🇦🇪യുഎഇയില്‍ പള്ളികളിലും ഈദ്‍ഗാഹുകളിലും പെരുന്നാള്‍ നമസ്‍കാരത്തിന് അനുമതി.
🇸🇦സൗദി അറേബ്യയിൽ കൊവിഡ് മരണങ്ങള്‍ എണ്ണായിരം കടന്നു.
🇴🇲ഒമാനില്‍ 982 പേര്‍ക്ക് കൂടി കൊവിഡ്, 37 മരണം.
🇦🇪യുഎഇയില്‍ 1522 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് ആറ് മരണം.
🛫ഇന്ത്യയില്‍ നിന്ന് ജൂലൈ 21 വരെ സര്‍വീസുകളില്ലെന്ന് എമിറേറ്റ്‌സ്.
🇶🇦ഖത്തറില്‍ ഇന്ന് 142 പേര്‍ക്ക് കോവിഡ്; 149 രോഗമുക്തി.
🇶🇦ഖത്തറിലേക്ക് യാത്ര പുറപ്പെടുന്നവർ തീർച്ചയായും ഇക്കാര്യം ശ്രദ്ധിക്കണം.
🇶🇦ഖത്തറിലേക്ക് സൗജന്യ ഓണ്‍ അറൈവല്‍ വിസ തുടങ്ങുന്നു; ഇന്ത്യക്കാര്‍ക്കും വരാം.
🇶🇦മെത്രാഷില്‍ ഇന്ത്യക്കാര്‍ക്കും ഖത്തര്‍ വിസിറ്റ് വിസ ഒപ്ഷന്‍ ലഭിച്ചു തുടങ്ങി.
🇸🇦ചൈനീസ് വാക്‌സിനുകൾ സ്വീകരിച്ചവർക്കും സൗദിയിൽ ക്വാറന്‍റൈനിൽ ഇളവ്.
🇦🇪അബുദാബി: നമ്പർ പ്ലേറ്റുകൾ വ്യക്തമല്ലാത്ത വാഹനങ്ങൾക്ക് 400 ദിർഹം പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്.
🇧🇭ബഹ്‌റൈൻ: ഇ-വിസ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാൻ സ്ഥാപനങ്ങളോട് NPRA ആഹ്വാനം ചെയ്തു.
🇰🇼കുവൈറ്റ്: പൊതു മേഖലയിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ ജൂലൈ 18 മുതൽ ആരംഭിക്കും.
🇸🇦സൗദി: ഒരാഴ്ച്ചയ്ക്കിടയിൽ പത്തൊമ്പതിനായിരത്തിൽ പരം റെസിഡൻസി, തൊഴിൽ നിയമലംഘനങ്ങൾ പിടികൂടി.
🇸🇦സൗദി: കിംഗ് ഫഹദ് കോസ്‌വേയിലൂടെ പ്രവേശിക്കുന്നവർക്കുള്ള പുതുക്കിയ യാത്രാ നിബന്ധന.
വാർത്തകൾ വിശദമായി
🇦🇪യുഎഇയില്‍ പള്ളികളിലും ഈദ്‍ഗാഹുകളിലും പെരുന്നാള്‍ നമസ്‍കാരത്തിന് അനുമതി.
✒️ബലി പെരുന്നാള്‍ ദിവസം യുഎഇയിലെ പള്ളികളിലും ഈദ്‍ഗാഹുകളിലും പെരുന്നാള്‍ നമസ്‍കാരത്തിന് അനുമതി. നമസ്‍കരവും അതിന് ശേഷമുള്ള ഖുത്തുബയും (പ്രഭാഷണം) ഉള്‍പ്പെടെ പരമാവധി 15 മിനിറ്റാണ് അനുവദിച്ചിട്ടുള്ളതെന്ന് യുഎഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോരിറ്റി ചൊവ്വാഴ്‍ച വൈകുന്നേരം അറിയിച്ചു.
