Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ

🇸🇦സൗദി: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ടുള്ള കർമ്മപദ്ധതി പ്രഖ്യാപിച്ചു.

🇧🇭ബഹ്‌റൈൻ: COVID-19 രോഗവ്യാപനം സൂചിപ്പിക്കുന്നതിനായി ലൈറ്റ് സിഗ്നൽ സംവിധാനം ഉപയോഗിക്കുന്നു; ജൂലൈ 2 മുതൽ യെല്ലോ ലെവൽ നിയന്ത്രണങ്ങൾ.

🇦🇪ദുബായ്: സ്മാർട്ട് സാലിക് ആപ്പ് ഡിസംബർ മുതൽ നിർത്തലാക്കുമെന്ന് RTA.

🇶🇦ഖത്തറില്‍ ഇന്ന് 146 പേര്‍ക്ക് കോവിഡ്; ഒരു മരണം.

🇸🇦സൗദി അറേബ്യയിൽ ഇന്ന് 1534 പേര്‍ക്ക് കൂടി കൊവിഡ്; 13 മരണം.

🇰🇼നിയമം ലംഘിച്ച് ഒത്തുകൂടുന്ന പ്രവാസികളെ നാടുകടത്തുമെന്ന് മുന്നറിയിപ്പ്.

🛫ഇന്ത്യ - ഖത്തര്‍ എയര്‍ ബബ്ള്‍ കരാര്‍ പുതുക്കി; വിമാന സര്‍വീസ് പുനഃസ്ഥാപിച്ചു.

🇰🇼ഒരു ഡോസ് വാക്സിന്‍ മാത്രം എടുത്ത പ്രവാസികളെ കുവൈത്തില്‍ പ്രവേശിപ്പിക്കില്ല.

🇴🇲ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 40 പേര്‍.

🇦🇪യുഎഇയില്‍ 1675 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് എട്ട് മരണം.

🇧🇭ബഹ്‌റൈനില്‍ ഉച്ചവിശ്രമ നിയമം ഇന്നുമുതല്‍ പ്രാബല്യത്തില്‍.

🛫പ്രവാസികള്‍ക്ക് മടങ്ങിപ്പോകാനാകാത്ത സാഹചര്യം; ഇടപെടലാവശ്യപ്പെട്ട് കേന്ദ്രത്തിന് കേരളം കത്തയച്ചു.

🇴🇲ഒമാൻ: റോയൽ ഹോസ്പിറ്റലിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി.

🇦🇪ദുബായ്: ജൂലൈ 7 മുതൽ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന റെസിഡൻസി വിസ സേവനങ്ങൾ ആരംഭിക്കുമെന്ന് GDRFA.


വാർത്തകൾ വിശദമായി 

🇸🇦സൗദി: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ടുള്ള കർമ്മപദ്ധതി പ്രഖ്യാപിച്ചു.

✒️2021 ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട കർമ്മപദ്ധതി സംബന്ധിച്ച് സൗദി ജനറൽ പ്രെസിഡെൻസി ഫോർ ദി അഫയേഴ്‌സ് ഓഫ് ദി ടു ഹോളി മോസ്‌ക്‌സ് പ്രഖ്യാപനം നടത്തി. തീർത്ഥാടകരെയും, സന്ദർശകരെയും സ്വീകരിക്കുന്നതും, അവർക്കാവശ്യമായ സേവനങ്ങൾ നൽകുന്നതും രാജ്യത്തെ ജനങ്ങളും, ഭരണാധികാരികളും വലിയ ബഹുമതിയായാണ് കണക്കിലാക്കുന്നതെന്ന് സൗദി മാധ്യമ വകുപ്പ് മന്ത്രി മജീദ് അൽ ഖസാബി അഭിപ്രായപ്പെട്ടു.

തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ടതായും, വിവിധ വകുപ്പുകൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയതായും അദ്ദേഹം അറിയിച്ചു. ഹജ്ജ് തീർത്ഥാടനം സുഗമമായും, സുരക്ഷയോടെയും നിർവഹിക്കുന്നതിന് ആവശ്യമായ മുഴുവൻ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം COVID-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന രണ്ടാമത്തെ തീർത്ഥാടനമാണെന്നും, വൈറസിന്റെ വിവിധ വകഭേദങ്ങൾ ഭീഷണിയുയർത്തുന്ന സാഹചര്യത്തിലാണ് ഈ തീർത്ഥാടനം നടപ്പിലാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ, തീർത്ഥാടകരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായാണ് 60000 ആഭ്യന്തര തീർത്ഥാടകരെ മാത്രം ഉൾപ്പെടുത്തുന്ന രീതിയിൽ ഹജ്ജ് നടത്തുന്നതിന് തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

തീർത്ഥാടകരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള സാധ്യമായ എല്ലാ ആരോഗ്യ പ്രതിരോധ നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്ന് ജനറൽ പ്രെസിഡെൻസി ഫോർ ദി അഫയേഴ്‌സ് ഓഫ് ദി ടു ഹോളി മോസ്‌ക്‌സ് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ അൽ സുദൈസ് ചൂണ്ടിക്കാട്ടി. അണുവിമുക്തമായ കുപ്പികളിൽ സംസം ജലത്തിന്റെ ലഭ്യത ഉറപ്പാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം കുപ്പികൾ വിതരണം ചെയ്യുന്നതിനായി നിർമ്മിത ബുദ്ധിയുടെ സഹായത്താൽ പ്രവർത്തിക്കുന്ന റോബോട്ടുകളുടെയും, സ്മാർട്ട് വാഹനങ്ങളുടെയും സഹായം ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗ്രാൻഡ് മോസ്ക്കിലും, അവിടുത്തെ അങ്കണങ്ങളിലും തീർത്ഥാടകർക്ക് സഞ്ചരിക്കുന്നതിനായി 800-ൽ പരം വാഹനങ്ങൾ ലഭ്യമാക്കുമെന്നും, ഇവയിൽ ഇലക്ട്രിക്ക് വാഹനങ്ങളും ഉൾപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. ഗ്രാൻഡ് മോസ്ക്കും, അങ്കണങ്ങളും അണുവിമുക്തമാക്കുന്നതിന് 5000-ത്തോളം ജീവനക്കാരെ നിയമിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഗ്രാൻഡ് മോസ്കിൽ ദിനവും 10 തവണ വീതം അണുനശീകരണ പ്രവർത്തനങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. തീർത്ഥാടകർക്കായി സാനിറ്റൈസറുകൾ, കുടകൾ മുതലായവയുടെ ലഭ്യത ഉറപ്പാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

🇧🇭ബഹ്‌റൈൻ: COVID-19 രോഗവ്യാപനം സൂചിപ്പിക്കുന്നതിനായി ലൈറ്റ് സിഗ്നൽ സംവിധാനം ഉപയോഗിക്കുന്നു; ജൂലൈ 2 മുതൽ യെല്ലോ ലെവൽ നിയന്ത്രണങ്ങൾ.

✒️രാജ്യത്തെ COVID-19 രോഗവ്യാപനം സൂചിപ്പിക്കുന്നതിനായി ട്രാഫിക് ലൈറ്റ് സിഗ്നലിന് സമാനമായ ഒരു കളർ കോഡിങ്ങ് സംവിധാനം ഉപയോഗിക്കാൻ നാഷണൽ ടാസ്‌ക്‌ഫോഴ്‌സ്‌ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഓരോ ആഴ്ച്ചയിലും പ്രഖ്യാപിക്കുന്ന കളർ ലെവൽ പ്രകാരമായിരിക്കും ഇനി മുതൽ ബഹ്‌റൈനിലെ വിവിധ മേഖലകളിലെ നിയന്ത്രണങ്ങളും, ഇളവുകളും കണക്കാക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

ജൂൺ 30-ന് രാത്രിയാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് നിലവിലുള്ള ആകെ രോഗബാധിതരുടെ എണ്ണം, ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം, ICU സംവിധാനങ്ങളുടെ ലഭ്യത തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്താണ് ഓരോ ആഴ്ച്ചത്തെയും കളർ കോഡിങ്ങ് നിശ്ചയിക്കുന്നത്. ഇത്തരത്തിൽ താഴെ പറയുന്ന നാല് കളർ ലെവലുകളാണ് അധികൃതർ പ്രഖ്യാപിച്ചിട്ടുള്ളത്:

പച്ച – പതിനാല് ദിവസത്തെ കാലയളവിൽ രോഗബാധിതരായി തുടരുന്നവരുടെ ശരാശരി 2 ശതമാനത്തിന് താഴെയാണെങ്കിൽ.

