Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ

🇸🇦സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് നിരീക്ഷണത്തിലുള്ളവരുടെയും എണ്ണം കുറഞ്ഞു.

🇰🇼വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ യുവാവിന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവ്.

🇦🇪അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക അറിയിപ്പുമായി വിമാനക്കമ്പനി.

🇸🇦സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്ത പ്രവാസികള്‍ക്ക് മടങ്ങാം.

🇦🇪യുഎസ്, യു.കെ വീസയുള്ള ഇന്ത്യക്കാരുടെ ഓണ്‍ അറൈവല്‍ വീസ സൗകര്യം താത്കാലികമായി നിര്‍ത്തലാക്കി യുഎഇ.

🇦🇪യുഎഇയില്‍ എട്ട് മാസത്തിന് ശേഷം പ്രതിദിന കൊവിഡ് കണക്ക് ആയിരത്തില്‍ താഴെയെത്തി.

🇴🇲ഒമാനില്‍ 120 പേര്‍ക്ക് കൂടി കൊവിഡ്, അഞ്ചു മരണം.

🇶🇦കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; ഖത്തറില്‍ 452 പേര്‍ക്കെതിരെ കൂടി നടപടി.

🇧🇭ബഹ്‌റൈനിലേക്ക് പ്രവേശിക്കുന്നവർക്ക് പത്താം ദിനം PCR ടെസ്റ്റ് നിർബന്ധമാണെന്ന് ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു.


🇶🇦ഖത്തർ: ഗ്രീൻ, യെല്ലോ, റെഡ് രാജ്യങ്ങളുടെ പട്ടികകളിൽ മാറ്റം വരുത്തി.

🇦🇪ദുബായ്: ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള റെസിഡൻസി വിസകളുടെ കാലാവധി GDRFA നീട്ടി നൽകിയതായി ഫ്ലൈ ദുബായ്.

🇰🇼കുവൈറ്റ്: അമ്യൂസ്മെന്റ് പാർക്കുകൾ, കുട്ടികളുടെ വിനോദകേന്ദ്രങ്ങൾ മുതലായവ സെപ്റ്റംബർ മുതൽ തുറക്കുമെന്ന് സൂചന.

🇶🇦ഖത്തറില്‍ ഇന്നും രോഗമുക്തി കൂടുതല്‍; പുതുതായി 205 പേര്‍ക്ക് കോവിഡ്.

🇦🇪ഇന്റര്‍നെറ്റ് കോള്‍ ചെയ്യുന്നവര്‍ സൂക്ഷിക്കുക; യുഎഇയില്‍ വിപിഎന്‍ ദുരുപയോഗത്തിന് പിഴ 20 ലക്ഷം ദിര്‍ഹം.


വാർത്തകൾ വിശദമായി

🇸🇦സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് നിരീക്ഷണത്തിലുള്ളവരുടെയും എണ്ണം കുറഞ്ഞു.

✒️സൗദി അറേബ്യയിൽ നിലവിൽ രോഗബാധിതരായി നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 4,377 ആയി കുറഞ്ഞു. ഇതിൽ 1,108 പേർ മാത്രമാണ് ആശുപത്രികളിൽ തീവ്രപരിചരണത്തിൽ കഴിയുന്നത്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.  രാജ്യത്ത് കൊവിഡ് വ്യാപനം നന്നായി കുറഞ്ഞതിന്റെ തെളിവായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. ഇന്ന് 353 പേർക്ക് മാത്രമാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. നിലവിലെ രോഗബാധിതരിൽ 456 പേർ സുഖം പ്രാപിക്കുകയും ചെയ്തതായി സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. മരണനിരക്കിലും കുറവുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഏഴ് മരണങ്ങൾ മാത്രമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 

രാജ്യത്ത് ഇന്ന് 68,962 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,42,707 ആയി. ഇതിൽ 5,29,833 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,497 ആണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. 

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 72, മക്ക 66, കിഴക്കൻ പ്രവിശ്യ 41, ജീസാൻ 34, അസീർ 30, മദീന 26, അൽഖസീം 23, നജ്റാൻ 16, വടക്കൻ അതിർത്തി മേഖല 11, ഹായിൽ 10, തബൂക്ക് 10, അൽജൗഫ് 7, അൽബാഹ 7. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെയ്പ്പ് 34,465,193 ഡോസ് ആയി ഉയർന്നു.

🇰🇼വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ യുവാവിന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവ്.

