ഷാര്‍ജയില്‍ കൊവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശനാനുമതി നല്‍കിക്കൊണ്ടാണ് എമിറേറ്റിലെ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് ടീം പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. മാളുകളിലും സിനിമാ തീയറ്ററുകളിലും മറ്റ് വിനോദ കേന്ദ്രങ്ങളിലും പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം ആകെ ശേഷിയുടെ 80 ശതമാനമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
വിവാഹ ഹാളുകളില്‍ ആകെ ശേഷിയുടെ 60 ശതമാനം പേരെ അനുവദിക്കും. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കുന്ന ആകെ ആളുകളുടെ എണ്ണം 300 കവിയാന്‍ പാടില്ല. അതിഥികളെല്ലാവരും മാസ്‍ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് കൊവിഡ് വാക്സിനേഷന്‍ നിര്‍ബന്ധമാണ്. എക്സിബിഷനുകളിലും സാമൂഹിക, സാംസ്‍കാരിക, കലാ പരിപാടികളിലും പങ്കെടുക്കുന്നവര്‍ ആറ് മാസത്തിനിടെ കൊവിഡ് വാക്സിന്‍ സ്വീകരിച്ചവരായിരിക്കണം. ഇതിന് പുറമെ പരിപാടി നടക്കുന്നതിന് 48 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പി.സി.ആര്‍ പരിശോധനയില്‍ നെഗറ്റീവ് ആയിരിക്കുകയും വേണമെന്ന് പുതിയ അറിയിപ്പില്‍ പറയുന്നു.
പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഇന്ത്യയില്‍ നിന്ന് സന്ദര്‍ശക വീസക്കാര്‍ക്ക് ഷാര്‍ജയിലേക്ക് യാത്ര ചെയ്യാം.
ഇന്ത്യ ഉള്‍പ്പെടെയുള്ള നാല് രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്ക് ഷാര്‍ജയിലേക്ക് യാത്ര ചെയ്യാം. ഷാര്‍ജ ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ എയര്‍ അറേബ്യ തങ്ങളുടെ വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യാത്രക്കാരുടെ കൊവിഡ് വാക്സിനേഷന്‍ യാത്രി നിബന്ധനയായി പരിശോധിക്കില്ലെന്നും പുതിയ അറിയിപ്പ് വ്യക്തമാക്കുന്നു.
ഇന്ത്യയ്‍ക്ക് പുറമെ പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും സന്ദര്‍ശക വീസകളില്‍ ഷാര്‍ജയിലേക്ക് വരാന്‍ അനുമതിയുണ്ട്. താമസ, സന്ദര്‍ശക, തൊഴില്‍ വിഭാഗങ്ങളില്‍ അടുത്തിടെ നല്‍കിയ ഇ-വീസയുള്ളവര്‍ക്ക് രാജ്യത്തേക്ക് വരാമെന്നും ഇതിന് പ്രത്യേക മുന്‍കൂര്‍ അനുമതിയുടെയോ രജിസ്‍ട്രേഷന്റെയോ ആവശ്യമില്ലെന്നും എയര്‍ അറേബ്യ അറിയിച്ചു.
0 Comments