Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വർത്തകൾ

🇸🇦കൊവിഡ്: സൗദിയില്‍ ഇന്ന് 321 പേര്‍ക്ക് രോഗവും 549 പേര്‍ക്ക് രോഗമുക്തിയും.

🇦🇪കെട്ടിടത്തില്‍ കുടുങ്ങിയ ഗര്‍ഭിണിയായ പൂച്ചയ്ക്ക് രക്ഷകരായി പ്രവാസികള്‍; അഭിനന്ദിച്ച് ദുബൈ ഭരണാധികാരി.

🇦🇪യുഎഇയില്‍ കൊവിഡ് കേസുകള്‍ കുറയുന്നു, ഇന്ന് 983 പുതിയ രോഗികള്‍.

🇴🇲ഒമാനില്‍ 113 പേര്‍ക്ക് കൂടി കൊവിഡ്, നാല് മരണം.

🇦🇪ഷാര്‍ജയില്‍ കുട്ടികള്‍ക്കും ഇ-സ്‍കൂട്ടറുകള്‍ ഓടിക്കാന്‍ അനുമതി.

🇶🇦ഖത്തറില്‍ ചില വിഭാഗങ്ങള്‍ക്ക് വിസ നല്‍കുന്നത് നിയന്ത്രിക്കാന്‍ മന്ത്രിസഭാ തീരുമാനം.

🇦🇪അബൂദബിയിലേക്ക് യാത്ര ചെയ്യുന്നവര്‍ 5 ദിവസം മുമ്പ് ഐസിഎയില്‍ രജിസ്റ്റര്‍ ചെയ്യണം.

🇶🇦ഇന്ത്യക്കാര്‍ക്ക് രണ്ട് ദിവസത്തെ ക്വാറന്റീന്‍ ഇനി മുകൈനിസിലും ബുക്ക് ചെയ്യാം.

🇧🇭ബഹ്‌റൈൻ: വിദേശത്ത് നിന്നെത്തുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിൽ ഓഗസ്റ്റ് 29 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചു.

🇸🇦സൗദി: വാക്സിനെടുത്തിട്ടുള്ള പ്രവാസികൾക്ക് ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് നിബന്ധനകളോടെ നേരിട്ട് പ്രവേശിക്കുന്നതിന് അനുമതി.

🇴🇲രാജ്യത്തേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടുള്ള യാത്രാ നിബന്ധനകൾ സംബന്ധിച്ച് ഒമാൻ എയർപോർട്ട്സ് അറിയിപ്പ് പുറത്തിറക്കി.

🇦🇪യു എ ഇ: അഞ്ച് വിഭാഗങ്ങളിൽപ്പെട്ട നിവാസികൾക്ക് മുൻ‌കൂർ ബുക്കിംഗ് കൂടാതെ COVID-19 വാക്സിൻ ലഭ്യമാണെന്ന് ICA.

🇰🇼റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് വിമാനസര്‍വീസ്; കുവൈത്ത് വ്യോമയാന വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.


വാർത്തകൾ വിശദമായി

🇸🇦കൊവിഡ്: സൗദിയില്‍ ഇന്ന് 321 പേര്‍ക്ക് രോഗവും 549 പേര്‍ക്ക് രോഗമുക്തിയും.

✒️സൗദി അറേബ്യയില്‍ ഇന്ന് പുതുതായി 321 പേര്‍ക്ക് കൊവിഡ് ബാധിച്ചെന്നും നിലവിലുള്ള രോഗബാധിതരില്‍ 549 പേര്‍ സുഖം പ്രാപിച്ചെന്നും സൗദി ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ എട്ട് മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് ഇന്ന് 67,929 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു. 

ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,43,028 ആയി. ഇതില്‍ 5,30,382 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,505 ആണ്. നിലവില്‍ രോഗബാധിതരായി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 4,141 ആയി കുറഞ്ഞു. ഇതില്‍ 1,083 പേര്‍ മാത്രമാണ് ആശുപത്രികളില്‍ തീവ്രപരിചരണത്തില്‍ കഴിയുന്നത്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 74, മക്ക 57, കിഴക്കന്‍ പ്രവിശ്യ 32, അല്‍ഖസീം 32, അസീര്‍ 26, ജീസാന്‍ 25, മദീന 20, നജ്‌റാന്‍ 16, തബൂക്ക് 10, വടക്കന്‍ അതിര്‍ത്തി മേഖല 8, ഹായില്‍ 8, അല്‍ജൗഫ് 7, അല്‍ബാഹ 6. കോവിഡിനെതിരായ പ്രതിരോധ കുത്തിവെയ്പ്പ് 34,827,288 ഡോസ് ആയി ഉയര്‍ന്നു.

