 8 മണിമുതൽ ഒഴിവാക്കാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചു. ജൂലൈ 26-ന് രാത്രി കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
തിങ്കളാഴ്ച്ച ചേർന്ന കുവൈറ്റ് ക്യാബിനറ്റ് യോഗത്തിലാണ് 2021 ജൂലൈ 27, ചൊവ്വാഴ്ച്ച രാത്രി 8 മണിമുതൽ വാണിജ്യ മേഖലയിലെ പ്രവർത്തനങ്ങൾ സാധാരണ രീതിയിൽ തുടരാനുള്ള അനുമതി നൽകാൻ തീരുമാനം കൈക്കൊണ്ടത്. ഇത് പ്രകാരം, രാജ്യത്തെ വാണിജ്യ മേഖലയിലെ സ്ഥാപനങ്ങൾ ജൂലൈ 27 രാത്രി 8 മണിമുതൽ സാധാരണ രീതിയിൽ പ്രവർത്തിക്കുന്നതാണ്. കുവൈറ്റ് ക്യാബിനറ്റ് വക്താവ് താരീഖ് അൽ മെസരേമിനെ ഉദ്ധരിച്ചാണ് കുവൈറ്റ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇതിന് പുറമെ, COVID-19 വാക്സിൻ സ്വീകരിച്ചവർക്ക് 2021 ഓഗസ്റ്റ് 1 മുതൽ എല്ലാ പൊതുഇടങ്ങളിലേക്കും പ്രവേശനം അനുവദിക്കുമെന്നും താരീഖ് അൽ മെസരേം അറിയിച്ചു. ഫാർമസികൾ, കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ, മറ്റു മാർക്കറ്റുകൾ, സർക്കാർ സ്ഥാപനങ്ങൾ, ഹോസ്പിറ്റലുകൾ, ഭക്ഷണ വിതരണ കേന്ദ്രങ്ങൾ, സ്വകാര്യ ചികിത്സാ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് വാക്സിനെടുക്കാത്തവർക്കും പ്രവേശനം അനുവദിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഓഗസ്റ്റ് 1 മുതൽ മൊറോക്കോ, മാലിദ്വീപ് എന്നിവിടങ്ങളിലേക്ക് കുവൈറ്റിൽ നിന്ന് നേരിട്ടുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുന്നതിന് അനുമതി നൽകാനും ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്.
🇸🇦സൗദി: വാക്സിനെടുക്കാത്തവർക്ക് ഓഗസ്റ്റ് 1 മുതൽ സർക്കാർ ഓഫീസുകളിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം ഓർമ്മപ്പെടുത്തി.
✒️COVID-19 വാക്സിനെടുക്കാത്തവർക്ക് 2021 ഓഗസ്റ്റ് 1 മുതൽ രാജ്യത്തെ സർക്കാർ കെട്ടിടങ്ങളിലേക്കും, പൊതുഗതാഗത സംവിധാനങ്ങളിലേക്കും പ്രവേശനം അനുവദിക്കില്ലെന്ന അറിയിപ്പ് സൗദി ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു. രാജ്യത്ത് നടക്കുന്ന സാമൂഹിക ചടങ്ങുകളിലേക്കും ഇവർക്ക് പ്രവേശനം നൽകുന്നതല്ല.
ഓഗസ്റ്റ് 1 മുതൽ വാണിജ്യ പ്രവർത്തനങ്ങൾ, സാംസ്‌കാരിക പരിപാടികൾ, വിനോദപരിപാടികൾ, കായികവിനോദ വേദികൾ മുതലായ ഇടങ്ങളിലെല്ലാം പ്രവേശനം ലഭിക്കുന്നതിന് COVID-19 വാക്സിൻ നിർബന്ധമാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ജനങ്ങളെ ഓർമ്മപ്പെടുത്തി. സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിലെത്തുന്ന സന്ദർശകർക്കും, ജീവനക്കാർക്കും വാക്സിനേഷൻ നിർബന്ധമാണ്. വാക്സിനെടുക്കാത്തവർക്ക് ഇത്തരം ഇടങ്ങളിലേക്കും, ചടങ്ങുകളിലേക്കും പ്രവേശനം നൽകില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും ഇത്തരം ഇടങ്ങളിലേക്ക് പ്രവേശനം ലഭിക്കുന്നതിനായി തങ്ങളുടെ വാക്സിനേഷൻ സ്റ്റാറ്റസ് പരിശോധനകൾക്ക് നൽകുന്നതിന് ‘Tawakkalna’ ആപ്പ് ഉപയോഗപ്പെടുത്താമെന്നും മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യ അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിൻ മുഴുവൻ ഡോസ് കുത്തിവെപ്പുകളും പൂർത്തിയാക്കിയവർക്കും, COVID-19 രോഗമുക്തി നേടിയവർക്കുമാണ് ഓഗസ്റ്റ് 1 മുതൽ പൊതു ഇടങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നത്. വാണിജ്യ കേന്ദ്രങ്ങൾ, ഷോപ്പിംഗ് മാളുകൾ, ചില്ലറ വില്പനശാലകൾ, പൊതു മാർക്കറ്റുകൾ, റെസ്റ്ററന്റുകൾ, കഫേ, ബാർബർ ഷോപ്പ്, ബ്യൂട്ടി സലൂൺ മുതലായവ ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ഓഗസ്റ്റ് 1 മുതൽ വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്.
