സംസ്ഥാനത്തെ പുതിയ കൊവിഡ് നിയന്ത്രണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നിയമസഭയിൽ പ്രഖ്യാപിക്കും. ഇന്ന് ചേർന്ന അവലോകന യോഗത്തിൽ നിലവിലെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റംവരുത്താൻ തീരുമാനിച്ചു. ആഴ്ചയിൽ ആറ് ദിവസവും എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നിടാനുള്ള നിർദേശമാണ് ഇതിൽ പ്രധാനം. നിലവിലുള്ള വാരാന്ത്യ ലോക്ക് ഡൗൺ ഞായറാഴ്ച ദിവസം തുടരും. അതേസമയം ആഗസ്റ്റ് 15, 22 (മൂന്നാം ഓണം) തീയതികളിൽ ഈ നിയന്ത്രണം ബാധകമായിരിക്കില്ല
ഒരാഴ്ച ഒരു പ്രദേശത്തുള്ള ആകെ കൊവിഡ് രോഗികളുടെ എണ്ണം നോക്കിയാവും ഇനി നിയന്ത്രണം ഏർപ്പെടുത്തുക. ആയിരം ആളുകളിൽ എത്ര പേർ പൊസീറ്റീവ് എന്ന നോക്കിയാവും ഒരോ പ്രദേശത്തേയും കൊവിഡ് വ്യാപനം പരിശോധിക്കുക. കൊവിഡ് രോഗികൾ കൂടുതലുള്ള സ്ഥലത്ത് കൂടുതൽ നിയന്ത്രണങ്ങളുണ്ടാവും. അല്ലാത്തിടങ്ങളിൽ വിപുലമായ ഇളവ് നൽകും. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കിന് പകരം ഒരു ഏരിയയിൽ എത്ര പൊസീറ്റീവ് കേസുകൾ എന്നതാവും ഇനി നിയന്ത്രണങ്ങളുടെ മാനദണ്ഡം. ഇതോടെ ഒരു പഞ്ചായത്തിലെ ആകെ കൊവിഡ് ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് നോക്കുന്നതിന് പകരം പഞ്ചായത്തിലെ ഒരോ പ്രദേശവും പരിശോധിച്ച് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങൾ മാത്രം അടച്ചിടും.
ഓണത്തിന് മുന്നോടിയായി വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തനം വിപുലീകരിക്കാത്ത പക്ഷം വലിയ തിരിച്ചടിയുണ്ടായേക്കാം എന്ന വിലയിരുത്തലും സംസ്ഥാന സർക്കാരിനുണ്ട്. ടിപിആർ രോഗവ്യാപനം അളക്കാനുള്ള മാനദണ്ഡമാണെന്നും അതല്ലാതെ അടച്ചു പൂട്ടാനുള്ള കണക്കായി പരിഗണിക്കരുതെന്നും വിദഗ്ദർ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സീനെടുത്തവരും കൊവിഡ് വന്നു പോയവരുമായി കേരളത്തിലെ അൻപത് ശതമാനത്തിലേറെ പേർക്ക് കൊവിഡിനെതിരായ പ്രതിരോധ ശേഷിയുണ്ടെന്നും ഈ കണക്കിൽ വിശ്വസിച്ച് ജനജീവിതം സുഗമമാക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും ആരോഗ്യവിദഗ്ദ്ദർ തന്നെ അഭിപ്രായപ്പെടുന്നു. ടൂറിസം കേന്ദ്രങ്ങളടക്കം എല്ലാ പ്രദേശങ്ങളും സ്ഥാപനങ്ങളും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തുറക്കണമെന്നാണ് കഴിഞ്ഞ ദിവസം ഐഎംഎ ആവശ്യപ്പെട്ടത്.
ടിപിആർ അനുസരിച്ചുള്ള നിബന്ധനകൾ ഒഴിവാക്കുമെന്നും സൂചനയുണ്ട്. ഒരാഴ്ച റിപ്പോർട്ട് ചെയ്യുന്ന രോഗികളുടെ എണ്ണം പരിഗണിച്ചാവും മേഖല തിരിച്ചുള്ള നിയന്ത്രണങ്ങൾ. രോഗബാധിതർ കുറവുള്ള ഇടങ്ങളിൽ ഇളവ് അനുവദിക്കും.
0 Comments