✒️വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍ ജോലി ചെയ്‍തയാളിന് ഏഴ് വര്‍ഷം ജയില്‍ ശിക്ഷ. നേരത്തെ കീഴ്‍കോടതി വിധിച്ച ശിക്ഷ പരമോന്നത കോടതി ശരിവെയ്‍ക്കുകയായിരുന്നു. ഇയാള്‍ തയ്യാറാക്കിയ വ്യാജ രേഖകള്‍ പിടിച്ചെടുക്കാനും ശമ്പളവും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങള്‍ക്കും പകരം 90,000 ദിനാര്‍ (2.2 കോടിയിലധികം ഇന്ത്യന്‍ രൂപ) പിഴ ഈടാക്കാനും കോടതി വിധിച്ചിട്ടുണ്ട്.

സൗദി അറേബ്യയില്‍ നിന്ന് നേടിയതെന്ന പേരില്‍ ഹൈസ്‍കൂള്‍ സര്‍ട്ടിഫിക്കറ്റും ഈജിപ്‍തില്‍ നിന്ന് ലഭിച്ചതെന്ന പേരില്‍ ഒരു കോളേജിലെ സര്‍ട്ടിഫിക്കറ്റുമാണ് യാള്‍ വ്യാജമായി ഉണ്ടാക്കിയത്. വ്യാജ രേഖകളുടെ പിന്‍ബലത്തില്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍ 2007 മുതല്‍ 2019 വരെയാണ് ജോലി ചെയ്‍തത്. ഇക്കാലയളവില്‍ 30,000 ദിനാര്‍ അനധികൃതമായി സമ്പാദിച്ചുവെന്ന്  കോടതി രേഖകള്‍ വ്യക്തമാക്കുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ വിശദ പരിശോധനയ്‍ക്ക് വിധേയമാക്കിയപ്പോഴാണ് ഇയാള്‍ പിടിക്കപ്പെട്ടത്.

🇦🇪അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക അറിയിപ്പുമായി വിമാനക്കമ്പനി.

✒️അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക അറിയിപ്പുമായി ഇത്തിഹാദ് എയര്‍വേയ്‍സ്. ഓഗസ്റ്റ് 27നോ അതിന് മുമ്പോ അബുദാബിയിലേക്ക് യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ എത്രയും വേഗം ഐ.സി.എ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കമ്പനി അറിയിച്ചു.

ഓഗസ്റ്റ് 27ന് ശേഷം യാത്ര ചെയ്യുന്നവര്‍ യാത്ര പുറപ്പെടുന്ന തീയ്യതിക്ക് അഞ്ച് ദിവസം മുമ്പ് ഐ.സി.എ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഇത്തിഹാദ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. യാത്ര ചെയ്യുന്ന ആളിന്റെ പേര്, യാത്ര ചെയ്യാനുദ്ദേശിക്കുന്ന തീയ്യതി, എത്തിച്ചേരുന്ന വിമാനത്താവളം, പുറപ്പെടുന്ന രാജ്യം, പാസ്‍പോര്‍ട്ട് വിവരങ്ങള്‍, വാക്സിനെടുത്തതിന്റെ വിവരങ്ങള്‍ എന്നിവയാണ് ഐ.സി.എ വെബ്‍സൈറ്റില്‍ നല്‍കേണ്ടത്. സിനോഫാം, ഫൈസര്‍ ബയോഎന്‍ടെക്, സ്‍പുട്‍നിക്, ഓക്സ്ഫോഡ് ആസ്‍ട്രസെനിക, ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍, മൊഡേണ, സ്‍പുട്‍നിക് -v എന്നീ വാക്സിനുകള്‍ക്കാണ് യുഎഇയില്‍ അംഗീകാരമുള്ളതായി ഐ.സി.എ അറിയിച്ചിരിക്കുന്നത്.

🇸🇦സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്ത പ്രവാസികള്‍ക്ക് മടങ്ങാം.

✒️സൗദി അറേബ്യയില്‍ നിന്ന് രണ്ടു ഡോസ് വാക്‌സിനെടുത്തവര്‍ക്ക് തിരികെ വരാമെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയടക്കമുള്ള പ്രവേശന നിരോധനമുള്ള രാജ്യങ്ങളിലേക്ക് റീ എന്‍ട്രിയില്‍ പോയ സൗദി ഇഖാമ ഉള്ളവർക്ക് മടങ്ങിയെത്താനുള്ള അവസരമാണ് ഒരുങ്ങുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും എംബസി ട്വീറ്റ് ചെയ്‍തു.