🇦🇪പ്രവാസികൾക്ക് നിയമക്കുരുക്കുകളിൽ അകപ്പെടുന്നത് ഒഴിവാക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങളുമായി യു എ ഇ ഇന്ത്യൻ കോൺസുലേറ്റ്.
✒️യു എ എയിലെ ഇന്ത്യൻ പ്രവാസികൾക്ക് രാജ്യത്ത് സുരക്ഷിതരായി തുടരുന്നതിനും, നിയമക്കുരുക്കുകളിൽ അകപ്പെടുന്നത് ഒഴിവാക്കുന്നതിനുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. യു എ ഇയിലെ ഇന്ത്യൻ പ്രവാസികൾക്ക്, പ്രത്യേകിച്ച് തൊഴിലാളികൾക്ക് സഹായകമാകുന്ന ഈ ചെയ്യേണ്ടതും അല്ലാത്തതുമായ കാര്യങ്ങളടങ്ങിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രവാസി ഭാരതീയ സഹായതാ കേന്ദ്രം വഴിയാണ് നൽകിയിരിക്കുന്നത്.
യു എ ഇയിൽ വിവിധ രീതിയിലുള്ള നിയമപ്രശ്നങ്ങളിൽ പെടുന്നത് ഒഴിവാക്കുന്നതിനും, വിവിധ രീതിയിലുള്ള തട്ടിപ്പുകൾക്കിരയാകാതെ സ്വയം സുരക്ഷിതരാകുന്നതിനും, വ്യക്തിവിവരങ്ങൾ മോഷ്ടിക്കപ്പെടുന്നത് ഒഴിവാക്കുന്നതിനും സഹായകമാകുന്ന നിർദ്ദേശങ്ങൾ ഈ അറിയിപ്പിലൂടെ കോൺസുലേറ്റ് മുന്നോട്ട് വെച്ചിട്ടുണ്ട്.
പ്രവാസികൾ ചെയ്യേണ്ടതായ കാര്യങ്ങൾ:
യു എ ഇയിലെ നിയമങ്ങളെക്കുറിച്ച് സ്വയം അവബോധം സൃഷ്ടിക്കേണ്ടതാണ്. യു എ ഇ തൊഴിൽ നിയമങ്ങൾ, ഈ നിയമങ്ങൾ മുന്നോട്ട് വെക്കുന്ന പരിധികൾ, അവകാശങ്ങൾ എന്നിവ മനസ്സിലാക്കേണ്ടതാണ്.
യു എ ഇയിലെ പോലീസ്, ഫയർ ഡിപ്പാർട്മെന്റ്, ആംബുലൻസ് സർവീസ്, ഹോസ്പിറ്റലുകൾ, ഇന്ത്യൻ എംബസി, ഇന്ത്യൻ കോൺസുലേറ്റ്, ഇന്ത്യൻ പ്രവാസി സംഘടനകൾ തുടങ്ങിയവയുടെ ഫോൺ നമ്പറുകൾ സൂക്ഷിക്കേണ്ടതാണ്.
ഗാർഹിക പീഡനം, ശാരീരിക പീഡനം എന്നിവ തൊഴിലാളികൾ ഉടൻ തന്നെ പോലീസിൽ അറിയിക്കേണ്ടതാണ്.