🇦🇪കെട്ടിടത്തില്‍ കുടുങ്ങിയ ഗര്‍ഭിണിയായ പൂച്ചയ്ക്ക് രക്ഷകരായി പ്രവാസികള്‍; അഭിനന്ദിച്ച് ദുബൈ ഭരണാധികാരി.

✒️ദുബൈയില്‍ കെട്ടിടത്തില്‍ കുടുങ്ങിയ ഗര്‍ഭിണിയായ പൂച്ചയെ രക്ഷപ്പെടുത്തിയ പ്രവാസികളെ അഭിനന്ദിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. പൂച്ചയെ രക്ഷിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഈ വീഡിയോ ശൈഖ് മുഹമ്മദ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു. മനോഹരമായ നമ്മുടെ നഗരത്തിലെ ഇത്തരം ദയാപരമായ പ്രവൃത്തിയില്‍ അഭിമാനവും സന്തോഷവും ഉണ്ടെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 'അറിയപ്പെടാത്ത ഈ ഹീറോകളെ തിരിച്ചറിയുന്നവര്‍ നന്ദി പറയാന്‍ സഹായിക്കൂ' എന്ന് അദ്ദേഹം ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു. 

മൊറോക്കല്‍ സ്വദേശിയായ വാച്ച്മാന്‍ അഷ്‌റഫ്, പാകിസ്ഥാനി സെയില്‍സ്മാന്‍ ആടിഫ് മെഹ്മൂദ്, ആര്‍ ടി എയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ഡ്രൈവര്‍ നാസര്‍ എന്നിവരാണ് പൂച്ചയെ രക്ഷപ്പെടുത്തിയ ആ അറിയപ്പെടാത്ത ഹീറോകള്‍ എന്ന് 'ഖലീജ് ടൈംസ്' പിന്നീട് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ സംഭവത്തിന് മുമ്പ് മൂവര്‍ക്കും പരസ്പരം അറിയില്ലായിരുന്നു. പൂച്ചയെ രക്ഷപ്പെടുത്താനായി സമയോചിതമായി ഇവര്‍ പ്രവര്‍ത്തിക്കുകയായിരുന്നു.

https://twitter.com/HHShkMohd/status/1430229698706034695?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1430229698706034695%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FHHShkMohd%2Fstatus%2F1430229698706034695%3Fref_src%3Dtwsrc5Etfw

🇦🇪യുഎഇയില്‍ കൊവിഡ് കേസുകള്‍ കുറയുന്നു, ഇന്ന് 983 പുതിയ രോഗികള്‍.

✒️യുഎഇയില്‍ പ്രതിദിന കൊവിഡ് കണക്ക് ആയിരത്തില്‍ താഴെയെത്തി. 983 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,583 പേര്‍ സുഖം പ്രാപിക്കുകയും രണ്ട് പേര്‍ മരണപ്പെടുകയും ചെയ്തു. 

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,12,411 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,95,843 പേര്‍ രോഗമുക്തരാവുകയും 2,028 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 14,540 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

🇴🇲ഒമാനില്‍ 113 പേര്‍ക്ക് കൂടി കൊവിഡ്, നാല് മരണം.

✒️ഒമാനില്‍ 113 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 182 പേര്‍ രോഗമുക്തരായി. നാല്കൊവിഡ് മരണങ്ങളാണ് പുതിയതായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,01,683 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 2,90,813 പേര്‍ ഇതിനോടകം രോഗമുക്തരായി. 96.4 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. ആകെ 4,047 പേര്‍ക്ക് ഒമാനില്‍ കൊവിഡ് കാരണം ജീവന്‍ നഷ്ടമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 12 പേരെ മാത്രമാണ് കൊവിഡ് ബാധിതരായി രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ ഉള്‍പ്പെടെ 150 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. ഇവരില്‍ 67 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

🇦🇪ഷാര്‍ജയില്‍ കുട്ടികള്‍ക്കും ഇ-സ്‍കൂട്ടറുകള്‍ ഓടിക്കാന്‍ അനുമതി.

✒️14 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും ഷാര്‍ജയില്‍ ഇ-സ്‍കൂട്ടറുകള്‍ ഓടിക്കാന്‍ അനുമതി നല്‍കി. ഹെല്‍മറ്റ് ധരിക്കുകയും മുന്നിലെയും പിന്നിലെയും ലൈറ്റുകള്‍ ഓണ്‍ ചെയ്യുകയും വേണം. പ്രത്യേക ലേനുകളിലൂടെ മാത്രമേ ഇ-സ്‍കൂട്ടറുകള്‍ ഓടിക്കാവൂ എന്നും നിര്‍ദിഷ്‍ട സ്ഥലങ്ങളില്‍ മാത്രമേ അവ പാര്‍ക്ക് ചെയ്യാവൂ എന്നും അറിയിച്ചിട്ടുണ്ട്. 

