🇸🇦സൗദി അറേബ്യയിൽ ആശ്വാസത്തിന്റെ ദിനങ്ങള്‍; കൊവിഡ് വ്യാപനം കുത്തനെ കുറയുന്നു.
🇦🇪39-ാമത് മഹ്‍സൂസ് നറുക്കെടുപ്പില്‍ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്ത് മൂന്ന് വിജയികള്‍.
🇦🇪ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശക വിസയിലും ദുബൈലേക്ക് യാത്ര ചെയ്യാം; നിബന്ധനകള്‍ ഇങ്ങനെ.
🇦🇪യുഎഇയില്‍ 1,076 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് രണ്ട് മരണം.
🇴🇲ഒമാനില്‍ കൊവിഡ് രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധന.
🇰🇼ലൈസന്‍സില്ലാതെ വാഹനമോടിച്ചു; കുവൈത്തില്‍ മൂന്ന് പ്രവാസികള്‍ക്ക് ജയില്‍ശിക്ഷ.
🇦🇪പ്രവാസി മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് ദുബൈ രാജകുമാരി.
🇧🇭ബഹ്‌റൈൻ: മൂന്ന് മുതൽ പതിനേഴ് വയസ് വരെയുള്ള കുട്ടികൾക്ക് വാക്സിൻ ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു.
🇰🇼കുവൈറ്റ്: വിദേശ രാജ്യങ്ങളിൽ നിന്നുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഓൺലൈനിലൂടെ ആരോഗ്യ മന്ത്രാലയത്തിൽ സമർപ്പിക്കേണ്ടതാണ്.
🇸🇦സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനാറായിരത്തോളം പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം.
🇦🇪അബുദാബി: ക്വാറന്റീൻ ഇളവുകൾ അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ ലിസ്റ്റിൽ ഓഗസ്റ്റ് 22 മുതൽ മാറ്റം വരുത്തി.
🇦🇪യു എ ഇ: COVID-19 പ്രതിരോധ നിയമങ്ങളുമായി ബന്ധപ്പെട്ട പിഴകൾ, ശിക്ഷകൾ എന്നിവ സംബന്ധിച്ച പുതുക്കിയ പട്ടിക പുറത്തിറക്കി.
🇧🇭ബഹ്‌റൈൻ: 60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു.
🇶🇦ഖത്തറില്‍ ഇന്നും രോഗമുക്തി കൂടുതല്‍; പുതുതായി 205 പേര്‍ക്ക് കോവിഡ്.
വാർത്തകൾ വിശദമായി
🇸🇦സൗദി അറേബ്യയിൽ ആശ്വാസത്തിന്റെ ദിനങ്ങള്‍; കൊവിഡ് വ്യാപനം കുത്തനെ കുറയുന്നു.
✒️സൗദി അറേബ്യയിൽ ആശ്വാസം പകർന്ന് കൊവിഡ് വ്യാപനം കുത്തനെ കുറയുന്നു. പുതിയതായി രോഗം ബാധിക്കുന്നവരുടെ പ്രതിദിന എണ്ണം നാനൂറിനും താഴെയായി. ഇന്ന് 384 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. 737 പേർ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 12 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
രാജ്യത്ത് ഇന്ന് 58,799 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,41,994 ആയി. ഇതിൽ 5,28,636 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,481 ആണ്. രോഗം ബാധിച്ച് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 4,877 ആയി കുറഞ്ഞു. ഇതിൽ 1,156 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതിയതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 134, മക്ക 62, കിഴക്കൻ പ്രവിശ്യ 37, ജീസാൻ 31, അൽഖസീം 30, അസീർ 23, മദീന 21, നജ്റാൻ 21, ഹായിൽ 12, തബൂക്ക് 5, അൽബാഹ 3, വടക്കൻ അതിർത്തി മേഖല 3, അൽജൗഫ് 2. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെയ്പ്പ് 33,729,408 ഡോസ് ആയി ഉയർന്നു.