തൊഴിലിടങ്ങളിൽ നേരിടുന്ന തൊഴിൽ സംബന്ധമായ ആവലാതികൾ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷനിൽ (MoHRE) തൊഴിൽ പെർമിറ്റ് കാലാവധി അവസാനിക്കുന്ന തീയതിക്ക് ഒരു വർഷത്തിനുള്ളിൽ അറിയിക്കേണ്ടതാണ്. ഈ കാലാവധി അവസാനിച്ച ശേഷമുള്ള പരാതികൾ MoHRE ചിലപ്പോൾ രേഖപ്പെടുത്തണമെന്നില്ല.
മെഡിക്കൽ റെക്കോർഡുകൾ, ഏറ്റവും പുതിയ പാസ്സ്‌പോർട്ട്, വിസ എന്നിവയുടെ പകർപ്പുകൾ, പുതുക്കിയ തൊഴിൽ കരാറുകൾ, സാമ്പത്തിക രേഖകൾ, തൊഴിലെടുക്കുന്ന സ്ഥാപനത്തിന്റെ വിവരങ്ങൾ, താമസിക്കുന്ന ഇടത്തിന്റെ അഡ്രസ് എന്നിവ സുരക്ഷിതമായി കൈവശം കരുതേണ്ടതാണ്. അടിയന്തിര ഘട്ടങ്ങളിൽ ഈ വിവരങ്ങൾ തിരികെ ലഭിക്കുന്ന രീതിയിൽ ഇവ വിശ്വസിക്കാവുന്ന കുടുംബാംഗങ്ങളുമായി പങ്ക് വെക്കേണ്ടതാണ്.
നാട്ടിലേക്ക് പണം അയക്കുന്നതിനായി യു എ ഇ നിയമപരമായി അംഗീകരിച്ചിട്ടുള്ള മാർഗങ്ങൾ സ്വീകരിക്കേണ്ടതാണ്.
തൊഴിൽ ആരംഭിക്കുന്ന കാലഘട്ടത്തിൽ തന്നെ വിശ്വസിക്കാവുന്ന ഒരു പെൻഷൻ പദ്ധതിയിൽ ചേരേണ്ടതാണ്.
സ്വന്തം വ്യക്തിവിവരങ്ങൾ മോഷ്ടിക്കപ്പെടുന്നത് ഒഴിവാക്കുന്നതിനായി ജാഗ്രത പുലർത്തേണ്ടതാണ്. സിം കാർഡ്, പാസ്സ്‌പോർട്ട്, എമിറേറ്റ്സ് ഐഡി കാർഡ്, ഇമെയിൽ അക്കൗണ്ട് മുതലായവ സുരക്ഷിതമായി സൂക്ഷിക്കേണ്ടതാണ്. ഇത്തരം വിവരങ്ങൾ ചോർത്തുന്നതിനായി കുറ്റവാളികൾ നടത്തുന്ന പൊതുവായ തട്ടിപ്പുകളെക്കുറിച്ച് സ്വയം അവബോധം വളർത്തേണ്ടതാണ്.
യു എ ഇയിലും, ഇന്ത്യയിലും കൃത്യമായ മെഡിക്കൽ, ലൈഫ് ഇൻഷുറൻസ് പദ്ധതികൾ ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നതിനായി ചിട്ടയായ ജീവിതരീതികൾ പിന്തുടരേണ്ടതാണ്.
യു എ ഇ കോടതികളിൽ അംഗീകാരമുള്ള രീതിയിൽ തയ്യാറാക്കിയ ഒരു വില്‍പ്പത്രം സൂക്ഷിക്കുന്നത് നല്ലതാണ്.
പ്രവാസികൾ യു എ ഇയിൽ ചെയ്യരുതാത്ത കാര്യങ്ങൾ:
മറ്റുള്ളവർക്ക് വിഷമമുണ്ടാക്കുന്ന രീതിയിലുള്ള അഭിപ്രായങ്ങൾ, പ്രത്യേകിച്ച് മതപരമായ കാര്യങ്ങൾ, സമൂഹ മാധ്യമങ്ങളിലൂടെ പങ്ക് വെക്കരുത്. രാജ്യത്ത് നിലവിലുളള ആചാരങ്ങൾ, സമ്പ്രദായങ്ങൾ, പൈതൃകം എന്നിവ മറികടക്കുന്ന പ്രവർത്തികൾ ഒഴിവാക്കേണ്ടതാണ്.
