🇦🇪ബുര്‍ജ് ഖലീഫയുടെ ഏറ്റവും മുകളില്‍ എയര്‍ ഹോസ്റ്റസ്; അവിശ്വസനീയമായ ആ വീഡിയോ കാണാം.
🛫പ്രവാസികള്‍ക്ക് ജി.ഡി.ആര്‍.എഫ്.എ അനുമതിയും കൊവിഡ് പരിശോധനാ ഫലവുണ്ടെങ്കില്‍ ദുബൈയിലേക്ക് യാത്ര ചെയ്യാം.
🇸🇦സൗദി അറേബ്യയിൽ കൊവിഡ് വാക്സിനേഷൻ മൂന്ന് കോടി ഡോസ് കവിഞ്ഞു.
🛫ഒന്‍പത് നഗരങ്ങളില്‍ നിന്ന് ദുബൈയിലേക്ക് സര്‍വീസ് നടത്തുന്നതായി ഫ്ലൈ ദുബൈ.
🇦🇪യുഎഇയില്‍ 2ജി മൊബൈല്‍ നെറ്റ്‍വര്‍ക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു.
🇴🇲ഒമാനില്‍ കൊവിഡ് മുക്തി നിരക്ക് 96 ശതമാനമായി.
🇦🇪യുഎഇയില്‍ 1,321 പേര്‍ക്ക് കൂടി കൊവിഡ്, മൂന്നു മരണം.
🇰🇼കുവൈത്തിൽ കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്ന കാര്യം പരിഗണനയിൽ.

വാർത്തകൾ വിശദമായി
🇦🇪ബുര്‍ജ് ഖലീഫയുടെ ഏറ്റവും മുകളില്‍ എയര്‍ ഹോസ്റ്റസ്; അവിശ്വസനീയമായ ആ വീഡിയോ ചിത്രീകരിച്ചത് ഇങ്ങനെ.
✒️എമിറേറ്റ്സിന്റെ യൂണിഫോം ധരിച്ച എയര്‍ഹോസ്റ്റസ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ നെറുകയില്‍ നില്‍ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. യു.കെയിലെ യാത്രാ നിയന്ത്രണങ്ങളില്‍ നിന്ന് യുഎഇയെ ഒഴിവാക്കിയ സാഹചര്യത്തില്‍ എമിറേറ്റ്സ് പുറത്തുവിട്ട പരസ്യത്തിലാണ് പ്രേക്ഷകരെ ഞെട്ടിച്ച ആ ദൃശ്യങ്ങളുണ്ടായിരുന്നത്. വീഡിയോ പുറത്തുവന്നപ്പോള്‍ മുതല്‍ അത് യഥാര്‍ത്ഥത്തില്‍ ചിത്രീകരിച്ചതാണോ എന്ന സംശയമാണ് സോഷ്യല്‍ മീഡിയയില്‍ പലരും പങ്കുവെച്ചത്.
ലോകത്തിന്റെ നെറുകൈയില്‍ നില്‍ക്കുന്നത് പോലെയാണെന്ന സന്ദേശവുമായാണ് എമിറേറ്റ്സിന്റെ പരസ്യം കഴിഞ്ഞ ദിവസം പുറത്തുവന്നത്. എന്നാല്‍ ഇത് ഗ്രീന്‍ സ്‍ക്രീന്‍ പോലുള്ള സാങ്കേതിക വിദ്യകളൊന്നും ഉപയോഗിക്കാതെ യഥാര്‍ത്ഥത്തില്‍ തന്നെ ചിത്രീകരിച്ചതാണെന്ന് എമിറേറ്റ്സ് വ്യക്തമാക്കുന്നു. നിക്കോള്‍ സ്‍മിത്ത് ലുഡ്‍വിക് എന്ന പ്രൊഫഷണല്‍ സ്‍കൈ ഡൈവിങ് ഇന്‍സ്‍ട്രക്ടറാണ് എമിറേറ്റ്സ് ക്യാബിന്‍ ക്രൂ അംഗത്തിന്റെ വേഷത്തില്‍ വീഡിയോയിലുള്ളത്. ഒപ്പം ഏതാനും പേരുടെ സഹായവും പരിശ്രമവുമാണ് 828 മീറ്റര്‍ ഉയരത്തില്‍ ചിത്രീകരിച്ച ആ വീഡിയോക്ക് പിന്നിലുള്ളത്.