പള്ളികളില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിന് സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ പെരുന്നാള്‍ നമസ്‍കാരത്തിനെത്തുന്ന വിശ്വാസികളും പാലിക്കണം. പള്ളികളും ഈദ്‍ഗാഹുകളും നമസ്‍കാരം ആരംഭിക്കുന്നതിന് 15 മിനിറ്റ് മുമ്പ് മാത്രമേ തുറക്കുകയുള്ളൂ. നമസ്‍കാരശേഷം ഹസ്‍തദാനം ചെയ്‍തും പരസ്‍പരം ആലിംഗനം ചെയ്‍തും ആശംസകള്‍ പങ്കിടുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നമസ്‍കാരത്തിന് മുമ്പോ ശേഷമോ കൂട്ടംകൂടാന്‍ വിശ്വാസികളെ അനുവദിക്കില്ല. 12 വയസിന് താഴെ പ്രായമുള്ള കുട്ടികളും 60ന് വയസിന് മുകളില്‍ പ്രായമുള്ളവരും വീടുകളില്‍ തന്നെ പ്രാര്‍ത്ഥനകള്‍ നിര്‍വഹിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
🇸🇦സൗദി അറേബ്യയിൽ കൊവിഡ് മരണങ്ങള്‍ എണ്ണായിരം കടന്നു.
✒️സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം എണ്ണായിരം കടന്നു. ഇന്ന് രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 14 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 8,006 ആയി. 1,295 പേർക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചു. രോഗബാധിതരിൽ 946 പേർ കുടി സുഖം പ്രാപിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ ആകെ എണ്ണം 503,734 ആയി. 484,883 പേർ ഇതുവരെ രോഗമുക്തരായി.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 10,845 ആയി. ഇതിൽ 1,426 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 327, മക്ക 283, കിഴക്കൻ പ്രവിശ്യ 189, അസീർ 135, ജീസാൻ 92, അൽഖസീം 55, ഹായിൽ 49, മദീന 45, നജ്റാൻ 39, അൽബാഹ 26, തബൂക്ക് 24, വടക്കൻ അതിർത്തി മേഖല 23, അൽജൗഫ് 8. രാജ്യത്തെ കൊവിഡ് വാക്സിൻ കുത്തിവെപ്പ് 20,270,491 ഡോസ് ആയി.
🇴🇲ഒമാനില്‍ 982 പേര്‍ക്ക് കൂടി കൊവിഡ്, 37 മരണം.
✒️ഒമാനില്‍ 982 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 37 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ഇതുവരെയുള്ള കൊവിഡ് മരണങ്ങള്‍ 3,472 ആയി.
രാജ്യത്ത് ഇതുവരെ 2,87,054 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,60,826 പേരാണ് രോഗമുക്തരായത്. 90.9 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 122 പേരെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 1290 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ ഗുരുതരാവസ്ഥയിലുള്ള 458 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.
🇦🇪യുഎഇയില്‍ 1522 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് ആറ് മരണം.
✒️യുഎഇയില്‍ 1,522 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,485 പേര്‍ സുഖം പ്രാപിക്കുകയും ആറ് പേര്‍ മരണപ്പെടുകയും ചെയ്തു.
പുതിയതായി നടത്തിയ 2,63,784 പരിശോധനകളില്‍ നിന്നാണ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,53,284 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,31,294 പേര്‍ രോഗമുക്തരാവുകയും 1,876 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,114 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🛫ഇന്ത്യയില്‍ നിന്ന് ജൂലൈ 21 വരെ സര്‍വീസുകളില്ലെന്ന് എമിറേറ്റ്‌സ്.
✒️ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്ന് ജൂലൈ 21 വരെ യുഎഇയിലേക്ക് വിമാന സര്‍വീസുകളുണ്ടാകില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ അറിയിച്ചു. കഴിഞ്ഞ 14 ദിവസത്തിനിടെ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും യുഎഇയിലേക്കുള്ള വിമാനത്തില്‍ പ്രവേശനം അനുവദിക്കില്ലെന്ന് എയര്‍ലൈന്‍ വെബ്‌സൈറ്റില്‍ അറിയിച്ചു.
