🛫സന്ദര്‍ശക വീസക്കാര്‍ക്ക് ഷാര്‍ജയിലേക്ക് യാത്ര ചെയ്യാമെന്ന അറിയിപ്പ് എയര്‍ അറേബ്യ പിന്‍വലിച്ചു.
🇴🇲ഒമാനില്‍ അംഗീകാരമുള്ളത് എട്ട് വാക്സിനുകള്‍ക്ക്; വീസ പുതുക്കാനും വാക്സിനേഷന്‍ നിര്‍ബന്ധം.
🛫മടങ്ങിയെത്തിയ പ്രവാസികള്‍ക്കായി മൂന്ന് വായ്‍പാ പദ്ധതികള്‍ തുടങ്ങി നോര്‍ക്ക.
🇸🇦സൗദി അറേബ്യയിൽ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം മുന്നൂറിൽ താഴെ.
🇴🇲പ്രവാസികള്‍ക്ക് ആശ്വാസം; ഈ വര്‍ഷം നല്‍കിയ എല്ലാ വീസകളുടെയും കാലാവധി ഡിസംബര്‍ വരെ നീട്ടും.
🇦🇪യുഎഇയില്‍ കൊവിഡ് കേസുകള്‍ ആയിരത്തിന് താഴെ; രാജ്യത്തെ ആകെ രോഗികളുടെ എണ്ണവും കുറയുന്നു.
🛫ഹാന്റ് ബാഗില്‍ ഒന്നര കിലോ മയക്കുമരുന്നുമായി പിടിയില്‍; നാട്ടില്‍ നിന്ന് മറ്റൊരാള്‍ തന്നതാണെന്ന് മൊഴി.
🇴🇲ഒമാനില്‍ 101 പുതിയ കൊവിഡ് കേസുകള്‍ കൂടി, രണ്ടു മരണം.
🇶🇦കൊവിഡ് നിയമലംഘനം; ഖത്തറില്‍ 219 പേര്‍ക്കെതിരെ കൂടി നടപടി.
🇧🇭ബഹ്‌റൈൻ: COVID-19 ബൂസ്റ്റർ ഡോസ് എടുക്കേണ്ടതിന്റെ പ്രാധാന്യം ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
🇶🇦ഖത്തർ: വിദ്യാലയങ്ങൾ തുറക്കുന്നതിന് മുൻപായി വിദ്യാർത്ഥികൾക്ക് വാക്സിൻ കുത്തിവെപ്പ് ഉറപ്പാക്കാൻ രക്ഷിതാക്കളോട് നിർദ്ദേശിച്ചു.
🇸🇦സൗദി: വാക്സിനെടുത്ത പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച് GACA അറിയിപ്പ് പുറത്തിറക്കി.
🇴🇲ഒമാൻ: കര, കടൽ, വ്യോമ അതിർത്തികൾ സെപ്റ്റംബർ 1 മുതൽ തുറക്കാൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി.
🇰🇼കുവൈത്തില്‍ 70 ശതമാനം പേർ വാക്സിനെടുത്തു.
🇶🇦ഖത്തറില്‍ ഇന്ന് 233 പേര്‍ക്ക് കോവിഡ്; 157 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ.
വാർത്തകൾ വിശദമായി
🛫സന്ദര്‍ശക വീസക്കാര്‍ക്ക് ഷാര്‍ജയിലേക്ക് യാത്ര ചെയ്യാമെന്ന അറിയിപ്പ് എയര്‍ അറേബ്യ പിന്‍വലിച്ചു.
✒️ഇന്ത്യ ഉള്‍പ്പെടെയുള്ള നാല് രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്ക് ഷാര്‍ജയിലേക്ക് യാത്ര ചെയ്യാമെന്ന അറിയിപ്പ് പിന്‍വലിച്ചു. ഷാര്‍ജ ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ എയര്‍ അറേബ്യയാണ് നേരത്തെ തങ്ങളുടെ വെബ്‍സൈറ്റില്‍ ഇത്തരത്തിലൊരു അറിയിപ്പ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ പിന്നീട് ഇത് പിന്‍വലിക്കുകയായിരുന്നു.
