🇸🇦സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ച വിദേശികളടക്കമുള്ള ആരോഗ്യ പ്രവർത്തകരുടെ ആശ്രിതര്‍ക്ക് സഹായ വിതരണം ആരംഭിച്ചു.
🇴🇲ഹിജ്റ വര്‍ഷാരംഭം; ഒമാനില്‍ അവധി പ്രഖ്യാപിച്ചു.
🇸🇦സൗദി അറേബ്യയിൽ പുതിയ കൊവിഡ് രോഗികളുടെയും രോഗമുക്തരുടെയും എണ്ണം കുറഞ്ഞു.
🇦🇪യുഎഇയിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു.
🇦🇪കൊവിഡ് പരിശോധനയ്‍ക്ക് നിശ്ചിത നിരക്കിലധികം ഈടാക്കരുത്; അബുദാബിയിലെ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്.
🇦🇪യുഎഇയില്‍ 1410 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് നാല് മരണം.
🇦🇪ഇന്ത്യയില്‍ വാക്സിനെടുത്തവര്‍ക്ക് തത്കാലം യുഎഇയിലേക്ക് പ്രവേശിക്കാനാവില്ല; വിശദീകരണവുമായി വിമാനക്കമ്പനികള്‍.
🇴🇲ഒമാനില്‍ 686 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, 30 മരണം.
🇶🇦കൊവിഡ് മുന്‍കരുതല്‍ ലംഘനം; ഖത്തറില്‍ 88 പേര്‍ക്കെതിരെ കൂടി നടപടി.
🇸🇦സൗദി: വിദേശ ഉംറ തീർത്ഥാടകാരിൽ നിന്നുള്ള അപേക്ഷകൾ സ്വീകരിക്കുന്ന നടപടികൾ ഓഗസ്റ്റ് 9 മുതൽ ആരംഭിക്കും.
🇶🇦ഖത്തർ: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ് വാക്സിനെടുക്കാൻ വിദ്യാർത്ഥികളോട് ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു.
🇸🇦സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിമൂവായിരത്തോളം പേർ ഒരാഴ്ച്ചയ്ക്കിടയിൽ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം.
🇦🇪യു എ ഇ: എമിറേറ്റ്സ് ഐഡി കാർഡിന്റെ നവീകരിച്ച പതിപ്പ് പുറത്തിറക്കിയതായി ICA.
🇧🇭ബഹ്‌റൈൻ: സംശയകരമായ വാട്സ്ആപ്പ് ഗ്രൂപ്പുകളെക്കുറിച്ച് ആന്റി സൈബർ ക്രൈം വിഭാഗം മുന്നറിയിപ്പ് നൽകി.
🇶🇦ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ 200ന് മുകളില്‍; സമ്പര്‍ക്ക കേസുകള്‍ വര്‍ധിക്കുന്നു.
🇴🇲അലക്ഷ്യമായി മാസ്ക് വലിച്ചെറിഞ്ഞാൽ 100 റിയാൽ പിഴ.

വാർത്തകൾ വിശദമായി
🇸🇦സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ച വിദേശികളടക്കമുള്ള ആരോഗ്യ പ്രവർത്തകരുടെ ആശ്രിതര്‍ക്ക് സഹായ വിതരണം ആരംഭിച്ചു.
✒️സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ച വിദേശികളടക്കമുള്ള ആരോഗ്യ പ്രവർത്തകരുടെ അനന്തരാവകാശികൾക്ക് അഞ്ച് ലക്ഷം റിയാലിന്റെ സഹായ വിതരണം ആരംഭിച്ചു. കഴിഞ്ഞ ഡിസംബറിൽ സൗദി മന്ത്രിസഭായോഗം എടുത്ത തീരുമാന പ്രകാരമാണ് ഇപ്പോൾ ധനസഹായ വിതരണം.
കൊവിഡ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച രാജ്യത്തെ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആതുരാലയങ്ങളിലും ജോലി ചെയ്ത ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ അനന്തരാവകാശികൾക്കാണ് അഞ്ച് ലക്ഷം റിയാലിന്റെ ധനസഹായം ലഭിക്കുക.
സൗദിയിൽ ഈ കാലയളവിൽ ആയിരത്തിലേറെ ഇന്ത്യക്കാരാണ് മരിച്ചത്. അതിൽ നല്ലൊരു പങ്ക് മലയാളികളാണ്. ആരോഗ്യപ്രവർത്തകരും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇവരുടെ കുടുംബാംഗങ്ങൾക്കും ധനസഹായം ലഭിക്കാൻ സാധ്യതയുണ്ട്. എന്തൊക്കെയാണ് മാനദണ്ഡങ്ങൾ, ആർക്കൊക്കെയാണ് ധനസഹായം ലഭിക്കുക എന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ വ്യക്തതയുണ്ടാവും.
🇴🇲ഹിജ്റ വര്‍ഷാരംഭം; ഒമാനില്‍ അവധി പ്രഖ്യാപിച്ചു.
✒️ഒമാനില്‍ ഹിജ്റ വര്‍ഷാരംഭം ഓഗസ്റ്റ് പത്ത് ചൊവ്വാഴ്‍ചയായിരിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. ഞായറാഴ്‍ച വൈകുന്നേരം മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ തിങ്കളാഴ്‍ച ദുല്‍ഹജ്ജ് മാസത്തിലെ അവസാന ദിനമായി കണക്കാക്കും. ചൊവ്വാഴ്‍ചയായിരിക്കും മുഹറം ഒന്ന്.
ഹിജ്റ പുതുവര്‍ഷാരംഭം രാജ്യത്തെ പൊതു സ്വകാര്യ മേഖലകളിലെ കമ്പനികള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന് രാജ്യത്തെ മതകാര്യ മന്ത്രാലയം ഹിജ്റ പുതുവത്സരപ്പിറവി ആശംസകള്‍ നേര്‍ന്നു.
🇸🇦സൗദി അറേബ്യയിൽ പുതിയ കൊവിഡ് രോഗികളുടെയും രോഗമുക്തരുടെയും എണ്ണം കുറഞ്ഞു.
✒️സൗദി അറേബ്യയിൽ പുതിയ കൊവിഡ് ബാധിതരുടെയും രോഗമുക്തി നേടുന്നവരുടെയും പ്രതിദിന കണക്കിൽ കാര്യമായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 731 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 620 പേരാണ് രോഗമുക്തി നേടിയതെന്ന് സൗദി ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. രാജ്യവ്യാപകമായി 14 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
രാജ്യമാകെ ഇന്ന് 79,200 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,33,516 ആയി. ഇതിൽ 5,14,982 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,333 ആണ്. ചികിത്സയിലുള്ളവരുടെ എണ്ണം 10,200 ആയി കുറഞ്ഞു. ഇതിൽ 1,405 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.4 ശതമാനമായും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 151, കിഴക്കൻ പ്രവിശ്യ 132, റിയാദ് 129, ജീസാൻ 67, അസീർ 60, അൽഖസീം 49, മദീന 39, നജ്റാൻ 35, ഹായിൽ 32, തബൂക്ക് 16, അൽബാഹ 7, വടക്കൻ അതിർത്തി മേഖല 7, അൽജൗഫ് 7. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് 29,604,201 ഡോസായി.
🇦🇪യുഎഇയിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു.
✒️യുഎഇയില്‍ നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് കമ്മിറ്റി. ഷോപ്പിങ് മാളുകളിലും ഹോട്ടലുകളിലും, ഭക്ഷണശാലകളിലും ഉള്‍പ്പെടെ ഇനി കൂടുതല്‍ പേര്‍ക്ക് പ്രവേശിക്കാനാവും.
രാജ്യത്തെ ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍, സിനിമാ തീയറ്ററുകള്‍, ഭക്ഷണ ശാലകള്‍ എന്നിവിടങ്ങളില്‍ ഇനി മുതല്‍ ആകെ ശേഷിയുടെ 80 ശതമാനം പേരെ പ്രവേശിപ്പിക്കാം. റസ്റ്റോറന്റുകളിലും കഫേകളിലും ഒരു ടേബിളില്‍ ഇരിക്കാവുന്നവരുടെ പരമാവധി എണ്ണം 10 ആക്കി. എന്നാല്‍ റസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഒഴികെ മറ്റ് സമയങ്ങളില്‍ മാസ്‍ക് ധരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
പരിപാടികളില്‍ ആകെ ശേഷിയുടെ 60 ശതമാനം ആളുകള്‍ക്ക് പ്രവേശനം അനുവദിക്കാം. ഇവിടെയും മാസ്‍ക് ധരിക്കുകയും സാമൂഹിക അകലം ഉറപ്പുവരുത്തുകയും വേണം. പരിപാടികളിലും പ്രദര്‍ശനങ്ങളിലും രണ്ട് ഡോസ് കൊവിഡ് വാക്സിനും എടുത്തവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. വിവാഹ ഹാളുകളിലും ആകെ ശേഷിയുടെ 60 ശതമാനം പേര്‍ക്ക് പ്രവേശനം നല്‍കാം. എന്നാല്‍ ആകെ അതിഥികളുടെ എണ്ണം 300ല്‍ കവിയാന്‍ പാടില്ല.
