കുമ്പളങ്ങി: കുമ്പളങ്ങിയില്‍ ആന്റണി ലാസറിനെ (39) കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കുമ്പളങ്ങി, പുത്തങ്കരി വീട്ടില്‍ സെല്‍വന്‍ (53), തറേപ്പറമ്പില്‍ ബിജുവിന്റെ ഭാര്യ മാളു എന്ന രാഖി (22) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തല ഭിത്തിയിലിടിച്ചു, നെഞ്ചില്‍ ചാടി ചവിട്ടി, മൃതദേഹം ചതുപ്പില്‍ കുഴിച്ചിട്ടു
കുമ്പളങ്ങി പഴങ്ങാടിനു സമീപം താമസിക്കുന്ന ബിജുവാണ് ഒന്നാം പ്രതി. ഇയാളുടെ സുഹൃത്ത് ലാല്‍ജിയാണ് രണ്ടാം പ്രതി. ഇവര്‍ രണ്ടും ഒളിവിലാണ്.
സംഭവദിവസം പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനെന്ന വ്യാജേന ആന്റണി ലാസറെ, സെല്‍വനും ലാല്‍ജിയും ചേര്‍ന്ന് വിളിച്ച് ബിജുവിന്റെ വീട്ടിലേക്ക് കൊണ്ടുവന്നു. ഇവരെല്ലാം ചേര്‍ന്ന് മദ്യം കഴിച്ച ശേഷം ബിജുവും സുഹൃത്തുക്കളായ മറ്റ് രണ്ടു പേരും ചേര്‍ന്ന് ലാസറെ മര്‍ദിച്ച് തല ഭിത്തിയിലിടിച്ചു. നെഞ്ചിലേക്ക് പല തവണ ചാടി ചവിട്ടി. ഇങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് ബിജുവിന്റെ വീടിനു സമീപത്തുള്ള ചതുപ്പില്‍ കുഴികുത്തി മൃതദേഹം മൂടി.
ഇതിനെല്ലാം സൗകര്യം ഒരുക്കിക്കൊടുത്തത് ബിജുവിന്റെ ഭാര്യയായ രാഖിയാണെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച ലാസറിന്റെ മൃതദേഹം ബിജുവിന്റെ വീടിനു സമീപത്ത് ചതുപ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. രാഖിയെ ആലപ്പുഴയിലുള്ള ബന്ധുവിന്റെ വീട്ടില്‍നിന്നാണ് പിടികൂടിയത്.
0 Comments