🇸🇦സൗദിയില്‍ ഇന്നും 14 കോവിഡ് മരണം; 1256 പേര്‍ക്ക് രോഗബാധ.
🇦🇪യുഎഇയില്‍ ഇന്ന് 1,507 പേര്‍ക്ക് കോവിഡ്; മൂന്ന് മരണം.
🇴🇲ഒമാൻ: സമ്പൂർണ്ണ ലോക്ക്ഡൌൺ അവസാനിച്ചു; ദിനം തോറുമുള്ള രാത്രികാല നിയന്ത്രണങ്ങൾ തുടരും.
🇰🇼കുവൈറ്റ്: മുസാഫിർ ആപ്പിലെ രജിസ്‌ട്രേഷൻ സംബന്ധിച്ച് യാത്രികർക്ക് സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നതായി സൂചന.
🇦🇪ദുബായ്: ബീച്ചുകൾ സന്ദർശിക്കുന്നവർ തങ്ങളുടെ കൈവശമുള്ള വിലപിടിപ്പുള്ള വസ്‌തുക്കള്‍ ശ്രദ്ധയോടെ സൂക്ഷിക്കാൻ പോലീസ് നിർദ്ദേശം നൽകി.
🇶🇦വിസിറ്റ് വിസയില്‍ വരുന്നവര്‍ ക്വാറന്റീന്‍ ബുക്ക് ചെയ്യാനുള്ള നിര്‍ദേശം ഇഹ്തിറാസ് പോര്‍ട്ടലിലെ സാങ്കേതിക തകരാറെന്ന് സൂചന.
🇶🇦ഖത്തറില്‍ 124 പേര്‍ക്ക് കോവിഡ്; ചികില്‍സയിലുള്ളവരുടെ എണ്ണം 1633 ആയി.
🛫കോവിഡ് മൂലം ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ മരിച്ചത് സൗദിയില്‍; ഖത്തറില്‍ 106 പേര്‍.
🇶🇦ഇന്ത്യക്കാര്‍ ഖത്തറിലെത്തിയാല്‍ കോവിഡ് പരിശോധന നടത്തേണ്ടത് 36 മണിക്കൂറിനകം; സ്വകാര്യ കേന്ദ്രങ്ങള്‍ക്കും അനുമതി.
🇧🇭ബഹ്‌റൈനില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്.
വാർത്തകൾ വിശദമായി
🇸🇦സൗദിയില്‍ ഇന്നും 14 കോവിഡ് മരണം; 1256 പേര്‍ക്ക് രോഗബാധ.
✒️സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരിൽ 1,385 പേരുടെ നില ഗുരുതരം. ആകെ 10,829 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. പുതിയതായി 1,256 പേർക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതെന്ന് രോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,155 പേർ രാജ്യത്ത് രോഗമുക്തി നേടി. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ 14 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യമാകെ 89,482 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ ആകെ എണ്ണം 516,949 ആയി. 497,965 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,155 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 280, മക്ക 244, കിഴക്കൻ പ്രവിശ്യ 170, അസീർ 150, ജീസാൻ 107, അൽഖസീം 83, മദീന 59, ഹായിൽ 47, നജ്റാൻ 41, വടക്കൻ അതിർത്തി മേഖല 25, തബൂക്ക് 23, അൽബാഹ 21, അൽജൗഫ് 6. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് 24,064,055 ഡോസായി.
🇦🇪യുഎഇയില്‍ ഇന്ന് 1,507 പേര്‍ക്ക് കോവിഡ്; മൂന്ന് മരണം.
✒️യുഎഇയില്‍ ഇന്ന് 1,507 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,455 പേര്‍ രോഗമുക്തരായി. 24 മണിക്കൂറിനിടെ 3 കോവിഡ് മരണമാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. 1,89,046 പേരെ പരിശോധന നടത്തിയതില്‍ നിന്നാണ് പുതിയ കേസുകള്‍ കണ്ടെത്തിയത്.
രാജ്യത്ത് ഇതുവരെ 6,70,108 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 6,47,682 പേര്‍ രോഗമുക്തി നേടി. 1,916 പേരാണ് ആകെ മരിച്ചത്.
അതേസമയം, ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ജൂലൈ 28 വരെ റദ്ദാക്കിയതായി എമിറേറ്റ്‌സ് അറിയിച്ചു. ദുബയിലെ സ്‌കൂളുകളില്‍ വേനലവധിക്കു ശേഷം ഇ-ലേണിങ് സംവിധാനം തുടരും.
