Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ

🇸🇦കോവിഡ് സർട്ടിഫിക്കറ്റിന് അംഗീകാരം ലഭിക്കുന്നില്ല; സൗദിയിലേക്ക് മടങ്ങാനാകാതെ പ്രവാസികൾ.

🎙️എം എ യൂസഫലി അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി വൈസ് ചെയര്‍മാന്‍.

🇸🇦കൊവിഡ്: സൗദിയില്‍ 1,194 പുതിയ കേസുകളും 1,164 രോഗമുക്തിയും.

🇴🇲ഒമാൻ: COVID-19 വാക്സിനേഷൻ നടപടികൾ പുനരാരംഭിച്ചു.

🇸🇦സൗദി: ഒരാഴ്ച്ചയ്ക്കിടയിൽ പതിനാലായിരത്തോളം പേർ റെസിഡൻസി, തൊഴിൽ നിയമലംഘനങ്ങൾക്ക് പിടിയിലായി.

🕋സൗദി: ഉംറ തീർത്ഥാടനം ജൂലൈ 25 മുതൽ പുനരാരംഭിച്ചു.

🇦🇪അബുദാബി: മറ്റു എമിറേറ്റുകളിൽ നിന്ന് ഡ്രൈവ് ചെയ്തുവരുന്നവർ രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ സമയക്രമം ശ്രദ്ധിക്കണമെന്ന് പോലീസ്.

🇶🇦ഖത്തറില്‍ ഇന്ന് രോഗമുക്തി വര്‍ധിച്ചു; 126 പേര്‍ക്ക് കോവിഡ്.

🇴🇲ഒമാൻ: ചൂട് കൂടിയതോടെ സൂര്യാഘാതം സംബന്ധിച്ച മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്.

🇦🇪യുഎഇയില്‍ 1,528 പേര്‍ക്ക് കൂടി കൊവിഡ്, നാല് മരണം.

🇴🇲കൊവിഡ്: ഒമാനില്‍ 4,912 പുതിയ രോഗികള്‍.

🇰🇼ആഗസ്ത് 1 മുതല്‍ വിദേശികള്‍ക്ക് നിബന്ധനകളോടെ കുവൈത്തില്‍ പ്രവേശനം.


വാർത്തകൾ വിശദമായി

🇸🇦കോവിഡ് സർട്ടിഫിക്കറ്റിന് അംഗീകാരം ലഭിക്കുന്നില്ല; സൗദിയിലേക്ക് മടങ്ങാനാകാതെ പ്രവാസികൾ.

✒️വാക്‌സിനെടുത്ത് നാട്ടിൽനിന്നു മടങ്ങാനിരിക്കുന്ന പ്രവാസികൾക്ക് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റ് അംഗീകാരം ലഭിക്കുന്നില്ലെന്ന് പരാതി. അനുമതിക്കായി ഓൺലൈൻവഴി അപേക്ഷിച്ച പലർക്കും കൃത്യമായ മറുപടി ലഭിക്കാതായതോടെ ആശങ്കയിലായിരിക്കുകയാണ് പ്രവാസികൾ. 

നിർബന്ധിത ക്വാറന്റൈനില്ലാതെ സൗദിയിൽ തിരിച്ചെത്താൻ കോവിഡ് വാക്‌സിനെടുത്തെന്ന് തെളിയിക്കണം. അതിനായി രണ്ട് ഡോസ് വാക്‌സിനെടുത്തതിന്റെ രേഖകൾ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ തവക്കൽന ഇമ്യൂൺ ആപ്പിൽ അപ്ലോഡ് ചെയ്യണം. എന്നാൽ, സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്ത പലരുടെയും അപേക്ഷ തള്ളപ്പെടുകയായിരുന്നു. കാരണം കാണിക്കാതെ സർട്ടിഫിക്കറ്റുകൾ തള്ളിയതോടെ പലരും രണ്ടിലധികം തവണ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്തു. ഇതോടെ അപേക്ഷ സമർപ്പിക്കാനുളള ലിങ്ക് തന്നെ തുറക്കാൻ പറ്റാതെയായി. പ്രശ്‌നപരിഹാരത്തിനായി കോൾ സെന്ററിൽ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. 

