Ticker

6/recent/ticker-posts

Header Ads Widget

പെൺകുട്ടികളെ മയക്കാൻ 'ആനന്ദഗുളിക' സംസ്ഥാനത്തും; യുവാവ് അറസ്റ്റിൽ

തൃശൂര്‍: ഡിജെ പാർട്ടിക്കിടെ പെൺകുട്ടികളെ മയക്കി ലൈംഗികചൂഷണത്തിന് ഉപയോഗിക്കുന്ന മെത്തഡിൻ എന്ന ഗുളികകൾ കേരളത്തിലും വ്യാപകമാകുന്നു. ഹാപ്പിനസ് പിൽസ് എന്നറിയപ്പെടുന്ന ഈ ഗുളികയ്ക്ക് മണമോ രുചിയോ ഇല്ല എന്നതാണ് പ്രത്യേകത. ഈ ഗുളികകൾ ജ്യൂസിലോ മദ്യത്തിലോ കലക്കി നൽകിയാണ് പെൺകുട്ടികളെ കെണിയിൽ വീഴ്ത്തുന്നത്. ബംഗളുരുവിൽ ഡിജെ പാർട്ടികളിലും മറ്റും ഉപയോഗിക്കുന്ന ഈ ഗുളിക ഇതാദ്യമായി സംസ്ഥാനത്ത് പിടികൂടി. വൻ വില ഈടാക്കിയാണ് ഈ ഗുളിക കേരളത്തിൽ വിറ്റതെന്നും വിവരം ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം തൃശൂരില്‍ അറസ്റ്റിലായ യുവാവിനെ ചോദ്യം ചെയ്തതിൽനിന്നാണ് മെത്തഡിൻ ഗുളിക കേരളത്തിൽ വിറ്റഴിഴിക്കുന്നതായി വിവരം ലഭിച്ചത്. മാടക്കത്തറ വെള്ളാനിക്കര മൂലേക്കാട്ടില്‍ വൈഷ്ണവാണ് (25) തൃശൂര്‍ സിറ്റി പൊലീസിന്റെ പിടിയിലായത്. 50 ഗുളികയും ക്രിസ്റ്റല്‍ പാക്കറ്റും ഇയാളില്‍നിന്ന് പിടികൂടി. കൊച്ചിയിലും തൃശൂരിലുമുള്ള ടാറ്റു ചെയ്യുന്ന സ്ഥാപനങ്ങൾ വഴിയാണ് ഈ ഗുളിക വിറ്റഴിക്കുന്നത്.

സംസ്ഥാനത്ത് ആദ്യമായാണ് ഹാപ്പിനസ് പില്‍സ് (ആനന്ദ ഗുളിക), പീപി, പാര്‍ട്ടി ഡ്രഗ് എന്നിങ്ങനെ അറിയപ്പെടുന്ന മയക്കുഗുളിക ഇത്രയുമധികം പിടികൂടുന്നത്. ബംഗളൂരുവില്‍ ഇവ നിര്‍മിക്കുന്ന കുക്കിങ് പ്ലേസുകളുണ്ട്. നൈജീരിയയിൽനിന്നുള്ള സംഘമാണ് ഇതിന്റെ പിന്നിലെന്നാണ് സൂചന. 650 രൂപയുള്ള ഒരു ഗുളിക കേരളത്തിലെത്തുമ്ബോള്‍ 5000 രൂപ ഈടാക്കും.

ഹാപ്പിനസ് പിൽസ് പിടികൂടിയതോടെ ഇതേക്കുറിച്ച് പൊലീസും എക്സൈസും വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മറ്റെവിടെയൊക്കെ ഗുളിക വിറ്റിട്ടുണ്ടെന്നും, എത്രത്തോളം പെൺകുട്ടികൾ ഇതിൽ ഇരയായിട്ടുണ്ടെന്നും പരിശോധന തുടങ്ങി. മെത്തഡിൻ ഗുളികകളുടെ ഉപയോഗം അതിമാരകമാണെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ പറയുന്നത്. തുടർച്ചയായി ഉയർന്ന അളവിൽ ഇത് ഉപയോഗിച്ചാൽ അത് വൃക്കകളെയും ഹൃദയത്തെയും തകരാറിലാക്കുമെന്നും മരണത്തിന് ഇടയാക്കുമെന്നും വിദഗ്ദ്ധർ പറയുന്നു.

തരികളുടെ രൂപത്തിലുള്ള എംഡിഎംഎ (മെത്തലിന്‍ ഡയോക്സിന്‍ മെത്താഫെറ്റാമിന്‍) യുവാക്കള്‍ക്കിടയില്‍ കല്ല്, പൊടി, മെത്ത്, കല്‍ക്കണ്ടം എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. വായിലൂടെയും മൂക്കിലൂടെയും ഇഞ്ചക്ഷനായും ഇത് ഉപയോഗിക്കുന്നവരുണ്ട്. അകത്തുചെന്നാല്‍, വെറും 30 മിനിട്ട് കൊണ്ട് നാഡി വ്യവസ്ഥയെ മരവിപ്പിക്കുന്ന തരത്തിലാണ് ഇതിന്‍റെ പ്രവർത്തനം. ഇതുമൂലം ലഭിക്കുന്ന ലഹരി എട്ടുമണിക്കൂര്‍വരെ നീണ്ടുനിൽക്കും. മണമോ രുചിവ്യത്യാസമോ ഇല്ലാത്തതിനാല്‍ ഇരകള്‍ക്ക് ജ്യൂസുകളിലും മദ്യത്തിലും ഗുളിക കലക്കി ആദ്യം നൽകുകയാണ് ചെയ്തുവരുന്നത്. ഒരു തവണ ഇത് ഉപയോഗിച്ചാൽ പിന്നീട് അതിന് അടിമയാകും.

Post a Comment

0 Comments