🇴🇲ഒമാൻ: സമ്പൂർണ്ണ ലോക്ക്ഡൌൺ അവസാനിച്ചു; ദിനം തോറുമുള്ള രാത്രികാല നിയന്ത്രണങ്ങൾ തുടരും.
✒️സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ഒമാനിൽ ഈദുൽ അദ്ഹ ദിനങ്ങളിൽ നടപ്പിലാക്കിയിരുന്ന സമ്പൂർണ്ണ ലോക്ക്ഡൌൺ ജൂലൈ 24, ശനിയാഴ്ച്ച പുലർച്ചെ 4 മണിക്ക് അവസാനിച്ചു. ഈദുൽ അദ്ഹ അവധിദിനങ്ങളിൽ രാജ്യത്ത് കർശന COVID-19 നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ജൂലൈ 19-ന് വൈകീട്ട് അഞ്ച് മണി മുതൽ ജൂലൈ 24-ന് പുലർച്ചെ 4 മണിവരെ ഒമാനിൽ സമ്പൂർണ്ണ ലോക്ക്ഡൌൺ നടപ്പിലാക്കിയത്.
സമ്പൂർണ്ണ ലോക്ക്ഡൌൺ അവസാനിച്ചിട്ടുണ്ടെങ്കിലും ദിനം തോറുമുള്ള രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ജൂലൈ 24 മുതൽ തുടരുന്നതാണ്. ജൂലൈ 24 മുതൽ ജൂലൈ 31 വരെ ദിനവും വൈകീട്ട് 5 മുതൽ പുലർച്ചെ 4 മണി വരെ ഒമാനിൽ വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ തുടരുന്നതാണെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കി.
🇰🇼കുവൈറ്റ്: മുസാഫിർ ആപ്പിലെ രജിസ്‌ട്രേഷൻ സംബന്ധിച്ച് യാത്രികർക്ക് സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നതായി സൂചന.
✒️യാത്ര ചെയ്യുന്നതിനായി കുവൈറ്റ് മുസാഫിർ ആപ്പ് ഉപയോഗിക്കുന്നവർ വിവിധ സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വേനൽക്കാല യാത്രികരുടെ എണ്ണം കൂടിയതോടെ കുവൈറ്റിലേക്കും, കുവൈറ്റിൽ നിന്ന് വിദേശത്തേക്കും യാത്ര ചെയ്യുന്നവർ ഈ ആപ്പിൽ സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നതായാണ് സൂചന.
ഈ ആപ്പിന്റെ ഉപയോഗത്തിൽ നേരിടുന്ന സാങ്കേതിക തടസങ്ങളെക്കുറിച്ച് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കുവൈറ്റിലെ ഏതാനം പാർലിമെന്റ് അംഗങ്ങളും ഇത്തരം സാങ്കേതിക പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ഈ ആപ്പ് നിർബന്ധമാക്കുന്നതിനെതിരെ പ്രതികരിച്ചിട്ടുണ്ട്.
കുവൈറ്റിന് പുറത്തുള്ളവർക്ക് കുവൈറ്റ് മുസാഫിർ ആപ്പിലൂടെ രജിസ്റ്റർ ചെയ്യുന്നതിലും, ഉപയോഗിക്കുന്നതിലും തടസം നേരിടുന്നതായി നേരത്തെയും പരാതികൾ ഉയർന്നിരുന്നു. ഇത് മൂലം കുവൈറ്റിലേക്കുള്ള യാത്രകൾ മുടങ്ങിയതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
കുവൈറ്റിന് പുറത്തുള്ളവർ, യാത്ര ചെയ്യുന്നതിനായി കുവൈറ്റ് മുസാഫിർ ആപ്പ് ഉപയോഗിക്കുന്ന അവസരത്തിൽ അനുഭവപ്പെടുന്ന വിവിധ ബുദ്ധിമുട്ടുകൾ വിശകലനം ചെയ്തതായി ജൂലൈ 21-ന് കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വ്യക്തമാക്കിയിരുന്നു. വിദേശത്ത് നിന്നെത്തുന്ന യാത്രികർക്ക് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള ഈ ആപ്പിലൂടെയുള്ള രജിസ്‌ട്രേഷൻ തുടരുമെന്നും കുവൈറ്റ് DGCA അറിയിച്ചിരുന്നു.