കര്‍ശന സുരക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള പരിശീലനവും പ്ലാനിങും പരീക്ഷണവും പൂര്‍ത്തിയാക്കിയാണ് വീഡിയോ ചിത്രീകരിച്ചത്. ഇത്തരമൊരു വീഡിയോ ചിത്രീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം എമിറേറ്റ്സിന്റെ എയര്‍ഹോസ്റ്റസുമാരെത്തന്നെയാണ് സമീപിച്ചത്. തിവര്‍ തയ്യാറാവുകയും ചെയ്‍തു. എന്നാല്‍ സുരക്ഷ ഉറപ്പാക്കാന്‍ പരിചയ സമ്പന്നയായ സ്‍കൈ ഡൈവറെ തന്നെ ഇതിനായി തെരഞ്ഞെടുക്കുകയായിരുന്നു.
സുരക്ഷ ഉറപ്പാക്കിയായിരുന്നു ഓരോ പ്രവര്‍ത്തനങ്ങളും. സുരക്ഷിതമായി നില്‍ക്കാന്‍ ഒരു പ്ലാറ്റ്ഫോമും ചെറിയൊരു തൂണും ഉറപ്പിച്ചു. ഈ തൂണൂമായും ഇതിന് പുറമെ മറ്റ് പോയിന്റുകളുമായും നിക്കോള്‍ സ്‍മിത്ത് ലുഡ്‍വികിനെ ബന്ധിച്ചു. പുറമേ ക്യാമറയില്‍ പതിയാത്ത വിധത്തില്‍ എമിറേറ്റ്സിന്റെ യൂണിഫോമിനടിയിലൂടെയാണ് ഇത് സജ്ജമാക്കിയത്. രാവിലെയുള്ള സൂര്യപ്രകാശം ലഭിക്കുന്നതിനായി സൂര്യോദയത്തില്‍ തന്നെ ചിത്രീകരണം ആരംഭിച്ചു.
ബുര്‍ജ് ഖലീഫയുടെ 160-ാം നിലയില്‍ നിന്ന് ഒരു മണിക്കൂറും 15 മിനിറ്റുമെടുത്താണ് സംഘം മുകളിലെത്തിയത്. നിരവധി ഗോവണികളിലൂടെയും മറ്റും കടന്നുവേണം ഏറ്റവും മുകളിലെത്താന്‍. വീഡിയോ ചിത്രീകരിക്കാന്‍ സംഘം അഞ്ച് മണിക്കൂറോളം ബുര്‍ജ് ഖലീഫയുടെ ഏറ്റവും മുകളില്‍ ചെലവഴിച്ചു. ഒരൊറ്റ ഡ്രോണ്‍ ഉപയോഗിച്ചാണ് ദൃശ്യങ്ങള്‍ പൂര്‍ണമായും ചിത്രീകരിച്ചത്. ബുര്‍ജ് ഖലീഫയുടെ ഏറ്റവും മുകളില്‍ കയറാന്‍ അനുമതി ലഭിച്ച ചുരുക്കം ആളുകളില്‍ എമിറേറ്റ്സും ഉള്‍പ്പെട്ടതില്‍ അഭിമാനമുണ്ടെന്ന് എമിറേറ്റ്സ് പ്രസിഡന്റ് റ്റിം ക്ലാര്‍ക്ക് പ്രതികരിച്ചു.