ഇ-സ്‍കൂട്ടറുകള്‍ ഓടിക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് അവബോധം പകരണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. കാറുകള്‍ക്കായുള്ള പൊതു നിരത്തുകളിലൂടെ ഓടിക്കുന്നത് കാരണമാണ് ഇ-സ്‍കൂട്ടര്‍ അപകടങ്ങളില്‍ ഭൂരിഭാഗവും സംഭവിക്കുന്നതെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

🇶🇦ഖത്തറില്‍ ചില വിഭാഗങ്ങള്‍ക്ക് വിസ നല്‍കുന്നത് നിയന്ത്രിക്കാന്‍ മന്ത്രിസഭാ തീരുമാനം.

✒️ഖത്തറില്‍ ചില വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് എന്‍ട്രി വിസയും റെസിഡന്‍സ് പെര്‍മിറ്റും നല്‍കുന്നത് നിയന്ത്രിക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഖത്തര്‍ വിദേശകാര്യ മന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ ആല്‍ഥാനി അവതരിപ്പിച്ച കരട് തീരുമാനം മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.

2012ലെ നാലാം നമ്പര്‍ നിയമത്തിന് പകരം 2015ലെ 21ാം നമ്പര്‍ നിയമപ്രകാരം ഖത്തറിലേക്കുള്ള പ്രവാസികളുടെ എന്‍ട്രി, എക്‌സിറ്റ്, റെസിഡന്‍സ് എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനാണ് തീരുമാനം. എന്നാല്‍, ഏതൊക്കെ വിഭാഗങ്ങള്‍ക്കാണ് വിസാ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് എന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

2015ലെ 21ാം നമ്പര്‍ നിയമം
രാജ്യത്തേക്കുള്ള പ്രവാസികളുടെ എന്‍ട്രി, എക്‌സിറ്റ്, റസിഡന്‍സി എന്നിയ നിയന്ത്രിക്കുന്നതിനുള്ള വിശദാംശങ്ങള്‍ അടങ്ങിയ നിയമമാണിത്. 2016 ഡിസംബര്‍ 13ന് ആണ് ഇത് നിലവില്‍ വന്നത്. ജോലി മാറുന്നതിനുള്ള സ്വാതന്ത്ര്യം, കോണ്‍ട്രാക്ട് മാറ്റുന്നതിനുള്ള പുതിയ നടപടികള്‍, സുതാര്യത, പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കുന്നത് തടയുന്നതിനുള്ള നടപടികള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ നിയമത്തിന് അനുസൃതമായ രീതിയിലാണ് പുതിയ വിസാ നിയന്ത്രണം എന്നാണ് മന്ത്രിസഭാ തീരുമാനത്തില്‍ പറയുന്നത്.

രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ ആരോഗ്യ മന്ത്രി അവതരിപ്പിച്ചു. നിലവിലുള്ള കോവിഡ് മുന്‍കരുതല്‍ നടപടികള്‍ തുടരാനും യോഗത്തില്‍ തീരുമാനമായി.

🇦🇪അബൂദബിയിലേക്ക് യാത്ര ചെയ്യുന്നവര്‍ 5 ദിവസം മുമ്പ് ഐസിഎയില്‍ രജിസ്റ്റര്‍ ചെയ്യണം.

✒️അബൂദബിയിലേക്കു യാത്ര ചെയ്യുന്നവര്‍ ആഗസ്ത് 27 മുതല്‍ അഞ്ച് ദിവസം മുമ്പ് ഐസിഎ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഇത്തിഹാദ് എയര്‍വേസ്. ആഗസ്ത് 27നോ അതിന് മുമ്പോ യാത്ര ചെയ്യന്നവര്‍ എത്രയും പെട്ടെന്ന് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണമെന്നും ഇത്തിഹാദ് അറിയിച്ചു.

യാത്രക്കാര്‍ ഐസിഎ സ്മാര്‍ട്ട് ട്രാവല്‍ സര്‍വീസ് വഴി രജിസ്റ്റര്‍ ചെയ്യുകയും യാത്രയ്ക്ക് മുമ്പ് കോവിഡ്-19 പിസിആര്‍ പരിശോധന നടത്തുകയും വേണം. പൂര്‍ണമായും വാക്‌സിനെടുക്കുകയും അല്‍ ഹുസ്ന്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉണ്ടായിരിക്കുകയും വേണം.

