🇸🇦കൊവിഡ്: സൗദിയിൽ ഇന്ന് 850 പുതിയ രോഗികളും 975 രോഗമുക്തരും.
🇶🇦ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 187 പേര്‍ക്കെതിരെ നടപടി.
🇦🇪അബുദാബി, ദുബൈ വിമാനത്താവളങ്ങള്‍ വഴി അതത് എമിറേറ്റുകളിലെ താമസ വിസക്കാര്‍ക്ക് മാത്രം അനുമതി.
🇴🇲മസ്‍കത്തിനും സലാലക്കും ഇടയിലുള്ള ബസ് സര്‍വീസുകളുടെ എണ്ണം കൂട്ടി.
🇦🇪യുഎഇയില്‍ 1,545 പേര്‍ക്ക് കൂടി കൊവിഡ്, രണ്ടു മരണം.
🛫കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് പറക്കാന്‍ 10 മണിക്കൂര്‍; നേരിട്ടുള്ള വിമാന സര്‍വീസ് തുടങ്ങുന്നു.
🇰🇼കുവൈറ്റിലേക്ക് തിരികെ മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കായി ഇന്ത്യൻ എംബസി അറിയിപ്പ് പുറത്തിറക്കി.
🇶🇦ഖത്തറില്‍ ഇന്ന് 199 പേര്‍ക്ക് കോവിഡ്; 125 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ.
വാർത്തകൾ വിശദമായി
🇸🇦കൊവിഡ്: സൗദിയിൽ ഇന്ന് 850 പുതിയ രോഗികളും 975 രോഗമുക്തരും.
✒️സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 975 കൊവിഡ് രോഗികള്‍ രോഗമുക്തരായി. 850 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചതായും സൗദി ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. പ്രതിദിന മരണനിരക്കിലും കുറവുണ്ടായി. രാജ്യവ്യാപകമായി 9 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
രാജ്യമാകെ ഇന്ന് 87,656 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,32,785 ആയി. ഇതിൽ 5,14,362 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,320 ആണ്. ചികിത്സയിലുള്ളവരുടെ എണ്ണം 10,103 ആയി കുറഞ്ഞു. ഇതിൽ 1,404 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.4 ശതമാനമായും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 166, റിയാദ് 143, കിഴക്കൻ പ്രവിശ്യ 128, അസീർ 88, ജീസാൻ 81, അൽഖസീം 55, മദീന 48, നജ്റാൻ 37, ഹായിൽ 32, തബൂക്ക് 23, അൽബാഹ 22, വടക്കൻ അതിർത്തി മേഖല 17, അൽജൗഫ് 10. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് 29,316,611 ഡോസായി.
🇶🇦ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 187 പേര്‍ക്കെതിരെ നടപടി.
✒️ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 187 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 178 പേരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്.
സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് ഒന്‍പത് പേരെയും പിടികൂടി. മൊബൈല്‍ ഫോണുകളില്‍ ഇഹ്‍തിറാസ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരുന്നതിനും കാറില്‍ അനുവദനീയമായതിലും കൂടുതല്‍ ആളുകളെ കയറ്റി സഞ്ചരിച്ചിക്കുന്നതിനും അധികൃതര്‍ നടപടിയെടുക്കുന്നുണ്ട്. പിടിയിലായ എല്ലാവരെയും തുടര്‍നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.
🇦🇪അബുദാബി, ദുബൈ വിമാനത്താവളങ്ങള്‍ വഴി അതത് എമിറേറ്റുകളിലെ താമസ വിസക്കാര്‍ക്ക് മാത്രം അനുമതി.
✒️അബുദാബി, ദുബൈ വിമാനത്താവളങ്ങള്‍ വഴി അതത് എമിറേറ്റുകളിലെ താമസ വിസക്കാര്‍ക്ക് മാത്രമേ യുഎഇയിലേക്ക് പ്രവേശിക്കാവൂ എന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. അതേസമയം ഷാര്‍ജ, റാസല്‍ഖൈമ വിമാനത്താവളങ്ങള്‍ വഴി ഏത് എമിറേറ്റിലെ താമസ വിസക്കാര്‍ക്കും രാജ്യത്ത് പ്രവേശിക്കാമെന്നും പുതിയ അറിയിപ്പില്‍ വ്യക്തമാക്കുന്നു.