ഈ ആപ്പിലൂടെയുള്ള രജിസ്‌ട്രേഷൻ ഒഴിവാക്കാൻ നിലവിൽ തീരുമാനിച്ചിട്ടില്ലെന്നും, ഈ ആപ്പിലൂടെയുള്ള രജിസ്‌ട്രേഷൻ കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നവർക്ക് നിർബന്ധമാണെന്നും DGCA വ്യക്തമാക്കി. കൂടുതൽ മികച്ച ഒരു ആപ്പ് കണ്ടെത്തുന്ന സാഹചര്യത്തിൽ കുവൈറ്റ് മുസാഫിർ ആപ്പ് ഒഴിവാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും DGCA കൂട്ടിച്ചേർത്തു.
വിദേശത്ത് നിന്ന് കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നവർ, യാത്ര പുറപ്പെടുന്നതിന് ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും മുൻപായി കുവൈറ്റ് മുസാഫിർ ആപ്പിലെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണെന്ന് DGCA വ്യക്തമാക്കിയിട്ടുണ്ട്. കുവൈറ്റിലേക്കുള്ള യാത്രാ നടപടികൾ കൂടുതൽ സുഗമമാക്കുന്നതിനായാണ് DGCA കുവൈറ്റ് മുസാഫിർ ആപ്പ് പുറത്തിറക്കിയത്. വിമാന യാത്രകൾ സംബന്ധിച്ച വിവരങ്ങൾ നൽകുന്നതിനും, മെഡിക്കൽ സംബന്ധമായ വിവരങ്ങൾ മുൻകൂട്ടി നൽകുന്നതിനും, ആരോഗ്യ സുരക്ഷ സംബന്ധമായ നടപടികൾ പൂർത്തിയാക്കുന്നതിനും യാത്രികർക്ക് ഈ ആപ്പിലെ രജിസ്ട്രേഷനിലൂടെ സാധിക്കുന്നതാണ്.
🇦🇪ദുബായ്: ബീച്ചുകൾ സന്ദർശിക്കുന്നവർ തങ്ങളുടെ കൈവശമുള്ള വിലപിടിപ്പുള്ള വസ്‌തുക്കള്‍ ശ്രദ്ധയോടെ സൂക്ഷിക്കാൻ പോലീസ് നിർദ്ദേശം നൽകി.
✒️എമിറേറ്റിലെ ബീച്ചുകൾ സന്ദർശിക്കുന്നവർ തങ്ങളുടെ കൈവശമുള്ള വിലപിടിപ്പുള്ള വസ്‌തുക്കളും മറ്റും ശ്രദ്ധയോടെ സൂക്ഷിക്കണമെന്ന് ദുബായ് പോലീസ് നിർദ്ദേശം നൽകി. ദുബായിലെ ബീച്ചുകളിൽ മോഷണം ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനായുള്ള പ്രചാരണ പരിപാടികൾ പൂർണ്ണ വിജയം കൈവരിച്ചത് ചൂണ്ടികാട്ടുന്നതിനിടയിലാണ് ദുബായ് പോലീസ് ഇത് സംബന്ധിച്ച ജാഗ്രതാ നിർദ്ദേശം നൽകിയത്.
ജൂലൈ 23-നാണ് ദുബായ് പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. എമിറേറ്റിലെ ബീച്ചുകളിൽ 2019-ന് ശേഷം ഒരു മോഷണ സംഭവം പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പോലീസ് ചൂണ്ടിക്കാട്ടി.