🛫പ്രവാസികള്‍ക്ക് ജി.ഡി.ആര്‍.എഫ്.എ അനുമതിയും കൊവിഡ് പരിശോധനാ ഫലവുണ്ടെങ്കില്‍ ദുബൈയിലേക്ക് യാത്ര ചെയ്യാം.
✒️ദുബൈയിലെ താമസ വിസക്കാര്‍ക്ക് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‍സ് അഫയേഴ്‍സിന്റെ (ജി.ഡി.ആര്‍.എഫ്.എ) അനുമതിയും നെഗറ്റീവ് കൊവിഡ് പരിശോധനാ ഫലവുമുണ്ടെങ്കില്‍ യാത്ര ചെയ്യാം. വിമാനക്കമ്പനികള്‍ക്ക് ലഭിച്ച നിര്‍ദേശ പ്രകാരം എമിറേറ്റ്സ് അടക്കമുള്ള കമ്പനികള്‍ ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. വിമാനത്താവളത്തിലെ ചെക്ക് ഇന്‍ കൌണ്ടറുകളിലുള്ള ജീവനക്കാര്‍ ഈ രണ്ട് നിബന്ധനകള്‍ മാത്രമാണ് പരിശോധനിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ നിന്ന് കൊവിഷീല്‍ഡ് വാക്സിനെടുത്തയാള്‍ക്ക് ദുബൈയിലേക്ക് യാത്ര ചെയ്യാനാവുമോ എന്ന അന്വേഷണത്തിന് മറുപടിയായാണ് എമിറേറ്റ്സ് ഇക്കാര്യം വിശദമാക്കിയത്. ദുബൈ വിസയുള്ളവര്‍ ജി.ഡി.ആര്‍.എഫ്.എ അനുമതി ഹാജരാക്കുകയും 48 മണിക്കൂറിനിടെ എടുത്ത കൊവിഡ് പി.സി.ആര്‍ പരിശോധനയില്‍ നെഗറ്റീവാണെന്ന് തെളിയിക്കുന്ന പരിശോധനാ ഫലവും വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂറിനിടെ എടുത്ത റാപ്പിഡ് പരിശോധനാ ഫലവും ഹാജരാക്കിയാല്‍ യാത്ര അനുവദിക്കുമെന്നാണ് എമിറേറ്റ്സ് നല്‍കിയ മറുപടി. യാത്രക്കാരുടെ കൊവിഡ് വാക്സിനേഷന്‍ സംബന്ധിച്ച പരിശോധനകള്‍ വിമാനക്കമ്പനികള്‍ വിമാനത്താവളത്തില്‍ വെച്ച് നടത്തില്ലെന്നാണ് ഇതില്‍ നിന്ന് വ്യക്തമാവുന്നത്.
ജി.ഡി.ആര്‍.എഫ്.എ അനുമതി, 48 മണിക്കൂറിനിടെ എടുത്ത പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം, നാല് മണിക്കൂറിനിടെയുള്ള റാപ്പിഡ് പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം എന്നിവ മാത്രമാണ് ദുബൈയിലേക്ക് പോകുന്നവര്‍ക്ക് പ്രത്യേകമായി ആവശ്യമുള്ളതെന്ന് ദുബൈ സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചിട്ടുള്ളതെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങളും അറിയിച്ചു. വിസ്‍താര എയര്‍ലൈന്‍സ് ഇക്കാര്യം അറിയിച്ചുകൊണ്ട് ട്രാവല്‍ ഏജന്‍സികള്‍ക്കും മറ്റും പ്രത്യേക അറിയിപ്പും നല്‍കി. അതേസമയം മറ്റ് എമിറേറ്റുകളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇത്തരം ഇളവുകളില്ലെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകളില്‍ നിന്ന് ലഭിക്കുന്ന സൂചന.
🇸🇦സൗദി അറേബ്യയിൽ കൊവിഡ് വാക്സിനേഷൻ മൂന്ന് കോടി ഡോസ് കവിഞ്ഞു.
