ആര്യങ്കാവ്: തമിഴ്നാട് നിയന്ത്രണം കടുപ്പിക്കുന്നു. രണ്ട് ഡോസ് വാക്സീൻ എടുക്കാതെ ഇനി മുതൽ ആർക്കും തമിഴ്നാട്ടിലേക്ക് പ്രവേശനമില്ല. ഇതുവരെ ട്രക്ക് ഡ്രൈവര്‍മാരെ ഇതിൽ നിന്നും ഒഴിവാക്കിയിരുന്നു. എന്നാൽ ബുധനാഴ്ച ഉച്ച മുതൽ ട്രക്ക് ഡ്രൈവർമാരടക്കം എല്ലാവരും 2 ഡോസ് വാക്സീൻ എടുത്ത ശേഷമേ അതിർത്തി കടക്കാവൂ എന്ന അറിയിപ്പ് ആരോഗ്യവകുപ്പ് നൽകി.
തമിഴ്നാട് ആരോഗ്യവകുപ്പിന്റെ പുതിയ ഉത്തരവ് അറിയാതെ ബുധനാഴ്ച കേരളത്തില്‍നിന്നും കൊല്ലം ജില്ലയുടെ അതിർത്തിയായ പുളിയറ വഴി തമിഴ്നാട്ടിലേക്ക് എത്തിയ ആയിരത്തോളം വാഹനങ്ങൾ അതിർത്തിയിൽപ്പെട്ടു. പുളിയറ കോവിഡ് സ്ക്രീനിങ് സെന്റർ മുതൽ കേരളത്തിന്റെ ഭാഗമായ കോട്ടവാസലിൽ വരെ വാഹനങ്ങൾ നിരന്നു.
ഇതോടെ ചെറിയ ഒരിളവ് തമിഴ്നാട് പ്രഖ്യാപിച്ചു. നിലവില്‍ ക്യൂവിൽ കിടക്കുന്ന വാഹനത്തിലെ ജീവനക്കാരുടെ ആധാര്‍ പരിശോധിച്ച ശേഷം തല്‍ക്കാലം കടത്തിവിടും. അടുത്ത പ്രാവശ്യം മുതൽ 2 ഡോസ് വാക്സീൻ എടുത്ത സർട്ടിഫിക്കറ്റുമായി മാത്രമേ അതിർത്തി കടക്കാൻ പാടുള്ളൂ. ഓണത്തിന് ചരക്കെടുക്കാൻ പോയ വാഹനങ്ങളിലെ ജീവനക്കാരാണ് ഇക്കൂട്ടത്തിലണ്ടായിരുന്നത്.
ഇളവ് 21 വരെ
തിരുവോണദിനമായ 21 വരെ ട്രക്ക് ഡ്രൈവർമാരെ 2 ഡോസ് വാക്സീനിൽനിന്നും ഒഴിവാക്കിയതായി തമിഴ്നാട് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. അതിനു ശേഷം 2 ഡോസ് എടുത്തതിന്റെ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ കടത്തിവിടില്ലെന്ന് മാത്രമല്ല പിഴ ഈടാക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കേരളത്തിലെ ഡ്രൈവർമാരിൽ പലരും ഒന്നാം ഡോസ് എടുത്തെങ്കിലും രണ്ടാം ഡോസിന് സമയം ആകാത്തവരാണ്. രണ്ട് ഡോസ് എടുക്കുന്ന സമയം വരെ തമിഴ്നാട്ടിലേക്ക് കടക്കാൻ പറ്റില്ലെങ്കിൽ കുടുംബം പട്ടിണിയിലാകുമെന്നാണ് ഡ്രൈവർമാർ പറയുന്നത്.
വിദേശത്തു പോകുന്നവർക്കു നല്‍കുന്ന പരിഗണനയോടെ ഡ്രൈവർക്കും രണ്ടാം ഡോസ് നേരത്തെ നല്‍കാനുള്ള നടപടി കേരളത്തിലെ ആരോഗ്യ വകുപ്പ് സ്വീകരിക്കണമെന്നാണ് ഡ്രൈവർമാരുടെ ആവശ്യം.
സംസ്ഥാന സർക്കാർഇടപെടണം.
രണ്ട് ഡോസ് വാകീസിൻ എടുക്കാത്ത ട്രക്ക് ഡ്രൈവർമാരെ അതിർത്തി കടത്തിവിടാത്ത നടപടിയിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് ഇന്ത്യൻ ലോറി ഡ്രൈവേഴ്സ് സൊസൈറ്റി ആവശ്യപ്പെട്ടു.
അടിയന്തിരമായി കേരള സർക്കാർ ഈ വിഷയത്തിൽ തമിഴ്നാട് സർക്കാരുമായി ബന്ധപ്പെടണമെന്നും ഈ ആവശ്യം ഉന്നയിച്ച് കേരള-തമിഴ്നാട് മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, കൊല്ലം - തെങ്കാശി കലക്ടർ, എസ്പി എന്നിവർക്ക് നിവേദനം നൽകിയതായും സൊസൈറ്റി സെക്രട്ടറി തെന്മല രാജൻ പറഞ്ഞു.
0 Comments