🇦🇪കൊവിഡ് പരിശോധനയ്‍ക്ക് നിശ്ചിത നിരക്കിലധികം ഈടാക്കരുത്; അബുദാബിയിലെ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്.
✒️കൊവിഡ് പി.സി.ആര്‍ പരിശോധനയ്‍ക്ക് അധികൃതര്‍ നിശ്ചയിച്ച് നല്‍കിയിട്ടുള്ള ഏകീകൃത നിരക്ക് കര്‍ശനമായി പാലിക്കണമെന്ന് അബുദാബി ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. സ്വാബ് കളക്ഷന്‍, പരിശോധന, പരിശോധനാ ഫലത്തിന്റെ റിപ്പോര്‍ട്ടിങ് എന്നിവ ഉള്‍പ്പെടെ 65 ദിര്‍ഹമാണ് നിരക്ക്. സാധാരണ പരിശോധനയ്‍ക്കും എമര്‍ജന്‍സി സേവനത്തിനും ഇതേ നിരക്ക് മാത്രമേ ഈടാക്കാന്‍ പാടൂള്ളൂ.
ഏതെങ്കിലും സ്ഥാപനങ്ങള്‍ ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്‍ച വരുത്തിയതായി കണ്ടെത്തിയാല്‍ അവിടെ പി.സി.ആര്‍ പരിശോധനാ സേവനങ്ങള്‍ അവസാനിപ്പിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ നിയമപ്രകാരമുള്ള പിഴയും ചുമത്തും. രോഗലക്ഷണങ്ങളില്ലാത്തവരുടെ പരിശോധനാ ഫീസ് അതത് വ്യക്തികള്‍ തന്നെ വഹിക്കണം. അല്ലാത്തവരുടെ പരിശോധനാ നിരക്ക് സര്‍ക്കാര്‍ പദ്ധതികള്‍ വഴി നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. നേരത്തെ കൊവിഡ് പരിശോധനയ്‍ക്ക് അധിക നിരക്ക് ഈടാക്കിയ ഒരു സ്ഥാപനത്തിന് പിഴ ചുമത്തിയിരുന്നു. ഏതെങ്കിലും സ്ഥാപനങ്ങള്‍ നിയമ ലംഘനം നടത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ 024193845 എന്ന നമ്പറിലോ healthsystemfinancing@doh.gov.ae എന്ന ഇമെയില്‍ വിലാസത്തിലോ അറിയിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
🇦🇪യുഎഇയില്‍ 1410 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് നാല് മരണം.
✒️യുഎഇയില്‍ 1,410 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,399 പേര്‍ സുഖം പ്രാപിക്കുകയും നാല് പേര്‍ മരണപ്പെടുകയും ചെയ്തു.
പുതിയതായി നടത്തിയ 2,74,480 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,92,964 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,69,953 പേര്‍ രോഗമുക്തരാവുകയും 1,975 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 21,036 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🇦🇪ഇന്ത്യയില്‍ വാക്സിനെടുത്തവര്‍ക്ക് തത്കാലം യുഎഇയിലേക്ക് പ്രവേശിക്കാനാവില്ല; വിശദീകരണവുമായി വിമാനക്കമ്പനികള്‍.