രണ്ടു ഡോസ് വാക്സിനും സൗദി അറേബ്യയില്‍ നിന്ന് സ്വീകരിച്ചവര്‍ക്ക്  14 ദിവസം മറ്റൊരു രാജ്യത്ത് കഴിയേണ്ടതില്ലെന്നാണ് സൗദി വിദേശകാര്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. എല്ലാ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും അയച്ച സര്‍ക്കുലറില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കുലര്‍ ലഭിച്ചതായി സൗദിയിലെ ഇന്ത്യന്‍ എംബസിയും സ്ഥിരീകരിച്ചു.  

സൗദിയില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് തന്നെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 'ഇമ്യൂണ്‍' ആയിരിക്കണമെന്നതാണ് നിബന്ധന. മറ്റു കൊവിഡ് വ്യാപന മാനദണ്ഡങ്ങളെല്ലാം പാലിക്കേണ്ടിവരുമെന്നും സര്‍ക്കുലറിലുണ്ട്. ഈ അനുമതി എന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ വിമാന സര്‍വീസുകള്‍ തുടങ്ങുന്നതിന് എല്ലാ രാജ്യങ്ങളും സ്വന്തമായ തീരുമാനങ്ങളെടുക്കേണ്ടതുമുണ്ട്.

ഇന്ത്യക്ക് പുറമെ പാക്കിസ്ഥാൻ, യുഎഇ, ഈജിപ്ത്, ബ്രസീൽ, അർജന്റീന, ഇന്തോനേഷ്യ, സൗത്ത് ആഫ്രിക്ക, വിയറ്റ്നാം, അഫ്ഗാനിസ്ഥാൻ, തുർക്കി, ലബനാൻ, എത്യോപ്യ എന്നീ 13 രാജ്യങ്ങളിൽ നിന്നാണ് സൗദിയിലേക്ക് നേരിട്ട് പ്രവേശന വിലക്കുണ്ടായിരുന്നത്. ഇവിടങ്ങളിലുള്ള പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് പുതിയ ഇളവ് അനുഗ്രഹമാവും. എന്നാല്‍ നാട്ടിൽ നിന്നും വാക്സിൻ എടുത്തവർക്കും ഒരു ഡോസ് വാക്സിനെടുത്ത ശേഷം നാട്ടിലേക്ക് വന്നവര്‍ക്കും ഇപ്പോഴത്തെ നിലയില്‍ മടങ്ങാനാവില്ല.

🇦🇪യുഎസ്, യു.കെ വീസയുള്ള ഇന്ത്യക്കാരുടെ ഓണ്‍ അറൈവല്‍ വീസ സൗകര്യം താത്കാലികമായി നിര്‍ത്തലാക്കി യുഎഇ.

✒️യു.എസ്, യു.കെ, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലെ വിസയുള്ള ഇന്ത്യക്കാര്‍ക്ക് യുഎഇ അനുവദിച്ചിരുന്ന ഓണ്‍ അറൈവല്‍ വീസ സൗകര്യം താത്കാലികമായി നിര്‍ത്തലാക്കി. വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്‍സാണ് തിങ്കളാഴ്‍ച ഇക്കാര്യം അറിയിച്ചത്. ഒരു യാത്രക്കാരന്റെ അന്വേഷണത്തിന് മറുപടിയായാണ് ഇക്കാര്യം ഇത്തിഹാദ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

അമേരിക്ക, ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലെ വിസയുള്ളവര്‍ക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് അബുദാബിയിലെത്തി ഓണ്‍ അറൈവല്‍ വിസ നേടാമെന്ന് നേരത്തെ പുറത്തിറക്കിയ അറിയിപ്പില്‍ ഇത്തിഹാദ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിന്ന് നേരിട്ട് വരുന്നവര്‍ക്കും കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഇന്ത്യ സന്ദര്‍ശിച്ചവര്‍ക്കും തത്കാലം ഓണ്‍ അറൈവല്‍ വിസ നല്‍കേണ്ടെന്നാണ് യുഎഇ അധികൃതരുടെ തീരുമാനമെന്ന് ഇത്തിഹാദ് അറിയിച്ചു. ഇക്കാര്യത്തിലെ പുതിയ അറിയിപ്പുകള്‍ക്കായി തങ്ങളുടെ വെബ്‍സൈറ്റ് പരിശോധിക്കാനും കമ്പനി ആവശ്യപ്പെടുന്നു. അതേസമയം ഇന്ത്യക്കാരുടെ വിസ ഓണ്‍ അറൈവല്‍ വീസ സൗകര്യം നിര്‍ത്തലാക്കിയതിന്റെ കാരണമൊന്നും ഇത്തിഹാദിന്റെ അറിയിപ്പിലില്ല.

🇦🇪യുഎഇയില്‍ എട്ട് മാസത്തിന് ശേഷം പ്രതിദിന കൊവിഡ് കണക്ക് ആയിരത്തില്‍ താഴെയെത്തി.

✒️യുഎഇയില്‍ പ്രതിദിന കൊവിഡ് കണക്ക് ആയിരത്തില്‍ താഴെയെത്തി.  990 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. എട്ട് മാസത്തിന് ശേഷമാണ് കൊവിഡ് സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം ആയിരത്തില്‍ താഴെയെത്തുന്നത്. ചികിത്സയിലായിരുന്ന 1,675 പേര്‍ സുഖം പ്രാപിക്കുകയും രണ്ട് പേര്‍ മരണപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ 3,25,118 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,11,428  പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,94,260 പേര്‍ രോഗമുക്തരാവുകയും 2,026 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 15,142 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

🇴🇲ഒമാനില്‍ 120 പേര്‍ക്ക് കൂടി കൊവിഡ്, അഞ്ചു മരണം.

✒️ഒമാനില്‍ 120 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 221 പേര്‍ രോഗമുക്തരായി. അഞ്ച് കൊവിഡ് മരണങ്ങളാണ് പുതിയതായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,01,570 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 2,90,631 പേര്‍ ഇതിനോടകം രോഗമുക്തരായി. 96.4 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. ആകെ  4,043 പേര്‍ക്ക് ഒമാനില്‍ കൊവിഡ് കാരണം ജീവന്‍ നഷ്ടമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 21 പേരെ മാത്രമാണ് കൊവിഡ് ബാധിതരായി രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ ഉള്‍പ്പെടെ 169 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. ഇവരില്‍ 75 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

🇶🇦കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; ഖത്തറില്‍ 452 പേര്‍ക്കെതിരെ കൂടി നടപടി.

✒️ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 452 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 393 പേരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്. 

സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 55 പേരെയും മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് നാലുപേരെയും പിടികൂടി. എല്ലാവരെയും തുടര്‍നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.

🇧🇭ബഹ്‌റൈനിലേക്ക് പ്രവേശിക്കുന്നവർക്ക് പത്താം ദിനം PCR ടെസ്റ്റ് നിർബന്ധമാണെന്ന് ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു.

✒️രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും, അവർ ബഹ്‌റൈനിലെത്തിയ ശേഷം പത്താം ദിനത്തിൽ ഒരു COVID-19 PCR ടെസ്റ്റ് നിർബന്ധമാണെന്ന അറിയിപ്പ് ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു. ഈ പരിശോധന നടത്തുന്നതിനുള്ള നടപടിക്രമങ്ങളും ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ പേർക്കും ഈ നിബന്ധന ബാധകമാണ്. അഞ്ച് വയസും, അതിന് താഴെയും പ്രായമുള്ള കുട്ടികൾക്ക് മാത്രമാണ് ഈ തീരുമാനത്തിൽ ഇളവ് നൽകിയിരിക്കുന്നത്.

യാത്രികർക്ക് ഈ പരിശോധന നടത്തുന്നതിനായുള്ള മുൻ‌കൂർ ബുക്കിംഗ് ബഹ്‌റൈനിലെത്തിയ ശേഷം ഏഴാം ദിനത്തിൽ ‘BeAware Bahrain’ ആപ്പിലൂടെ പൂർത്തിയാക്കാവുന്നതാണ്. രാജ്യത്തേക്ക് പ്രവേശിക്കുന്ന അവസരത്തിൽ നൽകിയിട്ടുള്ള PCR പരിശോധനാ ഫീസിൽ എയർപോർട്ടിൽ വെച്ച് നടത്തുന്ന പരിശോധനയുടെയും, പത്താം ദിനത്തിലെ പരിശോധനയുടെയും ചെലവുകൾ ഉൾപ്പെടുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

PCR ടെസ്റ്റ് നടത്തുന്നതിനായി ‘BeAware Bahrain’ ആപ്പിലൂടെ ബുക്ക് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ:

BeAware Bahrain’ ആപ്പിലേക്ക് ലോഗിൻ ചെയ്യുക.
e-services എന്ന ഐക്കൺ ക്ലിക്ക് ചെയ്യുക.
തുടർന്ന് ‘Corona Virus Test Appointment’ എന്ന സേവനം തിരഞ്ഞെടുക്കുക.
ടെസ്റ്റ് ചെയ്യുന്നതിനുള്ള സ്ഥലം തിരഞ്ഞെടുക്കുക.
PCR ടെസ്റ്റ് നടത്തേണ്ട സമയം, തീയതി എന്നിവ തിരഞ്ഞെടുക്കുക.
ബുക്കിംഗ് സ്ഥിരീകരിക്കുക.

2021 ജൂൺ 25 മുതൽ ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ബാധകമാക്കിയിട്ടുള്ള യാത്രാ മാനദണ്ഡങ്ങൾ പ്രകാരം രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും പത്താം ദിനത്തിൽ PCR പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്.

🇶🇦ഖത്തർ: ഗ്രീൻ, യെല്ലോ, റെഡ് രാജ്യങ്ങളുടെ പട്ടികകളിൽ മാറ്റം വരുത്തി.

✒️ലോകരാജ്യങ്ങളെ COVID-19 സാഹചര്യങ്ങൾക്കനുസരിച്ച് ഗ്രീൻ, യെല്ലോ, റെഡ് എന്നിങ്ങനെ തരാം തിരിച്ചിട്ടുള്ള പട്ടികയിൽ മാറ്റം വരുത്തിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2021 ഓഗസ്റ്റ് 23, തിങ്കളാഴ്ച്ച രാത്രിയാണ് ഈ പട്ടിക പുതുക്കി പ്രഖ്യാപിച്ചിട്ടുള്ളത്.

ഓഗസ്റ്റ് 23 മുതൽ ഈ പട്ടിക പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഈ അറിയിപ്പ് പ്രകാരം കൂടുതൽ രാജ്യങ്ങളെ COVID-19 അപകട സാധ്യത നിലനിൽക്കുന്ന റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 167 രാജ്യങ്ങളെയാണ് റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെ 153 രാജ്യങ്ങളെയാണ് ഈ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നത്.

നിലവിൽ ഗ്രീൻ പട്ടികയിൽ 11 (നേരത്തെ 21 രാജ്യങ്ങൾ) രാജ്യങ്ങളും, യെല്ലോ പട്ടികയിൽ 27 (നേരത്തെ 33 രാജ്യങ്ങൾ) രാജ്യങ്ങളുമാണുള്ളത്. https://covid19.moph.gov.qa/EN/travel-and-return-policy/Pages/default.aspx എന്ന വിലാസത്തിൽ ഖത്തറിലേക്കുള്ള യാത്രാ നിബന്ധനകളുടെ പൂർണ്ണ വിവരങ്ങൾ ലഭ്യമാണ്.

ഗ്രീൻ, യെല്ലോ, റെഡ് രാജ്യങ്ങളുടെ പുതുക്കിയ പട്ടിക താഴെ പറയുന്ന വിലാസങ്ങളിൽ ലഭ്യമാണ്:




ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ശ്രീലങ്ക, ഫിലിപ്പീൻസ് എന്നീ ആറ് ഏഷ്യൻ രാജ്യങ്ങളെ പ്രത്യേക വിഭാഗം രാജ്യങ്ങളായാണ് കണക്കാക്കുന്നത്. ഇതിനാൽ ഇവ ഗ്രീൻ, യെല്ലോ, റെഡ് രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.

ഇന്ത്യ ഉൾപ്പടെ മേൽപ്പറഞ്ഞ 6 രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർക്ക് 2021 ഓഗസ്റ്റ് 2 മുതൽ താഴെ പറയുന്ന പ്രത്യേക നിബന്ധനകളോടെയാണ് പ്രവേശനം അനുവദിക്കുന്നത്:

ഖത്തറിൽ നിന്ന് COVID-19 വാക്സിൻ സ്വീകരിച്ചവരോ, ഖത്തറിൽ വെച്ച് COVID-19 രോഗബാധിതരായ ശേഷം രോഗമുക്തരായവരോ ആയ യാത്രികർ മേൽപ്പറഞ്ഞ രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ 2 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ ഏർപ്പെടുത്തുന്നതാണ്. രണ്ടാം ദിനം PCR ടെസ്റ്റ് നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നവർക്ക് ഈ ക്വാറന്റീൻ അവസാനിക്കുന്നതാണ്.

ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന മറ്റുള്ള എല്ലാ യാത്രികർക്കും 10 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാക്കുന്നതാണ്.

🇦🇪ദുബായ്: ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള റെസിഡൻസി വിസകളുടെ കാലാവധി GDRFA നീട്ടി നൽകിയതായി ഫ്ലൈ ദുബായ്.

✒️യാത്രാ നിയന്ത്രണങ്ങൾ മൂലം നിലവിൽ യു എ ഇയ്ക്ക് പുറത്ത് കുടുങ്ങിക്കിടക്കുന്ന, ഇന്ത്യ ഉൾപ്പടെ ആറ് രാജ്യങ്ങളിൽ നിന്നുള്ളവരുടെ ദുബായ് റെസിഡൻസി വിസകളുടെ കാലാവധി 2021 നവംബർ 10 വരെ GDRFA നീട്ടി നൽകിയിട്ടുണ്ടെന്ന് ഫ്ലൈ ദുബായ് വ്യക്തമാക്കി. COVID-19 യാത്രാവിലക്കുകൾ മൂലം യു എ ഇയിലേക്കുള്ള യാത്രകൾ തടസ്സപ്പെട്ട ഏതാനം ദുബായ് വിസകളിലുള്ള പ്രവാസികളുടെ വിസ കാലാവധിയാണ് ഈ രീതിയിൽ 2021 നവംബർ 10 വരെ നീട്ടിനൽകിയിരിക്കുന്നത്.

2021 ഏപ്രിൽ 20 മുതൽ 2021 നവംബർ 9 വരെയുള്ള കാലയളവിൽ കാലാവധി അവസാനിക്കുന്ന ദുബായ് റെസിഡൻസി വിസകളുടെ കാലാവധിയാണ് GDRFA നീട്ടി നൽകിയിരിക്കുന്നത്. എന്നാൽ 2020 ഒക്ടോബർ 20-ന് മുൻപായി യു എ ഇയിൽ നിന്ന് മടങ്ങിപോയ ശേഷം ആറ് മാസത്തിലധികം യു എ ഇയ്ക്ക് പുറത്ത് തുടർന്നിട്ടുള്ളവരുടെ ദുബായ് വിസകൾ ഇപ്രകാരം പുതുക്കി നൽകില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

സ്‌പോൺസറുടെ അപേക്ഷ പ്രകാരം റെസിഡൻസി വിസ ക്യാൻസലായവർക്ക് ഈ ആനുകൂല്യം ലഭിക്കുന്നതല്ല. ഇത്തരത്തിൽ യു എ ഇയ്ക്ക് പുറത്തുള്ള ദുബായ് വിസക്കാർക്ക് തങ്ങളുടെ വിസ കാലാവധി https://amer.gdrfad.gov.ae/visa-inquiry എന്ന വിലാസത്തിലൂടെ പരിശോധിക്കാവുന്നതാണ്.

https://www.flydubai.com/en/plan/covid-19/travel-requirements#pcr-gcc എന്ന വിലാസത്തിൽ നൽകിയിട്ടുള്ള ഫ്ലൈ ദുബായ് യാത്രാ നിബന്ധനകളിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഈ അറിയിപ്പ് പ്രകാരം, ഇന്ത്യ, നേപ്പാൾ, പാക്കിസ്ഥാൻ, ശ്രീലങ്ക, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുടെ റെസിഡൻസി വിസ കാലാവധിയാണ് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (GDRFA) നീട്ടി നൽകിയിരിക്കുന്നത്.

ഒരു മാസത്തെ അധിക സമയം ഉൾപ്പടെയാണ് ഇത്തരം വിസകൾ ഡിസംബർ 9 വരെ GDRFA സ്വയമേവ നീട്ടിനൽകിയിരിക്കുന്നത്. ഇതോടെ ഈ രാജ്യങ്ങളിൽ നിന്നുള്ള, മേൽപ്പറഞ്ഞ കാലയളവിനുള്ളിൽ വിസ കാലാവധി അവസാനിച്ചിട്ടുള്ള ദുബായ് റെസിഡൻസി വിസകളിലുള്ള പ്രവാസികൾക്കും ദുബായിലേക്ക് മടങ്ങിയെത്താവുന്നതാണ്.

ഇവർക്ക് ദുബായിലെത്തിയ ശേഷം തങ്ങളുടെ വിസ കാലാവധി പുതുക്കുന്നതിനായി ഒരു മാസത്തെ അധിക സമയം അനുവദിച്ചിട്ടുണ്ട്. ദുബായിലേക്ക് യാത്രചെയ്യുന്നവർക്ക് GDRFA-യിൽ നിന്നുള്ള മുൻ‌കൂർ അനുമതി നിർബന്ധമാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

🇰🇼കുവൈറ്റ്: അമ്യൂസ്മെന്റ് പാർക്കുകൾ, കുട്ടികളുടെ വിനോദകേന്ദ്രങ്ങൾ മുതലായവ സെപ്റ്റംബർ മുതൽ തുറക്കുമെന്ന് സൂചന.

