അന്നൊരു മഴക്കാലത്ത് കുടുംബത്തെ മണ്ണെടുത്തു; ഇന്ന് വിജയത്തേരേറി ഷഹീം
മഞ്ചേരി: എടവണ്ണ കുണ്ടുതോട്ടിലെ മണ്ണിടിച്ചിലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ഷഹീമിെന്റ സമ്ബൂര്‍ണ എ പ്ലസിന് അതിജീവന തിളക്കം. മഞ്ചേരി എച്ച്.എം.വൈ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്നാണ് എസ്.എസ്.എല്‍.സിക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയത്. 2019 ആഗസ്റ്റ് എട്ടിന് കുണ്ടുതോട് ചളിപ്പാടത്ത് മണ്ണിടിച്ചിലില്‍ വീട് തകര്‍ന്നാണ് ഷഹീമിന് മാതാപിതാക്കളെയും രണ്ടു സഹോദരങ്ങളെയും നഷ്ടപ്പെട്ടത്. ഉറങ്ങുകയായിരുന്ന പിതാവ് കുട്ടശ്ശേരി യൂനുസ് ബാബു, മാതാവ് നുസ്രത്ത്, സഹോദരങ്ങളായ മുഹമ്മദ് ഷാനില്‍, ഫാത്തിമ സന എന്നിവരാണ് മണ്ണിനടിയില്‍പ്പെട്ട് മരിച്ചത്.
ചാലിയാര്‍ പുഴ കരകവിഞ്ഞതോടെ ഇവര്‍ താമസിച്ചിരുന്ന പഴയ വീടിന് ചുറ്റും വെള്ളം കയറിയതിനെ തുടര്‍ന്നാണ് നിര്‍മാണത്തിലിരിക്കുന്ന ഇരുനില വീട്ടിലേക്ക് കുടുംബം മാറിയത്.
പുലര്‍ച്ച മൂന്നോടെ വീട് തകര്‍ന്ന് വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഷഹീമും സഹോദരന് ഷാമിലും മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. പരിക്ക് ഭേദമായശേഷം മഞ്ചേരി ഹാഫ് കിടങ്ങഴിയിലെ വലിയുമ്മ സുഹ്റാബിയോടൊപ്പമായി താമസം. പിന്നീട് തുടര്‍പഠനത്തിനായി രണ്ടുപേരെയും മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസില്‍ ചേര്‍ത്തു. ദുരന്തത്തിെന്റ ഞെട്ടലില്‍ നിന്നും വിമുക്തി നേടാന്‍ നാട്ടുകാരും അധ്യാപകരും കൈത്താങ്ങായി. ഒടുവില്‍ പ്രതിസന്ധികളെ മറികടന്ന് മികച്ച വിജയം നേടി സ്കൂളിനും നാടിനും അഭിമാനമായി.

0 Comments