✒️സൗദി അറേബ്യയിൽ കൊവിഡിനെതിരായ പ്രതിരോധ കുത്തിവെയ്പ്പ് മൂന്ന് കോടി ഡോസ് കവിഞ്ഞതായി സൗദി ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്നത്തോടെ 30,001,441 ഡോസ് കുത്തിവെയ്പ്പാണ് രാജ്യത്താകെ നടന്നത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 796 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 557 പേരാണ് രോഗമുക്തി നേടിയത്.
രാജ്യവ്യാപകമായി 11 മരണങ്ങൾ ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യമാകെ ഇന്ന് 87,868 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,34,312 ആയി. ഇതിൽ 5,15,539 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,345 ആണ്. ചികിത്സയിലുള്ളവരുടെ എണ്ണം 10,428 ആയി കുറഞ്ഞു. ഇതിൽ 1,393 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.5 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 142, റിയാദ് 134, കിഴക്കൻ പ്രവിശ്യ 132, ജീസാൻ 83, അസീർ 74, അൽഖസീം 71, മദീന 43, നജ്റാൻ 39, ഹായിൽ 38, അൽബാഹ 11, വടക്കൻ അതിർത്തി മേഖല 11, തബൂക്ക് 10, അൽജൗഫ് 11.
🛫ഒന്‍പത് നഗരങ്ങളില്‍ നിന്ന് ദുബൈയിലേക്ക് സര്‍വീസ് നടത്തുന്നതായി ഫ്ലൈ ദുബൈ.
✒️ഇന്ത്യയിലെ ഒന്‍പത് നഗരങ്ങളില്‍ നിന്ന് ദുബൈയിലേക്ക് വിമാന സര്‍വീസ് നടത്തുന്നതായി ബജറ്റ് എയര്‍ലൈന്‍ ഫ്ലൈ ദുബൈ അറിയിച്ചു. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്നാണ് സര്‍വീസുകള്‍. അഹ്‍മദാബാദ്, ബംഗളുരു, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളില്‍ നിന്നും ദുബൈയിലേക്ക് സര്‍വീസുകളുണ്ട്.
ദുബൈയില്‍ ഇഷ്യു ചെയ്‍ത താമസ വിസയുള്ളവര്‍ക്കാണ് യാത്രാ അനുമതിയുള്ളത്. അതേസമയം ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ദുബൈയിലേക്ക് വരാമെന്ന് വിമാന കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. വാക്സിന്റെ രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞവര്‍ക്കാണ് പ്രവേശനം സാധ്യമാകുക. ദുബൈ താമസ വിസക്കാര്‍ക്ക് മാത്രമാണ് ഈ ഇളവ്. ഫ്ളൈ ദുബൈ അധികൃതരാണ് ഇക്കാര്യം യു.എ.ഇയിലെ ട്രാവല്‍ ഏജന്‍സികളെ അറിയിച്ചത്.
🇦🇪യുഎഇയില്‍ 2ജി മൊബൈല്‍ നെറ്റ്‍വര്‍ക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു.
✒️യുഎഇയില്‍ അടുത്ത വര്‍ഷം ഡിസംബറോടെ 2ജി മൊബൈല്‍ നെറ്റ്‍വര്‍ക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കും. രാജ്യത്തെ ടെലികമ്മ്യൂണിക്കേഷന്‍ ആന്റ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോരിറ്റിയാണ് ഞായറാഴ്‍ച ഇക്കാര്യം അറിയിച്ചത്. ഇതിന് മുന്നോടിയായി രണ്ടാം തലമുറ മൊബൈല്‍ നെറ്റ്‍വര്‍ക്കില്‍ മാത്രം പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഉപകരണങ്ങളുടെ വില്‍പ്പന അടുത്ത വര്‍ഷം ജൂണോടെ അവസാനിപ്പിക്കുമെന്നും അതോരിറ്റി അറിയിച്ചിട്ടുണ്ട്.