✒️ഏതാണ്ട് ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം കുവൈറ്റിലെ അമ്യൂസ്മെന്റ് പാർക്കുകൾ, കുട്ടികളുടെ വിനോദകേന്ദ്രങ്ങൾ മുതലായവ 2021 സെപ്റ്റംബർ ആദ്യവാരം മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ, കുവൈറ്റിലെ ഇത്തരം കേന്ദ്രങ്ങൾ അടച്ചിട്ടിരിക്കുകയാണ്.

സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് ഇത്തരം കേന്ദ്രങ്ങൾ തുറക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനായി വിനോദമേഖലയിലെ പ്രതിനിധികൾ കുവൈറ്റ് ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് പ്രവർത്തനങ്ങൾ നടത്തി വരികയാണ്. ഇത്തരം കേന്ദ്രങ്ങളിൽ ആവശ്യമായ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ ഉറപ്പാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായാണ് സൂചന.

ഇത്തരം കേന്ദ്രങ്ങളുടെ പരമാവധി ശേഷിയുടെ പകുതി സന്ദർശകരെ അനുവദിക്കുന്ന രീതിയിലായിരിക്കും ഇവ തുറന്ന് പ്രവർത്തിപ്പിക്കുന്നത്. തിരക്കൊഴിവാക്കുന്നതിനായി സന്ദർശകർക്ക് ഓൺലൈനിലൂടെ മുൻ‌കൂർ ബുക്കിംഗ് നിർബന്ധമാക്കുമെന്നും സൂചനയുണ്ട്.

🇶🇦ഖത്തറില്‍ ഇന്നും രോഗമുക്തി കൂടുതല്‍; പുതുതായി 205 പേര്‍ക്ക് കോവിഡ്.

✒️ഖത്തറില്‍ ഇന്ന് 205 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 75 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 130 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 248 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 2,27,445 ആയി. രാജ്യത്ത് ഇന്നും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ കോവിഡ് മരണം 601 ആണ്.

2,791 പേരാണ് ഖത്തറില്‍ നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 20 പേര്‍ ഐസിയുവില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാളെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. പുതുതായി 4 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 67 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 20,381 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാകസിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 42,52,387 ഡോസ് വാക്‌സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 80.1 ശതമാനം പേര്‍ ചുരുങ്ങിയത് ഒരു ഡോസ് വാക്സിനെടുത്തു.

🇦🇪ഇന്റര്‍നെറ്റ് കോള്‍ ചെയ്യുന്നവര്‍ സൂക്ഷിക്കുക; യുഎഇയില്‍ വിപിഎന്‍ ദുരുപയോഗത്തിന് പിഴ 20 ലക്ഷം ദിര്‍ഹം.

✒️യുഎഇയില്‍ വിപിഎന്‍ ഉപയോഗിച്ച് വീഡിയോകോളും വോയിസ് കോളും ചെയ്യുന്നവര്‍ സൂക്ഷിക്കുക. നിരോധിത ആപ്പ് വഴിയാണ് നിങ്ങള്‍ കമ്യൂണിക്കേഷന്‍ നടത്തുന്നതെങ്കില്‍ വന്‍തുക പിഴയും തടവും ലഭിച്ചേക്കാം. യുഎഇ നിയമപ്രകാരം വിപിഎന്‍ ദുരുപയോഗം ഒരു വര്‍ഷം വരെ തടവും 20 ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. കുറ്റത്തിന്റെ തീവ്രത അനുസരിച്ച് പ്രതികളെ നാട് കടത്തുകയും ചെയ്യും.

വിപിഎന്‍ ഏത് കാര്യത്തിന് ഉപയോഗിക്കുന്നു എന്നത് അനുസരിച്ചാണ് ശിക്ഷ ലഭിക്കുകയെന്ന് നിയമവിദഗ്ധയായ റാലുക ഗാറ്റിനയെ ഉദ്ധരിച്ച് ഗള്‍ഫ് ടൈംസ് റിപോര്‍ട്ട് ചെയ്തു.