അല്‍ ഹുസ്ന്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ലഭിക്കാന്‍ താഴെ പറയുന്ന നിബന്ധനകള്‍ പാലിക്കണം

1. ഐസിഎ ആപ്പിലോ ica.gov.ae വെബ്‌സൈറ്റിലോ യാത്രയുടെ അഞ്ച് ദിവസം മുമ്പ് രജിസ്റ്റര്‍ ചെയ്യണം.
2. അബൂദബിയില്‍ ഇറങ്ങിയാല്‍ ഒരു യുഐഡി നമ്പര്‍ ലഭിക്കും. ica.gov.ae വെബ്‌സൈറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ നല്‍കിയാലും ഈ നമ്പര്‍ കാണാം
3. ഇമിഗ്രേഷനില്‍ നിന്ന് നല്‍കുന്ന യുഐഡി നമ്പര്‍ ഉപയോഗിച്ച് അല്‍ ഹുസ്ന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുക
4. കോവിഡ് നെഗറ്റീവ് ടെസ്റ്റ് ഫലം ലഭിക്കുന്നതോടെ അല്‍ ഹുസ്ന്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് കിട്ടും. ഇത് കാണിച്ച് ഹോട്ടലുകള്‍, റസ്‌റ്റൊറന്റുകള്‍, മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങി അബൂദബിയിലെ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാം.

ഇന്ത്യ ഉള്‍പ്പെടെയുള്ള ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് അബൂദബി താല്‍ക്കാലികമായി ഓണ്‍ അറൈവല്‍ സംവിധാനം നിര്‍ത്തലാക്കിയിട്ടുണ്ട്.

🇶🇦ഇന്ത്യക്കാര്‍ക്ക് രണ്ട് ദിവസത്തെ ക്വാറന്റീന്‍ ഇനി മുകൈനിസിലും ബുക്ക് ചെയ്യാം.

✒️ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യക്കാര്‍ക്ക് രണ്ട് ദിവസത്തെ ക്വാറന്റീന്‍ ഇനി മുകൈനിസിലും ബുക്ക് ചെയ്യാം. നിലവില്‍ ഇന്ത്യ, പാകിസ്താന്‍, നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്ന ഖത്തറില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്ക് രണ്ട് ദിവസത്തെ ക്വാറന്റീന് ഹോട്ടല്‍ ബുക്കിങ് മാത്രമാണ് അനുവദിച്ചിരുന്നത്. വാക്‌സിനെടുക്കാത്തവര്‍ക്കും ഖത്തറിന് പുറത്ത് നിന്ന് വാക്‌സിനെടുത്തവര്‍ക്കുമുള്ള 10 ദിവസത്തെ ബുക്കിങ് മാത്രമാണ് ചെലവ് കുറഞ്ഞ മുകൈനിസ് അനുവദിച്ചിരുന്നത്.

രണ്ട് ദിവസത്തെ ഹോട്ടല്‍ ബുക്കിങിന് 1000 റിയാലിന് മുകളിലാണ് നിലവില്‍ ചാര്‍ജ്. എന്നാല്‍, മുകൈനിസില്‍ 506 റിയാലിന് 2 ദിവസത്തെ ക്വാറന്റീന്‍ ലഭ്യമാണ്. സാധാരണക്കാരായ പ്രവാസികളെ സംബന്ധിച്ചിടത്തോളം ആശ്വാസം പകരുന്നതാണ് ഈ തീരുമാനം.

🇧🇭ബഹ്‌റൈൻ: വിദേശത്ത് നിന്നെത്തുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിൽ ഓഗസ്റ്റ് 29 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചു.

✒️2021 ഓഗസ്റ്റ് 29, ഞായറാഴ്ച്ച മുതൽ വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു. രാജ്യത്തെ COVID-19 പ്രതിരോധത്തിന്റെ ചുമതലയുള്ള നാഷണൽ ടാസ്‌ക്‌ഫോഴ്‌സിന്റെ നിർദ്ദേശങ്ങൾ പ്രകാരമാണ് ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലൂടെ പ്രവേശിക്കുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നത്.

സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ഈ തീരുമാനം സംബന്ധിച്ചുള്ള അറിയിപ്പ് ഓഗസ്റ്റ് 24-ന് രാത്രിയാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം പങ്ക് വെച്ചത്. ഈ അറിയിപ്പ് പ്രകാരം, 2021 ഓഗസ്റ്റ് 29 മുതൽ താഴെ പറയുന്ന മാറ്റങ്ങളാണ് പ്രവേശന മാനദണ്ഡങ്ങളിൽ വരുത്തുന്നത്:

വിസ ഓൺ അറൈവൽ അർഹതയുള്ള രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക്, അവർ ഇത്തരം രാജ്യങ്ങളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള COVID-19 വാക്സിനേഷൻ കുത്തിവെപ്പിന്റെ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് കൊണ്ട് ബഹ്റൈനിലേക്ക് പ്രവേശിക്കാവുന്നതാണ്.
മുഴുവൻ യാത്രികർക്കും ബഹ്‌റൈനിലെത്തിയ ശേഷം അഞ്ചാം ദിനത്തിൽ ഒരു അധിക PCR പരിശോധന ഏർപ്പെടുത്തുന്നതാണ്.
മറ്റു യാത്രാ നിബന്ധനകളെല്ലാം മാറ്റങ്ങളില്ലാതെ തുടരുന്നതാണ്.
ഈ പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ, ഓഗസ്റ്റ് 29 മുതൽ ബഹ്‌റൈനിലെത്തുന്ന മുഴുവൻ പേർക്കും ബഹ്‌റൈനിലെ വിമാനത്താവളത്തിൽ വെച്ചും, അഞ്ചാം ദിനത്തിലും, പത്താം ദിനത്തിലും PCR പരിശോധന നടത്തുന്നതാണ്.

2021 ജൂൺ 25-ന് പ്രാബല്യത്തിൽ വന്നിട്ടുള്ള യാത്രാ നിബന്ധനകൾ പ്രകാരം, ഇന്ത്യ ഉൾപ്പടെയുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് ബഹ്‌റൈൻ പൗരന്മാർ, സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർ എന്നീ വിഭാഗങ്ങൾക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർ 10 ദിവസത്തേക്ക് ക്വാറന്റീനിൽ തുടരേണ്ടതാണ്.

🇸🇦സൗദി: വാക്സിനെടുത്തിട്ടുള്ള പ്രവാസികൾക്ക് ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് നിബന്ധനകളോടെ നേരിട്ട് പ്രവേശിക്കുന്നതിന് അനുമതി.

✒️സൗദിയിലേക്ക് പ്രവേശിക്കുന്നതിന് യാത്രാ വിലക്കുകൾ നിലനിൽക്കുന്ന ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് നിബന്ധനകളോടെ നേരിട്ട് പ്രവേശിക്കുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് ഓഗസ്റ്റ് 24-ന് വൈകീട്ടാണ് സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയത്.

ഈ അറിയിപ്പ് പ്രകാരം, സൗദിയിൽ നിന്ന് COVID-19 വാക്സിൻ രണ്ട് ഡോസുകളും സ്വീകരിച്ച ശേഷം സ്വന്തം നാടുകളിലേക്ക് യാത്ര ചെയ്തിട്ടുള്ള റെസിഡൻസി വിസക്കാർക്കാണ് സൗദിയിലേക്ക് നേരിട്ട് യാത്ര ചെയ്യുന്നതിന് അനുമതി നൽകിയിരിക്കുന്നത്. ഇന്ത്യ, പാകിസ്ഥാൻ, ഇന്തോനേഷ്യ, ഈജിപ്ത്, തുർക്കി, അർജന്റീന, ബ്രസീൽ, സൗത്ത് ആഫ്രിക്ക, യു എ ഇ, എത്യോപ്യ, വിയറ്റ്നാം, അഫ്ഘാനിസ്ഥാൻ, ലെബനൻ എന്നീ രാജ്യങ്ങളിൽ നിന്നാണ് സൗദിയിലേക്ക് നേരിട്ടുള്ള യാത്രാ വിലക്കുകൾ നിലനിൽക്കുന്നത്.

സൗദി പൗരന്മാർ, നയതന്ത്ര പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയ വിഭാഗങ്ങൾക്ക് മാത്രമാണ് യാത്രാ വിലക്കുകളുള്ള രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് പ്രവേശനം നൽകിയിരുന്നത്. മറ്റുള്ള മുഴുവൻ യാത്രികർക്കും യാത്രാ വിലക്കില്ലാത്ത ഒരു രാജ്യത്ത് 14 ദിവസത്തെ ക്വാറന്റീനിനു ശേഷം മാത്രമാണ് സൗദിയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകിയിരുന്നത്.

ഈ പുതിയ തീരുമാനത്തോടെ സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്ത ശേഷം എക്സിറ്റ് ആൻഡ് റീ-എൻട്രി വിസകളിൽ മടങ്ങിയിട്ടുള്ള സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്ന് നേരിട്ട് സൗദിയിലേക്ക് യാത്ര ചെയ്യാൻ അവസരം ലഭിക്കുന്നതാണ്.