മഞ്ഞ – ഏഴ് ദിവസത്തെ കാലയളവിൽ രോഗബാധിതരായി തുടരുന്നവരുടെ ശരാശരി 2 ശതമാനത്തിനും 5 ശതമാനത്തിനും ഇടയിലാണെങ്കിൽ.

ഓറഞ്ച് – നാല് ദിവസത്തെ കാലയളവിൽ രോഗബാധിതരായി തുടരുന്നവരുടെ ശരാശരി 5 ശതമാനത്തിനും 8 ശതമാനത്തിനും ഇടയിലാണെങ്കിൽ.

ചുവപ്പ് – മൂന്ന് ദിവസത്തെ കാലയളവിൽ രോഗബാധിതരായി തുടരുന്നവരുടെ ശരാശരി 8 ശതമാനത്തിനു മുകളിലാണെങ്കിൽ.

മേൽപ്പറഞ്ഞ പ്രകാരം, നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് 2021 ജൂലൈ 2 മുതൽ ബഹ്‌റൈനിൽ യെല്ലോ ലെവൽ അലേർട്ട് ഏർപ്പെടുത്താൻ തീരുമാനിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

*ഇത് പ്രകാരം ജൂലൈ 2 മുതൽ ബഹ്‌റൈനിൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണങ്ങൾ:*

സർക്കാർ മേഖലയിൽ എല്ലാ ഓഫീസുകളിലും 50 ശതമാനം വർക്ക് അറ്റ് ഹോം നടപ്പിലാക്കും.

ചില്ലറവില്പനശാലകൾ, സർക്കാർ സേവന കേന്ദ്രങ്ങൾ, 30 പേരെ പങ്കെടുപ്പിച്ചുള്ള വീടുകളിൽ നടത്തുന്ന സ്വകാര്യ ചടങ്ങുകൾ തുടങ്ങിയ ഇടങ്ങളിൽ വാക്സിനെടുത്തവർക്കും, എടുക്കാത്തവർക്കും പ്രവേശിക്കാൻ അനുമതി.

ഷോപ്പിംഗ് മാളുകൾ, റെസ്റ്ററന്റുകൾ, കഫെ, സ്വിമ്മിങ്ങ് പൂൾ, സ്പോർട്സ് കേന്ദ്രങ്ങൾ, സിനിമാശാലകൾ, സ്പാ, സലൂൺ, ബാർബർഷോപ്, വിനോദ കേന്ദ്രങ്ങൾ, കോൺഫെറൻസുകൾ, ചടങ്ങുകൾ, കായിക വിനോദങ്ങൾ എന്നിവയിൽ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർ, COVID-19 രോഗമുക്തർ, ഇവരോടൊപ്പം വരുന്ന 12 വയസിന് താഴെ പ്രായമുള്ളവർ എന്നിവർക്ക് മാത്രം പ്രവേശനം.

അവശ്യ സാധനങ്ങളുടെ വില്പനശാലകൾക്ക് പ്രവർത്തിക്കാം.

ഈ കളർ കോഡിങ്ങ് സംവിധാനം സംബന്ധിച്ച പൂർണ്ണ വിവരങ്ങൾ https://www.moh.gov.bh/Content/Upload/File/637607300313236823-[EN]-Infographic—COVID-19-alert-levels-v24.2.pdf എന്ന വിലാസത്തിൽ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം PDF രൂപത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.

🇦🇪ദുബായ്: സ്മാർട്ട് സാലിക് ആപ്പ് ഡിസംബർ മുതൽ നിർത്തലാക്കുമെന്ന് RTA.

✒️2021 ഡിസംബർ മുതൽ സ്മാർട്ട് സാലിക് ആപ്പിന്റെ പ്രവർത്തനം നിർത്തലാക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ജൂൺ 30-ന് വൈകീട്ടാണ് RTA ഇക്കാര്യം അറിയിച്ചത്.

