Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ

🇸🇦സൗദി അറേബ്യയ്‍ക്ക് നേരെ വീണ്ടും ആക്രമണ ശ്രമം; മിസൈല്‍ തകര്‍ത്ത് അറബ് സഖ്യസേന.

🇸🇦സൗദിയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ആയിരത്തിൽ താഴെയായി.

🇦🇪യുഎഇയില്‍ 993 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് ഒരു മരണം മാത്രം.

🇴🇲ഒമാനിലെ വിമാനത്താവളങ്ങളിൽ പ്രവേശനം വാക്സിൻ സ്വീകരിച്ചവർക്ക് മാത്രം.

🇦🇪നടന്‍ ടൊവിനോ തോമസ് യുഎഇ ഗോള്‍ഡന്‍ വീസ സ്വീകരിച്ചു.

🇴🇲ഒമാനില്‍ 107 പേര്‍ക്ക് കൂടി കൊവിഡ്, ആറ് മരണം.

🇧🇭മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് വി മുരളീധരന്‍ ഇന്ന് ബഹ്‌റൈനിലെത്തും.

🇸🇦സൗദി അറേബ്യയില്‍ ഒരാഴ്ചക്കുള്ളില്‍ അറസ്റ്റിലായത് 16,000ലേറെ വിദേശികള്‍.

🇰🇼കുവൈത്തില്‍ നിന്ന് പ്രവാസികള്‍ പണമയയ്ക്കുന്നതില്‍ കഴിഞ്ഞ വര്‍ഷം ഏഴ് ശതമാനം കുറവ്.

🇦🇪യുഎഇയില്‍ ഇന്ധനവില കുറയും; പുതിയ നിരക്ക് പ്രഖ്യാപിച്ചു.

🇴🇲പ്രവാസികള്‍ക്ക് ആശ്വാസം; എക്‌സിറ്റ് പദ്ധതി സെപ്റ്റംബര്‍ അവസാനം വരെ നീട്ടി.

🇶🇦കൊവിഡ് നിയമലംഘനം; ഖത്തറില്‍ 448 പേര്‍ക്കെതിരെ കൂടി നടപടി.

🇦🇪യുഎഇയില്‍ കോവിഡ് പരിശോധനയ്ക്ക് 50 ദിര്‍ഹം മാത്രം; വിദ്യാര്‍ഥികള്‍ക്ക് സൗജന്യം.

🇶🇦ഖത്തറില്‍ ഇന്ന് 205 പേര്‍ക്ക് കോവിഡ്; 200 രോഗമുക്തി.

🇸🇦ഇഖാമയില്‍ കാണിക്കാത്ത ജോലി; സൗദിയില്‍ നിരവധി ഹൗസ് ഡ്രൈവര്‍മാര്‍ പിടിയില്‍.

🇶🇦ഖത്തറില്‍ ടൂറിസ്റ്റ് ഗൈഡ് ആവാന്‍ അവസരം; പരിശീലനത്തിനായി അപേക്ഷിക്കാം.

🇦🇪അബുദാബി: COVID-19 വാക്സിന്റെ രണ്ട് ഡോസ് കുത്തിവെപ്പെടുത്ത് 6 മാസം പൂർത്തിയാക്കിയവർ ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് അറിയിപ്പ്.

🇧🇭ഇന്ത്യയും ബഹ്‌റൈനും തമ്മില്‍ എയര്‍ ബബ്ള്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നു.


വാർത്തകൾ വിശദമായി

🇸🇦സൗദി അറേബ്യയ്‍ക്ക് നേരെ വീണ്ടും ആക്രമണ ശ്രമം; മിസൈല്‍ തകര്‍ത്ത് അറബ് സഖ്യസേന.

✒️സൗദി അറേബ്യ ലക്ഷ്യമിട്ട് യെമനില്‍ നിന്ന് വീണ്ടും ഹൂതികളുടെ ആക്രമണശ്രമം. ദക്ഷിണ സൗദിയിലെ ജിസാന്‍ ലക്ഷ്യമിട്ട് തിങ്കളാഴ്‍ച തൊടുത്തുവിട്ട മിസൈല്‍ ലക്ഷ്യസ്ഥാനത്ത് പതിക്കുന്നതിന് മുമ്പ് അറബ് സഖ്യസേന തകര്‍ക്കുകയായിരുന്നുവെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഞായറാഴ്‍ച ഖമീസ് മുശൈത്ത് ലക്ഷ്യമിട്ടും യെമനില്‍ നിന്നുള്ള ഡ്രോണ്‍ ആക്രമണ ശ്രമമുണ്ടായിരുന്നു. ആക്രമണം നടത്തുന്നതിനായി സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച മൂന്ന് ഡ്രോണുകളാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് അറബ് സഖ്യസേന തകര്‍ത്തത്. സൗദി അറേബ്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ കാര്യക്ഷമത കൊണ്ടാണ് ഇത്തരം ആക്രമണങ്ങള്‍ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിക്കുന്നതെന്നും അറബ് സഖ്യസേന അറിയിച്ചു.

🇸🇦സൗദിയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ആയിരത്തിൽ താഴെയായി.

✒️സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ ആകെ എണ്ണം 927 ആയി കുറഞ്ഞു. പുതിയതായി 221 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 3,174 ആയി മാറിയിരുന്നു. അതിലാണ് 927 പേർക്ക് ഗുരുതരാവസ്ഥയുള്ളത്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 386 പേർ സുഖം പ്രാപിക്കുകയും രാജ്യത്ത് പല ഭാഗങ്ങളിലായി ഏഴ് പേർ മരിച്ചതായും സൗദി ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. രാജ്യത്ത് ഇന്ന് 54,231 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,44,225 ആയി. ഇതിൽ 5,32,512 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,539 ആയി. 

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതിയതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 66, മക്ക 36, കിഴക്കൻ പ്രവിശ്യ 21, ജീസാൻ 20, അൽഖസീം 19, അസീർ 15, മദീന 15, നജ്റാൻ 9, ഹായിൽ 8, തബൂക്ക് 5, വടക്കൻ അതിർത്തി മേഖല 3, അൽജൗഫ് 3, അൽബാഹ 1. രാജ്യത്താകെ 36,474,179 ഡോസ് വാക്സിൻ വിതരണം പൂർത്തിയാക്കി.

🇦🇪യുഎഇയില്‍ 993 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് ഒരു മരണം മാത്രം.

✒️യുഎഇയില്‍ 993 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,501 പേര്‍ സുഖം പ്രാപിക്കുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തു. 

പുതിയതായി നടത്തിയ 3,21,470 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,17,374  പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,03,603 പേര്‍ രോഗമുക്തരാവുകയും 2,039 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 11,732 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

🇴🇲ഒമാനിലെ വിമാനത്താവളങ്ങളിൽ പ്രവേശനം വാക്സിൻ സ്വീകരിച്ചവർക്ക് മാത്രം.

✒️ഒമാനിൽ വിമാനത്തവാളങ്ങളിലേക്കുള്ള പ്രവേശനം വാക്സിൻ സ്വീകരിച്ചവർക്കു മാത്രമെന്ന് ഒമാൻ എയർപോർട്ട് അധികൃതർ അറിയിച്ചു. ഒമാൻ സുപ്രിം കമ്മറ്റിയുടെ നിർദ്ദേശപ്രകാരം രാജ്യത്തെ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്നവരുടെ പ്രവേശനം കൊവിഡ്  പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവർക്കു മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട്  എയർപോർട്ട് അധികൃതർ വിജ്ഞാപനം പുറപ്പെടുവിച്ചു. സെപ്‍റ്റംബര്‍ ഒന്ന് മുതൽ പുതിയ നിയന്ത്രണം പ്രാബല്യത്തിൽ വരും.

കൊവിഡ് വാക്സിന്റെ രണ്ട് ഡോസുകൾ സ്വീകരിച്ചവർക്ക് സെപ്‍റ്റംബര്‍ ഒന്ന് മുതൽ ഒമാനിലേക്ക്  പ്രവേശനം അനുവദിച്ച പശ്ചാത്തലത്തിൽ വിമാനത്തവാളത്തിൽ എത്തുന്ന  യാത്രക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാം പാലിക്കണമെന്നും, തരാസുദ് പ്ലസ്  ആപ്പിൽ  ക്യൂ.ആര്‍ കോഡ് രേഖപ്പെടുത്തിയിട്ടുള്ള വാക്സിൻ സെർട്ടിഫിക്ക്,  പി.സി.ആർ പരിശോധനാ ഫലം എന്നിവ കൈവശം കരുതിയിരിക്കണമെന്നും ഒമാൻ  എയർപോർട്ട് അധികൃതർ ഇന്ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ ആവശ്യപ്പെടുന്നു.

🇦🇪നടന്‍ ടൊവിനോ തോമസ് യുഎഇ ഗോള്‍ഡന്‍ വീസ സ്വീകരിച്ചു.

✒️കലാ-സാംസ്‍കാരിക രംഗങ്ങളിലെ പ്രതിഭകള്‍ക്ക് യുഎഇ സര്‍ക്കാര്‍ അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ നടന്‍ ടൊവിനോ തോമസ് സ്വീകരിച്ചു. കഴിഞ്ഞയാഴ്‍ച മമ്മൂട്ടിയും മോഹന്‍ലാലും അബുദാബിയില്‍ വെച്ച് ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടൊവിനോ തോമസിനും ഗോള്‍ഡന്‍ വിസ ലഭിച്ചത്.

ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിനായി കഴിഞ്ഞ ദിവസമാണ് ടൊവിനോ ദുബൈയിലെത്തിയത്. മറ്റ് ചില യുവ താരങ്ങള്‍ക്കും നടിമാര്‍ക്കും വൈകാതെ ഗോള്‍ഡന്‍ വീസ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കലാപ്രതിഭകള്‍ക്ക് ഓഗസ്റ്റ് 30 മുതല്‍ ഗോള്‍ഡന്‍ വീസ അനുവദിക്കുമെന്ന് ദുബൈ കള്‍ച്ചര്‍ ആന്റ് സ്‍പോര്‍ട്സ് അതോരിറ്റി അറിയിച്ചിരുന്നു.

വിവിധ മേഖലകളില്‍ മികച്ച സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വീസ നല്‍കുന്നത്. മലയാള സിനിമയില്‍ നിന്ന് മമ്മൂട്ടിക്കും മോഹന്‍ലാലിനുമാണ് ആദ്യമായി ഗോള്‍ഡന്‍ വീസ ലഭിക്കുന്നത്.  നേരത്തെ ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് എന്നിവര്‍ക്ക് ഗോള്‍ഡന്‍ വീസ അനുവദിച്ചിരുന്നു.

🇴🇲ഒമാനില്‍ 107 പേര്‍ക്ക് കൂടി കൊവിഡ്, ആറ് മരണം.

✒️ഒമാനില്‍ 107 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആറ് കൊവിഡ് മരണങ്ങളാണ് പുതിയതായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 189 പേര്‍ കൂടി രോഗമുക്തി നേടി.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,02,239 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 2,91,721 പേര്‍ ഇതിനോടകം രോഗമുക്തരായി. 96.5 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. ആകെ 4,063 പേര്‍ക്ക് ഒമാനില്‍ കൊവിഡ് കാരണം ജീവന്‍ നഷ്ടമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 11 പേരെ മാത്രമാണ് കൊവിഡ് ബാധിതരായി രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ ഉള്‍പ്പെടെ 122 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. ഇവരില്‍ 57 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

🇧🇭മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് വി മുരളീധരന്‍ ഇന്ന് ബഹ്‌റൈനിലെത്തും.

✒️മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ തിങ്കളാഴ്ച ബഹ്‌റൈനിലെത്തും. ബഹ്‌റൈനിലെ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും വിവിധ വിഷയങ്ങളില്‍ അദ്ദേഹം ചര്‍ച്ചകള്‍ നടത്തും.

കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ ഇതാദ്യമായാണ് ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്നത്. ബുധനാഴ്ച വരെ നീളുന്ന സന്ദര്‍ശനത്തില്‍ അദ്ദേഹം ബഹ്‌റൈനിലെ ഇന്ത്യക്കാരുമായി, ആരോഗ്യ, വിദ്യാഭ്യാസ, സേവന മേഖലകളില്‍ ജോലി ചെയ്യുന്നവരും വ്യാപാര മേഖലയിലുള്ളവരുമായും ചര്‍ച്ചകള്‍ നടത്തും.

🇸🇦സൗദി അറേബ്യയില്‍ ഒരാഴ്ചക്കുള്ളില്‍ അറസ്റ്റിലായത് 16,000ലേറെ വിദേശികള്‍.

✒️സൗദി അറേബ്യയില്‍ വിവിധ നിയമലംഘനങ്ങള്‍ക്ക് ഒരാഴ്ചക്കുള്ളില്‍ അറസ്റ്റിലായത് 16,397 വിദേശികള്‍. ഇഖാമ നിയമം ലംഘിച്ചതിന് 5,793 പേരും 9,145 അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനും പേരും അറസ്റ്റിലായി. തൊഴില്‍ നിയമലംഘകരായ  1,459 പേരെയും അധികൃതര്‍ പിടികൂടി. 

ഈ മാസം 19നും 25നും ഇടയില്‍ രാജ്യവ്യാപകമായി നടന്ന പരിശോധനയിലാണ് നിയമലംഘകരായ വിദേശികള്‍ പിടിയിലായത്. രാജ്യത്തേക്ക് അതിര്‍ത്തി വഴി നുഴഞ്ഞു കടക്കാന്‍ ശ്രമിച്ച 582 പേരെയും അറസ്റ്റ് ചെയ്തു. നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരില്‍  45 ശതമാനവും യമന്‍ പൗരന്മാരാണ്. 53 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. സൗദി അറേബ്യയില്‍ നിന്ന അയല്‍രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച 11 പേരും പിടിയിലായി. നിയമലംഘകര്‍ക്ക് യാത്ര, താമസസൗകര്യങ്ങള്‍ നല്‍കിയതിന് 17 പേര്‍ അറസ്റ്റിലായി. അടുത്തിടെ നിയമലംഘനങ്ങള്‍ക്ക് നടപടിക്രമങ്ങള്‍ക്ക് വിധേയരായതില്‍ ആകെ  67,886 പുരുഷന്‍മാരും 12,197 സ്ത്രീകളും ഉള്‍പ്പെടുന്നു.

🇰🇼കുവൈത്തില്‍ നിന്ന് പ്രവാസികള്‍ പണമയയ്ക്കുന്നതില്‍ കഴിഞ്ഞ വര്‍ഷം ഏഴ് ശതമാനം കുറവ്.

✒️കുവൈത്തില്‍ നിന്ന് പ്രവാസികള്‍ പണം അയക്കുന്നത് കഴിഞ്ഞ വര്‍ഷം ഏഴ് ശതമാനം കുറഞ്ഞതായി കണക്കുകള്‍. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം അയച്ച പണത്തില്‍ 400 ദശലക്ഷം ദിനാറിന്റെ ഇടിവുണ്ടായി. ആകെ 5.3 ബില്യണ്‍ ദിനാറാണ് കഴിഞ്ഞ വര്‍ഷം ആകെ കുവൈത്തില്‍ നിന്ന് പ്രവാസികള്‍ അയച്ചത്.

സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈത്ത് പുറത്തുവിട്ട 2020ലെ പ്രാഥമിക വിവരങ്ങളിലാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2019ല്‍ 5.7 ബില്യണ്‍ ദിനാറാണ് പ്രവാസികള്‍ അയച്ചിരുന്നത്. കൊവിഡ് മഹാമാരിയും അതുമൂലമുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങളുമാണ് 2020ല്‍ പ്രവാസികള്‍ അയക്കുന്ന പണത്തില്‍ വലിയ ഇടിവുണ്ടാകാന്‍ കാരണം. 

കൊവിഡ് പ്രതിസന്ധി കാരണം നിരവധി പ്രവാസികള്‍ക്കാണ് ജോലി നഷ്ടമായത്. പതിനായിരക്കണക്കിന് പ്രവാസികളുടെ ശമ്പളം വെട്ടിക്കുറയ്ക്കപ്പെട്ടു. ഇതോടെയാണ് പണം അയക്കുന്നതില്‍ കുറവ് വന്നത്. അതേസമയം കഴിഞ്ഞ വര്‍ഷം കുവൈത്തികള്‍ യാത്രയ്ക്കായി ചെലാക്കുന്ന പണത്തില്‍ 53% കുറവുണ്ടായിട്ടുണ്ട്. കൊവിഡിനെ പ്രതിരോധിക്കാന്‍ പല രാജ്യങ്ങളും പൂര്‍ണമായും അടച്ചിട്ടതാണ് ഇതിന് കാരണം. 2019ല്‍ 3.7 ബില്യന്‍ ദിനാറാണ് യാത്രയ്ക്കായി ചെലവഴിച്ചിരുന്നതെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത് 1.76 ബില്യന്‍ ദിനാറായി കുറഞ്ഞു.

🇦🇪യുഎഇയില്‍ ഇന്ധനവില കുറയും; പുതിയ നിരക്ക് പ്രഖ്യാപിച്ചു.

✒️യുഎഇയില്‍ സെപ്തംബറില്‍ ഇന്ധനവില കുറയും. യുഎഇയില്‍ ഇന്ധനവില നിര്‍ണയിക്കുന്ന കമ്മറ്റി തിങ്കളാഴ്ച പുതിയ നിരക്ക് പ്രഖ്യാപിച്ചു. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് സെപ്തംബര്‍ ഒന്നുമുതല്‍ 2.55 ദിര്‍ഹമായിരിക്കും നിരക്ക്. കഴിഞ്ഞ മാസം ഇത് 2.58 ദിര്‍ഹമായിരുന്നു.

സ്പെഷ്യല്‍ 95 പെട്രോളിന് ലിറ്ററിന് 2.44 ദിര്‍ഹമാകും സെപ്തംബര്‍ മുതല്‍ നല്‍കേണ്ടി വരിക. ഓഗസ്റ്റില്‍ ഇത് 2.47 ദിര്‍ഹമായിരുന്നു. ഇ പ്ലസ് പെട്രോളിന് ലിറ്ററിന് 2.36 ദിര്‍ഹമാണ് പുതിയ നിരക്ക്. 2.39  ദിര്‍ഹം ആയിരുന്നു പഴയ നിരക്ക്. ഡീസലിന് സെപ്തംബര്‍ മുതല്‍ ലിറ്ററിന് 2.38 ദിര്‍ഹമാണ്. പഴയവില 2.45 ദിര്‍ഹം ആയിരുന്നു. അന്താരാഷ്ട്ര വിപണയിലെ എണ്ണവില അനുസരിച്ച് ഓരോ മാസവും യോഗം ചേര്‍ന്നാണ് പ്രാദേശിക വില നിശ്ചയിക്കുന്നത്.

🇴🇲പ്രവാസികള്‍ക്ക് ആശ്വാസം; എക്‌സിറ്റ് പദ്ധതി സെപ്റ്റംബര്‍ അവസാനം വരെ നീട്ടി.

✒️വേണ്ടത്ര രേഖകളില്ലാതെ രാജ്യത്ത് കഴിയുന്ന വിദേശികള്‍ക്ക് ഒമാനില്‍ നിന്നും പിഴ കൂടാതെ വിട്ടുപോകുവാന്‍ പ്രഖ്യാപിച്ചിരുന്ന എക്‌സിറ്റ് പദ്ധതിയുടെ കാലാവധി സെപ്തംബര്‍ 30 വരെ നീട്ടിയതായി ഒമാന്‍ തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഓഗസ്റ്റ് 31 ഇന് എക്‌സിറ്റ് പദ്ധതി അവസാനിക്കാനിരിക്കയാണ് മന്ത്രാലയത്തിന്റെ ഈ തീരുമാനം. 2020 നവംബറിലാണ് എക്‌സിറ്റ് പദ്ധതിയുടെ ആദ്യ പ്രഖ്യാപനം തൊഴില്‍ മന്ത്രാലയം നടത്തിയത്. ഇപ്പോള്‍ ഇത് ഏഴാമത്തെ തവണയാണ് എക്‌സിറ്റ് പദ്ധതി നീട്ടിവെച്ചു കൊണ്ട് തൊഴില്‍ മന്ത്രാലയം ഉത്തരവ് ഇറക്കുന്നത്.

🇶🇦കൊവിഡ് നിയമലംഘനം; ഖത്തറില്‍ 448 പേര്‍ക്കെതിരെ കൂടി നടപടി.

✒️ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 448 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 383 പേരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്.

സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 60 പേരെയും മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് അഞ്ചുപേരെയും പിടികൂടി. എല്ലാവരെയും തുടര്‍നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. 

രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.

🇦🇪യുഎഇയില്‍ കോവിഡ് പരിശോധനയ്ക്ക് 50 ദിര്‍ഹം മാത്രം; വിദ്യാര്‍ഥികള്‍ക്ക് സൗജന്യം.

✒️യുഎഇയില്‍ കോവിഡ് പിസിആര്‍ പരിശോധനാ നിരക്ക് 50 ദിര്‍ഹമാക്കി ഏകീകരിച്ചു. ദേശീയ ദുരന്ത നിവാരണ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. നാളെ മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.

നിലവില്‍ 60 മുതല്‍ 150 ദിര്‍ഹം വരെയാണ് പരിശോധനയ്ക്ക് വിവിധ സ്ഥാപനങ്ങള്‍ ഈടാക്കുന്നത്. പരിശോധനാ ഫലം 24 മണിക്കൂറിനുള്ളില്‍ പങ്കുവയ്ക്കും. നാട്ടിലേക്കു പോകുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്ക് ആശ്വാസകരമാവും.

യുഎഇയിലെ വിദ്യാര്‍ഥികള്‍ക്ക് പിസിആര്‍ പരിശോധന സൗജന്യമാണ്. താഴെ പറയുന്ന സേഹ കേന്ദ്രങ്ങളില്‍ പരിശോധന നടത്താം:

അബുദാബി: സായിദ് സ്‌പോര്‍ട്‌സ് സിറ്റി, അല്‍ ബഹിയ, റബ്ദാന്‍, അല്‍ ഷംക, അല്‍ മന്‍ഹാല്‍.

അല്‍എന്‍: അഷര്‍ജ്, അല്‍ സറൂജ്, അല്‍ ഹില്‍, അല്‍ അമിറ.

അല്‍ ദഫ്‌റ: മദീനത് സായിദ്, ഗയാതി, അല്‍ മിര്‍ഫ, ലിവ, അല്‍ സില, ദല്‍മ.

ദുബൈ: ദുബൈ പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്‌സ്, അല്‍ ഖവാനീജ്, മിനാ റാഷിദ്, സിറ്റി വോക്.

ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ:

ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ 8 മുതല്‍ രാത്രി 8 വരെയും വെള്ളിയാഴ്ച രാവിലെ 10 മുതല്‍ രാത്രി 8 വരെയുമാണ് സൗജന്യ പരിശോധന.

🇶🇦ഖത്തറില്‍ ഇന്ന് 205 പേര്‍ക്ക് കോവിഡ്; 200 രോഗമുക്തി.

✒️ഖത്തറില്‍ ഇന്ന് 205 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 67 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 200 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 2,29,246 ആയി. രാജ്യത്ത് ഇന്നും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ കോവിഡ് മരണം 602 ആണ്.

2,723 പേരാണ് ഖത്തറില്‍ നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 23 പേര്‍ ഐസിയുവില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടുപേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. പുതുതായി 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 77 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 20,584 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാകസിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 44,13,329 ഡോസ് വാക്സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 81.6 ശതമാനം പേര്‍ ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിനെടുത്തു.
*🅁🄴🄰🄻 🄼🄴🄳🄸🄰 🄻🄸🅅🄴*🛫

🇸🇦ഇഖാമയില്‍ കാണിക്കാത്ത ജോലി; സൗദിയില്‍ നിരവധി ഹൗസ് ഡ്രൈവര്‍മാര്‍ പിടിയില്‍.

✒️സൗദിയില്‍ ഇഖാമയില്‍ കാണിക്കാത്ത ജോലി ചെയ്യുന്ന നിയമ ലംഘകരെ പിടികൂടുന്നതിന് പരിശോധന ശക്തം. ഹൗസ് ഡ്രൈവര്‍ വിസയിലുള്ള നിരവധി പേര്‍ പിടിയിലായി. ഹൗസ് ഡ്രൈവര്‍ വിസയിലെത്തി വയറിംഗ്, പെയിന്റിംഗ്, ടൈല്‍സ് വര്‍ക്ക്, മേസന്‍ തുടങ്ങിയ ജോലികള്‍ ചെയ്യുന്നവരാണ് തുറൈഫില്‍ പിടിയിലായത്.

നിയമലംഘകരെ വലയിലാക്കാന്‍ വെള്ളിയാഴ്ചകളിലും പുലര്‍ച്ചെയും പോലിസ് പരിശോധനയുണ്ട്. പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ പുലര്‍ച്ചെ തന്നെ പുതിയ കെട്ടിടങ്ങളില്‍ ജോലിക്കെത്താന്‍ ശ്രമിച്ച പലരും പിടിയിലായി. തൊഴിലാളികള്‍ പോകുന്ന വാഹനങ്ങളെ പിന്തുടര്‍ന്നും പരിശോധന നടത്തുന്നുണ്ട്.

ഇഖാമയില്‍ ഡ്രൈവര്‍ പ്രൊഫഷനാണെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യപ്പെടുകയാണ് പോലിസ് ചെയ്യുന്നത്. ആമില്‍ മന്‍സില്‍ അഥവാ വീട്ടു ജോലിക്കാരന്‍ എന്ന വിസയിലെത്തിയും ധാരാളം പേര്‍ വിവിധ ജോലികള്‍ ചെയ്യുന്നുണ്ട്. സ്പോണ്‍സര്‍മാര്‍ക്ക് പ്രതിമാസം നിശ്ചിത തുക നല്‍കിയാണ് മറ്റു ജോലികള്‍ ചെയ്യുന്നത്.

🇶🇦ഖത്തറില്‍ ടൂറിസ്റ്റ് ഗൈഡ് ആവാന്‍ അവസരം; പരിശീലനത്തിനായി അപേക്ഷിക്കാം.

✒️ഖത്തറില്‍ ടൂറിസ്റ്റ് ഗൈഡുകളാവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഖത്തര്‍ ടൂറിസം പരിശീലനം നല്‍കുന്നു. നിലവില്‍ ടൂര്‍ ഗൈഡുകളായി പ്രവര്‍ത്തിക്കുന്നവര്‍ക്കും യോഗ്യരായ മറ്റ് ഖത്തര്‍ താമസക്കാര്‍ക്കുമാണ് ടൂര്‍ ഗൈഡ് ട്രെയ്‌നിങ് പ്രോഗ്രാമില്‍ അവസരം.

14 ദിവസത്തെ കോഴ്‌സില്‍ ഖത്തറിന്റെ ചരിത്രം, പരിസ്ഥിതി, സംസ്‌കാരം തുടങ്ങിയവയെക്കുറിച്ച് സമഗ്രമായ വിവരങ്ങള്‍ നല്‍കും. രാജ്യത്ത് അംഗീകൃത ടൂര്‍ ഗൈഡ് ആയി മാറാന്‍ ഈ കോഴ്‌സ് പൂര്‍ത്തീകരിക്കല്‍ നിര്‍ബന്ധമാണ്.

രാജ്യത്തെ ടൂറിസം മേഖലയുടെ നിലവാരം ഉയര്‍ത്തുന്നതിനും അംഗീകൃത ലൈസന്‍സോട് കൂടിയുള്ള ടൂര്‍ ഗൈഡുകളുടെ സേവനം ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ട് ഖത്തര്‍ ടൂറിസം വികസിപ്പിച്ചെടുത്തതാണ് ഈ പരിശീലന പദ്ധതി.

പരിശീലന തിയ്യതികള്‍ പിന്നീട് പ്രഖ്യാപിക്കും. താല്‍പര്യമുള്ളവര്‍ക്കു ഖത്തര്‍ ടൂറിസം വെബ്‌സൈറ്റ് വഴിയോ ലുസൈല്‍, അല്‍ ജസ്‌റ ടവറിലുള്ള(ഫസ്റ്റ് ഫ്‌ളോര്‍, കൗണ്ടര്‍ 44) വാണിജ്യ വ്യവസായ മന്ത്രാലയം ഓഫിസ് വഴി നേരിട്ടോ അപേക്ഷിക്കാവുന്നതാണ്. ഇംഗ്ലീഷിലാണ് പരിശീലനം. പരീക്ഷാ ഫീസ് 1,200 റിയാലും ടൂര്‍ ഗൈഡ് ലൈസന്‍സ് ഫീസ് 1,000 റിയാലുമാണ്.

2022ല്‍ ഖത്തര്‍ ഫിഫ ലോക കപ്പിന് ആതിഥ്യം അരുളാനിരിക്കേ ഖത്തറിലേക്ക് ടൂറിസ്റ്റുകളുടെ വലിയ പ്രവാഹം തന്നെ പ്രതീക്ഷിക്കുന്നുണ്ട്. ഈ സമയത്ത് രാജ്യത്ത് നിരവധി ടൂര്‍ ഗൈഡുകള്‍ ആവശ്യമായി വരും. അതുകൊണ്ട് തന്നെ അംഗീകൃത ടൂര്‍ ഗൈഡുകളെ സംബന്ധിച്ചിടത്തോളം മികച്ച അവസരമാണ് വരാനിരിക്കുന്നത്.
*🅁🄴🄰🄻 🄼🄴🄳🄸🄰 🄻🄸🅅🄴*🛫

🇦🇪അബുദാബി: COVID-19 വാക്സിന്റെ രണ്ട് ഡോസ് കുത്തിവെപ്പെടുത്ത് 6 മാസം പൂർത്തിയാക്കിയവർ ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് അറിയിപ്പ്.

✒️സിനോഫാം COVID-19 വാക്സിന്റെ രണ്ട് ഡോസ് കുത്തിവെപ്പെടുത്ത് 6 മാസം പൂർത്തിയാക്കിയ വ്യക്തികൾ നിർബന്ധമായും ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് കമ്മിറ്റി അറിയിച്ചു. എമിറേറ്റിൽ നൽകിവരുന്ന COVID-19 വാക്സിനുകളുടെ അംഗീകൃത ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും, രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച ശേഷം ആറ് മാസം പൂർത്തിയാക്കിയവരിൽ രോഗപ്രതിരോധ ശേഷി ഉയർത്തുന്നതിനും ഈ നടപടി നിർബന്ധമാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.

COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക് വ്യക്തത നൽകുന്നതിനായാണ് അബുദാബി മീഡിയ ഓഫീസ് ഈ അറിയിപ്പ് നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാര്യങ്ങളാണ് അധികൃതർ പങ്ക് വെച്ചിരിക്കുന്നത്:

ആരൊക്കെയാണ് COVID-19 ബൂസ്റ്റർ ഡോസ് എടുക്കേണ്ടത്?

സിനോഫാം COVID-19 വാക്സിന്റെ രണ്ട് ഡോസ് കുത്തിവെപ്പെടുത്ത് 6 മാസം പൂർത്തിയാക്കിയ മുഴുവൻ പേരും ഈ ബൂസ്റ്റർ ഡോസ് നിർബന്ധമായും എടുക്കേണ്ടതാണ്. നിലവിൽ സിനോഫാം COVID-19 വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്കാണ് ഈ ബൂസ്റ്റർ ഡോസ് നൽകുന്നത്. മറ്റു വാക്സിനുകളുമായി ബന്ധപ്പെട്ട് ഇത്തരം തീരുമാനങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ അത് സംബന്ധിച്ചുള്ള അറിയിപ്പ് ആരോഗ്യ മന്ത്രാലയം നേരിട്ട് അറിയിക്കുന്നതാണ്.

ബൂസ്റ്റർ ഡോസ് എടുക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ?