ഇന്ത്യയ്‍ക്ക് പുറമെ പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും സന്ദര്‍ശക വീസകളില്‍ മുന്‍കൂര്‍ അനുമതിയുടെയോ രജിസ്‍ട്രേഷന്റെയോ ആവശ്യമിതെ ഷാര്‍ജയിലേക്ക് വരാമെന്നും യാത്രക്കാരുടെ കൊവിഡ് വാക്സിനേഷന്‍ യാത്രാ നിബന്ധനയായി പരിശോധിക്കില്ലെന്നും നേരത്തെ അറിയിപ്പില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് പിന്നീട് വെബ്‍സൈറ്റില്‍ നിന്നും നീക്കം ചെയ്യുകയായിരുന്നു.
🇴🇲ഒമാനില്‍ അംഗീകാരമുള്ളത് എട്ട് വാക്സിനുകള്‍ക്ക്; വീസ പുതുക്കാനും വാക്സിനേഷന്‍ നിര്‍ബന്ധം.
✒️ഒമാനിലേക്ക് വരുന്നവര്‍ രാജ്യത്ത് അംഗീകാരമുള്ള എട്ട് വാക്സിനുകളില്‍ ഒന്നായിരിക്കണം സ്വീകരിച്ചതെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി അറിയിച്ചു. സെപ്‍തംബര്‍ ഒന്നു മുതല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് മടങ്ങിയെത്താന്‍ അനുമതി നല്‍കിയിരിക്കുന്ന സാഹചര്യത്തിലാണ് അംഗീകാരമുള്ള വാക്സിനുകളുടെ കാര്യത്തില്‍ വ്യക്തത വരുത്തിയത്.
ഫൈസര്‍ - ബയോഎന്‍ടെക്, ഓക്സ്ഫോഡ് ആസ്ട്രസെനിക, ആസ്ട്രസെനിക കൊവിഷീല്‍ഡ്, ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍, സിനോവാക്, മൊഡേണ, സ്‍പുട്‍നിക്, സിനോഫാം എന്നീ വാക്സിനുകള്‍ക്കാണ് രാജ്യത്ത് അംഗീകാരമുള്ളത്. ഒമാനിലെത്തുന്നതിന് 14 ദിവസം മുമ്പ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചിരിക്കണം.
അതേസമയം ഒമാനിലെ പ്രവാസികള്‍ക്ക് വിസ പുതുക്കാനും കൊവിഡ് വാക്സിന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചിരിക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസ് കണ്‍ട്രോള്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഡോ. സൈഫ് ബിന്‍ സലീം അല്‍ അബ്‍രി അറിയിച്ചു. ഒക്ടോബര്‍ ഒന്നാം തീയ്യതി മുതല്‍ രാജ്യത്തെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും കൊവിഡ് വാക്സിന്റെ രണ്ട് ഡോസും നിര്‍ബന്ധമാണ്.
🛫മടങ്ങിയെത്തിയ പ്രവാസികള്‍ക്കായി മൂന്ന് വായ്‍പാ പദ്ധതികള്‍ തുടങ്ങി നോര്‍ക്ക.
✒️മടങ്ങിവന്ന പ്രവാസികൾക്കായി മൂന്ന് വായ്‍പാ പദ്ധതികൾ നോർക്ക തുടങ്ങി. രണ്ട് ലക്ഷം രൂപ വരെ പലിശ രഹിതവായ്‍പാ പദ്ധതിയാണ് പ്രധാനം. 30 കോടി രൂപയാണ് ഇതിനായി മാറ്റിവച്ചതെന്ന് പദ്ധതിയുടെ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കേരളബാങ്ക് ഉൾപ്പടെ വിവിധബാങ്കുകളുമായി സഹകരിച്ച് അഞ്ച് ലക്ഷം രൂപ വരെ വായ്‍പയാണ് രണ്ടാമത്തെ പദ്ധതി. ഇതിൽ ഒരു ലക്ഷം വരെ മൂലധന സബ്‍സിഡിയാണ്. 25 ലക്ഷം രൂപ മുതൽ രണ്ട് കോടി രൂപവരെ വായ്‍പ അഞ്ച് ശതമാനം പലിശക്ക് നൽകുന്നതാണ് മൂന്നാമത്തെ പദ്ധതി.
🇸🇦സൗദി അറേബ്യയിൽ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം മുന്നൂറിൽ താഴെ.
✒️സൗദി അറേബ്യയിൽ പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ പ്രതിദിന എണ്ണം മുന്നൂറിൽ താഴെയായി. ഇന്ന് പുതിയതായി 290 പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. നിലവിലുള്ള രോഗബാധിതരിൽ 535 പേർ സുഖം പ്രാപിക്കുകയും ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഏഴ് മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് ഇന്ന് 65,815 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,43,318 ആയി. ഇതിൽ 5,30,917 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,512 ആയി. നിലവിൽ രോഗബാധിതരായി നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 3,889 ആയി കുറഞ്ഞു. ഇതിൽ 1,061 പേർ മാത്രമാണ് ആശുപത്രികളിൽ തീവ്രപരിചരണത്തിൽ കഴിയുന്നത്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 62, മക്ക 51, കിഴക്കൻ പ്രവിശ്യ 30, അൽഖസീം 29, ജീസാൻ 27, അസീർ 23, മദീന 18, നജ്റാൻ 15, അൽജൗഫ് 9, തബൂക്ക് 8, വടക്കൻ അതിർത്തി മേഖല 7, ഹായിൽ 6, അൽബാഹ 5. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെയ്പ്പ് 35,161,640 ഡോസ് ആയി ഉയർന്നു.
🇴🇲പ്രവാസികള്‍ക്ക് ആശ്വാസം; ഈ വര്‍ഷം നല്‍കിയ എല്ലാ വീസകളുടെയും കാലാവധി ഡിസംബര്‍ വരെ നീട്ടും.
✒️ഒമാനില്‍ ഈ വര്‍ഷം ആദ്യം മുതല്‍ ഇഷ്യൂ ചെയ്‍ത എല്ലാ വീസകളുടെയും കാലാവധി നീട്ടി നല്‍കും. ഒമാന്‍ സുപ്രീം കമ്മിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. അധിക ഫീസുകളൊന്നും കൂടാതെ ഡിസംബര്‍ 31 വരെയായിരിക്കും ഈ വീസകളുടെ കാലാവധി നീട്ടുകയെന്ന് പൊലീസ് അസിസ്റ്റന്റ് ഇന്‍സ്‍പെടര്‍ ജനറല്‍ മേജര്‍ ജനറല്‍ അബ്‍ദുല്ല ബിന്‍ അലി അല്‍ ഹര്‍തി പറഞ്ഞു.
രാജ്യത്ത് എല്ലാ വിഭാഗം വീസകളും അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ തന്നെ സാധാരണ നിലയിലാവുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഒമാന് പുറത്തുള്ള പ്രവാസികള്‍, ഒമാനില്‍ അംഗീകാരമില്ലാത്ത വാക്സിന്റെ ഒന്നാം ഡോസ് മാത്രം എടുത്തവരാണെങ്കില്‍ അവര്‍ക്ക് രണ്ടാം ഡോസ് ഒമാനില്‍ നിന്ന് എടുക്കാന്‍ സാധിക്കുകയില്ലെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ജനറല്‍ ഡോ. സൈഫ് ബിന്‍ സലീം അല്‍ അബ്‍രി പറഞ്ഞു. ഇപ്പോള്‍ സ്വന്തം നാട്ടിലുള്ള പ്രവാസികള്‍ക്ക് റോയല്‍ ഒമാന്‍ പൊലീസിന്റെ ഇലക്ട്രോണിക് പോര്‍ട്ടല്‍ വഴി വീസാ കാലാവധി ദീര്‍ഘിപ്പിക്കാമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
🇦🇪യുഎഇയില്‍ കൊവിഡ് കേസുകള്‍ ആയിരത്തിന് താഴെ; രാജ്യത്തെ ആകെ രോഗികളുടെ എണ്ണവും കുറയുന്നു.
✒️യുഎഇയില്‍ പ്രതിദിന കൊവിഡ് കണക്ക് ആയിരത്തിന് താഴെ തുടരുന്നു. ഇന്ന് 991 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,576 പേര്‍ സുഖം പ്രാപിക്കുകയും മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്തു.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,13,402 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,97,419 പേര്‍ രോഗമുക്തരാവുകയും 2,031 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 13,952 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🛫ഹാന്റ് ബാഗില്‍ ഒന്നര കിലോ മയക്കുമരുന്നുമായി പിടിയില്‍; നാട്ടില്‍ നിന്ന് മറ്റൊരാള്‍ തന്നതാണെന്ന് മൊഴി.
✒️1.7 കിലോഗ്രാം മയക്കുമരുന്നുമായി ദുബൈയില്‍ പിടിയിലായ 58 വയസുകാരനെതിരെ നടപടി. ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ ഇയാള്‍ പ്ലാസ്റ്റിക് ബാഗിലാക്കി കഞ്ചാവ് കൈയില്‍ പിടിച്ചിരിക്കുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം കേസ് കോടതിയുടെ പരിഗണയ്‍ക്ക് അയച്ചു.
വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇയാളുടെ ബാഗേജ് പരിശോധിച്ചെങ്കിലും നിരോധിത വസ്‍തുക്കളൊന്നും കണ്ടെത്താനായില്ല. എന്നാല്‍ കൈയിലുണ്ടായിരന്ന പ്ലാസിറ്റിക് കവര്‍ പരിശോധിച്ചപ്പോള്‍ ചില ഭക്ഷണ സാധനങ്ങള്‍ക്കൊപ്പം ചെറിയ പാക്കറ്റുകളിലാക്കി കഞ്ചാവും ഉള്ളതായി കണ്ടെത്തുകയായിരുന്നു.
നാട്ടില്‍ നിന്ന് മറ്റൊരാള്‍ തന്നുവിട്ടതാണെന്നും ദുബൈില്‍ വെച്ച് ഒരാള്‍ക്ക് കൈമാറണമെന്നായിരുന്നു നിര്‍ദേശമെന്നും ഇയാള്‍ പറഞ്ഞു. ബാഗിലുള്ളത് എന്താണെന്ന് അറിയില്ലായിരുന്നു എന്നാണ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. മയക്കുമരുന്ന് കൈവശം വെച്ചതിനും രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചതിനുമാണ് പ്രോസിക്യൂഷന്‍ കുറ്റം ചുമത്തിയിരിക്കുന്നത്. പ്രതിക്ക് ജയില്‍ ശിക്ഷയും പിഴയും നല്‍കുന്നതിനൊപ്പം നാടുകടത്തുകയും വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
🇴🇲ഒമാനില്‍ 101 പുതിയ കൊവിഡ് കേസുകള്‍ കൂടി, രണ്ടു മരണം.
✒️ഒമാനില്‍ 101 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ട് കൊവിഡ് മരണങ്ങളാണ് പുതിയതായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,01,784 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 2,91,039 പേര്‍ ഇതിനോടകം രോഗമുക്തരായി. 96.4 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. ആകെ 4,049 പേര്‍ക്ക് ഒമാനില്‍ കൊവിഡ് കാരണം ജീവന്‍ നഷ്ടമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 17 പേരെ മാത്രമാണ് കൊവിഡ് ബാധിതരായി രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ ഉള്‍പ്പെടെ 147 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. ഇവരില്‍ 68 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
🇶🇦കൊവിഡ് നിയമലംഘനം; ഖത്തറില്‍ 219 പേര്‍ക്കെതിരെ കൂടി നടപടി.
✒️ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 219 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 212 പേരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്.
സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് അഞ്ചു പേരെയും മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് രണ്ടുപേരെയും പിടികൂടി. എല്ലാവരെയും തുടര്‍നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.
🇧🇭ബഹ്‌റൈൻ: COVID-19 ബൂസ്റ്റർ ഡോസ് എടുക്കേണ്ടതിന്റെ പ്രാധാന്യം ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
✒️COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ നൽകുന്നതിന്റെ പ്രാധാന്യം ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ആരോഗ്യ മേഖലയിൽ നിന്നുള്ള ഗവേഷണഫലങ്ങൾ പ്രകാരം, സിനോഫാം, ഫൈസർ ബയോഎൻടെക്, സ്പുട്നിക് V, ആസ്ട്രസെനേക തുടങ്ങിയ COVID-19 വാക്സിനുകളുടെ രണ്ടാം ഡോസ് എടുത്ത് ആറ് മാസത്തിനകം ഒരു ബൂസ്റ്റർ ഡോസ് എടുക്കേണ്ടതാണെന്ന് ബഹ്‌റൈനിലെ നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ് വ്യക്തമാക്കി.