ദുബൈ വിമാനത്താവളം വഴി ദുബൈ വിസക്കാര്‍ക്കും അബുദാബി വിമാനത്താവളം വഴി അബുദാബി വിസക്കാര്‍ക്കും മാത്രമേ പ്രവേശനം അനുവദിക്കൂ. നിലവില്‍ മറ്റ് എമിറേറ്റുകളിലേക്ക് പോകുന്നവരും ദുബൈയില്‍ വിമാനമിറങ്ങുന്നുണ്ട്. അബുദാബിയിലേക്ക് ഓഗസ്റ്റ് പത്ത് മുതല്‍ മാത്രമേ സര്‍വീസ് തുടങ്ങൂ എന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിരുന്നു. എന്നാല്‍ തിരുവനന്തപുരം, കൊച്ചി ഉള്‍പ്പെടെയുള്ള ചില വിമാനത്താവളങ്ങളില്‍ നിന്ന് ശനിയാഴ്‍ച മുതല്‍ ഇത്തിഹാദ് എയര്‍വേയ്‍സ് അബുദാബി സര്‍വീസുകള്‍ തുടങ്ങിയിട്ടുണ്ട്. ദുബൈയിലേക്ക് യാത്ര ചെയ്യുന്നവര്‍ ജി.ഡി.ആര്‍.എഫ്.എയില്‍ നിന്നും അബുദാബി ഉള്‍പ്പെടെയുള്ള മറ്റ് എമിറേറ്റുകളിലെ യാത്രക്കാര്‍ ഐ.സി.എയില്‍ നിന്നുമാണ് അനുമതി വാങ്ങേണ്ടത്.
🇴🇲മസ്‍കത്തിനും സലാലക്കും ഇടയിലുള്ള ബസ് സര്‍വീസുകളുടെ എണ്ണം കൂട്ടി.
✒️ഒമാനില്‍ മസ്‍കത്തിനും സലാലക്കും ഇടയില്‍ ഒരു ബസ് സര്‍വീസ് കൂടി ആരംഭിക്കുമെന്ന് ദേശീയ ഗതാഗത കമ്പനിയായ മവാസലാത്ത് അറിയിച്ചു. റൂട്ട് 100ല്‍ ഇതോടെ പ്രതിദിനം മൂന്ന് സര്‍വീസുകളാണുള്ളത്. പുതിയ സര്‍വീസ് ഓഗസ്റ്റ് എട്ട് ഞായറാഴ്‍ച മുതല്‍ ആരംഭിക്കും. ഒരു വശത്തേക്കുള്ള ടിക്കറ്റിന് എട്ട് റിയാലാണ് നിരക്ക്. ഇരു വശത്തേക്കുമുള്ള യാത്രയ്‍ക്ക് 12.500 റിയാല്‍ ഈടാക്കും.
🇦🇪യുഎഇയില്‍ 1,545 പേര്‍ക്ക് കൂടി കൊവിഡ്, രണ്ടു മരണം.
✒️യുഎഇയില്‍ 1,545 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,480 പേര്‍ സുഖം പ്രാപിക്കുകയും രണ്ട് പേര്‍ മരണപ്പെടുകയും ചെയ്തു.
പുതിയതായി നടത്തിയ 2,77,994 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,91,554 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,68,554 പേര്‍ രോഗമുക്തരാവുകയും 1,971 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 21,029 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🛫കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് പറക്കാന്‍ 10 മണിക്കൂര്‍; നേരിട്ടുള്ള വിമാന സര്‍വീസ് തുടങ്ങുന്നു.
✒️കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് നേരിട്ട് വിമാന സര്‍വീസ് തുടങ്ങുന്നു. ഓഗസ്റ്റ് 18ന് കൊച്ചിയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ ഹീത്രു-കൊച്ചി-ഹീത്രു പ്രതിവാര സര്‍വീസ് ആരംഭിക്കും. പത്ത് മണിക്കൂര്‍ കൊണ്ട് ലണ്ടനിലെത്താം.