സ്മാർട്ട് സാലിക് ആപ്പ് നിർത്തലാക്കുമെങ്കിലും, ഈ ആപ്പിലൂടെ നൽകിയിരുന്ന സേവനങ്ങൾ ദുബായ് ഡ്രൈവ് ആപ്പ്, സാലിക് വെബ്സൈറ്റ് എന്നിവയിലൂടെ ലഭ്യമായിരിക്കുമെന്ന് RTA വ്യക്തമാക്കി. http://salik.rta.ae എന്ന വിലാസത്തിൽ സാലിക് വെബ്സൈറ്റ് ലഭ്യമാണ്.

സാലിക് ടാഗുകൾ പ്രവർത്തനക്ഷമമാക്കുന്നതിനും, സാലിക് അക്കൗണ്ട് റീചാർജ്ജ് ചെയ്യുന്നതിനും, സാലിക് അക്കൗണ്ടിലെ ബാക്കി തുക അറിയുന്നതിനും ദുബായ് ഡ്രൈവ് ആപ്പ് (RTA Dubai Drive), സാലിക് വെബ്സൈറ്റ് എന്നിവ ഉപയോഗിക്കാവുന്നതാണ്.

🇶🇦ഖത്തറില്‍ ഇന്ന് 146 പേര്‍ക്ക് കോവിഡ്; ഒരു മരണം.

✒️ഖത്തറില്‍ ഇന്ന് 146 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 186 പേരാണ് രോഗമുക്തി നേടിയത്. 78 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 62 പേര്‍. 1,641 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

ഖത്തറില്‍ ഇന്നു ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. 67 വയസ്സുകാരനാണ് മരിച്ചത്. ആകെ മരണം 591. രാജ്യത്ത് ഇതുവരെ 2,19,985 പേര്‍ രോഗമുക്തി നേടി. ഇന്ന് 4 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 98 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

24 മണിക്കൂറിനിടെ 33,682 ഡോസ് വാക്‌സിന്‍ നല്‍കി. ആകെ നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 31,77,744 ആയി.

🇸🇦സൗദി അറേബ്യയിൽ ഇന്ന് 1534 പേര്‍ക്ക് കൂടി കൊവിഡ്; 13 മരണം.

✒️സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,534 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗബാധിതരിൽ 1,487 പേർ സുഖം പ്രാപിച്ചു. ചികിത്സയിലുണ്ടായിരുന്നവരിൽ 13 പേർ മരിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് ബാധിതരുടെ എണ്ണം 4,89,126 ആയി. ഇവരിൽ രോഗമുക്തരുടെ എണ്ണം 4,69,120 ആയി ഉയർന്നു. ആകെ മരണസംഖ്യ 7,832 ആയി. 

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.60 ശതമാനവും മരണനിരക്ക് 1.60 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: കിഴക്കൻ പ്രവിശ്യ 337, മക്ക 377, റിയാദ് 310, അസീർ 156, ജീസാൻ 96, മദീന 74, നജ്റാൻ 36, അൽബാഹ 29, അൽഖസീം 62, ഹായിൽ 19, തബൂക്ക് 20, വടക്കൻ അതിർത്തി മേഖല 11, അൽജൗഫ് 7.

🇰🇼നിയമം ലംഘിച്ച് ഒത്തുകൂടുന്ന പ്രവാസികളെ നാടുകടത്തുമെന്ന് മുന്നറിയിപ്പ്.

✒️കുവൈത്തില്‍ നിയമം ലംഘിച്ച് ഒത്തുചേരുന്ന പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇറാദ സ്‍ക്വയറില്‍ നടന്ന പ്രതിഷേധ പരിപാടികളില്‍ ചില പ്രവാസികളും പങ്കെടുത്തതായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അധികൃതര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കിയത്. 

രാജ്യസുരക്ഷയെ സംബന്ധിക്കുന്ന നിയമങ്ങള്‍ ലംഘിക്കുന്നതും പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുന്നതും ഏത് രാജ്യക്കാരായാലും കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇറാദ സ്‍ക്വയറില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തതായി തെളിവ് ലഭിച്ചതിനെ തുടര്‍ന്ന് ഒരു ജോര്‍ദാന്‍ സ്വദേശിയെ അടുത്തിടെ അറസ്റ്റ് ചെയ്‍ത് നാടുകടത്തിയിരുന്നു.  രാജ്യത്ത് കൊവിഡ് നിയന്ത്രണത്തിനായി മന്ത്രിസഭ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെയും വാക്സിനെടുത്തവരെ മാത്രം പൊതു സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നതിനും എതിരെയായിരുന്നു പ്രതിഷേധം. 

