🇸🇦സൗദി അറേബ്യയിൽ ആശ്വാസം; കൊവിഡ് രോഗമുക്തരുടെ എണ്ണം വീണ്ടും ആയിരത്തിന് മുകളിൽ.
🇦🇪യുഎഇയില്‍ 1287 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് ആറ് മരണം.
🇦🇪പ്രവാസി എഞ്ചിനീയര്‍ക്ക് യുഎഇയില്‍ ഏഴ് കോടിയുടെ സമ്മാനം; ഭാഗ്യം തേടിയെത്തിയത് അഞ്ച് വര്‍ഷത്തിന് ശേഷം.
🇸🇦സൗദി അറേബ്യയിൽ സാമൂഹിക ഒത്തുചേരലുകൾക്ക് വിലക്ക് തുടരും.
🇦🇪പ്രവാസികള്‍ക്ക് ആശ്വാസവുമായി യുഎഇ; യാത്രാവിലക്കില്‍ നാട്ടില്‍ കുടുങ്ങിയവരുടെ വീസ കാലാവധി നീട്ടി.
🇸🇦സൗദി അറേബ്യയില്‍ ഇനി പ്രവാസികൾക്ക് സ്വത്ത് വാങ്ങാം.
🇦🇪മലയാളി ഡോക്ടർ ദമ്പതികൾക്ക് യു.എ.ഇയില ഗോൾഡൻ വിസ.
🛫യാത്രക്കാരുടെ എണ്ണം കൂടി, വിദേശ രാജ്യങ്ങളിലേക്കുളള വിമാനയാത്ര നിരക്കും ഉയരുന്നു.
🇸🇦സൗദി: ജ്വല്ലറികളിലെ ജീവനക്കാരുടെ വർക്ക് പെർമിറ്റുകളുമായി ബന്ധപ്പെട്ട് MHRSD ഉത്തരവ് പുറത്തിറക്കി.
🇴🇲ഓൺലൈൻ തട്ടിപ്പുകൾ ലക്ഷ്യമിട്ടുള്ള വ്യാജ ഫോൺ കാളുകളെക്കുറിച്ച് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.
🇦🇪അബുദാബി: പൊതുഇടങ്ങളിലേക്കുള്ള പ്രവേശനം വാക്സിനെടുത്തവർക്ക് മാത്രമാക്കാനുള്ള തീരുമാനം ഓഗസ്റ്റ് 20 മുതൽ നടപ്പിലാക്കും.
🇦🇪യു എ ഇ: അൽ ഹൊസൻ ആപ്പിൽ കൂടുതൽ മാറ്റങ്ങൾ വരുത്തി; പുതുക്കിയ ആപ്പിൽ ഗ്രീൻ പാസ് മാനദണ്ഡങ്ങൾ പ്രകാരമുള്ള സ്റ്റാറ്റസ് രേഖപ്പെടുത്തും.
🇦🇪യു എ ഇ: ദുബായ് വിസകളിലുള്ളവർക്ക് അബുദാബിയിലേക്ക് യാത്രചെയ്യാമെന്ന് ഇത്തിഹാദ്.
🇶🇦ഖത്തറില്‍ ഇന്ന് 227 പേര്‍ക്ക് കോവിഡ്; 207 രോഗമുക്തി.
🇰🇼കുവൈത്തില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് അംഗീകാരം നല്‍കുന്ന പ്രവര്‍ത്തി പുരോഗമിക്കുന്നു; 18 വയസ്സില്‍ താഴെയുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ വേണ്ട.
🇶🇦ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്‍ 40 ലക്ഷം കടന്നു.
🇴🇲ഒമാനില്‍ രണ്ട് ദിവസത്തിനിടെ 20 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.

വാർത്തകൾ വിശദമായി
🇸🇦സൗദി അറേബ്യയിൽ ആശ്വാസം; കൊവിഡ് രോഗമുക്തരുടെ എണ്ണം വീണ്ടും ആയിരത്തിന് മുകളിൽ.
✒️സൗദി അറേബ്യക്ക് വലിയ ആശ്വാസം പകർന്ന് കൊവിഡ് മുക്തി നിരക്ക് കുത്തനെ ഉയർന്നു. 1,389 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചത്. അതേസമയം പുതുതായി 751 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. രാജ്യവ്യാപകമായി ഒമ്പത് മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
രാജ്യമാകെ ഇന്ന് 87,424 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,35,927 ആയി. ഇതിൽ 5,17,379 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,366 ആണ്. ചികിത്സയിലുള്ളവരുടെ എണ്ണം 10,182 ആയി കുറഞ്ഞു. ഇതിൽ 1,407 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരം. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.5 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 147, കിഴക്കൻ പ്രവിശ്യ 111, റിയാദ് 107, അസീർ 86, ജീസാൻ 72, അൽഖസീം 54, മദീന 47, നജ്റാൻ 35, ഹായിൽ 31, തബൂക്ക് 19, അൽബാഹ 17, വടക്കൻ അതിർത്തി മേഖല 14, അൽജൗഫ് 11. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെയ്പ്പ് 30,540,106 ഡോസ് ആയി ഉയർന്നു.
🇦🇪യുഎഇയില്‍ 1287 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് ആറ് മരണം.
✒️യുഎഇയില്‍ 1,287 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,413 പേര്‍ സുഖം പ്രാപിക്കുകയും ആറ് പേര്‍ മരണപ്പെടുകയും ചെയ്തു.
പുതിയതായി നടത്തിയ 3,18,383 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,96,906 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,74,162 പേര്‍ രോഗമുക്തരാവുകയും 1,988 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,756 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🇦🇪പ്രവാസി എഞ്ചിനീയര്‍ക്ക് യുഎഇയില്‍ ഏഴ് കോടിയുടെ സമ്മാനം; ഭാഗ്യം തേടിയെത്തിയത് അഞ്ച് വര്‍ഷത്തിന് ശേഷം.
✒️പ്രവാസി ഇന്ത്യക്കാരന് ദുബൈയില്‍ 10 ലക്ഷം ഡോളറിന്റെ (ഏഴ് കോടിയോളം ഇന്ത്യന്‍ രൂപ) സമ്മാനം. ഇന്ന് നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പിലാണ് 57കാരനായ സാബുവിന് ഒന്നാം സമ്മാനം ലഭിച്ചത്. ദുബൈ വിമാനത്താവളത്തില്‍ എയര്‍ ട്രാഫിക് എഞ്ചിനീയറായി ജോലി ചെയ്യുന്ന ബംഗളുരു സ്വദേശിയായ അദ്ദേഹം കഴിഞ്ഞ അഞ്ച് വര്‍ഷമായി ദുബൈ ഡ്യൂട്ടി ഫ്രീയിലൂടെ ഭാഗ്യം പരീക്ഷിക്കുകയാണ്.
'ഇതൊരു വലിയ അത്‍ഭുതമാണെന്നായിരുന്നു' സമ്മാനം ലഭിച്ച വിവരം അറിയിച്ചപ്പോള്‍ സാബുവിന്റെ പ്രതികരണം. തനിക്ക് സമ്മാനം ലഭിക്കുമെന്ന് വിചാരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാവി പരിപാടികളെക്കുറിച്ച് ചോദിച്ചപ്പോള്‍, ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടായിരുന്ന വര്‍ഷമാണിതെന്നും അതുകൊണ്ടുതന്നെ സമ്മാനം ലഭിക്കുന്ന പണം കൊണ്ട് ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായും ഒരു പങ്ക് മാറ്റിവെയ്‍ക്കുമെന്ന് ഒരു കുട്ടിയുടെ പിതാവ് കൂടിയായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പ് ആരംഭിച്ച ശേഷം വിജയിയാവുന്ന 182-ാമത്തെ ഇന്ത്യക്കാരനാണ് സാബു. ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിനുള്ള ടിക്കറ്റുകള്‍ എടുക്കുന്നവരിലും ഏറ്റവുമധികം പേര്‍ ഇന്ത്യക്കാര്‍ തന്നെയാണ്.
🇸🇦സൗദി അറേബ്യയിൽ സാമൂഹിക ഒത്തുചേരലുകൾക്ക് വിലക്ക് തുടരും.
✒️കൊവിഡ് സാഹചര്യത്തിൽ സൗദി അറേബ്യയിൽ സാമൂഹിക ഒത്തുചേരലുകൾക്ക് ഏർപ്പെടുത്തിയ നിരോധനം തുടരും. കൊവിഡ് ഭീഷണി പൂർണമായും അകലാത്തതും രാജ്യത്തെ മുഴുവനാളുകൾക്കും വാക്സിനേഷൻ പൂർത്തിയാകാത്തതും കൊണ്ടാണ് സാമൂഹിക സംഗമങ്ങൾക്കുള്ള വിലക്ക് തുടരുന്നത്.
കല്യാണ മണ്ഡപം, ഓഡിറ്റോറിയം പോലുള്ള സ്ഥലങ്ങളിലെ ഒത്തുചേരലുകൾ അനുവദിക്കില്ലെന്ന് നഗരവികസന, ഗ്രാമകാര്യ, പാർപ്പിട മന്ത്രാലയം അറിയിച്ചു. ഇത്തരം ഒത്തുചേരലുകൾ കോവിഡ് വ്യാപനത്തിന്റെ പ്രധാന കാരണമാകുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം തുടരുന്നത്. വൃദ്ധരും കുട്ടികളും ഇത്തരം പരിപാടികളിൽ പങ്കെടുക്കുമെന്നതിനാൽ ഇവരിലേക്ക് എളുപ്പത്തിൽ രോഗം പടരാൻ ഇതു കാരണമാകും.
സാമൂഹിക വ്യാപനത്തിലൂടെയാണ് കൂടുതൽ പേർക്കും രോഗം ബാധിച്ചത്. രാജ്യത്ത് ഭൂരിഭാഗം പേരും ഇപ്പോഴും വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചിട്ടില്ലെന്നതും വിലക്ക് തുടരാൻ കാരണമാണ്. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്ന പരിപാടികൾ സംഘടിപ്പിക്കുന്നവർക്കെതിരെ ശിക്ഷാനടപടികൽ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
🇦🇪പ്രവാസികള്‍ക്ക് ആശ്വാസവുമായി യുഎഇ; യാത്രാവിലക്കില്‍ നാട്ടില്‍ കുടുങ്ങിയവരുടെ വീസ കാലാവധി നീട്ടി.
✒️പ്രവാസികള്‍ക്ക് ആശ്വാസ പ്രഖ്യാപനവുമായി യുഎഇ. യാത്രാവിലക്കില്‍ നാട്ടില്‍ കുടങ്ങിയവരുടെ താമസ വീസാ കാലാവധി യുഎഇ നീട്ടി. ഡിസംബർ ഒന്‍പത് വരെയാണ് കാലാവധി നീട്ടിയത്. വീസ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് ഐസിഎ, ജിഡിആർഎഫ്എ അനുമതി വാങി യുഎഇയിലേക്ക് മടങ്ങാം. ഇതോടെ പതിനായിരക്കണക്കിന് പ്രവാസി മലയാളികൾക്ക് തീരുമാനം ആശ്വാസമാകും.
🇸🇦സൗദി അറേബ്യയില്‍ ഇനി പ്രവാസികൾക്ക് സ്വത്ത് വാങ്ങാം.
✒️സൗദി അറേബ്യയിൽ വിദേശികൾക്കും സ്വത്ത് വാങ്ങാൻ അനുമതി. സൗദി പൗരന്മാരല്ലാത്തവർക്കും രാജ്യത്ത് സ്വത്ത് വാങ്ങാൻ അനുവദിക്കുന്നത് ചില നിബന്ധനകളുടെ അടിസ്ഥാനത്തിലാണ്. ഒരാള്‍ക്ക് ഒരു സ്വത്ത് മാത്രമേ വാങ്ങാനാകൂ. ആഭ്യന്തര വകുപ്പിന്റ അബ്ഷിര്‍ പോര്‍ട്ടല്‍ ഇതിനായി മൂന്ന് നിബന്ധനകൾ നിശ്ചയിച്ചിട്ടുണ്ട്. ആദ്യം ഇതിനായി പെര്‍മിറ്റ് നേടണം. ഇതിനുള്ള നിബന്ധനകളും അബ്ഷിറില്‍ വിശദീകരിച്ചിട്ടുണ്ട്.
മൂന്നു വ്യവസ്ഥകള്‍ ഇവയാണ്.
1. നിയമാനുസൃത താമസരേഖ ഉണ്ടാവണം
2. വാങ്ങാനുദ്ദേശിക്കുന്ന ഭൂമിയുടെ വിശദവിവരവും ആധാരത്തിന്റെ കോപ്പിയും നല്‍കണം
3. മറ്റ് സ്വത്തുവകകള്‍ സൗദിയില്‍ ഉണ്ടാകരുത്.
അബ്ഷിറിലെ മൈ സര്‍വീസ് വഴി ഇതിനായി അപേക്ഷ സമര്‍പ്പിക്കാം.
🇦🇪മലയാളി ഡോക്ടർ ദമ്പതികൾക്ക് യു.എ.ഇയില്‍ ഗോൾഡൻ വിസ.
✒️അബുദാബി ക്ലീവ്‌ലാൻഡ് ഹോസ്പിറ്റലിലെ ഫാമിലി മെഡിസിൻ കൺസൾറ്റൻറ് ഡോ. ബേനസിർ ഹക്കിമിനും കാർഡിയാക് അനസ്തേഷ്യ കൺസൽട്ടന്റ് ഡോ. ഫാസിൽ ആഷിഖിനും യു.എ.ഇ ഗവർമെന്റിന്റെ 10 വർഷത്തെ ഗോൾഡൻ വിസ ലഭിച്ചു. മെഡിക്കൽ രംഗത്തെ ഇരുവരുടെയും മികച്ച പ്രവർത്തനത്തിനാണ് ഈ അംഗീകാരം.
മസ്‍കത്തിലെ കിംസ് ഹോസ്‍പിറ്റൽ പാർട്ണറും അൽ ഹക്കിം ഇന്റർനാഷണൽ കമ്പനിയുടെ ചെയര്‍മാനുമായ ഡോ. വി.എം.എ ഹക്കിമിന്റെയും നെക്സ്റ്റ്ജൻ പബ്ലിക് സ്കൂൾ, മോഡേൺ നഴ്സറി എന്നിവയുടെ ഡയറക്ടർ റസിയ ഹക്കിമിന്റെയും മകളാണ് ഡോ . ബേനസിർ. മസ്‌കത്ത് ഇന്ത്യന്‍ സ്‍കൂള്‍ വിദ്യാർത്ഥിനിയായിരുന്നു ബേനസീർ.
🛫യാത്രക്കാരുടെ എണ്ണം കൂടി, വിദേശ രാജ്യങ്ങളിലേക്കുളള വിമാനയാത്ര നിരക്കും ഉയരുന്നു.
✒️വിദേശ രാജ്യങ്ങളിലേക്കുളള യാത്രക്കാരുടെ എണ്ണം കൂടിയതോടെ വിമാനയാത്ര നിരക്ക് കുത്തനെ കൂടുന്നു. കൊച്ചി-ദുബായ് ടിക്കറ്റ് നിരക്ക് ഇരട്ടിയോളമാണ് കൂടിയത്. ജോലിക്കും പഠനത്തിനുമായി ഉടന്‍ എത്തേണ്ടവര്‍ പോലും അമിത നിരക്ക് മൂലം യാത്ര മാറ്റി വയ്ക്കുകയാണ്. അതേസമയം അമിതനിരക്കിനെക്കുറിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയഷന്‍ അന്വേഷണം തുടങ്ങി.
കൊവിഡിന്‍റെ രണ്ടാം തരംഗത്തിന്‍റെ തീവ്ര ഘട്ടം അവസാനിക്കുകയും വിദേശ രാജ്യങ്ങളിലെ തൊഴിലിടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വീണ്ടും സജീവമാവുകയും ചെയ്തതോടെയാണ് വിമാനയാത്ര നിരക്ക് കുതിച്ചുയരാന്‍ തുടങ്ങിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ കേരളത്തില്‍ നിന്ന് വിവിധ വിദേശ രാജ്യങ്ങളിലേക്കുളള വിമാന യാത്ര നിരക്കില്‍ വന്ന വര്‍ദ്ധന
കൊച്ചി-ദുബായ് 35,000 രൂപയായിരുന്നത് 62,000 ആയി. കോഴിക്കോട്-ദുബായ് 25,000 ല്‍നിന്ന് 32,000 ആയും കൊച്ചി -ലണ്ടന്‍ 57,000 65,000 ആയും കൊച്ചി- ന്യൂയോര്‍ക്ക് 1,37,000 1,45,000 ആയും ഉയര്‍ന്നു. സൗദി, ബഹ്റൈന്‍ അടക്കമുളള രാജ്യങ്ങളിലേക്ക് നേരിട്ട് സര്‍വീസ് തുടങ്ങിയിട്ടുമുളള. ഇത്തരം രാജ്യങ്ങളിലേക്ക് പോകേണ്ടവര്‍ പലപ്പോഴും ഒരു ലക്ഷത്തിലേറെ രൂപ ചെലവിടേണ്ടതായും വരുന്നു. ഡിമാന്‍റ് കൂടുന്നതിനനുസരിച്ച് നിരക്ക് കൂട്ടുന്ന പതിവ് വിമാന സര്‍വീസ് കന്പനികള്‍ കൊവിഡ് കാലത്തും തുടരുന്നതാണ് പ്രധാന പ്രതിസന്ധി.
മാസങ്ങള്‍ക്ക് മുന്നേ കുറഞ്ഞനിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്തവരെ വിമാനം റദ്ദായെന്ന് അറിയിച്ച് തുക തിരികെ വാങ്ങാന്‍ നിര്‍ബന്ധിക്കുന്നതായും പരാതിയുണ്ട്. വീണ്ടും ടിക്കറ്റ് ബുക്ക് ചെയ്യുന്പോഴാകട്ടെ ഇരട്ടിയിലേറെ തുക കൊടുക്കേണ്ടിയും വരുന്നു. കൊവിഡ് കാലത്ത് വിദേശ രാജ്യങ്ങളില്‍ നിന്ന് 15 ലക്ഷത്തിലേറെ മലയാളികള്‍ തിരിക വന്നതായാണ് കണക്ക്.
ഇതില്‍ ഗണ്യമായൊരു പങ്ക് ആളുകളും തിരികെ പോകാനുളള ഒരുക്കത്തിലാണ്. വിദേശ സര്‍വകലാശലകളില്‍ അഡ്മിഷന്‍ എടുത്തിട്ടുളള വിദ്യാര്‍ത്ഥികള്‍ക്കും കുതിച്ചുയരുന്ന യാത്രാക്കൂലി താങ്ങാനാകുന്നില്ല. അതസമയം പ്രശ്നത്തില്‍ ഇടപെട്ട ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നിരക്കുകളുടെ വിശദാംശം സമര്‍പ്പിക്കാന്‍ എയര്‍ലൈന്‍ കന്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
🇸🇦സൗദി: ജ്വല്ലറികളിലെ ജീവനക്കാരുടെ വർക്ക് പെർമിറ്റുകളുമായി ബന്ധപ്പെട്ട് MHRSD ഉത്തരവ് പുറത്തിറക്കി.
✒️രാജ്യത്തെ സ്വർണ്ണ വില്പനശാലകളിലും, ജ്വല്ലറികളുടെ വില്പനശാലകളിലും തൊഴിലെടുക്കുന്നവർക്ക് വർക്ക് പെർമിറ്റുകൾ നിർബന്ധമാക്കിയതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്പ്‌മെന്റ് (MHRSD) അറിയിച്ചു. ഇത്തരം സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നവർക്ക് വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് MHRSD ഒരു ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.
ഓഗസ്റ്റ് 10-ന് വൈകീട്ട് MHRSD മന്ത്രി എഞ്ചിനീയർ അഹ്‌മദ് അൽ രജ്‌ഹിയാണ് ഈ ഉത്തരവ് പുറത്തിറക്കിയത്.
ഇത്തരം സ്ഥാപനങ്ങളിലെ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിർദ്ദേശങ്ങളാണ് MHRSD അറിയിച്ചിട്ടുള്ളത്:
ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മന്ത്രാലയത്തിൽ നിന്നുള്ള വർക്ക് പെർമിറ്റ് നിർബന്ധമാണ്.
സൗദി പൗരന്മാർക്ക് മാത്രമായിരിക്കും ഇത്തരം ഇടങ്ങളിൽ വർക്ക് പെർമിറ്റ് അനുവദിക്കുന്നത്.
മന്ത്രാലയം മുന്നോട്ടിവെച്ചിട്ടുള്ള നിബന്ധനകൾ പ്രകാരം ഈ മേഖലയിൽ തൊഴിൽ നൈപുണ്യമുള്ളവരായിരിക്കണം.
ഈ ഉത്തരവ് നടപ്പിലാക്കാൻ ആറ് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇത്തരം പെർമിറ്റുകൾക്ക് ഒരു വർഷത്തെ സാധുതയാണ് നൽകുന്നതെന്നും, ഇത് പിന്നീട് പുതുക്കാവുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി.
🇴🇲ഓൺലൈൻ തട്ടിപ്പുകൾ ലക്ഷ്യമിട്ടുള്ള വ്യാജ ഫോൺ കാളുകളെക്കുറിച്ച് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.
✒️വിവിധ തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾ ലക്ഷ്യമിട്ടുള്ള വ്യാജ ഫോൺ കാളുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ റോയൽ ഒമാൻ പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഇത്തരം തട്ടിപ്പ് സംഘങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താനും, ബാങ്ക് വിവരങ്ങൾ ഉൾപ്പടെയുള്ള സ്വകാര്യ വിവരങ്ങൾ മറ്റുള്ളവരുമായി പങ്ക് വെക്കാതിരിക്കാനും രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഓഗസ്റ്റ് 11, ബുധനാഴ്ച്ച രാവിലെയാണ് റോയൽ ഒമാൻ പോലീസ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് ആവർത്തിച്ചത്. ബാങ്ക് പ്രതിനിധികൾ, മറ്റു വാർത്താവിനിമയ സേവനദാതാക്കളുടെ പ്രതിനിധികൾ എന്നിങ്ങനെയെല്ലാം അവകാശപ്പെട്ടുകൊണ്ട്, സാമ്പത്തിക സഹായങ്ങളും, സമ്മാനതുകകളും മറ്റും വാഗ്ദാനം ചെയ്തു കൊണ്ട്, സമൂഹമാധ്യമങ്ങളിലൂടെയും മറ്റും വരുന്ന വ്യാജ ഫോൺ കാളുകൾ, സന്ദേശങ്ങൾ എന്നിവ അവഗണിക്കാൻ പോലീസ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.
ഇത്തരം എല്ലാ സന്ദേശങ്ങളും അവഗണിക്കാനും, ഇത്തരം സന്ദേശങ്ങൾ അയക്കുന്നവർക്ക് സ്വന്തം ബാങ്ക് വിവരങ്ങൾ, പിൻ നമ്പറുകൾ മുതലായവ ഒരു കാരണവശാലും നൽകരുതെന്നും പോലീസ് ആവശ്യപ്പെട്ടു. ഇത്തരം തട്ടിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ 800777444 എന്ന ഹോട്ട് ലൈൻ നമ്പറിലൂടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻക്വൈറീസ് ആൻഡ് ഇൻവെസ്റ്റിഗേഷൻസ് വിഭാഗവുമായി പൊതുജനങ്ങൾക്ക് പങ്ക് വെക്കാമെന്നും റോയൽ ഒമാൻ പോലീസ് കൂട്ടിച്ചേർത്തു.
🇦🇪അബുദാബി: പൊതുഇടങ്ങളിലേക്കുള്ള പ്രവേശനം വാക്സിനെടുത്തവർക്ക് മാത്രമാക്കാനുള്ള തീരുമാനം ഓഗസ്റ്റ് 20 മുതൽ നടപ്പിലാക്കും.
✒️എമിറേറ്റിലെ പൊതുഇടങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കും, വാക്സിനെടുക്കുന്നതിൽ ഔദ്യോഗികമായി ഇളവ് ലഭിച്ചവർക്കും മാത്രമാക്കി പരിമിതപ്പെടുത്താനുള്ള തീരുമാനം 2021 ഓഗസ്റ്റ് 20-ന് പ്രാബല്യത്തിൽ വരുമെന്ന് അബുദാബി അധികൃതർ ജനങ്ങളെ ഓർമ്മപ്പെടുത്തി. 2021 ഓഗസ്റ്റ് 10-ന് രാത്രിയാണ് അബുദാബി മീഡിയ ഓഫീസ് ഇത് സംബന്ധിച്ചുള്ള അറിയിപ്പ് നൽകിയത്.
2021 ഓഗസ്റ്റ് 20 മുതൽ എമിറേറ്റിലെ ഏതാനം പൊതു ഇടങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമാക്കി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി ജൂൺ 28-ന് അറിയിച്ചിരുന്നു. ഈ തീരുമാനം നടപ്പിലാക്കാൻ ഇനി പത്ത് ദിവസം മാത്രമാണ് അവശേഷിക്കുന്നതെന്ന് അബുദാബി മീഡിയ ഓഫീസ് ഓഗസ്റ്റ് 10-ന് രാത്രി ജനങ്ങളെ ഓർമ്മപ്പെടുത്തി.
എമിറേറ്റിൽ വാക്സിൻ സ്വീകരിക്കുന്നതിന് മുൻഗണന നൽകിയിട്ടുള്ള വിഭാഗങ്ങളിൽ ഏതാണ്ട് 93 ശതമാനത്തോളം പേർക്ക് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകിയ സാഹചര്യത്തിലാണ് ജൂൺ 28-ന് അബുദാബി അധികൃതർ ഇത്തരം ഒരു തീരുമാനം പ്രഖ്യാപിച്ചത്. ഈ തീരുമാന പ്രകാരം, അബുദാബിയിൽ 2021 ഓഗസ്റ്റ് 20 മുതൽ താഴെ പറയുന്ന ഇടങ്ങളിലേക്ക് വാക്സിനെടുത്തിട്ടുള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം നൽകുന്നത്:
ഷോപ്പിംഗ് മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ.
റെസ്റ്ററന്റുകൾ, കഫെ.
ജിം.
വിനോദ കേന്ദ്രങ്ങൾ.
കായികവിനോദ കേന്ദ്രങ്ങൾ.
വാണിജ്യ കേന്ദ്രങ്ങൾക്ക് പുറത്തുള്ള ചില്ലറവില്പനശാലകൾ. (ഫാർമസി, ചെറുകിട സൂപ്പർമാർക്കറ്റുകൾ എന്നിവയ്ക്ക് ബാധകമല്ല)
ഹെൽത്ത് ക്ലബ്.
റിസോർട്ട്.
മ്യൂസിയം, മറ്റു സാംസ്‌കാരിക കേന്ദ്രങ്ങൾ.
തീം പാർക്കുകൾ.
യൂണിവേഴ്സിറ്റികൾ, പഠനകേന്ദ്രങ്ങൾ.
സ്കൂൾ, നഴ്സറി.
ആരോഗ്യ കാരണങ്ങളാൽ COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കുന്നതിന് ബുദ്ധിമുട്ടുകളുള്ളവർ (ഇവർ നടപടിക്രമങ്ങൾ അനുസരിച്ച് ഈ ഇളവ് ഔദ്യോഗികമായി നേടിയിരിക്കണം; അൽ ഹൊസൻ ആപ്പിൽ ഈ സ്റ്റാറ്റസ് അടയാളപ്പെടുത്തിയിരിക്കണം), 15 വയസിന് താഴെ പ്രായമുള്ള കുട്ടികൾ എന്നീ വിഭാഗങ്ങൾക്ക് മാത്രമാണ് ഈ തീരുമാനത്തിൽ ഇളവ് അനുവദിച്ചിരിക്കുന്നത്. ഈ തീരുമാനം എമിറേറ്റിലെ ഫാർമസികൾ, ചെറുകിട സൂപ്പർമാർക്കറ്റുകൾ എന്നിവയ്ക്ക് ബാധകമാക്കിയിട്ടില്ല.
