🇦🇪യുഎഇയില്‍ കൊവിഡ് രോഗികള്‍ കുറയുന്നു; ഏറ്റവും മോശം സമയം അവസാനിച്ചുവെന്ന് ശൈഖ് മുഹമ്മദ്.
🛫വിമാനം മടക്കയാത്ര റദ്ദാക്കി; യാത്രക്കാരന് രണ്ടര ലക്ഷം നല്‍കാന്‍ വിധി.
🇸🇦സൗദി അറേബ്യയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 208 പേർക്ക് മാത്രം; ആറ് മരണം.
🇦🇪യുഎഇയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 987 പേര്‍ക്ക്; രണ്ട് മരണം.
🇴🇲ഒമാനില്‍ 348 പേര്‍ക്ക് കൂടി കൊവിഡ്, എട്ടു മരണം.
🇸🇦സൗദിയില്‍ മറ്റ് രോഗങ്ങളുള്ളവര്‍ക്ക് കൊവിഡിനെ പ്രതിരോധിക്കാന്‍ മൂന്നാം ഡോസ് വാക്സിന്‍ നല്‍കുന്നു.
🇸🇦സൗദിയില്‍ സ്‌കൂളുകളും കോളേജുകളും തുറന്നു; ഒന്നര വര്‍ഷത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ ക്ലാസ്മുറികളിലേക്ക്.
🇰🇼കുവൈത്തില്‍ ഒരു മാസത്തിനകം എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും.
🇶🇦കൊവിഡ് മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ചു; ഖത്തറിൽ ആയിരത്തിലേറെ പേർക്കെതിരെ കൂടി നടപടി.
🇦🇪ഇന്ത്യയിൽ നിന്നുള്ള സന്ദർശക വീസക്കാർക്കും യുഎഇയിലേക്ക് നേരിട്ട് പ്രവേശിക്കാം, അനുമതി.
🇶🇦ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ കുറയുന്നു; രോഗമുക്തി 300ന് മുകളില്‍.
🛫ഇന്ത്യ: അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് 2021 സെപ്റ്റംബർ 30 വരെ നീട്ടി.
🇦🇪യു എ ഇ: ഗോൾഡൻ വിസ അപേക്ഷകൾ ഇപ്പോൾ ICA ആപ്പിലൂടെ നൽകാം.
🇸🇦സൗദി: വിദ്യാർത്ഥികൾ തവക്കൽന ആപ്പിലൂടെ തങ്ങളുടെ ആരോഗ്യ സ്റ്റാറ്റസ് തെളിയിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം.
വാർത്തകൾ വിശദമായി
🇦🇪യുഎഇയില്‍ കൊവിഡ് രോഗികള്‍ കുറയുന്നു; ഏറ്റവും മോശം സമയം അവസാനിച്ചുവെന്ന് ശൈഖ് മുഹമ്മദ്.
✒️യുഎഇയില്‍ കൊവിഡ് മഹാമാരി കാരണമായുണ്ടായ ഏറ്റവും മോശം സമയം അവസാനിച്ചുവെന്ന് ശൈഖ് മുഹമ്മദ്. ഞായറാഴ്‍ച ഖസ്‍ര്‍ അല്‍ വത്വനില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിന് അധ്യക്ഷത വഹിക്കവെയാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇക്കാര്യം അറിയിച്ചത്.
മഹാമാരിയുടെ കാലത്ത് യുഎഇ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിലൂടെ ലോകത്തുതന്നെ കൊവിഡിനെ ഏറ്റവും മികച്ച രീതിയില്‍ നേരിട്ട രാജ്യങ്ങളിലൊന്നായി മാറാന്‍ സാധിച്ചുവെന്നും ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്‍തു. ഓഗസ്റ്റ് 24 മുതല്‍ രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തില്‍ താഴെയായി തുടരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് യുഎഇ വൈസ് പ്രസിഡന്റിന്റെ ശുഭാപ്‍തി വിശ്വാസം നിറഞ്ഞ പുതിയ പ്രഖ്യാപനം പുറത്തുവരുന്നത്. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്ത് കൊവിഡ് വാക്സിനേഷന്‍ നൂറ് ശതമാനത്തില്‍ എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്. ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 87 ശതമാനത്തോളം പേരാണ് കൊവിഡ് വാക്സിന്റെ ഒരു ഡോസെങ്കിലും എടുത്തിട്ടുള്ളത്. 76 ശതമാനം പേരും രണ്ട് ഡോസ് വാക്സിനും എടുത്തു കഴിഞ്ഞവരുമാണ്.
