Ticker

6/recent/ticker-posts

Header Ads Widget

കുതിരാന്‍ തുരങ്കങ്ങളില്‍ ഒന്ന് തുറന്നു

കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിന് പിന്നാലെ കുതിരാൻ തുരങ്കങ്ങളിൽ ഒന്ന് തുറന്നു. പാലക്കാട് നിന്ന് തൃശ്ശൂർ ഭാഗത്തേക്കുള്ള തുരങ്കമാണ് തുറന്നത്. ശനിയാഴ്ച രാത്രി ഏഴരയോടെ തൃശ്ശൂർ ജില്ലാ കളക്ടർ ഹരിത വി കുമാർ തുരങ്കം ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഹൈവേയിലെ ഗതാഗതക്കുരുക്കിന് ഇതോടെ വലിയ പരിഹാരമാകും. കൊച്ചി കോയമ്പത്തൂർ ദേശീയപാതയിലെ യാത്ര സമയം കുറയും എന്നതാണ് തുരങ്കം തുറക്കുന്നതിലെ പ്രധാന സവിശേഷത.


🔰ഉദ്ഘാടനമില്ല, നേതാക്കളില്ല; കുതിരാന്‍ തുരങ്കങ്ങളില്‍ ഒന്ന് തുറന്നു.

സംസ്ഥാനത്തെ ആദ്യ തുരങ്കപാതയാണ് കുതിരാനിലേത്. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ട്വിറ്ററിലൂടെയാണ് ഗതാഗതം ആരംഭിക്കുന്ന കാര്യം അറിയിച്ചത്. ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുക്കാനാണ് ഉദ്യോഗസ്ഥർക്ക് കേന്ദ്രം നൽകിയ നിർദേശം.

അതേസമയം നിർമാണത്തുടക്കം മുതൽ നിരവധി വിവാദങ്ങൾക്ക് വഴിവെച്ച കുതിരാൻ തുരങ്കം ഗതാഗതത്തിനായി തുറന്ന വേളയിലും വിവാദത്തിന് സാക്ഷിയായി. സംസ്ഥാന സർക്കാരിനെ ഔദ്യോഗികമായി അറിയിക്കാതെയാണ് തുരങ്കം തുറന്നത്. ഓഗസ്റ്റ് ഒന്ന്, രണ്ട് അല്ലെങ്കിൽ ഓണത്തിന് മുൻപ് ഒരു തുരങ്കം തുറക്കും എന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ സംസ്ഥാനത്തിന് പിന്നീട് ഇത് സംബന്ധിച്ച് ഒരു അറിയിപ്പും ലഭിച്ചില്ല.


🔰പൊടിപടലങ്ങള്‍ നീക്കാന്‍ ബ്ലോവറുകള്‍; 1200 ഓളം എല്‍ഇഡി ലൈറ്റുകള്‍.

തുരങ്കം സന്ദർശിച്ച ദേശീയപാത ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് കിട്ടുക എന്നത് മാത്രമാണ് അവശേഷിച്ചിരുന്ന ഒരേ ഒരു കാര്യം. അടുത്തയാഴ്ചയോടെ ഇത് ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും റീജണൽ ഓഫീസിന് കൈമാറിയ റിപ്പോർട്ടിന് ഇന്ന് അംഗീകാരം ലഭിക്കുക കൂടി ചെയ്തതോടെയാണ് തുരങ്കം ഇന്ന് തന്നെ തുറക്കാനുള്ള തീരുമാനമുണ്ടായത്.

കുതിരാൻ വെറുമൊരു തുരങ്കം മാത്രമല്ല. 970 മീറ്റർ നീളമുള്ള സംസ്ഥാനത്തെ ആദ്യ തുരങ്ക പാതയ്ക്ക് പ്രത്യേകതകളേറെയാണ്. വീതി കണക്കാക്കിയാൽ ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും വലിയ തുരങ്കങ്ങളിലൊന്നാണ് കുതിരാൻ, 14 മീറ്ററാണ് വീതി.

