Ticker

6/recent/ticker-posts

Header Ads Widget

‌‌‌സംസ്ഥാനത്ത് കടുത്ത വാക്സീൻ ക്ഷാമം: നാളെ വാക്സീനേഷൻ പൂർണമായി മുടങ്ങിയേക്കും

സംസ്ഥാനത്ത് അഞ്ച് പേർക്ക് കൂടി സിക്ക വൈറസ്; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 56 പേർക്ക്.

സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം ആനയറ സ്വദേശിനി (38), പേട്ട സ്വദേശി (17), കരമന സ്വദേശിനി (26), പൂജപ്പുര സ്വദേശി (12), കിള്ളിപ്പാലം സ്വദേശിനി (37) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 56 പേര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ എട്ട് പേരാണ് വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്. ഇവരാരും തന്നെ ഗര്‍ഭിണികളല്ല. ആശുപത്രിയില്‍ അഡ്മിറ്റുമല്ല. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

‌‌‌സംസ്ഥാനത്ത് കടുത്ത വാക്സീൻ ക്ഷാമം: നാളെ വാക്സീനേഷൻ പൂർണമായി മുടങ്ങിയേക്കും

സംസ്ഥാനത്തെ മൂന്ന് മേഖലാ  സംഭരണ കേന്ദ്രങ്ങളിലും വാക്സിൻ പൂർണമായും തീർന്നു. ജില്ലകളിലും കൊവിഷീൽഡ്  തീർന്നതോടെ നാളെ വാക്സിനേഷൻ പൂർണമായി മുടങ്ങുമെന്നതാണ് സ്ഥിതി. അതേസമയം നാളെ കൂടുതൽ  വാക്സിൻ എത്തിയേക്കുമെന്നാണ് അനൗദ്യോഗിക വിവരം. കേരളത്തിന് ആവശ്യമായ വാക്സിൻ ഉടൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ കേരളത്തിലെ ഇടതുപക്ഷ എം.പിമാര്‍ക്ക് ഉറപ്പു നൽകി.

സംസ്ഥാനത്തെ പ്രധാന സംഭരണ കേന്ദ്രങ്ങളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ വാക്സിൻ സ്റ്റോക്ക് പൂജ്യമാണ്. ജില്ലകളിലേക്ക് നൽകിയവയും തീർന്നു. നാളെ നൽകാൻ വാക്സിനില്ല. അവശേഷിച്ച കോവാക്സിൻ ഡോസുകളും സ്വകാര്യ മേഖലയിലെ വാക്സിനേഷനും കൊണ്ടാണ് സംസ്ഥാനത്ത് ഇന്ന്  വാക്സിനേഷൻ പൂർണമായി മുടങ്ങാതിരുന്നത്. ഇന്നത്തോടെ ഇത് തീർന്നു. ചില ജില്ലകളിൽ മാത്രം നാമമാത്ര കോവാക്സിൻ ബാക്കിയുണ്ട്. 

കണ്ണൂരിൽ സർക്കാർ മേഖലയിൽ ഇന്ന് പ്രവർത്തിച്ചത് ഒരു വാക്സിനേഷൻ കേന്ദ്രം മാത്രം. കാസർഗോഡ് ഇന്ന് വാക്സിൻ നൽകിയത് രണ്ടാം ഡോസുകാർക്ക് മാത്രം. ഉള്ള സ്റ്റോക്കിൽ നിന്ന് ഒരു ലക്ഷത്തിലധികം പേർക്ക് ഇന്ന് വാക്സിൻ നൽകി. അതേസമയം എറണാകുളം മേഖലാകേന്ദ്രത്തിലേക്ക് 2 ലക്ഷവും കോഴിക്കോട് മേഖലയിലേക്ക് 4 ലക്ഷവും ഡോസ് വാക്സിൻ നാളെ എത്തുമെന്നാണ് വാക്കാലുള്ള അറിയിപ്പ്.  ഇക്കാര്യത്തിൽ ഔദ്യോഗിക ഉറപ്പ് കിട്ടിയിട്ടില്ല. സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീമിന്‍റെ നേതൃത്വത്തിൽ ഇടതുപക്ഷ അംഗങ്ങൾ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് കേരളത്തിന് ആവശ്യത്തിന് വാക്സിൻ നൽകുമെന്ന്  കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പ് നൽകിയത്.  കൊവിഡ് ചികിത്സയിലും വാക്സിനേഷനിലും കേരളത്തെ അഭിനന്ദിച്ചതായും  എം.പിമാർ അറിയിക്കുന്നു.

രാജ്യത്ത് കോവിഡ് കേസുകള്‍ ആശങ്കാജനകമായി വര്‍ധിക്കുന്നത് 22 ജില്ലകളിൽ; അതിൽ ഏഴും കേരളത്തില്‍.

രാജ്യത്ത് കോവിഡ് കേസുകൾ ആശങ്കാജനകമായി വർധിക്കുന്ന 22 ജില്ലകളിൽ ഏഴെണ്ണവും കേരളത്തിലെന്ന് കേന്ദ്ര സർക്കാർ. ആലപ്പുഴ, കോട്ടയം, മലപ്പുറം, തൃശ്ശൂർ, വയനാട്, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളിൽ കേസുകൾ കൂടുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.

കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ വിഷയം സംസ്ഥാന സർക്കാരുമായി ചർച്ച നടത്തുകയാണെന്ന് ലവ് അഗർവാൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വ്യാപനം കൂടിയ ജില്ലകളിലെ കോവിഡ് നിയന്ത്രണങ്ങളിൽ ഒരു കാരണവശാലും ഇളവുകൾ നൽകാൻ പാടില്ലെന്ന് സംസ്ഥാനങ്ങളോട് നിർദേശിച്ചിട്ടുണ്ട്.

കേരളത്തിലെ 10 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ അധികമാണെന്നും ലവ് അഗർവാൾ ചൂണ്ടിക്കാട്ടി. രാജ്യത്ത് പ്രതിദിനം 100 കോവിഡ് കേസുകളിൽ അധികം റിപ്പോർട്ട് ചെയ്യപ്പെടുന്ന 62 ജില്ലകളാണുള്ളതെന്നും ലവ് അഗർവാൾ പറഞ്ഞു.

രാജ്യത്ത് പ്രതിവാര കോവിഡ് കേസുകളുടെ എണ്ണത്തിൽ തുടർച്ചയായ കുറവ് രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ ഏതാനും ആഴ്ചകൾ മുൻപത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ കോസുകളുടെ കുറവ് ആശങ്കയുണർത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments