Ticker

6/recent/ticker-posts

Header Ads Widget

പഴയ വാഹനങ്ങളുടെ പൊളിക്കൽ : ഇനി നടപടിയെടുക്കേണ്ടത് സംസ്ഥാനം

തിരുവനന്തപുരം: പഴയ വാഹനങ്ങളുടെ പൊളിക്കൽനയത്തിൽ ഇനി തീരുമാനമെടുക്കേണ്ടത് സംസ്ഥാനസർക്കാർ. വാഹനങ്ങളുടെ പ്രവർത്തനക്ഷമത പരിശോധന സംവിധാനവും പൊളിക്കൽ കേന്ദ്രങ്ങളും സജ്ജീകരിച്ചാൽ മാത്രമേ കേന്ദ്രം നിശ്ചയിച്ച സമയപരിധിക്കുള്ളിൽ പൊളിക്കൽനയം നടപ്പാകുകയുള്ളൂ. പൊളിക്കൽ കേന്ദ്രങ്ങൾക്കും പ്രവർത്തനക്ഷമത പരിശോധന കേന്ദ്രങ്ങൾക്കുംവേണ്ട മാനദണ്ഡങ്ങൾ കേന്ദ്ര ഉപരിതലമന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് സംസ്ഥാനസർക്കാർ ഉത്തരവിറക്കണം. സ്വകാര്യപങ്കാളിത്തത്തോടെയോ നേരിട്ടോ ഇവ തുടങ്ങാം. 2024 ജൂൺവരെയാണ് അനുവദിച്ച സമയം.

കേന്ദ്രതീരുമാനപ്രകാരം ആദ്യം പിൻവലിക്കേണ്ടിവരുക സംസ്ഥാനസർക്കാരിന്റെ കൈവശമുള്ള 15 വർഷം കഴിഞ്ഞ വാഹനങ്ങളാണ്. ഇതുപ്രകാരം ഏകദേശം അഞ്ഞൂറോളം വാഹനങ്ങൾ പിൻവലിക്കേണ്ടിവരും. സംസ്ഥാനത്തെ 1.4 കോടി വാഹനങ്ങളിൽ ഏകദേശം 22.1 ലക്ഷം വാഹനങ്ങൾ പൊളിക്കാനായവയാണ്. കംപ്യൂട്ടർവത്കൃത പരിശോധന കേന്ദ്രങ്ങളിലെ പരിശോധനയിൽ വിജയിച്ചാൽ ഇവ തുടർന്നും ഉപയോഗിക്കാം. വാണിജ്യവാഹനങ്ങൾക്ക് 15 വർഷത്തിനും സ്വകാര്യവാഹനങ്ങൾക്ക് 20 വർഷത്തിനും ശേഷം കംപ്യൂട്ടർവത്കൃത പ്രവർത്തനക്ഷമത പരിശോധന നിർബന്ധമാണ്.

രണ്ടുതവണ പരിശോധനയിൽ പരാജയപ്പെടുന്നവ നിർബന്ധമായും പൊളിക്കണം.

വാണിജ്യവാഹനങ്ങൾ 2023 മുതലും സ്വകാര്യവാഹനങ്ങൾ 2024 ജൂൺ മുതലും പൊളിക്കാനാണ് കേന്ദ്രനിർദേശം. ഉടമയ്ക്ക് വേണമെങ്കിൽ വാഹനം നേരിട്ട് പൊളിക്കൽകേന്ദ്രങ്ങൾക്ക് കൈമാറാം. പ്രവർത്തനക്ഷമത പരിശോധന നടത്തേണ്ടതില്ല.

പൊളിക്കൽനയത്തിനുമുമ്പേ പഴയ വാഹനങ്ങൾ നിരോധിച്ച ചരിത്രമാണ് സംസ്ഥാനത്തിന്റേത്. സ്വകാര്യബസുകളുടെ ആയുസ്സ് 15 വർഷമായി നിശ്ചയിച്ച് സംസ്ഥാനസർക്കാർ ഉത്തരവിറക്കിയിരുന്നു. പിന്നീട് ഇളവുനൽകി 20 വർഷമാക്കി. കേന്ദ്രനയം നടപ്പാക്കുന്നതോടെ ഈ തീരുമാനം അപ്രസക്തമാകും.

അപ്രായോഗികമെന്ന് മന്ത്രി

വാഹനം പൊളിക്കൽനയം അപ്രായോഗികവും അശാസ്ത്രീയവുമാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. വാണിജ്യ വാഹനങ്ങൾ 15 വർഷത്തിലധികം ഉപയോഗിക്കാൻ പാടില്ലെന്ന തീരുമാനം സംസ്ഥാനത്തിന് യോജ്യമല്ല. മലിനീകരണമാണ് പ്രശ്നമെങ്കിൽ അത് കുറവുള്ള ഹരിത ഇന്ധനങ്ങളിലേക്ക് മാറ്റണം. വൻകിട വാഹന നിർമാതാക്കളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതാണ് പുതിയ കേന്ദ്രനയം. കാലപ്പഴക്കം മാത്രമല്ല ഓടിയ കിലോമീറ്ററും പരിഗണിച്ചാവണം വാഹനങ്ങളുടെ പഴക്കം നിർണയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments