തിരുവനന്തപുരം: ഡ്രൈവർ ഉറങ്ങിയാൽ അലാറം മുഴക്കി വാഹനം സ്വയം വേഗം കുറയ്ക്കും. ഒപ്പം, റോഡിലുള്ള മറ്റു വാഹനങ്ങൾക്ക് മുന്നറിയിപ്പും നൽകും. ആഡംബര വാഹനങ്ങളിൽമാത്രം കാണാറുള്ള ഈ സംവിധാനം കുറഞ്ഞചെലവിൽ മറ്റു വാഹനങ്ങളിലും ഘടിപ്പിക്കാൻ വഴിയൊരുക്കുകയാണ് മോട്ടോർവാഹന വകുപ്പ്.
'ഡ്രൈവർ ഡ്രൗസിനെസ് ആൻഡ് ഫേറ്റൽ ആക്സിഡന്റ് പ്രിവെൻഷൻ സിസ്റ്റം' കുസാറ്റിലെ ബി.ടെക്. പ്രോജക്ടിന്റെ ഭാഗമായി വെഹിക്കിൾ ഇൻസ്പെക്ടർമാരാണ് കുറഞ്ഞ ചെലവിൽ വികസിപ്പിച്ചത്. പ്രവർത്തനക്ഷമത വിലയിരുത്തിയ ഗതാഗതമന്ത്രി ആന്റണി രാജുവും ഉന്നത ഉദ്യോഗസ്ഥരും ഇത് ജനകീയമാക്കാനുള്ള നടപടികൾ ആരംഭിച്ചു.
കാബിനിൽ ഘടിപ്പിക്കുന്ന നൈറ്റ് വിഷൻ ക്യാമറ ഡ്രൈവറെ നിരീക്ഷിക്കും. കൃഷ്ണമണിയുടെ ചലനങ്ങൾ, മുഖഭാവങ്ങൾ എന്നിവയിൽനിന്ന് ഡ്രൈവർ ഉറങ്ങുന്നുവെന്നു കണക്കാക്കാൻ ക്യാമറയുമായി ബന്ധിപ്പിച്ചിട്ടുള്ള കൺട്രോൾ യൂണിറ്റിനു കഴിയും. ഡ്രൈവർ ഉറങ്ങിയാലുടൻ അലാറം മുഴക്കി അപായസൂചനാ ലൈറ്റുകൾ തെളിയും. ആക്സിലറേറ്റർ ബന്ധം വിച്ഛേദിച്ചുകൊണ്ട് വേഗം പെട്ടെന്ന് കുറയ്ക്കും. ഇതിനനുസരിച്ച് ഗിയർ മാറ്റാത്തതിനാൽ എൻജിൻ വിറയ്ക്കുകയും അതു തിരിച്ചറിഞ്ഞ് ഡ്രൈവർ ഉണരുകയും ചെയ്യും. അലാറം കേട്ട് യാത്രക്കാർക്ക് ഇടപെടാനും കഴിയും.
25,000 രൂപ ചെലവിലാണ് നിലവിലെ സംവിധാനം ഒരുക്കിയത്. വാണിജ്യാടിസ്ഥാനത്തിലെ നിർമാണത്തിന് ഇത്രയും ചെലവ് വേണ്ടിവരില്ല. പേറ്റന്റ് നേടാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
വെഹിക്കിൾ ഇൻസ്പെക്ടർമാരായ സി.ഡി. അരുൺ, എ. നൗഫൽ, എൻ.കെ ദീപു, പി.വി വിജേഷ്, അസി. വെഹിക്കിൾ ഇൻസ്പെക്ടർമാരായ വി.വി. വിനീത്, എസ്. രഞ്ജിത്ത് എന്നിവരാണ് അണിയറശില്പികൾ.
അപകടം കുറയ്ക്കും
ഏറെ മുടക്കുമുതൽ വേണ്ട സംവിധാനമാണ് കുറഞ്ഞ ചെലവിൽ ഉദ്യോഗസ്ഥർ വികസിപ്പിച്ചത്. രാത്രികാല അപകടങ്ങൾ കുറയ്ക്കാൻ കഴിയുന്ന സംവിധാനം വ്യാപകമാക്കാനാവശ്യമായ നടപടി സ്വീകരിക്കും.
0 Comments