താഴെ പറയുന്ന നിബന്ധനകൾ പ്രകാരമാണ് ഈ പ്രവേശനം അനുവദിക്കുന്നത്:
സാധുതയുള്ള റെസിഡൻസി പെർമിറ്റുകളുള്ള പ്രവാസികൾക്കാണ് ഈ അനുമതി.
ഇവർ സൗദിയിൽ നിന്ന് COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചവരായിരിക്കണം.
അതിന് ശേഷം എക്സിറ്റ് ആൻഡ് റീ-എൻട്രി വിസകളിൽ സൗദിയിൽ നിന്ന് മടങ്ങിയവർക്ക് മാത്രമാണ് ഈ തീരുമാന പ്രകാരം നേരിട്ട് പ്രവേശനം നൽകുന്നത്.

സൗദിയിലെ ഇന്ത്യൻ എംബസിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മേൽപ്പറഞ്ഞ വിഭാഗങ്ങളിൽപ്പെടുന്ന പ്രവാസികൾക്ക് ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാൻ അനുമതി ലഭിക്കുമെന്നും, സൗദിയിലേക്ക് പ്രവേശിക്കുന്നതിന് ഇവർക്ക് മൂന്നാമതൊരു രാജ്യത്ത് ക്വാറന്റീൻ ആവശ്യമില്ലെന്നും എംബസി അറിയിച്ചു. ഈ തീരുമാനം നടപ്പിലാക്കുന്നതിന്റ നടപടിക്രമങ്ങൾ സൗദി വിദേശകാര്യ മന്ത്രാലയം താമസിയാതെ അറിയിക്കുമെന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്.

🇴🇲രാജ്യത്തേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടുള്ള യാത്രാ നിബന്ധനകൾ സംബന്ധിച്ച് ഒമാൻ എയർപോർട്ട്സ് അറിയിപ്പ് പുറത്തിറക്കി.

✒️രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കേർപ്പെടുത്തിയിട്ടുള്ള പുതുക്കിയ യാത്രാ നിബന്ധനകൾ സംബന്ധിച്ച് ഒമാൻ എയർപോർട്ട്സ് അറിയിപ്പ് പുറത്തിറക്കി. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്കേർപ്പെടുത്തിയിരുന്ന പ്രവേശന വിലക്കുകൾ 2021 സെപ്റ്റംബർ 1 മുതൽ പിൻവലിക്കാനുള്ള ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (CAA) തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഒമാൻ എയർപോർട്ട്സ് ഈ അറിയിപ്പ് പുറത്തിറക്കിയത്.

https://www.omanairports.co.om/news/update-on-travel-restrictions-related-to-covid-19/ എന്ന വിലാസത്തിൽ ഈ പുതുക്കിയ യാത്രാ നിബന്ധനകൾ ലഭ്യമാണ്. ഒമാൻ എയർപോർട്ട്സ് നൽകിയിട്ടുള്ള ഈ അറിയിപ്പ് അനുസരിച്ച്, 2021 സെപ്റ്റംബർ 1 ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 മണി മുതൽ താഴെ പറയുന്ന നിബന്ധനകൾ ഒമാനിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് പ്രാബല്യത്തിൽ വരുന്നതാണ്:

ഒമാനിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്ന റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക റദ്ദ് ചെയ്യാൻ തീരുമാനിച്ചു. ഇതോടെ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് മുതലായ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് പ്രത്യേക മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഒമാനിലേക്ക് യാത്ര ചെയ്യാവുന്നതാണ്.
ഒമാൻ പൗരന്മാർ, ഒമാൻ റെസിഡൻസി വിസകളുള്ളവർ, ഒമാൻ അനുവദിച്ചിട്ടുള്ള മറ്റു സാധുതയുള്ള വിസകളുള്ളവർ, വിസ ഓൺ അറൈവൽ സേവനത്തിന് അർഹതയുള്ളവർ, ഒമാനിലേക്ക് യാത്ര ചെയ്യുന്നതിന് വിസ ആവശ്യമില്ലാത്തവർ എന്നീ വിഭാഗങ്ങൾക്ക് COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് ഒമാനിലേക്ക് പ്രവേശനം നൽകുന്നതാണ്. ഇതിനായി പ്രത്യേക മുൻ‌കൂർ അനുമതികൾ ആവശ്യമില്ലെന്നും ഒമാൻ എയർപോർട്ട്സ് അറിയിച്ചിട്ടുണ്ട്.
ഒമാനിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികരും ഒമാൻ അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിന്റെ മുഴുവൻ ഡോസ് കുത്തിവെപ്പുകളും സ്വീകരിച്ചിരിക്കണം. രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് (ഒമാൻ അംഗീകരിച്ചിട്ടുള്ള ഒറ്റ ഡോസ് വാക്സിൻ ആണെങ്കിൽ അതിന്റെ ഒരു ഡോസ് കുത്തിവെപ്പ്) 14 ദിവസം പൂർത്തിയാക്കിയ യാത്രികർക്കാണ് പ്രവേശനാനുമതി. ഇവർ ഇത്തരത്തിൽ ഒമാൻ അംഗീകരിച്ചിട്ടുള്ള വാക്സിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചതിന്റെ തെളിവായി വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. ആധികാരികത തെളിയിക്കുന്നതിനായി, ഇപ്രകാരം ഹാജരാക്കുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ QR കോഡ് നിർബന്ധമാണ്.
ഒമാനിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, യാത്ര തിരിക്കുന്ന രാജ്യത്ത് നിന്നെടുത്ത COVID-19 PCR നെഗറ്റീവ് റിസൾട്ടുമായെത്തുന്നവർക്ക് ഒമാനിലെത്തിയ ശേഷമുള്ള ക്വാറന്റീൻ ഒഴിവാക്കി നൽകുന്നതാണ്. ഒമാനിലേക്കുള്ള വിമാനയാത്രയ്ക്ക് എട്ട് മണിക്കൂറിലധികം വേണ്ടി വരുന്ന രാജ്യങ്ങളിൽ നിന്നുള്ള യാത്രികർ യാത്ര പുറപ്പെടുന്നതിന് മുൻപ്, 96 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്. വിമാനയാത്രയ്ക്ക് എട്ട് മണിക്കൂറിൽ താഴെ മാത്രം വേണ്ടിവരുന്ന രാജ്യങ്ങളിൽ നിന്നുള്ളവർ യാത്ര പുറപ്പെടുന്നതിന് മുൻപ്, 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്.
COVID-19 PCR നെഗറ്റീവ് റിസൾട്ട് ഇല്ലാതെ ഒമാനിലെത്തുന്നവർക്ക് വിമാനത്താവളത്തിൽ നിന്ന് PCR ടെസ്റ്റ് നടത്തുന്നതാണ്. ഇവർ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നത് വരെ നിർബന്ധിത ക്വാറന്റീനിൽ തുടരേണ്ടതാണ്. ഈ കാലയളവിൽ ഇവർ കൈകളിൽ ട്രാക്കിംഗ് ഉപകരണം ധരിക്കേണ്ടതാണ്. ഈ പരിശോധനയിൽ പോസിറ്റീവ് ആകുന്നവർക്ക് 10 ദിവസത്തെ ഐസൊലേഷൻ നിർബന്ധമാണ്.
ഒമാനിലേക്ക് യാത്ര ചെയ്യുന്ന മുഴുവൻ യാത്രികരും യാത്ര പുറപ്പെടുന്നതിന് മുൻപ് Tarassud+ സംവിധാനത്തിൽ നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം. ഇതിന് ശേഷം യാത്രികർ തങ്ങളുടെ വാകിസിനേഷൻ സർട്ടിഫിക്കറ്റ്, PCR റിസൾട്ട് എന്നിവ ഈ സംവിധാനത്തിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഒമാനിലെത്തിയ ശേഷം PCR ടെസ്റ്റ് നടത്താൻ തീരുമാനിക്കുന്നവർ ഇതിനുള്ള ഫീ Tarassud+ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്ന അവസരത്തിൽ നൽകേണ്ടതാണ്.
18 വയസിന് താഴെ പ്രായമുള്ള യാത്രികർക്കും, ആരോഗ്യ കാരണങ്ങളാൽ വാക്സിനെടുക്കാൻ കഴിയാത്തവർക്കും (ഇത് തെളിയിക്കുന്നതിനുള്ള മെഡിക്കൽ രേഖകൾ ഹാജരാക്കേണ്ടതാണ്) വാക്സിനേഷൻ നിബന്ധനകൾ, PCR പരിശോധന എന്നിവ ഒഴിവാക്കിയിട്ടുണ്ട്.
*🅁🄴🄰🄻 🄼🄴🄳🄸🄰 🄻🄸🅅🄴*🛫

🇦🇪യു എ ഇ: അഞ്ച് വിഭാഗങ്ങളിൽപ്പെട്ട നിവാസികൾക്ക് മുൻ‌കൂർ ബുക്കിംഗ് കൂടാതെ COVID-19 വാക്സിൻ ലഭ്യമാണെന്ന് ICA.

✒️രാജ്യത്തെ ഏതാനം വിഭാഗങ്ങളിൽപ്പെടുന്ന നിവാസികൾക്ക് COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കുന്നതിന് മുൻ‌കൂർ ബുക്കിംഗ് ആവശ്യമില്ലെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) അറിയിച്ചു. ഇവർക്ക് മുൻ‌കൂർ ബുക്കിംഗ് ഇല്ലാതെ തന്നെ യു എ ഇയിലെ ഒട്ടുമിക്ക വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നും, ക്ലിനിക്കുകളിൽ നിന്നും വാക്സിൻ ലഭ്യമാണെന്നും ICA കൂട്ടിച്ചേർത്തു.