🛫വിമാനം മടക്കയാത്ര റദ്ദാക്കി; യാത്രക്കാരന് രണ്ടര ലക്ഷം നല്‍കാന്‍ വിധി.
✒️വിമാനം മടക്കയാത്ര റദ്ദാക്കിയതിനെതിരെ കോടതിയെ സമീപിച്ച യാത്രക്കാരന് നഷ്‍ടപരിഹാരം നല്‍കാന്‍ വിധി. കുവൈത്ത് പ്രാഥമിക കോടതിയാണ് ഒരു വാണിജ്യ വിമാനക്കമ്പനിക്ക് പിഴ ചുമത്തിയത്. ഈജിപ്‍തുകാരനായ പ്രവാസിക്ക് വിമാനക്കമ്പനി 1000 കുവൈത്തി ദിനാര്‍ (രണ്ടര ലക്ഷത്തോളം ഇന്ത്യന്‍ രൂപ) നഷ്‍ടപരിഹാരം നല്‍കണമെന്നാണ് കോടതി വിധിച്ചത്. ഈജിപ്‍ത് സൊഹാഗ് നഗരത്തില്‍ നിന്ന് കുവൈത്തിലേക്കുള്ള യാത്രയാണ് ടിക്കറ്റ് ബുക്ക് ചെയ്‍ത ശേഷം കമ്പനി റദ്ദാക്കിയത്.
🇸🇦സൗദി അറേബ്യയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 208 പേർക്ക് മാത്രം; ആറ് മരണം.
✒️സൗദി അറേബ്യയിൽ പുതിയതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കാര്യമായ നിലയിൽ കുറഞ്ഞു. 24 മണിക്കൂറിനിടെ രാജ്യവ്യാപകമായി വെറും 208 പേർക്ക് മാത്രമാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ആറ് മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
നിലവിലുള്ള രോഗബാധിതരിൽ 393 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. രാജ്യത്ത് ഇന്ന് 50,374 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,44,004 ആയി. ഇതിൽ 5,32,126 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,532 ആയി. നിലവിൽ രോഗബാധിതരായി നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 3,346 ആയി കുറഞ്ഞു. ഇതിൽ 952 പേർ മാത്രമാണ് ആശുപത്രികളിൽ തീവ്രപരിചരണത്തിൽ കഴിയുന്നത്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതിയതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 69, മക്ക 36, കിഴക്കൻ പ്രവിശ്യ 22, അൽഖസീം 15, ജീസാൻ 14, അസീർ 14, മദീന 13, നജ്റാൻ 10, ഹായിൽ 5, തബൂക്ക് 5, വടക്കൻ അതിർത്തി മേഖല 2, അൽജൗഫ് 2, അൽബാഹ 1. രാജ്യത്താകെ 36,016,783 ഡോസ് വാക്സിൻ വിതരണം പൂർത്തിയാക്കി.
🇦🇪യുഎഇയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 987 പേര്‍ക്ക്; രണ്ട് മരണം.
✒️യുഎഇയില്‍ 987 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,554 പേര്‍ സുഖം പ്രാപിക്കുകയും രണ്ട് പേര്‍ മരണപ്പെടുകയും ചെയ്തു.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,16,381 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,02,102 പേര്‍ രോഗമുക്തരാവുകയും 2,038 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 12,241 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🇴🇲ഒമാനില്‍ 348 പേര്‍ക്ക് കൂടി കൊവിഡ്, എട്ടു മരണം.