സിനോഫാം COVID-19 വാക്സിന്റെ രണ്ട് ഡോസ് കുത്തിവെപ്പെടുത്ത് 6 മാസം പൂർത്തിയാക്കിയ മുഴുവൻ പേർക്കും, Alhosn ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതിനായി 2021 സെപ്റ്റംബർ 20 വരെ അധിക സമയം അനുവദിച്ചിട്ടുണ്ട്. ഇത്തരം വ്യക്തികൾക്ക് സെപ്റ്റംബർ 20-ന് ശേഷം ഇവർ ബൂസ്റ്റർ ഡോസ് എടുക്കുന്നത് വരെ Alhosn ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉണ്ടായിരിക്കുന്നതല്ല. അബുദാബിയിലെ പൊതു ഇടങ്ങളിൽ പ്രവേശിക്കുന്നതിന് Alhosn ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് നിർബന്ധമാണ്.

ബൂസ്റ്റർ ഡോസ് എടുത്തവരുടെ Alhosn ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ലഭ്യമാകുന്നതാണോ?

സിനോഫാം COVID-19 വാക്സിന്റെ രണ്ട് ഡോസ് കുത്തിവെപ്പെടുത്ത് 6 മാസം പൂർത്തിയാക്കിയ മുഴുവൻ പേർക്കും ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതോടെ Alhosn ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് തിരികെ ലഭിക്കുന്നതാണ്. ഓരോ 30 ദിവസം തോറും PCR ടെസ്റ്റ് നടത്തിക്കൊണ്ട് ഈ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്താവുന്നതാണ്.

🇧🇭ഇന്ത്യയും ബഹ്‌റൈനും തമ്മില്‍ എയര്‍ ബബ്ള്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നു.

✒️ഇന്ത്യയും ബഹ്‌റൈനും തമ്മില്‍ എയര്‍ ബബ്ള്‍ പ്രകാരമുള്ള വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നു. സെപ്റ്റംബര്‍ 15 മുതല്‍ ദിവസവും ബഹ്‌റൈനിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകളുണ്ടാകും. പുതിയ സര്‍വീസുകള്‍ക്കുള്ള ബുക്കിങ് എയര്‍ലൈന്‍സുകള്‍ ആരംഭിച്ചു. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ ഡല്‍ഹിയില്‍നിന്ന് ബഹ്‌റൈനിലേക്ക് ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ നടത്തിയിരുന്നത് ഇനിമുതല്‍ നാലായി വര്‍ധിക്കും. ഹൈദരാബാദില്‍നിന്ന് ഒരു സര്‍വീസ് നടത്തിയിരുന്നത് രണ്ടായും വര്‍ധിപ്പിച്ചു. ബംഗളൂരുവില്‍നിന്ന് കൊച്ചി വഴി ബഹ്‌റൈനിലേക്ക് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പുതിയ സര്‍വീസ് ആരംഭിച്ചു.

ബഹ്‌റൈനില്‍നിന്ന് കോഴിക്കോട് വഴി മുംബൈയിലേക്ക് മാസത്തില്‍ രണ്ട് സര്‍വീസ് നടത്തിയിരുന്നത് വ്യാഴം, ഞായര്‍ ദിവസങ്ങളിലായി ആഴ്ചയില്‍ രണ്ട് എന്ന രീതിയില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍നിന്ന് അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടില്ല. എയര്‍ ഇന്ത്യ ബംഗളൂരുവില്‍നിന്ന് കൊച്ചി വഴിയുള്ള സര്‍വീസ് ആരംഭിച്ചതുമാത്രമാണ് കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അധികമായി ലഭിക്കുന്ന സര്‍വീസ്. തിരുവനന്തപുരത്തുനിന്ന് അധിക സര്‍വീസ് നടത്തുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് സൂചന. ഒക്ടോബര്‍ 30 വരെയുള്ള ഷെഡ്യൂളാണ് എയര്‍ ഇന്ത്യ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 13നു ഇന്ത്യയും ബഹ്‌റൈനും തമ്മില്‍ എയര്‍ ബബ്ള്‍ പ്രകാരമുള്ള വിമാന സര്‍വീസ് ആരംഭിച്ചതനുസരിച്ച് ഗള്‍ഫ് എയറിനും എയര്‍ ഇന്ത്യ/എയര്‍ ഇന്ത്യ എക്‌സ്പ്രസിനും ദിവസവും ഒരു സര്‍വീസ് നടത്താനായിരുന്നു അനുമതി. തുടക്കത്തില്‍ ആഴ്ചയില്‍ 650 യാത്രക്കാരെ കൊണ്ടുവരാനാണ് അനുവദിച്ചിരുന്നത്. ഇനി മുതല്‍ ആഴ്ചയില്‍ 1100ഓളം യാത്രക്കാരെ കൊണ്ടുവരാന്‍ കഴിയും. കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത് ഇന്ത്യയില്‍നിന്ന് ബഹ്‌റൈനിലേക്ക് വരാന്‍ കാത്തിരിക്കുന്നവര്‍ക്ക് ആശ്വാസമാകും.

Post a Comment

0 Comments