✒️ഇന്ത്യയില്‍ നിന്ന് കൊവിഷീല്‍ഡ് വാക്സിനെടുത്തവര്‍ക്ക് നിലവില്‍ യുഎഇയിലേക്ക് പ്രവേശിക്കാനാവില്ലെന്ന് വിമാനക്കമ്പനികളായ എമിറേറ്റ്സും ഇത്തിഹാദും അറിയിച്ചു. യുഎഇയില്‍ വാക്സിനെടുത്തവര്‍ക്ക് മാത്രമേ ഇപ്പോള്‍ പ്രവേശന അനുമതി ലഭിക്കുകയുള്ളൂ എന്നും കമ്പനികള്‍ അറിയിച്ചു. പാകിസ്ഥാനിലും ശ്രീലങ്കയിലും നിന്നുള്ള പ്രവാസികളില്‍ സിനോഫാം, ആസ്‍ട്രസെനിക, മൊഡേണ, സ്‍പുട്‍നിക്, ഫൈസര്‍ ബയോഎന്‍ടെക് എന്നീ വാക്സിനുകള്‍ എടുത്തവര്‍ക്കും പ്രവേശന അനുമതിയില്ല.
കഴിഞ്ഞയാഴ്‍ചയാണ് ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി യുഎഇയിലേക്ക് വരാനുള്ള അനുമതി ലഭിച്ചത്. ഇന്ത്യയില്‍ നിന്ന് യുഎഇ അംഗീകരിച്ച വാക്സിനെടുത്തവര്‍ക്ക് മടങ്ങിപ്പോകാനാകുമോ എന്ന വിവരം അന്വേഷിച്ച് നിരവധിപ്പേരാണ് വിമാനക്കമ്പനികളെ സമീപിച്ചത്. സോഷ്യല്‍ മീഡിയ വഴി ലഭിച്ച ഇത്തരത്തിലെ അന്വേഷണങ്ങള്‍ക്ക് മറുപടിയായാണ് അധികൃതര്‍ വിശദീകരണം നല്‍കിയത്.
യുഎഇയില്‍ വെച്ചുതന്നെ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച് യുഎഇയിലെ അംഗീകൃത ആരോഗ്യ സ്ഥാപനങ്ങള്‍ നല്‍കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്ക് മാത്രമാണ് നലവില്‍ പ്രവേശന അനുമതി നല്‍കുന്നതെന്ന് വിമാനക്കമ്പനികള്‍ അറിയിച്ചു. അതേസമയം നിബന്ധനകളില്‍ മാറ്റം വരാമെന്നും ഏറ്റവും പുതിയ അറിയിപ്പുകള്‍ക്കായി ഔദ്യോഗിക വെബ്‍സൈറ്റ് സന്ദര്‍ശിക്കാനും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
🇴🇲ഒമാനില്‍ 686 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, 30 മരണം.
✒️ഒമാനില്‍ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 686 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്താകമാനം 30 മരണങ്ങള്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തു.
ഇതുവരെ രാജ്യത്ത് ആകെ 2,98,706 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2,85,057 പേര്‍ക്ക് ആകെ രോഗം ഭേദമായി. രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 95.4 ശതമാനമായി ഉയര്‍ന്നു. 3,936 പേരാണ് കൊവിഡ് മൂലം ഒമാനില്‍ ഇതുവരെ മരണപ്പെട്ടിട്ടുള്ളത്. നിലവില്‍ 359 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 163 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
🇶🇦കൊവിഡ് മുന്‍കരുതല്‍ ലംഘനം; ഖത്തറില്‍ 88 പേര്‍ക്കെതിരെ കൂടി നടപടി.
✒️ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 88 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 77 പേരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്.
സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 11 പേരെയും പരിശോധനകളില്‍ പിടികൂടി. എല്ലാവരെയും തുടര്‍നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.
🇸🇦സൗദി: വിദേശ ഉംറ തീർത്ഥാടകാരിൽ നിന്നുള്ള അപേക്ഷകൾ സ്വീകരിക്കുന്ന നടപടികൾ ഓഗസ്റ്റ് 9 മുതൽ ആരംഭിക്കും.
✒️COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വിദേശികളിൽ നിന്നുള്ള ഉംറ തീർത്ഥാടനത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന നടപടികൾ ഓഗസ്റ്റ് 9 മുതൽ ആരംഭിക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഓഗസ്റ്റ് 8, ഞായറാഴ്ച്ച രാവിലെയാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് ഉംറ പെർമിറ്റുകൾ അനുവദിക്കുന്നതിനുള്ള അപേക്ഷകൾ ഓഗസ്റ്റ് 9 മുതൽ പടിപടിയായി സ്വീകരിച്ച് തുടങ്ങുമെന്നും, വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ഉംറ തീർത്ഥാടനം 2021 ഓഗസ്റ്റ് 10 മുതൽ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കർശനമായ COVID-19 സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് മക്കയിലും, മദീനയിലും തീർത്ഥാടകർക്ക് പ്രവേശനം അനുവദിക്കുന്നത്. ഉംറ അപേക്ഷകളോടൊപ്പം മുഴുവൻ തീർത്ഥാടകരും തങ്ങളുടെ വാക്സിനേഷൻ രേഖകൾ നൽകേണ്ടതാണ്.