COVID-19 വൈറസിന്റെ വിവിധ വകഭേദങ്ങൾക്കെതിരെ മനുഷ്യ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ഉയർത്തുന്നതിന് ബൂസ്റ്റർ ഡോസ് സഹായകമാണെന്ന് ടാസ്ക്ഫോഴ്സ് അറിയിച്ചു. രോഗബാധയുണ്ടാകുന്ന സാഹചര്യത്തിൽ രോഗം തീവ്രമാകുന്നത് തടയുന്നതിനും, മരണത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനും ബൂസ്റ്റർ ഡോസ് സഹായകമാണെന്നും ടാസ്‌ക്‌ഫോഴ്‌സ് കൂട്ടിച്ചേർത്തു.
രാജ്യത്തെ അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്കും, രോഗപ്രതിരോധശേഷി കുറഞ്ഞവർക്കും COVID-19 വാക്സിനിന്റെ ബൂസ്റ്റർ ഡോസ് ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇവർക്ക് ബൂസ്റ്റർ വാക്സിൻ ലഭിക്കുന്നതിനുള്ള മുൻകൂർ ബുക്കിംഗ് ആരോഗ്യ മന്ത്രലായത്തിന്റെ https://healthalert.gov.bh/ എന്ന വെബ്സൈറ്റിലും, BeAware ആപ്പിലും ലഭ്യമാണ്.
🇶🇦ഖത്തർ: വിദ്യാലയങ്ങൾ തുറക്കുന്നതിന് മുൻപായി വിദ്യാർത്ഥികൾക്ക് വാക്സിൻ കുത്തിവെപ്പ് ഉറപ്പാക്കാൻ രക്ഷിതാക്കളോട് നിർദ്ദേശിച്ചു.
✒️പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപായി, രാജ്യത്തെ 12 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്താൻ രക്ഷിതാക്കളോട് ഖത്തർ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു. രാജ്യത്തെ സ്‌കൂളുകൾ തുറക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഓഗസ്റ്റ് 25-ന് വൈകീട്ട് മന്ത്രാലയം ഇത്തരം ഒരു അറിയിപ്പ് നൽകിയിരിക്കുന്നത്.
പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾ വാക്സിനെടുക്കേണ്ടതിന്റെ കാരണങ്ങളും മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്:
ഖത്തറിലെ 12 മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികളിൽ ഭൂരിഭാഗം പേരും വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചതായും, ഇത്തരക്കാരിൽ വാക്സിനെടുത്തതിന്റെ ഭാഗമായി ഇതുവരെ പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രലായം അറിയിച്ചു. രാജ്യത്തെ ഈ പ്രായവിഭാഗത്തിൽപ്പെടുന്ന പത്തിൽ ഏഴ് കുട്ടികളും വാക്സിനെടുത്തിട്ടുണ്ട്.
കുട്ടികളിലും ദീർഘകാലത്തേക്കുള്ള വിഷമതകൾ ഉണ്ടാകുന്ന രീതിയിലുള്ള COVID-19 രോഗബാധയേൽക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ഇതിനാൽ വാക്സിനെടുക്കേണ്ടത് വളരെ പ്രധാനമാണ്.
വാക്സിനെടുക്കാത്ത കുട്ടികൾക്ക് രോഗബാധയേൽക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. ഇവരിൽ നിന്ന് മറ്റു കുടുംബാംഗംങ്ങളിലേക്ക് രോഗവ്യാപനം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
കൊറോണ വൈറസിന്റെ അതിതീവ്ര വകഭേദമായ ഡെൽറ്റ ഉൾപ്പടെയുള്ള വൈറസുകളെ ചെറുക്കാൻ വാക്സിൻ അത്യാവശ്യമാണ്.
കൂടുതൽ കുട്ടികൾ വാക്സിനെടുക്കുന്നതോടെ വിദ്യാലയങ്ങൾ കൂടുതൽ സുരക്ഷിതമാകുന്നതാണ്.
🇸🇦സൗദി: വാക്സിനെടുത്ത പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച് GACA അറിയിപ്പ് പുറത്തിറക്കി.