കേരളത്തില്‍ നിന്ന് ലണ്ടനിലേക്ക് നേരിട്ട് സര്‍വീസുള്ള ഏക വിമാനത്താവളമാണ് കൊച്ചി. ഡ്രീംലൈനര്‍ ശ്രേണിയിലുള്ള വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുക. എല്ലാ ബുധനാഴ്ചയും രാവിലെ 3.45ന് കൊച്ചിയിലെത്തുന്ന വിമാനം 5.50ന് ലണ്ടനിലെ ഹീത്രുവിലേക്ക് മടങ്ങും. നെടുമ്പാശ്ശേരിയിലേക്ക് കൂടുതല്‍ വിമാനക്കമ്പനികളെ ആകര്‍ഷിക്കാന്‍ പാര്‍ക്കിംഗ്, ലാന്‍ഡിംഗ് ഫീസില്‍ സിയാല്‍ ഇളവ് നല്‍കിയിട്ടുണ്ട്. ഇന്ത്യയെ റെഡ് പട്ടികയില്‍ നിന്ന് ആമ്പര്‍ പട്ടികയിലേക്ക് ബ്രിട്ടന്‍ മാറ്റിയതോടെയാണ് രണ്ട് രാജ്യങ്ങള്‍ക്കുമിടയിലെ യാത്ര സുഗമമാകുന്നത്.
🇰🇼കുവൈറ്റിലേക്ക് തിരികെ മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കായി ഇന്ത്യൻ എംബസി അറിയിപ്പ് പുറത്തിറക്കി.
✒️കുവൈറ്റിലേക്ക് തിരികെ മടങ്ങാനാകാതെ ഇന്ത്യയിൽ തുടരുന്ന പ്രവാസികളുടെ COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് സംബന്ധമായ സംശയങ്ങളുമായി ബന്ധപ്പെട്ട് കുവൈറ്റിലെ ഇന്ത്യൻ എംബസി ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പോർട്ടലിൽ തിരികെ മടങ്ങുന്നതിനുള്ള അനുമതി ലഭിക്കുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുള്ള ഇന്ത്യൻ പ്രവാസികൾ ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് എംബസി ഈ പത്രക്കുറിപ്പ് പുറത്തിറക്കിയത്.
ഇന്ത്യൻ പ്രവാസികളുടെ കുവൈറ്റിലേക്കുള്ള മടങ്ങിവരവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും നിലവിൽ കുവൈറ്റ് അധികൃതരുടെ മുൻപാകെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട് എംബസി കുവൈറ്റ് അധികൃതരുമായി ചേർന്ന് തുടര്‍നടപടികൾ കൈക്കൊണ്ട് വരുന്നതായും ഈ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പോർട്ടലിൽ ഇന്ത്യക്കാരുൾപ്പടെയുള്ളവർ രജിസ്റ്റർ ചെയ്തിട്ടുള്ള COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കുന്ന നടപടികൾ പുരോഗമിക്കുന്നതായി കുവൈറ്റ് അധികൃതർ അറിയിച്ചതായി എംബസി ഈ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഔദ്യോഗികമായി നിരസിക്കപ്പെടുന്ന COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ സംബന്ധിച്ച് രജിസ്റ്റർ ചെയ്ത വ്യക്തിക്ക് കുവൈറ്റ് അധികൃതർ ഇ-മെയിൽ മുഖേന അറിയിപ്പ് നൽകുമെന്നും, ഈ അറിയിപ്പിൽ COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിരസിക്കപ്പെടാനുണ്ടായ കാരണം വ്യക്തമാക്കുമെന്നും എംബസി അറിയിച്ചിട്ടുണ്ട്. രജിസ്‌ട്രേഷൻ നടപടികളിൽ തെറ്റ് വരുത്തിയവർക്ക് കുവൈറ്റ് അധികൃതരിൽ നിന്ന് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിക്കുന്നതാണ്.
ഇത് സംബന്ധിച്ച് കുവൈറ്റ് അധികൃതരിൽ നിന്ന് ഇതുവരെ മറുപടികൾ ലഭിക്കാത്തവർ, രജിസ്‌ട്രേഷൻ സംബന്ധമായ നടപടിക്രമങ്ങൾ പൂർത്തിയാകുന്നത് വരെ കാത്തിരിക്കാനും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. കുവൈറ്റിലേക്ക് മടങ്ങിയെത്തേണ്ട അടിയന്തിര സാഹചര്യങ്ങളിലുള്ളവരുമായി ബന്ധപ്പെട്ട കേസുകൾ എംബസി നേരിട്ട് കുവൈറ്റ് അധികൃതരെ ധരിപ്പിക്കുമെന്നും, ഇത്തരം സാഹചര്യങ്ങളിലുള്ള പ്രവാസികൾക്ക് തങ്ങളുടെ മുഴുവൻ പേര്, പൂർണ്ണ വിവരങ്ങൾ, അടിയന്തിര സാഹചര്യം സംബന്ധിച്ച വിവരങ്ങൾ എന്നിവ info.kuwait@mea.gov.in എന്ന വിലാസത്തിലേക്ക് അയക്കാവുന്നതാണെന്നും എംബസി വ്യക്തമാക്കി. ഇത്തരം പ്രവാസികളുടെ അടിയന്തിര സാഹചര്യം വ്യക്തമാക്കിക്കൊണ്ട് അവരുടെ കുവൈറ്റിലെ സ്പോൺസർ അല്ലെങ്കിൽ തൊഴിലുടമയുടെ ഭാഗത്ത് നിന്ന് സാക്ഷ്യപ്പെടുത്തൽ രേഖ ആവശ്യമാണ്.