ദുബായ് പോലീസ് നടപ്പിലാക്കിയിട്ടുള്ള പ്രചാരണ പരിപാടികളും, പോലീസിന്റെ ഭാഗത്ത് നിന്നുള്ള തീവ്രമായ സുരക്ഷാ നടപടികളുമാണ് ഇതിലേക്ക് നയിച്ചതെന്ന് പോർട്സ് പോലീസ് സ്റ്റേഷൻ ഡയറക്ടർ കേണൽ ഹസ്സൻ അൽ സുവൈദി വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങളുടെ ഫലമായി 2020 ജനുവരി മുതൽ 2021 ജൂൺ വരെയുള്ള കാലയളവിൽ ദുബായിലെ ബീച്ചുകളിൽ ഒരു മോഷണ സംഭവം പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“ബീച്ചുകൾ സന്ദർശിക്കുന്നവരുടെ അശ്രദ്ധയാണ് പലപ്പോഴും മോഷണങ്ങളിലേക്ക് നയിക്കുന്നത്.”, അദ്ദേഹം വ്യക്തമാക്കി. “പണം, ബാഗുകൾ മുതലായവ കടല്‍ത്തീരത്ത് അശ്രദ്ധയോടെ വെച്ച് പോകുന്നത് പലപ്പോഴും അവ നഷ്ടപ്പെടുന്നതിന് ഇടയാക്കുന്നു. പോലീസ് പട്രോളിംഗ് സംഘങ്ങൾ തുടർച്ചയായി ബീച്ചുകളിൽ നിരീക്ഷണം നടത്തുന്നുണ്ടെങ്കിലും, തങ്ങളുടെ കൈവശമുള്ള വിലകൂടിയ വസ്തുക്കൾ ശ്രദ്ധയോടെ സൂക്ഷിക്കാൻ ബീച്ചുകളിലെത്തുന്നവരോട് അദ്ദേഹം ആഹ്വാനം ചെയ്തു. പണം, മറ്റു വിലപിടിച്ച വസ്തുക്കൾ എന്നിവ കടൽത്തീരത്ത് വെച്ച് കൊണ്ട് നീന്താൻ പോകുന്നത് ഒഴിവാക്കാനും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്.
ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിനായി എമിറേറ്റിലെ ബീച്ചുകളിൽ പ്രത്യേക പട്രോളിംഗ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ദുബായ് പൊലീസിന് കീഴിൽ എട്ട് ബീച്ച് പെട്രോൾ സംഘങ്ങളെയും, രഹസ്യാന്വേഷണ വിഭാഗങ്ങളെയും ബീച്ചുകളിൽ നിയോഗിച്ചിട്ടുണ്ട്. ഇതിന് പുറമെ രക്ഷാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പതിനൊന്ന് സൈക്കിൾ പട്രോളിംഗ് വിഭാഗങ്ങളും പ്രവർത്തിച്ച് വരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
🇶🇦വിസിറ്റ് വിസയില്‍ വരുന്നവര്‍ ക്വാറന്റീന്‍ ബുക്ക് ചെയ്യാനുള്ള നിര്‍ദേശം ഇഹ്തിറാസ് പോര്‍ട്ടലിലെ സാങ്കേതിക തകരാറെന്ന് സൂചന.
✒️ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് ഓണ്‍ അറൈവല്‍ വിസയില്‍ വരാന്‍ ശ്രമിച്ചവര്‍ക്ക് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ ബുക്ക് ചെയ്യാന്‍ നിര്‍ദേശം ലഭിച്ചത് സാങ്കേതിക തകരാര്‍ മൂലമെന്ന് റിപോര്‍ട്ട്. ദോഹ ഗൈഡ്‌സ് എന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.
സന്ദര്‍ശക വിസയില്‍ ഖത്തറിലേക്ക് വരുന്നതിന് വ്യാഴാഴ്ച്ച രാത്രിയും വെള്ളിയാഴ്ച്ചയും ഇഹ്തിറാസില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ ബുക്ക് ചെയ്യാനുള്ള ഇമെയില്‍ സന്ദേശം ലഭിച്ചത്.
ഔദ്യോഗിക പ്രഖ്യാപനത്തിന് വിരുദ്ധമായി ഇങ്ങിനെയൊരു നിര്‍ദേശം വന്നതോടെ യാത്രക്കാര്‍ ആശയക്കുഴപ്പത്തിലായി. ട്രാവല്‍ ഏജന്‍സികള്‍ക്കും ഇക്കാര്യത്തില്‍ വ്യക്തതയില്ലായിരുന്നു. ഹെല്‍പ്പ്‌ലൈന്‍ നമ്പറുകളില്‍ നിന്ന് വ്യത്യസ്ത മറുപടികള്‍ ലഭിച്ചതും ആശയക്കുഴപ്പം വര്‍ധിച്ചു. ഇതോടെ ഇന്ത്യക്കാര്‍ക്ക് ഖത്തര്‍ വീണ്ടും 10 ദിവസത്തെ ക്വാറന്റീന്‍ ബുക്കിങ് ഏര്‍പ്പെടുത്തുന്നതായി വാര്‍ത്ത പരന്നു.
എന്നാല്‍, ഇന്നലെ രാത്രി വൈകി ബുക്ക് ചെയ്തവര്‍ക്ക് ക്വാറന്റീന്‍ ബുക്കിങ് നിര്‍ദേശം ഇല്ലാതെ തന്നെ യാത്രാ അപ്രൂവല്‍ ലഭിച്ചു. നേരത്തേ ബുക്ക് ചെയ്തവര്‍ റീബുക്കിങ് നടത്തിയപ്പോഴും പഴയ നിര്‍ദേശം അപ്രത്യക്ഷമായിരുന്നു.
