🇦🇪യു എ ഇ: ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രാ വിമാനസർവീസുകൾക്കേർപ്പെടുത്തിയ വിലക്കുകൾ തുടരുമെന്ന് GCAA.
🇸🇦കൊവിഡ് ബാധിച്ച് സൗദി അറേബ്യയിൽ ഇന്ന് 14 മരണം കൂടി.
🇦🇪യുഎഇയില്‍ 1541 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് നാല് മരണം.
🇶🇦ഖത്തറില്‍ രോഗമുക്തി വര്‍ധിച്ചു; ഇന്ന് 124 പേര്‍ക്ക് കോവിഡ്.
🇸🇦സൗദിയിലേക്ക് യാത്രാ വിലക്കുള്ള രാജ്യങ്ങളിലുള്ളവർക്ക് ഇഖാമ, വിസാ കാലാവധി ആഗസ്റ്റ് 31 വരെ നീട്ടി.
വാർത്തകൾ വിശദമായി
ഇന്ത്യ ഉൾപ്പടെ 16 രാജ്യങ്ങളിൽ നിന്ന് യു എ ഇയിലേക്കുള്ള യാത്രാ വിമാനസർവീസുകൾക്കേർപ്പെടുത്തിയ വിലക്കുകൾ തുടരുമെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) സ്ഥിരീകരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ യാത്രാ വിലക്കുകൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്നാണ് സൂചന.
ഈ അറിയിപ്പ് പ്രകാരം ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, കോംഗോ, ഇന്തോനേഷ്യ, ലൈബീരിയ, നമീബിയ, നേപ്പാൾ, നൈജീരിയ, പാകിസ്ഥാൻ, ഉഗാണ്ട, സിയേറ ലിയോൺ, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, വിയറ്റ്നാം, സാംബിയ എന്നീ രാജ്യങ്ങളിൽ നിന്ന് യാത്ര പുറപ്പെടുന്ന യാത്രികർക്ക് യു എ ഇയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ തുടരുന്നതാണ്. GCAA ജൂലൈ 18-ന് പുറത്തിറക്കിയ ഒരു വിജ്ഞാപനം ഉദ്ധരിച്ച് കൊണ്ടാണ് പ്രാദേശിക മാധ്യമങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.
ആഗോള തലത്തിലെ സ്ഥിതിഗതികൾ അധികൃതർ നിരന്തരം നിരീക്ഷിച്ച് വരുന്നതായും, യാത്രാ സംബന്ധമായ തീരുമാനങ്ങൾ ഇത്തരം സ്ഥിതിഗതികളുടെ അടിസ്ഥാനത്തിൽ കൈക്കൊള്ളുമെന്നും, അറിയിക്കുമെന്നും GCAA വിജ്ഞാപനത്തിലൂടെ വ്യക്തമാക്കുന്നു. യാത്ര വിലക്കുകളിൽ യു എ ഇ പൗരന്മാർ, അവരുടെ അടുത്ത ബന്ധുക്കൾ, നയതന്ത്ര പ്രതിനിധികൾ, മുൻകൂർ അനുമതി നേടിയ ബിസിനസുകാർ, ഗോൾഡ്, സിൽവർ റെസിഡൻസി പെർമിറ്റ് ഉടമകൾ തുടങ്ങിയ വിഭാഗങ്ങൾക്കുള്ള ഇളവുകൾ തുടരുമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാനസർവീസുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ 2021 ജൂലൈ 31 വരെ തുടരുമെന്ന് ഇത്തിഹാദ് എയർവേസ് നേരത്തെ അറിയിച്ചിരുന്നു.
ജൂലൈ 25 വരെ സർവീസില്ലെന്ന് എമിറേറ്റ്സും 31 വരെ സർവീസില്ലെന്ന് ഇത്തിഹാദും അറിയിച്ചതിന് തൊട്ടു പിന്നാലെയാണ് യുഎഇ സിവിൽ ഏവിയേഷന്റെ സ്ഥിരീകരണം. ഇതോടെ, പെരുന്നാൾ കഴിഞ്ഞ് മടങ്ങിയെത്താമെന്ന പ്രവാസികളുടെ പ്രതീക്ഷകൾക്ക് വീണ്ടും മങ്ങലേറ്റു.
🇸🇦കൊവിഡ് ബാധിച്ച് സൗദി അറേബ്യയിൽ ഇന്ന് 14 മരണം കൂടി.
✒️സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 14 മരണം കൂടി റിപ്പോർട്ട് ചെയ്തു. പുതുതായി 1,273 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,091 പേർ രോഗ ബാധയിൽ നിന്ന് മുക്തരായി.