ജൂലൈ 15വരെ ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ച തീരുമാനമാണ് എമിറേറ്റ്‌സ് ഇപ്പോള്‍ നീട്ടിയത്. ഇന്ത്യയില്‍ നിന്ന് ജൂലൈ 21 വരെ സര്‍വീസുകളുണ്ടാകില്ലെന്ന് എയര്‍ ഇന്ത്യയും ഇത്തിഹാദും നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് തങ്ങളുടെ പൗരന്മാര്‍ക്ക് യുഎഇയും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് വ്യാപിച്ച പശ്ചാത്തലത്തില്‍ ഏപ്രില്‍ 25മുതലാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ യാത്ര വിലക്ക് ഏര്‍പ്പെടുത്തിയത്.
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ ചില വിമാന കമ്പനികള്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരുന്നു. ദുബൈയിലേക്ക് ജൂലൈ 15 മുതലുള്ള ടിക്കറ്റ് ബുക്കിങാണ് വിസ്താര എയര്‍ലൈന്‍, ഇന്‍ഡിഗോ എന്നിവ പുനരാരംഭിച്ചത്.
🇶🇦ഖത്തറില്‍ ഇന്ന് 142 പേര്‍ക്ക് കോവിഡ്; 149 രോഗമുക്തി.
✒️ഖത്തറില്‍ ഇന്ന് 142 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 149 പേരാണ് രോഗമുക്തി നേടിയത്. 76 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 63 പേര്‍. 1,498 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.
ഖത്തറില്‍ ഇന്ന് കോവിഡ് മരണമില്ല. ആകെ മരണം 599. രാജ്യത്ത് ഇതുവരെ 2,21,549 പേര്‍ രോഗമുക്തി നേടി. ഇന്ന് 5 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 79 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.
24 മണിക്കൂറിനിടെ 20,368 ഡോസ് വാക്‌സിന്‍ നല്‍കി. ആകെ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 34,28,791 ആയി. വാക്‌സിനേഷന് യോഗ്യരായ 78.1 ശതമാനം പേര്‍ക്ക് ഇതിനകം ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചു.
🇶🇦ഖത്തറിലേക്ക് യാത്ര പുറപ്പെടുന്നവർ തീർച്ചയായും ഇക്കാര്യം ശ്രദ്ധിക്കണം
✒️ഖത്തറില്‍ ജൂലൈ 12 ന് പ്രാബല്യത്തില്‍ വന്ന പുതിയ ട്രാവല്‍ നയമനുസരിച്ച് ഖത്തര്‍ പൊതുജനാരോഗ്യമന്ത്രാലയം അംഗീകരിച്ച വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ ഖത്തറിലേക്ക് ഫാമിലി വിസിറ്റ്, ടൂറിസ്റ്റ്, ബിസിനസ് വിസകള്‍ ലഭിക്കുകയുള്ളൂ. ഇനി എന്തെങ്കിലും കാരണവശാല്‍ വിസ ലഭിച്ചാലും വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുളളൂവെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർക്ക് 2021 ജൂലൈ 12 മുതൽ Ehteraz വെബ്‌സൈറ്റിൽ മുൻകൂർ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയതായി ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് (GCO) അറിയിച്ചു. https://www.ehteraz.gov.qa/ എന്ന വിലാസത്തിൽ ഈ വെബ്സൈറ്റ് ലഭ്യമാണ്.
ജൂലൈ 12-ന് രാത്രിയാണ് ഖത്തർ GCO ഇക്കാര്യം അറിയിച്ചത്. ലോകത്തെ എല്ലാ രാജ്യങ്ങളിൽ നിന്നും ഖത്തറിലേക്ക് മടങ്ങുന്നവർക്കും, യാത്രചെയ്യുന്നവർക്കും ജൂലൈ 12 മുതൽ ഈ പുതിയ യാത്രാ നിബന്ധന ബാധകമാക്കിയിട്ടുണ്ട്.
Ehteraz വെബ്‌സൈറ്റിലെ ‘Pre-Registration System’ രാജ്യത്തേക്ക് മടങ്ങിയെത്തുന്നവരുടെ ആരോഗ്യ സ്റ്റാറ്റസ് സംബന്ധമായ വിവരങ്ങൾ പരിശോധിക്കുന്നതിനും, ക്വാറന്റീൻ നടപടികൾ, ക്വാറന്റീൻ ഇളവുകൾ സംബന്ധിച്ച മുൻകൂർ അനുമതികൾ തുടങ്ങിയ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനുമായാണ് ആരംഭിച്ചിരിക്കുന്നത്. രാജ്യത്തേക്ക് കര, കടൽ, വ്യോമ അതിർത്തികളിലൂടെ പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും ഈ മുൻകൂർ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്.