അതിനിടെ ഇന്ത്യക്കാര്‍ക്കുള്ള യാത്രാ നയത്തില്‍ ഖത്തര്‍ മാറ്റം വരുത്തിയെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ എംബസിയും രംഗത്തെത്തി. എന്നാല്‍, ക്വാറന്റീന്‍ ബുക്ക് ചെയ്യാനുള്ള നിര്‍ദേശം പലര്‍ക്കും ലഭിച്ചതായി എംബസിയുടെ ട്വീറ്റില്‍ തന്നെ നിരവധി പേര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ചു വരുന്നതായി എംബസി അധികൃതര്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ഇഹ്തിറാസ് പോര്‍ട്ടലിലെ സാങ്കേതിക തകരാര്‍ ആണ് ആശയക്കുഴപ്പം സൃഷ്ടിച്ചതെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.
🇶🇦ഖത്തറില്‍ 124 പേര്‍ക്ക് കോവിഡ്; ചികില്‍സയിലുള്ളവരുടെ എണ്ണം 1633 ആയി.
✒️ഖത്തറില്‍ ഇന്ന് 124 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 76 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 112 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 222,839 ആയി.
അതേസമയം, രാജ്യത്ത് ഇന്ന് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ആകെ കൊവിഡ് മരണ നിരക്ക് 600 ആണ്. 1633 പേരാണ് രാജ്യത്ത് നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 30 പേര്‍ ഐ.സി.യുവില്‍ ചികിത്സയിലാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 64 പേരാണ് നിലവില്‍ ആശുപത്രിയില്‍ ഉള്ളത്.
24 മണിക്കൂറിനിടെ 5730 ഡോസ് വാക്‌സിന്‍ നല്‍കി. ആകെ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 36,42,002 ആയി. രാജ്യത്ത് വാക്‌സിനേഷന് യോഗ്യരായ 79.1 ശതമാനം പേര്‍ക്ക് ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചു.
🛫കോവിഡ് മൂലം ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ മരിച്ചത് സൗദിയില്‍; ഖത്തറില്‍ 106 പേര്‍.
✒️വിദേശത്ത് കോവിഡ് മൂലം മരിച്ച ഇന്ത്യക്കാരുടെ കണക്കുകള്‍ പുറത്ത് വിട്ട് കേന്ദ്രസര്‍ക്കാര്‍. ആകെ 3,570 ഇന്ത്യക്കാരാണ് കോവിഡ് മൂലം വിദേശത്ത് മരിച്ചത്. ഇതില്‍ 1,154 പേരും സൗദിയിലാണ്. 894 പേര്‍ മരിച്ച യുഎഇയാണ് രണ്ടാം സ്ഥാനത്ത്. രാജ്യസഭയില്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഈ കണക്കുകള്‍ സമര്‍പ്പിച്ചത്.
കുവൈത്തില്‍ 546 ഇന്ത്യക്കാരാണ് മരിച്ചത്. ഒമാനില്‍ 384 പേരും ബഹ്‌റൈനില്‍ 196 പേരും മരിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കുറവ് ഇന്ത്യക്കാര്‍ മരിച്ചത് ഖത്തറിലാണ്. ഖത്തറില്‍ ആകെ കോവിഡ് ബാധിച്ച് മരിച്ച 600 പേരില്‍ 106 പേരാണ് ഇന്ത്യക്കാര്‍.
70 രാജ്യങ്ങളിലെ കണക്കുകളാണ് മന്ത്രി പുറത്തുവിട്ടത്. മൃതദേഹം അതത് രാജ്യങ്ങൡ അടക്കുന്നതിനോ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനോ ആവശ്യമായ സഹായങ്ങള്‍ ബന്ധപ്പെട്ട എംബസികള്‍ നല്‍കിയതായി മുരളീധരന്‍ അറിയിച്ചു. അഭ്യര്‍ഥന ലഭിച്ച സ്ഥലങ്ങളില്‍ മൃതദേഹം അടക്കുന്നതിനും കൊണ്ട് വരുന്നതിനും ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്ന് സാമ്പത്തിക സഹായം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.