താഴെ പറയുന്ന വിഭാഗങ്ങൾക്ക് COVID-19 വാക്സിനെടുക്കുന്നതിന് മുൻ‌കൂർ ബുക്കിംഗ് ആവശ്യമില്ലെന്നാണ് ICA അറിയിച്ചിരിക്കുന്നത്:

യു എ ഇ പൗരന്മാർ, അവരുടെ ഗാർഹിക ജീവനക്കാർ.
മുതിർന്ന പൗരന്മാർക്കും, 60-ന് മുകളിൽ പ്രായമുള്ള പ്രവാസികൾക്കും.
ശാരീരിക വൈകല്യങ്ങളുള്ളവർ.
വിട്ടുമാറാത്ത അസുഖങ്ങളുള്ളവർ.
ആരോഗ്യ കേന്ദ്രങ്ങളിലെയും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ജീവനക്കാർ.

🇰🇼റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് വിമാനസര്‍വീസ്; കുവൈത്ത് വ്യോമയാന വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.

✒️റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് എയര്‍ലൈന്‍സുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശം കുവൈത്ത് വ്യോമയാന വകുപ്പ് പുറത്തിറക്കി. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഈ ആഴ്ച തന്നെ സര്‍വീസ് ആരംഭിക്കുമെന്നാണ് സൂചന. മന്ത്രിസഭാ അനുമതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളില്‍നിന്ന് നേരിട്ട് കുവൈത്തിലേക്ക് വിമാന സര്‍വീസിന് അനുമതി നല്‍കിയതായി കാണിച്ചാണ് വ്യോമയാന വകുപ്പ് വിമാനക്കമ്പനികള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയത്. ഇതോടൊപ്പം യാത്രക്കാര്‍ക്കുള്ള നിബന്ധനകളും നടപടിക്രമങ്ങളും വിശദീകരിക്കുന്നുമുണ്ട്.

അനുമതി നല്‍കിക്കൊണ്ട് നേരത്തെ മന്ത്രിസഭ പ്രഖ്യാപനം വന്നിരുന്നെങ്കിലും വ്യോമയാന വകുപ്പിന്റെ സര്‍ക്കുലര്‍ ഇറങ്ങാത്തതിനാല്‍ വിമാനക്കമ്പനികള്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് വിജ്ഞാപനം ഇറങ്ങിയതോടെ അടുത്ത ദിവസം തന്നെ സര്‍വീസുകള്‍ ആരംഭിച്ചേക്കുമെന്നാണ് വിവരം. ഇന്നുമുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഡി.ജി.സി.എ വ്യക്തമായി പറഞ്ഞിട്ടില്ല. അതേസമയം വ്യാഴാഴ്ചമുതല്‍ ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍ ആരംഭിക്കുമെന്നു അല്‍ റായി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. കൊറോണ എമര്‍ജന്‍സി കമ്മിറ്റി നിശ്ചയിച്ച വ്യവസ്ഥകള്‍ക്ക് അനുസൃതമായാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള ആറു രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പ്രവേശനം അനുവദിക്കുക കുവൈത്ത് അംഗീകരിച്ച ഫൈസര്‍, ആസ്ട്രസെനക/കോവിഷീല്‍ഡ്, മോഡേണ, ജോണ്‍സന്‍ & ജോണ്‍സണ്‍ (ഒറ്റഡോസ്) വാക്‌സിനുകളിലൊന്ന് സ്വീകരിച്ചവര്‍ക്കാണ് പ്രവേശനം. കുവൈത്ത് അംഗീകരിച്ചിട്ടില്ലാത്ത സിനോഫാം, സ്പുട്‌നിക്, സിനോവാക് വാക്‌സിന്‍ എടുത്തവര്‍ കുവൈത്ത് അംഗീകരിച്ച വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസായി എടുത്താലും പ്രവേശനം അനുവദിക്കും. 72 മണിക്കൂറിനുള്ളില്‍ എടുത്ത പി.സി.ആര്‍ നെഗറ്റിവ് റിപ്പോര്‍ട്ട്, ഏഴു ദിവസത്തെ ഗാര്‍ഹിക നിരീക്ഷണം, ശ്ലോനിക് ആപ്പ് രജിസ്‌ട്രേഷന്‍ എന്നിവയും നിര്‍ബന്ധമാണ്.

Post a Comment

0 Comments