ഇത്തരം ഇടങ്ങളിലേക്ക് പ്രവേശനം ലഭിക്കുന്നതിനായി COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കും, വാക്സിനെടുക്കുന്നതിൽ ഔദ്യോഗികമായി ഇളവ് ലഭിച്ചവർക്കും, തങ്ങളുടെ സ്റ്റാറ്റസ് തെളിയിക്കുന്നതിനായി, അൽ ഹൊസൻ ആപ്പ് ഉപയോഗിക്കാവുന്നതാണ്.
🇦🇪യു എ ഇ: അൽ ഹൊസൻ ആപ്പിൽ കൂടുതൽ മാറ്റങ്ങൾ വരുത്തി; പുതുക്കിയ ആപ്പിൽ ഗ്രീൻ പാസ് മാനദണ്ഡങ്ങൾ പ്രകാരമുള്ള സ്റ്റാറ്റസ് രേഖപ്പെടുത്തും.
✒️രാജ്യത്തെ COVID-19 ട്രേസിങ്ങ് ആപ്പ് ആയ അൽ ഹൊസൻ (AlHosn) ആപ്പ് പുതിയ സേവനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് നവീകരിച്ചതായി യു എ ഇ അധികൃതർ വ്യക്തമാക്കി. ഓഗസ്റ്റ് 10-ന് വൈകീട്ടാണ് അബുദാബി മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
അൽ ഹൊസൻ ആപ്പിന്റെ പുതുക്കിയ പതിപ്പിൽ ഗ്രീൻ പാസ് മാനദണ്ഡങ്ങൾ പ്രകാരമുള്ള ഉപഭോക്താവിന്റെ ആരോഗ്യ സ്റ്റാറ്റസ് പ്രതിഫലിക്കുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി. ഉപഭോക്താവിന്റെ PCR പരിശോധനാ ഫലങ്ങൾ, COVID-19 വാക്സിനേഷൻ സ്റ്റാറ്റസ് എന്നിവ പ്രകാരമാണ് ഗ്രീൻ പാസ് മാനദണ്ഡങ്ങൾ പ്രകാരമുള്ള സ്റ്റാറ്റസ് ആപ്പിൽ രേഖപ്പെടുത്തുന്നത്.
പച്ച, ചാരം, ചുവപ്പ് എന്നിങ്ങനെ മൂന്ന് നിറങ്ങൾ ഉപയോഗിച്ചായിരിക്കും ആപ്പിൽ ഈ സ്റ്റാറ്റസ് രേഖപ്പെടുത്തുന്നത്. PCR പരിശോധനയിൽ ലഭിച്ച നെഗറ്റീവ് റിസൾട്ടിന്റെ സാധുത തീരുന്നത് വരെ പച്ച നിറത്തിലായിരിക്കും ആപ്പിൽ ഈ സ്റ്റാറ്റസ് പ്രതിഫലിക്കുന്നത്. ഇത്തരം പരിശോധനാഫലങ്ങളുടെ കാലാവധി അവസാനിച്ചിട്ടുണ്ടെങ്കിൽ ആപ്പിൽ ചാരനിറത്തിൽ അത് പ്രതിഫലിക്കുന്നതാണ്. PCR പരിശോധനയിൽ പോസിറ്റീവ് ആകുന്നവരുടെ സ്റ്റാറ്റസ് ചുവപ്പ് നിറത്തിൽ രേഖപ്പെടുത്തുന്നതാണ്.
അൽ ഹൊസൻ ആപ്പിന്റെ പുതുക്കിയ പതിപ്പിൽ വ്യക്തികളുടെ വാക്‌സിനേഷൻ വിവരങ്ങൾ, വാക്സിൻ സർട്ടിഫിക്കറ്റ്, യാത്രാ വിവരങ്ങൾ, QR കോഡ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യക്തികൾക്ക് തങ്ങളുടെ രക്ഷിതാക്കൾ, കുട്ടികൾ എന്നിവരെ ആപ്പിലേക്ക് ഉൾപ്പെടുത്തുന്നതിനും സാധിക്കുന്നതാണ്.
2021 ഓഗസ്റ്റ് 20 മുതൽ എമിറേറ്റിലെ പൊതു ഇടങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കും, വാക്സിനെടുക്കുന്നതിൽ ഔദ്യോഗികമായി ഇളവ് ലഭിച്ചവർക്കും മാത്രമാക്കി പരിമിതപ്പെടുത്താനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് അൽ ഹൊസൻ ആപ്പിൽ ഈ നവീകരണങ്ങൾ വരുത്തിയിട്ടുള്ളത്. ഇത്തരം ഇടങ്ങളിലേക്ക് പ്രവേശനം ലഭിക്കുന്നതിനായി COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കും, വാക്സിനെടുക്കുന്നതിൽ ഔദ്യോഗികമായി ഇളവ് ലഭിച്ചവർക്കും, തങ്ങളുടെ സ്റ്റാറ്റസ് തെളിയിക്കുന്നതിനായി, അൽ ഹൊസൻ ആപ്പ് ഉപയോഗിക്കാവുന്നതാണ്.