🔰ക്രെഡിറ്റ് വേണ്ട, തുരങ്കം തുറക്കുന്നുവെന്നതാണ് പ്രധാനം-മന്ത്രി മുഹമ്മദ് റിയാസ്

പാലക്കാട് ഭാഗത്തുനിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന തുരങ്ക പാതയാണിപ്പോൾ തുറന്നത്. തുരങ്കം യാഥാർഥ്യമായതോടെ ഏകദേശം 1.7 കിലോമീറ്ററോളം ദൂരം ലാഭിക്കാൻ സാധിക്കും. കേരളീയ മാതൃകയിലാണ് തുരങ്കത്തിന്റെ കവാടം. തുരങ്കത്തിനകത്തെ പൊടിപടലങ്ങൾ ഒഴിവാക്കാൻ പത്തോളം ബ്ലോവറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവ അകത്തുള്ള പൊടിപടലങ്ങൾ തുരങ്കത്തിന് പുറത്തേക്ക് തള്ളിവിടും. വെളിച്ചക്കുറവ് പരിഹരിക്കാൻ 1200 ഓളം എൽഇഡി ലൈറ്റുകളും സജ്ജമാക്കിയിട്ടുണ്ട്.

തുരങ്കത്തിനുള്ളിലേക്ക് പ്രവേശിച്ചാൽ മൊബൈലിന് റെയ്ഞ്ച് ലഭിക്കില്ലെന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി ആറോളം ഇടങ്ങളിൽ എമൻജൻസി ലാൻഡ് ഫോൺ സംവിധാനവുമുണ്ട്. വിവിധ സുരക്ഷാ ആവശ്യങ്ങൾക്കായി ധാരാളം സെൻസറുകളും സജ്ജീകരിച്ചിട്ടുണ്ട്. വായുവിന്റെ മർദ്ദ വ്യത്യാസം, ഓക്സിജൻ ലെവൽ എന്നിവയെല്ലാം അളക്കാൻ പ്രത്യേക ഉപകരണങ്ങളും തുരങ്കത്തിനകത്തുണ്ട്. പുറത്തുള്ള കൺട്രോൾ റൂമിനകത്താണ് ഇവയുടെ ക്രമീകരണങ്ങളെല്ലാം നിയന്ത്രിക്കുകയും വിലയിരുത്തുകയും ചെയ്യുക.

ഇടയ്ക്കിടെ മണ്ണിടിച്ചിലുണ്ടാകുന്ന പ്രദേശമാണിത്. അതിനാൽ അപകടങ്ങൾ ഒഴിവാക്കാൻ തുരങ്കത്തിന്റെ മുകൾ ഭാഗത്തായി മലയിൽ ഉരുക്കുവല പതിച്ച് കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. മണ്ണിടിച്ചിൽ ഒഴിവാക്കാനുള്ള ക്രമീകരണമാണിത്. ഈ ജോലികൾ പൂർണമായും കഴിഞ്ഞിട്ടില്ല. തുരങ്കത്തിനകത്ത് മണ്ണിടിച്ചിലുണ്ടാകുമെന്ന് ആശങ്കപ്പെടുന്ന സ്ഥലങ്ങളിലും അർധവൃത്താകൃതിയിൽ ഉരുക്കുപാളികൾവെച്ച് കോൺക്രീറ്റ് ചെയ്തിട്ടുണ്ട്.

അഗ്നി ബാധ തടയാൻ എട്ടോളം വാൽവുകളുള്ള ഫയർ ലൈനും ഇതിനകത്തുണ്ട്. തുരങ്കത്തിനോട് ചേർന്ന് രണ്ട് ലക്ഷം ലിറ്റർ വെള്ളം സൂക്ഷിക്കാൻ കഴിയുന്ന പ്രത്യേക വാട്ടർടാങ്ക് സജ്ജമാക്കിയിട്ടുണ്ട്. ഇതിൽ നിന്നാണ് ഹൈപ്രഷറോടുകൂടി ഫയർ ലൈനുകൾ വഴി വെള്ളം പമ്പു ചെയ്യാനാവുക. അഗ്നി ബാധയുണ്ടാൽ ഈ വാൽവുകൾ തുറന്ന് തീ അണയ്ക്കും.