എംബസിയിലേക്ക് ഇത്തരം ഇമെയിൽ അയക്കുന്നവർ താഴെ പറയുന്ന രേഖകളുടെ കോപ്പികൾ നിർബന്ധമായും അയക്കേണ്ടതാണ്:
പാസ്സ്‌പോർട്ട്.
സിവിൽ ഐഡി.
തൊഴിൽ കരാർ (കൈവശം ഉണ്ടെങ്കിൽ)
കുവൈറ്റിലേക്ക് മടങ്ങുന്നതിനായുള്ള അപേക്ഷ കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിൽ സമർപ്പിച്ചതിന്റെ രേഖ.
Kuwait Mosafer, Shlonik, Immune/Kuwait Mobile ID തുടങ്ങിയ സംവിധാനങ്ങളിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയതിന്റെ രേഖകൾ.
ഇത്തരം രേഖകൾ ഇല്ലാത്തതോ, പൂർണ്ണ വിവരങ്ങൾ ഇല്ലാത്തതോ ആയ ഇമെയിൽ സന്ദേശങ്ങളിൽ നടപടികൾ കൈകൊള്ളുന്നതല്ലെന്ന് എംബസി വ്യക്തമാക്കിയിട്ടുണ്ട്. info.kuwait@mea.gov.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുന്ന ഇത്തരം അപേക്ഷകൾ മാത്രമാണ് പരിഗണിക്കുന്നതെന്നും, ഇത് സംബന്ധിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ മറ്റ് ഇമെയിൽ വിലാസങ്ങളിലേക്ക് അയക്കുന്ന അപേക്ഷകൾ പരിഗണിക്കില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
https://indembkwt.gov.in/pdf/Advisory%20-%20Processing%20of%20Vaccination%20Certificates%20-%20Stranded%20Indian%20nationals%20-%2004%20August%202021%20(1).pdf എന്ന വിലാസത്തിൽ കുവൈറ്റിലെ ഇന്ത്യൻ എംബസി പുറത്തിറക്കിയ ഈ പത്രക്കുറിപ്പ് ലഭ്യമാണ്.
അതേസമയം, ഇന്ത്യ, നേപ്പാൾ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ COVID-19 വ്യാപനം രൂക്ഷമായി തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് കുവൈറ്റിലേക്ക് നിലവിൽ നേരിട്ടുള്ള പ്രവേശനം അനുവദിച്ചിട്ടില്ലെന്ന് കുവൈറ്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇത്തരം രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ അനുവദിക്കുന്നതിന്റെ സാധ്യതകൾ പരിശോധിച്ച് വരുന്നതായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഡയറക്ടർ യൗസേഫ് ഫവാസാൻ ഏതാനം ദിവസങ്ങൾക്ക് മുൻപ് അറിയിച്ചിരുന്നു.
🇶🇦ഖത്തറില്‍ ഇന്ന് 199 പേര്‍ക്ക് കോവിഡ്; 125 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ.
✒️ഖത്തറില്‍ ഇന്ന് 199 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം. ഇതില്‍ 74 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 125 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 173 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 2,24,703 ആയി. രാജ്യത്ത് ഇന്ന് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ആകെ കൊവിഡ് മരണം 601 ആണ്.
2,168 പേരാണ് രാജ്യത്ത് നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 22 പേര്‍ ഐ.സി.യുവില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് പേരെയാണ് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്. പുതുതായി 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 80 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,672 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാകസിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 39,42,271 ഡോസ് വാക്‌സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്.
0 Comments