ലയണൽ മെസി ബാഴ്സലോണ വിട്ടതോടെ താരം അണിഞ്ഞിരുന്ന 10ആം നമ്പർ ജഴ്സി ഇനി ബ്രസീൽ താരം ഫിലിപ്പെ കുട്ടീഞ്ഞോ അണിയുമെന്ന് റിപ്പോർട്ട്.
കഴിഞ്ഞ സീസണിൽ കുട്ടീഞ്ഞോ അണിഞ്ഞിരുന്ന 14ആം നമ്പർ ജഴ്സി ഇക്കുറി യുവതാരം റെയ് മെനാജാണ് അണിയുക. 2018ൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളിൽ നിന്ന് എത്തിച്ച താരം ബാഴ്സക്കായി ഇതുവരെ ഗംഭീര പ്രകടനങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും പരിശീലകൻ റൊണാൾഡ് കൂമൻ്റെ പദ്ധതികളിൽ കുട്ടീഞ്ഞോയ്ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. അതുകൊണ്ട് തന്നെ താരത്തിന് 10ആം നമ്പർ നൽകുമെന്നാണ് റിപ്പോർട്ട്.
അഞ്ച് വർഷത്തെ കരാർ അംഗീകരിച്ച് 50 ശതമാനം വേതന ഇളവും അംഗീകരിച്ചതിനു പിന്നാലെയാണ് നാടകീയമായി മെസി ഇനി ക്ലബിൽ തുടരില്ലെന്ന് ബാഴ്സലോണ വ്യക്തമാക്കിയത്. കരാർ അംഗീകരിച്ചതിനെ തുടർന്ന് അതിൽ സംശയമുണ്ടെന്നും പരിശോധിക്കുമെന്നും ലാ ലിഗ പ്രസിഡൻ്റ് തെബാസ് വ്യക്തമാക്കിയിരുന്നു. ക്ലബിലേക്ക് പുതുതായി സൈൻ ചെയ്ത താരങ്ങളെയൊന്നും കളിക്കാനിറക്കാനാവില്ലെന്ന പ്രതിസന്ധി മുന്നിൽ നിൽക്കവേയാണ് വേതനം കുറച്ച് മെസി കരാർ അംഗീകരിക്കുന്നത്. എന്നാൽ, ഇതെല്ലാം അസ്ഥാനത്താക്കി ലാ ലിഗ ഏർപ്പെടുത്തിയ സാമ്പത്തിക നിയന്ത്രണങ്ങളിൽ കുടുങ്ങി മെസിയും ക്ലബും വേർപിരിയുകയായിരുന്നു.
ബാഴ്സലോണ വിട്ട ലയണൽ മെസി ഫ്രഞ്ച് ക്ലബ് പിഎസ്ജി യുമായി കരാറിലെത്തി. രണ്ട് വർഷത്തേക്കാണ് കരാർ. പ്രതിവർഷം 35 ദശലക്ഷം യൂറോയാണ് പ്രതിഫലം. മെസി 2023വരെയുള്ള പ്രാഥമിക കരാർ പിഎസ്ജിയിൽ ഒപ്പുവെച്ചു. അതിനു ശേഷം ഒരു വർഷത്തേക്ക് കൂടെ കരാർ നീട്ടാനുള്ള വ്യവസ്ഥയും ഉണ്ട്. നെയ്മറിന്റെ സാന്നിദ്ധ്യമാണ് പിഎസ്ജിയിലേക്കുള്ള മെസ്സിയുടെ യാത്ര സുഗമമാകാൻ കാരണം. 30ആം നമ്പർ ജഴ്സിയാണ് മെസി ഫ്രഞ്ച് ക്ലബിൽ അണിയുക. 10ആം നമ്പർ ജഴ്സി വാഗ്ധാനം ചെയ്തിരുന്നെങ്കിലും അത് നിരസിച്ച മെസി 30ആം നമ്പർ തിരഞ്ഞെടുക്കുകയായിരുന്നു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് ലിയോണൽ മെസി ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെൻറ് ജർമനിൽ(പിഎസ്‌ജി) ചേരുന്നതിന് മുന്നോടിയായുള്ള വൈദ്യ പരിശോധനൾക്കായി പാരീസിലെത്തിയത്. പാരീസ് വിമാനത്താവളത്തിലിറങ്ങിയ മെസിയെ വരവേൽക്കാനായി വൻ ആരാധകസംഘമാണ് പുറത്തു തടിച്ചു കൂടിയത്. വിമാനത്താവളത്തിൽ നിന്ന് ദിസ് ഈസ് പാരീസ് എന്ന ടീ ഷർട്ട് ധരിച്ച് ആരാധകർക്ക് നേരെ ചിരിയോടെ കൈവീശുന്ന ചിത്രവും പുറത്തുവന്നു.
0 Comments