കാലിക്കറ്റ് സർവകലാശാലയിലെ മുഴുവൻ കോഴ്സുകളുടേയും പ്രവേശന രജിസ്ട്രേഷൻ എളുപ്പത്തിലാക്കുന്ന പുതിയ വെബ്സൈറ്റ് തുറന്നു (admission.uoc.ac.in). കംപ്യൂട്ടറിലും മൊബൈൽ ഫോണിലും അനായാസം ഉപയോഗിക്കാവുന്ന, പുതുക്കിയ പോർട്ടലിന്റെ ഉദ്ഘാടനം വൈസ് ചാൻസലർ ഡോ എം.കെ. ജയരാജ് നിർവഹിച്ചു.
രജിസ്ട്രേഷനായി ഗവ.,എയ്ഡഡ്, അൺ എയ്ഡഡ്, വനിത, കമ്മ്യൂണിറ്റി കോളേജ് എന്നിവ ജില്ലാ അടിസ്ഥാനത്തിൽ തിരഞ്ഞടുക്കാം. ഓരോ കോളേജിലെയും കോഴ്സുകൾ, സീറ്റുകൾ, കാറ്റഗറി(എയ്ഡഡ്/സ്വാശ്രയം) എന്നിവ ലഭിക്കും. കോളേജുകളുടെ ഗൂഗിൾ മാപ്പ് ലൊക്കേഷനുകൾ, ഹോസ്റ്റൽ സൗകര്യങ്ങൾ, വെബ്സൈറ്റ് വിലാസം എന്നിവയുമുണ്ട്.
കോഴ്സുകളുടെ യോഗ്യതകൾ, അലോട്ട്മെന്റിന് ആധാരമായ ഇൻഡക്സിങ് മാനദണ്ഡങ്ങൾ എന്നിവ മുൻകൂട്ടി തീരുമാനിക്കാനും പ്രവേശനനടപടികൾ എളുപ്പത്തിലാക്കാനും പോർട്ടൽ സഹായിക്കും. കഴിഞ്ഞവർഷത്തെ അവസാന ഇൻഡക്സ് മാർക്ക് വിവരങ്ങൾ റിസർവേഷൻ കാറ്റഗറിയനുസരിച്ച് അറിയാനുമാകും. കോളേജുകളുടെയും നോഡൽ ഓഫീസർമാരുടെയും ഇ-മെയിൽ, ഫോൺ നമ്പർ എന്നിവയുമുണ്ട്. കോളേജിൽ നേരിട്ടുവരാതെ തന്നെ വിദ്യാർഥികൾക്കു പ്രവേശനാവശ്യങ്ങൾ നിറവേറ്റാനാവും. ഡിഗ്രി പ്രവേശന രജിസ്ട്രേഷനാകും വെബ്സൈറ്റിലൂടെ ആദ്യം ആരംഭിക്കുക.
കോവിഡ് സാഹചര്യം കണക്കിലെടുത്താണ് കൂടുതൽ സൗകര്യപ്രദമായ വെബ്സൈറ്റ് ഒരുക്കിയതെന്നു സർവകലാശാല കംപ്യൂട്ടർ സെന്റർ ഡയറക്ടർ ഡോ.വി.എൽ. ലജീഷ് അറിയിച്ചു. പ്രോ വൈസ് ചാൻസലർ ഡോ.എം. നാസർ, രജിസ്ട്രാർ ഡോ. സതീഷ് ഇ.കെ, പരീക്ഷാ കൺട്രോളർ ഡോ. സി.സി. ബാബു, സിൻഡിക്കേറ്റംഗങ്ങളായ ഡോ.എം. മനോഹരൻ, ഡോ.കെ.പി. വിനോദ്കുമാർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ കെ.പി. രജീഷ്, സിസ്റ്റം അനലിസ്റ്റ് രഞ്ജിമ രാജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
0 Comments