സർട്ടിഫിക്കറ്റില്ലാതെ സൗദിയിലെത്തിയാൽ വീണ്ടും വാക്‌സിനെടുക്കേണ്ടി വരുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന ആശങ്കയും ഇവർക്കുണ്ട്. മാത്രമല്ല നിർബന്ധിത ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ കഴിയുന്നതിനായി അരലക്ഷത്തിലധികം രൂപയും ചെലവാകും. സർക്കാർ ഇടപെടലിലൂടെ വിഷയം സൗദി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണണമെന്നാണ് നൂറുകണക്കിന് പ്രവാസികളുടെ ആവശ്യം.

🎙️എം എ യൂസഫലി അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി വൈസ് ചെയര്‍മാന്‍.

✒️അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്ടേഴ്‌സ് ബോര്‍ഡ് പുനഃസംഘടിപ്പിച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിറക്കി. വൈസ് ചെയര്‍മാനായി ലുലു ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ എം എ യൂസഫലിയെ നിയമിച്ചു. ഡയറക്ടര്‍ ബോര്‍ഡിലുള്ള ഏക ഇന്ത്യക്കാരനാണ് യൂസഫലി.

മസ്‌റൂയി ഇന്റര്‍നാഷണലിന്റെ അബ്ദുല്ല മുഹമ്മദ് അല്‍ മസ്‌റൂയിയാണ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍. അബുദാബിയിലെ വാണിജ്യ, വ്യവസായ മേഖലയില്‍ നിന്നുള്ള 29 പ്രമുഖരെയാണ് പുതിയ ഡയറക്ടര്‍ ബോര്‍ഡില്‍ നിയമിച്ചത്. മസൂദ് റഹ്മ അല്‍ മസൂദിനെ ട്രഷററായും സയ്യിദ് ഗുംറാന്‍ അല്‍ റിമൈത്തിയെ ഡെപ്യൂട്ടി ട്രഷററായും നിയമിച്ചു. 

അബുദാബി ചേംബര്‍ ഡയറക്ടേഴ്‌സ് ബോര്‍ഡിലേക്കുള്ള നിയമനത്തില്‍ അഭിമാനമുണ്ടെന്ന് എം എ യൂസഫലി പറഞ്ഞു. ഈ രാജ്യത്തിന്റെ ദീര്‍ഘദര്‍ശികളായ ഭരണാധികാരികളോട് നന്ദി രേഖപ്പെടുത്തുന്നു. അര്‍പ്പിതമായ ഉത്തരവാദിത്തം നിറവേറ്റാന്‍ പ്രയത്‌നിക്കുമെന്നും യുഎഇയുടെയും ഇന്ത്യയുടെയും സാമ്പത്തിക ഉന്നമനത്തിനായി ഇനിയും പ്രവര്‍ത്തിക്കുമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു. 

അബുദാബിയുടെ വാണിജ്യ വ്യവസായ രംഗത്ത് നിര്‍ണായക സ്വാധീനം ചെലുത്തുന്ന സ്ഥാപനമാണ് അബുദാബി ചേംബര്‍. അബുദാബിയിലെ എല്ലാ വാണിജ്യ വ്യവസായ സ്ഥാപനങ്ങളും അംഗങ്ങളായിട്ടുള്ള അബുദാബി ചേംബര്‍, ഗവണ്‍മെന്റിനും വാണിജ്യ സമൂഹത്തിനും ഇടയിലെ ചാലകശക്തിയായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമാണ്. അബുദാബിയില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരു സ്ഥാപനത്തിനും ചേംബറിന്റെ അനുമതി ആവശ്യമാണ്. വാണിജ്യ, വ്യവസായ മേഖലയിലും ജീവകാരുണ്യ രംഗത്തും നല്‍കുന്ന മികച്ച പിന്തുണയ്ക്കുള്ള ആദരവായി യുഎഇയുടെ ഉന്നത സിവിലിയന്‍ ബഹുമതിയായ അബുദാബി അവാര്‍ഡ് യൂസഫലിക്ക് ലഭിച്ചിരുന്നു.

🇸🇦കൊവിഡ്: സൗദിയില്‍ 1,194 പുതിയ കേസുകളും 1,164 രോഗമുക്തിയും.

✒️സൗദി അറേബ്യയില്‍ ഇന്ന് 1,194 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ  1,164  പേര്‍ രോഗമുക്തി നേടിയെന്നും സൗദി ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ 12 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യമാകെ 90,028 കൊവിഡ് പരിശോധനകളാണ് ഇന്ന് നടത്തിയത്.

ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ ആകെ എണ്ണം 518,143 ആയി. 499,129 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,167 ആയി ഉയര്‍ന്നു. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ ആകെ എണ്ണം 10,847 ആയി ഉയര്‍ന്നു. ഇതില്‍ 1,408 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 293, കിഴക്കന്‍ പ്രവിശ്യ 226, മക്ക 183, അസീര്‍ 122, ജീസാന്‍ 92, അല്‍ഖസീം 70, മദീന 54, ഹായില്‍ 53, നജ്‌റാന്‍ 39, അല്‍ബാഹ 21, തബൂക്ക് 19, വടക്കന്‍ അതിര്‍ത്തി മേഖല 14, അല്‍ജൗഫ് 5. കോവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് 24,369,731 ഡോസായി.

🇴🇲ഒമാൻ: COVID-19 വാക്സിനേഷൻ നടപടികൾ പുനരാരംഭിച്ചു.

✒️ഈദുൽ അദ്ഹ അവധിക്ക് ശേഷം ഒമാനിലെ COVID-19 വാക്സിനേഷൻ പ്രചാരണ പരിപാടികൾ ജൂലൈ 25, ഞായറാഴ്ച്ച മുതൽ പുനരാരംഭിച്ചു. രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികൾ ഈദുൽ അദ്ഹ വേളയിൽ താത്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു.

ഒമാൻ ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് ലഭിക്കുന്ന സൂചനകൾ പ്രകാരം, ഞായറാഴ്ച്ച രാവിലെ മുതൽ രാജ്യത്തെ മുഴുവൻ ഗവർണറേറ്റുകളിലെയും വാക്സിനേഷൻ കേന്ദ്രങ്ങളിൽ വാക്സിൻ സ്വീകരിക്കുന്നതിന് വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്.

പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ ലഭിക്കുന്നതിനായി ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയോ, ‘Tarassud+’ ആപ്പിലൂടെയോ ബുക്കിംഗ് പൂർത്തിയാക്കാവുന്നതാണ്. വാക്സിനെടുക്കുന്നതിനായി കേന്ദ്രങ്ങളിലെത്തുന്നതിന് മുൻപായി ഈ മുൻ‌കൂർ ബുക്കിംഗ് നിർബന്ധമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

🇸🇦സൗദി: ഒരാഴ്ച്ചയ്ക്കിടയിൽ പതിനാലായിരത്തോളം പേർ റെസിഡൻസി, തൊഴിൽ നിയമലംഘനങ്ങൾക്ക് പിടിയിലായി.

✒️രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച ഏതാണ്ട് പതിനാലായിരത്തിലധികം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2021 ജൂലൈ 15 മുതൽ 21 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും 14648 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതിൽ 4565 പേർ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റിലായത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1126 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 8957 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇത്തരം ലംഘനങ്ങളുമായി ബന്ധപ്പെട്ട് ഏതാണ്ട് 7852 പേരെ നാടുകടത്തിയതായും അധികൃതർ വ്യക്തമാക്കി.

അനധികൃതമായി സൗദി അതിർത്തികളിലൂടെ നുഴഞ്ഞ് കയറാൻ ശ്രമിച്ച 270 പേരെയും ഈ കാലയളവിൽ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 44 ശതമാനം പേർ എത്യോപ്യൻ പൗരന്മാരും, 46 ശതമാനം പേർ യെമൻ പൗരന്മാരും, 10 ശതമാനം പേർ മറ്റു രാജ്യങ്ങളിൽ നിന്നുമുള്ളവരാണ്.

റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികൾ, അനധികൃത തൊഴിലാളികൾ, കുടിയേറ്റക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ സെക്യൂരിറ്റി വിഭാഗങ്ങളുമായി പങ്ക് വെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം ഏതാനം ദിവസങ്ങൾക്ക് മുൻപ് രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടിരുന്നു. ഇത്തരക്കാരെ കണ്ടെത്തി നടപടികൾ കൈക്കൊള്ളുന്നതിനായി രാജ്യത്തെ വിവിധ സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധനാ പരിപാടികൾ അതിവിപുലമായി നടത്തിവരികയാണ്.

ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കുന്നതിനുള്ള നമ്പറുകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റു മേഖലകളിൽ 999 എന്ന നമ്പറിലും ഇത്തരം നിയമലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.

2021 ജൂലൈ 8 മുതൽ 14 വരെയുള്ള കാലയളവിൽ രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17953 പേരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ രാജ്യത്ത് അഞ്ച് ദശലക്ഷത്തിൽ പരം അനധികൃത കുടിയേറ്റക്കാർക്കെതിരെയും, റെസിഡൻസി നിയമങ്ങൾ ലംഘിച്ചവർക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

🕋സൗദി: ഉംറ തീർത്ഥാടനം ജൂലൈ 25 മുതൽ പുനരാരംഭിച്ചു.

