Ticker

6/recent/ticker-posts

Header Ads Widget

കര്‍ക്കിടകമൊഴിയും മുമ്പേ അത്തമിങ്ങെത്തി; ഇനി പ്രതീക്ഷയുടെ പൂക്കാലം

പൂക്കളം വിടരുന്ന വീട്ടുമുറ്റങ്ങളുടെ കാഴ്ചയുമായി ഇന്ന് അത്തം. കർക്കിടകത്തിലെത്തുന്ന അത്ത പുലരിയെ പ്രതീക്ഷയോടെ വരവേൽക്കുകയാണ് മലയാളികൾ. പ്രതിസന്ധിക്കാലത്ത് ആശ്വാസത്തിന്‍റെ തിരിനാളമാവുകയാണ് ഓണക്കാലം.

ഓണക്കാലമെന്നാല്‍ കുട്ടികള്‍ക്ക് പൂ തേടിയുള്ള യാത്രയാണ്. തൊടിയിലുള്ള പൂക്കളിറുത്തെടുത്ത് ഇലക്കുമ്പിളില്‍ ശേഖരിച്ച് കഥ പറഞ്ഞ് കളി കളി പറഞ്ഞ് അവരുടെ നാളുകള്‍ . മാസ്കണിഞ്ഞ ഓണക്കാലം കൂടിയാണിത്. സ്കൂളില്ലാത്തതിനാല്‍ ബന്ധുവീടുകളില്‍ ഒത്തുകൂടിയ കുട്ടികള്‍ക്ക് ഇത് ആഘോഷത്തിന്‍റെ ദിവസങ്ങളാണ്.

നാട്ടുപൂക്കളുണ്ടെങ്കിലും മനോഹരമാക്കാന്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും പൂക്കളെത്തി. വീട്ടുമുറ്റത്തും ഉമ്മറത്തുമായി പൂക്കളവും ഒരുങ്ങി. ഇത്തവണ കര്‍ക്കിടകത്തിലാണ് അത്തം തുടങ്ങുന്നത്. പഞ്ഞകര്‍ക്കിടകം കഴിഞ്ഞ് പൊന്‍ചിങ്ങപുലരിക്ക് അഞ്ച് ദിവസം കൂടി . ദുരിതകാലത്തെ മറികടക്കാന്‍, ഈ കാലവും കടന്ന് പോകുമെന്ന് സ്വയമുറപ്പിക്കാന്‍ ഓണക്കാലത്തെ ഈ പൂക്കളങ്ങള്‍ക്ക് കഴിയുമന്ന പ്രതീക്ഷയാണ് മുന്നില്‍.

ഈ അത്തത്തിനുമുണ്ട് ഒരു വിശേഷം. ഇക്കുറി 12, 13 തീയതികളിലായി അത്തം നക്ഷത്രം കടന്നുപോകുന്നുണ്ട്. ഉത്രം നക്ഷത്രം വ്യാഴാഴ്ച രാവിലെ 8.54 വരെ മാത്രമാണുള്ളത്. വെള്ളിയാഴ്ച രാവിലെ 8.01 വരെ അത്തം നക്ഷത്രമാണ്.

ചിങ്ങപ്പിറവി 17-നാണ്. 21-നാണ് തിരുവോണം. ഓണാഘോഷം നടത്തുന്ന പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം ചടങ്ങുകൾ മാത്രമാണുള്ളത്. ഓണാഘോഷങ്ങൾക്ക് തുടക്കമിടുന്ന തൃപ്പൂണിത്തുറയിലും അത്തം ഘോഷയാത്രയില്ല.

കോവിഡ് ജാഗ്രതയുടെ നിയന്ത്രണങ്ങൾക്കിടയിലെത്തുന്ന രണ്ടാമത്തെ ഓണക്കാലമാണിത്. പുത്തനുടുപ്പുകളും പൂപ്പൊലിമയും ഉത്സവാന്തരീക്ഷവും സദ്യവട്ടങ്ങളും ഒക്കെ നിറയുന്ന ഓണക്കാലത്തിൽനിന്ന് ഏറെ വ്യത്യസ്തം. ഓണത്തിരക്കിൽ രോഗവ്യാപനമുണ്ടാവാതിരിക്കാനുള്ള ജാഗ്രതയിലാണ് എല്ലാവരും. ഓണത്തിനുണരുന്ന വിപണിയുടെ ഉന്മേഷത്തിൽ ഒരു വർഷത്തെ ജീവിതം പൊലിപ്പിക്കാൻ കാത്തിരുന്നവർക്ക് ഇക്കുറിയും നിരാശയാണ് ബാക്കി.

Post a Comment

0 Comments