നിരോധിച്ചവ ആക്‌സസ് ചെയ്യാന്‍
യുഎഇ സര്‍ക്കാര്‍ നിരോധിച്ച കമ്യൂണിക്കേഷന്‍ സേവനങ്ങള്‍, ഓഡിയോ വീഡിയോ ബ്രോഡ്കാസ്റ്റിങ് ചാനലുകള്‍ എന്നിവ ഐപി അഡ്രസ് ഹൈഡ് ചെയ്ത് ലഭ്യമാക്കുന്നതിനാണ് വിപിഎന്‍ ഉപയോഗിക്കുന്നതെങ്കില്‍ അത് സൈബര്‍ കുറ്റകൃത്യത്തില്‍ പെടും. അതിന് 2.5 ലക്ഷം ദിര്‍ഹം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴയും ചുരുങ്ങിയത് ഒരു വര്‍ഷം തടവുമാണ് ശിക്ഷ. ഉപയോഗിക്കുന്നവര്‍ക്കും അതിന് സൗകര്യമൊരുക്കുന്നവര്‍ക്കും ശിക്ഷ ലഭിക്കും

കുറ്റകൃത്യം മറച്ചുപിടിക്കാന്‍
ഒരു കുറ്റകൃത്യം ചെയ്യുമ്പോള്‍ പിടിക്കപ്പെടാതിരിക്കാന്‍ വിപിഎന്‍ ഉപയോഗിക്കുന്നതാണ് മറ്റൊരു ദുരുപയോഗം. താല്‍ക്കാലിക തടവും 5 ലക്ഷം ദിര്‍ഹം മുതല്‍ 20 ലക്ഷം ദിര്‍ഹം വരെ പിഴയുമാണ് ഇതിനുള്ള ശിക്ഷയെന്ന് ഗാറ്റിന പറഞ്ഞു.

നിയമപരമായി എങ്ങിനെ വിപിഎന്‍ ഉപയോഗിക്കാം
യുഎഇ ടെലികമ്യൂണിക്കേഷന്‍സ് ആന്റ് ഡിജിറ്റല്‍ റെഗുലേറ്ററി അതോറിറ്റിയുടെ(ടിഡിആര്‍എ) മാര്‍ഗനിര്‍ദേശപ്രകാരം വിപിഎന്‍ ഉപയോഗിക്കാവുന്നതാണ്. സ്ഥാപനങ്ങള്‍, കമ്പനികള്‍, ബാങ്കുകള്‍ എന്നിവയ്ക്ക് അവരുടെ ആഭ്യന്തര ആവശ്യങ്ങള്‍ക്ക് വിപിഎന്‍ ഉപയോഗിക്കാം.

ഇന്റര്‍നെറ്റ് കോളിങിന്(വിഒഐപി) വിപിഎന്‍ ഉപയോഗിക്കാമോ?
സര്‍ക്കാര്‍ അംഗീകൃത പ്ലാറ്റ്‌ഫോം വഴിയാണ് കോള്‍ ചെയ്യുന്നതെങ്കില്‍ ഇന്റര്‍നെറ്റ് കോള്‍ വിപിഎന്‍ ദുരുപയോഗത്തില്‍പ്പെടില്ല. എന്നാല്‍, അംഗീകൃതമല്ലാത്ത വിഒഐപി കോളിങ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് സൈബര്‍നിയമ പ്രകാരം കുറ്റകരമാണ്.

മഹാമാരിക്കാലത്തെ ഉപയോഗത്തിന് യുഎഇ നിരവധി വിഒഐപി ആപ്പുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. അവ താഴെ പറയുന്നവയാണ്.

റിമോട്ട് വര്‍ക്കിങ് ആന്റ് ഇ-ലേണിങ് ആപ്പുകള്‍
1. മൈക്രോസോഫ്റ്റ് ടീംസ്
2. സ്‌കൈപ്പ് ഫോര്‍ ബിസിനസ്
3. സൂം
4. ബ്ലാക്ക്‌ബോര്‍ഡ്
5. ഗൂഗിള്‍ ഹാങൗട്ട് മീറ്റ്
6. സിസ്‌കോ വെബെക്‌സ്
7. അവായ സ്‌പേസസ്
8. ബ്ലൂ ജീന്‍സ്
9. സ്ലാക്ക്

ടെലി-ഹെല്‍ത്ത് ആപ്പുകള്‍
1. മൈന്‍ഡ് മിന ടെലിമെഡിസിന്‍
2. നെക്സ്റ്റ്‌ജെന്‍ജിപി ടെലിഹെല്‍ത്ത്
3. വിസീ
4. ഒകെഡോക്
5. ഡോക്‌സി
6. ഗെറ്റ്ബീ

അനുമതിയുള്ള ആപ്പുകള്‍ ടിഡിആര്‍എ ഇടയ്ക്കിടെ പുനപ്പരിശോധന നടത്താറുണ്ട്. അതുകൊണ്ട് തന്നെ വോയിസ് കോളിങ് ആപ്പുകള്‍ ഉപയോഗിക്കും മുമ്പ് അതിന് ടിഡിആര്‍എ അംഗീകാരമുണ്ടോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കുമെന്ന് ഗാറ്റിന പറഞ്ഞു.

Post a Comment

0 Comments