🇦🇪39-ാമത് മഹ്‍സൂസ് നറുക്കെടുപ്പില്‍ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്ത് മൂന്ന് വിജയികള്‍.
✒️യുഎഇയിലെ മഹ്‌സൂസ് സ്റ്റുഡിയോയില്‍ ശനിയാഴ്ച രാത്രി നടന്ന 39-ാമത് പ്രതിവാര തത്സമയ നറുക്കെടുപ്പില്‍ മൂന്ന് ഭാഗ്യവാന്മാര്‍ 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തതായി മഹ്‌സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്‌സ് എല്‍എല്‍സി അറിയിച്ചു. നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ചു വന്ന ഇവര്‍ 333,333 ദിര്‍ഹം വീതമാണ് നേടിയത്. ഇതിനുപുറമെ, 116 വിജയികള്‍ 1,000 ദിര്‍ഹം വീതവും 2,723 പേര്‍ 35 ദിര്‍ഹം വീതവും സമ്മാനം നേടി. ആകെ 1,211,305 ദിര്‍ഹമാണ് കഴിഞ്ഞ നറുക്കെടുപ്പില്‍ വിജയികള്‍ക്ക് ലഭിച്ചത്. 9, 10, 13, 20, 43, 46 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍.
50 മില്യന്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ഇപ്പോഴും വിജയികളെ കാത്തിരിക്കുകയാണ്. 2021 ഓഗസ്റ്റ് 28 ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്ക് നടക്കാനിരിക്കുന്ന അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇത് സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുക.
മഹ്‍സൂസ് സ്റ്റുഡിയോയില്‍ നിന്ന് എല്ലാ ശനിയാഴ്ചയും www.mahzooz.ae എന്ന വെബ്‍സൈറ്റ് വഴിയും @MyMahzooz ഫേസ്‍ബുക്ക്, യുട്യൂബ് പേജുകള്‍ വഴിയുമാണ് നറുക്കെടുപ്പ് തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. ലെബനീസ് ടെലിവിഷന്‍ അവതാരകന്‍ വിസാം ബ്രെയ്ഡിയും മലയാളി മോഡലും അവതാരകയും സംരംഭകയുമായ ഐശ്വര്യ അജിതുമാണ് പ്രതിവാര ലൈവ് നറുക്കെടുപ്പിന്റെ അവതാരകര്‍. കഴിഞ്ഞ ദിവസം നടന്ന 39-ാമത് നറുക്കെടുപ്പില്‍ മലയാള നടിയും ദുബൈയിലെ ഹിറ്റ് 96.7 എഫ്.എം റേഡിയോയിലെ ബ്രേക്ക്ഫാസ്റ്റ് ഷോ അവതാരകയുമായ നൈല ഉഷ അതിഥിയായെത്തിയിരുന്നു.
ഈ ആഴ്ചയിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് www.mahzooz.ae എന്ന വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കും. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും നറുക്കെടുപ്പിലേക്കുള്ള ഒരു എന്‍ട്രി വീതം ലഭിക്കുന്നു. മാത്രമല്ല ബോട്ടില്‍ഡ് വാട്ടര്‍ സംഭാവന നല്‍കുമ്പോള്‍ അത് മഹ്‍സൂസിന്റെ കമ്മ്യൂണിറ്റി പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. യോഗ്യരായ എല്ലാവര്‍ക്കും മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും.
🇦🇪ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശക വിസയിലും ദുബൈലേക്ക് യാത്ര ചെയ്യാം; നിബന്ധനകള്‍ ഇങ്ങനെ.