യാത്രികർ ഈ വെബ്‌സൈറ്റിൽ ഒരു അക്കൗണ്ട് നിർമ്മിച്ച ശേഷം, തങ്ങളുടെ സ്വകാര്യ വിവരങ്ങൾ, ആരോഗ്യ വിവരങ്ങൾ മുതലായവ നൽകേണ്ടതാണ്. രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് 12 മുതൽ 72 മണിക്കൂർ മുൻപായി ഈ രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്.
ഖത്തർ പൗരന്മാർ, പ്രവാസികൾ എന്നിവർ തങ്ങളുടെ ഐഡി നമ്പർ നൽകേണ്ടതാണ്. ജിസിസി പൗരന്മാർക്ക് തങ്ങളുടെ പാസ്പ്പോർട്ട് നമ്പർ ഉപയോഗിച്ചും, സന്ദർശകർക്ക് തങ്ങളുടെ പാസ്പ്പോർട്ട് നമ്പർ, വിസ നമ്പർ എന്നിവ ഉപയോഗിച്ചും ഈ രജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. യാത്രികർ തങ്ങളുടെ വാക്സിനേഷൻ സംബന്ധമായ വിവരങ്ങൾ, രോഗബാധ സംബന്ധമായ വിവരങ്ങൾ മുതലായവ ഈ വെബ്‌സൈറ്റിൽ നൽകേണ്ടതാണ്.
‘Pre-Registration System’ എന്ന ഈ സേവനം ഖത്തർ തങ്ങളുടെ COVID-19 കോൺടാക്ട് ട്രേസിങ്ങ് ആപ്പായ Ehteraz-ൽ ജൂലൈ ആദ്യ വാരത്തിൽ ഉൾപ്പെടുത്തിയിരുന്നു. ആ സന്ദർഭത്തിൽ ഈ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിരുന്നില്ല.
🇶🇦ഖത്തറിലേക്ക് സൗജന്യ ഓണ്‍ അറൈവല്‍ വിസ തുടങ്ങുന്നു; ഇന്ത്യക്കാര്‍ക്കും വരാം.
✒️ഖത്തറിലേക്ക ഓണ്‍ അറൈവല്‍ വിസാ സംവിധാനം തുടങ്ങിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇത് സംബന്ധിച്ച് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ അറിയിപ്പ് ട്രാവല്‍ ഏജന്‍സികള്‍ക്ക് ലഭിച്ചതായാണ് അറിയുന്നത്. എന്നാല്‍, ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. ഒരു മാസത്തേക്കാണ് സൗജന്യ വിസ ലഭിക്കുക. ഇത് 30 ദിവസത്തേക്കു കൂടി ദീര്‍ഘിപ്പിക്കാവുന്നതാണ്. ഓണ്‍ അറൈവല്‍ വിസയില്‍ വരുന്നവര്‍ക്ക് താഴെ പറയുന്ന നിബന്ധനകള്‍ ബാധകമാണ്.
1. ആറ് മാസത്തെ വാലിഡിറ്റിയുള്ള പാസ്‌പോര്‍ട്ട് വേണം
2. കണ്‍ഫേം ചെയ്ത റിട്ടേണ്‍ ടിക്കറ്റ്
3. സന്ദര്‍ശക കാലയളവില്‍ ഖത്തറിലെ ഏതെങ്കിലും ഹോട്ടലില്‍ താമസിക്കുന്നതിനുള്ള റിസര്‍വേഷന്‍
4. ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്‌സിനേഷന്‍(രണ്ട് ഡോസ് എടുത്ത് 14 ദിവസം പൂര്‍ത്തിയാക്കിയിരിക്കണം)
5. യാത്രയുടെ 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്
6. ഇഹ്തിറാസ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ശേഷമുള്ള അനുമതി. ഇഹ്തിറാസില്‍ വിസിറ്റ് സെലക്ട് ചെയ്ത് ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാവുന്നതാണ്.
7. രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത് 14 ദിവസം പൂര്‍ത്തീകരിക്കാത്തവര്‍ക്ക് ഓണ്‍ അറൈവല്‍ വിസയില്‍ വരാനാവില്ല.
🇶🇦മെത്രാഷില്‍ ഇന്ത്യക്കാര്‍ക്കും ഖത്തര്‍ വിസിറ്റ് വിസ ഒപ്ഷന്‍ ലഭിച്ചു തുടങ്ങി.
✒️ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സേവനങ്ങളുടെ ആപ്പ് ആയ മെത്രാഷ്2 ല്‍ ഇന്ത്യക്കാര്‍ക്കും വിസിറ്റ് വിസ ഒപഷന്‍ ലഭിച്ചു തുടങ്ങി. ജൂലൈ 11 മുതല്‍ വിസിറ്റിങ് വിസകള്‍ അനുവദിച്ചു തുടങ്ങുമെന്ന് ഖത്തര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും മെത്രാഷ് 2ല്‍ ഇന്ത്യക്കാര്‍ക്ക് വിസിറ്റ് വിസ അപേക്ഷിക്കുന്നതിനുള്ള ഒപ്ഷന്‍ ഇന്ന് മുതലാണ് ലഭ്യമായത്.
പൂര്‍ണമായും വാക്‌സിനെടുത്തവര്‍ക്കു മാത്രമേ ഇന്ത്യയില്‍ നിന്നും വിസിറ്റ് വിസയില്‍ വരാന്‍ സാധിക്കുകയുള്ളു. 11 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭിക്കാത്തതിനാല്‍ ഇന്ത്യയില്‍ നിന്ന് ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് വിസിറ്റ് വിസയില്‍ വരാന്‍ കഴിയില്ല.
🇸🇦ചൈനീസ് വാക്‌സിനുകൾ സ്വീകരിച്ചവർക്കും സൗദിയിൽ ക്വാറന്‍റൈനിൽ ഇളവ്.
✒️ചൈനീസ് വാക്‌സിനുകൾ സ്വീകരിച്ചവർക്ക് സൗദിയിൽ ക്വാറന്‍റൈനിൽ ഇളവനുവദിച്ചു. സിനോഫാം, സിനോവാക് എന്നീ വാക്‌സിനുകൾ സ്വീകരിച്ചവർക്കാണ് ഇളവ് ലഭിക്കുക. ഇവർ സൗദിയിൽ അംഗീകാരമുള്ള ഏതെങ്കിലും വാക്‌സിൻ ബൂസ്റ്റർ ഡോസായി സ്വീകരിക്കണമെന്ന് വ്യവസ്ഥയുണ്ട്.
സിനോഫാം, സിനോവാക് എന്നീ ചൈനീസ് കോവിഡ് വാക്‌സിനുകളുടെ രണ്ട് ഡോസിനോട് കൂടെ സൗദിയിൽ അംഗീകാരമുള്ള ഏതെങ്കിലും വാക്‌സിനുകൾ ബൂസ്റ്റർ ഡോസായി സ്വീകരിച്ചവർക്ക് സൗദിയിലെത്തിയാൽ ഇനി മുതൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈൻ നിർബന്ധമില്ല.ഇവർക്ക് കിംഗ് ഫഹദ് കോസ് വേ വഴി സൗദിയിലേക്ക് പ്രവേശിക്കാനും അനുമതിയുണ്ട്.
കൂടാതെ ഫൈസർ ബയോൺടെക്, ഓക്‌സ് ഫോർഡ് ആസ്ട്രസെനെക്ക, മൊഡേണ, ജോൺസൺ ആന്റ് ജോൺസൺ എന്നീ വാക്‌സിനുകളിൽ ഏതെങ്കിലും ഒന്നിന്‍റെ ഒരു ഡോസ് സ്വീകരിച്ച് 14 ദിവസം പിന്നിട്ടവർക്കാണ് ഇളവ് ലഭിക്കും. വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ വാക്‌സിൻ സ്വീകരിച്ച രാജ്യത്തെ ആരോഗ്യ വിഭാഗം അറ്റസ്റ്റ് ചെയ്തിരിക്കണമെന്നും, യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് വിവരങ്ങൾ മുഖീം പോർട്ടലിൽ രജിസിറ്റർ ചെയ്യണമെന്നും നിർദേശമുണ്ട്.