✒️ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയിട്ടുള്ള സർക്കാർ ഉത്തരവിലെ നിർദ്ദേശങ്ങൾ മറികടക്കുന്നവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുമെന്ന് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) മുന്നറിയിപ്പ് നൽകി. വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവരും, സാധുതയുള്ള റെസിഡൻസി പെർമിറ്റുകളുള്ളവരുമായ പ്രവാസികൾക്ക് നിബന്ധനകളോടെ സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് അനുമതി നൽകാൻ സൗദി വിദേശകാര്യ മന്ത്രാലയം ഓഗസ്റ്റ് 24-ന് തീരുമാനിച്ചിരുന്നു.
സൗദിയിൽ നിന്ന് പ്രവർത്തിക്കുന്ന എല്ലാ വിമാനകമ്പനികൾക്കും GACA ഇത് സംബന്ധിച്ച അറിയിപ്പ് ഔദ്യോഗിക വിജ്ഞാപനത്തിലൂടെ നൽകിയിട്ടുണ്ട്. ഇന്ത്യ, പാകിസ്ഥാൻ, ഇന്തോനേഷ്യ, ഈജിപ്ത്, തുർക്കി, അർജന്റീന, ബ്രസീൽ, സൗത്ത് ആഫ്രിക്ക, യു എ ഇ, എത്യോപ്യ, വിയറ്റ്നാം, അഫ്ഘാനിസ്ഥാൻ, ലെബനൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഏതാനം വിഭാഗം പ്രവാസികൾക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചതായും GACA ഈ വിജ്ഞാപനത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
സൗദിയിൽ നിന്ന് COVID-19 വാക്സിൻ രണ്ട് ഡോസുകളും സ്വീകരിച്ച ശേഷം എക്സിറ്റ് ആൻഡ് റീ-എൻട്രി വിസകളിൽ സ്വന്തം നാടുകളിലേക്ക് മടങ്ങിയിട്ടുള്ള റെസിഡൻസി വിസക്കാർക്കാണ് ഇപ്രകാരം യാത്രാ അനുമതി നൽകിയിരിക്കുന്നത്. ഈ വിഭാഗം പ്രവാസികൾക്ക് മാത്രമാണ് യാത്രാ വിലക്കുകൾ നിലനിൽക്കുന്ന ഈ 13 രാജ്യങ്ങളിൽ നിന്ന് നേരിട്ട് പ്രവേശനം അനുവദിക്കുന്നതെന്ന് GACA ഈ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
സൗദിയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള എല്ലാ യാത്രാ നിബന്ധനകളും, ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് മാത്രമാണ് ഇവർക്ക് നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കാനാകുക എന്നും GACA കൂട്ടിച്ചേർത്തു. ഈ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ സൗദി സർക്കാർ ഉത്തരവുകളുടെ ലംഘനമായി കണക്കാക്കുമെന്നും, ഇത്തരം വീഴ്ച്ചകൾ വരുത്തുന്നവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുമെന്നും GACA മുന്നറിയിപ്പ് നൽകി.
🇴🇲ഒമാൻ: കര, കടൽ, വ്യോമ അതിർത്തികൾ സെപ്റ്റംബർ 1 മുതൽ തുറക്കാൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി.
✒️2021 സെപ്റ്റംബർ 1 മുതൽ രാജ്യത്തിന്റെ കര, കടൽ, വ്യോമ അതിർത്തികൾ തുറന്ന് കൊടുക്കാൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി. 2021 ഓഗസ്റ്റ് 26-ന് ചേർന്ന സുപ്രീം കമ്മിറ്റിയുടെ യോഗത്തിലാണ് ഈ തീരുമാനം.
“രാജ്യത്തിന്റെ എല്ലാ കര, കടൽ, വ്യോമ അതിർത്തികളും അടുത്ത മാസം മുതൽ എല്ലാവർക്കുമായി തുറന്ന് കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നു. ഒമാനിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് COVID-19 ടെസ്റ്റുകൾ നടത്തുന്നതുൾപ്പടെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള മുൻകരുതൽ നടപടികൾക്ക് വിധേയമായാണ് രാജ്യാതിർത്തികൾ തുറക്കുന്നത്.”, യോഗത്തിനു ശേഷം ROP പോലീസ് ആൻഡ് കസ്റ്റംസ് വിഭാഗം അസിസ്റ്റന്റ് ഐജി മേജർ ജനറൽ അബ്ദുല്ല ബിൻ അലി അൽ ഹാർത്തി വ്യക്തമാക്കി.