✒️ഒമാനില്‍ 348 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 72 മണിക്കൂറിലെ കണക്കുകളാണ് പുറത്തുവിട്ടത്. എട്ട് കൊവിഡ് മരണങ്ങളാണ് പുതിയതായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,02,132 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 2,91,532 പേര്‍ ഇതിനോടകം രോഗമുക്തരായി. 96.5 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. ആകെ 4,057 പേര്‍ക്ക് ഒമാനില്‍ കൊവിഡ് കാരണം ജീവന്‍ നഷ്ടമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 13 പേരെ മാത്രമാണ് കൊവിഡ് ബാധിതരായി രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ ഉള്‍പ്പെടെ 138 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. ഇവരില്‍ 60 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
🇸🇦സൗദിയില്‍ മറ്റ് രോഗങ്ങളുള്ളവര്‍ക്ക് കൊവിഡിനെ പ്രതിരോധിക്കാന്‍ മൂന്നാം ഡോസ് വാക്സിന്‍ നല്‍കുന്നു.
✒️സൗദി അറേബ്യയില്‍ കൊവിഡിനെ ശക്തമായി പ്രതിരോധിക്കാന്‍ മറ്റ് രോഗങ്ങളുള്ളവര്‍ക്ക് മൂന്നാം ഡോസ് വാക്സിന്‍ നല്‍കുന്നു. കുത്തിവെപ്പ് സെപ്തംബറില്‍ ആരംഭിക്കും. അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവര്‍ക്കും, ഡയാലിസിസ് രോഗികള്‍ക്കുമാണ് കൊവിഡ് വാക്സിന്റെ മൂന്നാം ഡോസ് നല്‍കുന്നത്.
അടുത്ത മാസം തുടക്കത്തില്‍ തന്നെ വിതരണം ആരംഭിക്കുവാനാണ് നീക്കം. കൊവിഡ് ബാധിച്ച് ഭേദമായവര്‍ക്ക് ഒരു ഡോസ് കുത്തിവെപ്പെടുത്താല്‍ മതിയെന്നായിരുന്നു നേരത്തെ ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇനി മുതല്‍ രോഗം ഭേദമായവരുള്‍പ്പെടെ എല്ലാവരും രണ്ട് ഡോസും സ്വീകരിക്കണമെന്ന് മന്ത്രാലയം ആവര്‍ത്തിച്ചു. കൊവിഡ് സ്ഥിരീകരിച്ച് പത്ത് ദിവസത്തിന് ശേഷം ആദ്യ ഡോസ് സ്വീകരിക്കാവുന്നതാണ്. ഡെല്‍റ്റ പോലുള്ള കോവിഡിന്റെ അപകടകരമായ വകഭേദങ്ങളെ പ്രതിരോധിക്കുവാന്‍ രണ്ട് ഡോസും സ്വീകരിക്കല്‍ അനിവാര്യമാണെന്ന് പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതായും മന്ത്രാലയം വ്യക്തമാക്കി. കുത്തിവെപ്പെടുക്കാന്‍ പോകുന്നവര്‍ക്ക് വാക്സിന്‍ സെന്ററുകളിലേക്കും തിരിച്ചും സൗജന്യമായി യാത്രാസൗകര്യം ഒരുക്കിയതായി പൊതുഗതാഗത അതോറിറ്റി അറിയിച്ചു.
🇸🇦സൗദിയില്‍ സ്‌കൂളുകളും കോളേജുകളും തുറന്നു; ഒന്നര വര്‍ഷത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ ക്ലാസ്മുറികളിലേക്ക്.
✒️പുതിയ അധ്യയന വര്‍ഷത്തേക്ക് സൗദിയില്‍ ഇന്ന് സ്‌കൂളും കോളേജും തുറന്നപ്പോള്‍ ഒന്നര വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ ക്ലാസ് റൂമുകളില്‍ നേരിട്ടെത്തി. കൊവിഡ് പൊട്ടിപുറപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് വിദ്യാലയങ്ങള്‍ അടച്ചിട്ടത്. പിന്നീട് ഓണ്‌ലൈനിലാണ് ക്ലാസ് നടന്നത്. രാജ്യത്ത് കൊവിഡിന് ശമനം വന്നതോടെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സര്‍വകലാശാല, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയാണ് ഇന്ന് തുറന്നത്.