✒️ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സന്ദര്‍ശക വിസയിലും ദുബൈയിലേക്ക് യാത്ര ചെയ്യാന്‍ അവസരമൊരുങ്ങുന്നു. ഇന്ത്യ, നേപ്പാള്‍, നൈജീരിയ, പാകിസ്ഥാന്‍, ശ്രീലങ്ക, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇതല്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസമെങ്കിലും താമസിച്ചാല്‍ ദുബൈയിലേക്ക് സന്ദര്‍ശക വിസയിലും പ്രവേശിക്കാമെന്ന് ഫ്ലൈ ദുബൈ അറിയിച്ചു. കമ്പനിയുടെ വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഇങ്ങനെ യാത്ര ചെയ്യുമ്പോള്‍ അവസാനം രണ്ടാഴ്‍ച തങ്ങിയ രാജ്യത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പി.സി.ആര്‍ പരിശോധനാ നിബന്ധനകളെന്നും അറിയിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് ജി.ഡി.ആര്‍.എഫ്.എ അനുമതി നിര്‍ബന്ധമാണ്. ഒപ്പം യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനിടെ എടുത്ത പി.സി.ആര്‍ പരിശോധനാ ഫലവും ഹാജരാക്കണം. പരിശോധനാഫലം ഇംഗീഷിലോ അറബിയിലോ ഉള്ളതും ക്യു.ആര്‍ കോഡ് ഉള്ളതുമായിരിക്കണം. 14 ദിവസം ഇന്ത്യക്ക് പുറത്ത് താമസിച്ചവര്‍ക്ക് സന്ദര്‍ശക വിസയില്‍ ദുബൈയിലേക്ക് വരാമെന്ന് എമിറേറ്റ്സും അറിയിച്ചു. ഒരു യാത്രക്കാരന്റെ അന്വേഷണത്തിന് മറുപടിയായി ട്വിറ്ററിലൂടെയായിരുന്നു എമിറേറ്റ്സിന്റെ അറിയിപ്പ്.
🇦🇪യുഎഇയില്‍ 1,076 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് രണ്ട് മരണം.
✒️യുഎഇയില്‍ 1,076 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,649 പേര്‍ സുഖം പ്രാപിക്കുകയും രണ്ട് പേര്‍ മരണപ്പെടുകയും ചെയ്തു.
പുതിയതായി നടത്തിയ 3,09,026 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,09,378 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,90,926 പേര്‍ രോഗമുക്തരാവുകയും 2,020 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 16,432 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🇴🇲ഒമാനില്‍ കൊവിഡ് രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധന.
✒️ഒമാനില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത് 385 പേര്‍ക്ക് മാത്രമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. 694 പേര്‍ രോഗമുക്തി നേടി. ചികിത്സയിലായിരുന്ന 11 പേര്‍ മരണപ്പെടുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 3,01,299ഉം ആകെ മരണസംഖ്യ 4,031ഉം ആയി.
രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 2,90,144 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 96.3ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19 രോഗികളെ മാത്രമാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇവര്‍ ഉള്‍പ്പെടെ 183 പേരാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ ഗുരുതരാവസ്ഥയിലുള്ള 89 പേര്‍ക്ക് തീവ്ര പരിചരണ വിഭാഗങ്ങളില്‍ ചികിത്സ നല്‍കിവരികയാണ്.
🇰🇼ലൈസന്‍സില്ലാതെ വാഹനമോടിച്ചു; കുവൈത്തില്‍ മൂന്ന് പ്രവാസികള്‍ക്ക് ജയില്‍ശിക്ഷ.
✒️കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സില്ലാത്തതെ വാഹനമോടിച്ചതിന് മൂന്ന് പ്രവാസികളെ ട്രാഫിക് വകുപ്പ് പിടികൂടി. ഇവര്‍ക്ക് 14 ദിവസത്തെ ജയില്‍ശിക്ഷ നല്‍കാന്‍ ട്രാഫിക് കോടതി ഉത്തരവിട്ടു.
14 ദിവസത്തെ ജയില്‍ശിക്ഷയ്ക്ക് ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കും. നാടുകടത്തണോയെന്ന് അതിന് ശേഷം കോടതി തീരുമാനിക്കും. ജനറല്‍ ട്രാഫിക് വകുപ്പ് നടത്തിയ ഒരു ക്യാമ്പയിനിടെയാണ് ഡ്രൈവിങ് ലൈന്‍സില്ലാതെ വാഹനമോടിച്ചതിന് പ്രവാസികള്‍ പിടിയിലായത്.
