എംജി സർവകലാശാലയ്ക്ക് കീഴിലുള്ള എയ്ഡഡ്/ സ്വാശ്രയ ടീച്ചേഴ്സ് ട്രെയിനിംഗ് കോളജുകളിലെ ഏകജാലകം വഴിയുള്ള ഒന്നാം വർഷ ബി.എഡ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ സെപ്തംബർ 6ന് അവസാനിക്കും. പ്രവേശനസാധ്യത അലോട്മെന്റ് സെപ്തംബർ 10നും ഒന്നാം അലോട്മെന്റ് സെപ്തംബർ 16നും പ്രസിദ്ധീകരിക്കും. ഒന്നാം വർഷ ബി.എഡ്. ക്ലാസുകൾ സെപ്തംബർ 30ന് ആരംഭിക്കും.
മാനേജ്മെന്റ്, കമ്മ്യൂണിറ്റി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകൾ എന്നിവയിലേക്ക് അപേക്ഷിക്കുന്നവർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും അപേക്ഷ നമ്പർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് നൽകേണ്ടതുമാണ്. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്തവർക്ക് മാനേജ്മെന്റ്, കമ്യൂണിറ്റി ക്വാട്ടകളിലേക്ക് അപേക്ഷിക്കാൻ കഴിയില്ല. വികലാംഗ/സ്പോർട്സ് ക്വാട്ട വിഭാഗങ്ങളിൽ സംവരണം ചെയ്ത സീറ്റുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കണം. പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് സർവകലാശാല പ്രസിദ്ധീകരിക്കുന്നതും രേഖകളുടെ പരിശോധന കോളേജുകളിൽ ഓൺലൈനായി നടത്തുന്നതുമാണ്.
കൊവിഡ് 19 വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പൂർണമായും ഓൺലൈൻ സംവിധാനത്തിൽ നടത്തുന്നതിനാൽ അപേക്ഷകർ സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പ് അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം. പ്രോസ്പെക്ടസിൽ പറയുന്ന പ്രകാരം സംവരണാനുകൂല്യത്തിനാവശ്യമായ സാക്ഷ്യപത്രങ്ങളാണ് അപ് ലോഡ് ചെയ്തിരിക്കുന്നതെന്ന് അപേക്ഷകൻ ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം പ്രവേശനം റദ്ദാക്കപ്പെടാൻ സാധ്യതയുണ്ട്.
പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുന്നവർ സംവരണാനുകൂല്യം തെളിയിക്കുന്നതിനായി ജാതി സർട്ടിഫിക്കറ്റും എസ്.ഇ.ബി.സി./ ഒ.ഇ.സി. വിഭാഗത്തിൽ ഉൾപ്പെടുന്നവർ ജാതി സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും ഒരു ഫയലായി അപ്ലോഡ് ചെയ്യുകയോ ഇതിനു പകരമായി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യുകയോ വേണം. ഇ.ഡബ്ല്യു.എസ്. വിഭാഗത്തിൽ ആനുകൂല്യം അവകാശപ്പെടുന്നവർ ‘ഇൻകം ആന്റ് അസറ്റ്സ് സർട്ടിഫിക്കറ്റ്’ അപ് ലോഡ് ചെയ്യണം. സംവരണാനുകൂല്യം ആവശ്യമില്ലാത്ത പിന്നാക്ക വിഭാഗത്തിൽപ്പെടുന്നവർക്ക് പൊതുവിഭാഗം സെലക്ട് ചെയ്യുകയോ വരുമാനം എട്ട് ലക്ഷത്തിൽ കൂടുതലായി നൽകിയതിനുശേഷം സംവരണം ആവശ്യമില്ല എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുകയോ ചെയ്യാം.