ഇറാദ സ്‍ക്വയറിലെ പ്രതിഷേധത്തില്‍ പ്രവാസികളുടെ പങ്കാളിത്തമുണ്ടോയെന്ന് ആഭ്യന്തര മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. രാജ്യത്തെ നിയമങ്ങളെ ബഹുമാനിക്കാത്തവര്‍ക്ക് കുവൈത്തില്‍ സ്ഥാനമില്ലെന്നും പൊതുജന താത്പര്യം മുന്‍നിര്‍ത്തി ഇവരെ നാടുകടത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കുവൈത്തിലെ നിയമപ്രകാരം വിദേശികള്‍ രാജ്യത്ത് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനോ അവയില്‍ പങ്കെടുക്കാനോ പാടില്ല. 

🛫ഇന്ത്യ - ഖത്തര്‍ എയര്‍ ബബ്ള്‍ കരാര്‍ പുതുക്കി; വിമാന സര്‍വീസ് പുനഃസ്ഥാപിച്ചു.

✒️ഇന്ത്യ - ഖത്തര്‍ എയര്‍ ബബ്ള്‍ കരാര്‍ ജൂലൈ അവസാനം വരെ പുതുക്കി. നേരത്തെയുണ്ടായിരുന്ന കരാര്‍ ബുധനാഴ്‍ച അവസാനിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്‍ച പുലര്‍ച്ചെ മുതലുള്ള സര്‍വീസുകള്‍ മുടങ്ങിയിരുന്നു. പിന്നീട് മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കരാര്‍ പുതുക്കി വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചത്.

ഖത്തറിലെ ഇന്ത്യന്‍ എംബസിയും കേന്ദ്ര വ്യോമയാന മന്ത്രാലയവും നടത്തിയ ഇടപെടലുകള്‍ക്കൊടുവിലാണ് എയര്‍ ബബ്ള്‍ കരാര്‍ പുതുക്കിയത്. ജൂലൈ 31 വരെയാണ് പുതിയ കരാറെന്ന് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍ അറിയിച്ചു. വ്യാഴാഴ്‍ച പുലര്‍ച്ചെയുള്ള വിമാനങ്ങളില്‍ യാത്ര ചെയ്യാനിരുന്ന മലയാളികളടക്കമുള്ള പ്രവാസികളുടെ യാത്ര മുടങ്ങിയിരുന്നു.

🇰🇼ഒരു ഡോസ് വാക്സിന്‍ മാത്രം എടുത്ത പ്രവാസികളെ കുവൈത്തില്‍ പ്രവേശിപ്പിക്കില്ല.

✒️കൊവിഡ് വാക്സിന്റെ ഒരു ഡോസ് മാത്രം എടുത്ത പ്രവാസികളെ കുവൈത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. ഓഗസ്റ്റ് ഒന്ന് മുതലാണ് വാക്സിനെടുത്ത പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് പ്രവേശിക്കാന്‍ അനമതി നല്‍കിയിരിക്കുന്നത്.

ഫൈസര്‍, ഓക്സ്ഫോഡ് ആസ്‍ട്രസെനിക, മൊഡേണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നിവയാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ള വാക്സിനുകള്‍. ഇവയില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ഒരു ഡോസും മറ്റ് വാക്സിനുകളുടെ രണ്ട് ഡോസും സ്വീകരിച്ച പ്രവാസികള്‍ക്കായിരിക്കും പ്രവേശനം അനുവദിക്കുക. അതേസമയം സ്വദേശികള്‍ക്ക് ഇതില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇപ്പോള്‍ രാജ്യത്തുള്ള പ്രവാസികള്‍ വാക്സിന്റെ രണ്ട് ഡോസും സ്വീകരിക്കാതെ രാജ്യം വിട്ടാല്‍ അവര്‍ക്കും രണ്ടാമത്തെ ഡോസ് വാക്സിനെടുത്ത ശേഷമേ രാജ്യത്ത് തിരികെ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ.

🇴🇲ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 40 പേര്‍.

✒️ഒമാനില്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറില്‍ 1959 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. 40 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് രോഗം മൂലം മരണപ്പെട്ടത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 270,504 ആയി.