കൂടാതെ സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ കോപ്പി യാത്രക്കാർ കൈവശം കരുതേണ്ടതാണ്. പുതിയ തീരുമാനം നിരവധി വിദേശികൾക്ക് ഏറെ ആശ്വാസകരമാണ്. അതേസമയം ഇന്ത്യയിൽ നിന്ന് കോവാക്‌സിൻ സ്വീകരിച്ചവരുടെ കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. ഇവർക്ക് ഇനി മറ്റേതെങ്കിലും വാക്‌സിനുകൾ സ്വീകരിക്കാമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. മലയാളികളുൾപ്പെടെ നിരവധി പേരാണ് ഇന്ത്യയിൽ നിന്ന് കോവാക്‌സിൻ സ്വീകരിച്ച് പ്രതിസന്ധിയിലായിരിക്കുന്നത്.
🇦🇪അബുദാബി: നമ്പർ പ്ലേറ്റുകൾ വ്യക്തമല്ലാത്ത വാഹനങ്ങൾക്ക് 400 ദിർഹം പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്.
✒️വ്യക്തമായി ദൃശ്യമാകാത്തതോ, മറയ്ക്കപ്പെട്ടതോ ആയ നമ്പർ പ്ലേറ്റുകളോട് കൂടി എമിറേറ്റിലെ റോഡുകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് 400 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ നമ്പർപ്ലേറ്റ് മറയ്ക്കപ്പെട്ട വാഹനങ്ങളുടെ ദൃശ്യങ്ങൾ പങ്ക് വെച്ച് കൊണ്ടാണ് ഡ്രൈവർമാർക്ക് പോലീസ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
ജൂലൈ 12-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. നേരത്തെയും അധികൃതർ സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു.
സൈക്കിൾ, ബൈക്ക് മുതലായവ വെക്കുന്നതിനുള്ള റാക്കുകൾ കൊണ്ടും മറ്റും നമ്പർ പ്ലേറ്റ് മറയ്ക്കുന്നതും, വ്യക്തമല്ലാത്ത നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നതും എമിറേറ്റിൽ നിയമ ലംഘനമായി കണക്കാക്കുമെന്നും പോലീസ് വ്യക്തമാക്കി. ഇത്തരം ലംഘനങ്ങൾക്ക് 400 ദിർഹം പിഴ ചുമത്തുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.
ഈ വർഷത്തെ ആദ്യ പകുതിയിൽ മാത്രം ഇത്തരത്തിൽ 5177 വാഹനങ്ങൾക്ക് പിഴ ചുമത്തിയതായി പോലീസ് അറിയിച്ചു. ഇത്തരം വാഹനങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ എമിറേറ്റിലുടനീളം ശക്തമാക്കിയതായും അധികൃതർ കൂട്ടിച്ചേർത്തു.
🇧🇭ബഹ്‌റൈൻ: ഇ-വിസ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാൻ സ്ഥാപനങ്ങളോട് NPRA ആഹ്വാനം ചെയ്തു.
✒️ഇ-വിസ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാൻ രാജ്യത്തെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളോട് ബഹ്‌റൈൻ നാഷണൽ പാസ്സ്പോർട്സ് ആൻഡ് റസിഡൻസ് അഫയേഴ്‌സ് (NPRA) ആഹ്വാനം ചെയ്തു. https://www.evisa.gov.bh/ എന്ന വിലാസത്തിൽ ബഹ്‌റൈനിലെ ഇ-വിസ സേവനങ്ങൾക്കുള്ള വെബ്സൈറ്റ് ലഭ്യമാണ്.