12 വയസിനു മുകളില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് നേരിട്ട് ക്ലാസ് ആരംഭിച്ചത്. അതില്‍ താഴെ പ്രായമുള്ളവര്‍ക്കുള്ള പ്രാഥമിക വിദ്യാലയങ്ങള്‍ ഒക്ടോബര്‍ 30 ന് ശേഷമേ തുറക്കൂ. അതുവരെ അവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് തുടരും. വിദ്യാലയങ്ങളില്‍ എത്തുന്ന കുട്ടികളും അധ്യാപകരും ജീവനക്കാരും കൊവിഡ് വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചിരിക്കണം. എല്ലാ ആരോഗ്യ മുന്‍കരുതലുകളും സ്വീകരിക്കണം. 3,31000 അധ്യാപകരും 12 ലക്ഷം വിദ്യാര്‍ത്ഥികളുമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിയത്.
🇰🇼കുവൈത്തില്‍ ഒരു മാസത്തിനകം എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും.
✒️കുവൈത്തില്‍ കൊവിഡ് വാക്‌സിനേഷന്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഒരു മാസത്തിനകം രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ആളുകള്‍ വാക്‌സിന്‍ നല്‍കാനാണ് തീരുമാനം. 70 ശതമാനം ആളുകള്‍ക്കും വാക്‌സിന്‍ നല്‍കി കഴിഞ്ഞതായി ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അടുത്ത മാസത്തോടെ വാക്‌സിനേഷന്‍ 100 ശതമാനം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
കൊവിഡിന്റെ വകഭേദങ്ങള്‍ സംബന്ധിച്ച് വിവിധ രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ കുവൈത്ത് നിരീക്ഷിച്ച് വരികയാണ്. അതേസമയം കുവൈത്തില്‍ പ്രവേശിക്കുന്ന 16 വയസ്സിന് മുകളില്‍ പ്രായമുള്ള വിദേശികള്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാണ്. 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാതെ രക്ഷിതാക്കള്‍ക്കൊപ്പം കുവൈത്തില്‍ പ്രവേശിക്കാം.
🇶🇦കൊവിഡ് മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ചു; ഖത്തറിൽ ആയിരത്തിലേറെ പേർക്കെതിരെ കൂടി നടപടി.
✒️ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 1,143 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 789 പേരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്.
സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 342 പേരെയും മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് 12 പേരെയും പിടികൂടി. എല്ലാവരെയും തുടര്‍നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.
🇦🇪ഇന്ത്യയിൽ നിന്നുള്ള സന്ദർശക വീസക്കാർക്കും യുഎഇയിലേക്ക് നേരിട്ട് പ്രവേശിക്കാം, അനുമതി.
✒️ഇന്ത്യയിൽ നിന്നുള്ള സന്ദർശക വീസക്കാർക്കും യുഎഇയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് അനുമതി. ലോകാരോഗ്യസംഘടന അംഗീകരിച്ച വാക്സീൻ സ്വീകരിച്ചവർക്ക് നാളെ മുതൽ യുഎഇയിലേക്ക് യാത്ര ചെയ്യാം. പുതിയ തൊഴിൽ വീസക്കാർക്കും ഇന്ത്യയിൽ നിന്ന് നേരിട്ട് യുഎഇയിലെത്താൻ അനുമതിയുണ്ട്.
ടൂറിസ്റ്റ് വിസ കൈവശമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുഎഇലേക്ക് നേരിട്ട് യാത്ര ചെയ്യാം. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിന്‍ സ്വീകരിച്ചവര്‍ക്കാണ് അനുമതി. കോവിഡ് വ്യാപനം മൂലം യാത്രാ വിലക്കേര്‍പ്പെടുത്തിയ എല്ലാ രാജ്യങ്ങളിലുള്ളവര്‍ക്കും ഇളവ് ബാധകമാണ്.
പുതിയ ഉത്തരവ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പും (ഐസിഎ), നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയും (എന്‍സിഇഎംഎ) സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ടൂറിസ്റ്റ് വിസയുള്ള യാത്രക്കാർ വിമാനത്താവളത്തിൽ നിർബന്ധമായും പിസിആർ പരിശോധന നടത്തണമെന്ന് നിര്‍ദേശമുണ്ട്. വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്കും റസിഡന്‍സ് വിസയുള്ളവര്‍ക്കും നിലവിലുള്ള യാത്രാ നിയമങ്ങള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
മാര്‍ഗനിര്‍ദേശങ്ങള്‍
ടൂറിസ്റ്റ് വിസയ്ക്കായുള്ള അപേക്ഷകള്‍ ഓഗസ്റ്റ് 30 മുതലായിരിക്കും സ്വീകരിക്കുക.
ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിന്‍ നിര്‍ബന്ധമായും സ്വീകരിക്കണം.
യുഎഇ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ടൂറിസ്റ്റ് വിസയ്ക്കായി അപേക്ഷിക്കാം.
ടൂറിസ്റ്റ് വിസ ഉപയോഗിച്ച് യുഎഇയില്‍ എത്തുമ്പോള്‍ വിമാനത്താവളത്തില്‍ നിന്ന് തന്നെ പിസിആര്‍ പരിശോധന നടത്തണം.
വാക്സിന്‍ സ്വീകരിച്ചവര്‍ക്കായുള്ള ആനൂകൂല്യങ്ങള്‍ ലഭിക്കുന്നതിനായി ഐസിഎയില്‍ അല്ലെങ്കില്‍ അൽ ഹോസ്ൻ ആപ്ലിക്കേഷനില്‍ റജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
🇶🇦ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ കുറയുന്നു; രോഗമുക്തി 300ന് മുകളില്‍.
✒️ഖത്തറില്‍ ഇന്ന് 179 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 60 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 119 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 306 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 2,29,046 ആയി. രാജ്യത്ത് ഇന്നും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ കോവിഡ് മരണം 602 ആണ്.
2,718 പേരാണ് ഖത്തറില്‍ നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 23 പേര്‍ ഐസിയുവില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടുപേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. പുതുതായി 5 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 72 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 23,161 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാകസിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 43,92,745 ഡോസ് വാക്‌സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 81.5 ശതമാനം പേര്‍ ചുരുങ്ങിയത് ഒരു ഡോസ് വാക്സിനെടുത്തു.
🛫ഇന്ത്യ: അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് 2021 സെപ്റ്റംബർ 30 വരെ നീട്ടി.
✒️അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ 2021 സെപ്റ്റംബർ 30 വരെ തുടരാൻ തീരുമാനിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു. ഓഗസ്റ്റ് 29-നാണ് ഇന്ത്യൻ അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
“ഇന്ത്യയിലേക്കും, ഇന്ത്യയിൽ നിന്നുമുള്ള അന്താരാഷ്ട്ര യാത്രാ വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ 2021 സെപ്റ്റംബർ 30 11:59pm വരെ തുടരാൻ തീരുമാനിച്ചിരിക്കുന്നു.”, DGCA പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു. ഈ വിലക്കുകൾ ചരക്ക് വിമാനങ്ങൾക്കും, DGCA പ്രത്യേക അനുമതി നൽകിയിട്ടുള്ള വിമാനങ്ങൾക്കും ബാധകമല്ല.
വിദേശരാജ്യങ്ങളിലേക്കും, തിരികെയും സർവീസ് നടത്തുന്ന പ്രത്യേക വിമാനങ്ങൾക്ക് ഓരോ സർവീസിന്റെയും അടിസ്ഥാനത്തിൽ അനുമതി നൽകുന്നത് തുടരുമെന്നും DGCA അറിയിച്ചു.
🇦🇪യു എ ഇ: ഗോൾഡൻ വിസ അപേക്ഷകൾ ഇപ്പോൾ ICA ആപ്പിലൂടെ നൽകാം.