ഫോട്ടോ പകർത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള ഇടങ്ങളുടെ ചിത്രങ്ങൾ എടുക്കുന്നത് ഒഴിവാക്കേണ്ടതാണ്. മറ്റു വ്യക്തികളുടെ സമ്മതമില്ലാതെ അവരുടെ ഫോട്ടോ, അല്ലെങ്കിൽ വീഡിയോ എന്നിവ പകർത്തുകയോ, സമൂഹമാധ്യമങ്ങളിൽ പങ്ക് വെക്കുകയോ ചെയ്യരുത്.
ബാങ്ക് കാർഡുകളുടെ വിവരങ്ങൾ, ATM പിൻ, OTP, പാസ്സ്‌വേർഡുകൾ മുതലായവ ആരുമായും പങ്ക് വെക്കരുത്.
പൊതുഇടങ്ങളിൽ വെച്ചുള്ള മദ്യപാനം നിർബന്ധമായും ഒഴിവാക്കേണ്ടതാണ്. കൃത്യമായ ലൈസൻസുകളുള്ള, അനുമതിയുള്ള ഇടങ്ങളിൽ മാത്രമാണ് മദ്യപിക്കുന്നതിന് അനുവാദമുള്ളത്.
സ്പോൺസറിൽ നിന്ന് ഒളിച്ചോടുന്ന രീതിയിലുള്ള പ്രവർത്തികൾ ഒഴിവാക്കേണ്ടതാണ്. പകരം തൊഴിലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ 80060 എന്ന നമ്പറിൽ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷനിലും (MoHRE), യു എ ഇയിലെ ഇന്ത്യൻ എംബസി, കോൺസുലേറ്റ് എന്നിവിടങ്ങളിലും ധരിപ്പിക്കേണ്ടതാണ്.
🇴🇲ഒമാൻ: 2022 മുതൽ ഷോപ്പിംഗ് മാളുകളിലും, ഭക്ഷണശാലകളിലും ഡിജിറ്റൽ പണമിടപാട് രീതികൾ നിർബന്ധമാക്കുന്നു.
✒️2022 ജനുവരി 1 മുതൽ രാജ്യത്തെ വാണിജ്യ മേഖലയിൽ ഇലക്ട്രോണിക് പണമിടപാട് രീതികൾ നിർബന്ധമാക്കാൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അറിയിച്ചു. ഉപഭോക്താക്കൾക്കിടയിൽ കറൻസിയുടെ ഉപയോഗം കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് ഈ തീരുമാനം.
ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ, ഉപഭോക്താക്കൾക്കായി, വാണിജ്യ സ്ഥാപനങ്ങളിൽ നിർബന്ധമായും ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങൾ ഒരുക്കേണ്ടതാണ്. സമ്പർക്കം ഒഴിവാക്കിക്കൊണ്ടുള്ള പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ഇത് സഹായകമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഒമാനിലെ വാണിജ്യമേഖലയിൽ വിവിധ ഘട്ടങ്ങളിലായാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തിൽ ഷോപ്പിംഗ് മാളുകൾ, റെസ്റ്ററന്റുകൾ, കഫെ, വാണിജ്യ കേന്ദ്രങ്ങൾ, ഗിഫ്റ്റ് മാർക്കറ്റുകൾ, ജുവല്ലറി ഷോപ്പ്, ഭക്ഷണസാധനങ്ങളുടെ വില്പനശാലകൾ, പഴം, പച്ചക്കറി വ്യാപാരശാലകൾ, ഇലക്ട്രോണിക് ഷോപ്പ്, ഇൻഡസ്ട്രിയൽ മേഖല, കെട്ടിടനിർമ്മാണ വസ്തുക്കളുടെ വിപണനകേന്ദ്രങ്ങൾ, പുകയിലവ്യാപാരം മുതലായ പ്രവർത്തനങ്ങളിൽ ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങൾ നിർബന്ധമാക്കുന്നതാണ്.
ഈ തീരുമാനം നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികൾ 2022 ജനുവരി 1-ന് മുൻപായി പൂർത്തിയാക്കാൻ മന്ത്രാലയം ഇത്തരം മേഖലകളിലെ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥാപനങ്ങളിൽ ഈ തീരുമാനം എളുപ്പത്തിൽ നടപ്പിലാക്കുന്നതിനായി ആവശ്യമായ പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ, രാജ്യത്തെ മറ്റു ബാങ്കുകളുമായി ചേർന്ന് പുറത്തിറക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. പ്രത്യേക ഇൻസ്റ്റലേഷൻ ചാർജുകളോ, മാസ/ വാർഷിക വരിസംഖ്യകളോ ഇല്ലാതെ ഈ ഉപകരണങ്ങൾ സ്ഥാപനങ്ങൾക്ക് ലഭ്യമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
🇶🇦ഖത്തറില്‍ ഇന്ന് 146 പേര്‍ക്ക് കോവിഡ്; രോഗമുക്തി നൂറില്‍ താഴെ.