മാസം തോറും 2 ദശലക്ഷം തീർത്ഥാടകർക്ക് ഉംറ അനുഷ്ഠിക്കുന്നതിനുള്ള അനുമതി നൽകുന്ന രീതിയിലേക്ക് തീർത്ഥാടനം വിപുലീകരിക്കുമെന്നാണ് സൗദി പ്രസ് ഏജൻസി അറിയിച്ചിരിക്കുന്നത്.
🇶🇦ഖത്തർ: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ് വാക്സിനെടുക്കാൻ വിദ്യാർത്ഥികളോട് ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു.
✒️വിദ്യാലയങ്ങൾ തുറക്കുന്നതിന് മുൻപായി, രാജ്യത്തെ 12 മുതൽ 15 വയസ് വരെ പ്രായമുള്ള വിദ്യാർത്ഥികളുടെ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാൻ ഖത്തർ ആരോഗ്യ മന്ത്രാലയം രക്ഷിതാക്കളോട് ആഹ്വാനം ചെയ്തു. മുഴുവൻ വിദ്യാർത്ഥികളുടെയും സുരക്ഷ മുൻനിർത്തി ഈ നടപടി പ്രധാനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഖത്തർ ആരോഗ്യ മന്ത്രാലയത്തിലെ വാക്സിനേഷൻ വിഭാഗം തലവൻ ഡോ. സോഹ അൽ ബയതാണ് ഇക്കാര്യം അറിയിച്ചത്. 12 മുതൽ 15 വയസ്സ് വരെയുളള പ്രായമുള്ളവരിൽ COVID-19 രോഗബാധ ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി ഇതുവരെ കണ്ടിട്ടില്ലെങ്കിലും, ഇവരിൽ രോഗം കൂടുതൽ ദിവസങ്ങൾ നീണ്ട് നിൽക്കുന്നതായും, ഇവരിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം വ്യാപിക്കാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
ഇതിനാൽ ഈ വിഭാഗം കുട്ടികളുടെ രക്ഷിതാക്കൾ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപായി കുട്ടികൾക്ക് COVID-19 വാക്സിൻ നൽകുന്നതിൽ ശ്രദ്ധ ചെലുത്തണമെന്ന് അവർ ആവശ്യപ്പെട്ടു. രാജ്യത്ത് ഇതുവരെ COVID-19 വാക്സിനെടുക്കാത്തവരോട്, എത്രയും വേഗം വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാനും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
🇸🇦സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിമൂവായിരത്തോളം പേർ ഒരാഴ്ച്ചയ്ക്കിടയിൽ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം.
✒️രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച ഏതാണ്ട് പതിമൂവായിരത്തോളം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2021 ജൂലൈ 29 മുതൽ ഓഗസ്റ്റ് 4 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും 12899 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതിൽ 4130 പേർ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റിലായത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1048 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 7721 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇത്തരം ലംഘനങ്ങളുമായി ബന്ധപ്പെട്ട് ഏതാണ്ട് 6380 പേരെ നാടുകടത്തിയതായും അധികൃതർ വ്യക്തമാക്കി.
അനധികൃതമായി സൗദി അതിർത്തികളിലൂടെ നുഴഞ്ഞ് കയറാൻ ശ്രമിച്ച 322 പേരെയും ഈ കാലയളവിൽ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 49 ശതമാനം പേർ എത്യോപ്യൻ പൗരന്മാരും, 49 ശതമാനം പേർ യെമൻ പൗരന്മാരും, 2 ശതമാനം പേർ മറ്റു രാജ്യങ്ങളിൽ നിന്നുമുള്ളവരാണ്.
റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികൾ, അനധികൃത തൊഴിലാളികൾ, കുടിയേറ്റക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ സെക്യൂരിറ്റി വിഭാഗങ്ങളുമായി പങ്ക് വെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം ഏതാനം ദിവസങ്ങൾക്ക് മുൻപ് രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടിരുന്നു. ഇത്തരക്കാരെ കണ്ടെത്തി നടപടികൾ കൈക്കൊള്ളുന്നതിനായി രാജ്യത്തെ വിവിധ സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധനാ പരിപാടികൾ അതിവിപുലമായി നടത്തിവരികയാണ്.
ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കുന്നതിനുള്ള നമ്പറുകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റു മേഖലകളിൽ 999 എന്ന നമ്പറിലും ഇത്തരം നിയമലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.
ജൂലൈ 22 മുതൽ 28 വരെയുള്ള കാലയളവിൽ രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12642 പേരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ രാജ്യത്ത് അഞ്ച് ദശലക്ഷത്തിൽ പരം അനധികൃത കുടിയേറ്റക്കാർക്കെതിരെയും, റെസിഡൻസി നിയമങ്ങൾ ലംഘിച്ചവർക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
രാജ്യത്ത് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നത് വലിയ കുറ്റകൃത്യമാണെന്ന് സൗദി ആഭ്യന്തര വകുപ്പ് മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നൈഫ് 2021 ജൂലൈ 3-ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരക്കാർക്ക് വിവിധ സഹായങ്ങൾ നൽകുന്നതും, ഇവർക്ക് യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതും, വിവിധ സേവനങ്ങൾ നൽകുന്നതും ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കുമെന്നും, ഇത്തരം പ്രവർത്തനങ്ങൾക്ക് പിടിക്കപ്പെടുന്നവർക്ക് 15 വർഷം വരെ തടവും, ഒരു മില്യൺ റിയാൽ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണെന്നും സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിട്ടുണ്ട്.
🇦🇪യു എ ഇ: എമിറേറ്റ്സ് ഐഡി കാർഡിന്റെ നവീകരിച്ച പതിപ്പ് പുറത്തിറക്കിയതായി ICA.
✒️എമിറേറ്റ്സ് ഐഡി കാർഡിന്റെ പുതുക്കിയതും, നവീകരിച്ചതുമായ പതിപ്പ് പുറത്തിറക്കിയതായി യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) അറിയിച്ചു. ഇത്തരം പുതിയ ഐഡി കാർഡുകൾ ഉപഭോക്താക്കൾക്ക് നൽകുന്ന നടപടികൾ ആരംഭിച്ചതായും ICA കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് 7-ന് രാത്രിയാണ് ICA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. പുതിയ തലമുറയിൽപ്പെട്ട എമിറാത്തി പാസ്സ്‌പോർട്ട്, നാഷണൽ ഐഡൻറിറ്റി കാർഡ് പദ്ധതിയുടെ ഭാഗമായാണ് ഈ നവീകരിച്ച എമിറേറ്റ്സ് ഐഡി കാർഡ് പുറത്തിറക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ജനങ്ങൾക്ക് അന്തർദേശീയ നിലവാരത്തിലുള്ള സേവനങ്ങൾ നൽകുന്നതിനുള്ള യു എ ഇ അധികൃതരുടെ നയത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ICA ആക്ടിങ്ങ് ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സഈദ് അൽ ഖൈലി അറിയിച്ചു. രണ്ടാം തലമുറയിൽപ്പെട്ട ഈ ഐഡി കാർഡിൽ സൂക്ഷിച്ചിട്ടുള്ള വിവരങ്ങൾ നൂതന സാങ്കേതികവിദ്യയിലൂടെയാണ് സുരക്ഷിതമാക്കിയിട്ടുള്ളതെന്ന് ICA വ്യക്തമാക്കി.
എമിറേറ്റ്സ് ഐഡി കാർഡിന്റെ നവീകരിച്ച പതിപ്പ് പുതിയ രൂപരേഖപ്രകാരമാണ് തയ്യാറാക്കിയിരിക്കുന്നത്. കൃത്രിമമായി ഇത്തരം കാർഡുകൾ നിർമ്മിക്കുന്നത് തടയുന്നതിനുള്ള സുരക്ഷാ സാങ്കേതിക വിദ്യകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 10 വർഷത്തോളം കേടുപാടുകൾ കൂടാതെ ഉപയോഗിക്കാനാകുന്ന രീതിയിൽ പോളികാർബണേറ്റുകൾ ഉപയോഗിച്ചാണ് ഈ കാർഡുകൾ നിർമ്മിച്ചിരിക്കുന്നത്. വ്യക്തിയുടെ ജനനത്തീയതി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രത്യേക 3D ഫോട്ടോയും ഈ കാർഡിൽ ആലേഖനം ചെയ്തിട്ടുണ്ട്.
