Ticker

6/recent/ticker-posts

Header Ads Widget

ബൈക്കിൽ കറങ്ങി നടന്ന് മോഷണം പതിവാക്കിയ യുവാവിനെ പോലീസ് സാഹസികമായി പിടികൂടി

കോഴിക്കോട്: ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളുടെയും കുട്ടികളുടേതുമടക്കം നിരവധി സ്വര്‍ണ്ണ മാലകള്‍ പൊട്ടിച്ചയാള്‍ ഒടുവില്‍ പൊലീസ് പിടിയില്‍.

നല്ലളം ഗിരീഷ് തിയേറ്ററിനു സമീപം ആശാരി തൊടിയില്‍ താമസിക്കുകയും ഇപ്പോള്‍ കൊണ്ടൊട്ടിയില്‍ കലാമ്ബ്രം എക്കാംപറമ്ബില്‍ വാടകക്ക് താമസിക്കുന്ന നൗഷാദ് (41) എന്നയാളെയാണ് മെഡിക്കല്‍ കോളേജ് അസിസ്റ്റന്‍റ് കമ്മീഷണര്‍ കെ. സുദര്‍ശന്‍ നേതൃത്വം നല്‍കുന്ന കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡിന്‍റെയും മെഡിക്കല്‍ കോളേജ് പൊലീസിന്‍റെയും പിടിയിലായത്.

കൊവിഡ് കാലഘട്ടത്തിന്‍റെ മറവില്‍ മോഷണങ്ങളും പിടിച്ചുപറികളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കോഴിക്കോട് സിറ്റി ജില്ലാ പൊലീസ് മേധാവി ഡിഐജി. എ.വി. ജോര്‍ജ്ജ് ഐ.പി.എസിന്‍റെ നിര്‍ദ്ദേശ ത്തിന്‍റെ അടിസ്ഥാനത്തില്‍ ഡിസിപി സ്വപ്നില്‍ മഹാജന്‍ ഐപിഎസിന്‍റെ മേല്‍നോട്ടത്തില്‍ സിറ്റി ക്രൈം സ്ക്വാഡും സിറ്റി പൊലീസും നിരീക്ഷണം ശക്തമാക്കിയിരുന്നു.
അടുത്ത കാലങ്ങളിലായി സ്നാച്ചിങ്ങ് കേസുകള്‍ കോഴിക്കോട് സിറ്റിയില്‍ വര്‍ദ്ധിച്ചു വരുന്ന സാഹര്യത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു.

കോഴിക്കോട് സിറ്റിയില്‍ എസിപിയുടെ നേതൃത്വത്തില്‍ ക്രൈം സ്ക്വാഡ് രൂപീകരിച്ചതിനു ശേഷം നടന്നിട്ടുള്ള സ്നാച്ചിങ്ങ് കേസുകളുടെ പരമാവധി സിസിടിവി കാമറ ദൃശ്യ ങ്ങള്‍ ക്രൈം സ്ക്വാഡ് അംഗങ്ങള്‍ ശേഖരിച്ചു വെച്ചിരുന്നു. 2017 മുതല്‍ വ്യക്തമായ ഇടവേളകളില്‍ സാമാന്യം തടിയുള്ള മധ്യവയസ്കനായ ഒരാള്‍ പിടിച്ചുപറി നടത്തി പൊലീസിനെ കബളിപ്പിച്ച്‌ പോകുന്നുണ്ടെന്ന് മനസ്സിലാക്കിയ അന്വേഷണ സംഘം മുമ്ബ് ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള സമീപ ജില്ലകളിലുള്ളവരുടെ പേരുവിവരങ്ങളെടുത്ത് പരിശോധിക്കുകയും രഹസ്യമായി നിരീക്ഷിക്കു കയും ചെയ്തിരുന്നു.

എന്നാല്‍ ഇതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത് ഇതുവരെ യാതൊരു വിധ കേസുകളിലും ഉള്‍പ്പെടാത്തയാളാണ് ആ "തടിയന്‍" എന്നാണ്. തുടര്‍ന്ന് സമീപകാലങ്ങളിലായി ഇയാള്‍ നടത്തിയ മാലപൊട്ടിക്കലില്‍ ഇരയായവരെ നേരില്‍ കണ്ട് വിവരങ്ങള്‍ ചോദിച്ചപ്പോള്‍ തടിയനായ ചുവന്ന കണ്ണുകളോട് കൂടിയ ഒരാളാണെന്നും മാല പൊട്ടിച്ച്‌ കുറച്ച്‌ ദൂരം മുന്നോട്ട് പോയി ഓടുന്ന ബൈക്കില്‍ നിന്നും തിരിഞ്ഞു നോക്കാറുണ്ടായിരുന്നെന്നും പറഞ്ഞു.