എൻ.സി.സി./എൻ.എസ്.എസ്. എന്നീ വിഭാഗങ്ങളിൽ ബോണസ് മാർക്ക് ക്ലെയിം ചെയ്യുന്നവർ ബിരുദ തലങ്ങളിലെ സാക്ഷ്യപത്രങ്ങളാണ് അപ്ലോഡ് ചെയ്യേണ്ടത്. ഇതേപോലെ തന്നെ വിമുക്തഭടൻ/ ജവാൻ എന്നിവരുടെ ആശ്രിതർക്ക് ലഭ്യമാവുന്ന ബോണസ് മാർക്കിനായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നിന്നും ലഭ്യമാവുന്ന സാക്ഷ്യപത്രം ലഭ്യമാക്കേണ്ടതാണ്. ഇതിനായി ആർമി/ നേവി/ എയർഫോഴ്സ് എന്നീ വിഭാഗങ്ങളെ മാത്രമേ പരിഗണിക്കുകയുള്ളൂ. രജിസ്ട്രേഷൻ ഫീസ് എസ്.സി./എസ്.ടി. വിഭാഗത്തിന് 625 രൂപയും മറ്റുള്ളവർക്ക് 1250 രൂപയുമാണ്. ഓൺലൈൻ രജിസ്ട്രേഷനായി cap.mgu.ac.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ക്യാപ് സംബന്ധമായ എല്ലാ വിവരങ്ങളും ഈ വെബ് സൈറ്റിൽ ലഭിക്കും.
ബിരുദ പ്രവേശനം: അലോട്മെന്റ് ലഭിച്ചവർ സെപ്തംബർ ഒന്നിനകം പ്രവേശനം നേടണം.
എംജി സർവകലാശാലയ്ക്ക് കീഴിലുള്ള ആർട്സ് ആന്റ് സയൻസ് കോളജുകളിൽ ഒന്നാംവർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് ഒന്നാം അലോട്മെന്റിൽ പ്രവേശനം ലഭിച്ചവർ സെപ്തംബർ ഒന്നിന് വൈകീട്ട് നാലിനകം പ്രവേശനം ഉറപ്പാക്കണം. ഓൺലൈനായി സർവകലാശാല ഫീസടച്ച് മോഡ് ഓഫ് അഡ്മിഷൻ ഓൺലൈനായി സെലക്ട് ചെയ്ത് അലോട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതും തുടർന്ന് കോളജുമായി ഫോണിലൂടെ ബന്ധപ്പെട്ട് പ്രവേശനം ഉറപ്പാക്കേണ്ടതുമാണ്.
കോവിഡ് 19 വൈറസ് വ്യാപനംമൂലം പൂർണമായും ഓൺലൈൻ മോഡിലായതിനാൽ അലോട്മെന്റ് ലഭിച്ചവർ കോളേജുകളിൽ നേരിട്ട് റിപ്പോർട്ട് ചെയ്യേണ്ടതില്ല. അതുപോലെതന്നെ താൽക്കാലിക പ്രവേശനം തെരഞ്ഞെടുത്തവർ കോളജുകളിൽ .ഫീസടയ്ക്കേണ്ടതില്ല. ഇത്തരത്തിൽ താൽക്കാലിക പ്രവേശനം ലഭിച്ചവരിൽ നിന്നും കോളജുകൾ ഫീസ് വാങ്ങാൻ പാടുള്ളതല്ല. സ്ഥിര/ താൽക്കാലിക പ്രവേശനം നേടിയവർ കോളേജുകൾ പ്രവേശനം നൽകിയിട്ടുണ്ടെന്നു റപ്പുവരുത്തേണ്ടതും കൺഫർമേഷൻ സ്ലിപ് ഡൗൺലോഡ് ചെയ്യേണ്ടതുമാണ്.
സർക്കാർ ഐടിഐകളിലെ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ; ജാലകം പോർട്ടലിലൂടെ സെപ്റ്റംബർ 14 വരെ.
കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് അപേക്ഷകർക്കും രക്ഷിതാക്കൾക്കും സൗകര്യപ്രദമായി സർക്കാർ ഐടിഐകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. കൊവിഡ് പശ്ചാത്തലത്തിൽ വീട്ടിലിരുന്ന് മൊബൈൽഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ചും അക്ഷയകേന്ദ്രങ്ങൾ മുഖേനയും അപേക്ഷിക്കാം. ഓൺലൈനായി 100 രൂപ ഫീസടച്ച് ഒറ്റ അപേക്ഷയിൽ സംസ്ഥാനത്തെ 104 ഐടിഐകളിലെ 76 ഏകവത്സര/ദ്വിവത്സര, മെട്രിക്/നോൺമെട്രിക്, എഞ്ചിനീറിംഗ്/നോൺഎഞ്ചിനീറിംഗ് വിഭാഗങ്ങളിലെ കേന്ദ്രസർക്കാർ അംഗീകാരമുള്ള എൻ.സി.വി.ടി ട്രേഡുകൾ, സംസ്ഥാനസർക്കാർ അംഗീകാരമുള്ള എസ്.സി.വി.ടി ട്രേഡുകൾ, മികവിന്റെ കേന്ദ്രപരിധിയിൽ ഉൾപ്പെടുന്ന മൾട്ടിസ്‌കിൽ ക്ലസ്റ്റർകോഴ്സുകൾ എന്നിവയിൽ പ്രവേശനത്തിന് അപേക്ഷിക്കാം.
സെപ്റ്റംബർ 14 വരെ അപേക്ഷ https://itiadmissions.kerala.gov.in എന്ന 'ജാലകം' പോർട്ടൽ മുഖേന ഓൺലൈനായി സമർപ്പിക്കാം. പ്രവേശന വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും ഓൺലൈനായി അപേക്ഷിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങളും https://det.kerala.gov.in എന്ന വെബ്സൈറ്റിലും https://itiadmissions.kerala.gov.in എന്ന അഡ്മിഷൻ പോർട്ടലിലും ലഭ്യമാകും. അപേക്ഷ സമർപ്പണം പൂർത്തിയാക്കിയാലും ലഭിക്കുന്ന യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതിവരെ സമർപ്പിച്ച അപേക്ഷയിൽ മാറ്റങ്ങൾ വരുത്താൻ അവസരമുണ്ട്. അപേക്ഷ സംബന്ധിച്ച വിവരങ്ങൾ യഥാസമയം മൊബൈൽനമ്പരിൽ എസ്.എം.എസ് മുഖേന ലഭിക്കും.
നവംബറിലെ പിഎസ്‍സി പരീക്ഷ കലണ്ടർ പ്രസിദ്ധീകരിച്ചു; കൺഫർമേഷൻ സെപ്റ്റംബർ 11 വരെ.
നവംബറിലെ പരീക്ഷാ കലണ്ടർ പിഎസ്‌സി പ്രസിദ്ധീകരിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ്–2, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്–2, പഞ്ചായത്ത് വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്–2, കെടിഡിസിയിൽ അക്കൗണ്ടന്റ്/കാഷ്യർ, മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ ജൂനിയർ ഓഡിറ്റ് അസിസ്റ്റന്റ്, എപ്പക്സ് കോ–ഓപ്പറേറ്റീവ് സൊസൈറ്റികളിൽ അക്കൗണ്ടന്റ്, എൽഡി ക്ലാർക്ക്, ഹോമിയോപ്പതിക് മെഡിക്കൽ കോളജുകളിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്–2, ബാംബൂ കോർപറേഷനിൽ ജൂനിയർ അക്കൗണ്ടന്റ് ഗ്രേഡ്–2, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിൽ റിസർച്ച് ഓഫിസർ, ലാൻഡ് യൂസ് ബോർഡിൽ പ്ലാനിങ് സർവെയർ ഗ്രേഡ്–2, തദ്ദേശസ്വയംഭരണ വകുപ്പിൽ ഓവർസിയർ ഗ്രേഡ്–3/ഡ്രാഫ്ട്സ്മാൻ ഗ്രേഡ്–3, കെടിഡിസിയിൽ ഇലക്ട്രീഷ്യൻ തുടങ്ങി 63 പരീക്ഷകളാണ് നവംബറിലെ പരീക്ഷാ കലണ്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 11 വരെ കൺഫർമേഷൻ നൽകാം. കൺഫർമേഷൻ നൽകാത്തവർക്ക് പരീക്ഷ എഴുതാൻ കഴിയില്ല.
0 Comments