1994 മുതലാണ് രാജ്യത്ത് 2ജി മൊബൈല്‍ നെറ്റ്‍വര്‍ക്ക് പ്രവര്‍ത്തനം തുടങ്ങിയത്. 5ജി അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യയിലേക്ക് ടെലികോം രംഗം മാറിയെങ്കിലും 2ജി മൊബൈല്‍ നെറ്റ്‍വര്‍ക്ക് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ തീരുമാനത്തോടെ രാജ്യത്തെ ടെലികോം കമ്പനികളായ ഇത്തിസാലാത്തും ഡുവും 2022 ഡിസംബറോടെ തങ്ങളുടെ 2ജി സേവനങ്ങള്‍ അവസാനിപ്പിക്കും.
🇴🇲ഒമാനില്‍ കൊവിഡ് മുക്തി നിരക്ക് 96 ശതമാനമായി.
✒️ഒമാനില്‍ കൊവിഡ് രോഗമുക്തി നിരക്ക് 96 ശതമാനമായതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ രാജ്യത്ത് 2,98,942 പേര്‍ കൊവിഡ് ബാധിതരായപ്പോള്‍ ഇവരില്‍ 2,85,664 പേരും ഇതിനോടകം തന്നെ രോഗമുക്തരായിട്ടുണ്ട്.
ഇന്ന് രാജ്യത്ത് 236 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 12 രോഗികള്‍ മരണപ്പെടുകയും ചെയ്‍തു. രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ ഇതോടെ 3948 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 28 പേരെയാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം 344 ആയി. ഇവരില്‍ 158 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.
🇦🇪യുഎഇയില്‍ 1,321 പേര്‍ക്ക് കൂടി കൊവിഡ്, മൂന്നു മരണം.
✒️യുഎഇയില്‍ 1,321 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,400 പേര്‍ സുഖം പ്രാപിക്കുകയും മൂന്നു പേര്‍ മരണപ്പെടുകയും ചെയ്തു.
പുതിയതായി നടത്തിയ 2,33,245 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,94,285 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,71,353 പേര്‍ രോഗമുക്തരാവുകയും 1,978 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,954 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🇰🇼കുവൈത്തിൽ കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്ന കാര്യം പരിഗണനയിൽ.
✒️കുവൈത്തിൽ കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്ന കാര്യം ആരോഗ്യമന്ത്രാലയത്തിന്റെ സജീവ പരിഗണനയിലെന്ന് റിപ്പോർട്ട് .ആദ്യഘട്ടത്തിൽ പ്രായമേറിയവർക്കും നിത്യരോഗങ്ങൾ ഉള്ളവർക്കും മാത്രം അധിക ഡോസ് വാക്സിൻ നൽകാനാണ് മന്ത്രാലയത്തിന്റെ നീക്കം. കോവിഡിന്റെ പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാനും സാമൂഹ്യ പ്രതിരോധം സാധ്യമാക്കാനും ബൂസ്റ്റർ ഡോസ് സഹായകമാകും എന്ന് വിലയിരുത്തിയാണ് ആരോഗ്യ മന്ത്രാലയം ഇതിനുള്ള തയാറെടുപ്പുകൾ നടത്തുന്നത്. പ്രായമേറിയവർക്കും നിത്യരോഗികൾക്കും ആയിരിക്കും ആദ്യഘട്ടത്തിൽ ബൂസ്റ്റർ ഡോസ് നൽകുക. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യു എ ഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇതിനോടകം ബൂസ്റ്റർ ഡോസ് നല്‍കിത്തുടങ്ങിയിട്ടുണ്ട്. അതിനിടെ കുവൈത്തിലെ വാക്സിൻ വിതരണ കേന്ദ്രങ്ങൾ പുതുവർഷ അവധി ദിനങ്ങളിലും പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. കുവൈത്തിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഇസ്‌ലാമിക പുതുവര്‍ഷാരംഭ അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
0 Comments