✒️ഹജ്ജ് തീർത്ഥാടനം വിജയകരമായി പൂർത്തിയായതോടെ, 2021 ജൂലൈ 25 മുതൽ ഉംറ തീർത്ഥാടകർക്ക് മക്കയിലെ ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശനം നൽകി തുടങ്ങിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇത്തരത്തിൽ ഉംറ തീർത്ഥാടകരുടെ ആദ്യ സംഘം ജൂലൈ 25, ഞായറാഴ്ച്ച പുലർച്ചെ ഗ്രാൻഡ് മോസ്കിലെത്തിയതായി ഏജൻസി കൂട്ടിച്ചേർത്തു.

കർശനമായ COVID-19 സുരക്ഷാ നിബന്ധനകളോടെയാണ് ഉംറ തീർത്ഥാടനം അനുവദിക്കുന്നത്. ജനറൽ പ്രെസിഡെൻസി ഫോർ ദി അഫയേഴ്‌സ് ഓഫ് ദി ടു ഹോളി മോസ്‌ക്‌സിന്റെ നേതൃത്വത്തിൽ ഉംറ തീർത്ഥാടകരെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള മുൻകരുതൽ നടപടികളോടെ ഗ്രാൻഡ് മോസ്കിലേക്ക് സ്വീകരിച്ചതായി സൗദി പ്രസ് ഏജൻസി അറിയിച്ചിട്ടുണ്ട്.

ഹജ്ജ് തീർത്ഥാടന കാലത്ത് ഉംറ പെർമിറ്റുകൾ അനുവദിക്കുന്ന നടപടികൾ താത്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. ഉംറ പെർമിറ്റുകൾ Itamarnah ആപ്പിലൂടെ ലഭ്യമാണെന്ന് സൗദി ഹജ്ജ് ആൻഡ് ഉംറ വകുപ്പ് ഡെപ്യൂട്ടി മന്ത്രി അബ്ദുൽ ഫത്താഹ് അൽ മഷ്‌ത് അറിയിച്ചിരുന്നു. ഉംറ തീർത്ഥാടനം പുനരാരംഭിക്കുന്നതിന്റെ ആദ്യ ഘട്ടത്തിൽ പ്രതിദിനം 20000 തീർത്ഥാടകർക്കാണ് അനുമതി നൽകുന്നത്. വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കാണ് ഉംറ പെർമിറ്റുകൾ അനുവദിക്കുന്നത്.

🇦🇪അബുദാബി: മറ്റു എമിറേറ്റുകളിൽ നിന്ന് ഡ്രൈവ് ചെയ്തുവരുന്നവർ രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ സമയക്രമം ശ്രദ്ധിക്കണമെന്ന് പോലീസ്.

✒️മറ്റു എമിറേറ്റുകളിൽ നിന്ന് ഡ്രൈവ് ചെയ്ത് അബുദാബിയിലേക്ക് യാത്രചെയ്യുന്നവർ, ദേശീയ അണുനശീകരണ പ്രവർത്തനങ്ങളുടെ സമയങ്ങളിൽ എമിറേറ്റിൽ നിലനിൽക്കുന്ന രാത്രികാല യാത്രാ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് യാത്രകൾ ക്രമീകരിക്കാൻ അബുദാബി പോലീസ് നിർദ്ദേശം നൽകി. ജൂലൈ 24-ന് വൈകീട്ടാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2021 ജൂലൈ 19 മുതൽ അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം എമിറേറ്റിൽ ഏർപ്പെടുത്തിയിട്ടുള്ള ദേശീയ അണുനശീകരണ പ്രവർത്തനങ്ങളുടെ സമയക്രമം ദിനവും രാത്രി 12 മണിമുതൽ രാവിലെ 5 മണിവരെയാണെന്ന് പോലീസ് ഓർമ്മപ്പെടുത്തി. ദിനവും രാത്രി 12 മണിമുതൽ രാവിലെ 5 മണിവരെയുള്ള അഞ്ച് മണിക്കൂർ അബുദാബിയിൽ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് ജനങ്ങളെ ഓർമ്മപ്പെടുത്തി.

ഇതിനാൽ മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് വാഹനങ്ങളിൽ എത്തുന്നവർ, തങ്ങളുടെ യാത്രകൾ ദേശീയ അണുനശീകരണ പ്രവർത്തനങ്ങളുടെ സമയങ്ങളിൽ നിലനിൽക്കുന്ന യാത്രാ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് പുനഃക്രമീകരിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു.