പിന്നീട് പിടിച്ചുപറി നടന്ന സമയം, കൃത്യം നടന്ന സ്ഥലങ്ങളിലേക്ക് പ്രതി വരുന്നതും പോകുന്നതുമായ അഞ്ഞൂറോളം സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതില്‍ നിന്നും, എല്ലാം തന്നെ വ്യക്തമായ ഇടവേളകളില്‍ വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണെന്നും ഇയാള്‍ കൃത്യം നടത്തി തിരിച്ചു പോകാറുള്ള ഏകദേശ വഴിയും അന്വേഷണ സംഘം മനസ്സിലാക്കി. തുടര്‍ന്ന് ഈ ഭാഗങ്ങളിലുള്ളവരെ കേന്ദ്രീകരിച്ച്‌ രഹസ്യമായി അന്വേഷണം നടത്തിവരികയും പൊലീസ് വാഹന പരിശോധന ശക്തമാക്കു കയും ചെയ്തിരുന്നു. ഓണാഘോഷത്തിനു മുന്നോടിയായി സ്നാച്ചിങ്ങ് നടക്കാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയ സിറ്റി ക്രൈം സ്ക്വാഡ് ദിവസങ്ങളായി ഈ പ്രദേശങ്ങളെ നിരീക്ഷണത്തിലാക്കിയിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം മായനാട് കളരി ബസ്സ് സ്റ്റോപ്പിനു സമീപത്തെ വാഹന പരിശോധനയിലാണ് ഇയാള്‍ പൊലീസ് പിടിയിലായത്.

പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും കോഴിക്കോട് സിറ്റിയിലെ ചേവായൂര്‍,മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നും മുപ്പത്തിലധികം സ്നാച്ചിങ്ങുകള്‍ നടത്തിയിട്ടുള്ളതായി പ്രതി പൊലീസിനോട് സമ്മതിച്ചു. പരമാവധി സിസിടിവി ദൃശ്യങ്ങളില്‍ പ്പെടാതിരിക്കാന്‍ വലിയ വാഹനങ്ങളോട് പതുങ്ങി ചേര്‍ന്നായിരുന്നു വാഹനം ഓടിച്ചിരുന്നത്. കൂടാതെ സ്നാച്ചിങ്ങിന് വരുമ്ബോള്‍ ബൈക്കിന്‍റെ ശരിയായ നമ്ബര്‍ പ്ലേറ്റ് മാറ്റി മറ്റുള്ളവര്‍ക്ക് മനസ്സിലാവാത്ത രീതിയിലുള്ള ചെറിയ അക്ഷരത്തിലുള്ള നമ്ബര്‍ പ്ലേറ്റുകളുമാണ് പ്രതി ഉപയോഗിച്ചിരുന്നത്.

കുടുംബ പ്രാരാബ്ധവും വര്‍ദ്ധിച്ചു വന്ന കടവുമാണ് മാല പിടിച്ചുപറിയിലേക്ക് വരാന്‍ കാരണമായതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങേണ്ടതുണ്ടെന്നും, വ്യക്തമായ രേഖകള്‍ ഇല്ലാതെ സ്വര്‍ണ്ണവും മറ്റും വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കുമെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മെഡിക്കല്‍ കോളേജ് എസിപി കെ. സുദര്‍ശന്‍ പറഞ്ഞു. സ്ത്രീകളും കുട്ടികളും ഒറ്റക്ക് പോകുന്ന വഴികള്‍ മനസ്സിലാക്കി തക്കം നോക്കി ആക്രമിച്ച്‌ മാല പൊട്ടിക്കുന്ന രീതിയാണ് ഇയാള്‍ക്ക്. ഇതുവരെ പിടിക്കപ്പെട്ടിട്ടില്ല എന്നുള്ള അധിക ആത്മവിശ്വാസവും പ്രതിക്കുണ്ടായിരുന്നു.

നല്ലളം സ്വദേശിയായ നൗഷാദ് വിവാഹ ശേഷം ഇപ്പോള്‍ രണ്ട് വര്‍ഷത്തോളമായി കൊണ്ടോട്ടിയില്‍ വാടകക്ക് താമസിക്കുകയാണ്. ഇപ്പോള്‍ കൊണ്ടോട്ടി ഭാഗങ്ങളില്‍ കാര്‍ വില്പനക്കാരിലെ ഇടനിലകാരനായി ജോലി ചെയ്യുകയായിരുന്നു. കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ ഇ. മനോജ്, സീനിയര്‍ സി പി ഒ എം.ഷാലു, സി പി ഒ മാരായ എ. പ്രശാന്ത് കുമാര്‍,ഷാഫി പറമ്ബത്ത്, ശ്രീജിത്ത് പടിയാത്ത്, ഷഹീര്‍ പെരുമണ്ണ എന്നിവരെ കൂടാതെ മെഡിക്കല്‍ കോളേജ് പൊലീസ് ഇന്‍സ്പെക്ടര്‍ ബെന്നി ലാലു സബ്ബ് ഇന്‍സ്പെക്ടര്‍ രമേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്

Post a Comment

0 Comments