🇦🇪പ്രവാസി മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് ദുബൈ രാജകുമാരി.
✒️പ്രവാസി മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് ദുബൈ രാജകുമാരി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പുത്രി ശൈഖ മറിയം ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഗള്‍ഫ് മലയാളികള്‍ക്ക് ഓണാശംസ അറിയിച്ചത്.
തിരുവോണദിനത്തില്‍ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ദുബൈ രാജകുമാരി മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നത്. ഇന്‍സ്റ്റാഗ്രാം സ്‌റ്റോറീസില്‍ വലിയ പൂക്കളത്തിനൊപ്പം ഹാപ്പി ഓണം എന്ന് കുറിച്ച ചിത്രം ശൈഖ് മറിയം പോസ്റ്റ് ചെയ്തു. ഇതാദ്യമായാണ് ഒരു രാജകുടുംബാംഗം ഓണാശംസകള്‍ നേരുന്നത്.
🇧🇭ബഹ്‌റൈൻ: മൂന്ന് മുതൽ പതിനേഴ് വയസ് വരെയുള്ള കുട്ടികൾക്ക് വാക്സിൻ ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു.
✒️രാജ്യത്തെ മൂന്ന് മുതൽ പതിനേഴ് വയസ് വരെയുള്ള കുട്ടികൾക്ക് വാക്സിൻ ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 3 മുതൽ 17 വയസ് വരെയുള്ളവർക്ക് വാക്സിൻ ലഭിക്കുന്നതിനുള്ള മുൻകൂർ ബുക്കിംഗ് ആരോഗ്യ മന്ത്രലായത്തിന്റെ https://healthalert.gov.bh/ എന്ന വെബ്സൈറ്റിലും, BeAware ആപ്പിലും മന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ട്.
രാജ്യത്ത് രോഗപ്രതിരോധ ശേഷി സംബന്ധമായ പ്രശ്നങ്ങളുള്ള 3 മുതൽ 11 വയസ് വരെയുള്ള കുട്ടികൾക്ക് സിനോഫാം COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നതിന് ബഹ്‌റൈൻ നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ് ഔദ്യോഗിക അംഗീകാരം നൽകിയിരുന്നു. ഈ പ്രായവിഭാഗങ്ങളിൽപ്പെടുന്ന വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്കും, രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കുമാണ് സിനോഫാം വാക്സിൻ കുത്തിവെപ്പ് നൽകാൻ തീരുമാനിച്ചിരിക്കുന്നത്.
ശ്വാസകോശസംബന്ധമായ രോഗങ്ങൾ, ഹൃദയസംബന്ധമായ രോഗങ്ങൾ, പ്രമേഹം, അമിതവണ്ണം, കാൻസർ, ജനനസമയത്ത് തന്നെ വൈകല്യങ്ങളുള്ളവർ, ഡൌൺ സിൻഡ്രോം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുള്ള 3 മുതൽ 11 വയസ് വരെയുള്ളവർക്കാണ് ഇപ്രകാരം വാക്സിൻ നൽകുന്നതിന് ബഹ്‌റൈൻ അനുമതി നൽകിയിരിക്കുന്നത്. ഇതിന് പുറമെ, 12 മുതൽ 17 വയസ് വരെ പ്രായമുള്ളവർക്ക് ഫൈസർ ബയോഎൻടെക് വാക്സിന് പുറമെ സിനോഫാം വാക്സിൻ തിരഞ്ഞെടുക്കുന്നതിനും ബഹ്‌റൈൻ അനുമതി നൽകിയിട്ടുണ്ട്.
കുട്ടികൾക്ക് വാക്സിൻ ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നതിന് രക്ഷിതാക്കളുടെ അനുവാദം ആവശ്യമാണ്. രക്ഷിതാക്കളോടൊപ്പം എത്തുന്ന ഈ വിഭാഗത്തിൽ പെടുന്നവർക്ക് മാത്രമേ വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
🇰🇼കുവൈറ്റ്: വിദേശ രാജ്യങ്ങളിൽ നിന്നുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഓൺലൈനിലൂടെ ആരോഗ്യ മന്ത്രാലയത്തിൽ സമർപ്പിക്കേണ്ടതാണ്.