ഈ കർഫ്യു സമയങ്ങളിൽ വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം, പൊതുഗതാഗതം എന്നിവയ്ക്ക് അനുമതിയില്ല. അടിയന്തിര സാഹചര്യങ്ങൾ, അവശ്യസാധനങ്ങൾ, മരുന്നുകൾ മുതലായവ വാങ്ങുന്നതിനായുള്ള യാത്രകൾ മുതലായ ഘട്ടങ്ങളിൽ മാത്രമാണ് ഈ നിയന്ത്രണത്തിൽ ഇളവ് അനുവദിക്കുന്നത്. എന്നാൽ ഇത്തരം യാത്രകൾക്ക് അബുദാബി പോലീസിൽ നിന്നുള്ള മൂവ്മെന്റ് പെർമിറ്റ് നിർബന്ധമായിരിക്കും. https://www.adpolice.gov.ae/en/pages/home.aspx എന്ന വിലാസത്തിൽ നിന്ന് ഇത്തരം പെർമിറ്റ് ലഭിക്കുന്നതാണ്.

അണുനശീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന കാലയളവിൽ അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവരെ കണ്ടെത്തുന്നതിനായി എമിറേറ്റിലെ റഡാർ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കുമെന്ന് അബുദാബി പോലീസ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

🇶🇦ഖത്തറില്‍ ഇന്ന് രോഗമുക്തി വര്‍ധിച്ചു; 126 പേര്‍ക്ക് കോവിഡ്.

✒️ഖത്തറില്‍ ഇന്ന് 126 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 63 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 63 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 137 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 2,22,976 ആയി.

അതേസമയം, രാജ്യത്ത് ഇന്ന് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ആകെ കൊവിഡ് മരണ നിരക്ക് 600 ആണ്. 1622 പേരാണ് രാജ്യത്ത് നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 28 പേര്‍ ഐ.സി.യുവില്‍ ചികിത്സയിലാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 68 പേരാണ് നിലവില്‍ ആശുപത്രിയില്‍ ഉള്ളത്.

24 മണിക്കൂറിനിടെ 20,169 ഡോസ് വാക്സിന്‍ നല്‍കി. ആകെ വാക്സിന്‍ ഡോസുകളുടെ എണ്ണം 36,62,171 ആയി. രാജ്യത്ത് വാക്സിനേഷന് യോഗ്യരായ 79.2 ശതമാനം പേര്‍ക്ക് ചുരുങ്ങിയത് ഒരു ഡോസ് വാക്സിന്‍ ലഭിച്ചു.

🇴🇲ഒമാൻ: ചൂട് കൂടിയതോടെ സൂര്യാഘാതം സംബന്ധിച്ച മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്.

✒️രാജ്യത്തെ തീരപ്രദേശങ്ങളിൽ ചൂട് കനത്തതോടെ സൂര്യപ്രകാശം ഏൽക്കുന്നത് മൂലമുണ്ടാകുന്ന തളർച്ച, സൂര്യാഘാത സാധ്യതകൾ എന്നിവ സംബന്ധിച്ച് ഒമാൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒമാനിൽ അൽ ബതീന, മസ്‌ക്കറ്റ് മുതലായ ഇടങ്ങളിലെ തീരപ്രദേശങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു അറിയിപ്പ്.

ജൂലൈ 25, ഞായറാഴ്ച്ച രാവിലെയാണ് ഒമാൻ കാലാവസ്ഥാ വകുപ്പ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. അന്തരീക്ഷത്തിൽ ഉയർന്ന തോതിലുള്ള ഈർപ്പം നിലനിൽക്കുന്ന സാഹചര്യത്തിൽ, അൽ ബതീന, മസ്‌ക്കറ്റ് മുതലായ ഇടങ്ങളിലെ തീരപ്രദേശങ്ങളിൽ, ജൂലൈ 25, 26 തീയതികളിൽ താപനില വലിയ രീതിയിലുള്ള ഉയർച്ച രേഖപ്പെടുത്താൻ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടി. മസ്‌ക്കറ്റിലെ താപനില ജൂലൈ 25-ന് 37 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്താമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ പുറം തൊഴിലിടങ്ങളിൽ സൂര്യാഘാതമേൽക്കുന്നത് ഒഴിവാക്കുന്നതിനും, അമിത ചൂട് മൂലമുണ്ടാകുന്ന വിവിധ അപകടങ്ങൾ അകറ്റുന്നതിനുമുള്ള സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ ജനങ്ങളോട് അധികൃതർ നിർദ്ദേശം നൽകി. അപകടങ്ങൾ ഒഴിവാക്കുന്നതിനായി ദാഹം അനുഭവപ്പെടുന്നില്ലെങ്കിൽ പോലും കൃത്യമായ ഇടവേളകളിൽ ധാരാളം വെള്ളം കുടിക്കാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