കോവിഡ് സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ വന്ദേഭാരത് മിഷനില്‍ ഏപ്രില്‍ 30 വരെ 60,92,264 ഇന്ത്യക്കാര്‍ വിദേശത്ത് നിന്ന് മടങ്ങി എത്തിയതായും മന്ത്രി അറിയിച്ചു.
🇶🇦ഇന്ത്യക്കാര്‍ ഖത്തറിലെത്തിയാല്‍ കോവിഡ് പരിശോധന നടത്തേണ്ടത് 36 മണിക്കൂറിനകം; സ്വകാര്യ കേന്ദ്രങ്ങള്‍ക്കും അനുമതി.
✒️ഇന്ത്യയുള്‍പ്പെടെ റെഡ്‌ലിസ്റ്റ് രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ ഖത്തറിലെത്തിയാലുള്ള നിര്‍ബന്ധിത ആര്‍ടിപിസിആര്‍ ടെസ്റ്റ് 36 മണിക്കൂറിനകം ചെയ്താല്‍ മതി. എയര്‍പോര്‍ട്ടില്‍ നിന്ന് തന്നെ നടത്തിയിരുന്ന പരിശോധന പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ക്കു പുറമേ ആരോഗ്യ മന്ത്രാലയം അംഗീകാരമുള്ള സ്വകാര്യ ക്ലിനിക്കുകളിലും നടത്താന്‍ അനുമതി നല്‍കി.
റെഡ്‌ലിസ്റ്റ് രാജ്യങ്ങളില്‍നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ ദോഹ വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയതിനുശേഷം മാത്രമേ പുറത്തുകടക്കാവൂ എന്നതായിരുന്നു ഇതുവരെയുള്ള നിബന്ധന. ഇതിനായി ടെസ്റ്റ് സൗകര്യം എയര്‍പോര്‍ട്ടിനകത്ത് തന്നെ സജ്ജീകരിച്ചിരുന്നു. എന്നാല്‍, പെരുന്നാള്‍ അവധി ദിനങ്ങളില്‍ ദോഹയിലെത്തുന്നവരോട് അവരുടെ താമസ സ്ഥലത്തിന് സമീപമുള്ള പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെത്തി ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനായി പ്രത്യേക സ്റ്റിക്കര്‍ എയര്‍പോര്‍ട്ട് അധികൃതര്‍ യാത്രക്കാരുടെ രേഖകള്‍ക്കുമേല്‍ പതിച്ചുനല്‍കുകയും ചെയ്തു.
അതിന് പിന്നാലെ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള സ്വകാര്യ കേന്ദ്രങ്ങളിലും പരിശോധന നടത്താവുന്നതാണെന്ന് യാത്രക്കാര്‍ക്ക് നിര്‍ദേശം ലഭിച്ചു. കഴിഞ്ഞ ദിവസം ദോഹയിലെത്തിയ പലരും സ്വകാര്യ കേന്ദ്രങ്ങളില്‍ നിന്ന് പരിശോധന പൂര്‍ത്തിയാക്കി.
300 ഖത്തരി റിയാലാണ് ടെസ്റ്റിന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ നിശ്ചയിച്ച ഫീസ്. അതേസമയം, സ്വകാര്യ കേന്ദ്രങ്ങള്‍ 180 റിയാല്‍ മുതല്‍ പരിശോധന നല്‍കുന്നുണ്ട്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ടെസ്റ്റ് നിര്‍ബന്ധമാണ്. ടെസ്റ്റ് നടത്തിയത് സംബന്ധിച്ച വിവരങ്ങള്‍ ഇഹ്തിറാസ് ആപ്പ് വഴി അധികൃതര്‍ക്ക് ലഭ്യമാവും.
🇧🇭ബഹ്‌റൈനില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്.
✒️ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തിലും കുറവായതോടെ ബഹ്‌റൈനില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്. കടകളില്‍ വാക്‌സിന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും പ്രവേശനം അനുവദിച്ചുതുടങ്ങി.
ഗ്രീന്‍ ലെവലിലാണ് ഇപ്പോള്‍ രാജ്യം. വീടുകളിലെ സ്വകാര്യ ചടങ്ങുകളിലും ഔട്ട്‌ഡോര്‍ പരിപാടികളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ആളുകള്‍ക്ക് പ്രവേശനമുണ്ട്. കായിക കേന്ദ്രങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, എന്റര്‍ടെയിന്‍മെന്റ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും പ്രവേശിക്കാന്‍ അനുമതിയുണ്ട്.

0 Comments