വിദേശത്ത് നിന്ന് COVID-19 വാക്സിൻ സ്വീകരിച്ചവരുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിന് അംഗീകാരം നൽകുന്നതിനും, ഇത്തരം യാത്രികർക്ക് ICA രജിസ്‌ട്രേഷനു അനുമതി നൽകാനും യു എ ഇ തീരുമാനിച്ചതായി NCEMA കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇവരുടെ വാക്സിനേഷൻ സ്റ്റാറ്റസ് ‘Al Hosn’ ആപ്പിൽ രേഖപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
യു എ ഇ: വിദേശത്ത് നിന്ന് വാക്സിനെടുത്ത യാത്രികർക്ക് ICA രജിസ്‌ട്രേഷനു അനുമതി നൽകാൻ തീരുമാനം
2021 ഓഗസ്റ്റ് 20 മുതൽ എമിറേറ്റിലെ ഷോപ്പിംഗ് മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ, റെസ്റ്ററന്റുകൾ, കഫെ, ജിം, വിനോദ കേന്ദ്രങ്ങൾ, കായികവിനോദ കേന്ദ്രങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾക്ക് പുറത്തുള്ള ചില്ലറവില്പനശാലകൾ തുടങ്ങിയ ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് അൽ ഹൊസൻ ആപ്പ് ഉപയോഗിച്ച് ആരോഗ്യ സ്റ്റാറ്റസ് തെളിയിക്കാവുന്നതാണ്.
🇦🇪യു എ ഇ: ദുബായ് വിസകളിലുള്ളവർക്ക് അബുദാബിയിലേക്ക് യാത്രചെയ്യാമെന്ന് ഇത്തിഹാദ്.
✒️ദുബായ് റെസിഡൻസി വിസകളിലുള്ള യാത്രികർക്ക് തങ്ങളുടെ വിമാനങ്ങളിൽ അബുദാബിയിലേക്ക് യാത്ര ചെയ്യാമെന്ന് ഇത്തിഹാദ് അറിയിച്ചു. ഓഗസ്റ്റ് 10-നാണ് ഇത്തിഹാദ് കസ്റ്റമർ സർവീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിരിക്കുന്നത്.
“നിങ്ങൾ ദുബായ് റെസിഡൻസി വിസയുള്ള വ്യക്തിയാണെങ്കിൽ നിങ്ങൾക്ക് അബുദാബിയിലേക്ക് യാത്ര ചെയ്യാവുന്നതാണ്.”, ദുബായ് റെസിഡൻസി വിസകളിലുള്ളവർക്ക് അബുദാബിയിലൂടെ യു എ ഇയിലേക്ക് പ്രവേശിക്കാനാകുമോ എന്ന ഒരു ഉപഭോക്താവിന്റെ ചോദ്യത്തിന് മറുപടിയായി ഇത്തിഹാദ് കസ്റ്റമർ സർവീസ് വ്യക്തമാക്കി. അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് PCR ടെസ്റ്റ് ആവശ്യമില്ലെന്നും ഇത്തിഹാദ് കസ്റ്റമർ സർവീസ് അറിയിച്ചിട്ടുണ്ട്.
https://www.etihad.com/en-ae/travel-updates/all-destinations-travel-guides എന്ന വിലാസത്തിൽ നൽകിയിട്ടുള്ള ഔദ്യോഗിക യാത്രാ നിബന്ധനകൾ പ്രകാരം, യു എ ഇയിൽ നിന്ന് രണ്ടാം ഡോസ് വാക്സിനെടുത്ത് 14 ദിവസം പൂർത്തിയാക്കിയ സാധുതയുള്ള യു എ ഇ വിസകളിലുള്ളവർക്കും, മെഡിക്കൽ ജീവനക്കാർ, വിദ്യാഭ്യാസ മേഖലയിൽ ജോലിയെടുക്കുന്നവർ, സർക്കാർ ജീവനക്കാർ തുടങ്ങിയ പ്രത്യേക ഇളവുകളുള്ള വിഭാഗങ്ങൾക്കുമാണ് ഇന്ത്യയിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശനാനുമതി നൽകുന്നത്. യു എ ഇയിൽ ചികിത്സാർത്ഥം യാത്രചെയ്യുന്നവർ, യു എ ഇ ഗോൾഡൻ, സിൽവർ വിസകളിലുള്ളവർ എന്നീ വിഭാഗങ്ങൾക്കും പ്രവേശനത്തിന് അനുമതിയുണ്ട്.
താഴെ പറയുന്ന മാനദണ്ഡങ്ങൾ പ്രകാരമാണ് യു എ ഇയിലേക്ക് പ്രവേശനം അനുവദിക്കുന്നതെന്ന് ഇത്തിഹാദ് വ്യക്തമാക്കിയിട്ടുണ്ട്:
ഇവർ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്ററ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ (ICA) മുൻകൂർ അനുമതി നേടിയിരിക്കണം. https://smartservices.ica.gov.ae/echannels/web/client/guest/index.html#/registerArrivals എന്ന വിലാസത്തിലൂടെ ICA-യുടെ മുൻകൂർ അനുമതിക്കായി അപേക്ഷിക്കാവുന്നതാണ്. വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ICA-യിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ICA പോർട്ടലിൽ മുൻകൂർ അനുമതി ലഭിച്ചവർക്ക് (പോർട്ടലിൽ അപ്രൂവൽ സ്റ്റാറ്റസ് ഒരു ഗ്രീൻ ടിക്ക് ചിഹ്നത്തിൽ അടയാളപ്പെടുത്തുന്നതാണ്) യാത്ര ചെയ്യാവുന്നതാണ്.
ഇത്തരം യാത്രികർ അബുദാബിയിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ നേടിയ PCR പരിശോധനാ നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്. ഈ PCR റിസൾട്ടിന്റെ ആധികാരിത തെളിയിക്കുന്നതിനായി സർട്ടിഫിക്കറ്റിൽ QR കോഡ് നിർബന്ധമാണ്.