അപകടമുണ്ടായാൽ ഒറ്റപ്പെട്ടുപോകുന്ന സാഹചര്യം ഒഴിവാക്കാൻ തുരങ്കത്തിനകത്ത് മറ്റൊരു ചെറു ഇടനാഴിയുമുണ്ട്. ആദ്യ തുരങ്കത്തെ രണ്ടാം തുരങ്കവുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയാണിത്. തുരങ്കത്തിനകത്ത് 540 മീറ്റർ ദൂരം പിന്നിട്ടാൽ ഈ ഇടനാഴിയെത്തും. ഒന്നാമത്തെ തുരങ്കത്തിൽ ഏതെങ്കിലും അപകടങ്ങളോടോ ഗതാഗതക്കുരുക്കോ ഉണ്ടായാൽ ഇതുവഴി രണ്ടാമത്തെ തുരങ്കത്തിലേക്ക് കടക്കാനാകും. എന്നാൽ രണ്ടാമത്തെ തുരങ്കത്തിന്റെ പണി പൂർത്തിയായാൽ മാത്രമേ ഈ ഇടനാഴി ഉപയോഗപ്പെടുത്താനാകു.

10 മീറ്ററാണ് തുരങ്കത്തിന്റെ ഉയരം. രണ്ട് തുരങ്കങ്ങൾ തമ്മിലുള്ള അകലം 24 മീറ്ററും. രണ്ടാം തുരങ്കംകൂടി പൂർത്തിയാകുന്നതോടെ ഗാതാഗത സൗകര്യം ആറുവരിപ്പാതയായി മാറും. കുതിരാൻ തുരങ്ക നിർമാണത്തിനായി പ്രദേശത്തെ കുറ്റൻ പാറകൾ പൊട്ടിച്ചെടുക്കാൻ ആയിരത്തോളം സ്ഫോടനങ്ങളാണ് നടത്തിയത്. ഏകദേശം നാല് ലക്ഷത്തോളം ക്യുബിക് മീറ്റർ കല്ലും പൊടിയും ഇവിടെനിന്നും നീക്കം ചെയ്തു.

കുതിരാൻ തുരങ്കങ്ങളിൽ ആദ്യത്തേത് തുറക്കുന്നത് സംസ്ഥാന സർക്കാറിനെ അറിയിക്കാത്ത വിഷയത്തിൽ പ്രതികരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. തുരങ്കം ഇന്ന് തുറക്കുന്നതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ട്വിറ്റ് ചെയ്തത് സംബന്ധിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.

തുരങ്കം ജനങ്ങൾക്കായി തുറന്നുകൊടുക്കുന്നവെന്നതാണ് പ്രധാനം. ഇതിൽ ക്രെഡിറ്റ് എടുക്കാൻ ആഗ്രഹിക്കുന്നില്ല. എൽഡിഎഫ് സർക്കാരിനെ സംബന്ധിച്ച് വീണ്ടും അധികാരത്തിലെത്തിയപ്പോൾ തന്നെ തുരങ്കം തുറക്കുന്നതിന് വേണ്ടി നിരന്തരം പ്രവർത്തിച്ചിരുന്നു.

തുരങ്കം തുറക്കുന്നത് സംബന്ധിച്ച് സംസ്ഥാന മന്ത്രി അല്ല അഭിപ്രായം പറയേണ്ടത് എന്ന കേന്ദ്ര മന്ത്രി വി. മുരളീധരന്റെ പ്രസ്താവനയെ റിയാസ് പരിഹസിച്ചു. ഒരു മന്ത്രിക്ക് വേണമെങ്കിൽ ജനങ്ങൾക്ക് ഉപകാരപ്രദമായ എന്തെങ്കിലും ചെയ്യാം, അല്ലെങ്കിൽ വെറുതെ പ്രസ്താവനയൊക്കെ നടത്തി വിവാദമുണ്ടാക്കാം. ഇതിൽ രണ്ടാമത് പറഞ്ഞ കാര്യത്തിൽ തനിക്ക് താത്പര്യമില്ലെന്നും റിയാസ് പറഞ്ഞു.

സംസ്ഥാന സർക്കാരിനെ സംബന്ധിച്ച് രണ്ടാമത്തെ തുരങ്കം കൂടി തുറക്കാനുള്ള പ്രവർത്തനങ്ങൾക്ക് എൻഎച്ച്എഐയെ സഹായിക്കാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യുന്നതിനാണ് മുൻഗണനയെന്നും റിയാസ് പറഞ്ഞു.

Post a Comment

0 Comments