🇦🇪യുഎഇയില്‍ 1,528 പേര്‍ക്ക് കൂടി കൊവിഡ്, നാല് മരണം.

✒️യുഎഇയില്‍ 1,528 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,491 പേര്‍ സുഖം പ്രാപിക്കുകയും നാല് പേര്‍ മരണപ്പെടുകയും ചെയ്തു. 

പുതിയതായി നടത്തിയ  2,32,307 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,71,636 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,49,173 പേര്‍ രോഗമുക്തരാവുകയും 1,920 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,543  കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

🇴🇲കൊവിഡ്: ഒമാനില്‍ 4,912 പുതിയ രോഗികള്‍.

✒️ഒമാനില്‍ കഴിഞ്ഞ പത്ത്  ദിവസത്തിനിടെ 4912 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു.  പത്ത് ദിവസത്തെ കൊവിഡ് കണക്കുകളാണ് അധികൃതര്‍ പുറത്തുവിട്ടത്. 3753 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് രോഗം മൂലം ആകെ മരണപ്പെട്ടത്.

വലിയ പെരുന്നാള്‍ അവധി പ്രമാണിച്ച് അവധി ആയിരുന്നതിനാല്‍ കഴിഞ്ഞ പത്ത് ദിവസത്തെ കൊവിഡുമായി ബന്ധപ്പെട്ട കണക്കുകള്‍ ഇന്നാണ് ഒമാന്‍ ആരോഗ്യ മന്ത്രാലയം മന്ത്രാലയം പുറത്ത് വിട്ടത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 293954 ആയി. ഇവരില്‍ 275760 പേരാണ് രോഗമുക്തരായത്. ഇപ്പോള്‍ 93.8 % ശതമാനമാണ് രോഗമുക്തി നിരക്ക്. 3753 പേര്‍ക്കാണ് കൊവിഡ് കാരണം ഒമാനില്‍ ജീവന്‍ നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 68 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 786 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 315   പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

🇰🇼ആഗസ്ത് 1 മുതല്‍ വിദേശികള്‍ക്ക് നിബന്ധനകളോടെ കുവൈത്തില്‍ പ്രവേശനം.

✒️വിദേശികള്‍ക്ക് ആഗസ്ത് 1 മുതല്‍ മന്ത്രിസഭ അംഗീകരിച്ച നിബന്ധനകളോട് കുവൈത്തി പ്രവേശിക്കാമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

സാധുതയുള്ള ഇഖാമ, കുവൈത്ത് അംഗീകരിച്ച കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, 72 മണിക്കൂര്‍ സമയപരിധിക്കകത്തെ പിസിആര്‍ പരിശോധനാ റിപ്പോര്‍ട്ട്, 7 ദിവസം ഹോം ക്വാറനന്റീന്‍, കുവൈത്തില്‍ പ്രവേശിച്ച് 3 ദിവസത്തിനകം പിസിആര്‍ പരിശോധന എന്നിവയാണ് നിബന്ധന. 3 ദിവസത്തിനകം നടത്തുന്ന പിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാനും കഴിയും.

ഫൈസര്‍, മൊഡേണ, ആസ്ട്രസെനക വാക്‌സിനുകളാണെങ്കില്‍ 2 ഡോസും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ആണെങ്കില്‍ 1 ഡോസും എടുത്തിരിക്കണം. നിലവില്‍ ജഡ്ജിമാര്‍, ഡോക്ടര്‍മാര്‍, എണ്ണ കമ്പനി ജീവനക്കാര്‍, ഗാര്‍ഹിക തൊഴിലാളികള്‍, നയതന്ത്രാലയം ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് മാത്രമാണ് പ്രവേശനമുള്ളത്.

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിനുള്ള അംഗീകാരം സംബന്ധിച്ച തീരുമാനം ആരോഗ്യമന്ത്രാലയത്തിന്റേതായിരിക്കും. പ്രവേശനം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.

Post a Comment

0 Comments