ഇവർക്ക് യാത്ര പുറപ്പെടുന്ന എയർപോർട്ടിൽ വിമാനത്തിലേക്ക് കയറുന്നതിന് മുൻപായി നാല് മണിക്കൂറിനിടയിൽ നേടിയ COVID-19 റാപിഡ് PCR ടെസ്റ്റ് റിസൾട്ട് നിർബന്ധമാണ്. ഈ പരിശോധനയ്ക്കായി യാത്ര പുറപ്പെടുന്ന വിമാനത്താവളത്തിൽ യാത്രാ സമയത്തിന് ആറ് മണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യേണ്ടതാണ്.
ഇവർക്ക് യു എ ഇയിലെത്തിയ ശേഷം ഒരു PCR ടെസ്റ്റ് ഉണ്ടായിരിക്കും.
ഇന്ത്യയിൽ നിന്നുള്ളവർക്ക് അബുദാബിയിലെത്തിയ ശേഷം 12 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്.
ഇവർ ക്വാറന്റീൻ കാലാവധിയിൽ കൈകളിൽ ധരിക്കുന്ന ട്രാക്കിങ്ങ് ഉപകരണം ധരിക്കേണ്ടതാണ്.
അബുദാബി എയർപോർട്ടിൽ നിന്ന് എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതോടെ യാത്രികർക്ക് അധികൃതർ ഈ ട്രാക്കിങ്ങ് ഉപകരണം നൽകുന്നതാണ്.
ഇവർക്ക് ആറാം ദിനത്തിലും, പതിനൊന്നാം ദിനത്തിലും PCR പരിശോധന നിർബന്ധമാണ്.
🇶🇦ഖത്തറില്‍ ഇന്ന് 227 പേര്‍ക്ക് കോവിഡ്; 207 രോഗമുക്തി.
✒️ഖത്തറില്‍ ഇന്ന് 227 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം. ഇതില്‍ 76 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 207 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 225,420 ആയി. രാജ്യത്ത് തുടര്‍ച്ചയായി 12ാം ദിവസവും കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ കൊവിഡ് മരണം 601 ആണ്.
2,325 പേരാണ് ഖത്തറില്‍ നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 23 പേര്‍ ഐ.സി.യുവില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടുപേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. പുതുതായി 8 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 93 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 21,570 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാകസിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 40,12,536 ഡോസ് വാക്‌സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 77 ശതമാനം പേര്‍ ചുരുങ്ങിയത് ഒരു ഡോസ് വാക്സിനെടുത്തു.
🇰🇼കുവൈത്തില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് അംഗീകാരം നല്‍കുന്ന പ്രവര്‍ത്തി പുരോഗമിക്കുന്നു; 18 വയസ്സില്‍ താഴെയുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ വേണ്ട.
✒️ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ സര്‍ട്ടിഫിക്കറ്റിനു അംഗീകാരം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തിയതായി കുവൈത്ത് ഇന്ത്യന്‍ എംബസി. ഗര്‍ഭിണികള്‍ക്കും 18 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കും കുവൈത്തിലേക്ക് പ്രവേശിക്കുന്നതിന് വാക്‌സിന്‍ വേണ്ടെന്നും എംബസി അറിയിച്ചു.
അംബാസഡര്‍ സിബി ജോര്‍ജ് കുവൈത്ത് ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. മുസ്തഫ അല്‍രിദയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യക്കാരുടെ മടക്കയാത്ര ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയായത്. ഇന്ത്യന്‍ ആരോഗ്യ ജീവനക്കാര്‍ക്കും കുടുംബത്തിനും കുവൈത്തിലേക്കുള്ള പ്രവേശനം ഉടന്‍ അനുവദിക്കും.
വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ ക്യൂആര്‍ കോഡ് സ്‌കാനിങ്ങുമായ ബന്ധപ്പെട്ട് പ്രശ്‌നമുണ്ടെങ്കില്‍ തത്സമയം പരിഹരിക്കുമെന്നും ഡോ. മുസ്തഫ അല്‍ രിദ പറഞ്ഞു. ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ എടുത്ത് ആരോഗ്യമന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അംഗീകാരം ലഭിച്ചു തുടങ്ങിയതായാണ് വിവരം.
🇶🇦ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്‍ 40 ലക്ഷം കടന്നു.
✒️ഖത്തര്‍ കോവിഡ് വാക്‌സിനേഷന്‍ കാമ്പയ്‌നില്‍ സുപ്രധാനമായൊരു നാഴികക്കല്ല് കൂടി. 40 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ എന്ന ലക്ഷ്യം കഴിഞ്ഞ 24 മണിക്കൂറിനിടെ പൂര്‍ത്തിയാക്കിയതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് വാക്‌സിനേഷന്‍ ആരംഭിച്ചതു മുതല്‍ 40,12,536 ഡോസ് വാക്‌സിനാണ് നല്‍കിയത്. 12 വയസ്സിനും അതിന് മുകളിലും പ്രായമുള്ള 88.8 ശതമാനം പേര്‍ക്ക് ഇതിനകം ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
🇴🇲ഒമാനില്‍ രണ്ട് ദിവസത്തിനിടെ 20 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.
✒️കഴിഞ്ഞ 48 മണിക്കൂറിനിടെ ഒമാനില്‍ 476 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. രണ്ട് ദിവസത്തിനിടെ 20 കോവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം 1,015 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. തിങ്കളാഴ്ച 268 പേര്‍ക്കും ചൊവ്വാഴ്ച 208 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ ഒമാനില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,968 ആയി ഉയര്‍ന്നു. ഇതുവരെയുള്ള കണക്കുകല്‍ പ്രകാരം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 299,418 ആയി. ഇവരില്‍ 286,679 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 22 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 299 പേരാണ് വിവിധ ആരോഗ്യ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 129 പേര്‍ ഐ.സി.യുവിലാണ്.
0 Comments