24 മണിക്കൂറിനിടെ രാജ്യമാകെ 105,033 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ ആകെ എണ്ണം 512,142 ആയി. 493,240 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,103 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 339, കിഴക്കൻ പ്രവിശ്യ 207, മക്ക 200, അസീർ 174, അൽഖസീം 77, മദീന 63, ജീസാൻ 54, നജ്റാൻ 43, ഹായിൽ 36, അൽബാഹ 31, തബൂക്ക് 22, വടക്കൻ അതിർത്തി മേഖല 20, അൽജൗഫ് 7. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് 22,899,234 ഡോസായി.
🇦🇪യുഎഇയില്‍ 1541 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് നാല് മരണം.
✒️യുഎഇയില്‍ 1,541 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,502 പേര്‍ സുഖം പ്രാപിക്കുകയും നാല് പേര്‍ മരണപ്പെടുകയും ചെയ്തു.
പുതിയതായി നടത്തിയ 2,55,986 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,64,027 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,41,750 പേര്‍ രോഗമുക്തരാവുകയും 1,904 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,373 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🇶🇦ഖത്തറില്‍ രോഗമുക്തി വര്‍ധിച്ചു; ഇന്ന് 124 പേര്‍ക്ക് കോവിഡ്.
✒️ഖത്തറില്‍ ഇന്ന് 124 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 152 പേരാണ് രോഗമുക്തി നേടിയത്. 86 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 38 പേര്‍. 1,546 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.
ഖത്തറില്‍ ഇന്ന് കോവിഡ് മരണമില്ല. ആകെ മരണം 599. രാജ്യത്ത് ഇതുവരെ 2,22,257 പേര്‍ രോഗമുക്തി നേടി. ഇന്ന് 6 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 72 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.
24 മണിക്കൂറിനിടെ 36,311 ഡോസ് വാക്‌സിന്‍ നല്‍കി. ആകെ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 35,59,312 ആയി. വാക്‌സിനേഷന് യോഗ്യരായ 78.6 ശതമാനം പേര്‍ക്ക് ഇതിനകം ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചു.
🇸🇦സൗദിയിലേക്ക് യാത്രാ വിലക്കുള്ള രാജ്യങ്ങളിലുള്ളവർക്ക് ഇഖാമ, വിസാ കാലാവധി ആഗസ്റ്റ് 31 വരെ നീട്ടി.
✒️ഇന്ത്യ അടക്കം സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമ, റീ-എൻട്രി, സന്ദർശന വിസ എന്നിവയുടെ കാലാവധി സൗജന്യമായി സ്വമേധയാ ആഗസ്റ്റ് 31 വരെ പുതുക്കുമെന്ന് സൗദി പാസ്പോർട്ട് വിഭാഗം അറിയിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവിന്‍റെ ഉത്തരവ് പ്രകാരം നേരത്തെ രേഖകളുടെ കാലാവധി ജൂലൈ 31 വരെ നീട്ടിനൽകിയിരുന്നു. ഇതാണിപ്പോൾ അടുത്ത മാസം അവസാനം വരെ വീണ്ടും നീട്ടിനൽകുന്നത്.
യാത്രാ വിലക്ക് പ്രഖ്യാപിച്ച രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് തിരിച്ചെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്ന പ്രവാസികളുടെ രേഖകളാണ് പുതുക്കുക. ഇവിടങ്ങളിലുള്ള സൗദി പ്രവാസികളുടെ കാലാവധി കഴിഞ്ഞ ഇഖാമ, എക്സിറ്റ് റീ-എൻട്രി വിസ, സന്ദർശക വിസയിൽ സൗദിയിലേക്ക് വരാനായി കാത്തിരിക്കുകയും നിലവിൽ അത്തരം സന്ദർശക വിസകളുടെ കാലാവധി അവസാനിക്കുകയും ചെയ്തവരുടെ വിസാ കാലാവധി എന്നിവയാണ് സൗജന്യമായി പുതുക്കുക.
നേരത്തെ ജൂലൈ അവസാനം വരെ പ്രവാസികളുടെ ഇഖാമ, സന്ദർശക വിസ, ജോലി വിസ എന്നിവയുടെ കാലാവധി നീട്ടി നൽകിയിരുന്നു. ഇതാണ് വീണ്ടും നീട്ടിയത്. ഇതോടെ പെട്ടെന്ന് വിമാന സർവീസ് ഉണ്ടാകില്ലെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. കാലാവധി ദീർഘിപ്പിക്കുന്ന പദ്ധതി ജവാസാത്ത് വിഭാഗം ഓട്ടോമാറ്റികായി നടത്തും.

0 Comments