ഇവരില്‍ 236,988 പേരാണ് രോഗമുക്തരായത്. ഇപ്പോള്‍ 87.6% ശതമാനമാണ് രോഗമുക്തി നിരക്ക്. ഇതിനകം 3140 പേര്‍ക്കാണ് കൊവിഡ് കാരണം ഒമാനില്‍ ജീവന്‍ നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 163 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 1591 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 530  പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

🇦🇪യുഎഇയില്‍ 1675 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് എട്ട് മരണം.

✒️യുഎഇയില്‍ 1675 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1556 പേര്‍ സുഖം പ്രാപിക്കുകയും എട്ട് പേര്‍ മരണപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ 2,91,003 പരിശോധനകളില്‍ നിന്നാണ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,34,582 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,12,998 പേര്‍ രോഗമുക്തരാവുകയും 1,819 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,765 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

🇧🇭ബഹ്‌റൈനില്‍ ഉച്ചവിശ്രമ നിയമം ഇന്നുമുതല്‍ പ്രാബല്യത്തില്‍.

✒️ബഹ്‌റൈനില്‍ ഉച്ചവിശ്രമ നിയമം ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ജൂലൈ ഒന്നുമുതല്‍ ഓഗസ്റ്റ് 31 വരെ ഉച്ചയ്ക്ക് 12 മണിക്കും വൈകിട്ട് നാലിനും ഇടയില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് നിരോധിക്കുന്നതാണ് നിയമം. സൂര്യാഘാതത്തില്‍ നിന്നും വേനല്‍ക്കാല രോഗങ്ങളില്‍ നിന്നും തൊഴിലാളികളെ സംരക്ഷിക്കാനാണ് ഈ നടപടി. 

നിയമം നടപ്പിലാക്കുന്നതിന് വേണ്ട തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചതായി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. നിയമം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ തൊഴിലിടങ്ങളില്‍ ഫീല്‍ഡ് പരിശോധന നടത്തും. നിയമം ലംഘിക്കുന്ന തൊഴിലുടമകള്‍ക്ക് മൂന്ന് മാസം വരെ തടവുശിക്ഷയോ 500ദിനാര്‍ മുതല്‍ 1,000 ദിനാര്‍ വരെ പിഴയോ ഇവ രണ്ടുമോ ആണ് ശിക്ഷയായി ലഭിക്കുക.

🛫പ്രവാസികള്‍ക്ക് മടങ്ങിപ്പോകാനാകാത്ത സാഹചര്യം; ഇടപെടലാവശ്യപ്പെട്ട് കേന്ദ്രത്തിന് കേരളം കത്തയച്ചു.

✒️ഗൾഫ് രാജ്യങ്ങളിലേയ്ക്ക് പോകേണ്ട പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശൃംഖ്ളയ്ക്ക് കേരളം കത്തയച്ചു. ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങാനാകാതെ നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് തൊഴിൽസ്ഥലങ്ങളിൽ തിരിച്ചെത്താനുള്ള അവസരമൊരുക്കണമെന്നാവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് കത്തയച്ചത്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഖത്തറും ബഹ്റൈനും ഒഴികെയുള്ള ജിസിസി രാജ്യങ്ങൾ ഇന്ത്യക്കാർക്ക് പ്രവേശനം നിഷേധിച്ചിരിക്കയാണ്. ഈ സാഹചര്യത്തിൽ നേപ്പാൾ, ശ്രീലങ്ക പോലുള്ള രാജ്യങ്ങൾ വഴി ബഹ്റൈനിലും ഖത്തറിലും വലിയ തോതിൽ പ്രവാസി കേരളീയർ എത്തുന്നു. തുടർന്ന് സൗദി അറേബ്യയിൽ പോകണമെങ്കിൽ രണ്ടാഴ്ച ക്വാറന്റൈനിൽ കഴിയണം എന്ന അവസ്ഥയുമുണ്ട്.