✒️വിദേശത്ത് നിന്ന് COVID-19 വാക്സിൻ സ്വീകരിച്ചിട്ടുള്ള, രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികരുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ സംബന്ധിച്ച് വ്യക്തത നൽകുന്നതിനായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. ഈ അറിയിപ്പ് പ്രകാരം, വിദേശ രാജ്യങ്ങളിൽ നിന്ന് COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ളവർ തങ്ങളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ്, അനുബന്ധ രേഖകൾ എന്നിവ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
വിദേശത്ത് നിന്ന് കുവൈറ്റിലേക്ക് പ്രവേശിക്കുന്ന പൗരന്മാർക്കും, പ്രവാസികൾക്കും ഈ തീരുമാനം ഒരു പോലെ ബാധകമാണെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഈ വിഭാഗക്കാർക്ക് തങ്ങളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ https://vaxcert.moh.gov.kw/SPCMS/PH/CVD_19_Vaccine_External_RegistrationModify.aspx എന്ന വിലാസത്തിലൂടെ അപ്‌ലോഡ് ചെയ്യാവുന്നതാണ്.
🇸🇦സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനാറായിരത്തോളം പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം.
✒️രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച ഏതാണ്ട് പതിനാറായിരത്തോളം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2021 ഓഗസ്റ്റ് 12 മുതൽ ഓഗസ്റ്റ് 18 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും 15900 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതിൽ 5436 പേർ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റിലായത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1389 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 9075 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇത്തരം ലംഘനങ്ങളുമായി ബന്ധപ്പെട്ട് ഏതാണ്ട് 8128 പേർക്കെതിരെ നാടുകടത്തൽ നടപടികൾ സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.
അനധികൃതമായി സൗദി അതിർത്തികളിലൂടെ നുഴഞ്ഞ് കയറാൻ ശ്രമിച്ച 454 പേരെയും ഈ കാലയളവിൽ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 51 ശതമാനം പേർ എത്യോപ്യൻ പൗരന്മാരും, 45 ശതമാനം പേർ യെമൻ പൗരന്മാരും, 4 ശതമാനം പേർ മറ്റു രാജ്യങ്ങളിൽ നിന്നുമുള്ളവരാണ്.
റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികൾ, അനധികൃത തൊഴിലാളികൾ, കുടിയേറ്റക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ സെക്യൂരിറ്റി വിഭാഗങ്ങളുമായി പങ്ക് വെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടിരുന്നു. ഇത്തരക്കാരെ കണ്ടെത്തി നടപടികൾ കൈക്കൊള്ളുന്നതിനായി രാജ്യത്തെ വിവിധ സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധനാ പരിപാടികൾ അതിവിപുലമായി നടത്തിവരികയാണ്.
ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കുന്നതിനുള്ള നമ്പറുകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റു മേഖലകളിൽ 999 എന്ന നമ്പറിലും ഇത്തരം നിയമലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.
🇦🇪അബുദാബി: ക്വാറന്റീൻ ഇളവുകൾ അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ ലിസ്റ്റിൽ ഓഗസ്റ്റ് 22 മുതൽ മാറ്റം വരുത്തി.
✒️എമിറേറ്റിലെത്തുന്ന വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടിക 2021 ഓഗസ്റ്റ് 22 മുതൽ പുതുക്കി നിശ്ചയിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) പ്രഖ്യാപിച്ചു. DCT-യുടെ കീഴിലുള്ള സർക്കാർ ടൂറിസം വെബ്‌പേജായ വിസിറ്റ് അബുദാബിയിലാണ് ഈ പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളത്.