✒️ഖത്തറില്‍ ഇന്ന് 146 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 86 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 96 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 2,23,210 ആയി.
അതേസമയം, രാജ്യത്ത് ഇന്ന് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ആകെ കോവിഡ് മരണ നിരക്ക് 600 ആണ്. 1712 പേരാണ് രാജ്യത്ത് നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 25 പേര്‍ ഐ.സി.യുവില്‍ ചികിത്സയിലാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 68 പേരാണ് നിലവില്‍ ആശുപത്രിയില്‍ ഉള്ളത്.
24 മണിക്കൂറിനിടെ 22,960 ഡോസ് വാക്സിന്‍ നല്‍കി. ആകെ വാക്സിന്‍ ഡോസുകളുടെ എണ്ണം 37,08,551 ആയി. രാജ്യത്ത് വാക്സിനേഷന് യോഗ്യരായ 81 ശതമാനം പേര്‍ക്ക് ചുരുങ്ങിയത് ഒരു ഡോസ് വാക്സിന്‍ ലഭിച്ചു.
🇶🇦ഖത്തറിലേക്ക് സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്ക് എയര്‍ ഇന്ത്യയുടെ മുന്നറിയിപ്പ്.
ഖത്തറിലേക്ക് സന്ദര്‍ശക, ടൂറിസ്റ്റ്, ഓണ്‍അറൈവല്‍ വിസയില്‍ വരുന്നവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് എയര്‍ ഇന്ത്യ മുന്നറിയിപ്പ് നല്‍കി.
1. ഓണ്‍ അറൈവല്‍ വിസയില്‍ വരുന്നവരുടെ കൈയില്‍ 5000 ഖത്തര്‍ റിയാലോ അല്ലെങ്കില്‍ ഒരു ലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് തൂല്യമായതോ ആയ മൂല്യമുള്ള ഇന്റര്‍നാഷനല്‍ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടായിരിക്കണം
2. യാത്രക്കാരുടെ കൈയില്‍ കണ്‍ഫേം ചെയ്ത റിട്ടേണ്‍ ടിക്കറ്റ് ഉണ്ടാവണം.
3. യാത്രയുടെ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് വേണം
4. എല്ലാ യാത്രക്കാരും ഇഹ്തിറാസ് വെബ്‌സൈറ്റില്‍ (www.ehteraz.gov.qa) രജിസ്റ്റര്‍ ചെയ്തിരിക്കണം
5. ബോര്‍ഡിങ് പാസ് ഇഷ്യു സമയത്ത് ഇഹ്തിറാസ് രജിസ്‌ട്രേഷന്റെ തെളിവ് കാണിക്കണം. ചെറിയ കുഞ്ഞുങ്ങള്‍ക്ക് ഉള്‍പ്പെടെ ഇത് ബാധകമാണ്.
6. വിമാനത്താവളത്തിലെത്തും മുമ്പ് തന്നെ കൈയില്‍ ആവശ്യമായ എല്ലാ രേഖകളും ഉണ്ടെന്ന് ഉറപ്പ് വരുത്തണം.
7. ഓണ്‍ അറൈവലില്‍ വരുന്നവര്‍ക്ക് ദോഹയില്‍ ഹോട്ടല്‍ റിസര്‍വേഷന്‍ കണ്‍ഫേം ചെയ്ത രേഖ വേണം.
8. പാസ്‌പോര്‍ട്ടിന് ചുരുങ്ങിയത് ആറ് മാസത്തെ വാലിഡിറ്റി ഉണ്ടായിരിക്കണം.
9. യാത്രക്കാര്‍ ഖത്തര്‍ അംഗീകരിച്ച ഏതെങ്കിലും വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിയിരിക്കണം.
10. ഏത് വാക്‌സിന്‍, വാക്‌സിന്‍ സ്വീകരിച്ച തിയ്യതി തുടങ്ങിയവ വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം.
🕋വിദേശത്തു നിന്നുള്ള ഉംറ വിസ ബുക്കിങ് ആരംഭിച്ചു; നിബന്ധനകളും നടപടികളും വിശദീകരിച്ച് ഹജ്ജ്, ഉംറ മന്ത്രാലയം.