ലോകാരോഗ്യ സംഘടനയുടെ അംഗീകാരമില്ലാത്തതിനാൽ കോവാക്സിൻ രണ്ടു ഡോസുകൾ ലഭിച്ചവർക്ക് തിരിച്ചു വരാനുള്ള അനുമതി ജിസിസി രാജ്യങ്ങൾ നൽകുന്നില്ല എന്നതാണ് രണ്ടാമത്തെ പ്രശ്നം. വിദേശത്തു നിന്നും ഫൈസർ, സിനോഫാം തുടങ്ങിയ വാക്സിനുകളുടെ ആദ്യത്തെ ഡോസ് സ്വീകരിച്ച ശേഷം നാട്ടിലെത്തിയ നിരവധി ആളുകളുണ്ട്. അവർക്ക് രണ്ടാമത്തെ ഡോസ് ഇന്ത്യയിൽ ലഭിക്കാൻ നിർവാഹമില്ലാത്തതിനാൽ ഗൾഫ് രാജ്യങ്ങൾ പ്രവേശനാനുമതി നിഷേധിക്കുന്ന സാഹചര്യവുമുണ്ട്.

ഇക്കാര്യങ്ങൾ ഗൾഫ് രാജ്യങ്ങളിലെ ഗവണ്മെന്റുകളുമായി ചർച്ച ചെയ്ത് നാട്ടിൽ കുടുങ്ങി ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികൾക്ക് എത്രയും പെട്ടെന്ന് തൊഴിൽസ്ഥലങ്ങളിൽ തിരിച്ചെത്താനുള്ള അവസരം ഒരുക്കേണ്ടതുണ്ട്. പ്രവാസികളുടെ തൊഴിലില്ലായ്മ രാജ്യത്തിന്റെ തന്നെ സാമ്പത്തിക സാമൂഹ്യ പ്രശ്നമാണ്. അതുകൊണ്ട് ഈ പ്രശ്നം കാലതാമസമില്ലാതെ പരിഹരിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് വിദേശകാര്യ സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി അയച്ച കത്തിൽ ആവശ്യപ്പെട്ടു.

🇴🇲ഒമാൻ: റോയൽ ഹോസ്പിറ്റലിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി.

✒️2021 ജൂൺ 30 മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയതായി ഒമാനിലെ റോയൽ ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു. രാജ്യത്തെ COVID-19 രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം

കുട്ടികളോടൊപ്പം എത്തുന്ന രക്ഷിതാക്കൾക്ക് മാത്രമാണ് ഈ നിയന്ത്രണത്തിൽ ഇളവ് നൽകിയിരിക്കുന്നത്. ജൂൺ 30-നാണ് റോയൽ ഹോസ്പിറ്റൽ അധികൃതർ ഈ അറിയിപ്പ് നൽകിയത്.

🇦🇪ദുബായ്: ജൂലൈ 7 മുതൽ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന റെസിഡൻസി വിസ സേവനങ്ങൾ ആരംഭിക്കുമെന്ന് GDRFA.

✒️യു എ ഇ പൗരന്മാർക്കും, പ്രവാസികൾക്കും ഇരുപത്തിനാല് മണിക്കൂറും സേവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള ഒരു പ്രത്യേക സംവിധാനം 2021 ജൂലൈ 7 മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് (GDRFA) അറിയിച്ചു. ഈ സംവിധാനത്തിലൂടെ ആഴ്ച്ചയിൽ ഏഴു ദിവസവും, ദിനവും ഇരുപത്തിനാല് മണിക്കൂർ നേരവും GDRFA സേവനങ്ങൾ ലഭ്യമാക്കുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.

‘യു ആർ സ്പെഷ്യൽ’ എന്ന പേരിൽ ആരംഭിക്കുന്ന ഈ സേവനത്തിലൂടെ റെസിഡൻസി സേവനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകൾ, അന്വേഷണങ്ങൾ മുതലായവ ആഴ്ച്ചയിൽ ഏഴു ദിവസവും, ഏത് സമയത്തും സ്വീകരിക്കുന്നതാണെന്ന് GDRFA അറിയിച്ചു. സ്ഥാപനങ്ങൾ, വ്യക്തികൾ, പ്രവാസികൾ, പൗരന്മാർ എന്നീ വിഭാഗങ്ങൾക്ക് ഈ സേവനം ഉപയോഗിക്കാമെന്നും GDRFA കൂട്ടിച്ചേർത്തു.

ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് GDRFA ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മാരി വ്യക്തമാക്കി.

Post a Comment

0 Comments