നേരത്തെ ഓഗസ്റ്റ് 20-ന് പുറത്തിറക്കിയ പട്ടികയിലേക്ക് അർമീനിയ, ജോർദാൻ, കുവൈറ്റ്, നെതർലൻഡ്‌സ് എന്നീ രാജ്യങ്ങളെ അധികമായി ഉൾപ്പെടുത്തിയാണ് ഓഗസ്റ്റ് 21-ന് രാത്രി ഗ്രീൻ പട്ടിക പുതുക്കിയിരിക്കുന്നത്. നിലവിൽ 33 രാജ്യങ്ങളെയാണ് അബുദാബി ഗ്രീൻ പട്ടികയിൽ പെടുത്തിയിട്ടുള്ളത്. ഈ പട്ടിക ഓഗസ്റ്റ് 22-ന് 12 AM മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ആഗോള തലത്തിലുള്ള COVID-19 സാഹചര്യങ്ങൾ സമഗ്രമായി വിലയിരുത്തിയ ശേഷമാണ് DCT ഗ്രീൻ പട്ടിക തയ്യാറാക്കുന്നത്.
ഈ പട്ടികയിൽപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് താഴെ പറയുന്ന നിബന്ധനകൾ പാലിച്ച് കൊണ്ട് ക്വാറന്റീൻ ഒഴിവാക്കി നൽകുന്നതാണ്.
യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 PCR നെഗറ്റീവ് റിസൾട്ട് യാത്രികർ ഹാജരാക്കേണ്ടതാണ്.
അബുദാബിയിലെത്തിയ ശേഷം ഇവർക്ക് വിമാനത്താവളത്തിൽ വെച്ച് ഒരു COVID-19 PCR ടെസ്റ്റ് കൂടി നടത്തുന്നതാണ്. ഈ പരിശോധനയിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്ന, ഗ്രീൻ പട്ടികയിൽ ഉൾപ്പെടുത്തിയ യാത്രികർക്ക് ക്വാറന്റീൻ ഒഴിവാക്കി നൽകുന്നതാണ്. (മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്ന COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള യാത്രികർ അബുദാബിയിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ഏഴു ദിവസം ക്വാറന്റീനിൽ തുടരേണ്ടതാണ്. മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്ന COVID-19 വാക്സിൻ കുത്തിവെപ്പുകൾ പൂർത്തിയാക്കാത്തവർക്ക് പത്ത് ദിവസം ക്വാറന്റീൻ നിർബന്ധമാണ്.)
2021 ഓഗസ്റ്റ് 22 മുതൽ അബുദാബി ഗ്രീൻ പട്ടികയിൽപ്പെടുത്തിയിട്ടുള്ള രാജ്യങ്ങൾ:
Albania
Armenia
Australia
Austria
Bahrain
Belgium
Brunei
Bulgaria
Canada
China
Czech Republic
Germany
Hong Kong (SAR)
Hungary
Jordan
Kuwait
Malta
Mauritius
Moldova
Netherlands
New Zealand
Poland
Republic of Ireland
Romania
Saudi Arabia
Serbia
Seychelles
Singapore
South Korea
Sweden
Switzerland
Taiwan, Province of China
Ukraine
ഗ്രീൻ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക https://visitabudhabi.cn/en/plan-your-trip/covid-safe-travel/permitted-countries എന്ന വിലാസത്തിൽ ലഭ്യമാണ്.
COVID-19 വാക്സിൻ മുഴുവൻ ഡോസുകളും സ്വീകരിച്ചവർക്ക് (അവസാന ഡോസ് സ്വീകരിച്ച് 28 ദിവസം പൂർത്തിയാക്കിയ ശേഷം) ബഹ്‌റൈൻ, ഗ്രീസ്, സെർബിയ, സെയ്‌ഷെൽസ് എന്നിവിടങ്ങളിൽ നിന്ന് അബുദാബിയിലേക്ക് യാത്രചെയ്യുന്ന സാഹചര്യത്തിൽ ക്വാറന്റീൻ ഒഴിവാക്കിയിട്ടുണ്ടെന്നും വിസിറ്റ് അബുദാബി വെബ്‌പേജിൽ അറിയിച്ചിട്ടുണ്ട്.
🇦🇪യു എ ഇ: COVID-19 പ്രതിരോധ നിയമങ്ങളുമായി ബന്ധപ്പെട്ട പിഴകൾ, ശിക്ഷകൾ എന്നിവ സംബന്ധിച്ച പുതുക്കിയ പട്ടിക പുറത്തിറക്കി.
✒️രാജ്യത്തെ COVID-19 പ്രതിരോധ നിയമങ്ങളുമായി ബന്ധപ്പെട്ട പിഴകൾ, ശിക്ഷകൾ എന്നിവ സംബന്ധിച്ച പുതുക്കിയ പട്ടിക യു എ ഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി പുറത്തിറക്കി. COVID-19 വ്യാപനം തടയുന്നത് ലക്ഷ്യമിട്ടുള്ള 2020/ 38 എന്ന ഉത്തരവിന് കീഴിലുള്ള പിഴകളുടെയും, ശിക്ഷകളുടെയും പട്ടികയാണ് ഇപ്രകാരം പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 21-ന് വൈകീട്ടാണ് യു എ ഇ അറ്റോർണി ജനറൽ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ പുതുക്കിയ പട്ടിക പ്രകാരം, വീടുകളിലും, മറ്റ് ക്വാറന്റൈൻ കേന്ദ്രങ്ങളിലും ഉണ്ടാകുന്ന ക്വാറന്റീൻ നിയമലംഘനങ്ങൾ, മറ്റു പ്രതിരോധ നിർദ്ദേശങ്ങളിൽ ഉണ്ടാകുന്ന വഞ്ചന, ഒഴിഞ്ഞുമാറൽ തുടങ്ങിയ കുറ്റങ്ങൾ എന്നിവയ്ക്കുള്ള ശിക്ഷാ നടപടികൾ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിന് പുറമെ ബന്ധപ്പെട്ട അധികാരികൾ നിർണ്ണയിച്ച മുൻകരുതൽ നടപടികളിൽ സ്ഥാപനങ്ങളും കമ്പനികളും മറ്റും വരുത്തുന്ന വീഴ്ച്ചകൾ, ജുഡീഷ്യൽ ഉത്തരവുകളുടെ ലംഘനം, ചെക്ക് പോയിന്റുകളിൽ വരുത്തുന്ന വീഴ്ച്ചകൾ എന്നിവ സംബന്ധിച്ചുള്ള ശിക്ഷാ നടപടികളും ഈ അറിയിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യാജ വാർത്തകൾ, വിവരങ്ങൾ അല്ലെങ്കിൽ കൊറോണ വൈറസുമായി ബന്ധപ്പെട്ട കിംവദന്തികൾ പ്രചരിപ്പിക്കുന്നതിനും വാണിജ്യ ആവശ്യങ്ങൾക്കായുള്ള വാഹനങ്ങൾ ഉപയോഗിച്ച് താൽക്കാലിക പ്രവേശന നിയമങ്ങൾ ലംഘിക്കുന്നതിനുമുള്ള ശിക്ഷകളും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ പട്ടിക പ്രകാരം, ഹോം ക്വാറന്റീൻ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തുന്നവർക്കും, ക്വാറന്റീൻ മറികടക്കുന്നവർക്കും 50000 ദിർഹം വരെ പിഴ ചുമത്തുന്നതാണ്. ക്വാറന്റീനിൽ ഉള്ളവർ തങ്ങളുടെ കൈകളിൽ ധരിക്കുന്ന ട്രാക്കിങ്ങ് ഉപകരണം നഷ്ടപ്പെടുത്തുകയോ, കേടുവരുത്തുകയോ ചെയ്യുകയാണെങ്കിൽ 10000 ദിർഹം പിഴ ചുമത്തുന്നതാണ്. ആശുപത്രി ചികിത്സ സംബന്ധിച്ച നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് 50000 ദിർഹം വരെ പിഴ ചുമത്തുന്നതാണ്. ഈ അറിയിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ https://bit.ly/3CVhwwZ എന്ന വിലാസത്തിൽ യു എ ഇ അറ്റോർണി ജനറൽ ലഭ്യമാക്കിയിട്ടുണ്ട്.
