എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് രാജ്യം ഒരുങ്ങി. ഞായറാഴ്ച രാവിലെ ഏഴരയോടെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയർത്തും. കേന്ദ്ര മന്ത്രിമാരും വിവിധ സേനാവിഭാഗം മേധാവികളും പങ്കെടുക്കും.
ഭീഷണികളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് തലസ്ഥാന നഗരം. ചെങ്കോട്ട പുറത്തുനിന്നു കാണാൻ കഴിയാത്ത വിധം ഒരാഴ്ചമുമ്പു തന്നെ കൺടെയ്നറുകളും ലോഹപ്പലകയും നിരത്തി മറച്ചിരുന്നു. പുരാതന ഡൽഹിയിലെ കച്ചവടസ്ഥാപനങ്ങളെല്ലാം ശനിയാഴ്ച ഡൽഹി പോലീസ് മുദ്രവെച്ചു.
ചെങ്കോട്ടയ്ക്കു ചുറ്റുമുള്ള ഉയർന്ന കെട്ടിടങ്ങളിൽ എൻ.എസ്.ജി. കമാൻഡോകൾ നിലയുറപ്പിച്ചിട്ടുണ്ട്. ശ്വാനസേനയടക്കമുള്ള വിവിധ സേനാ വിഭാഗങ്ങൾക്കൊപ്പം നിരീക്ഷണക്യാമറകളും ഒരുക്കിയിട്ടുണ്ട്. ചെങ്കോട്ടയിൽ രണ്ടു പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നു. പരിസരങ്ങളിലെ 350 സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങൾ ഓരോ നിമിഷവും നിരീക്ഷിച്ചു വരുന്നു. 5000 പ്രത്യേക സുരക്ഷാഭടന്മാരെയും പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. ആന്റി ഡ്രോൺ സംവിധാനവും ഏർപ്പെടുത്തി. പി.സി.ആർ. വാനുകളും 70 സായുധ വാഹനങ്ങൾ ഒരുക്കിയിട്ടുണ്ട്. യമുനയിൽ പട്രോളിങ് ബോട്ടുകളും റോന്തു ചുറ്റുന്നു. ഏതുതരത്തിലുള്ള ആക്രമണത്തെയും നേരിടാൻ സർവസജ്ജമാണ് സുരക്ഷാസേന. പരിസരത്തെ ഹോട്ടലുകളിലും മറ്റും പോലീസ് പരിശോധന നടത്തി.
പുലർച്ചെ നാലുമുതൽ രാവിലെ പത്തുവരെ ചെങ്കോട്ടയിലേക്കുള്ള റോഡുകളിലൊന്നും വാഹനങ്ങൾക്ക് പ്രവേശനമില്ല.
മഹാമാരി ആഘോഷങ്ങളുടെ നിറം കെടുത്തിയെങ്കിലും ഓരോ ഭാരതീയനും ഇത് ആത്മാഭിമാനത്തിന്റെ നിമിഷമാണ്.
പതിനേഴാം നൂറ്റാണ്ട് മുതൽ യൂറോപ്യൻ വ്യാപാരികൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാലുകുത്താൻ തുടങ്ങി. പതിനെട്ടാം നൂറ്റാണ്ടോടെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി, സൈനിക ശക്തിയിലൂടെ പ്രാദേശിക രാജ്യങ്ങളെ കീഴടക്കി പ്രബലശക്തിയായി മാറി. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനുശേഷം, ഇന്ത്യാ ഗവൺമെന്റ് ആക്റ്റ് 1858 അനുസരിച്ച്, ബ്രിട്ടീഷ് രാജഭരണകൂടം ഇന്ത്യയുടെ മേൽ നേരിട്ടുള്ള നിയന്ത്രണം ഏറ്റെടുത്തു. 1885ൽ രൂപവത്കരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി, ഇന്ത്യയിലുടനീളം ഉയർന്നുവന്നു. പിന്നീട് രാജ്യവ്യാപകമായി നിസ്സഹകരണ പ്രസ്ഥാനങ്ങൾക്കും മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അഹിംസാ മാർഗങ്ങളും ആരംഭിച്ചു. ഇതിന് പിന്നാലെ 1947ൽ ഓഗസ്റ്റ് 15 അർധരാത്രി ഇന്ത്യ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചു.
വെള്ളക്കാരന്റെ അധിനിവേശത്തിനെതിരെ ചോരചിന്തി പോരാടിയത് ആയിരങ്ങളാണ്… ഭഗത് സിംഗ്, സരോജിനി നോയിഡു, സുഭാഷ് ചന്ദ്രബോസ്, ഝാൻസി റാണി, അക്കാമ്മ ചെറിയാൻ, എ.നാരായണപിള്ള, മഹാത്മ അയ്യങ്കാളി, കേരള ഝാൻസി റാണിയെന്ന ആനി മസ്‌ക്രീൻ, പട്ടം താണുപിള്ള ,സി.കേശവൻ,ടി.എം.വർഗീസ് തുടങ്ങിയവർക്ക് പുറമെ സ്വാതന്ത്ര്യ പോരാട്ടത്തിൽ അണിനിരന്ന പേരോ, മുഖമോ ഇല്ലാത്തവർ, സ്വാതന്ത്ര്യ സമരഭൂവിലെ സാധാരണക്കാർ, രക്തസാക്ഷികൾ…സ്വതന്ത്ര്യ ഇന്ത്യയിൽ കാലുറപ്പിച്ച് നിൽക്കുമ്പോൾ ഇവരെ ഓർക്കാതെ ഈ ദിനം കടന്നുപോകരുത്.
0 Comments