✒️ഉംറ വിസ ബുക്കിങ് നടപടികൾ ആരംഭിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയ വക്താവ് ഹിഷാം സഈദ് പറഞ്ഞു. ഒരു വിദേശ ചാനലിനു നൽകിയ ടെലിഫോൺ അഭിമുഖത്തിനിടയിലാണ് ഹജ്ജ് ഉംറ മന്ത്രാലയ വക്താവ് ഇക്കാര്യം പറഞ്ഞത്. 2021 ആഗസ്റ്റ് ഒമ്പത് (മുഹർറം ഒന്ന്) മുതൽ രാജ്യത്തിന് പുറത്തുനിന്നുള്ളവർക്ക് ഉംറക്ക് അനുമതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. കർശനമായ ആരോഗ്യ മുൻകരുതൽ പാലിച്ചായിരിക്കും വിദേശ തീർഥാടകർക്ക് ഉംറക്ക് അനുമതി നൽകുക. ഉംറ വിസകൾ, താമസം, പാർപ്പിടം, ഗതാഗതം, ഭക്ഷണം എന്നിവ ഉൾപ്പെടുന്ന പാക്കേജുകൾ എന്നിവയുടെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
വിദേശത്ത് നിന്ന് ഉംറക്കെത്തുന്നവർക്ക് നിശ്ചയിച്ച ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥകൾ ഹജ്ജ് ഉംറ മന്ത്രാലയ വക്താവ് വിശദീകരിച്ചു. പ്രധാനപ്പെട്ട വ്യവസ്ഥകളിലൊന്ന് കുറഞ്ഞത് തീർഥാടകന് 18 വയസ്സ് പ്രായമുണ്ടാകണമെന്നാണ്. കൂടാതെ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അംഗീകരിച്ച ഫൈസർ, അസ്ട്രസെനെക്ക, ജോൺസൺ & ജോൺസൺ, മോഡേണ എന്നീ നാല് കോവിഡ് പ്രതിരോധ വാക്സിനുകളിലൊന്ന് സ്വീകരിച്ചിരിക്കണം. കോവിഡ് അവസ്ഥ നിലനിൽക്കുന്നതു കാരണം ചില രാജ്യങ്ങളിൽ നിന്ന് സൗദിയിൽ നിന്ന് നേരിട്ട് പ്രവേശിക്കുന്നതിനു വിലക്ക് ഇപ്പോഴും തുടരുകയാണ്.
ഈ രാജ്യങ്ങളിലെ ആളുകൾക്ക് അനുവദനീയമായ മറ്റൊരു രാജ്യത്തിലുടെ വരാൻ സാധിക്കും. അവിടെ 14 ദിവസം താമസിക്കുകയും മെഡിക്കൽ പരിശോധനയിൽ കോവിഡില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്ത ശേഷമായിരിക്കും സൗദിയിലേക്ക് പ്രവേശനം നൽകുക. ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനാണ് ഇങ്ങനെയുള്ള വ്യവസ്ഥകൾ നിശ്ചയിച്ചിരിക്കുന്നത്. തീർഥാടകർ രാജ്യത്തേക്ക് പ്രവേശിക്കുമ്പോഴും തിരിച്ചുപോകുമ്പോഴും ആരോഗ്യവാന്മാരായിരിക്കണം. അതോടൊപ്പം രാജ്യത്തിനകത്തും പുറത്തുമുള്ള പൊതുസുരക്ഷക്കും വേണ്ടിയാണ്.
രാജ്യം വികസിപ്പിച്ച പദ്ധതികളും സംവിധാനങ്ങളും ഹജ്ജ് സീസണിന്റെ വിജയത്തിനു കാരണമായതായും ഹജ്ജ് ഉംറ മന്ത്രാലയ വക്താവ് പറഞ്ഞു. പൗരന്മാരും രാജ്യത്തെ താമസക്കാരുമായ തീർഥാടകർ ആരോഗ്യ പ്രതിരോധ മുൻകരുൽ നടപടികൾ പാലിക്കുന്നതിൽ വലിയ ശ്രദ്ധയാണ് കാണിച്ചത്. വൈറസ് ബാധയും അതിന്റെ വ്യാപനവും തടയുന്നതിനു വേണ്ട പദ്ധതികളായിരുന്നു ഹജ്ജ് വേളയിൽ ആവിഷ്കരിച്ചിരുന്നതെന്നും ഹജ്ജ് ഉംറ മന്ത്രാലയ വക്താവ് പറഞ്ഞു.

0 Comments