രാജ്യത്തെ പൗരന്മാരോടും താമസക്കാരോടും നിയമം പാലിക്കാനും, അവരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താനും ബന്ധപ്പെട്ട അധികാരികൾ നൽകുന്ന COVID-19 മുൻകരുതൽ നടപടികളും തീരുമാനങ്ങളും പാലിക്കണമെന്നും അറ്റോർണി ജനറൽ ഓഫീസ് ആവശ്യപ്പെട്ടു.
🇧🇭ബഹ്‌റൈൻ: 60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു.
✒️രാജ്യത്തെ അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്കും, രോഗപ്രതിരോധശേഷി കുറഞ്ഞവർക്കും COVID-19 വാക്സിനിന്റെ ബൂസ്റ്റർ ഡോസ് ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ നൽകാൻ തീരുമാനിച്ചതായി ബഹ്‌റൈനിലെ നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ് നേരത്തെ അറിയിച്ചിരുന്നു.
ഫൈസർ അല്ലെങ്കിൽ ആസ്ട്രസെനെക്കാ വാക്സിൻ രണ്ട് ഡോസുകൾ സ്വീകരിച്ച ശേഷം ആറ് മാസം പൂർത്തിയാക്കിയ ഈ വിഭാഗങ്ങളിൽപ്പെടുന്നവർക്കാണ് ഒരു അധിക ഡോസ് ബൂസ്റ്റർ കുത്തിവെപ്പ് നൽകുന്നത്.വാക്സിൻ ലഭിക്കുന്നതിനുള്ള മുൻകൂർ ബുക്കിംഗ് ആരോഗ്യ മന്ത്രലായത്തിന്റെ https://healthalert.gov.bh/ എന്ന വെബ്സൈറ്റിലും, BeAware ആപ്പിലും ലഭ്യമാണ്.
ഇത്തരത്തിൽ ബൂസ്റ്റർ ഡോസിന് അർഹതയുള്ളവർക്ക് ബൂസ്റ്റർ കുത്തിവെപ്പായി ഫൈസർ വാക്സിനോ, അല്ലെങ്കിൽ ആദ്യ രണ്ട് കുത്തിവെപ്പുകൾക്ക് ഉപയോഗിച്ച അതേ വാക്സിനോ തിരഞ്ഞെടുക്കാവുന്നതാണ്. 2021 ഒക്ടോബർ 1 മുതൽ ഈ വിഭാഗങ്ങളിൽപ്പെടുന്ന ബൂസ്റ്റർ ഡോസിന് അർഹതയുള്ളവരുടെ BeAware ആപ്പിലെ ഗ്രീൻ ഷീൽഡ് സ്റ്റാറ്റസ് യെല്ലോ ഷീൽഡ് സ്റ്റാറ്റസിലേക്ക് മാറുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇവർ ഗ്രീൻ സ്റ്റാറ്റസ് തിരികെ ലഭിക്കുന്നതിനായി ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിക്കേണ്ടതാണ്.
🇶🇦ഖത്തറില്‍ ഇന്നും രോഗമുക്തി കൂടുതല്‍; പുതുതായി 205 പേര്‍ക്ക് കോവിഡ്.
✒️ഖത്തറില്‍ ഇന്ന് 205 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 75 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 130 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 248 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 2,27,445 ആയി. രാജ്യത്ത് ഇന്നും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ കോവിഡ് മരണം 601 ആണ്.
2,791 പേരാണ് ഖത്തറില്‍ നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 20 പേര്‍ ഐസിയുവില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാളെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. പുതുതായി 4 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 67 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 20,381 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാകസിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 42,52,387 ഡോസ് വാക്‌സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 80.1 ശതമാനം പേര്‍ ചുരുങ്ങിയത് ഒരു ഡോസ് വാക്സിനെടുത്തു.

0 Comments