✒️രാജ്യത്ത് ഗോൾഡൻ വിസകൾക്ക് അർഹതയുള്ളവർക്ക്, ഇതിനായുള്ള അപേക്ഷകൾ ഇപ്പോൾ തങ്ങളുടെ ആപ്പിലൂടെ നൽകാമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) വ്യക്തമാക്കി. ICA UAE സ്മാർട്ട് ആപ്പിലെ ഗോൾഡൻ റെസിഡൻസി നോമിനേഷൻ എന്ന സേവനത്തിലൂടെ ഇത്തരം അപേക്ഷകൾ സമർപ്പിക്കാമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
പത്ത് വർഷത്തെ റെസിഡൻസി വിസകൾക്ക് അപേക്ഷിക്കുന്നതിന് അർഹതയുള്ളവർക്കും, മറ്റുള്ളവർക്ക് ഇത്തരത്തിൽ അർഹതയുള്ളവരെ ശുപാർശ ചെയ്യുന്നതിനുമായുള്ള അപേക്ഷകൾ ഇപ്പോൾ ICA UAE സ്മാർട്ട് ആപ്പിൽ ലഭ്യമാണ്. എല്ലാ അനുബന്ധ രേഖകളും അപ്‌ലോഡ് ചെയ്തു കൊണ്ട് അപേക്ഷകർക്ക് ഇതുമായി ബന്ധപ്പെട്ട നടപടികൾ ഈ ആപ്പ് ഉപയോഗിച്ച് പൂർത്തിയാക്കാവുന്നതാണ്. അപേക്ഷകരിൽ നിന്ന് ഈ സേവനത്തിനായി 50 ദിർഹം ഫീ ഇനത്തിൽ ഈടാക്കുന്നതാണ്.
രേഖകൾ നൽകിയ ശേഷം അപേക്ഷകൾ പൂർത്തിയാക്കിയവർക്ക് ഇത് സംബന്ധിച്ച സ്ഥിരീകരണം SMS സന്ദേശത്തിലൂടെയും, ഇമെയിൽ സന്ദേശത്തിലൂടെയും ലഭിക്കുന്നതാണ്. മതിയായ രേഖകൾ ഇല്ലാത്തതോ, കൃത്യമായ വിവരങ്ങൾ ഉൾപ്പെടുത്താത്തതോ ആയ അപേക്ഷകൾ 30 ദിവസങ്ങൾക്ക് ശേഷം സ്വയമേവ റദ്ദാകുന്നതാണെന്നും അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
🇸🇦സൗദി: വിദ്യാർത്ഥികൾ തവക്കൽന ആപ്പിലൂടെ തങ്ങളുടെ ആരോഗ്യ സ്റ്റാറ്റസ് തെളിയിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം.
✒️പുതിയ അധ്യയന വർഷത്തിൽ വിദ്യാലയങ്ങളിലേക്കെത്തുന്ന വിദ്യാർത്ഥികൾ തവക്കൽന ആപ്പിലൂടെ തങ്ങളുടെ ആരോഗ്യ സ്റ്റാറ്റസ് തെളിയിക്കണമെന്ന് സൗദി വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക COVID-19 കോൺടാക്ട് ട്രേസിങ്ങ് ആപ്പാണ് തവക്കൽന (Tawakkalna).
സൗദി വിദ്യാഭ്യാസ വകുപ്പ് ഡോ. ഹമദ് അൽ അഷെയ്ഖാണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 28-ന് നടന്ന സൗദി വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രാദേശിക വിദ്യാഭ്യാസ ഡയറക്ടർമാരുമായുള്ള ഒരു യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുഴുവൻ വിദ്യാർത്ഥികളുടെയും സുരക്ഷ ഉറപ്പ് വരുത്തുകയും, അതിലൂടെ രക്ഷിതാക്കളുടെയും, കുടുംബങ്ങളുടെയും ആരോഗ്യം, സുരക്ഷ, ധൈര്യം എന്നിവ ഉറപ്പ് വരുത്തുകയുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദ്യാലയങ്ങളിൽ സുരക്ഷാ മുൻകരുതലുകൾ നടപ്പിലാക്കുന്നതും, ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ തുടർച്ചയായി വിലയിരുത്തുന്നതും വിദ്യാഭ്യാസ ഡയറക്ടർമാരുടെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് മുന്നോട്ട് വെച്ചിട്ടുള്ള സുരക്ഷാ മുൻകരുതൽ നടപടികളും, നിബന്ധനകളും കൃത്യമായി പാലിക്കാൻ അദ്ദേഹം രാജ്യത്തെ മുഴുവൻ വിദ്യാർത്ഥികളോടും, അധ്യാപകരോടും, രക്ഷിതാക്കളോടും ആഹ്വാനം ചെയ്തു.

0 Comments