ഈ സംവിധാനത്തിലെ സേവനങ്ങൾ പൂർണമായും ഉപയോഗപ്പെടുത്തുന്നതിന് രജിസ്‌ട്രേഷൻ പൂർത്തിയാക്കാനും, രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്ന സ്ഥാപനങ്ങളോട് തങ്ങളുടെ വിവരങ്ങൾ ഈ സംവിധാനത്തിൽ ഉൾപ്പെടുത്താനും NPRA ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിന്റെ പ്രവർത്തിസമയങ്ങൾക്ക് ശേഷവും സന്ദർശക വിസകൾക്ക് അപേക്ഷിക്കുന്നതിനും, മറ്റു ഇ-വിസ സേവനങ്ങൾ, ഇ-വിസ നേടുന്നതിനുള്ള യോഗ്യതകളെക്കുറിച്ചുള്ള വിവരങ്ങൾ, ഇ-വിസ അപേക്ഷകളുടെ സ്ഥിതി പരിശോധിക്കുന്നതിനുള്ള സൗകര്യം മുതലായ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും ഈ വെബ്‌സൈറ്റിലൂടെ സാധിക്കുന്നതാണ്.
ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിന് 17399764 എന്ന നമ്പറിൽ NPRA-യുടെ കമ്മ്യൂണിക്കേഷൻ സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. പൊതുജനങ്ങളിലേക്ക് തങ്ങളുടെ സേവനങ്ങൾ കൂടുതൽ സൗകര്യപ്രദമായി ലഭ്യമാകുന്നതിന്റെ ഭാഗമായി ബഹ്‌റൈനിലെ ഇ-വിസ സേവനങ്ങൾക്കുള്ള വെബ്സൈറ്റ് 2020 ഓഗസ്റ്റിലാണ് NPRA നവീകരിച്ചത്. രാജ്യത്ത് എല്ലാ വകുപ്പുകളിലും ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള സർക്കാർ നയത്തിന്റെ കൂടി ഭാഗമായാണ് ഈ തീരുമാനം നടപ്പിലാക്കിയത്.
🇰🇼കുവൈറ്റ്: പൊതു മേഖലയിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ ജൂലൈ 18 മുതൽ ആരംഭിക്കും.
✒️രാജ്യത്തെ പൊതു മേഖലയിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ സംബന്ധിച്ച് കുവൈറ്റ് ക്യാബിനറ്റ് അറിയിപ്പ് നൽകിയതായി കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഈ അറിയിപ്പ് പ്രകാരം, കുവൈറ്റിലെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ ജൂലൈ 18, ഞായറാഴ്ച്ച മുതൽ ആരംഭിക്കുന്നതാണ്.
ജൂലൈ 12-ന് രാത്രിയാണ് കുവൈറ്റ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2021 ജൂലൈ 18 മുതൽ ജൂലൈ 22, വ്യാഴാഴ്ച്ച വരെ രാജ്യത്തെ സർക്കാർ വകുപ്പുകൾ, മന്ത്രാലയങ്ങൾ മുതലായവയിൽ ഈദുൽ അദ്ഹ അവധിദിനങ്ങളായിരിക്കുമെന്ന് കുവൈറ്റ് ക്യാബിനറ്റ് വ്യക്തമാക്കിയിട്ടുണ്ട്.
🇸🇦സൗദി: ഒരാഴ്ച്ചയ്ക്കിടയിൽ പത്തൊമ്പതിനായിരത്തിൽ പരം റെസിഡൻസി, തൊഴിൽ നിയമലംഘനങ്ങൾ പിടികൂടി.
✒️രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച ഏതാണ്ട് പത്തൊമ്പതിനായിരത്തോളം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2021 ജൂലൈ 1 മുതൽ 7 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും 19023 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതിൽ 7811 പേർ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റിലായത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 991 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 10221 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇത്തരം ലംഘനങ്ങളുമായി ബന്ധപ്പെട്ട് ഏതാണ്ട് 22560 പേരെ നാടുകടത്തിയതായും അധികൃതർ വ്യക്തമാക്കി.
അനധികൃതമായി സൗദി അതിർത്തികളിലൂടെ നുഴഞ്ഞ് കയറാൻ ശ്രമിച്ച 325 പേരെയും ഈ കാലയളവിൽ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 46 ശതമാനം പേർ എത്യോപ്യൻ പൗരന്മാരും, 49 ശതമാനം പേർ യെമൻ പൗരന്മാരും, 5 ശതമാനം പേർ മറ്റു രാജ്യങ്ങളിൽ നിന്നുമുള്ളവരാണ്.
റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികൾ, അനധികൃത തൊഴിലാളികൾ, കുടിയേറ്റക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ സെക്യൂരിറ്റി വിഭാഗങ്ങളുമായി പങ്ക് വെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം ഏതാനം ദിവസങ്ങൾക്ക് മുൻപ് രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടിരുന്നു. ഇത്തരക്കാരെ കണ്ടെത്തി നടപടികൾ കൈക്കൊള്ളുന്നതിനായി രാജ്യത്തെ വിവിധ സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധനാ പരിപാടികൾ അതിവിപുലമായി നടത്തിവരികയാണ്.
ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കുന്നതിനുള്ള നമ്പറുകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റു മേഖലകളിൽ 999 എന്ന നമ്പറിലും ഇത്തരം നിയമലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.
2021 ജൂൺ 24 മുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 19812 പേരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ രാജ്യത്ത് അഞ്ച് ദശലക്ഷത്തിൽ പരം അനധികൃത കുടിയേറ്റക്കാർക്കെതിരെയും, റെസിഡൻസി നിയമങ്ങൾ ലംഘിച്ചവർക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
രാജ്യത്ത് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നത് വലിയ കുറ്റകൃത്യമാണെന്ന് സൗദി ആഭ്യന്തര വകുപ്പ് മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നൈഫ് ജൂലൈ 3-ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരക്കാർക്ക് വിവിധ സഹായങ്ങൾ നൽകുന്നതും, ഇവർക്ക് യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതും, വിവിധ സേവനങ്ങൾ നൽകുന്നതും ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കുമെന്നും, ഇത്തരം പ്രവർത്തനങ്ങൾക്ക് പിടിക്കപ്പെടുന്നവർക്ക് 15 വർഷം വരെ തടവും, ഒരു മില്യൺ റിയാൽ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണെന്നും സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിട്ടുണ്ട്.
🇸🇦സൗദി: കിംഗ് ഫഹദ് കോസ്‌വേയിലൂടെ പ്രവേശിക്കുന്നവർക്കുള്ള പുതുക്കിയ യാത്രാ നിബന്ധന.
✒️സിനോഫാം, സിനോവാക് എന്നീ COVID-19 വാക്സിനുകളുടെ രണ്ട് ഡോസ് പൂർത്തിയാക്കിയവർക്ക് കിംഗ് ഫഹദ് കോസ്‌വേയിലൂടെ സൗദിയിലേക്ക് പ്രവേശിക്കുന്നതിന് സൗദി അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും വാക്സിനിന്റെ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയതായി അധികൃതർ അറിയിച്ചു. കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
സൗദി ആരോഗ്യ വകുപ്പിന്റെ പുതുക്കിയ പ്രവേശന നിബന്ധനകൾ പ്രകാരമാണ് ഈ തീരുമാനം. ഈ അറിയിപ്പ് പ്രകാരം, സിനോഫാം, സിനോവാക് എന്നീ COVID-19 വാക്സിനുകളുടെ രണ്ട് ഡോസ് പൂർത്തിയാക്കിയവർക്ക് ഫൈസർ, ആസ്ട്രസെനേക, ജോൺസൻ ആൻഡ് ജോൺസൻ, മോഡേണ എന്നീ വാക്സിനുകളിലേതെങ്കിലും ഒന്നിന്റെ ബൂസ്റ്റർ ഡോസ് എടുത്ത ശേഷം മാത്രമാണ് സൗദിയിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
ഇതിന് പുറമെ, ഇവർ സൗദിയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, 72 മണിക്കൂറിനിടയിൽ നേടിയ PCR റിസൾട്ട് ഹാജരാക്കേണ്ടതാണ്. COVID-19 വൈറസിന്റെ പുതിയ വകഭേദങ്ങൾക്കെതിരെ ഇത്തരം വാക്സിനുകൾ പൂർണ്ണമായും ഫലപ്രദമല്ല എന്ന ആശങ്കയെത്തുടർന്നാണ് ഇവ സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കുന്നത്.

0 Comments