2021 ജനുവരി 1-ന് ശേഷം പ്രവാസികൾക്ക് അനുവദിച്ചിട്ടുള്ള മുഴുവൻ വിസകളുടെയും കാലാവധി നീട്ടി നൽകാൻ തീരുമാനിച്ചതായും മേജർ ജനറൽ അലി അൽ ഹാർത്തി ഇതേ യോഗത്തിൽ അറിയിച്ചിട്ടുണ്ട്.
🇰🇼കുവൈത്തില്‍ 70 ശതമാനം പേർ വാക്സിനെടുത്തു.
✒️കുവൈത്തില്‍ മൊത്തം ജനസംഖ്യയുടെ 70 ശതമാനം പേർ കോവിഡ് പ്രതിരോധ വാക്സിനെടുത്തു. ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്വബാഹ് ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനം കുറക്കുന്നതിൽ വാക്‌സിനേഷന്‍ കാമ്പയിൻ നിര്‍ണായക പങ്കുവഹിച്ചതായാണ് അധികൃതരുടെ വിലയിരുത്തൽ. കുവൈത്തിൽ കോവിഡ് വ്യാപനം ഏറെക്കുറെ നിയന്ത്രണവിധേയമായതായാണ് ഭരണകൂടത്തിന്‍റെ വിലയിരുത്തൽ. 3,771 ആക്റ്റീവ് കേസുകൾ മാത്രമാണ് രാജ്യത്തുള്ളത്. ഇതിൽ 400ൽ താഴെ പേർ മാത്രമാണ് കോവിഡ് വാർഡുകളിലും ഐസിയുകളിലുമായി ചികിത്സയിലുള്ളത്. ടിപിആർ 1.39 ആയി കുറഞ്ഞിട്ടുണ്ട്. രോഗമുക്തി നിരക്കിലുള്ള വർധനയും ആശ്വാസം പകരുന്നുണ്ട്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയം കൈക്കൊണ്ട നടപടികൾ വിജയകരമായതായാണ് വിലയിരുത്തൽ. ഇതോടൊപ്പം വാക്സിനേഷൻ കാമ്പയിൻ ഊർജ്ജിതമാക്കിയതും രോഗവ്യാപനം തടഞ്ഞുനിർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. സാമൂഹ്യ പ്രതിരോധശേഷി കൈവരിക്കുക എന്ന ലക്ഷ്യത്തിലേക്ക് രാജ്യം അടുത്തുകൊണ്ടിരിക്കുകയാണ്. അതിനിടെ, ആസ്ട്ര സെനക വാക്സിൻ രണ്ടു ഡോസുകൾക്കിടയിലെ ഇടവേള കുറയ്ക്കാൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം തീരുമാനിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ആദ്യ ഡോസ് കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞാണ് നിലവിൽ സെക്കൻഡ് ഡോസ് നൽകുന്നത്. ഇത് ആറ് ആഴ്ചയാക്കി കുറയ്ക്കുമെന്നാണ് റിപ്പോർട്ട്. ഒരു ദശലക്ഷം വാക്സിൻ ഡോസുകൾ കഴിഞ്ഞ ദിവസം കുവൈത്തിലെത്തിയിരുന്നു.
🇶🇦ഖത്തറില്‍ ഇന്ന് 233 പേര്‍ക്ക് കോവിഡ്; 157 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ.
✒️ഖത്തറില്‍ ഇന്ന് 233 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 76 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 157 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 233 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 2,28,327 ആയി. രാജ്യത്ത് ഇന്നും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ കോവിഡ് മരണം 601 ആണ്.
2,864 പേരാണ് ഖത്തറില്‍ നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 20 പേര്‍ ഐസിയുവില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാലുപേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. പുതുതായി 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 73 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 18,881 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാകസിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 43,33,672 ഡോസ് വാക്സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 81 ശതമാനം പേര്‍ ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിനെടുത്തു.

0 Comments