കാർഡിനകത്ത് വ്യക്തിയുടെ തൊഴിൽപരമായ വിവരങ്ങൾ ഉൾപ്പടെയുള്ള കൂടുതൽ വിവരങ്ങൾ അധികമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ICA വ്യക്തമാക്കി. സ്പർശനരഹിതമായ സാങ്കേതികവിദ്യകളിലൂടെ ഈ കാർഡിലെ വിവരങ്ങൾ അധികൃതർക്ക് പരിശോധിക്കുന്നതിനായി വായിച്ചെടുക്കാവുന്നതാണ്.
🇧🇭ബഹ്‌റൈൻ: സംശയകരമായ വാട്സ്ആപ്പ് ഗ്രൂപ്പുകളെക്കുറിച്ച് ആന്റി സൈബർ ക്രൈം വിഭാഗം മുന്നറിയിപ്പ് നൽകി.
✒️സംശയകരമായ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ചേരുന്നതിനുള്ള ക്ഷണം സ്വീകരിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും മുന്നറിയിപ്പ് നൽകി. ബഹ്‌റൈൻ ആഭ്യന്തര വകുപ്പിലെ ജനറൽ ഡയറക്ടറേറ് ഓഫ് ആന്റി കറപ്‌ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആന്റി സൈബർ ക്രൈം വിഭാഗമാണ് ഈ മുന്നറിയിപ്പ് നൽകിയത്.
ഇത്തരം ഗ്രൂപ്പുകളിൽ ചേരുന്നതിനുള്ള ക്ഷണം സ്വീകരിക്കുന്നവരുടെ വാട്സ്ആപ്പ് അക്കൗണ്ടുകൾ പ്രവർത്തനരഹിതമാകുന്നതിനും, താത്കാലികമായി നീക്കം ചെയ്യപ്പെടുന്നതിനും സാധ്യതയുള്ളതായി അധികൃതർ ചൂണ്ടിക്കാട്ടി. തങ്ങൾക്ക് നേരിട്ട് അറിയാത്തവരിൽ നിന്നും, അജ്ഞാതരായവരിൽ നിന്നുമുള്ള ഇത്തരം ക്ഷണങ്ങൾ സ്വീകരിക്കരുതെന്ന് അധികൃതർ ജനങ്ങളോട് ആഹ്വാനം ചെയ്തു.
സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വാട്സ്ആപ്പിലെ ‘settings’ മെനുവിൽ ‘Account > Privacy > Groups’ എന്ന വിഭാഗത്തിൽ നിന്ന് ‘My Contacts’ എന്നത് തിരഞ്ഞെടുക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
🇶🇦ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ 200ന് മുകളില്‍; സമ്പര്‍ക്ക കേസുകള്‍ വര്‍ധിക്കുന്നു.
✒️ഖത്തറില്‍ ഇന്ന് 217 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം. ഇതില്‍ 69 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 148 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 135 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 2,24,838 ആയി. രാജ്യത്ത് ഇന്ന് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ആകെ കൊവിഡ് മരണം 601 ആണ്.
2,250 പേരാണ് രാജ്യത്ത് നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 21 പേര്‍ ഐ.സി.യുവില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാളെയാണ് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്. പുതുതായി 9 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 89 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 9,247 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാകസിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 39,51,518 ഡോസ് വാക്സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്.
🇴🇲അലക്ഷ്യമായി മാസ്ക് വലിച്ചെറിഞ്ഞാൽ 100 റിയാൽ പിഴ.
✒️ഒമാനില്‍ ഇനി ഉപയോഗിച്ച മാസ്ക് അലക്ഷ്യമായി വലിച്ചെറിഞ്ഞാല്‍ 100 റിയാല്‍ (20,000 രൂപയോളം) പിഴ. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കൃത്യമായ മേഖലകളില്‍ നിക്ഷേപിക്കണം. കോവിഡ് നിയന്ത്രണങ്ങളും മാര്‍ഗ നിര്‍ദ്ദേശങ്ങളും ലംഘിച്ചാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഒമാൻ അധികൃതര്‍ അറിയിച്ചു.
0 Comments