Ticker

6/recent/ticker-posts

Header Ads Widget

കണ്ടാല്‍ ജീന്‍സില്‍ പറ്റിയ പെയിന്‍റ്; കണ്ണൂരില്‍ പിടികൂടിയത് സ്വര്‍ണക്കടത്തിന്റെ പുതിയ ടെക്‌നിക്

കണ്ണൂർ: സ്വർണം കടത്തുന്നതിനായി കള്ളക്കടത്തുകാർ വിചിത്രമായ പല മാർഗങ്ങളും ഉപയോഗിക്കാറുണ്ട്.

ശരീരത്തിനുള്ളിലും മുടിക്കുള്ളിലും മലദ്വാരത്തിലുമെല്ലാം സ്വർണം ഒളിപ്പിച്ച് കടത്തുന്നത് പടിക്കപ്പെടുന്നതോടെ വാർത്തയാകാറുമുണ്ട്. എന്നാൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടിയ സ്വർണക്കടത്ത് ഈ നിരയിൽ ഏറ്റവും പുതുമയുള്ളതാണ്.

ഇട്ടിരിക്കുന്ന ജീൻസിൽ പെയിന്റ് രൂപത്തിൽ സ്വർണം പൂശിയാണ് കടത്താൻ ശ്രമം നടന്നത്. ജീൻസ് പാന്റിൽ പെയിന്റ് പറ്റിയതുപോലെയോ പുതിയൊരു ഡിസൈൻ പോലെയോ ആണ് ഒറ്റനോട്ടത്തിൽ തോന്നുക. പേസ്റ്റ് രൂപത്തിലാക്കി, വസ്ത്രത്തിൽ പുരട്ടി കടത്താൻ ശ്രമിച്ച സ്വർണമാണ് അധികൃതർ പിടികൂടിയത്. ചെറുതാഴം സ്വദേശി ശിഹാബിൽനിന്നാണ് 302 ഗ്രാം സ്വർണം പിടികൂടിയത്. ഇയാൾ ധരിച്ച പാന്റ്സിന്റെ ഇരുകാലുകളിലും പേസ്റ്റ് രൂപത്തിലുള്ള സ്വർണം പെയിന്റടിച്ച നിലയിലായിരുന്നു. ഇതിന് പുറമേ തുണിയും തുന്നിച്ചേർത്ത നിലയിലാണ് ഉണ്ടായിരുന്നു.

15 ലക്ഷത്തോളം രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ഞായറാഴ്ച പുലർച്ചെ ദുബായിയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ശിഹാബ് എത്തിയത്. കണ്ണൂർ വിമാനത്താവളത്തിൽ ആദ്യമായാണ് ഈ രീതിയിൽ സ്വർണം കടത്താൻ ശ്രമിക്കുന്നത്. പശയോടൊപ്പം ചേർത്ത് പേസ്റ്റ് രൂപത്തിലുള്ള സ്വർണം പിടിപ്പിച്ചതിനാൽ മെറ്റൽ ഡിറ്റക്ടർ വഴി പിടികൂടാൻ സാധ്യത കുറവായിരിക്കുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കസ്റ്റംസ് അസി. കമ്മിഷണർ ഫായിസ് മുഹമ്മദ്, സൂപ്രണ്ടുമാരായ പി.സി. ചാക്കോ, എസ്. നന്ദകുമാർ, ഇൻസ്പെക്ടർമാരായ ദിലീപ് കൗശൽ, ജോയ് സെബാസ്റ്റ്യൻ, മനോജ് യാദവ്, സന്ദീപ് കുമാർ, യദു കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.15 ലക്ഷം രൂപ വിലമതിക്കുന്ന 302 ഗ്രാം സ്വർണമാണ് കണ്ണൂർ വിമാനത്താവളത്തിലെ എയർ ഇന്റലിജൻസ് വിഭാഗം പിടികൂടിയതെന്ന് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റ് പറഞ്ഞു. 

Post a Comment

0 Comments